വാഷിങ്ടൺ: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി. ഡെമോക്രാറ്റുകൾ വ്യക്തമായ മുന്നേറ്റം നടത്തുന്നു. യു.എസിലെ 50 സംസ്ഥാനങ്ങളിൽ പലയിടത്തും വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ പുറത്തുവന്ന പ്രാഥമിക കണക്കുകളിലാണ് ഡെമോക്രാറ്റിക് പാർട്ടി മേധാവിത്വം പുലർത്തുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഏറെ നിർണായകമായ തിരഞ്ഞെടുപ്പിലാണ് തുടക്കത്തിൽതന്നെ ഡെമോക്രാറ്റുകൾ മുന്നേറുന്നത്.
യു.എസ്. പാർലമെന്റിന്റെ ഇരുസഭകളിലൊന്നായ ജനപ്രതിനിധി സഭയിലെ മുഴുവൻ സീറ്റുകളിലേക്കും, 100 അംഗങ്ങളുള്ള സെനറ്റിലെ മൂന്നിലൊന്ന് വരുന്ന 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ സെനറ്റിലെ ഭൂരിപക്ഷം നിലനിർത്തുക എന്നത് റിപ്പബ്ലിക്കൻ പാർട്ടിക്ക് നിർണായകമാണ്. എന്നാൽ, ഫലം പുറത്തുവന്ന സെനറ്റിലെ ആദ്യ അഞ്ച് സീറ്റുകളിൽ മൂന്നെണ്ണത്തിൽ ഡെമോക്രാറ്റുകൾ വിജയിക്കുകയും രണ്ടിടത്ത് ലീഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. ആദ്യഫലങ്ങളിൽ റിപ്പബ്ലിക്കന്മാർക്ക് ഒരുവിധ മുന്നേറ്റവും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.
സെനറ്റിൽ ഭൂരിപക്ഷത്തിന് 51 സീറ്റുകൾ ആവശ്യമുണ്ട്. ഫലസൂചനകൾ അനുസരിച്ച് ഡെമോക്രാറ്റുകൾ തങ്ങളുടെ സീറ്റുനില 45 ആക്കി ഉയർത്തിയിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടി 36 സീറ്റുകളാണ് ഇപ്പോഴുള്ളത്. ജനപ്രതിനിധിസഭയിലും കൃത്യമായ മേധാവിത്വമാണ് ഡെമോക്രാറ്റുകൾ പുലർത്തുന്നത്. ഇവിടെയും ഡെമോക്രാറ്റുകളുടെ ലീഡ് 106-ലേക്ക് ഉയർന്നു. 57 സീറ്റുകളിലാണ് റിപ്പബ്ലിക് പാർട്ടി മുന്നിട്ടുനിൽക്കുന്നത്.
Published: 04 Nov 2026, 08:38 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented