
രാജ്യത്തെ ആദ്യ വാട്സാപ്പ് തിരഞ്ഞെടുപ്പെന്നായിരുന്നു 2019-ലെ പൊതുതിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. രാഷ്ട്രീയപാർട്ടികൾ സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് വൻതോതിൽ പ്രാധാന്യം നൽകിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു 2019-ലേത്. വാട്സാപ്പ്, ഫെയ്സ്ബുക്ക്, ട്വിറ്റർ, ടെലഗ്രാം... തുടങ്ങി എല്ലാ സോഷ്യൽ മീഡിയകളും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഏതിനും ഒരു മറുവശം ഉണ്ട്, അത് ഇവിടെയും അതുണ്ടായി.
വ്യാജവാർത്തകളുടേയും വിദ്വേഷപ്രചാരണങ്ങളുടേയും പ്രൊപ്പഗാണ്ട ഉള്ളടക്കങ്ങളുടേയും ആധിക്യവും പ്രചാരണങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോകളിൽ തകൃതിയായി നടന്നു. രാഷ്ട്രീയ പ്രചാരങ്ങൾക്കൊപ്പം തന്നെ സ്വകാര്യ ഗ്രൂപ്പുകളിൽ തങ്ങളുടെ ആശയങ്ങൾ, തങ്ങൾ നിശ്ചയിക്കുന്ന ഒരുപറ്റം ആളുകളിലേക്ക് അടിച്ചേൽപ്പിക്കുന്ന രാഷ്ട്രീയ രീതിയും 2019-ലെ തിരഞ്ഞെടുപ്പിൽ വ്യാപകമായി കണ്ടു.
ജിയോ വിപ്ലവം
2016-ൽ രാജ്യം സാക്ഷ്യം വഹിച്ച ജിയോ വിപ്ലവം രാജ്യത്തിന്റെ വളർച്ചയിൽ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. സോഷ്യൽ മീഡിയകളിലും സെൽഫോൺ ഉപയോഗത്തിലും ലോക രാജ്യങ്ങളിൽ തന്നെ ഏറ്റവും മുന്നിലെത്തിയതും ഇതിന് ചുവടുപിടിച്ചായിരുന്നു. തിരഞ്ഞെടുപ്പുകളിൽ ഇതും സാധ്യതയായി മാറി.

തിരഞ്ഞെടുപ്പിന് വാട്സാപ്പ് ‘നേതൃത്വം’
2019-ലെ പൊതുതിരഞ്ഞെടുപ്പന് മുന്നോടിയായി ലക്ഷക്കണക്കിന് ഗ്രൂപ്പുകൾ പ്രാദേശികാടിസ്ഥാനത്തിൽ നിർമ്മിച്ച് സോഷ്യൽ മീഡിയ ടീമുകൾക്ക് വിട്ടുകൊടുത്തായിരുന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണം. ഇതിനൊപ്പംതന്നെ തങ്ങളുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്ന തരത്തിൽ ജനങ്ങളിൽ പല വിധേനയുള്ള കണ്ടന്റുകൾ ഗ്രൂപ്പുകളിൽ നിരന്തരം പങ്കുവെച്ചുകൊണ്ടേയിരുന്നു. അതിൽ പലതും യാഥാർഥ്യവിരുദ്ധവും യാഥാർഥ്യങ്ങളോട് അണുവിട അടുത്ത് നിൽക്കാത്ത കാര്യങ്ങളായിരുന്നു. സാധാരണക്കാരായ ജനം ഇവയുടെ ആധികാരികത പരിശോധിക്കാതെ അക്ഷരംപ്രതി മറ്റുള്ളവരിലേക്ക് എത്തിച്ചു. മണി ചെയിൻ മാതൃകയിലുള്ള കീഴ്ഘടക പ്രവർത്തനം. കേരളത്തിൽ പലപ്പോഴും പരിഹാസ രൂപേണ വിളിക്കപ്പെടുന്ന 'കേശവമ്മാവന്മാർ' എന്ന പേര് ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. ഇത്തരത്തിൽ പലരും പല ഗ്രൂപ്പുകളിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ ആധികാരികതയ്ക്ക് പിന്നാലെ പോകാതെ അത് വിശ്വസിച്ച് മറ്റുള്ളവരിലേക്ക് പങ്കുവെക്കുന്നത് കണ്ട് പരിഹാസരൂപേണ ചാർത്തിക്കൊടുത്ത പേരാണ് അത്.
'സെൽഫോൺ പ്രമുഖ്'; ബിജെപിയുടെ ബൂത്ത് ആക്ഷൻ പ്ലാനിന്റെ ആദ്യഘട്ടം
2019-ൽ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് എറ്റവും പ്രധാന പങ്കുവഹിച്ച ഒന്നാണ് 'സെൽ ഫോൺ പ്രമുഖ്'മാർ. ബൂത്ത് ആക്ഷൻ പ്ലാനിന്റെ ആദ്യഘട്ടമായിരുന്നു ഇത്. ഒൻപത് ലക്ഷത്തോളം വരുന്ന പോളിങ് ബൂത്തുകളിൽ (927,533) സെൽപ്രമുഖ്മാർ വഴിയായിരുന്നു ബി.ജെ.പിയുടെ വാട്സാപ്പ് പ്രചാരണം. പാർട്ടിയുടെ മേൽഘടകം നൽകുന്ന വീഡിയോകൾ, ഫോട്ടോകൾ, ടെക്സറ്റുകൾ, ഗ്രാഫിക്സ് തുടങ്ങി എല്ലാവിധ പ്രചരണവും ഇവരിൽ കൂടിയായിരുന്നു.
256 പേരടങ്ങുന്ന (അന്നത്തെ വാട്സാപ്പ് ലിമിറ്റ് അനുസരിച്ച്) വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയായിരുന്നു സെൽഫോൺ പ്രമുഖ് മാരുടെ പ്രചരണം എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഓരോ പോളിങ് ബൂത്തിലെ സ്മാർട്ഫോൺ ഉപയോക്താക്കളായ ആളുകളുടെ ലിസ്റ്റ് ശേഖരിക്കലായിരുന്നു ഈ ടീമിന്റെ ആദ്യ പരിപാടി. അതാത് പ്രദേശങ്ങളിലുള്ള പാർട്ടി എം.എൽ.എമാർ, എം.പിമാർ, പാർട്ടിനേതാക്കളുമായി ചേർന്നായിരുന്നു ഫോൺ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചത്. ഇതിന് അന്നത്തെ ബി.ജെ.പി. ദേശീയ അധ്യക്ഷനായ അമിത് ഷാ ഡൽഹിയിലെ ദേശീയ ആസ്ഥാനത്ത് വെച്ച് നേതൃത്വം നൽകി. പദ്ധതി അനുസരിച്ച് മൂന്ന് വാട്സാപ്പ് ഗ്രൂപ്പുകളായിരുന്നു ഓരോ സെൽ ഫോൺ പ്രമുഖ്മാരും പുതുതായി ആരംഭിച്ചത്. ചിലയിടങ്ങളിൽ മൂന്ന് വാട്സാപ്പ് ഗ്രൂപ്പുകൾ സാധ്യമായിരുന്നില്ല. അത്തരത്തിലുള്ള ഇടങ്ങളിൽ ചുരുങ്ങിയത് ഒരു ഗ്രൂപ്പ് എങ്കിലും പ്രവർത്തിക്കാൻ അവർ ശ്രമിച്ചുവെന്ന് ബി.ജെ.പി. നേതൃത്വത്തെ ഉദ്ധരിച്ച് അന്ന് പുറത്തുവന്ന റിപ്പോർട്ട്.
2014-ലായിരുന്നു സോഷ്യൽ മീഡിയകളെ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രചരണ ടൂളായി ഉപയോഗിച്ചു തുടങ്ങിയത്. ഇതിൽ മുൻപന്തിയിൽ തങ്ങളായിരുന്നുവെന്ന് അന്നത്തെ ബി.ജെ.പി. നേതാവിനെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. വ്യാപകമായി അന്ന് തങ്ങൾ സോഷ്യൽ മീഡിയകളെ പ്രചാരണ ടൂളാക്കി മാറ്റിയെന്നായിരുന്നു വെളിപ്പെടുത്തൽ.
'2019-ലെ തിരഞ്ഞെടുപ്പ് വാട്സാപ്പുമായുള്ള ഏറ്റുമുട്ടലാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്' എന്നായിരുന്നു 2019-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. നേതാവ് പറഞ്ഞത്. ഇതിനായുള്ള തയ്യാറെടുപ്പ് വർഷങ്ങൾക്ക് മുമ്പേ തന്നെ നടന്നിരുന്നു. വാർ റൂമുകളിൽ പ്രചാരണത്തിനായുള്ള സോഷ്യൽ മീഡിയ കണ്ടന്റുകൾ തയ്യാറായിരുന്നു. ക്രിയാത്മകമായ, ആളുകളെ ആകർഷിക്കത്തക്ക രീതിയിലുള്ള ഗ്രാഫിക്സുകൾ, വീഡിയോകൾ, ടെക്സ്റ്റുകൾ നിരന്തരം പ്രചരിപ്പിക്കപ്പെട്ടു.
എൻ.ഡി.എ. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ, വികസന പ്രവർത്തനങ്ങൾ താഴെത്തട്ടിലെത്തിക്കുന്നതിൽ വാട്സാപ്പ് ഗ്രൂപ്പുകൾ നിർണായകമായി. അയോധ്യ, മുത്തലാഖ് വിഷയം, മോദിയുടെ വ്യക്തിത്വം ഇവയൊക്കെ ആളുകൾക്കിടയിൽ പോസിറ്റീവ് മനോഗതി ഉണ്ടാക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. അന്ന് സോഷ്യൽ മീഡിയ വൊളന്റിയർമാരുമായുള്ള യോഗത്തിൽ, അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ പറഞ്ഞത്, 'സോഷ്യൽ മീഡിയയിൽ നിരന്തരം ഇടപെടാത്ത കാലത്തോളം നിങ്ങൾക്ക് വിജയിക്കാൻ സാധിക്കില്ല' എന്നായിരുന്നു.
നിരാശാജനകമെന്ന് പറയട്ടെ, കോൺഗ്രസടക്കമുള്ള പാർട്ടികൾ സോഷ്യൽ മീഡിയ സാധ്യതകളെ ഉപയോഗിക്കുന്നതിൽ ഏറെ പിന്നിലായിരുന്നു. ബി.ജെ.പിയുടെ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ ഏറെ ദൂരം പിന്നിട്ടതിന് ശേഷം മാത്രമായിരുന്നു മറ്റുള്ള പാർട്ടിക്ക് സോഷ്യൽ മീഡിയ സാധ്യതകളെ തിരിച്ചറിയാൻസാധിച്ചത്. അപ്പോഴേക്കും ഏറ്റവും ശക്തമായ സോഷ്യൽ മീഡിയ ടീമും അതനുസരിച്ച് പ്രവർത്തിക്കാൻ പാകത്തിലുള്ള പ്രവർത്തകരും വൻതോതിലുള്ള സോഷ്യൽ പ്ലാറ്റ് ഫോമുകളും ബി.ജെ.പിക്ക് വേണ്ടി സജ്ജമായിക്കഴിഞ്ഞിരുന്നു.
ബി.ജെ.പി. ഡൽഹിവൃത്തങ്ങളെ ഉദ്ധരിച്ചുള്ള പി.ടി.ഐ. റിപ്പോർട്ട് പ്രകാരം 1800 ഗ്രൂപ്പുകളിലാണ് 2019-ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി. ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ ജോയിൻ ചെയ്തത്. പാർട്ടി ഭാരവാഹികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു ഈ വാട്സാപ്പ് ഗ്രൂപ്പുകൾ. പ്രവർത്തകരിലേക്ക് നേരിട്ട് വിവരങ്ങൾ എത്തിക്കാൻ വേണ്ടിയുള്ളതായിരുന്നു ഈ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളെന്ന് അന്ന് ബി.ജെ.പിയുടെ സോഷ്യൽ മീഡിയ യൂണിറ്റ് ചുമതല ഉണ്ടായിരുന്ന നീൽകാന്ത് ഭക്ഷി പറഞ്ഞു. വ്യാജ വാർത്തകളെ തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കാനും ഈ ഗ്രൂപ്പുകൾ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ ശക്തരായ യുവതലമുറയിൽ കൂടി പാർട്ടി അജണ്ട പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. ഇതിനായി മണ്ഡലങ്ങളിൽ സോഷ്യൽ മീഡിയ മീറ്റിങ്ങുകൾ സംഘടിപ്പിക്കാനും ബി.ജെ.പി. പദ്ധതിയിട്ടിരുന്നു. 2019-ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പേയുള്ള സോഷ്യൽ മീഡിയ ഒരുക്കങ്ങളുടെ ഒരു ഭാഗം മാത്രമായിരുന്നു ഇത്.
ബോൾസനാരോയുടെ ജയത്തിന് പിന്നിലെ 'വാട്സാപ്പ്'
2019-ലെ ബ്രസീൽ തിരഞ്ഞെടുപ്പിലും വാട്സാപ്പ് വ്യാപകമായി ഉപയോഗിച്ചുവെന്നും ബോൾസനാരോയുടെ വിജയത്തിന് ഇത് വലിയ പങ്കുവഹിച്ചെന്നും പിന്നീട് പഠനങ്ങൾ ഉണ്ടായിരുന്നു. 120 മില്യൺ വാട്സാപ്പ് ഉപയോക്താക്കളായിരുന്നു ബ്രസീലിൽ അന്ന് ഉണ്ടായിരുന്നത്. വ്യാജ വാർത്തകളും അഭ്യൂഹങ്ങളും നിറഞ്ഞ ലക്ഷക്കണക്കിന് പോസ്റ്റുകളാണ് ആ തിരഞ്ഞെടുപ്പ് കാലത്ത് ബ്രസീലിൽ പലരുടേയും വാട്സാപ്പുകളിലെത്തിയത്.

ഒരു ലക്ഷത്തോളം ചിത്രങ്ങൾ 347 ഗ്രൂപ്പുകളിലായി പ്രചരിക്കപ്പെട്ടു. ഇത് വിവിധ വാട്സാപ്പുകളിലേക്ക് എത്തിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത് പ്രധാന പങ്കുവഹിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. പ്രചരിക്കപ്പെട്ടവയിൽ ഏറെയും സത്യസന്ധമല്ലാത്ത വാർത്തകളായിരുന്നു. രാജ്യത്ത് വിദ്വേഷം ജനിപ്പിക്കും തരത്തിലുള്ളതും ജനങ്ങളെ ഇരു വിഭാഗങ്ങളാക്കി ഭിന്നിപ്പിക്കുന്ന രീതിയിലുള്ള തരത്തിലുള്ള പ്രചാരണങ്ങളായിരുന്നു ഇവയിലേറെയും.
'ഇന്ത്യയിലെ ഓരോ വീടുകളിലേക്കും വാട്സാപ്പ് വഴി എത്തിച്ചേരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്' എന്നായിരുന്നു ബി.ജെ.പിയുടെ അന്നത്തെ സോഷ്യൽ മീഡിയ കോർഡിനേറ്ററായിരുന്ന പുനിത് അഗർവാൾ 2019-ലെ തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത്. ഇതിനായി 74,000-ത്തോളം വരുന്ന പ്രവർത്തകർ പ്രവർത്തനസജ്ജമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെറ്റായ പ്രചരണങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകാറില്ലെന്ന് രാഷ്ട്രീയ നേതൃത്വം പറയുമ്പോഴും കണക്കുകൾ വ്യക്തമാക്കുന്നത് ഏറ്റവും കൂടുതൽ പ്രൊപ്പഗാണ്ട അടിസ്ഥാനമാക്കിയുള്ള മീമുകളും ട്രോളുകളും പോസ്റ്റുകളും ഇന്ത്യയിൽ വാട്സാപ്പുകളിൽ പ്രചരിപ്പിക്കപ്പെട്ടു എന്നാണ്. കോൺഗ്രസ് പാർട്ടിയെ ക്രൂശിക്കുന്ന തരത്തിൽ, മുസ്ലിം വിരുദ്ധത പടർത്തുന്ന തരത്തിലുള്ളവയായിരുന്നു ഇവയിൽ ഭൂരിഭാഗവും എന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.'വാട്സാപ്പ് ഗ്രൂപ്പുകൾ ഏറ്റവും അപകടകാരികളാണ്' എന്നായിരുന്നു മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ. ഖുറേഷി പറഞ്ഞത്.
വാട്സാപ്പിനെതിരേ വ്യാപകമായ ആരോപണങ്ങളുയർന്നപ്പോൾ ഇക്കാര്യം ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമായത് ചെയ്യുമെന്നു വാട്സാപ്പ് കമ്മ്യുണിക്കേഷൻ തലവനായിരുന്ന കാൾ വൂഗ് പറഞ്ഞത്.
തിരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ ഗാന്ധി 'വ്യാജ ഹിന്ദുവാണ്' എന്ന അടിക്കുറിപ്പോടെ പ്രചരിച്ച വാർത്തകളാണ് ഏറ്റവും കൂടുതൽ പങ്കുവെക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. തൊപ്പിവെച്ച് ദർഗയിൽ പ്രാർഥിക്കുന്ന ചിത്രമായിരുന്നു ഇത്. 'ഒന്നുകിൽ രാഹുൽ മുസ്ലിം അല്ലെങ്കിൽ രാഹുൽ മതംമാറി' എന്ന തരത്തിലായിരുന്ന പ്രചാരണം. ഇത് വൻതോതിൽ പ്രചരിപ്പിക്കപ്പെട്ടു എന്നാണ് കണ്ടെത്തൽ.
2000 നോട്ടിന്റെ ചിപ്പും ശരവേഗത്തിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും
വ്യാജവാർത്തകൾ ഇന്ത്യയിൽ എത്രവേഗത്തിൽ പടർന്നുപിടിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജി.പി.എസ്. അടങ്ങുന്ന 2000 രൂപയുടെ കറൻസി. നോട്ട് നിരോധനത്തിന് പിന്നാലെ 2000 നോട്ട് പുറത്തിറക്കി. ഈ കറൻസിയുടെപ്രത്യേകതകളെന്ന രൂപത്തിൽ വാട്സാപ്പിൽ കൂടിയായിരുന്നു പ്രചാരണം. ജിപിഎസ് അടങ്ങുന്ന ചിപ്പ് ഘടിപ്പിച്ച കറൻസിയാണെന്നും ഇത് കള്ളപ്പണമുള്ളവരെ നിയമത്തിന് മുമ്പിൽ എത്തിക്കുമെന്നും എത്ര ആഴത്തിൽ കുഴിച്ചിട്ടാലും പിടികൂടുമെന്നൊക്കെയായിരുന്നു കറൻസിയെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾ.

ഒരുവേള ജനം വിശ്വസിച്ചുവെന്ന് മാത്രമല്ല മുഖ്യധാരാ മാധ്യമങ്ങൾ പോലും ഈ വാട്സാപ്പ് സന്ദേശങ്ങൾ അക്ഷരംപ്രതി വിശ്വസിക്കുകയും അതിന്റെ ആധികാരികത പോലും പരിശോധിക്കാതെ ജനങ്ങൾക്ക് മുമ്പിൽ വലിയ തോതിൽ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ സത്യാവസ്ഥ നേരെ മറിച്ചായിരുന്നു.
വിക്കിലീക്സ് മാധ്യമ സ്ഥാപന മേധാവിയായിരുന്നു ജൂലിയൻ അസാൻജിന്റേതെന്ന രീതിയിൽ 2014-ൽ വ്യാപകമായി പ്രചരിച്ച മറ്റൊരു വാർത്തയായിരുന്നു, 'അമേരിക്ക മോദിയെ ഭയക്കുന്നു' എന്നത്. രാജ്യത്തെ പല പ്രമുഖ ട്വിറ്റർ (എക്സ് പ്ലാറ്റ് ഫോം) ഹാൻഡിലുകളിലും ഇത് പ്രചരിച്ചു. ജൂലിയൻ അസാൻജിന്റെ ഫോട്ടോ വെച്ച് വാട്സാപ്പിലടക്കം ഗംഭീരമായി ഷെയർ ചെയ്യപ്പെട്ടു.

എന്നാൽ ഈ വ്യാജ വാർത്തക്കെതിരേ വിക്കിലീക്സ് തന്നെ ഔദ്യോഗികമായി രംഗത്തെത്തുകയും ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടേ ഇല്ല എന്ന് വിശദീകരണം നൽകുകയും ചെയ്തു.
മനുഷ്യരെ തല്ലിക്കൊല്ലുന്ന തരത്തിലേക്ക് നയിച്ച വാട്സാപ്പ് സന്ദേശങ്ങളും ഇതിനിടെ നമ്മൾ കണ്ടതാണ്. പശുവിന്റെ പേരിൽ, ബീഫ് കഴിച്ചതിന്റെ പേരിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ആൾക്കൂട്ടം നിരവധി പേരെ തല്ലിക്കൊന്നു. ഇത്തരത്തിലുള്ള ആൾക്കൂട്ട വിചാരണകളിലേക്കും ആൾക്കൂട്ട കൊലപാതകങ്ങളിലേക്കും എത്തിപ്പെട്ടത് പലപ്പോഴും വ്യാജ വാർത്തകളും സോഷ്യൽ മീഡിയകളിൽ പ്രചരിച്ച വ്യാജ സന്ദേശങ്ങളുമായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വീഡിയോകൾ ഇന്ത്യയിലേതെന്ന തരത്തിൽ പ്രചരിക്കാനും തുടങ്ങിയിരുന്നു. പാകിസ്താന് മുദ്രാവാക്യം വിളിക്കുന്ന കോൺഗ്രസ് പ്രവർത്തകർ എന്ന പേരിൽ പ്രചരിച്ച വീഡിയോകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടു. എന്നാൽ സത്യാവസ്ഥ എന്താണെന്ന് ആരും തിരഞ്ഞ് പോയതുമില്ല.അധികമൊന്നും തിരഞ്ഞുപോകേണ്ടതില്ല, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോൾ ലീഗ് പതാക ഉയർത്തിയത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അടക്കം പാക് പതാക എന്ന തരത്തിലുള്ള പ്രചാരണമായി മാറിയത് തന്നെ ശ്രദ്ധിച്ചാൽ മതി. കാസർകോടിൽ കോളേജ് വിദ്യാർഥിനികൾ എസ്.ടി. ടിക്കറ്റുകാരെ കയറ്റാതെ പോയ ബസിനെതിരേ പ്രതിഷേധിച്ചപ്പോൾ കേരളത്തിലെ ബിജെപി നേതൃത്വം പോലും അത് ഹിന്ദു സ്ത്രീക്ക് നേരെയുള്ള പ്രതിഷേധമാക്കി മാറ്റിയ കാഴ്ചകൾ നമ്മൾ കണ്ടതാണ്. ഇത് ട്വിറ്ററിൽ വ്യാപകമായി പ്രചിരിച്ചു കഴിഞ്ഞപ്പോഴേക്കും സത്യാവസ്ഥയുടെ പിന്നാലെ ആരും പോയില്ല എന്നതാണ് യാഥാർഥ്യം.
ഫോട്ടോഷോപ്പും തിരഞ്ഞെടുപ്പും
2014-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം വർധിപ്പിക്കാൻ വേണ്ടി സോഷ്യൽ മീഡിയ വൻതോതിൽ ഉപയോഗിക്കപ്പെട്ടു എന്ന് പിന്നീട് പല റിപ്പോർട്ടുകളിലും പഠനങ്ങളിലും വ്യക്തമായിരുന്നു. ഇത്തരത്തിൽ വ്യക്തിപ്രഭാവം ഉണ്ടാക്കിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ഫോട്ടോ ഷോപ്പ് ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ കൂടി വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയുണ്ടായി. 2015-ൽ വ്യാപകമായി പ്രചരിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു, നരേന്ദ്ര മോദിയുടേതെന്ന തരത്തിൽ പ്രചരിച്ച നിലം വൃത്തിയാക്കുന്ന യുവാവിന്റെ ചിത്രം.

1988-ലെ ആർഎസ്എസ് റാലിയിൽ നിന്നുള്ള ചിത്രമെന്ന തരത്തിലായിരുന്നു പ്രചരിച്ചത്. സാധാരണക്കാരിൽ സാധാരണക്കാരനായ മോദി എന്ന രീതിയിൽ തിരഞ്ഞെടുപ്പിൽ വ്യാപകമായി ഈ ചിത്രം പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ ചിത്രം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ഫോട്ടോ ഷോപ്പ് വഴി ഉണ്ടാക്കിയെടുത്ത ചിത്രമായിരുന്നു അത്.
വികസനത്തെ കാണിക്കാൻ വേണ്ടി അഹമദാബാദിന്റേതെന്ന തരത്തിൽ പ്രചരിപ്പിക്കപ്പെട്ട സൌത്ത് അമേരിക്കയിലെ Guangzhou BRT corridor ചിത്രം, മോദിയുടെ പ്രസംഗം ടി.വിയിൽ കൂടി വീക്ഷിക്കുന്ന ബറാക് ഒബാമ, പ്രചാരണ വേദികളിലെ ആൾക്കൂട്ടം... തുടങ്ങിയവയൊക്കെ ബി.ജെ.പി. ഹാൻഡിലുകളിൽ നിന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഫോട്ടോ ഷോപ്പ് വാർത്തകളായിരുന്നു. ജനപ്രതിനിധികളടക്കം ഇത്തരത്തിലുള്ള ഫോട്ടോകൾ തങ്ങളുടെ സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകളിൽ പങ്കുവെച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം.
സി.എം. മുതൽ പി.എം. വരെ; പ്രധാനമന്ത്രിയുടെ അത്ര ചെറുതല്ലാത്തൊരു ട്വിറ്റർ വളർച്ച
ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള നരേന്ദ്ര മോദിയുടെ വളർച്ചയ്ക്കൊപ്പം തന്നെ എടുത്തു പറയേണ്ട ഒന്നാണ് സോഷ്യൽ മീഡിയ. 2009 മുതൽ 2019 വരെയുള്ള കാലയളവുകൾക്കുള്ളിൽ മോദിയുടെ ട്വിറ്റർ ഹാൻഡിലിൽ നിന്ന് 20,554 ട്വീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 76 ശതമാനം ട്വീറ്റും പ്രധാനമന്ത്രി ആയതിന് ശേഷം മോദി ട്വീറ്റ് ചെയ്തതാണ്. 2009 മുതൽ 2019 വരെയുള്ള കാലയളവിൽ മോദിയുടെ ട്വീറ്റുകൾക്ക് 13.9 കോടി ലൈക്കുകളും 86.9 ലക്ഷം കമന്റുകളും 3.79 കോടി റീ ട്വീറ്റുകളും ലഭിച്ചു. ഇതുവരെയായി ആകെ 42000ത്തോളം ട്വീറ്റുകളാണ് നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരിക്കുന്നത്.

2016 മുതൽ 2019 വരെയുള്ള കാലയളവിൽ 12 ട്വീറ്റുകൾ വീതമാണ് മോദി ഒരു ദിവസം ട്വീറ്റ് ചെയ്തത്. ഒരു ട്വീറ്റിന് ശരാശരി 5248 റീട്വീറ്റുകളും 1131 കമന്റുകളും 21730 ലൈക്കുകളും ലഭിച്ചു.
2014-ന് മുമ്പ് മോദിയുടെ ട്വീറ്റുകളിൽ ഏറെയും ഗുജറാത്ത് എന്ന പരാമർശമായിരുന്നു. 2009-2014 കാലയളവിൽ 693 പ്രാവശ്യമാണ് ഗുജറാത്ത് എന്ന വാക്ക് മോദി ട്വീറ്റിൽ പരാമർശിച്ചത്. ഇന്ത്യ എന്ന വാക്ക് 645 പ്രാവശ്യവും. 2014-ൽ മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിയപ്പോൾ ഏറെ ചർച്ചയായത് 'ഗുജറാത്ത് മോഡൽ വികസനം' എന്നതായിരുന്നു. എടുത്ത് പറയേണ്ട മറ്റൊരു കാര്യം, പ്രധാനമന്ത്രിയാകുന്നതിന് മുമ്പ്, ബി.ജെ.പിയെ പരാമർശിക്കുന്നതിനേക്കാൾ കൂടുതൽ തവണ അദ്ദേഹം കോൺഗ്രസിനെ എടുത്തു പറഞ്ഞിരുന്നു. ഏറെയും കോൺഗ്രസിനെതിരേയുള്ള വിമർശനങ്ങളായിരുന്നു. 345 തവണയാണ് കോൺഗ്രസ് എന്ന വാക്ക് പരാമർശിച്ചത്. ബിജെപി എന്നത് 246 തവണയും.

കർഷകർ (120 തവണ), സമാധാനം (128 തവണ), യുവാക്കൾ (149 തവണ), ദരിദ്രർ (102) തുടങ്ങിയ വാക്കുകൾ 2014ന് മുമ്പ് പ്രധാനമന്ത്രി ട്വീറ്റിൽ കൂടുതലായി പരാമർശിക്കപ്പെട്ടു.
2014-ന് ശേഷം ഇന്ത്യ എന്ന വാക്ക് കൂടുതലായി പരാമർശിക്കപ്പെട്ടു. ഗുജറാത്ത് പരാമർശം കുറഞ്ഞു. വികസനം, ബിജെപി, ആരോഗ്യം എന്നിവയ്ക്ക് ട്വീറ്റുകളിൽ കൂടുതൽ ഊന്നൽ നൽകി. ബി.ജെ.പിയെ നിരന്തരം പരാമർശിക്കപ്പെട്ടുകൊണ്ടേയിരുന്നു. മൻകി ബാത്ത് അടക്കമുള്ള വാക്കുകൾ അദ്ദേഹത്തിന്റെ ട്വീറ്റിൽ പുതുതായി നിരന്തരം ഉൾപ്പെടുത്തി.
ട്രെൻഡിങ് പോസ്റ്റുകളും എല്ലാവരേയും ഒരുമിപ്പിക്കുന്ന ഹാഷ്ടാഗുകളും
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വ്യാജ വാർത്തകളും വ്യാജ വാർത്താ വെബ്സൈറ്റുകളും വർധിച്ചു വരുന്നതായിട്ടാണ് കാണുന്നത്. പല വ്യാജ സോഷ്യൽ മീഡിയ അക്കൌണ്ടുകളും ഈ സമയത്ത് ആരംഭിക്കുന്നത് പതിവാണ്. ട്രെൻഡിങ്ങിനനുസരിച്ചാണ് സോഷ്യൽമീഡിയയുടെ പ്രവർത്തനം എന്നതുകൊണ്ട് തന്നെ ഹാഷ് ടാഗ് വഴിയുള്ള ട്രാഫിക്കുകൾ ജനത്തെ ഇത്തരം വ്യാജ വാർത്തകളിലേക്ക് അടുപ്പിച്ചു കൊണ്ടിരുന്നു എന്നത് മറ്റൊരു വസ്തുത. മാത്രമല്ല, ഒരു വിഷയത്തിൽ ഒരേസ്വഭാവമുള്ള ചർച്ചകൾ നിരന്തരം പല പ്രൊഫൈലുകളിൽ നിന്ന് പോസ്റ്റായി വരുമ്പോൾ അൽഗൊരിതം വഴി അത് പിടിച്ചെടുക്കുകയും അതിലേക്ക് ട്രാഫിക് വർധിപ്പിക്കുകയും ചെയ്യുന്ന രീതിയും ഉണ്ട്. ഇത് പലപ്പോഴും പല രാഷ്ട്രീയ പാർട്ടികളും ഉപയോഗിക്കുന്ന രീതിയാണ്. പല നേതാക്കളും ഒരേ തരത്തിലുള്ള കണ്ടന്റുകൾ പ്രൊഡ്യൂസ് ചെയ്ത് അത് ചർച്ചാ വിഷയമാക്കി ട്രെൻഡ് സെറ്റ് ചെയ്യുന്നതാണ് രീതി.
ക്ലിക്ക് ബൈറ്റ് സ്റ്റോറികളെ സോഷ്യൽ മീഡിയ പലപ്പോഴും പ്രൊമോട്ട് ചെയ്യുന്ന ഏർപ്പാടും കുറവല്ല. പലപ്പോഴും ക്ലിക്ക് ബൈറ്റ് സ്റ്റോറികൾ നോട്ടിഫിക്കേഷൻ ആയി കൊടുക്കുന്ന പതിവും സോഷ്യൽ മീഡിയകൾക്കുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും പല വെബ്സൈറ്റുകളും നിലനില്ക്കുന്നത് തന്നെ, വരുമാനം കണ്ടെത്തുന്നത് തന്നെ ഇത്തരത്തിലുള്ള ക്ലിക്ക് ബൈറ്റ് സ്റ്റോറികൾ വിറ്റുകൊണ്ടാണ്. പ്രധാനമായും ഗോസിപ്പുകളും രാഷ്ട്രീയ വിവാദങ്ങളും അടക്കം ഇത്തരത്തിൽ നോട്ടിഫിക്കേഷനുകളായി നൽകാറുണ്ട്. പല ഡിജിറ്റൽ മാധ്യമങ്ങളും നോട്ടിഫിക്കേഷൻ പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ട്രോളുകളായും മറ്റും ഇത് വ്യാപകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലാല്ലോ. അൽഗൊരിതം വഴി കണ്ടെത്തുന്ന പോസ്റ്റുകൾ എഐ വഴിയായിരിക്കും ചിലപ്പോൾ നോട്ടിഫിക്കേഷനുകളായി പോകുക. എന്നാൽ കമ്പനിയിൽ പ്രവർത്തിക്കുന്നവർക്ക് നേരിട്ട് നോട്ടിഫിക്കേഷൻ അയക്കാനും സാധിക്കും. അത്തരത്തിൽ ചെയ്യുമ്പോൾ അവിടെ ഇരിക്കുന്നവർക്ക് തീരുമാനിക്കാം, ഏത് തരത്തിലുള്ള കണ്ടന്റുകളാണ് അയക്കേണ്ടത് എന്ന്. ഇത് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്.
വാട്സാപ്പിനെതിരേ ആരോപണങ്ങൾ ഉയർന്നപ്പോൾ തങ്ങളുടെ ഗൈഡ്ലൈനിൽ പല മാറ്റങ്ങളും വരുത്തി. വ്യാജ വാർത്തകളെക്കുറിച്ച് വ്യാപകമായി ബോധവത്കരണങ്ങൾ നൽകി. വിവിധ പരസ്യങ്ങളും വീഡിയോകളും കമ്പനി പുറത്തിറക്കി. ഫോർവേഡ് മെസ്സേജുകളുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തി. അതേസമയം, ഗ്രൂപ്പുകളിൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള പരിധി 256-ൽ നിന്നും 1280 ആയി ഉയർത്തി. ഇത് മറ്റൊരു തരത്തിൽ പ്രചാരകർക്ക് ഗുണം ചെയ്തു.
Content Highlights: India WhatsApp election digital democracy
Published: 17 Apr 2024, 05:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented