ആരെടുക്കുമെന്ന് പറഞ്ഞാലും ഒരു പിടിയും കൊടുക്കാത്ത മണ്ഡലമാണ് തൃശ്ശൂര്‍. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഇടത്തോട്ടും വലത്തോട്ടും, ചാഞ്ഞും ചരിഞ്ഞും നിലയുറപ്പിച്ച തൃശ്ശൂരില്‍, ഈ തിരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിദ്ധ്യമായി ബിജെപിയുണ്ട്. പ്രവചനങ്ങള്‍ക്കതീതമാണ് ഇന്ന് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലം. തൃശ്ശൂരിന്റെ വോട്ടുകണക്കുകള്‍ ഇത്തിരി കടുപ്പമാണ്. 

To advertise here,

2019 ല്‍ യുഡിഎഫിലെ ടിഎന്‍ പ്രതാപന്‍ 93,633 വോട്ടിന് ജയിച്ച മണ്ഡലം. തൊട്ടുമുമ്പ് 2014 ല്‍ എല്‍ഡിഎഫിലെ സിഎന്‍ ജയദേവന്‍ ജയിച്ചത് 38,227 വോട്ടിന്. അതിന് മുമ്പ് 2009 ല്‍ യുഡിഎഫിലെ പിസി ചാക്കോ ജയിച്ചത് 25,151 വോട്ടിനും. ഇവിടെ കഴിഞ്ഞ തവണ എന്‍ഡിഎ വലിയ മുന്നേറ്റമാണ് നടത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ ഇടതുമുന്നണിയും മൂന്നാം സ്ഥാനത്തെത്തിയ എന്‍ഡിഎയും തമ്മില്‍ വെറും 27000 വോട്ടുകളുടെ വ്യത്യാസം മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. അവിടെയായിരുന്നു ഇത്തവണ ബിജെപിയുടെ ശ്രദ്ധമുഴുവന്‍. 

മുന്നണികളുടെ വോട്ട്ബാങ്ക് പരിശോധിച്ചാല്‍, പ്രത്യേകിച്ചും മണ്ഡല പുനഃസംഘടനയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പുകളുടെ നില പരിശോധിച്ചാല്‍ ഇത്തവണ തൃശ്ശൂരിലെ മത്സരത്തിന്റെ കടുപ്പം മനസ്സിലാകും. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍, 93000 വോട്ടിന് വിജയിച്ച യുഡിഎഫിന്, 2014 നേക്കാള്‍ കൂടിയത് 64,107 വോട്ടുകളാണ്. അപ്പോള്‍ എല്‍ഡിഎഫിന് നഷ്ടം വന്നത് 67,753 വോട്ട്. വിജയിച്ച യുഡിഎഫിന് 18.27 ശതമാനം വോട്ടുകള്‍ അധികം ലഭിച്ചപ്പോള്‍ പരാജയപ്പെട്ട എല്‍ഡിഎഫിന് നഷ്ടമായത് 17.41 ശതമാനം വോട്ടുകളാണ്. അവിടെ എന്‍ഡിഎക്ക് വര്‍ധിച്ചത് 1.91 ലക്ഷം വോട്ടുകളാണ്. അതായത് 186.32% അധികം വോട്ടുകള്‍.  

അതിനു മുമ്പ്, 2014 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചപ്പോള്‍ കൂടിയത് 29,063 വോട്ടുകളാണ്. 8.07 ശതമാനം വോട്ട് കൂടുതല്‍. തോറ്റ യുഡിഎഫിന് നഷ്ടപ്പെട്ടത് 34,315 വോട്ടുകള്‍. ശതമാനക്കണക്കില്‍ പറഞ്ഞാല്‍, 8.91 ശതമാനം വോട്ട് നഷ്ടം. എന്‍ഡിഎക്ക് അന്ന് കൂടിയത് 48,001 വോട്ടുകളാണ്. അതായത്, 87.73% വോട്ടുകള്‍ കൂടുതല്‍. 

2019 ലും 2014 ലും 20 ശതമാനത്തിനുള്ളില്‍ വോട്ടുകള്‍ കൂടിയും കുറഞ്ഞും ഇടതു വലതു മുന്നണികള്‍ മാറി മാറി ജയിച്ചു പോന്ന തൃശ്ശൂരില്‍ കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലായി എന്‍ഡിഎക്ക് സംഭവിച്ചത് വന്‍ വളര്‍ച്ചയാണ്. 2009 ല്‍ 54,680 വോട്ടുണ്ടായിരുന്ന എന്‍ഡിഎ 2014 ല്‍ 1,02 ലക്ഷം വോട്ടുണ്ടാക്കി. 2019 ല്‍ സുരേഷ്ഗോപി മത്സരിച്ച തിരഞ്ഞെടുപ്പില്‍ അത് 2,93 ലക്ഷമാക്കി ഉയര്‍ത്തി. മുമ്പ് രണ്ടാം സ്ഥാനത്തെത്തുന്ന മുന്നണിയുമായി മൂന്നു ലക്ഷത്തിലേറെ വോട്ടിന്റെ വ്യത്യാസമുണ്ടായിരുന്നെങ്കില്‍ രണ്ടു തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അത് 27,634 വോട്ടിന്റെ വ്യത്യാസം മാത്രമാണ്. ആ ആത്മവിശ്വാത്തിലാണ് ഇത്തവണ എന്‍ഡിഎ. അങ്ങനെയാണ് ഇത്തവണ തൃശ്ശൂരിലെ മത്സരം ത്രികോണമത്സരമായത്. 

യുഡിഎഫിന് കഴിഞ്ഞ വര്‍ഷം ലക്ഷത്തിനോടടുത്ത ഭൂരിപക്ഷവും കെമുരളീധരന്റെ തലപ്പൊക്കവും ആന്റി ഇന്‍കമ്പന്‍സി ഫാക്ടറുമാണ് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങള്‍. കെ.കരുണാകരന്റെ തട്ടകത്തില്‍ കെ.മുരളീധരന്‍ മത്സരിക്കുമ്പോള്‍ സഹോദരി പത്മജ ബിജെപിയിലാണ് എന്നത് യുഡിഎഫിന് ചെറുതല്ലാത്ത തലവേദനയാണ്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലത്തിലുമായി എല്‍ഡിഎഫ് നേടിയത് 4.85 ലക്ഷം വോട്ടുകളാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയതിനേക്കാള്‍ 70,000 വോട്ട് കൂടുതല്‍. സുനില്‍കുമാറിന്റെ സ്വീകാര്യതയും മണ്ഡലത്തിന്റെ ഇടത് അനുകൂല സ്വഭാവവും എല്‍ഡിഎഫിന് ആത്മവിശ്വാസം തരുന്ന ഘടകങ്ങളാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാരുള്ള മണ്ഡലം തൃശ്ശൂരാണ്. 1.46 ലക്ഷമാണ് ഇവിടത്തെ പുതിയ വോട്ടര്‍മാര്‍. ഈ വോട്ടുകള്‍ മാത്രമല്ല, അവസാന നിമിഷം ചാഞ്ചാടിയ വോട്ടുകള്‍ ഏത് പെട്ടിയില്‍ വീഴുമെന്നതും തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കും. ആരാധനാലയങ്ങളും ആചാരങ്ങളും ഉത്സവങ്ങളുമെല്ലാമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം തൃശ്ശൂരില്‍ വോട്ടുബാങ്കിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇത്തവണ തൃശ്ശൂരില്‍ വിവാദങ്ങള്‍ക്ക് ഒരു കുറവുമില്ലായിരുന്നു.

ഇനി വോട്ട്ഷെയർ എടുത്താല്‍, കഴിഞ്ഞ മൂന്നു വര്‍ഷമായി എല്‍ഡിഎഫിന്റെ വോട്ട്ഷെയര്‍ താഴേക്കാണ്...
2009 ല്‍ 44.1 ശതമാനം വോട്ട്ഷെയറുണ്ടായിരുന്ന എല്‍ഡിഎഫിന് 2014 ല്‍ അത് 42.27 ശതമാനമായി, 2019 ല്‍ അത് 30.85 ശതമാനം ആയും കുറഞ്ഞു. എല്‍ഡിഎഫിന് രണ്ടു തിരഞ്ഞെടുപ്പു കൊണ്ട് കുറഞ്ഞത് ഏതാണ്ട് 14 ശതമാനം. 

യുഡിഎഫിന് 2009 ല്‍ 47.23 ശതമാനം വോട്ടു ലഭിച്ചെങ്കില്‍, 2014 ല്‍ 38.12 ആയി കുറഞ്ഞു. 2019 ല്‍ അത് 39.83 ശതമാനമായി. യുഡിഎഫിന് രണ്ടു തിരഞ്ഞെടുപ്പു കൊണ്ട് കുറഞ്ഞത് ഏതാണ്ട് 7 ശതമാനം വോട്ടുകള്‍.

എന്‍ ഡിഎയുടെ കാര്യമെടുത്താല്‍, 2009 ല്‍ 6.7 ശതമാനം വോട്ടുകളുള്ള എന്‍ഡിഎ 2014 ല്‍ 11.5 ശതമാനവും 2019 ല്‍ 28.19 ശതമാനവും ആക്കി വോട്ടുവിഹിതം വര്‍ദ്ധിപ്പിച്ചു. രണ്ടു തിരഞ്ഞെടുപ്പുകൊണ്ട് എന്‍ഡിഎ നേടിയത് ഏതാണ്ട് 22 ശതമാനം വോട്ടുകളാണ്. 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ എല്‍ഡിഎഫുമായി 27,634 വോട്ടിന്റെ വ്യത്യാസം മാത്രമേ എന്‍.ഡി.എക്ക്‌ ഉണ്ടായിരുന്നുള്ളൂ.  ഈ മണ്ഡലത്തിലേക്കാണ് പുതിയ 1.46 ലക്ഷം പുതിയ വോട്ടുകളെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ പുതിയ വോട്ടര്‍മാരുടെ എണ്ണത്തിന്റെ ഒന്നര ഇരട്ടിയോളം വരും ഇത്. 

പാര്‍ട്ടിക്കും പതാകകള്‍ക്കും അപ്പുറമുള്ള വോട്ടുകള്‍ക്കും ഈ പുതിയ വോട്ടുകള്‍ക്കും തൃശ്ശൂര്‍ മണ്ഡലത്തില്‍ വലിയ പ്രാധാന്യവുമുണ്ട്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പ്രധാന്യം കൊണ്ടും, പ്രധാനമന്ത്രിയടക്കം ദേശീയ നേതാക്കള്‍ പലവട്ടം വന്നുപോയ മണ്ഡലമായതുകൊണ്ടും ഈ തിരഞ്ഞെടുപ്പില്‍ ചില്ലറക്കാരനായിരുന്നില്ല തൃശ്ശൂര്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ മുതലിങ്ങോട്ട് ട്വിസ്റ്റുകള്‍ നിരവധി കണ്ട മണ്ഡലം. 

സാധാരണ പോളിങ് ശതമാനം കുറഞ്ഞാല്‍ അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കേഡര്‍ പാര്‍ട്ടികളെല്ലാം അവകാശപ്പെടാറുണ്ട്. ആ അവകാശവാദങ്ങളില്‍ കഴമ്പുണ്ടോ എന്നറിയാന്‍ ഇനി ദിവസങ്ങളേയുള്ളൂ. 2019 ല്‍ 77.94 ശതമാനം പേര്‍ വോട്ടു ചെയ്ത മണ്ഡലത്തില്‍ ഇത്തവണ അഞ്ചു ശതമാനം കുറവ് പോളിങ്ങാണ് നടന്നത്. 72.9 ആണ് ഇത്തവണത്തെ പോളിങ് ശതമാനം. 2014 ല്‍ 72.15  ശതമാനമായിരുന്നു പോളിങ്. പുതിയ വോട്ടര്‍മാരുടെ എണ്ണത്തിലെ വര്‍ദ്ധന പോലെ തന്നെ വോട്ടിങ് ശതമാനം ഉയരാതിരുന്നതും വിജയസാധ്യതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

അങ്കം മുറുകുമ്പോള്‍, കണക്കുകളിലൂടെ കണ്ണോടിച്ചാല്‍ തൃശ്ശൂരിന്റെ മനസ്സിലിരിപ്പ് അത്ര പെട്ടെന്നു പിടിച്ചെടുക്കാന്‍ കഴിഞ്ഞെന്നുവരില്ല