
ഇലക്ട്രോണിക് വോട്ടിങ് മെഷിന്റെ കാര്യത്തിൽ സുപ്രീം കോടതി അന്തിമവിധി പറഞ്ഞെങ്കിലും തര്‍ക്കങ്ങള്‍ക്കും പൊല്ലാപ്പുകള്‍ക്കും അറുതിയാവുന്നേയില്ല. അത്ര വലിയ കുഴപ്പംപിടിച്ച ഒന്നാണോ ഈ യന്ത്രം? ഒരു അന്വേഷണം ആവശ്യമാണ്. തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ പില്‍ക്കാലത്ത് വന്ന പരിഷ്‌കാരമാണ് വോട്ടിങ് മെഷീന്‍. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുപ്രധാനമാണ് വോട്ടിങ് ഉപകരണങ്ങള്‍. ഓരോ തിരഞ്ഞെടുപ്പ് കാലത്തും അവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒട്ടും കുറവുണ്ടാകാറില്ല. ഇ.വി.എമ്മിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്തുകൊണ്ടുള്ള കേസുകള്‍ കോടതി കയറാൻ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ആദ്യ ഇ.വി.എം. തിരഞ്ഞെടുപ്പും വിവാദവും
ഇന്ത്യയില്‍ ആദ്യമായി ഇ.വി.എം. ഉപയോഗിച്ചത് 1982-മെയ് മാസത്തില്‍ കേരളത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു. പറവൂര്‍ നിയോജക മണ്ഡലത്തിലെ 52 ബൂത്തുകളില്‍. എന്നാല്‍ പരാജയപ്പെട്ട യു.ഡി.എഫ്. സ്ഥാനാര്‍ഥി എ.സി. ജോസ് ഫലത്തില്‍ സംശയമുന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്ന് 52 ബൂത്തുകളിലും കടലാസ് ബാലറ്റ് രീതിയില്‍ റീപോളിങ് നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഫലം വന്നപ്പോള്‍ ആദ്യം ജയിച്ച എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍. ശിവന്‍ പിള്ള തോല്‍ക്കുകയും യു.ഡി.എഫ്. സ്ഥാനാര്‍ഥി എ.സി. ജോസ് 1446 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വോട്ടിങ് മെഷീനിന്റെ ഉപയോഗത്തെക്കുറിച്ച് നിര്‍ദേശിക്കുന്ന നിയമം അന്ന് ഇല്ലായിരുന്നു.
1989-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇ.വി.എം. ഉപയോഗിക്കണമെന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ആവശ്യപ്പെട്ടപ്പോള്‍ ജനതാദള്‍ നേതാക്കളായ വി.പി. സിങ്ങും ജോര്‍ജ് ഫെര്‍ണാണ്ടസും ആ നീക്കത്തെ എതിർത്തു. ഇ.വി.എം. തെറ്റുവരുത്തുമെന്ന വാദം അവര്‍ മുന്നോട്ടുവെച്ചു. അന്ന് സര്‍ക്കാര്‍ രൂപം നല്‍കിയ കമ്മിറ്റി ഇ.വി.എമ്മിന്റെ സാങ്കേതികത വിലയിരുത്താന്‍ ശ്രമിച്ചിരുന്നു. ഇ.വി.എമ്മില്‍ കൃത്രിമത്വം വരുത്താന്‍ സാധിക്കില്ലെന്നാണ് അന്ന് കണ്ടെത്തിയത്.
1989-ല്‍ ഇ.വി.എമ്മിന്റെ ഉപയോഗം നിയമപരമാക്കാനായി 1951-ലെ ജനപ്രാതിനിധ്യ നിയമം പാര്‍ലമെന്റ് ഭേദഗതി ചെയ്തു. അതിന്റെ ആമുഖത്തെ സംബന്ധിച്ചുള്ള പൊതുവായ സമവായത്തിലെത്താന്‍ സാധിച്ചത് 1998-ല്‍ മാത്രമാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി എന്നീ മൂന്ന് സംസ്ഥാനങ്ങളിലുടനീളം 25 നിയസഭാ മണ്ഡലങ്ങളില്‍ ഇ.വി.എം. ഉപയോഗിച്ചു.
1999-ല്‍ 45 പാര്‍ലമെന്ററി മണ്ഡലങ്ങളിലേക്കും പിന്നീട് 2000 ഫെബ്രുവരിയില്‍ ഹരിയാന അസംബ്ലി ഇലക്ഷനിലെ 45 നിയമസഭാ മണ്ഡലങ്ങളിലേക്കും മെഷീന്‍ വ്യാപിപ്പിച്ചു. 2001 മെയ് മാസം തമിഴ്നാട്, കേരളം, പുതുച്ചേരി, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് മെഷീനുകള്‍ ഉപയോഗിച്ചു.
അന്നുമുതല്‍ എല്ലാ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും കമ്മീഷന്‍ ഇ.വി.എം. ആണ് ഉപയോഗിച്ചത്. 2004-ലെ ലോക്സഭാ പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്തെ 543 പാര്‍ലമെന്ററി മണ്ഡലങ്ങളിലായി 10 ലക്ഷത്തിലധികം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ചു എന്നാണ് കണക്ക്. 2002-ലെ ജയലളിത ആന്റ് അദേഴ്‌സ് വേഴ്‌സസ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ കേസില്‍ ഇ.വി.എമ്മിന്റെ ഉപയോഗത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇ.വി.എമ്മില്‍ വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്നും ഇവിഎം നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് കോടതിക്ക് മുന്നിലെത്തിയത്.
ഇ.വി.എം. എന്നതിന് പകരം മോദി വോട്ടിങ് മെഷീന്‍ എന്നാണ് അതിനെ വിളിക്കേണ്ടത് എന്നാണ് രാഹുല്‍ ഗാന്ധി ഒരിക്കല്‍ അഭിപ്രായപ്പെട്ടത്. മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബി.എസ്.പി. നേതാവുമായ മായാവതി ബാലറ്റ് സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചന്ദ്രബാബു നായിഡു, മമത ബാനര്‍ജി തുടങ്ങിയ നേതാക്കളും ഇ.വി.എമ്മിനെതിരെയാണ്.

തിരഞ്ഞെടുപ്പ് പരാജയം നേരിടുന്ന പാര്‍ട്ടികള്‍ ഇ.വി.എമ്മുകളെ ഒരു ഫുട്‌ബോള്‍ പോലെയാണ് പരിഗണിക്കുന്നതെന്ന് മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞിരുന്നു. ഇ.വി.എമ്മില്‍ കൃത്രിമത്വം സാധ്യമല്ലെന്നും മറ്റ് യന്ത്രങ്ങളെപ്പോലെ ഇ.വി.എമ്മിനും സാങ്കേതിക തകരാര്‍ സംഭവിക്കാറുണ്ടെങ്കിലും അത് പരിഹരിക്കാറുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇ.വി.എമ്മുകളുടെ കാര്യക്ഷമത സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച ആശങ്കകളില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ബോധ്യപ്പെടുത്തേണ്ടത് തിരഞ്ഞെടുപ്പ് പാനലിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. 2019-ലെ പൊതുതിരഞ്ഞെടുപ്പാണ് ഇ.വി.എമ്മുകള്‍ നൂറുശതമാനം വിവിപാറ്റ് പിന്തുണയോടെ നടത്തിയത്. എന്നാല്‍ ആ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തിലും അന്തിമ വോട്ട് അക്കൗണ്ടിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയെന്ന അവകാശവാദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ അതെല്ലാം തള്ളിക്കളഞ്ഞിരുന്നു.
ഇ.വി.എം. മെഷീനില്‍ ക്രമക്കേട് നടത്താനാകുമെന്ന ഇന്ത്യ മുന്നണിയുടെ അഭിപ്രായത്തോട് ഇലക്ഷന്‍ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം പ്രതികരിച്ചിരുന്നു. പുറത്തുനിന്നുള്ള ഏജന്‍സികള്‍ക്ക് വോട്ടിങ് യന്ത്രത്തിന്റെ നിയന്ത്രണം സാധ്യമല്ലെന്നും വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം ശക്തമാണെന്നും അന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് ഇ.വി.എം. മെഷീന്‍ നിയന്ത്രിക്കാനാകുമെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. ഇത്തരത്തില്‍ ഇ.വി.എം മെഷീനെ നിയന്ത്രിക്കാനാകുമെന്നത് അശാസ്ത്രീയമായ കാര്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
വോട്ടിങ് മെഷീനില്‍ നിര്‍മാണ സമയത്ത് നടത്തുന്ന പ്രോഗ്രാമില്‍ തിരുത്തുകള്‍ അസാധ്യമാണെന്ന ഇലക്ഷന്‍ കമ്മീഷന്റെ വാദം തെറ്റാണെന്ന് 2019-ല്‍ തെളിയിക്കപ്പെട്ടിരുന്നു. ഇ.വി.എമ്മിലെ ഒ.ടി.പി. ചിപ്പുകള്‍ റീപ്രോഗ്രാം ചെയ്യാന്‍ കഴിയുന്നതാണെന്ന് ബി.ഇഎല്‍.(ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്) ഒരു ആര്‍ട്ടിഐയ്ക്ക് മറുപടി നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ ഇ.വി.എമ്മുകളുടെ ഉപയോഗത്തിലൂടെ കഴിയുമെന്ന വാദം പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം ഉപയോഗിക്കുന്നുണ്ട്. പ്രതിപക്ഷത്തിരുന്ന കാലത്ത് ബി.ജെ.പിയും ശിവസേനയുമെല്ലാം ഇ.വി.എമ്മിനെ സംശയത്തോടെ തന്നെയാണ് നോക്കിയിരുന്നത്. പരാജയഭീതി കാരണമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇ.വി.എമ്മിനെ കുറ്റപ്പെടുത്തുന്നതെന്ന് അഭിപ്രായപ്പെടുന്നവര്‍ വിരളമല്ല. തിരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ അവസാനിപ്പിക്കാനായി പുറത്തിറക്കിയ ഇ.വി.എമ്മുകളാണ് അവയുടെ സുതാര്യതയില്‍ ചോദ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇ.വി.എമ്മിനെ വിശ്വസിക്കാമെന്ന് സുപ്രീം കോടതി
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ (ഇ.വി.എം) രാജ്യമാകെ ഉപയോഗിക്കുമ്പോഴും വി.വി.പാറ്റ് ഉള്‍പ്പടെയുള്ള വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് ഏറ്റവുമൊടുവില്‍ സുപ്രീം കോടതി പ്രതികരിച്ചിരിക്കുകയാണ്.

കേരളം വീണ്ടും പോളിങ് ബൂത്തിലെത്തിയ ഏപ്രില്‍ 26-ന് മറ്റൊരു സുപ്രധാന പ്രസ്താവനയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായും മുഴുവന്‍ വി.വി.പാറ്റ് സ്ലിപ്പുകളും ഒത്തുനോക്കണം, വോട്ടെടുപ്പിനുശേഷം വി.വി.പാറ്റ് സ്ലിപ്പ് ബാലറ്റുപെട്ടിയില്‍ നിക്ഷേപിക്കാന്‍ വോട്ടര്‍മാരെ അനുവദിക്കണം, പേപ്പര്‍ ബാലറ്റിലേക്ക് തിരിച്ചുപോകണം എന്നീ ആവശ്യങ്ങളുമായി നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വെള്ളിയാഴ്ച ഇ.വി.എമ്മുകളില്‍ വിശ്വാസം രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ബോണ്ട് വിഷയത്തില്‍ നിയമപോരാട്ടം നടത്തിയ സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ്(എ.ഡി.ആര്‍.) വി.വി.പാറ്റ് വിഷയത്തിലും സുപ്രീകോടതിയെ സമീപിച്ചിരുന്നത്.
ഇ.വി.എമ്മുകളില്‍ ക്രമക്കേടുകളോ കൃത്രിമത്വമോ സാധ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണങ്ങളില്‍നിന്ന് വ്യക്തമാണെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. ഹര്‍ജിയില്‍ സുപ്രീംകോടതി ആരാഞ്ഞ ചോദ്യങ്ങളും, കമ്മിഷന്റെ വിശദീകരണവും ഇപ്രകാരമാണ്;
സുപ്രീംകോടതി: മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്?
തിരഞ്ഞെടുപ്പ് കമ്മിഷന്‍: ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, VVPAT യൂണിറ്റ് എന്നീ മൂന്ന് യൂണിറ്റുകള്‍ക്കും സ്വന്തമായ മൈക്രോ കണ്‍ട്രോളര്‍ ഉണ്ട്. ആര്‍ക്കും ഇടപെടാന്‍ സാധിക്കാത്ത തരത്തില്‍ സുരക്ഷിതമായാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.
സുപ്രീംകോടതി: മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്?
തിരഞ്ഞെടുപ്പ് കമ്മിഷന്‍: അതെ ഒറ്റത്തവണ മാത്രമാണ് പ്രോഗ്രാം ചെയ്യുന്നത്. മൈക്രോ കണ്‍ട്രോളര്‍ ഒരിക്കല്‍ സ്ഥാപിച്ച് കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും മാറ്റാനാകില്ല.
സുപ്രീം കോടതി: ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റുകള്‍ എത്ര?
തിരഞ്ഞെടുപ്പ് കമ്മിഷന്‍ : ഇലക്ട്രോണിക് കോര്‍പറേഷന് ഓഫ് ഇന്ത്യ, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് എന്നീ രണ്ട് സ്ഥാപനങ്ങള്‍ ആണ് ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റുകള്‍ നിര്‍മിക്കുന്നത്. ഇലക്ട്രോണിക് കോര്‍പറേഷന് ഓഫ് ഇന്ത്യ 1400 യൂണിറ്റുകളും, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് 3400 യൂണിറ്റുകളും നിര്‍മിച്ചിട്ടുണ്ട്.
സുപ്രീം കോടതി: വോട്ടിങ് മെഷീന്‍ സീല്‍ ചെയ്തു സൂക്ഷിക്കുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യന്നുണ്ടോ?
തിരഞ്ഞെടുപ്പ് കമ്മിഷന്‍: പോളിങ് പൂര്‍ത്തിയായ ശേഷം ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, VVPAT യൂണിറ്റ് എന്നീ മൂന്ന് യൂണിറ്റുകളും സീല്‍ ചെയ്യും.
സുപ്രീം കോടതി: ഇലക്ടോണിക് വോട്ടിങ് മെഷീനിലെ ഡേറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കാറുണ്ടോ?
രാജ്യത്തിന്റെ നേട്ടങ്ങളെ കുറച്ചുകാണിക്കാനും പുരോഗതിയെ ദുര്‍ബലപ്പെടുത്താനും ചില നിക്ഷിപ്ത താത്പര്യക്കാര്‍ കുറച്ചുവര്‍ഷമായി രംഗത്തുണ്ടെന്നും അതിനെ മുളയിലേ നുള്ളേണ്ടതുണ്ടെന്നും ജസ്റ്റിസ് ദിപാങ്കര്‍ ദത്ത വിധിപ്രസ്താവത്തില്‍ പറയുകയുണ്ടായി.
തിരഞ്ഞെടുപ്പ് സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യസംശയങ്ങള്‍ക്ക് വഴിവെക്കുമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഒരേ അഭിപ്രായത്തിലുള്ള രണ്ടുവിധികളാണ് ബെഞ്ച് പുറപ്പെടുവിച്ചത്. അതോടൊപ്പം ഇ.വി.എം. സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള ചില നിര്‍ദേശങ്ങള്‍ കൂടി സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിട്ടുണ്ട്.
- ചിഹ്നം ചേര്‍ക്കുന്ന യൂണിറ്റുകളും ഇ.വി.എമ്മിനൊപ്പം മുദ്രവെച്ച് സൂക്ഷിക്കണം.
- രണ്ടും മൂന്നും സ്ഥാനത്തെ സ്ഥാനാര്‍ഥികള്‍ക്ക് ഇ.വി.എമ്മിലെ പ്രോഗ്രാം പരിശോധിക്കാന്‍ അവസരം നല്‍കണം.
- പേപ്പര്‍ സ്ലിപ്പുകള്‍ എണ്ണാന്‍ യന്ത്രംകൊണ്ടുവരുന്നതും ചിഹ്നത്തിനൊപ്പം ബാര്‍കോഡ് നല്‍കുന്നതും പരിശോധിക്കണം.
എന്നീ നിര്‍ദേശങ്ങളാണ് സുപ്രീം കോടതി വെള്ളിയാഴ്ച നിര്‍ദേശിച്ചത്.
ഇ.വി.എമ്മിനും വേണം കാലാനുസൃത മാറ്റങ്ങള്‍ തിരഞ്ഞെടുപ്പില്‍ വി.വി.പാറ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലംമുതല്‍ അവയിലെ സ്ലിപ്പ് എണ്ണണമെന്ന ആവശ്യവും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. അവ എണ്ണിത്തീരാന്‍ സമയമെടുക്കുന്നത് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ വൈകുമെന്ന കാരണംകൊണ്ടുകൂടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആവശ്യങ്ങള്‍ തുടര്‍ച്ചയായി തള്ളിക്കളയുന്നത്.
കടലാസ് ബാലറ്റ് സംവിധാനത്തിലേക്കുള്ള മടങ്ങിപ്പോക്ക് പാടേ തള്ളിക്കളഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിധിയുണ്ടായത്. ഏതെങ്കിലും സ്ഥാനാര്‍ഥിക്കായി വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്തുമെന്ന സന്ദേഹം തള്ളിക്കളയണമെന്നും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയും പങ്കാളിത്തവും കുറയാന്‍ അത് ഇടയാക്കുമെന്നുമാണ് കോടതി പറഞ്ഞത്.
കോടതി നിര്‍ദേശിച്ച പുതിയ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടും വോട്ടിങ് യന്ത്രങ്ങളില്‍ പരിഷാകാരങ്ങള്‍ കൊണ്ടുവന്നും മെച്ചപ്പെടുത്തലുകള്‍ നടത്താവുന്നതാണ്. നിലവിലുള്ള വോട്ടിങ് സമ്പ്രദായത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ ഊട്ടിയുറപ്പിച്ച സുപ്രീംകോടതി തന്നെ അത് ശരിവെക്കുന്നുണ്ട്. കാലാകാലങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പരിഷ്‌കരിക്കേണ്ടതിന്റെയും അവ കൂടുതല്‍ കുറ്റമറ്റതാക്കേണ്ടതിന്റെയും ആവശ്യകത അത്യന്താപേക്ഷിതമാണ്.
ഇ.വി.എം- ചരിത്രം
ഇന്ന് കാണുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രം വ്യാപകമാകുന്നതിന് മുമ്പ് വോട്ടിങ് സമ്പ്രദായം ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്, ഒത്തിരി മാറ്റങ്ങളോടെ അവതരിച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ആണ്.
വോട്ടിങ് രീതികള്‍ പലതരം
1960-ല്‍ പഞ്ച്ഡ് കാര്‍ഡി(Punched card)ന്റെ ഉപയോഗം മുതലാണ് മെഷീന്‍ വോട്ടിങ് ആരംഭിച്ചത്. യു.എസിലാണ് വ്യാപകമായി ഈ രീതി പിന്തുടര്‍ന്നത്. പിന്നീട് വന്ന ഒപ്റ്റിക്കല്‍ സ്‌കാന്‍ വോട്ടിങ് സിസ്റ്റം ബാലറ്റില്‍ സമ്മതിദായകന്‍ രേഖപ്പെടുത്തിയ അടയാളത്തെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് എണ്ണുന്ന രീതിയിലുള്ളതായിരുന്നു.
ഡയറക്ട് റെക്കോര്‍ഡിങ് വോട്ടിങ് മെഷീനി(DRE voting machines) ല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും എല്ലാ വോട്ടര്‍മാരും ഒരൊറ്റ യന്ത്രത്തില്‍ വോട്ടുകള്‍ ശേഖരിക്കുകയും പട്ടികപ്പെടുത്തുകയുമാണ് ചെയ്തിരുന്നത്. ബ്രസീല്‍, ഇന്ത്യ, വെനസ്വേല, യു.എസ്. എന്നീ രാജ്യങ്ങളില്‍ വ്യാപകമായി ഈ രീതി ഉപയോഗിച്ചിരുന്നു.

പേപ്പര്‍ ബേസ്ഡ്(Paper-based electronic voting system) വോട്ടിങ് സിസ്റ്റമാണ് മറ്റൊരു രീതി. ഇവിടെ വോട്ട് ചെയ്യുന്നതും എണ്ണുന്നതും കൈകൊണ്ട് തന്നെയാണ്. പേപ്പര്‍ ബാലറ്റാണ് ഉപയോഗിക്കുന്നത്. ഇലക്ട്രോണിക് ടാബുലേഷന്‍(Electronic tabulation) വന്നതിനുശേഷം വോട്ട് ചെയ്യുന്നത് കാര്‍ഡിലും എണ്ണുന്നത് മെഷീനുമായി. പഞ്ച്ഡ് കാര്‍ഡ് വോട്ടിങും(Punched card voting), ഡിജിറ്റല്‍ പെന്‍ വോട്ടിങ് സമ്പ്രദായവും പിന്നീട് വരികയുണ്ടായി. 2004 മുതലാണ് ഇന്ത്യയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വ്യാപകമായി ഉപയോഗിക്കുന്നത്.
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ - നിര്‍മാതാക്കള്‍
ബെംഗുളുരുവിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇ.സി.ഐ.എല്‍) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളാണ് രാജ്യത്ത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം നിര്‍മിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ സാങ്കേതിക വിഭാഗമാണ് അതിന് മേല്‍നോട്ടം വഹിച്ചത്. യന്ത്രം രൂപകല്‍പന ചെയ്യാന്‍ എ.ജി. റാവു, രവി പൂവയ്യ എന്നീ രണ്ട് ബോംബെ ഐ.ഐ.ടി. പ്രൊഫസര്‍മാരുമെത്തി. ഭൂട്ടാന്‍, നേപ്പാള്‍, നമീബിയ മുതലായ രാജ്യങ്ങളിലേക്ക് ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് വോട്ടിങ് യന്ത്രം കയറ്റുമതി ചെയ്യുന്നുണ്ട്.
ഇ.വി.എം. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍
ബാലറ്റ് പെട്ടികള്‍ക്ക് പകരമെത്തി വ്യാപകമായി പ്രചാരത്തിലെത്തിയവയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍(Eletcronic Voting Machine -EVM). ഇലക്ഷന്‍ കമ്മീഷന്‍ ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിനെ(Eletcronics Corporation of India Ltd-ECIL) ഇത് രൂപകല്‍പന ചെയ്യാനും വികസിപ്പിക്കാനും ചുമതലപ്പെടുത്തിയതിനെ തുടര്‍ന്ന് 1977-ലാണ് ഇ.വി.എം. പിറവിയെടുക്കുന്നത്.
1979-ല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ ആദ്യത്തെ പ്രൊട്ടോടൈപ്പ് വികസിപ്പിക്കുകയും തൊട്ടടുത്ത വര്‍ഷം ആഗസ്ത് മാസം ആറാം തിയ്യതി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് മുന്നില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മെഷീന്‍ പ്രവര്‍ത്തിപ്പിച്ച് കാണിക്കുകയും ചെയ്തു. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ബെംഗുളുരുവിലെ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ്(Bharat Electronic Ltd.) , ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡി(Eletcronics Corporation of India Ltd-ECIL)നോടൊപ്പം സഹകരിച്ച് ഇ.വി.എം. വികസിപ്പിക്കാനായി പ്രവര്‍ത്തിച്ചു.
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ - ഘടന
രണ്ട് യൂണിറ്റുകളാണ് ഇ.വി.എം.-ന് ഉള്ളത്. കണ്‍ട്രോള്‍ യൂണിറ്റും(Control Unit - CU) ബാലറ്റിങ് യൂണിറ്റും(Balloting Unit- BU). ഇവ രണ്ടും ഒരു കേബിള്‍കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. 15 ഇഞ്ച് നീളത്തില്‍ 16 സ്ഥാനാര്‍ഥികളുടെ പോരുകള്‍ ഉള്‍പ്പെടുത്തിയ മുകളിലേക്ക് തുറക്കുന്ന തരത്തില്‍ ചെറിയ പ്ലാസ്റ്റിക് സ്യൂട്കേസ് പോലെ തോന്നിപ്പിക്കുന്ന ഒന്നായിരുന്നു ആദ്യത്തെ ഇ.വി.എം. ഒരു ബാലറ്റിങ് യൂണിറ്റ് വരെ ഇ.വി.എം. ഉള്‍ക്കൊള്ളുന്നു. സ്ഥാനാര്‍ഥികള്‍ കൂടിയാല്‍ നാല് ബാലറ്റിങ് യൂണിറ്റ് വരെ ഒരു ബൂത്തില്‍ ക്രമീകരിക്കാം.
7.5 വോള്‍ട്ട് ഉള്ള ബാറ്ററിയാണ് ഇ.വി.എം. പ്രവര്‍ത്തിക്കാന്‍ വേണ്ടത്. കാഴ്ചപരിമിതര്‍ക്കായി ബാലറ്റ് യൂണിറ്റിന്റെ വലതുഭാഗത്ത് വോട്ട് ബട്ടണിനടുത്തായി 1 മുതല്‍ 16 വരെ ബ്രെയ്ല്‍ ലിപിയില്‍ അടയാളം നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീല ബട്ടണ്‍ അമര്‍ത്തിയാണ് വോട്ട് ചെയ്യേണ്ടത്. മിനിറ്റില്‍ അഞ്ച് വോട്ട് വരെ ചെയ്യാം. ഒരു വോട്ടിങ് യന്ത്രത്തില്‍ പരമാവധി 3840 വോട്ട് ചെയ്യാം. ഓരോ വോട്ട് ചെയ്യുമ്പോഴും പ്രിസൈഡിങ് ഓഫീസര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ അടുത്ത വോട്ടിനായി യന്ത്രത്തെ സജ്ജമാക്കുന്നു. യന്ത്രത്തിന് കേട് സംഭവിച്ചാലും രേഖപ്പെടുത്തിയ വോട്ടുകള്‍ നഷ്ടപ്പെടുന്നില്ല. 10 വര്‍ഷംവരെ മെഷീനില്‍ ഇത് സൂക്ഷിക്കാനാകും.
തിരഞ്ഞെടുപ്പിലെ ഇ.വി.എം.കളുടെ രൂപകല്‍പനയും ആപ്ലിക്കേഷനുമെല്ലാം നോക്കുകയാണെങ്കില്‍ അവ ആഗോള ജനാധിപത്യത്തില്‍ കാര്യമായ നേട്ടമാണെന്ന് കാണാം. വോട്ടിങ് സമ്പ്രദായത്തില്‍ ഇ.വി.എം. കൂടുതല്‍ സുതാര്യതയും വേഗതയും സ്വീകാര്യതയും കൊണ്ടുവന്നു.
ഇ.വി.എം.-ന്റെ പരിണാമത്തില്‍ കമ്മിഷന്‍ തുടരെ തുടരെ ഒരുപാട് നിര്‍ദേശങ്ങളും ചോദ്യങ്ങളും സാങ്കേതികപരമായ ഗൈഡ്ലൈനുകളും നല്‍കിവന്നു. ഈ സമയത്ത് വന്ന ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളും തിരഞ്ഞെടുപ്പ് സമ്പ്രദായത്തിലെ സുപ്രധാന ഭാഗമായി ഇ.വി.എം.നെ മാറ്റുന്നതിന് സഹായിച്ചു.
വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയ്ല്‍ (Voter Verifiable Paper Audit Trail -VVPAT)
ഇലക്ട്രോണിക് വോട്ടിങ് മെഷീനിനോടൊപ്പം ബന്ധിപ്പിച്ചിരിക്കുന്ന ഒരു സ്വതന്ത്രസംവിധാനമാണ് വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയ്ല്‍ (Voter Verifiable Paper Audit Trail -VVPAT) അഥവാ വി.വി.പാറ്റ്. ഒരു പ്രിന്ററും വി.വി.പാറ്റ് സ്റ്റാറ്റസ് ഡിസ്‌പ്ലേ യൂണിറ്റും(VSDU) അടങ്ങിയതാണിത്.
വോട്ട് ചെയ്യുന്നയാള്‍ക്ക് താന്‍ ചെയ്ത വോട്ട് ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണോ ലഭിച്ചത് എന്നറിയാനുള്ള മാര്‍ഗമാണ് വി.വി.പാറ്റ്. വോട്ട് രേഖപ്പെടുത്തുമ്പോള്‍ വി.വി.പാറ്റിലെ പ്രിന്ററില്‍ ഒരു സീരിയല്‍ നമ്പറും പേരും സ്ഥാനാര്‍ഥിയുടെ ചിഹ്നവുമടങ്ങിയ സ്ലിപ്പ് പ്രിന്റാകുന്നു. വി.വി.പാറ്റിലെ കെയ്‌സില്‍ ദൃശ്യമാകുന്ന ഈ പേപ്പര്‍ സ്ലിപ്പ് നോക്കിയാണ് ചെയ്ത വോട്ട് അതത് സ്ഥാനാര്‍ഥിക്ക് തന്നെയാണോ ലഭിച്ചത് എന്ന് വോട്ടര്‍ക്ക് ഉറപ്പുവരുത്താനാകുക. 7 സെക്കന്റ് മാത്രമേ അത് ദൃശ്യമാകൂ.
വോട്ട് ശരിയായി രേഖപ്പെടുത്തിയിരിക്കുന്നെന്ന് ഇതുവഴി വോട്ടര്‍ക്ക് നോക്കി ബോധ്യപ്പെടാം. അതുകഴിഞ്ഞാല്‍ ഈ വോട്ടുരേഖ യന്ത്രത്തിനുതാഴെ ഘടിപ്പിച്ച പെട്ടിയിലേക്ക് വീഴും. യന്ത്രത്തില്‍ അടയാളപ്പെടുത്തിയ വോട്ടുകളും വി.വി.പാറ്റിലെ വോട്ടുരേഖകളും പൊരുത്തപ്പെടുന്നുണ്ടോ എന്ന് പിന്നീട് ഉദ്യോഗസ്ഥര്‍ ഒത്തുനോക്കി പരിശോധിക്കും. പക്ഷേ, ഈ പരിശോധന എല്ലാ ഇ.വി.എമ്മുകളിലുമില്ല. വോട്ടെടുപ്പ് സംബന്ധിച്ച് എന്തെങ്കിലും കേസുകളുണ്ടായാല്‍ വി.വി.പാറ്റില്‍ നിന്നുള്ള ഈ സ്ലിപ്പുകളാണ് കോടതി പരിശോധിക്കുക.
2010 ഒക്ടോബര്‍ 4-ന് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ മീറ്റിങില്‍ അവര്‍ ഇ.വി.എം.-ല്‍ സംതൃപ്തി അറിയിച്ചു. എന്നാല്‍ ചില പാര്‍ട്ടികള്‍ ഇലക്ഷന്‍ കമ്മിഷന് ചില അഭ്യര്‍ഥനകളുമായി മുന്നോട്ട് വന്നു. വോട്ട് രേഖപ്പെടുത്തുന്നതില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനായി വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയ്ല്‍(V.V.PAT) കൊണ്ടുവരിക എന്നതായിരുന്നു അതിലൊന്ന്. ഈ അഭ്യര്‍ഥന മാനിച്ച് ഇ.വി.എം. പരിശോധിച്ച് വേണ്ട ശുപാര്‍ശകള്‍ സ്വീകരിക്കാന്‍ കമ്മിഷന്‍ സാങ്കേതിക വിദഗ്ധ സമിതിയെ ഏല്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ സമിതി BEL, ECIL എന്നീ ഇ.വി.എം. നിര്‍മാതാക്കള്‍ക്കൊപ്പം ചര്‍ച്ചകള്‍ നടത്തി.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പവും മറ്റ് സിവില്‍ സൊസൈറ്റി അംഗങ്ങള്‍ക്കൊപ്പവും ഇ.വി.എമ്മിനൊപ്പം വി.വി.പാറ്റ് രൂപകല്‍പന ചെയ്യാനായി ചര്‍ച്ചകള്‍ നടന്നു. വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരം BEL, ECIL ഒരു പ്രോട്ടോടൈപ്പ് ഉണ്ടാക്കി. അത് 2011-ന് മുമ്പുതന്നെ കമ്മിറ്റിക്കും കമ്മിഷനും മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു.
ഇ.വി.എം., വി.വി.പാറ്റ് എന്നിവയെക്കുറിച്ചുള്ള വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരം ഇലക്ഷന്‍ കമ്മിഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഡാക്ക്, തിരുവനന്തപുരം, ചിറാപുഞ്ചി, ഈസ്റ്റ് ഡല്‍ഹി, ജയ്‌സല്‍മീര്‍ എന്നിവിടങ്ങളില്‍ 2011 ജൂലൈയില്‍ തിരഞ്ഞെടുപ്പ് നടത്തി.
മുതിര്‍ന്ന രാഷ്ട്രീയനേതാക്കളും മറ്റും ഉത്സാഹത്തോടെയായിരുന്നു ട്രയല്‍ ഇലക്ഷനില്‍ പങ്കെടുത്തത്. വി.വി.പാറ്റിന്റെ ആദ്യത്തെ ഫീല്‍ഡ് ട്രയലില്‍ കമ്മിഷന്‍ വിശദമായി വി.വി.പാറ്റ് സിസ്റ്റത്തെ വീണ്ടും വിലയിരുത്തിയിരുന്നു. അതനുസരിച്ച് നിര്‍മാതാക്കള്‍ വി.വി.പാറ്റിന്റെ രണ്ടാം വേര്‍ഷന്‍ വികസിപ്പിച്ചു. അങ്ങനെ 2012 ആഗസ്തില്‍ ഇതേ സ്ഥലങ്ങളില്‍തന്നെ രണ്ടാം ഫീല്‍ഡ് ട്രയലും നടന്നു. 2013 ഫെബ്രുവരി 19-ന് നടന്ന ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയുടെ മീറ്റിങില്‍ വി.വി.പാറ്റിന്റെ രൂപകല്‍പനയ്ക്ക് അംഗീകാരം നല്‍കി.
കൂടാതെ ഇ.വി.എം.നൊപ്പം വി.വി.പാറ്റ് ഉപയോഗിക്കുന്നതിനുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് നടപടിയെടുക്കാന്‍ കമ്മീഷനോട് ശുപാര്‍ശ ചെയ്തു. വി.വി.പാറ്റ് സംവിധാനം കൊണ്ടുവരുന്നതിനായി 2013-ല്‍ 1961-ലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്തു. നാഗാലാന്റിലെ നോക്സന്‍ (Noksen) നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലാണ് വി.വി.പാറ്റ് ആദ്യമായി ഉപയോഗിച്ചത്. പിന്നീട് 2014-ലെ ലോകസഭാ തിരഞ്ഞെടുപ്പിലെ എട്ട് പാര്‍ലമെന്റ് മണ്ഡലങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലെ എല്ലാ തിരഞ്ഞെടുത്ത മണ്ഡലങ്ങളിലും വിവിപാറ്റുകള്‍ ഉപയോഗിച്ചു. 100% വി.വി.പാറ്റ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് നടന്നത് 2019-ലാണ്.
ഇ.വി.എം. കാലഘട്ടത്തെ മൂന്നായി തിരിച്ചിട്ടുണ്ട്. 2006-ന് മുമ്പ് വരെ M1 ഇ.വി.എം., 2006-നും 2010-നുമിടയില്‍ M2 ഇ.വി.എം., 2013 മുതലുള്ള കാലമാണ് M3 ഇ.വി.എമ്മിന്റേത്. ഇതിലാണ് നോട്ട ഓപ്ക്ഷന്‍ ഉള്‍പ്പെടുത്തുന്നത്.
വോട്ട് ചെയ്തശേഷം
വോട്ട് രേഖപ്പെടുത്തിയതിനുശേഷം എവിടെയാണ് ഇ.വി.എമ്മുകള്‍ സൂക്ഷിക്കുന്നത്?
വോട്ട് രേഖപ്പെടുത്തി കഴിഞ്ഞതിന് ശേഷം ഇ.വി.എമ്മും വി.വി.പാറ്റും തിരികെ കളക്ഷന്‍ സെന്ററുകളിലേക്ക് എത്തിച്ച് സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കുന്നു. ഇലക്ഷന്‍ കമ്മിഷന്റെ മാനുവല്‍ പ്രകാരം എല്ലാ സ്ഥാനാര്‍ഥികളും ഇതേക്കുറിച്ച് അറിഞ്ഞിരിക്കണം. മാത്രമല്ല, സുരക്ഷാക്രമീകരണങ്ങളൊരുക്കാനായി അവര്‍ തങ്ങളുടെ പ്രതിനിധികളെ അയക്കുകയും വേണം.
വോട്ട് ചെയ്യാന്‍ നേരിട്ട് ഹാജരാകാത്ത വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റുകളുടെ നടപടിക്രമം എന്ത്?
കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പ്രകാരം പോസ്റ്റല്‍ ബാലറ്റിനായി ചുമതലയുള്ള ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ബാലറ്റ് നിക്ഷേപിക്കാനുള്ള പെട്ടികള്‍ തിരഞ്ഞെടുത്ത സ്ഥാനാര്‍ഥികളുടേയും പ്രതിനിധികളുടേയും മുന്നില്‍വെച്ച് തുറക്കണം. ബാലറ്റുകളുടെ എണ്ണം എഴുതണം. ശേഷം എല്ലാ മണ്ഡലങ്ങളിലേയും ബാലറ്റുകള്‍ ഒരു വലിയ കോട്ടണ്‍ ബാഗിലോ എന്‍വെലപ്പിലോ ആക്കുന്നു. ഈ ബാഗ് വോട്ടിങ് ദിവസം അവസാനം ആര്‍.ഒ.യെ ഏല്‍പ്പിക്കുന്നു. ആര്‍.ഒ.യുടെ കസ്റ്റഡിയിലുള്ള ഈ ബാഗും സ്‌പെഷ്യല്‍ സ്‌ട്രോങ് മുറിയില്‍ തന്നെയാണ് സൂക്ഷിക്കേണ്ടത്.
നേരിട്ടെത്തി വോട്ട് ചെയ്യാന്‍ സാധിക്കാത്തവരെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍(ബി.എല്‍.ഒ.) അവരുടെ വീട്ടിലെത്തി സന്ദര്‍ശിക്കും. അവശ്യസേവനങ്ങള്‍ നടത്തുന്ന, ഹാജരാകാന്‍ സാധിക്കാത്ത വോട്ടര്‍മാര്‍ക്ക് പ്രത്യേകം പോസ്റ്റല്‍ വോട്ടിങ് സെന്ററുകള്‍ ഒരുക്കുന്നു. പോളിങ് ദിവസത്തിന് മൂന്ന് ദിവസം മുമ്പായാണ് ഇത്. ദിവസമവസാനം പോസ്റ്റല്‍ വോട്ടുകള്‍ ആര്‍.ഒ.ക്ക് അയക്കുന്നു.
ആര്‍.ഒ.ക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ക്കായി സ്‌ട്രോങ് റൂമുകള്‍ നല്‍കാന്‍ ഇലക്ഷന്‍ കമ്മിഷന്‍ നിര്‍ദേശിക്കുന്നു. ആര്‍.ഒ.യുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നല്ലാതെ മറ്റേതെങ്കിലും സ്ഥലത്തുവെച്ച് വോട്ടുകള്‍ എണ്ണേണ്ടതുണ്ടെങ്കില്‍ പോസ്റ്റല്‍ ബാലറ്റുകളെല്ലാം മറ്റൊരു സ്‌ട്രോങ് റൂമിലേക്ക്, വോട്ടെണ്ണല്‍ ദിനത്തിന്റെ ഒരു ദിവസം മുമ്പേ മാറ്റണം.
പോസ്റ്റല്‍ ബാലറ്റുകള്‍ വലിയ സ്റ്റീല്‍ ബോക്‌സുകളില്‍ ആക്കി സീല്‍ ചെയ്യും. മത്സരാര്‍ഥികളുടേയും പ്രതിനിധികളുടേയും മുന്നില്‍വെച്ചാണിത് ചെയ്യുക. ആയുധധാരിയായ സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ ഇത് പിന്നീട് കൗണ്ടിങ് സെന്ററിലേക്ക് മാറ്റുന്നു.
ഇ.വി.എം.- ഗുണങ്ങള്‍
കടലാസിന്റെ ഉപയോഗം കുറയ്ക്കുന്നു, അസാധുവോട്ടുകള്‍ ഇല്ലാതാക്കുന്നു, യന്ത്രങ്ങള്‍ സൂക്ഷിക്കാനും കൊണ്ടുനടക്കാനും എളുപ്പമാണ്, വോട്ടെണ്ണല്‍ വേഗത്തിലാക്കുന്നു, ഇ.വി.എം. ഉപയോഗിക്കുമ്പോള്‍ കള്ളവോട്ട് ചെയ്യാനാകില്ല, എന്നിവയെല്ലാം ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ നല്ലവശങ്ങളായി ഇലക്ഷന്‍ കമ്മിഷന്‍ എടുത്തുപറയുന്നു. എന്നാല്‍ ഹാക്ക് ചെയ്യപ്പെടുകയോ കൃത്രിമങ്ങള്‍ സാങ്കേതികമായി നടത്താനോ ഉള്ള സാധ്യതകള്‍ നിലവിലുണ്ട്. സോഫ്‌റ്റ്വേറിന്റെയോ ഹാര്‍ഡ്വേറിന്റെയോ പ്രശ്‌നങ്ങള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ ദോഷവശങ്ങളാണ്.
Content Highlights: Loksabha election 2024 Supreme Court vedrict on Electronic Voting Machine
Published: 30 Apr 2024, 11:00 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented