
താളം വിളഞ്ഞ മലയെന്ന് വിഖ്യാതമായ തിരുവില്വാമല. സാക്ഷാല്‍ വില്വാദ്രി നാഥന്റെ തട്ടകം. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ തന്റേതായ ഒരു പാരമ്പര്യം അവകാശപ്പെടാന്‍ അര്‍ഹതയുള്ള മണ്ണ്. കേളിപെറ്റ കലയുടെ കളിയരങ്ങെന്നാണ് മഹാകവി പി. കുഞ്ഞുരാമന്‍ നായര്‍ തിരുവില്വാമലയെ വിശേഷിപ്പിച്ചത്. ഒരു വലിയ പാരമ്പര്യത്തിന്റെ പൈതൃകം കൂടിയാണ് ഈ പ്രദേശം. പാലക്കാട് തൃശ്ശൂര്‍ ജില്ലകള്‍ അതിര്‍ത്തി പങ്കിടന്ന ദേശം കൂടിയാണ് തിരുവില്വാമല.
തായമ്പകക്കും പഞ്ചവാദ്യത്തിനും ഉള്‍പ്പെടെ ചെണ്ടയുടെ പ്രയോഗത്തിന് പുതിയ മാനങ്ങള്‍ നല്‍കിയവരാണ് ഇവിടെ വളര്‍ന്ന മഹാരഥന്മാര്‍. കേരളത്തിലെ ശ്രീരാമക്ഷേത്രങ്ങളില്‍ പ്രധാനമാണ് തിരുവില്വാമലയിലെ ശ്രീ വില്വാദ്രിനാഥക്ഷേത്രം. തിരുവില്വാമല ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്ന ഈ ക്ഷേത്രം ചിരപുരാതനകാലം മുതല്‍ പ്രസിദ്ധമാണ്. കേരളത്തിലെ പ്രധാനപ്പെട്ട മറ്റു രണ്ടു ശ്രീരാമക്ഷേത്രങ്ങള്‍ തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ക്ഷേത്രം, വടക്കന്‍ കേരളത്തിലെ തലശ്ശേരി തിരുവങ്ങാട് ക്ഷേത്രം എന്നിവയാണ്. കന്നിമാസത്തിലെ 'നിറമാല'യും കുംഭമാസത്തിലെ ഏകാദശിയുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവ ഉത്സവങ്ങള്‍. ഗുരുവായൂര്‍ ഏകാദശി ദിവസം തിരുവില്വാമലയിലെ 'പുനര്‍ജനി'നൂഴല്‍' പ്രധാന വിശേഷമാണ്.
പ്രശസ്ത എഴുത്തുകാരായ വി.കെ.എന്‍, മാര്‍ഷല്‍, മാനസി, പി.എ. ദിവാകരന്‍ എന്നിവര്‍ തിരുവില്വാമലക്കാരാണ്. ഭാരതപ്പുഴയും സഹ്യപര്‍വ്വതവും തിരുവില്വാമലയ്ക്ക് സൗന്ദര്യം നല്‍കുന്നു. പ്രശസ്ത മദ്ദളവിദ്വാന്‍മാരായ വെങ്കിച്ചന്‍ സ്വാമി, അദ്ദേഹത്തിന്റെ ശിഷ്യന്‍ കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാള്‍ തുടങ്ങിയവര്‍ തിരുവില്വാമലയിലാണ് ജനിച്ചത്.പഞ്ചവാദ്യത്തിന്റെ പരമാചാര്യനാണ് വെങ്കിച്ചന്‍ സ്വാമി.
വില്വാദ്രിനാഥക്ഷേത്രത്തില്‍ ചാക്യാര്‍ കൂത്ത് കളിക്കുകയില്ല. അതിന്റെ ഐതിഹ്യം:പണ്ട് ഒരു കൂത്തുവേളയില്‍ ഒരു നമ്പൂരിയച്ഛനെ കളിയാക്കിയ വേളയില്‍ അദ്ദേഹം അത്യധികം ക്രുദ്ധനാവുകയും തിരിച്ച് അവിടെവെച്ചുതന്നെ ചാക്യാരുവേഷത്തെ പച്ചക്ക് അവഹേളിക്കുകയും ചെയ്തത്രേ! ചാക്യാര്‍ അപ്പോള്‍ തന്നെ തലപ്പാവ് ഊരി '''ഇനി ഇവിടെ ഒരു ചാക്യാരും കൂത്തുചെയ്യില്ല, ഒരു വേഷത്തെ അപമാനിച്ച ആ തിരുമനസ്സു മാപ്പു പറഞ്ഞാല്‍ത്തന്നെ ഈ ശ്രീരാമങ്കല്‍ ഇനി ഈ കലയെ അപമാനിക്കാന്‍ ഇടവരരുത്', എന്നു പറഞ്ഞുവത്രേ.
തായമ്പക, ഇടയ്ക്ക, പഞ്ചവാദ്യം എന്നീ വാദ്യകലകളുടെ ഈറ്റില്ലം കൂടിയാണ് തിരുവില്വാമല. തായമ്പകക്ക് ഒരു പുതിയമാനം ഉണ്ടാക്കിയ കൊളന്തസ്സാമി (ഘടം വില്വാദ്രിയുടെ ജ്യേഷ്ഠന്‍) തിരുവില്വാമലയില്‍ ജനിച്ച ആളാണ്. തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രത്തിനു അടുത്തായി പ്രവര്‍ത്തിക്കുന്ന വെങ്കിച്ചന്‍സ്വാമി സ്മാരക കലാകേന്ദ്രത്തില്‍ ചെണ്ട, മദ്ദളം, തിമില എന്നീ വാദ്യോപകരണങ്ങള്‍ അഭ്യസിപ്പിക്കുന്നുണ്ട്. തായമ്പകക്ക് ഇന്നു കാണുന്ന രീതിയില്‍ അടുക്കുംചിട്ടയും വരുത്തിയത് തിരുവില്വാംമല കൊളന്ത സ്വാമിയായിരുന്നു. കഥകളിക്കും പഞ്ചവാദ്യത്തിനും ഇന്ന് കാണുന്ന ചിട്ടയൊരിക്കിയതും തിരുവില്വാംമല വെങ്കിച്ചന്‍ സ്വാമിയും.സംഗീതം ഇവര്‍ക്ക് രക്തത്തില്‍ അലിഞ്ഞ്‌ചെര്‍ന്നതായിരുന്നു.അതിനാല്‍തന്നെ ഈ സംഗീതം അവര്‍ കൊട്ടിലാണ് പ്രാവര്‍ത്തികമാക്കിയത്.
തിരുവില്വാമല കൊളന്തസ്വാമിയുടെ മേളത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ശിഷ്യര്‍ ചൂണ്ടികാണിക്കുന്നതിനെ കുറിച്ച് കലാനിരൂപകന്‍ എന്‍. പി. വിജയകൃഷ്ണന്‍ വരച്ച് കാണിക്കുന്നതിങ്ങനെയാണ്. അടന്തക്കൂറില്‍ അദ്ദേഹം വൈവിദ്ധ്യമുള്ള എണ്ണങ്ങള്‍ കൊട്ടിയിരുന്നു. മിശ്രചായ്പ് താളത്തില്‍ വിചാരിക്കുന്നതെന്തും കൊട്ടിനിറക്കാനുള്ള കഴിവ് അസാദ്ധ്യം തന്നെ. വൃത്തിയായി തുടങ്ങി അതിലും വൃത്തിയായി അവസാനിക്കും.പഞ്ചവാദ്യത്തില്‍ ഇന്ന് കാണുന്ന സമ്പ്രദായത്തിന് കടപ്പാട് തിരുവില്വാമല വെങ്കിടേശ്വരന്‍ എന്ന വെങ്കിച്ചന്‍ സ്വാമിയോടാണ്. കഥകളി മേളത്തിനും പഞ്ചവാദ്യത്തിനും തന്റെ വിരല്‍പ്പെരുക്കത്തിലൂടെ വെങ്കിച്ചന്‍ പുതുമ തീര്‍ത്തു.
കര്‍ണ്ണാടക സംഗീതത്തിലും വാദ്യകലയിലും നേടിയ വിജ്ഞാനവും പരിചയ സമ്പത്തും വാസനവൈഭവമുമാണ് വെങ്കിച്ചന് ആധൂനിക പഞ്ചവാദ്യത്തിന്റെ ജനയിതാവാക്കിയത്. കഴുത്തില്‍ കെട്ടിതൂക്കുന്ന തൊപ്പി മദ്ദളം, തിമില, ചേങ്ങില,കുറുംകുഴല്‍, ശംഖ് എന്നീ ഉപകരണങ്ങള്‍ പ്രയോഗിച്ചുവന്ന പഴഞ്ചന്‍ രീതിയിലുള്ള പഞ്ചവാദ്യത്തെ കൂടുതല്‍ കേഴ്‌വി സുഖമുള്ളതാക്കുകയായിരുന്നു വെങ്കിച്ച സ്വാമി. തൊപ്പി മദ്ദളത്തിന് പകരം അരയില്‍കെട്ടിതൂക്കുന്ന ശുദ്ധമദ്ധളവും ചേങ്ങിലയ്ക്കുപകരം ഇലത്താളവും കൂഴുംകുഴലിനു പകരം കൊമ്പും പഞ്ചവാദ്യത്തിന് ഉപകരണങ്ങളാക്കാന്‍ മുന്‍കൈയ്യെടുത്തത്ത് വെങ്കിച്ചന്‍ സ്വാമിയായിരുന്നു.
ഈ മാറ്റങ്ങള്‍ വരുത്തുന്നതിന് വെങ്കിച്ചനുമായി സഹകരിച്ച് പ്രവര്‍ത്തിച്ചത് അന്നത്തെ മദ്ദളവാദ്യക്കാരായ വെള്ളറ്റാഞ്ഞൂര്‍ രാമന്‍ നമ്പീശന്‍, വൈലത്തൂര്‍ മാധവന്‍ നായര്‍, ഒറേപ്പുറത്ത് മാധവവാര്യര്‍ എന്നിവരും തിമിലവാദ്യക്കാരായ ചെങ്ങമനാട് ശേഖരക്കുറുപ്പ്, അന്നമനടഅച്യുതമാരാര്‍, പരമേശ്വരമാരാര്‍ എന്നിവരുമായിരുന്നു. പുതിയ ശൈലിയിലുള്ള പഞ്ചവാദ്യം പരീക്ഷണമായി ആദ്യം പ്രയോഗിച്ചത് തൃശ്ശൂര്‍പൂരത്തിന്റെ മഠത്തില്‍ വരവിനായിരുന്നു എന്ന് ചരിത്രം. രണോ മൂന്നോ നാലോ വ്യത്യസ്ത വാദ്യങ്ങള്‍ ഒരുമിച്ച് ഓരോതാളവട്ടവും കൊട്ടി, ഒടുവില്‍ എല്ലാ വാദ്യക്കാരും ഒരുമിച്ചു കൊട്ടി മേളം ആകെ കൊഴുപ്പിച്ച് ആസ്വാദകരെ കൂടുതല്‍ ആവേശഭരിതരാക്കുതായിരുന്നു പുതിയ സമ്പ്രദായം.
കര്‍ണാടക സംഗീതത്തിലെ തനിയാവര്‍ത്തന ശൈലി വെങ്കിച്ചന്‍ പഞ്ചവാദ്യത്തിലേക്ക് പകര്‍ത്തുകയായിരുന്നുവെന്ന് നിരൂപകര്‍ പറയുന്നു.ഗുരുനാഥന്‍ കൂടിയായ അമ്മാവന്‍ തിരുവില്വാമല ചിന്നപട്ടരില്‍ നിന്ന് ചിട്ടയായി മദ്ദളം കൊട്ടാന്‍ പഠിച്ച വെങ്കിച്ചന്‍ പിന്നീട് കൊട്ടുന്നിവവര്‍ക്കായി അത് ചിട്ടപ്പെടുത്തി . ഉയര്‍ന്ന ചിന്തയുള്ള ആളായിരുന്നു വെങ്കിച്ചന്‍സ്വാമി. കഴുത്തില്‍ വിലങ്ങനെയിട്ടായിരുന്നു വെങ്കിച്ചനു മുമ്പ് മദ്ദളം കോട്ടിയിരുന്നത്.എന്നാല്‍, കാണാനും കേള്‍ക്കാനും പ്രയോഗിക്കാനും ഭംഗി മദ്ദളം അരയിലിട്ടു് കൊട്ടുന്നതാണെന്ന് സ്വാമി പ്രവര്‍ത്തിച്ചു തെളിയിച്ചു.പഞ്ചവാദ്യത്തില്‍ തിമിലയുമായി ഇണങ്ങിയും താളവട്ടങ്ങളില്‍ ഒറ്റക്കും മദ്ദളത്തിന്റെ വേറിട്ട സ്വരം കേള്‍പ്പിക്കാന്‍ വിഷമമില്ലെ്ന്ന അദ്ദേഹം കണ്ടെത്തി.
തിമിലയില്‍ അമനട അച്ഛുതമാരാരും പീതാംബരമാരാരും വെങ്കിച്ചന്റെ കണക്കുകള്‍ ഘടകക്രിയ ചെയ്ത് അവതരിപ്പിച്ചു. അതിന്റെ ഉത്തരം കൂടിയാണ് ഇന്നത്തെ പഞ്ചവാദ്യശൈലി. 896 അക്ഷരകാലത്തിന്റെ സൗന്ദര്യം തിമിലയില്‍ തുടക്കം മദ്ദളത്തില്‍ പെരുക്കം, കൂട്ടിക്കൊട്ടി്,കാലങ്ങളുടെ ആരോഹണക്രമം, ദ്രുത പ്രയോഗം,ഇന്നത്തെ പഞ്ചവാദ്യശൈലി എന്നിവ വെങ്കിച്ചന്റെ തുടര്‍ച്ചയാണ്. തന്റെ പ്രയോഗവിശേഷം കൊണ്ട് കഥകളിമേളത്തിന്റെ മുഖച്ഛായതന്നെ വെങ്കിച്ചന്‍ മാറ്റിയെഴുതി.
സുബ്രമണ്യപ്പട്ടരും വെങ്കിച്ചനും ചേര്‍ന്ന് കത്തിയുടെ തിരനോക്ക്, പതിഞ്ഞ പദം തുടങ്ങിയ രംഗങ്ങളില്‍ ചെണ്ട-മദ്ദളങ്ങളുടെ പ്രയോഗവിശേഷങ്ങള്‍ പരിഷ്‌കരിച്ചു. മൂത്തമന നമ്പൂതിരിയുമായി ചേര്‍ന്ന് മദ്ദളത്തിന്റെ കൈകളും ചെണ്ടയുടെ എണ്ണങ്ങളും ഇടഞ്ഞുകൊണ്ട് പ്രയോഗിച്ചുള്ള പുതിയ ശബ്ദാനുഭവം വെങ്കിച്ചന്‍ സൃഷ്ടിച്ചു. കാവുങ്കല്‍ ശങ്കരപണിക്കരുടെ ഭ്രഷട് നീങ്ങിയ കൊല്ലങ്കോട് കൊട്ടാരത്തിലെ കഥകളിയുടെ സൂത്രധാരന്‍ വെങ്കിച്ചന്‍ സ്വാമിയായിരുന്നുവെന്ന് കഥകളിരംഗത്തില്‍ കെ.പി.എസ്. മേനോന്‍ എഴുതിവെച്ചിട്ടുണ്ട്.
തന്റെ ജീവിതം മുഴുവന്‍ മദ്ദളത്തിന്റെ മേളത്തിന് മാറ്റിവെച്ച പ്രതിഭയായിരുന്നു തിരുവില്വാമല വെങ്കിച്ചന്‍ സ്വാമി. മാധവവാര്യര്‍, ഞെരളത്ത് കൃഷ്ണന്‍കുട്ടി നമ്പീശന്‍, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍ തുടങ്ങിയവരെല്ലാം വെങ്കിച്ചന്‍ പെരുമ നിലനിര്‍ത്തിയ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായിരുന്നു. കേരളത്തിന്റെ തനതു വാദ്യകലകളില്‍ ഏറ്റവുമധികം പ്രസിദ്ധമായതു പഞ്ചവാദ്യമാണ്. പൂരങ്ങള്‍ക്കും വേലകള്‍ക്കും മറ്റു ക്ഷേത്രാത്സവങ്ങള്‍ക്കും പഞ്ചവാദ്യം ഗാംഭീര്യമേകുന്നു. തിമില, മദ്ദളം, ഇടയ്ക്ക, കൊമ്പ്, ഇലത്താളം എന്നീ വാദ്യങ്ങളാണ് ഈ കലാരൂപത്തില്‍ ഉപയോഗിക്കുന്നത്. ഓടക്കുഴല്‍, മൃദംഗം, കുഴല്‍ എന്നിവയും ഉപയോഗിക്കുന്ന പഞ്ചവാദ്യമേളങ്ങളും അപൂര്‍വ്വമല്ല.
തതം ച വിതതം ചൈവ
ഘനം സുഷിര മേവ വ
ഗാനമാനന്ദ നൃത്തം ച
പഞ്ചവാദ്യ പ്രവീണിത
എന്നിങ്ങനെയാണ് പഞ്ചവാദ്യത്തിന്റെ നിര്‍വചനം. തതം, വിതതം, ഘനം, സുഷിരം എന്നീ വാദ്യഘോഷങ്ങള്‍ (ഈ സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു വാദ്യോപകരണങ്ങള്‍) ഉപയോഗിക്കണമെന്നാണ് പ്രമാണം. അഞ്ചുതരം വാദ്യോപകരണങ്ങള്‍ പഴയ പതിവനുസരിച്ച് ചെണ്ട, കുറുംകുഴല്‍, തിമില, ഇടയ്ക്ക, ഢമനം എന്നിവയാണ്. ഇതിനു പുറമേ വീണ, വേണു, മൃദംഗം, ശംഖ്, പടഹങ്ങള്‍ എന്നിവയും പഞ്ചവാദ്യമായി നിര്‍വചിച്ചു കാണുന്നു. ഇന്ന് പഞ്ചവാദ്യമേളത്തിന് ഉപയോഗിക്കുന്ന വാദ്യങ്ങള്‍ അഞ്ചിലധികമുണ്ട്.
ഇടയ്ക്ക, തിമില, മദ്ദളം എന്നിവ എല്ലാ പഞ്ചവാദ്യമേളങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. ഈ മൂന്നു വാദ്യങ്ങള്‍ക്കുപുറമേ ശംഖും ഇലത്താളവും അല്ലെങ്കില്‍ കൊമ്പും ഇലത്താളവും ചിലയിടങ്ങളില്‍ ഉപയോഗിച്ചുവരുന്നു. തിമില, മദ്ദളം, ഇടയ്ക്ക എന്നിവ ചര്‍മ്മവാദ്യങ്ങളാണ്. കൊമ്പ്, ശംഖ് എന്നിവ സുഷിരവാദ്യങ്ങളും, ഇലത്താളം ഘനവാദ്യവുമാണ്.
ആറു വ്യത്യസ്തനാദങ്ങള്‍ കൂടിച്ചേര്‍ന്നു സൃഷ്ടിക്കുന്ന നാദപ്രപഞ്ചമാണ് ഈ കലാരൂപത്തിന്റെ കാതല്‍. പഞ്ചവാദ്യത്തില്‍ കലാകാരന്‍മാരുടെ എണ്ണത്തിന് പ്രത്യേകപരിധിയില്ല. എന്നാല്‍ വാദ്യോപകരണങ്ങള്‍ എത്രവേണം എന്നതിന് ചില കണക്കുകളുണ്ട്. മദ്ദളത്തിന്റെ എണ്ണത്തിന്റെ ഇരട്ടിയില്‍ ഒന്നു കൂടുതല്‍ തിമിലയും തിമിലയുടെ അത്ര തന്നെ കൊമ്പും, അത്രതന്നെ ഇലത്താളവും വേണം. ചെറിയ പഞ്ചവാദ്യങ്ങള്‍ക്ക് ഒന്നും വലിയ പഞ്ചവാദ്യങ്ങള്‍ക്ക് രണ്ടും ഇടയ്ക്കയുമാവാം എത്രയായാലും ശംഖ് ഒന്നു മതി.
അപൂര്‍വമായി വലിയ പഞ്ചവാദ്യങ്ങളില്‍ ഒന്നിലധികം ശംഖ് കാണാറുണ്ട്. ഏറ്റവും ചെറിയ ഒരു പഞ്ചവാദ്യത്തിന് 3 തിമില, 1 മദ്ദളം, 1 ഇടയ്ക്ക, 2 ഇലത്താളം 2 കൊമ്പ്, 1 ശംഖ് ഇത്രയെങ്കിലും വേണം. എല്ലാ ഇനങ്ങളും ഓരോന്നേ ഉളളുവെങ്കിലും പഞ്ചവാദ്യത്തിന്റെ ഒരു പരിഛേദം കാണിക്കാം. അതില്‍ത്തന്നെ ശംഖിന് പകരം കൊമ്പ് ഉപയോഗിക്കാം. ശരാശരി വലിയ മേളത്തിന് 15 തിമില, 7 മദ്ദളം, 2 ഇടയ്ക്ക, 15 ഇലത്താളം, 15 കൊമ്പ്, 1 ശംഖ് എന്ന ചേരുവ ഉപയോഗിച്ചുവരുന്നുണ്ട്.
തിമിലക്കാരും, മദ്ദളക്കാരും, മുഖാമുഖമായി നിന്നാണ് പഞ്ചവാദ്യം അവതരിപ്പിക്കുന്നത് തിമിലയിലെ പ്രമാണി തിമിലക്കാരുടെ നടുവിലും മദ്ദളത്തിലെ പ്രമാണി അവരുടെ നടുവിലും നില്‍ക്കുന്നു. തിമിലക്കാരുടെ പുറകില്‍ ഇലത്താളക്കാരും മദ്ദളക്കാരുടെ പുറകില്‍ കൊമ്പുകാരും നില്‍ക്കുന്നു. വലത് ഭാഗത്തുനില്‍ക്കുന്ന ഇടയ്ക്കക്കാരന്റെ വലതുഭാഗത്താണ് ശംഖുകാരന്റെ സ്ഥാനം. ഇതു പരമ്പരാഗതമായ ചിട്ടയാണ്. പഞ്ചവാദ്യം സ്റ്റേജില്‍ അവതരിപ്പിക്കുമ്പോഴോ ഘോഷയാത്രാമേളമായി ഉപയോഗിക്കുമ്പോഴോ ഒക്കെ ഈ സ്ഥാനക്രമം മാറുന്നു. എല്ലാവരും ഒറ്റ വരിയായി നീങ്ങുന്ന കാഴ്ച അപൂര്‍വ്വമല്ല.
പഞ്ചവാദ്യത്തിന്റെ ആദിമചരിത്രം അവ്യക്തമാണ്. പണ്ടുകാലത്ത് മരം, തൊപ്പിമദ്ദളം, കുറുംകുഴല്‍, ചേങ്ങില എന്നിവയായിരുന്നത്രേ പ്രധാനവാദ്യങ്ങള്‍. ഇന്നത്തെ എറണാകുളം ജില്ലയിലാണ്. ഈ കലാരൂപം ഉണ്ടായതെന്നാണ് അനുമാനം. രാമമംഗലം, പെരുമ്പള്ളി, കീഴില്ലം, ചോറ്റാനിക്കര, ചേരാനല്ലൂര്‍, കാലടി, നായത്തോട്, ചെങ്ങമനാട് തുടങ്ങിയ സ്ഥലങ്ങളില്‍ ധാരാളം തിമിലവാദകര്‍ ഉണ്ടായിരുന്നു. പിന്നീട് ഇത് തൃശൂര്‍, പാലക്കാട് ജില്ലകളിലേയ്ക്കു വ്യാപിച്ചു. 1920 കളില്‍ മദ്ദളവിദ്വാന്‍ തിരുവില്വാമല വെങ്കിടേശ്വര അയ്യര്‍ (വെങ്കിച്ചന്‍ സ്വാമി). പഞ്ചവാദ്യവിദഗ്ധന്‍ അന്നമട അച്യുതമാരാര്‍, തിമിലവിദ്വാന്‍ ചെങ്ങമനാട് ശേഖരക്കുറുപ്പ് എന്നിവര്‍ പരിഷ്‌കരണനടപടികള്‍ക്ക് തുടക്കമിട്ടു.
1920 - 1930 കാലത്ത് തൃശൂര്‍പൂരത്തിന്റെ മഠത്തില്‍ വരവില്‍ വെങ്കിച്ചന്‍സ്വാമി മദ്ദളം അരയില്‍ കെട്ടി (പണ്ട് മദ്ദളം കഴുത്തില്‍ തൂക്കിയിട്ടാണ് വായിച്ചിരുന്നത്) വായിച്ചത് യാഥാസ്ഥിതികരെ അമ്പരപ്പിച്ചു. എതിര്‍പ്പ് ഏറെയുണ്ടെയെങ്കിലും പിന്നീട് ഈ രീതി അംഗീകരിക്കപ്പെട്ടു. ക്രമേണ നിരന്തരം ഖണ്ഡവിഭജനത്തിലും ത്രിപുടയിലും തിമില തുടച്ചിലിലും (കലാശം) ഒക്കെ പരിഷ്‌കാരങ്ങളുണ്ടായി. പലപ്പോഴും ഉപകരണങ്ങള്‍ വരെ മാറ്റി പരീക്ഷണങ്ങളുണ്ടായി. കൂടുതല്‍ പ്രതിഭാശാലികള്‍ രംഗത്തു വന്നതോടെ ക്ഷേത്രകല എന്ന വ്യക്തിത്വം ഉപേക്ഷിച്ച് സര്‍വ്വാംഗീകാരമുളള ഒരു കലാരൂപമായി പഞ്ചവാദ്യം വികസിച്ചു.
Content Highlights: Cultural history of Thiruvilwamala: Vazhiyadayalangal by G Venugopal
Published: 22 Nov 2024, 09:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented