
ജനാധിപത്യരാഷ്ട്രീയമെന്ന യാഥാർഥ്യത്തിൽ നിന്ന് സോഷ്യൽ മീഡിയയിൽ കാണുന്ന കൺകെട്ട് രാഷ്ട്രീയത്തിലേക്ക്, അർധസത്യങ്ങളിലേക്ക് മാറിച്ചിന്തിക്കുന്ന, അരാഷ്ട്രീയ ചിന്തകൾ പേറി ജീവിക്കുന്ന ഒരു തലമുറയുടെ വളർച്ചയ്ക്കാണ് ഇന്ന് സാക്ഷ്യം വഹിക്കുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയിലടക്കം അരാഷ്ട്രീയത വർധിച്ചു വരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇതിന് പിന്നിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ അധികാരമോഹം എന്നതുപോലെത്തന്നെ സോഷ്യൽ മീഡിയയുടെ സ്വാധീനവും ഏറെയാണ്. രാഷ്ട്രീയത്തോട് പ്രതിപത്തിയില്ലാത്ത ഒരു സമൂഹം എന്നത് മാത്രമല്ല, രാഷ്ട്രീയപരമായ ചായ്വുള്ളവരെ എതിർത്തുകൊണ്ട് ന്യായാന്യായങ്ങൾ നിരത്തി തങ്ങളുടെ അരാഷ്ട്രീയ വാദങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലേക്ക് ഒരുകൂട്ടം ജനം മാറിച്ചിന്തിക്കുന്നു.
ഒരു സെലബ്രിറ്റി സ്റ്റാറ്റസിൽ നിന്നാണ് ട്രംപ് അമേരിക്കയുടെ തലപ്പത്തെത്തുന്നത്. ട്രംപിന്റെ സോഷ്യൽ മീഡിയ പ്രചാരകരിലേറെയും കുട്ടികളായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പോസ്റ്റുകൾക്ക് കീഴെ വന്നിരുന്ന കമന്റുകളിൽ നിന്ന് വ്യക്തമാകും. നിരന്തരം ട്രംപിന്റെ പോസ്റ്റുകളിൽ ഇത്തരത്തിലുള്ളവർ കമന്റും ലൈക്കും ഷെയറും ചെയ്യുന്നതിലൂടെ പോസ്റ്റുകൾക്കുള്ള റീച്ച് വർധിക്കുകയും ആളുകളിൽ നിന്ന് ആളുകളിലേക്ക് ഫീഡ് ചെയ്യപ്പെടുകയും ചെയ്തു.
ഇതിനൊപ്പം തന്നെ ചേർത്തുവായിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. പുതുതലമുറ തിരഞ്ഞെടുപ്പിനോടും നിലവിലെ ഭരണവ്യവസ്ഥകളോടും മുഖം തിരിക്കുന്നുവെന്ന കാര്യം. 18 തികഞ്ഞ പലരും വോട്ടർ ഐ.ഡി.ക്ക് പോലും അപേക്ഷിച്ചിട്ടില്ല എന്നതാണ് വസ്തുത.
കേരളത്തിലെ കണക്കെടുത്ത് പരിശോധിച്ചാൽ -2024-ൽ 18 വയസ് തികഞ്ഞ 10 ലക്ഷത്തോളം പേരിൽ 70 ശതമാനം പേർക്കും വോട്ടില്ല. 2022- 2023 വർഷക്കാലത്ത് 70 ശതമാനത്തോളം പുതുതലമുറകളാണ് തിരഞ്ഞെടുപ്പിനോട് മുഖം തിരിച്ചത്. വിദ്യാഭ്യാസ രേഖകൾ പ്രകാരം 10 ലക്ഷത്തിലേറെ പേർക്കാണ് 18 വയസ് തികഞ്ഞത്. എന്നാൽ ഇതിൽ 2,88,533 പേർ മാത്രമാണ് വോട്ടർ പട്ടികയിൽ പേരുചേർത്തിട്ടുള്ളത്. മിക്കവരും അപേക്ഷിക്കുക പോലും ചെയ്തിട്ടില്ല (2024- ജനുവരി 30 വരേയുള്ള കണക്ക് പ്രകാരം).
നേരത്തെ 18 വയസ് തികഞ്ഞാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വലിയ ഉത്സാഹമായിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ മാറി എന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്. രാഷ്ട്രീയത്തോടുള്ള പുതുതലമുറയുടെ മനോഭാവവും സോഷ്യൽ മീഡയയിലെ അരാഷ്ട്രീയ പ്രചാരണങ്ങളും രാഷ്ട്രീയ നേതൃത്വത്തോടുള്ള വെറുപ്പും ഒരുതരത്തിലെങ്കിലും പുതുതലമുറയെ തിരഞ്ഞെടുപ്പിൽ നിന്ന് പിന്നോട്ടടിപ്പിക്കാൻ കാരണമായിട്ടുണ്ട്.
വ്യക്തിഗത രേഖ കൂടി ആയിരുന്നു വോട്ടർ ഐ.ഡി. കാർഡ്. പാസ്പോർട്ട് അടക്കമുള്ളവയ്ക്ക് വോട്ടർ ഐ.ഡിയായിരുന്നു ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഐ.ഡി. എടുത്തേ തീരു എന്ന അവസ്ഥയായിരുന്നു. എന്നാൽ ഇതിൽ നിന്ന് മാറി ആധാർ കാർഡ് എത്തിയതോടെ ആ മനോഭാവവും മാറി. ഉപരി പഠനത്തിനായി വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണവും വർധിച്ചു. ആളുകൾ അണുകുടുംബങ്ങളിലേക്ക് ചേക്കേറിയതോടെ വോട്ടർ പട്ടികയിലേക്ക് ചേർക്കാൻ പൊതുപ്രവർത്തകർക്ക് പഴയപോലെ സ്വാതന്ത്ര്യമില്ലാതായി, ഓൺലൈൻ വഴി ആയതുകൊണ്ട് തന്നെ പൊതുപ്രവർത്തക അന്വേഷിക്കാതെയുമായി.
വോട്ടർ പട്ടികയിൽ പേരുചേർക്കാൻ വിസമ്മതിച്ച പ്രായം 18 കഴിഞ്ഞ യുവാവുമായി സംസാരിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി, 'എന്തായാലും ഡിഗ്രി കഴിഞ്ഞാൽ വിദേശത്ത് പഠിക്കാൻ പോകും. ഇവിടെയുള്ള രാഷ്ട്രീയക്കളിയിൽ ഇല്ലാതാകാനുള്ളതല്ല എന്റെ ജീവിതം. ഐഡി കാർഡിന് പകരം എന്തായാലും കൈയിൽ ആധാർ ഉണ്ടല്ലോ' എന്നായിരുന്നു. പുതുതലമുറയുടെ മനോഭാവത്തിൽ വന്നിരിക്കുന്നത് വലിയ മാറ്റമാണ്. അർധസത്യങ്ങൾ മാത്രം സോഷ്യൽ മീഡിയയിൽ കൂടി കണ്ട് രാഷ്ട്രീയത്തോട് വിരക്തി തോന്നിത്തുടങ്ങിയിരിക്കുന്നു എന്നാണ് പലരോടും ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത്. സോഷ്യൽ മീഡിയയിൽ കാണുന്ന വീഡിയോകളിലും പോസ്റ്റുകളിലും വികാരാധീനരാകുന്ന പല കുട്ടികളോടും സംസാരിക്കുകയുണ്ടായി. അവരിലൊക്കെ രാഷ്ട്രീയം, രാഷ്ട്രീയ നേതൃത്വം എന്നൊക്കെ പറയുന്നത് പുച്ഛം വാക്കുകളിൽ ഒതുങ്ങുന്നതായിരുന്നു.
തലമുറയുടെ ചിന്താമാറ്റം, സോഷ്യൽ മീഡിയയുടെ പങ്ക്
വളർന്നു വരുന്ന യുവാക്കളിൽ അരാഷ്ട്രീയത വളർത്തുന്നതിൽ പ്രധാന പങ്ക് സോഷ്യൽ മീഡിയ ആണെന്ന് യുവാക്കൾക്കിടയിൽ നടത്തിയ ഓൺലൈൻ സർവേയിൽ മനസ്സിലാകുന്നു.
'സോഷ്യൽ മീഡിയ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട്' എന്നറിയാൻ വേണ്ടിയായിരുന്നു സർവേ. പേര്, വയസ് ഉൾപ്പെടെ പത്തോളം ചോദ്യങ്ങൾ ഗൂഗിൾ ഫോം വഴി നൽകിയിരുന്നു. വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് 18 - 25 വയസ് പ്രായമുള്ളവരിൽ പലരും വോട്ടർ ഐ.ഡി. എടുത്തിട്ടുണ്ടായിരുന്നില്ലെന്നായിരുന്നു മറുപടി. ഏറ്റവും കൂടുതൽ ചെലവഴിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏതെന്ന ചോദ്യത്തിന്, യഥാക്രമം ഇൻസ്റ്റഗ്രാമും വാട്സാപ്പും യൂട്യൂബും ആയിരുന്നു തിരഞ്ഞെടുത്തത്. കൗമാരക്കാരിൽ ഏറെപ്പേരും ഇൻസ്റ്റഗ്രാമിനെ ആയിരുന്നു ആശ്രയിച്ചിരുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്ന വിഷയത്തിന് എന്റർടെയ്ൻമെന്റ് എന്നായിരുന്നു കൂടുതൽ പേരും മറുപടി തന്നത്.
രാഷ്ട്രീയ ഉള്ളടക്കങ്ങളും കാണുന്നവർ കുറവല്ലായിരുന്നു. എന്നാൽ പലരും രാഷ്ട്രീയ ഉള്ളടക്കങ്ങളടങ്ങിയ ട്രോളുകളായിരുന്നു ഏറെപേരും കാണുന്നതെന്ന് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് വീഡിയോകൾ കാണാൻ വേണ്ടിയാണ്. ഫോട്ടോകൾ ഫോളോ ചെയ്ത് കാണുന്നവരും കുറവല്ല. ഇതിനായി പ്രത്യേക ഐഡികളെ ഫോളോ ചെയ്യുന്നുണ്ടെന്നും ചിലർ വ്യക്തമാക്കുന്നു. രാഷ്ട്രീയ കണ്ടന്റുകൾ എങ്ങനെയാണ് കാണുന്നത് എന്ന ചോദ്യത്തിന് ഏറെപ്പേരും ഉത്തരം നല്കിയത് ട്രോളുകൾ വഴിയാണെന്നായിരുന്നു. ട്രോളുകൾ കണ്ടാൽ തന്നെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാം എന്നായിരുന്നു പലരുടേയും മറുപടി.
നിരന്തരം സോഷ്യൽ മീഡിയയിൽ ഇത്തരം ട്രോൾ കണ്ടന്റുകൾ, വീഡിയോകൾ, ഇമേജുകൾ കാണുമ്പോൾ ഏതെങ്കിലും തരത്തിൽ രാഷ്ട്രീയ വീക്ഷണത്തിൽ മാറ്റം വരാറുണ്ടോ എന്ന ചോദ്യത്തിന് വളരെ കുറച്ചെങ്കിലും ചില മാറ്റങ്ങൾ തങ്ങളുടെ വീക്ഷണത്തിൽ വരാറുണ്ട് എന്നായിരുന്നു ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. സോഷ്യൽ മീഡിയ അടിസ്ഥാനപ്പെടുത്തി രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നവരും കുറവല്ല എന്ന് സർവേയിൽ പറയുന്നു. അതേസമയം തങ്ങൾക്ക് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്ത് കിട്ടുന്ന രാഷ്ട്രീയ വിഷയങ്ങളിൽ എത്രത്തോളം സത്യസന്ധത ഉണ്ട് എന്ന കാര്യം പലരും പരിശോധിക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്.
അത്ര നിഷ്കളങ്കമല്ല ട്രോളുകൾ
ട്രോളുകൾ വഴി ആളുകൾ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നു. എന്താണ് സത്യമെന്ന് പോലുമറിയാതെ പ്രചരിപ്പിക്കുന്നു. ട്രോളുകൾ പലപ്പോഴും വ്യക്തിഹത്യകളായി മാറുന്നതും നമ്മൾ കണ്ടതാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പടുക്കടുമ്പോൾ പരസ്പരം പോരടിക്കുന്നത് ട്രോളുകളും മീമുകളും ഉപയോഗിച്ചാണ്. ബി.ജെ.പിയും കോൺഗ്രസും സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ഇത്തരത്തിൽ പരിഹാസ പോസ്റ്റുകൾ പങ്കുവെക്കാറുണ്ട്. ഇതുവഴി സാധാരണക്കാരായ ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാൻ സാധിക്കുന്നു.
എന്നാൽ ട്രോളുകൾ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അത്ര ചെറുതല്ല. 'ഒരു നുണ സത്യമാകാന്‍, അത് നിരന്തരം ആവര്‍ത്തിക്കപ്പെട്ടാല്‍ മാത്രം മതി' എന്ന് പറയുന്നത് പോലെ, ഒരു നുണ പരിഹാസരൂപേണയാണ് പറഞ്ഞുതുടങ്ങുന്നതെങ്കിൽ അതിൽ രസികത്വം കണ്ടെത്തുകയും ആളുകളുടെ ചിന്തോദയങ്ങളിൽ അത് പ്രതിഫലിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്.
ചില രാഷ്ട്രീയ വ്യാജവാർത്തകളെ അടിസ്ഥാനപ്പെടുത്തിയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളെ പരിശോധിച്ചതിൽ നിന്ന് കാണാൻ സാധിച്ചത്; ഒരു വാർത്ത പ്രചരിച്ചു തുടങ്ങുമ്പോഴേക്കും അതിലുള്ള ട്രോളുകളും വീഡിയോകളും യൂട്യൂബിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും പ്രചാരണം കടുപ്പിച്ചു കഴിഞ്ഞിരിക്കും. അടുത്തിടെ വന്ന വ്യാജവാർത്തകളിൽ ഒന്നായിരുന്നു "ഓട്ടോറിക്ഷ പെർമിറ്റ് പുതുക്കാനുള്ള ഫീസ് വർധിപ്പിച്ചു" എന്ന വാർത്ത.
ബിഗ്ബോസ് താരം അഖിൽ മാരാറിന്റെ പോസ്റ്റിനെ പിന്തുടർന്നായിരുന്നു പ്രചാരണങ്ങൾ. ഓട്ടോറിക്ഷ പെർമിറ്റ് പുതുക്കാനുള്ള ഫീസ് 400-ൽനിന്ന് 4300 ആക്കി വർധിപ്പിച്ചു എന്നും സംസ്ഥാന സർക്കാർ ആണ് ഫീസ് വർധിപ്പിച്ചതെന്നും വോട്ട് രേഖപ്പെടുത്തുമ്പോൾ ഇത് ഓർക്കണം എന്ന തരത്തിലുമുള്ള വിവരണങ്ങളോടെയായിരുന്നു പോസ്റ്റ്. കേട്ട പാതി കേൾക്കാത്ത പാതി ഓരോ സോഷ്യൽ ട്രോൾ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ ഹാൻഡിലുകളും ഇത് ഏറ്റെടുത്തു. നിരവധി ട്രോളുകളും വീഡിയോകളും ഇറങ്ങി. കേന്ദ്രത്തിനെതിരേയും ചിലർ ഇതിനെ ആയുധമാക്കി. സത്യം എന്തെന്ന് അറിയുന്നതിന് മുമ്പ് തന്നെ ആളുകൾ പൊങ്കാലയും ട്രോളുകളും കൊണ്ട് സോഷ്യൽ മീഡിയ നിറച്ചു.

എന്നാൽ സത്യം മറ്റൊന്നായിരുന്നു, പ്രചരിച്ച വാർത്ത തെറ്റായിരുന്നു. ഇത്തരത്തിൽ ഒരു പ്രചാരണം വ്യാജമാണെന്നും പെർമിറ്റ് പുതുക്കാൻ 360 രൂപ മാത്രമാണ് ഫീസ് എന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കി. എന്നാൽ അപ്പോഴേക്കും വ്യാജ വാർത്ത പ്രചരിച്ചു കഴിഞ്ഞിരുന്നു. താൻ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിന് മറുകുറിപ്പുമായി അഖിൽ മാരാർ തന്നെ രംഗത്തെത്തി. എന്നാൽ ട്രോളുകളും വീഡിയോകളും ആളുകളുടെ മനസ്സിൽ പതിഞ്ഞിരുന്നു. സത്യാവസ്ഥ അധികം പ്രചരിച്ചതുമില്ല.

സംഭവവുമായി ബന്ധപ്പെട്ട് ചില ആളുകളോട് സംവദിച്ചപ്പോൾ അവർക്ക് ഇപ്പോഴും പെർമിറ്റ് പുതുക്കാനുള്ള തുക വർധിച്ചത് വ്യാജമാണെന്ന് പോലും അറിയില്ലായിരുന്നു. അത് സത്യമെന്നായിരുന്നു അവർ ഇപ്പോഴും വിശ്വസിക്കുന്നത്. ഇത്തരത്തിൽ പല വ്യാജവാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചവയും അതിന്റെ സത്യാവസ്ഥ അറിയാത്തവരും നമുക്കിടയിൽ ഉണ്ട് എന്നത് ട്രോളുകളുടെ ഭീകരത എത്രത്തോളം പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നു എന്നതിന്റെ ഭീകരത വർധിക്കുന്നു.
ഇന്ത്യയെ ഉത്തരേന്ത്യയും ദക്ഷിണേന്ത്യയുമായി വിഭജിക്കുമെന്ന തരത്തിൽ പ്രചരിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരിലുള്ള പ്രചാരണം, കുഞ്ഞാലിക്കുട്ടിയെ രാഹുൽ ഗാന്ധിയുടെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു എന്നതരത്തിലുള്ള പ്രചാരണം, വാട്സാപ്പിൽ ഗുഡ് മോണിങ് സന്ദേശങ്ങൾക്ക് ജി.എസ്.ടി. എന്ന പ്രചാരണം, അത്യുഷ്ണത്തിൽ തണുത്ത വെള്ളം കുടിക്കുന്നത് സ്ട്രോക്കിന് കാരണമാകുമെന്ന പ്രചാരണം, കേരളത്തിലെ പാൽകുളി വീഡിയോ, പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥ് ക്ഷേത്രത്തിൽ തലകീഴായി പ്രദക്ഷിണം നടത്തിയെന്ന പ്രചാരണം, രാഹുൽ ഗാന്ധിയുടെ എം.പി. ഫണ്ട് വിനിയോഗം 5 കോടി മാത്രമെന്ന പ്രചാരണം... ഇതൊക്കെ അടുത്തിടെ സോഷ്യൽ മീഡിയിയൽ പ്രചരിച്ച വ്യാജ വാർത്തകളാണ്. ഇതിനെപ്പറ്റിയുള്ള ട്രോളുകളും വ്യാപകമായി എന്നത് മറ്റൊരു വസ്തുത.

കുഞ്ഞാലിക്കുട്ടിയ രാഹുലിന്റെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു എന്ന പ്രചാരണം ഇപ്പോഴും സത്യമെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആളുകളുമായി സംവദിച്ചപ്പോൾ പലരും രാഷ്ട്രീയാക്രമണങ്ങൾക്കായി ഇപ്പോഴും എടുത്ത് പറയുന്ന കാര്യങ്ങളിൽ ഒന്നാണ് ഇത്.
അമേരിക്കയിലെ 'ട്രോളാക്രമണം'
ട്രോളുകൾ അതയ്ക്കും അപകടകാരികളാണോ? അത് വെറും വിനോദോപാധിയായി എടുത്തൂടേ..? ട്രോളുകളും രാഷ്ട്രീയവും ഭരണവും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിക്കുന്നവരോട്, അമേരിക്കൻ തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുകൾക്ക് പലതും പറയാനുണ്ട്.
അമേരിക്കൻ തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടു എന്ന ആരോപണങ്ങളിൽ പ്രധാനമായും എടുത്ത് പറഞ്ഞ കാര്യം ട്രോളുകളായിരുന്നു. ട്രോളുകൾ വഴി ആളുകളിലേക്ക് എത്തിച്ചേരുകയും അതുവഴി അവരുടെ ചിന്തകളിൽ തങ്ങൾക്ക് എന്താണോ ആവശ്യമുള്ളത് അത് പരിഹാസരൂപേണ എത്തിച്ച് തങ്ങളുടെ ആശയങ്ങളിലേക്ക് എത്തിക്കുകമായിരുന്നെന്നാണ് റിപ്പോട്ട്.
കേരളത്തിൽ തന്നെ ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള നിരവധി ട്രോൾ ഗ്രൂപ്പുകളാണുള്ളത്. പബ്ലിക് ഗ്രൂപ്പുകളും പ്രൈവറ്റ് ഗ്രൂപ്പുകളും വെവ്വേറെ. ഇതൊക്കെ ആളുകളുടെ രാഷ്ട്രീയ വീക്ഷണത്തെ ഗുരുതരമായിത്തന്നെ സ്വാധീനിക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. അതാത് ദിവസത്തെ ട്രെൻഡിങ്ങിനനുസരിച്ച് ഓരോ വിഷയങ്ങൾക്ക് പ്രാധാന്യം ലഭിക്കുമ്പോൾ ആളുകളിൽ നിന്ന് ആളുകളിലേക്ക് പോസ്റ്റുകൾ റീച്ച് കൂടിക്കൊണ്ടേയിരിക്കും. അൽഗൊരിതങ്ങൾവഴി നമ്മൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന വീഡിയോകളുടെ സമാനമായ വീഡിയോകളും ചിത്രങ്ങളും നമ്മുടെ സോഷ്യൽ മീഡിയകളിലേക്ക് എത്തിക്കൊണ്ടേയിരിക്കും. നമ്മൾ എന്തുകാണണമെന്നും എന്ത് കാണരുതെന്നും തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ ആയി മാറിയിരിക്കുന്നു.
റീച്ച് ഇല്ലാത്ത പോസ്റ്റുകൾ അത് എത്ര വലിയ സത്യങ്ങളായാലും ഒന്നുമല്ലാതാക്കിത്തീർക്കാനും ക്ലിക്ക് ബൈറ്റ് സ്റ്റോറികൾ, ട്രോളുകൾ ആളുകളിൽ നിന്ന് ആളുകളിലേക്ക് എത്തിക്കാനും സോഷ്യൽ മീഡിയ പലപ്പോഴും തിടുക്കം കൂട്ടുന്നതും നിരന്തരം സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
കർഷക സമരത്തിലെ ടൂൾ കിറ്റ്
ടൂള്‍കിറ്റ് എന്നാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു ഡിജിറ്റല്‍ ഡോക്യുമെന്റാണ്. എന്തെങ്കിലും ഒരു പ്രശ്‌നത്തെക്കുറിച്ച് വിശദീകരിക്കാനും ആ പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കാണാമെന്നും ഈ ഡോക്യുമെന്റില്‍ പറയാം.
കർഷക സമരത്തിന്റെ തുടക്കകാലത്ത് രാജ്യത്ത് ഏറെ ചർച്ച ആയ ഒന്നായിരുന്നു ടൂൾ കിറ്റ്. ഇരുപത്തൊന്നുകാരിയായ ദിഷ രവിയെ ഇതേത്തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുന്‍ബെയുടെ ടൂള്‍ കിറ്റ് കേസില്‍ ഇന്ത്യയിലെ ആദ്യ അറസ്റ്റായിരുന്നു ഇത്.

ഗ്രെറ്റയുടെ ടൂള്‍കിറ്റില്‍ രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരത്തെക്കുറിച്ചാണ് പറയുന്നത്. ഇന്ത്യയിലെ തലസ്ഥാന നഗരിയില്‍ രണ്ട് മാസമായി സമരം ചെയ്യുന്ന കര്‍ഷകരെ ഏതെല്ലാം വിധത്തില്‍ പിന്തുണയ്ക്കാമെന്നാണ് ഇതില്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍ ഷെയര്‍ ചെയ്ത് അല്‍പം കഴിഞ്ഞു തന്നെ ഗ്രേറ്റ ഇത് പിന്‍വലിച്ചിരുന്നു. ഈ ഡോക്യുമെന്റ് നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായി എന്നാരോപിച്ചാണ് ദിഷയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ജനുവരി 26-ലെ സംഘര്‍ഷങ്ങള്‍ക്കുള്‍പ്പെടെ ഇത് കാരണമായെന്നും ദല്‍ഹി പൊലിസ് വാദിക്കുന്നുണ്ട്.
കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിട്ട പോപ് ഗായിക റിഹാനയുടെ ട്വീറ്റിന് പിന്നാലെയായിരുന്നു ഗ്രെറ്റയുടെ ട്വീറ്റും. അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനത്തിനും ഇത് ഇടയാക്കിയിരുന്നു.
Content Highlights: Trolls versus democracy How social media impacts campaigns
Published: 22 Apr 2024, 10:45 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented