
മനുഷമനസ്സുകളില് നിറയുന്ന വലിയ ബിംബമാണ് ആനകള്‍. എത്രയെത്ര ആനകളും ആനക്കഥകളുമാണ് ഇന്നും നമ്മുടെയൊക്കെ മനസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. രൗദ്രസൗന്ദര്യത്തിന്റെ കടലെന്നപോലെ ആസ്വാദനമേകുന്ന വിധമാണ് ഗജവിരന്മാരുടെ കാര്യവും. സുപ്രസിദ്ധിയും കുപ്രസിദ്ധിയും നേടിയ ആനകള്‍.
നാട്ടുവര്‍ത്തമാനങ്ങളില്‍ പോലും ആനച്ചൂരും ആനക്കഥകളും വലിച്ചുകൊണ്ടുവരുന്നവരാണ് കേരളീയര്‍. എത്രയെത്ര ആനകളാണ് നമ്മുടെ മുന്നിലൂടെ തന്റെ ജീവിതക്കാലത്തെ അറിയിച്ച് കടന്നുപോയിരിക്കുന്നത്. തിടമ്പേറ്റാനുള്ള ആനകളുടെ മത്സരത്തില്‍ തല കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രതാപിയായ കീരണാട്ട് കേശവന്‍, മന്നാടിയാരുടെ ശാന്തഗംഭീരനായ ആന, സാത്വികനായ കൂടലാറ്റുപുറം, ഗജസൗന്ദര്യത്തില്‍ കേമനായ പനമന, കൂടപ്പുഴ മാണിക്യന്‍, പന്തല്‍മാണിക്യന്‍, ചെറിയരവി, വെണ്‍ചാമരം കിട്ടിയാല്‍ താളത്തിനൊത്ത് വീശാന്‍ വൈദഗ്ദ്ധ്യമുള്ള വലിയ രവി.. പട്ടിക അനന്തമാണ്. ഈ ഗജകേസരികളെല്ലാം ഗതകാല സ്മരണകളുണര്‍ത്തുന്നവയാണ്. ഇവരുടെ ഇടയിലാണ് വേറിട്ട ആ ആനക്കഥ ഉള്ളത്.
പുരാണപ്രസിദ്ധമാണ് തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം. ക്ഷേത്രത്തിന്റെ കൊടിമരത്തോടു ചേര്‍ന്നുള്ള വലിയ വിളക്കിനു കീഴില്‍ ഒരു ചങ്ങല കിടപ്പുണ്ട്. ഒരു ഒന്നൊന്നര ചങ്ങല. ആനയ്ക്കും മനുഷ്യനുമിടയിലെ കാലുഷ്യത്തിന്റെ ഓര്‍മകള്‍ ജ്വലിപ്പിച്ച് അതവിടെ കിടക്കാന്‍ തുടങ്ങിയിട്ട്് പതിറ്റാണ്ടുകള്‍ ഏറെയായി. ക്ഷേത്രത്തിലെത്തുവര്‍ക്ക് വലിയ വിസ്മയമാണ് ഈ ചങ്ങല. സാക്ഷാല്‍ ആനച്ചങ്ങല.
ആനച്ചങ്ങലകള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, ഇതുപോലൊരെണ്ണം കിണ്ടിട്ടുണ്ടാവില്ല. സാധാരണ ആനച്ചങ്ങലയുടെ അഞ്ചിരട്ടി വലിപ്പമുണ്ട് ഈ ആന ചങ്ങലയ്ക്ക്. ഇത്തരമൊരു ചങ്ങലയില്‍ ഒരു ആനയെ തളയ്ക്കണമെങ്കില്‍ ആ ആന സാധാരണ ആന ആയിരിക്കില്ല. ശരിയാണ്. ഈ ചങ്ങലയില്‍ തളച്ചത് വെറുമൊരു കൊമ്പനെ ആയിരുന്നില്ല. ഒരു കൊലക്കൊമ്പനെ തന്നെയായിരുന്നു. സാക്ഷാല്‍, കവളപ്പാറ കൊമ്പനെ. ആ ചങ്ങലയില്‍ കവളപ്പാറകൊമ്പനെ തളച്ചിട്ട് 2024 മാര്‍ച്ച് നാലിന് 100 വര്‍ഷമായി. 1099 കുംഭം 20 തിങ്കളാഴ്ചയാണ് തന്റെ അവസാനത്തെ കൊലയും പുലകുളിയും നടത്തിയ കവളപ്പാറയെ ഈ ചങ്ങലയില്‍ തളച്ചതും പിന്നീട് ആ ചങ്ങലയില്‍ തന്നെ കിടന്ന് കൊമ്പന്‍ പരലോകം പൂകിയതും. ആരോ കുറിച്ചുവെച്ചു, ആരൊക്കെയോ പാടി, നാവില്‍ നിന്ന് നാവിലേക്ക് പടര്‍ന്ന് നാടോടിപ്പാട്ടായി മാറിയതാണ് കവളപ്പാറ കൊമ്പന്റെ ജീവിതകഥ. തിരുവഞ്ചിക്കുളം മുതല്‍ വടക്കോട്ട് ആനക്കമ്പക്കാരുടെ ചുണ്ടുകളില്‍ ഇപ്പോഴുമുണ്ട് കവളപ്പാറ കൊമ്പന്റെ ചരിത്രം.
കൊലയാനയെങ്കിലും കവളപ്പാറ ആനക്ക്
പുലകുളിയേറ്റവും ചിട്ടയാണേ.
കൊന്നാലുടന്‍ ചെന്ന് തണ്ണിയില്‍ മുങ്ങുക
എന്നും പതിവാണി ദുഷ്ടപാപി
ഒരു ആനയ്ക്കുവേണ്ടി ഒരു ഖണ്ഡകാവ്യം തന്നെ ഉണ്ടായെങ്കില്‍ അത് കവളപ്പാറകൊമ്പനു വേണ്ടിയായിരുന്നു. മദപ്പാടില്‍ കൊലവിളി നടത്തിയ കവളപ്പാറക്കൊമ്പനെ മാസങ്ങളോളം ബന്ധിച്ചിരുന്നത് ഈ ചങ്ങലയിലാണ്. എന്നാല്‍, ഈ ചങ്ങല കൂടല്‍മാണിക്യത്തിലെ തന്നെ മറ്റൊരു ആനയായിരുന്ന വലിയ രവിയെ തളയ്ക്കാന്‍ ഉപയോഗിച്ചിരുന്നതാണെന്നും കവളപ്പാറയ്ക്ക് മദമിളകിയപ്പോഴാണ് ഈ ചങ്ങലയില്‍ ബന്ധിച്ചതെന്നും പറയപ്പെടുന്നു. കഥ എന്തായാലും ആനകളിലെ സ്റ്റാറായിരുന്നു കവളപ്പാറക്കൊമ്പന്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലാണ് കവളപ്പാറ ആന ജീവിച്ചിരുന്നത്. ചരിത്രപരമായി കൃത്യമായ ഒരു രേഖപ്പെടുത്തല്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഇതിനാല്‍ തന്നെ വാമൊഴിയായാണ് കവളപ്പാറയുടെ കഥ പ്രചരിച്ചത്. ഗജപോക്കിരി എന്ന വാക്കിന്റെ ശരിയായ അര്‍ഥമായിരുന്നു കവളപ്പാറ കൊമ്പന്‍.
സഹ്യപര്‍വ്വത നിരകളില്‍ ഒരുക്കിയ വാരിക്കുഴികളിലൊന്നില്‍ വീണുകിട്ടിയ ആനക്കുട്ടി മണ്ണാര്‍ക്കാട് പ്രഭു കുടുംബമായിരുന്ന കവളപ്പാറ നായരുടെ വീട്ടിലേക്ക് എത്തിച്ചേരുകയായിരുന്നു. ഉഗ്രപ്രതാപിയായിരുന്നു കവളപ്പാറ നായര്‍. ഈ പ്രഭുകുടുംബത്തിന്റെ നടുമുറ്റത്ത് വാള്‍ത്തലകളുടെ തിളക്കവും യുദ്ധമുറകളുടെ വായ്ത്താരികളും കേട്ടാണ് കവളപ്പാറ കൊമ്പന്‍ വളര്‍ന്നത്. അതിനാല്‍ തന്നെ കൊമ്പന്റെ സ്വഭാവത്തിലും അല്പം ഉശിര് കൂടും. വിശാലമായ തറവാട്ടുപറമ്പില്‍ ചങ്ങലയ്ക്കിടാതെയാണ് ആദ്യം കൊമ്പനെ വളര്‍ത്തിയത്. എന്നാല്‍ പറമ്പിലെ തെങ്ങുകള്‍ കുത്തിമറിച്ചിട്ടാണ് കവളപ്പാറ തന്റെ കരുത്തിന്റെ ആദ്യ സാന്നിദ്ധ്യമറിയിച്ചത്.
എട്ട് കൊമ്പനാനകളുടെ കരുത്ത് ഒരു ഗജശരീരത്തില്‍ ഉറഞ്ഞുകൂടിയ കവളപ്പാറ കൊമ്പന് ഏത് നെടുങ്കോട്ടയും തകര്‍ക്കുന്ന കൂര്‍ത്തു വളഞ്ഞ കൊമ്പുകളും നിലം മുട്ടി ചുരികപ്പോലെ വശങ്ങളിലേക്ക് തൊടുന്ന തുമ്പികൈയ്യും ഉണ്ടായിരുന്നു. ഗജരാജന്റെ കരുത്തിനെ ആദ്യമായി ചങ്ങലയ്ക്കിടാന്‍ കവളപ്പാറ നായര്‍ തീരുമാനിച്ചു. അങ്ങനെ കൊമ്പന്‍ മറ്റ് ആനകളെപ്പോലെ ചങ്ങലയില്‍ തളയ്ക്കപ്പെട്ടു. ഈ സമയത്താണ് കവളപ്പാറ തറവാട്ടിലെ കുട്ടികള്‍ക്ക് അഭ്യാസമുറകള്‍ ചൊല്ലിക്കൊടുക്കാന്‍ എത്തിയ കേളു നമ്പ്യാര്‍ എന്ന അഭ്യാസി കവളപ്പാറ കൊമ്പനെ ചട്ടം പഠിപ്പിക്കാന്‍ തീരുമാനിച്ചത്. വടിയില്‍ ഒതുങ്ങാത്ത ആനയെ നാട്ടില്‍ വളര്‍ത്താന്‍ കഴിയില്ല. ആനക്കൊമ്പില്‍ ഒരു കാലത്തും മനുഷ്യചോര പുരളരുത്.
കൂടുതൽ പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.
എഴുന്നള്ളിക്കുമ്പോള്‍ അത് ഈശ്വരന്‍മാര്‍ക്ക് പിടിക്കില്ല. ഇതായിരുന്നു കേളുനമ്പ്യാരുടെ വാദം.
തുടര്‍ന്ന് ചൂരല്‍ച്ചൂടില്‍ കേളുനമ്പ്യാര്‍ കൊമ്പനെ പരിശീലിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ തന്റെ കരുത്തില്‍ കൂച്ചുചങ്ങലയുടെ കണ്ണി പൊട്ടിച്ച് അലറിയ കൊമ്പന്റെ മുനകൂര്‍ത്ത കൊമ്പില്‍ കേളുനമ്പ്യാരുടെ ചോര കുതിര്‍ന്നു. തുടര്‍ന്ന് കൊമ്പന്‍ തെക്കേ ദിക്കിലെ പായല്‍ മൂടിയ കുളത്തില്‍ ഇറങ്ങി കുളിച്ച് ഒന്നും അറിയാത്തപോലെ കരയ്ക്ക് കയറി. കവളപ്പാറ കൊമ്പന്റെ ആദ്യത്തെ കൊലയും ആദ്യത്തെ പുലകുളിയുമായിരുന്നു അത്. പിന്നീട് ഏതു ദിക്കില്‍ മദിച്ചു കൊല നടത്തിയാലും പുലകുളിക്ക് തീര്‍ഥകുളം തേടുമായിരുന്നു കവളപ്പാറ കൊമ്പന്‍. ഈ കൊമ്പന്റെ സ്വഭാവത്തെക്കുറിച്ചുള്ള പാട്ടുകള്‍ക്കും അതിനാല്‍ കുറവില്ലായിരുന്നു.
കണ്ടാലോ വണ്ണവും പൊണ്ണവുമുണ്ടെടോ
കണ്ടേടം കൊല്ലണം ശീലം കണ്ടാല്‍
പോക്കിരി വേഷത്തിലൂക്കനാണിദേഹം
പോക്കണം കെട്ട പഹയനാണേ
പാര്‍പ്പിടംപോലും തകര്‍ക്കുന്നിച്ചേട്ടയ്ക്ക്
പാപ്പാന്മാര്‍ മൂന്നുപേരുണ്ടുപോലും
ഏക്കത്തിനേല്‍പ്പിക്കാനായിട്ടു ചെന്നാേലാ-
ഇക്കരി തീര്‍ഥത്തിലാണുവാസം
കേളു നമ്പ്യാരുടെ മരണത്തിനുശേഷമാണ് കവളപ്പാറക്കൊമ്പനെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കവളപ്പാറ നായര്‍ നട ഇരുത്തുന്നത്. ഒരു കറുത്തവാവ് ദിവസമായിരുന്നു ക്ഷേത്രത്തിലേക്കുള്ള കൊമ്പന്റെ വരവ്. കവളപ്പാറ കുടുംബക്കാര്‍ മാസംതോറും കുളിച്ചു തൊഴുതിരുന്നത് കൂടല്‍മാണിക്യം ക്ഷേത്രത്തിലായിരുന്നു. നിന്റെ ഭ്രാന്ത് ഇവിടുത്തെ ഈശ്വരന്‍ കുറയ്ക്കട്ടെ. ഇതായിരുന്നു കവളപ്പാറ നായരുടെ പ്രാര്‍ഥന. ആനകളുടെ മനസ്സറിയുന്ന കുഞ്ഞന്‍ നായരായിരുന്നു കൊമ്പന്റെ പാപ്പാന്‍. തിടമ്പേറ്റിയാല്‍ തലയെടുപ്പില്‍ മുമ്പനായ കൊമ്പനോട് ആളുകള്‍ക്കു വാത്സല്യം തോന്നി. എന്നാല്‍, എപ്പോള്‍ വേണമെങ്കിലും കൊലവിളി നടത്താമെന്ന ദുഷ്പേരും കൊമ്പനു ലഭിച്ചു. കവളപ്പാറ കൊമ്പന്റെ കരുത്തും ശക്തിയും ദേശമെമ്പാടും കഥകളായി പരന്നു. ഇത് സുപ്രസിദ്ധിയാണോ കുപ്രസിദ്ധിയാണോ എന്നു മാത്രം സംശയം. കരുത്തരുടെ കഥകളില്‍ അവന്‍ മുഖ്യകഥാപാത്രമായി.
പന്തിയില്‍ തെന്നയുള്ള ആനകളെ കുത്തുന്ന സ്വഭാവം ഉള്ളതുകൈാണ്ട് പന്തിയില്‍ കുത്തി എന്ന പേരും കവളപ്പാറ കൊമ്പനുണ്ടായിരുന്നു. ആരെ കൊന്നാലും അടുത്തുള്ള തീര്‍ഥക്കുളത്തില്‍ കുളിച്ചു കയറിയിരുന്നു. കൊമ്പന്‍ ഒന്നല്ല ഇരുപത്തിയൊന്നു വട്ടമാണ് പുല കുളിച്ചത്. വര്‍ഷങ്ങളൊളം ഒപ്പം നിന്ന പാപ്പാന്‍ കുഞ്ഞന്‍ നായരായിരുന്നു കവളപ്പാറ കൊമ്പന്റെ അവസാന ഇര. കൊല്ലവര്‍ഷം 1099 കുംഭം 20 തിങ്കളാഴ്ചയാണ് തന്റെ അവസാനത്തെ കൊല കവളപ്പാറ നടത്തിയത്. അന്ന് കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം.
ഒന്‍പത് ആനകളുടെ എഴുന്നെള്ളിപ്പ്. തിടമ്പെഴുന്നെള്ളിക്കാന്‍ നിയോഗം കവളപ്പാറ കൊമ്പന്. എഴുന്നെള്ളത്തിനുള്ള ആയിരം വെടികള്‍ മുഴങ്ങിയപ്പോള്‍ സഹ പാപ്പാന്‍മാരേ കൊമ്പന്‍ ഓടിച്ചു വിട്ടു. ചെവിപ്പുറത്തു വെച്ചിരുന്ന കുന്തവും തള്ളി താഴെയിട്ടു. എഴുെന്നള്ളത്തു സമയമായപ്പോള്‍ ഇടഞ്ഞു നിന്നു. കൊമ്പനെ ഒരു മകനെപ്പോലെ നോക്കുന്ന തന്നെ കൊമ്പന്‍ കൊല്ലുമെന്ന് ഒരിക്കലും കുഞ്ഞന്‍നായര്‍ നിരീച്ചിരുന്നില്ല. സഹപാപ്പാന്‍മാര്‍ വന്ന് കവളപ്പാറ ഇടഞ്ഞെന്നു പറഞ്ഞപ്പോള്‍ കുഞ്ഞന്‍നായര്‍ ശിവനെ പ്രാര്‍ഥിച്ചത് ഇങ്ങനെയാണ്.
വാരണത്തെച്ചെന്ന് നേരെയാക്കീടുവാന്‍
പാരം തുണയ്ക്കാന്‍ നീ ചാരുശീല
മര്‍ത്യനെ കൊന്നു തയമ്പുപിടിച്ചുള്ള
മത്തേഭനിന്നു മദിച്ചിടല്ലേ
കുട്ടികളഞ്ചുണ്ടിപാപിക്കുദൈവമേ
കഷ്ടതയൊന്നും ഭവിച്ചീടല്ലേ
ചോറിനുവേണ്ടിയീ ജോലി നോക്കുന്നു ഞാന്‍
വേറെ വഴിയൊന്നുമില്ലിവനും
മുപ്പതുകൊല്ലമായിപ്പണിനോക്കുന്നു.
ഇപ്പോഴെന്‍ ചോറിനുഭംഗമായോ
വമ്പനാം കൊമ്പന്റെ ഹുങ്കുകള്‍ മാറ്റുമാ
നമ്പി തുണയ്ക്കണേ ശംഭോശിവ
എന്നാല്‍, ആനയുടെ അടുത്തേക്കു ചെന്ന കുഞ്ഞനെ ഈ പ്രാര്‍ഥന തുണച്ചില്ല. അടുത്തേക്കു വന്ന കൊമ്പന്‍ തുമ്പിക്കൈകൊണ്ട് പ്രഹരിച്ചു. പ്രഹരമേറ്റു നിലത്തു പതിഞ്ഞ കുഞ്ഞന്റെ നെഞ്ചിലേക്ക് കൊമ്പ് കുത്തിക്കയറ്റി. കുഞ്ഞനെ കൊമ്പില്‍ച്ചേര്‍ത്തു കവളപ്പാറ. നിമിഷങ്ങള്‍ക്കകം തന്നെ ആ കൊച്ചുമനുഷ്യന്‍ കൊല്ലപ്പെട്ടു. പിന്നെ കണ്ടതൊക്കെ തകര്‍ത്ത് മുന്നോട്ട്. ഇതിനിടയ്ക്ക് മദിച്ച കൊമ്പനെ നാലുപാടുനിന്നും ജനങ്ങള്‍ കല്ലെറിഞ്ഞു. കൊലചെയ്ത ശേഷം അടുത്തു കണ്ട കുളത്തില്‍ പുലകുളി നടത്തി. തുടര്‍ന്നു ഇരിങ്ങാലക്കുടയിലേക്കു മടക്കയാത്ര. വഴികളില്‍ ജനങ്ങളുടെ കല്ലേറുകള്‍. ഒരു അവസാനത്തിന്റെ ആരംഭമായിരുന്നു അത്. കൂടല്‍മാണിക്യത്തില്‍ തിരിച്ചെത്തി ശാന്തനായ കൊമ്പനെ മറ്റു പാപ്പാന്മാര്‍ വലിയ ആനച്ചങ്ങലയില്‍ തളച്ചു. കീഴടക്കപ്പെട്ടു വലിയ ചങ്ങലയാല്‍ തളക്കപ്പെട്ട കൊമ്പന്‍ പിന്നീട് ഒരിക്കലും അതില്‍ നിന്നു മോചിതനായില്ല. ഒരാളും അവനെ അഴിക്കാന്‍ ധൈര്യപ്പെട്ടില്ല എന്നതാണു സത്യം.
ജനക്കൂട്ടത്തിന്റെ രോഷം മുഴുവന്‍ കല്ലേറുകളായി ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടത് ശരീരത്ത് വലിയ വൃണങ്ങളായി. ഇത് പഴുത്തു പൊട്ടി. ചങ്ങലകള്‍ സൃഷ്ടിച്ച മുറിവുകളും വൃണങ്ങളായി മാംസത്തിലേക്കിറങ്ങി. എന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ദുരിതപൂര്‍ണമായ എട്ടു മാസത്തിനുശേഷം ചങ്ങലയില്‍ കിടന്നുതന്നെ കവളപ്പാറ കൊമ്പന്‍ ചരിഞ്ഞു.
മനുഷ്യന്റെ അതീശത്വത്തിനു വഴങ്ങാന്‍ വിസമ്മതിച്ച് ഒരു ആയുസിന്റെ കാലം മുഴുവന്‍ കലാപം നടത്തിയ ആ സഹ്യന്റെ മകന്റെ ഓര്‍മ ഒരു ചങ്ങലയില്‍ ഒതുങ്ങുന്നു. കാണുന്നവര്‍ക്ക് ഇപ്പോഴും വിസ്മയമായി ആ ചങ്ങല ഇന്നും കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുണ്ട്. 21-ആം നൂറ്റാണ്ടിലേയ്ക്ക് കടന്നപ്പോഴും ഇത്രയും വലിയ ഒരു ചങ്ങല ഒരാനയ്ക്കും നിര്‍മിച്ചിരുന്നതായി കേട്ടിട്ടില്ലെന്ന് ആന വിദഗ്ദ്ധര്‍ പറയുന്നു. ഇത്ര അഴകും ഗാംഭീര്യവുമുള്ള കൊമ്പന്‍ മലയാളക്കരയിലുണ്ടായിട്ടില്ല എന്ന് ആനപ്രേമികളും പറയുന്നു.
കവളപ്പാറക്കൊമ്പന്‍ ചരിത്രമായി, കാവ്യമായി. തൃശ്ശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് ശങ്കര നാരായണ എലിമെന്ററിസ്‌കൂളില്‍ പഠിപ്പിച്ചിരുന്ന സി.സി. വര്‍ഗ്ഗീസ് എന്ന പാവറട്ടി സ്വദേശിയായ ഒരു സ്‌കൂള്‍ മാഷ് ഈ ആനയെ പറ്റി എഴുതിയ കവിത- കവളപ്പാറ കൊമ്പന്‍- പ്രസശ്തമായി. 99 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും കാഴ്ചക്കാരന് ഉള്‍ക്കിടിലം ഉണ്ടാക്കി കൊണ്ട് കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ വിളക്കുമാടത്തെ ചുറ്റി ഒരു പടുകൂറ്റന്‍ ആനച്ചങ്ങല, മനുഷ്യന്റെ അടിമയായിരിക്കാന്‍ കൂട്ടാക്കാതെ അവന്റെ ഗര്‍വ്വിനു നേരെ ജീവിതകാലം മുഴുവന്‍ വന്യമായ ആക്രമണം അഴിച്ചു വിട്ട കവളപ്പാറ കൊമ്പന്റെ ഓര്‍മയായി കിടക്കുന്നു.
തിരുവിതാകൂര്‍, തിരു-കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങളിലെ പതിനായിരക്കണക്കിനു ആനക്കമ്പക്കാരുടെ പ്രിയങ്കരനായ ഗജവീരനായിരുന്നുവത്രേ കവളപ്പാറ കൊമ്പന്‍. ഗുരുവായൂര്‍ കേശവനേക്കാളും ഒരടിയോളം പൊക്കക്കൂടുതല്‍ ഈ കൊമ്പനുണ്ടായിരുന്നു എന്നു പറയപ്പെടുന്നു. വിരിഞ്ഞ മസ്തകവും തലയെടുപ്പും നിലത്ത് ചുരുണ്ട് കിടക്കുന്ന തുമ്പിക്കൈയും നല്ല കനമുള്ള കൊമ്പുകളും വിശാലമായ ചെവികളും അത്രതന്നെ കുസൃതിയുമുള്ള വമ്പനായിരുന്നു അവന്‍.
വാശിയുടെ കാര്യത്തില്‍ മുമ്പനായ ഇവനു ഏത് പൂരത്തിനും ഉത്സവത്തിനും കോലം തന്റെ തലയില്‍ തന്നെയായിരിക്കണമെന്നു നിര്‍ബന്ധമാണ്. മൂപ്പില്‍ നായരെന്നാല്‍ കൊമ്പനു ജീവനാണ്. മൂപ്പില്‍ നായര്‍ പറഞ്ഞാല്‍ ഒരടിപോലും മുന്നോട്ടു വയ്ക്കില്ല. 'ചരിത്രവും മിത്തും കൂടി കുഴഞ്ഞു കിടക്കുന്ന ഒന്നാണ് കവളപ്പാറ കൊമ്പന്‍ എന്ന ആനയുടെ കഥ. ഇതിനെപ്പറ്റി ആധികാരികമായി പറയാവുന്ന രേഖകള്‍ ഒന്നും ലഭ്യമല്ലെങ്കിലും ജീവിച്ചിരുന്നതിനു തെളിവുകളായി ധാരാളം വസ്തുതകള്‍ കാണാവുന്നതാണ്. ഇതിന്റെ ജീവിതകാലം പരിശോധിച്ചാല്‍ ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു എന്ന് അനുമാനിക്കാന്‍ സാധിക്കും.
ഇരുപത്തൊന്നു മനുഷ്യ ജീവനുകള്‍ കൊമ്പില്‍ കോര്‍ത്ത, കലാപ കലുഷിതമായി മുന്നോട്ടുപോയ ആനയുടെ ജീവിതകഥ മറ്റൊരു തരത്തിലും വാമൊഴിയായി പ്രചരിക്കുന്നുണ്ട്. തിരുവഞ്ചിക്കുളം ക്ഷേത്ര ഉത്സവത്തില്‍ പ്രധാനിയായിരുന്നു കവളപ്പാറ കൊമ്പന്റെ വാശി പരീക്ഷിക്കുവാന്‍ കൊച്ചി രാജാവ് തീരുമാനിച്ചത്രെ. കൊച്ചിരാജാവിന്റെ ആജ്ഞപ്രകാരം തേവരുടെ കോലം അദ്ദേഹത്തിന്റെ ആനയുടെ തലയില്‍ കയറ്റി. ഇതില്‍ പ്രതിഷേധിച്ച് കൊമ്പന്‍ പ്രകോപിതരായി. കോലം വച്ച ആനയെ കുത്തിമറിച്ചിട്ടു. കൊമ്പനെ നിയന്ത്രിക്കാന്‍ പാപ്പാന്മാര്‍ പഠിച്ച പണി പതിനെട്ടും നോക്കി.
ഇതിനിടയില്‍ ഒന്നാം പാപ്പാനായ കുഞ്ഞന്‍ നായര്‍ അവനെ ഒരു അത്താണിയില്‍ ബന്ധിച്ചു. കൊമ്പന്‍ അത് പറിച്ചു കൊണ്ട് കവളപ്പാറ ലക്ഷ്യമിട്ടു നടന്നു. ഇതു കണ്ട് കുഞ്ഞന്‍നായര്‍ അവന്റെ തുമ്പിയില്‍ വടികൊണ്ടടിച്ചതിനെ തുടര്‍ന്ന് കുഞ്ഞന്‍ നായരെ അവന്‍ തുമ്പികൊണ്ട് അടിച്ചുവീഴ്ത്തി കൊമ്പില്‍ കോര്‍ത്തു. പിന്നെ കുഞ്ഞന്‍ നായരുടെ ജഡം തുമ്പിയോടു ചേര്‍ത്തു ശാന്തനായി നിന്നു. പാപ്പാനെ കൊന്നതില്‍ ദു:ഖിതനായ കൊമ്പന്‍ കല്ലെറിയുന്ന നാട്ടുകാരെ പ്രതിഷേധിക്കാതെ കണ്ണീരൊഴുക്കി നിന്നു.
തന്റെ ആനയെ കുത്തിയതിനുള്ള അപമാനത്തിനു പകരമായി കൊച്ചിരാജാവ് ബ്രിട്ടീഷ് പോലീസിനെ കൊണ്ട് കവളപ്പാറ കൊമ്പനു നേരെ നിറയൊഴിപ്പിച്ചു. ചരിഞ്ഞു വീണപ്പോഴും കുഞ്ഞന്‍ നായരെ തുമ്പിക്കൈ കൊണ്ട് കെട്ടിപ്പിടിച്ചിരുന്നുവെന്നും പറയുന്നു. ഈ ദുരന്തം അറിഞ്ഞ മൂപ്പില്‍ നായര്‍ പൊട്ടിക്കരഞ്ഞുവത്രേ. വെടിയേറ്റ ആന മരണ വെപ്രാളത്തില്‍ തിരുവഞ്ചിക്കുളം ഗോപുരവാതിലില്‍ കുത്തിയ പാടുകളാണത്രെ ഇപ്പോഴും അവിടെ കാണുന്നതെന്നു ചിലര്‍ പറയുന്നു.
Content Highlights: Kavalappara elephant legend Kerala history chains wild elephant myth folklore Koodalmanikyam Temple
Published: 14 Nov 2024, 04:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented