
ആശയക്കൈമാറ്റത്തിനും വിനോദോപാധികൾക്കുമപ്പുറം പോരുകളുടെ ഇടം കൂടിയാണ് സോഷ്യൽ മീഡിയ. വിവിധ രാഷ്ട്രീയ പാർട്ടികൾ, മതങ്ങൾ, ദേശങ്ങൾ വംശങ്ങൾ, വ്യക്തികൾ തമ്മിലുള്ള ഒട്ടനേകം പോരുകൾക്ക് സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്. വ്യക്തിഹത്യകൾ, സൈബറാക്രമണങ്ങൾ എന്നുവേണ്ട വിദ്വേഷ, വർഗീയ, കലാപാഹ്വാന പ്രചാരണങ്ങൾ വരെ സോഷ്യൽ മീഡിയയിൽ കൂടി നടക്കാറുണ്ട്. ഗുണകരമായി ഭവിക്കുമെന്ന് കരുതിയിരുന്ന ഈ ഇടം പലപ്പോഴും വൻതോതിൽ വിദ്വേഷങ്ങൾ, അക്രമങ്ങൾ, വർഗീയത പടർത്തുന്നതരത്തിലേക്ക് മാറുന്നതും ഭരണകൂടങ്ങൾ തന്നെ ഇടപെട്ട് നടപടി സ്വീകരിക്കുന്നതും സാധാരണ കാഴ്ചയാണ്. മണിപ്പുർ, ശബരിമല, സിഎഎ, ചെങ്കോട്ടയിലേക്കുള്ള കർഷക പ്രതിഷേധം, യു.എസ്. കാപ്പിറ്റോൾ ആക്രമണം, ജമ്മു കശ്മീർ ഒക്കെ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രമാണ്. എന്നാൽ സമാനരീതിയിൽ തന്നെ വ്യക്തികളും നിരവധി തരത്തിലുള്ള സോഷ്യൽഹത്യകൾക്ക് വിധേയരായിട്ടുണ്ട്.
ഓരോ കാലത്തും ഓരോ രാഷ്ട്രീയ നേതാക്കളും വിചാരണക്കിരയായിട്ടുണ്ട്. വ്യക്തിഹത്യ നേരിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇഴകീറി പരിശോധിച്ച് അധിക്ഷേപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സമമാണ്. പരസ്പരം നേതൃത്വത്തിനെതിരേ വാക്പോരുകളും പുതുപേരുകളിട്ട് വിളിക്കുന്നതും പതിവാണ്. കേരളത്തിൽ 'സർവ സാധാരണ' രാഷ്ട്രീയ വാക്കായ 'പരനാറി' പോലുള്ള പ്രയോഗങ്ങൾക്കും സോഷ്യൽമീഡിയ പോരുകൾ വഴിവെക്കുന്നുണ്ട്. അതേസമയം കളക്ടർ ബ്രോ, ടീച്ചറമ്മ, മന്ത്രിയപ്പൂപ്പൻ, കളക്ടർ മാമൻ... തുടങ്ങിയ പേരുകൾ ഹിറ്റാക്കിയതും ഇതേ സോഷ്യൽ മീഡിയ തന്നെയാണ്.
സോഷ്യൽ മീഡിയ കാരണം ആളുകൾക്കിടയിൽ വ്യക്തിപ്രഭാവം നഷ്ടപ്പെട്ടവരുടെ പട്ടികയിൽ എടുത്തുപറയേണ്ടത് രാഹുൽ ഗാന്ധിയേയാണ്. പപ്പു എന്ന അധിക്ഷേപത്തിന്റെ അലയൊലികൾ ഇപ്പോഴും സമൂഹത്തിൽ വിവിധയിടങ്ങളിൽ നിന്ന് രാഹുൽ ഗാന്ധിക്കെതിരേ അവശേഷിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ വ്യക്തിഹത്യയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഇരയായിട്ടുണ്ട്. രാഷ്ട്രീയ നേതൃത്വത്തിനെതിരേ ചെളിവാരിത്തേക്കുന്നതിൽ എല്ലാ പാർട്ടികളും സമന്മാരാണ്.
വ്യക്തിഹത്യകളെക്കുറിച്ച് പറയുമ്പോൾ എടുത്ത് പറയേണ്ടത് രാഹുൽ ഗാന്ധിയെ പപ്പുവാക്കിയ സോഷ്യൽ മീഡിയെക്കുറിച്ചാണ്. 2014- രാഷ്ട്രീയ പ്രവേശന സമയത്താണ് രാഹുലിന് പപ്പു എന്ന് പരിഹാസരൂപേണ വിളിച്ചു തുടങ്ങിയത്. രാഹുലിന്റെ രാഷ്ട്രീയ പ്രവേശനം എതിർപാർട്ടിക്കാരെ അത്രമേൽ രസിപ്പിച്ചില്ലെന്ന് മാത്രമല്ല, എതിർസ്ഥാനത്ത് ഒരു നേതാവിന്റെ ഉയർച്ച അവർ മുളയിലേ നുള്ളിക്കളയാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. ഇതിന് പുറമെ സ്വന്തം പാളയത്തിൽ നിന്നുള്ള അപശബ്ദങ്ങളും രാഹുലിനെതിരേ ഉയർന്നു. ഇതിന് ചുവടുപിടിച്ചാണ് രാഹുലിനെ പപ്പുവായി ചിത്രീകരിക്കപ്പെട്ടത്.
നിരാശപ്പെടുത്തിയ രാഹുൽ
2007-ലാണ് രാഹുലിനെ കോൺഗ്രസിന്റെ ഭാവിമുഖമായി അവതരിപ്പിക്കുന്നത്. ഡൽഹിയിൽ വെച്ച് നടന്ന പ്ലീനറി സമ്മേളനത്തിൽ, 1985-ൽ രാജീവ് ഗാന്ധി നടത്തിയ പോലൊരു പ്രസംഗം രാഹുൽ ഗാന്ധിയിൽ നിന്ന് പ്രതീക്ഷിച്ച പ്രവർത്തകർക്ക് നിരാശയായിരുന്നു ഫലം. ദാരിദ്രത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയ രാഹുലിന്റെ പ്രസംഗം കോൺഗ്രസ് അണികൾക്കിടയിൽതന്നെ മുറുമുറുപ്പിന് കാരണമായി. ഇതേകാലത്ത് തന്നെ പപ്പു കഥാപാത്രമായി ഒരു ചോക്ലേറ്റ് പരസ്യം പ്രചരിച്ചു. 'പപ്പു പാസ് ഹോഗയ' എന്ന ബോളിവുഡ് ചിത്രവും ഈ കാലത്തായിരുന്നു. 'പപ്പു കാൻഡ് ഡാൻസ് സാലെ' എന്ന ഹിറ്റ് പാട്ടും 2008-ൽ പുറത്തിറങ്ങി. 2008-ൽ ഡൽഹി തിരഞ്ഞെടുപ്പിൽ പപ്പു കഥാപാത്രമായ പരസ്യ ചിത്രം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയിരുന്നു. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും സമാന പരസ്യചിത്രം ഉപയോഗിച്ചു. ഇത്തരത്തിൽ പപ്പു ഒരു പരിഹാസ കഥാപാത്രമായി ചിത്രീകരിക്കപ്പെട്ടു കൊണ്ടേയിരുന്നു.
രാഷ്ട്രീയത്തിൽ അമിത താത്പര്യം കാണിക്കാതെ വിദ്യാർഥി രാഷ്ട്രീയത്തിലൂന്നിയുള്ളതാണ് രാഹുലിന്റെ രാഷ്ട്രീയം എന്ന് സ്വന്തം പാളയത്തിൽ നിന്ന് തന്നെ വിമർശനങ്ങളുയർന്നു. പാർട് ടൈം പാർട്ടി പ്രവർത്തനമെന്ന് പാർട്ടിക്കകത്ത് നിന്ന് തന്നെ കുറ്റപ്പെടുത്തി. 2013-ലാണ് രാഹുലിന് പപ്പു എന്ന വിളിപ്പേര് സോഷ്യൽമീഡിയ ചാർത്തിക്കൊടുക്കുന്നത്.
ദാരിദ്ര്യവും രാഹുലിന്റെ കീറിയ കുർത്തയും
ഒരു വേള ദാരിദ്ര്യത്തിലാണ് തന്റെ ജീവിതം എന്ന് കാണിക്കാൻ വേണ്ടി രാഹുൽ കീറിയ കുർത്ത ഉർത്തിക്കാട്ടിയത് ഏറെ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്രശൈലിയെ ഉന്നംവെച്ചായിരുന്നു രാഹുലിന്റെ ഉദ്ദേശ്യമായിരുന്നുവെങ്കിലും അത് അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി. ഉത്തരാഖണ്ഡിലെ ഒതു പൊതു റാലിയിൽ വെച്ചായിരുന്നു, താൻ ദരിദ്രരെ പ്രതിനിധീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കീറിയ പോക്കറ്റുള്ള കുർത്ത ജനങ്ങൾക്ക് മുമ്പിൽ രാഹുൽ ഉയർത്തിക്കാട്ടിയത്. വൻ സൈബർ ട്രോളുകൾക്ക് വിധേയമായ ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു ഇത്.

#PappuCII - പപ്പു വിളിക്കായുള്ള ക്യാമ്പയിൻ
2013 ഏപ്രിലിൽ ഡൽഹിയിൽവെച്ച് നടന്ന കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ പ്രോഗ്രാമിൽ രാഹുൽ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇതേസമയത്ത് സോഷ്യൽ മീഡിയയിൽ മറ്റൊരു പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചു. #PappuCII എന്ന ഹാഷ്ടാഗ് വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ട്വിറ്റർ ട്രെൻഡിങ്ങിൽ ഈ ഹാഷ്ടാഗ് ഇടം പിടിച്ചു. എതിർപാളയത്തിൽ നിന്ന് ശക്തമായ നീക്കമായിരുന്നു ഇത്. പപ്പു എന്ന വിളിപ്പേര് രാഹുലിന് ചാർത്തിക്കൊടുക്കാനുള്ള സോഷ്യൽ മീഡിയ ഹാഷ്ടാഗ് കാമ്പയിനായിരുന്നു അത്. 2014-ലെ തിരഞ്ഞെടുപ്പിൽ അമിത് ഷാ പരസ്യമായി രാഹുലിനെ പപ്പു എന്ന് വിശേഷിപ്പിച്ചു.'പ്രധാനമന്ത്രി സ്ഥാനാർഥിയായി ഞങ്ങൾ നരേന്ദ്ര മോദിയെ പ്രഖ്യാപിച്ചു.കോൺഗ്രസ് സ്ഥാനാർത്ഥി ആരായിരിക്കും? പപ്പുവോ? ഇല്ല, തോൽക്കുമെന്ന ഭയത്താൽ അവർ പപ്പുവിനെ സ്ഥാനാർത്ഥിയാക്കില്ല' എന്നായിരുന്നു അന്ന് അമിത് ഷാ പറഞ്ഞത്. 2014-ലെ തിരഞ്ഞെടുപ്പ് പരാജയത്തോടെ സ്വന്തം പാളയത്തിൽ നിന്ന് തന്നെ രാഹുലിനെതിരേ പടയൊരുക്കം തുടങ്ങി. രാഹുലിനെതിരേ സോണിയക്ക് കത്തെഴുതുകയുംപാർട്ടിക്കകത്ത് കലാപക്കൊടി ഉയർത്തുകയും ചെയ്തു.
2017-ൽ ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവ് വിനയ് പ്രധാൻ തന്നെ രാഹുലിനെ പപ്പു എന്ന് പരിഹാസ രൂപേണ വിളിച്ചു. പിന്നീട് ഇദ്ദേഹത്തെ പാർട്ടിയുടെ ചുമതലകളിൽ നിന്ന് നീക്കിയെങ്കിലും പപ്പു വിളി കൊണ്ടുണ്ടായ പ്രതിസന്ധി രാഹുലിനേയും പാർട്ടിയേയും അത്രപെട്ടെന്നൊന്നും വിട്ടു പോകുന്നതായിരുന്നില്ല.
രാഹുൽ മാത്രമല്ല, സോഷ്യൽ മീഡിയയിലെ വട്ടപ്പേരുകൾ വേറെയുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് ചാർത്തിക്കൊടുത്ത 'പണോത്തി', ഹിറ്റ്ലർ, ദുര്യോധനൻ, കുരങ്ങ്, എലി, രാവണൻ, സ്ത്രീവിരുദ്ധൻ, ലോഹപുരുഷൻ, വൃത്തികെട്ടവൻ, ചൗക്കിദാർ ചോർഹെ.. തുടങ്ങിയവയിൽ പലതും സോഷ്യൽ മീഡിയ വാഗ്വാദങ്ങൾക്കിടയിൽ നിന്ന് ഉടലെടുത്തതാണ്. കോൺഗ്രസിനെതിരേ പ്രധാനമന്ത്രി തന്നെ ഇത് എടുത്ത് പറഞ്ഞ് പ്രചാരണായുധമാക്കുകയും ചെയ്തിരുന്നു. ഇതൊക്കെയാണ് കോൺഗ്രസിന്റെ സ്നേഹത്തിന്റെ പട്ടികയിൽ ഉള്ളത് എന്നായിരുന്നു മോദി ഒരു പൊതു പരിപാടിയിൽ വെച്ച് ഓരോ വാക്കുകളും എടുത്ത് പറഞ്ഞത്.
'കാവൽക്കാരൻ കള്ളനാണ്', അതേ 'ഞാനും കാവൽക്കാരനാണ്'
ചൗക്കിദാർ ചോർ ഹേ ('കാവൽക്കാരൻ ഒരു കള്ളനാണ്') 2019-ലെ പൊതു തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന്റെ തുറുപ്പ് ചീട്ടായിരുന്നു ഈ മുദ്രാവാക്യം. റഫാൽ ഇടപാട്, വിലക്കയറ്റം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ, അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് മുദ്രാവാക്യം വിളിച്ചത്. പൊതുപണം സംരക്ഷിക്കാൻ ഏൽപ്പിച്ച ആൾ (അതായത് കാവൽക്കാരൻ) യഥാർത്ഥത്തിൽ കള്ളനാണെന്ന് അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് മുദ്രാവാക്യം രൂപപ്പെടുത്തിയത്. എന്നാൽ സംഭവിച്ച് മറ്റൊന്നായിരുന്നു.
കോൺഗ്രസിന് അതേ നാണയത്തിൽ തന്നെ ബി.ജെ.പി. മറുപടി നൽകി. മേംബീ ചൌക്കീ ദാർ എന്ന മുദ്രാവാക്യമുയർത്തിയാണ് ബി.ജെ.പി. കോൺഗ്രസിന്റെ കാവൽക്കാരൻ കള്ളനാണ് എന്ന മുദ്രാവാക്യത്തെ നേരിട്ടത്.
'നിങ്ങളുടെ കാവൽക്കാരൻ കരുത്തോടെ രാജ്യത്തെ സേവിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഞാൻ ഒറ്റയ്ക്കല്ല. അഴിമതിക്കെതിരേ, സാമൂഹ്യ തിന്മകൾക്കെതിരേ അഴുക്കിനെതിരേ പോരാടുന്ന എല്ലാവരും കാവൽക്കാരാണ്. ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടി പോരാടുന്ന എല്ലാവരും കാവൽക്കാരാണ്. ഇന്ന് ഓരോ ഇന്ത്യക്കാരും പറയുന്നു ഞാനും കാവൽക്കാരൻ'- എന്നായിരുന്നു മോദിയുടെ ഈ വിഷയത്തിലുള്ള ആദ്യത്തെ ട്വീറ്റ്. ഇത് സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയ തരംഗം അത്ര ചെറുതൊന്നുമായിരുന്നില്ല. തിരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ പ്രചാരണങ്ങളിൽ ഒന്നായിരുന്നു അത്. കോൺഗ്രസ് നല്കിയ വടികൊണ്ട് കോൺഗ്രസിന് തന്നെ കിട്ടിയ തിരച്ചടി.

#MainBhiChowkidar എന്ന ഹാഷ്ടാഗ് നിമിഷനേരത്തിനുള്ളിൽ കത്തിപ്പടർന്നു. മണിക്കൂറുകൾക്കുള്ളിൽ ലോകത്ത് തന്നെ ഏറ്റവും ട്രെൻഡിങ്ങായ ട്വീറ്റുകളിൽ ഒന്നായി അന്ന് ഈ ട്വീറ്റ് മാറി. നിങ്ങളുടെ കാവൽക്കാരൻ എപ്പോഴും ശ്രദ്ധാലുമാണെന്ന് അർഥം വരുന്ന ഗാനം അടങ്ങുന്ന വീഡിയോയും ഇതിനൊപ്പം ബി.ജെ.പി. പുറത്തിറക്കിയിരുന്നു. ഇതോടെ കാവൽക്കാരൻ കള്ളനാണ് എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി പതിയെ നഷ്ടപ്പെട്ടു. സോഷ്യൽമീഡിയ ഹാൻഡിലുകളിൽ പലരും പേര് മാറ്റി. തങ്ങളുടെ പേരുകൾക്കൊപ്പം 'ഞാനും കാവൽക്കാരൻ' എന്ന് കൂട്ടിച്ചേർത്തു.
വെട്ടുകിളിക്കൂട്ടം അഥവാ സോഷ്യോ- രാഷ്ട്രീയക്കൂട്ടം
'ചൊല്ലിത്തോല്പിക്കാൻ സാധിച്ചില്ലെങ്കിൽ തല്ലിത്തോല്പിക്കുക' എന്ന് പറയും പോലെ, ആശയങ്ങളോട് ഏറ്റുമുട്ടാൻ സാധിക്കാത്തപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി കണ്ടുവരുന്നത് വ്യക്തിഹത്യകളാണ്. വെട്ടുകിളിക്കൂട്ടം പോലെ ഒരുപറ്റം സോഷ്യൽ മീഡിയ ഗ്രൂപ്പുകളായിരിക്കും. ആളെ ടാർജറ്റ് ചെയ്ത് അക്രമിക്കുക എന്നതാണ് രീതി. കുടുംബത്തേയും കുട്ടികളേയും മാതാപിതാക്കളേയും അടക്കം സോഷ്യോ- രാഷ്ട്രീയാക്രമണത്തിനിരയാകും വിധത്തിലായിരിക്കും സൈബറാക്രമണം. കേരളത്തിലടക്കം ഇത്തരത്തിലുള്ള സോഷ്യോ - രാഷ്ട്രീയക്കൂട്ടം സജീവമാണ്. തങ്ങളുടെ ഇഷ്ടനേതാവിനെതിരേ അല്ലെങ്കിൽ തങ്ങളുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്താൽ അവർക്കെതിരേ എന്തെങ്കിലും ഇഷ്ടക്കേട് പ്രവർത്തിച്ചാൽ അവർ ഒന്നാകെ ഇളകും. പിന്നെ എതിർ നിൽക്കുന്നത് ആരാണെന്ന് പോലും നോക്കാതെയുള്ള സൈബറാക്രമണമായിരിക്കും. മോർഫ് ചെയ്ത ചിത്രങ്ങൾ, ഇരട്ടപ്പേരുകൾ എന്ന് വേണ്ട ഒരാളെ ഏതൊക്കെ വിധത്തിൽ അയാളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്ന് ചെല്ലാൻ സാധിക്കുന്നോ അത്രത്തോളം അവർ കടന്ന് ചെന്ന് മാനസികമായി തകർക്കും.
സൈബറാക്രമണങ്ങൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്ന രണ്ട് ചേരികളായി തിരിയും. ഒരുചേരി അയാളെ അനുകൂലിക്കുന്നവരും മറുചേരി എതിർക്കുന്നവരും. എന്നാൽ ഏത് ഭാഗത്താണോ ബലം കൂടുതൽ അവർ കൂടുതൽ ശക്തരായി എതിർചേരിയിലുള്ളവരേയും ഇതിലേക്ക് വലിച്ചിഴച്ച് സൈബറാക്രമണം അഴിച്ചു വിടുക എന്നതാണ് നിലവിൽ കണ്ടുവരുന്നത്.
സ്ത്രീകൾക്ക് നേരെയാകുമ്പോൾ കടുപ്പമേറും
വടകര സ്ഥാനാർഥി കെകെ ശൈലജയ്ക്കെതിരേ അടുത്തിടെ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത വ്യക്തിഹത്യയായിരുന്നു. അശ്ലീല ചിത്രങ്ങളിൽ സ്ഥാനാർഥിയുടെ ചിത്രങ്ങൾ വെട്ടിയൊട്ടിച്ച് വീഡിയോ പ്രചരിക്കുന്നുവെന്ന് പത്രസമ്മേളനത്തിൽ കെകെ ശൈലജ തന്നെ പറഞ്ഞിരുന്നു. വ്യാജ പ്രചാരണങ്ങളും സംഭാഷണ ശകലങ്ങൾ വെട്ടിയും പ്രചാരണം വ്യാപകമായിരുന്നു. വ്യാപകമാ സൈബർ ആക്രമണങ്ങൾ വടകര സ്ഥാനാർഥിക്കെതിരേ ഉയർന്നിരുന്നു. മുഖമുള്ളവരും മുഖഖമില്ലാത്തവരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കേട്ടാലറയ്ക്കുന്ന വാക്കുകളിൽ വ്യക്തിഹത്യ നടത്തി. ഇതേത്തുടർന്ന് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പും സമാന വ്യക്തിഹത്യക്ക് സോഷ്യൽ മീഡിയയിൽ ശൈലജ ഇരയായിട്ടുണ്ട്. കോവിഡും നിപയും ശക്തമായ ഇടപെടലിൽ കൈകാര്യം ചെയ്ത ശൈലജയെ പിന്നീട് എതിർപാളയത്തിൽ നിന്ന്, സീസറമ്മ, കോവിഡ് അമ്, കിറ്റ് അമ്മ, മാസ്ക് അമ്മ തുടങ്ങിയ പരിഹാസ്യ പേരുകളിട്ട് സൈബറിടത്തിൽ അധിക്ഷേപം ശക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള വ്യക്തിഹത്യകളെ പ്രതിരോധിക്കാനെത്തുന്നവരും ഉപയോഗിക്കുന്ന ഭാഷകളും പോസ്റ്റുകളും എതിരാളികൾ ഉപയോഗിച്ചതിനേക്കാൾ അറപ്പുളവാക്കുന്നുണ്ട്. വ്യക്തിഹത്യകൾ നടത്തുന്നവരിൽ നേതാക്കളെന്നോ പ്രവർത്തകരെന്നോ വ്യത്യാസമില്ലാതെയാണ് നടക്കുന്നത്
കൊച്ചി മെട്രോ ഉദ്ഘാടന സമയത്ത് കുമ്മനം രാജശേഖരൻ നേരിട്ട സൈബർ ആക്രണം, കുമ്മനടി എന്ന വാക്ക് പോലും സോഷ്യൽ മീഡിയയിൽ ആഘോഷമായത് നാം കണ്ടതാണ്. മെട്രോ ചിഹ്നത്തിനായി നിർദേശിച്ച പേരിൽ കുമ്മനാന കടന്നുവന്നതും പിന്നീട് ഒരുപാട് സൈബർ അധിക്ഷേപങ്ങൾക്ക് അദ്ദേഹം ഇരയാകുകയും ചെയ്തു. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഉള്ളി സുര എന്ന സോഷ്യൽ മീഡിയ അധിക്ഷേപവും ഇന്നും സമാനതകളില്ലാതെ പ്രചരിക്കുന്നുണ്ട്.
രമേശ് ചെന്നിത്തലയെ ഉസ്മാൻ ആക്കിയ സോഷ്യൽ മീഡിയയെ അത്രപെട്ടെന്നൊന്നും മറക്കാനിടയില്ല. ചെന്നിത്തലയുടെ വ്യക്തിപ്രഭാവം ഇല്ലാതാക്കുന്നതിൽ ഇതേ സോഷ്യൽ - രാഷ്ട്രീയക്കൂട്ടത്തിന്റെ ചെയ്തികൾ അത്ര ചെറുതൊന്നുമല്ല.
അടുത്തിടെ കെ.എസ്. ചിത്രയ്ക്കെതിരേ നടന്ന സൈബറാക്രമണം, പ്രധാനമന്ത്രിയോട് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തക സബ്രിന സിദ്ദിഖിക്കെതിരേ, ഉമ തോമസ് എം.എൽ.എയ്ക്കെതിരേ, പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് കാലത്ത് എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ ഭാര്യയ്ക്കെതിരേ, അച്ചു ഉമ്മനെതിരേ, ശോഭാ സുരേന്ദ്രനെതിരേ, ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ ഭാര്യയ്ക്കെതിരേ, നടി ഗായത്രിക്കെതിരേ, മോഹൻലാലിനെതിരേ, പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ക്ഷണം ലഭിച്ചിട്ടും പോകാത്ത എം.എസ്. ധോനിക്കെതിരേ, രമ്യ ഹരിദാസ് എം.പി.ക്കെതിരേ, നൂർബിനാ റഷീദിനെതിരേ, അരിതാ ബാബുവിനെതിരേ, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയെനെതിരേ, സുരേഷ് ഗോപിക്കെതിരേ... ഈ അടുത്ത് സൈബറാക്രമണത്തിനിരയായവരുടെ ലിസ്റ്റ് നീണ്ടു പോകുന്നു. വ്യക്തിഹത്യ നേരിടുന്നവരിലേറെയും സ്ത്രീകളാണ്.
ഫേക് ഐ.ഡികളിൽ കൂടിയാണ് ഇത്തരത്തിൽ പലരും സോഷ്യൽ മീഡിയയിലെ ആക്രമണത്തിന് എത്തുന്നത്. മുഖമ്മൂടിക്കുള്ളിൽ നിന്ന് എന്തും കാണിച്ചു കൂട്ടാമെന്ന തോന്നലാണ് ഇത്തരത്തിലുള്ള കൂട്ടങ്ങൾക്ക്. അതുകൊണ്ട് തന്നെ ഇവരുടെ പിന്നാലെ പോയി കേസെടുത്ത് അറസ്റ്റ് ചെയ്യുക എന്നത് വലിയ പ്രതിസന്ധിയായി മാറുന്നു.
സോഷ്യൽ മീഡിയയിൽ സൈബറാക്രമണം നേരിട്ടാൽ തന്നെ കേസുമായി മുന്നോട്ട് പോയാൽ അന്വേഷണത്തിനും മറ്റുമായി കാലതാമസമെടുക്കുന്നതും ഇരകളെ പരാതി നല്കുന്നതിൽ നിന്നും പിന്നോട്ടടിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ 2022-ൽ സൈബറാക്രമണം നേരിട്ട അനിത (പേര് യാഥാർഥ്യമല്ല) കോടതികൾ കയറിത്തുടങ്ങിയിട്ട് കഴിഞ്ഞ ജനുവരിയിൽ 2 വർഷം കഴിഞ്ഞു. തെളിവുകളും ആളേയും അടക്കം ചൂണ്ടിക്കാട്ടിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, സൈബർ പോലീസ് കേസ് കൈയൊഴിയുകയും ചെയ്തു. കോടതിയിൽ കയറിയിറങ്ങി ഒടുവിൽ കുറ്റക്കാർക്കെതിരേ വക്കീൽ നോട്ടീസ് അയക്കാം എന്നതിലേക്ക് എത്തിച്ചേർന്നു. ഈ ഒരു നടപടിക്കായി എടുത്തതാകട്ടെ 2 വർഷവും. ഇതിനിടയിൽ എത്രയോ തവണ അനിത കോടതി കയറിയിറങ്ങി. സാക്ഷികളുമായി കോടതി വരാന്തകളിൽ കാത്തു നിന്നു. എന്നാൽ കുറ്റം ചെയ്തവരാകട്ടെ രണ്ടു വർഷത്തിനുള്ളിൽ ഇതുവരെ യാതൊരു നടപടിയും നേരിടാതെ സുഖമായി നടക്കുന്നു. 'തെറ്റ് ചെയ്തവർ സുഖമായി നടക്കുമ്പോൾ ഇരയാക്കപ്പെട്ടവർ കോടതി കയറിയിറങ്ങേണ്ട ഗതികേടാണ്' എന്ന് അനിത പറയുന്നു. ഇത്തരത്തിൽ ഒരുപാടുപേർ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നീതി ലഭിക്കാതെ കിടക്കുന്നു എന്നത് മറ്റൊരു വസ്തുത.
Content Highlights: digital democracy social media cyber attack series
Published: 19 Apr 2024, 05:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented