
തൃശ്ശൂരിനെ ഇന്നത്തെ തൃശ്ശൂരാക്കാന്‍ മുഖ്യപങ്ക് വഹിച്ചത് ആരെന്ന ചോദ്യത്തിന് എല്ലാവര്‍ക്കും ഒറ്റ ഉത്തരമേ ഉള്ളു. അത് സാക്ഷാല്‍ ശക്തന്‍ തമ്പുരാനാണ്. കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തന്‍ തമ്പുരാന്‍. ശരിയായ പേര് രാമവര്‍മ്മ. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ശില്‍പി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. കഴിവുറ്റ ഭരണാധികാരി, തന്ത്രശാലി, ദൂരവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹമാണ് തൃശ്ശൂര്‍ പൂരം തുടങ്ങിയത്.
കൊച്ചി രാജ്യചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം തിരുവിതാംകൂര്‍ രാജ്യത്ത് മാര്‍ത്താണ്ഡവര്‍മ്മ എന്ന പോലെയാണ്. കള്ളന്മാരെയും അക്രമികളെയും ദയയില്ലാതെ അമര്‍ച്ച ചെയ്തു. നീതി നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലായിരുന്നു. അതുകൊണ്ട് ജനങ്ങള്‍ അദ്ദേഹത്തെ ശക്തന്‍ തമ്പുരാന്‍ എന്നു വിളിച്ചു. സത്യസന്ധത ഭരണത്തിന്റെ മുഖമുദ്രയായിരുന്നു. എ.ഡി. 1751-ല്‍ കൊച്ചി വെള്ളാരപ്പിള്ളി കോവിലകത്ത് ജനിച്ച രാമവര്‍മ്മ ശക്തന്‍ തമ്പുരാന്‍ പെരുമ്പടത്ത് സ്വരൂപത്തിലെ ശക്തനായ രാജാവായിരുന്നു. ആധുനിക കൊച്ചിയുടെ ജനയിതാവ് എന്ന ഖ്യാതിയും ഇദ്ദേഹത്തിന് സ്വന്തം. 1790 മുതല്‍ 1805 വരെ നീണ്ട തന്റെ ഭരണകാലഘട്ടത്തില്‍ കൊച്ചിരാജ്യം അസൂയാവഹമായ പുരോഗതിയാണ് നേടിയത്. 1790 ആഗസ്റ്റ് 15-നാണ് അദ്ദേഹം സ്ഥാനാരോഹണം ചെയ്തത്.
തൃശ്ശൂര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് അദ്ദേഹത്തിന്റെ കൊട്ടാരം. നന്നായി സൂക്ഷിച്ച പല രാജകീയ പുരാവസ്തുക്കളും ഗാലറികളും ഇവിടെ ഉണ്ട്. വടക്കേക്കര കൊട്ടാരം എന്നാണ് ഈ കൊട്ടാരം അറിയപ്പെടുന്നത്. കേരള-ഡച്ച് വാസ്തുവിദ്യാശൈലിയില്‍ ഈ കൊട്ടാരം 1795-ല്‍ പുനര്‍നിര്‍മ്മിച്ചിരുന്നു. ശക്തന്‍ തമ്പുരാന്റെ ചരിത്രമെഴുതിയ പുത്തേഴത്ത് രാമമേനോന്റെ ഭാഷയില്‍ പറഞ്ഞാല്‍ തൃശ്ശൂരിന് പല പരിഷ്‌കാരങ്ങളും വരുത്തുകയും ഭാവി ശ്രേയസ്സിനുള്ള ഇതരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുള്ളവരില്‍ പ്രഥമ ഗണനീയന്‍ കൊച്ചിയിലെ ശക്തന്‍ തമ്പുരാനായിരുന്നു. തൃശ്ശൂരിന്റെ ശ്വാസകോശമായ തേക്കിന്‍കാടിന്റെ പരിഷ്‌കാരം തുടങ്ങിവെച്ചതും അദ്ദേഹമാണ്. അതിനുശേഷം പല പരിഷ്‌കാരങ്ങളും വന്നെങ്കിലും തേക്കിന്‍കാടിനെ തേക്കിന്റെ കാടല്ലാതാക്കി തീര്‍ത്തും കാടുതന്നെ അല്ലാതാക്കി തീര്‍ത്തതും തമ്പുരാനായിരുന്നു. കാടിനെ അമ്പലപ്പറമ്പും പിന്നീട് പൂരപ്പറമ്പും ആക്കിമാറ്റാന്‍ സാക്ഷാല്‍ ശക്തന്‍ തമ്പുരാനു കഴിഞ്ഞു.
ജനനം പൂയ്യം നക്ഷത്രത്തിലെ അമാവാസി നാളിലായിരുന്നു. പിറന്ന നാള്‍ ജ്യോതിഷപ്രകാരം ശുഭപ്രദമല്ലാതാകയാല്‍ ചെറുപ്പത്തിലേ വളരെ ശ്രദ്ധയോടെയാണ് വളര്‍ത്തിയത്. മൂന്നു വയസുള്ളപ്പോള്‍ അമ്മത്തമ്പുരാട്ടി മരണമടഞ്ഞു. അതിനുശേഷം വളര്‍ത്തിയത് ഇളയമ്മയായിരുന്നു.ചെറുപ്പത്തിലേ വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. കോവിലകത്തുള്ളവര്‍ താമസം തൃപ്പൂണിത്തുറയിലേക്ക് മാറിയതിനാല്‍ പിന്നീടുള്ള വിദ്യാഭ്യാസം അവിടെയായിരുന്നു. പത്ത് വയസുള്ളപ്പോള്‍ നാലാം കൂര്‍ സ്ഥാനം ലഭിച്ചു. അപ്പോള്‍ മുതലേ അദ്ദേഹത്തിന്റെ ധീരതയും കൂസലില്ലായ്മയും വെളിപ്പട്ടു തുടങ്ങുകയും പത്ത് വയസുള്ളപ്പോള്‍ 'ശക്തന്‍' എന്ന് നാമധേയം ലഭിക്കുകയും ചെയ്തു. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ നടപ്പിലാക്കുന്നതിലുള്ള കടുത്ത രീതികൊണ്ടാണ് ആ പേര് വന്നതെന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണി വിവരിക്കുന്നു. 29 വയസ്സായപ്പോള്‍ വീരകേരളസ്ഥാനം ലഭിച്ചു.
ചെറുപ്പത്തില്‍ തന്നെ ഭരണകാര്യങ്ങളില്‍ വലിയ തല്‍പരനായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണത്തില്‍ ആകൃഷ്ടനായ അദ്ദേഹം സമാനമായ കാഴ്ചപ്പാടാണ് വളര്‍ത്തിയെടുത്തത്. ധര്‍മ്മരാജാവ് എന്നറിയപ്പെടുന്ന തിരുവിതാംകൂറിലെ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് അദ്ദേഹത്തിന്റെ സമകാലികനും സുഹൃത്തുമായിരുന്നു. പതിനെട്ടു വയസ്സാകുന്നതിനു മുന്നേ തന്നെ ഭരണകാര്യങ്ങളില്‍ രാജാവിനെ സഹായിക്കാന്‍ തുടങ്ങിയ അദ്ദേഹം 1769-നു ശേഷം ഭരണപരമായ എല്ലാ തീരുമാനങ്ങളും എടുക്കാന്‍ തുടങ്ങി. ഇംഗ്ലീഷുകാരോടും മൈസൂര്‍, തിരുവിതാംകൂര്‍, കോഴിക്കോട് എന്നീ അയല്‍രാജ്യങ്ങളോടും ഉള്ള നയതന്ത്ര ബന്ധം കൈകാര്യം ചെയ്യുന്ന വിദേശകാര്യ മന്ത്രിയും ഫലത്തില്‍ അദ്ദേഹമായിരുന്നു.
മുപ്പതാം വയസ്സില്‍ അദ്ദേഹം തൃശ്ശൂരില്‍നിന്നു വിവാഹം കഴിച്ചു. അതില്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു.എന്നാല്‍ അദ്ദേഹവും ഭാര്യയും തമ്മില്‍ ചേര്‍ച്ചപ്പെടാതെ വരികയാല്‍ തമ്പുരാട്ടിയെ വേറെ താമസിക്കാന്‍ ഏര്‍പ്പാടാക്കുകയായിരുന്നു. പിന്നീട് തൃശ്ശൂരിലെ തന്നെ കരിമ്പേറ്റ് ചുമ്മുക്കുട്ടിയമ്മയെ വിവാഹം കഴിച്ചു. ഇത് രാജാവായതിനു ശേഷമായിരുന്നു. അദ്ദേഹത്തിന്റെ മുപ്പത്തിയൊന്‍പതാം വയസ്സില്‍ അദ്ദേഹം സിംഹാരോഹണാഭിഷക്തനായി. വലിയ തമ്പുരാന്‍ മരണമടയുന്നതിനുമുന്നേ ഇളമുറത്തമ്പുരാനും മരിക്കയാല്‍ ശക്തനായിരുന്നു അടുത്ത മൂത്ത രാജകുമാരന്‍.
തേക്കിന്‍കാട് വെട്ടാന്‍ ഒരുങ്ങിയതിനെ തടഞ്ഞുകൊണ്ടത്തിയ പാറമേല്‍ കാവിന്റെ വെളിച്ചപ്പാടിന്റെ തലയറുത്ത് താന്‍ പേരുപോലെ ശക്തന്‍ തെന്നയാണെന്ന് തമ്പുരാന്‍ തെളിയിച്ചു. തൃശ്ശൂര്‍ പൂരത്തെ ആറാട്ടുപുഴയില്‍നിന്ന് പിന്‍വലിപ്പിച്ചോ അല്ലെങ്കില്‍ സ്വതേ പിന്‍വലിഞ്ഞ പൂരക്കാരെ കൂട്ടിപ്പിടിച്ചോ അതിനെ തൃശ്ശൂരിലെ ആണ്ട് ഉത്സവമാക്കിമാറ്റി ശക്തന്‍. പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാരെ മത്സരത്തിന് വിധേയരാക്കി പൂരത്തിന്റെ പകിട്ട് കൂട്ടാന്‍ തുടക്കക്കാരനായതും തമ്പുരാനായിരുന്നു. വസ്ത്രക്കച്ചവടം വര്‍ധിപ്പിക്കാനായി പാണ്ടിനാട്ടില്‍ നിന്ന് ബ്രാഹ്‌മണരെ ക്ഷണിച്ചുവരുത്തി. അവരുടെ സൗകര്യത്തിനുവേണ്ടി പട്ടിക്കാട്ടും ചെറുതുരുത്തിലും തൃശൂരും സര്‍ക്കാര്‍ വക ഊട്ടുപുരകള്‍ സ്ഥാപിച്ചു. നാട്ടുവ്യപാരങ്ങള്‍ക്കും വ്യവസായത്തിനും വേണ്ടി ചില സിറിയന്‍ കൃസ്ത്യന്‍ കുടുംബങ്ങളെ അന്യദേശങ്ങളില്‍നിന്നു ക്ഷണിച്ചുവരുത്തി തൃശൂരില്‍ ഒരു പുത്തന്‍പേട്ടയും വെള്ളിയാഴ്ചച്ചന്തയും ശക്തന്‍ ഏര്‍പ്പെടുത്തി.
തൃശ്ശൂരില്‍ ഒരുകാലത്ത് ഭരണകോയ്മ ഉണ്ടായിരുന്ന സാമൂതിരിപ്പാടും പടയും തൃശ്ശൂരില്‍നിന്ന് പിന്‍വലിഞ്ഞതോടെയാണ് ശക്തന്‍ തമ്പുരാന് ഭരണം കൈവന്നത്. വടക്കുംനാഥ ക്ഷേത്രം രാജവകയാക്കിയതും ഭരണമുറകള്‍ ഏര്‍പ്പെടുത്തിയതും ശക്തന്‍ തമ്പുരാനാണ്. അന്നത്തെ നമ്പൂതിരിമാര്‍ സാമൂതിരിപക്ഷക്കാരണെന്ന് സംശയമുണ്ടായിരുന്നതുകൊണ്ട് ക്ഷേത്രത്തിലേക്ക് കുറുമ്പ്രനാട്ടില്‍നിന്ന് മേല്‍ശാന്തിക്കുള്ളവരെയും തലശ്ശേരിക്കടുത്തുനിന്ന് അമ്പലവാസികളേയും കൊണ്ടുവന്നുവെന്ന് ചരിത്രം.
ആദ്യകാലത്ത് തൃശ്ശൂരില്‍ രണ്ട് കോവിലകങ്ങളും മൂന്ന് ചിറകളും ഉണ്ടായിരുന്നുവത്രെ. തെക്കേ കോവിലകം, വടക്കേ കോവിലകം എന്നീ കോവിലകങ്ങളും വടക്കേച്ചിറ, പടിഞ്ഞാറേച്ചിറ, തെക്കേച്ചിറ എന്നീ ചിറകളുമായിരുന്നു അവ. പില്‍ക്കാലത്ത് തെക്കേച്ചിറ ഇരട്ടച്ചിറയായി. വടക്കേച്ചിറ കോവിലകം എന്നറിയപ്പെട്ടു. ശക്തന്‍ തമ്പുരാന്‍ കൊട്ടാരം ശക്തന്റെ ഭരണത്തിന്റെ സിരാകേന്ദ്രമായിരുന്നു. കേരള - ഡച്ച് വാസ്തു ശില്‍പശൈലിയില്‍ കൊട്ടാരം പുനഃരുദ്ധരിച്ചത് ശക്തനായിരുന്നു. 1794-ല്‍ ആയിരുന്നു ഇത്. ശക്തന്‍ കോവിലകത്തിനു ചുറ്റുമായി തമ്പുരാന്‍ പണി കഴിപ്പിച്ച ട്രഞ്ച് വടക്കേച്ചിറ വരെ നീണ്ടുകിടന്നിരുന്നു. 1805-ല്‍ കൊട്ടാരത്തിന്റെ മുകളിലത്തെ നിലയിലെ പള്ളിയറയില്‍ ഊഞ്ഞാല്‍ കട്ടിലില്‍ കിടന്നാണ് തമ്പുരാന്‍ അവസാനശ്വാസം വലിച്ചത്. തെക്കേ തോപ്പുപറമ്പില്‍ നിത്യനിദ്ര.
ശക്തന്‍ തമ്പുരാന്‍ കോവിലകത്തിന് ചുറ്റും വലിയ കിടങ്ങുണ്ടാക്കിയത് ടിപ്പുവിന്റെ ആക്രമണത്തെ നേരിടുവാനായിരുന്നുവത്രേ. ടിപ്പുവിന്റെ പടയോട്ടം തടയാന്‍ വേണ്ടിയാണ് കിടങ്ങ് കുഴിച്ച് കോട്ടകള്‍ പണിതത്. ഇത് കിഴക്കേ കോട്ട, പടിഞ്ഞാറെ കോട്ട എന്നിങ്ങനെ അറിയപ്പെട്ടു. അദ്ദേഹം ആദ്യമായി ചെയ്തത് തൃശ്ശിവപേരൂരും തൃപ്പൂണിത്തുറയും ഒരോ കോട്ടയും കിടങ്ങും ഉണ്ടാക്കുകയായിരുന്നു. തൃശ്ശൂരിലെ കോട്ടക്ക് നടുവില്‍ ഒരു കോവിലകവും പണിയിച്ചു. കോവിലകത്തിനു തൊട്ടടുത്തായി മറ്റൊരു കോട്ടയും ഉണ്ടാക്കി.അദ്ദേഹത്തിന്റെ വേനല്‍ക്കാല വസതി ചാലക്കുടിക്കടുത്ത് പരിയാരം ഗ്രാമത്തിലെ കാഞ്ഞിരപ്പിള്ളി കൊട്ടാരമായിരുന്നു. അടുത്തുള്ള നായര്‍ വീടുകളില്‍നിന്നെല്ലാം ഒരാളെങ്കിലും സൈന്യത്തില്‍ ചേരണമെന്ന വ്യവസ്ഥയില്‍ പതിനായിരത്തോളം ഭടന്മാര്‍ സൈന്യത്തില്‍ ചേര്‍ന്നു. അവരുടെ മേധാവിയായി പണിക്കരു വലിയ കപ്പിത്താന്‍ എന്നൊരാളെയും നിയമിച്ചു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന കണക്കിന് അദ്ദേഹം വീരശൂരപരാക്രമിയായിരുന്നു.
ശക്തന്‍ തമ്പുരാന്‍ ഗതാഗത സൗകര്യം, ശുചീകരണം, മുതലായ വിഷയങ്ങളില്‍ പ്രത്യേകം ശ്രദ്ധ വച്ചിരുന്നു. നാടുനീളെ വഴികള്‍ വെട്ടുകയും വഴികള്‍ക്കിരുവശവും തണലിനായി മരങ്ങള്‍ വച്ചു പിടിപ്പിക്കുകയും ചെയ്തു. വീഥികള്‍ക്ക് ചേര്‍ന്ന് താമസിക്കുന്നവര്‍ ദിവസവും അവരുടെ മുന്നിലുള്ള വഴികളും കൂടി വൃത്തിയാക്കണം എന്ന കല്‍പനയും പുറപ്പെടുവിച്ചു. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിനു മുന്നിലുണ്ടായിരുന്ന തേക്കിന്‍ കാട് വെട്ടിത്തെളിച്ച് മൈതാനമാക്കിയതും അത് നാട്ടുകാര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ യോഗ്യമാക്കിയതും ശക്തന്റെ കാലത്താണ്. അദ്ദേഹം കൊട്ടാരം വകയായി വളരെയധികം ഭൂമി പിടിച്ചെടുക്കുകയും അവിടെയെല്ലാം കൃഷി ചെയ്യിക്കുകയും ചെയ്തു. പിടിച്ചെടുത്ത ഭൂമി പാവപ്പെട്ടവരുടേതാണെങ്കില്‍ അതിനു നഷ്ടപരിഹാരം കൊടുത്തിരുന്നു, എന്നാല്‍, ജന്മിമാരുടേതിന് നഷ്ടപരിഹാരം കൊടുത്തതുമില്ല. രാജ്യത്ത് അക്രമങ്ങള്‍ അറിയുന്നതിനായി രാത്രികാലങ്ങളില്‍ ഗൂഢമായി നാടുചുറ്റിയിരുന്നു. ശക്തമായ ചാരശൃംഖലയും അദ്ദേഹത്തിനുണ്ടായിരുന്നു. കൂട്ടിനാരും ഇല്ലാതെ വേഷപ്രച്ഛന്നനായി തിരുവനന്തപുരം വരെ പോയി മുറജപവും മറ്റും കണ്ടതായി പറയുന്നു.
ശക്തന്‍ തമ്പുരാന്റെ ഭരണകാലം കൊച്ചിരാജ്യ ചരിത്രത്തിലെ ജന്മിമാരുടെ ആധിപത്യത്തിന്റെ അവസാനത്തേയും ആധുനിക യുഗത്തിന്റെ ആരംഭത്തേയും കുറിക്കുന്നു. ശക്തരായ പ്രഭുക്കന്മാരുടേയും തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലേയും പെരുമനം ക്ഷേത്രത്തിലേയും ഊരാണ്മക്കാരായ പോറ്റിമാരുടേയും ഭീഷണി രാജ്യാധികരത്തിനു ഗൗരവതരമായ ഭീഷണി ഉയര്‍ത്തിയിരുന്നു. ഇതിനെതിരായി അവരുടെ ശക്തിയെ അടിച്ചമര്‍ത്താനും തന്റെ അധീശത്വം ഉറപ്പിക്കാനും അദ്ദേഹം കര്‍ക്കശമായ നടപടികള്‍ സ്വീകരിച്ചു. ഓരോ സ്ഥലത്തും നമ്പൂതിരി യോഗങ്ങള്‍ യോഗാതിരിപ്പാടുമാരെ തിരഞ്ഞെടുക്കുമായിരുന്നു. ഇവരാണ് പുരോഹിത വര്‍ഗ്ഗം. ഇവരുടെ നേതൃത്വത്തില്‍ തൃശൂരിലേയും പെരുമനത്തേയും നമ്പൂതിരി കുടുംബങ്ങള്‍ കൊച്ചിയും കോഴിക്കോടും തമ്മിലുണ്ടായ യുദ്ധത്തില്‍ ആഭ്യന്തര കലാപം സൃഷ്ടിക്കുകയായിരുന്നു. ഈ യോഗാതിരിപ്പാടുമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹംവിരാമമിട്ടു.
പ്രഭുക്കന്മാരുടെ വസ്തുവകകള്‍ പണ്ടാരവകയിലേക്ക് ചേര്‍ത്ത് അവരെ തരംതാഴ്ത്തി. അവരുടേയും മറ്റു പ്രമാണിമാരുടേയും അധികാരങ്ങള്‍ അദ്ദേഹം നേരിട്ട് നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു നല്‍കി. ദേവസ്വം ഭരണം സര്‍ക്കാര്‍ നേരിട്ടു നടത്താന്‍ തുടങ്ങി. അതോടെ നമ്പൂതിരി യോഗങ്ങള്‍ക്ക് പഴയ ശക്തിയും സ്വാധീനവും നഷ്ടപ്പെട്ടു തുടങ്ങി. മാടമ്പിമാരുടെ സ്വാധീനം അറുത്തുമാറ്റുന്നതിനോടൊപ്പം രാജാധികാരം ശക്തമാക്കാനുള്ള ഭരണപരിഷ്‌കാരം നടത്തുകയും ചെയ്തു. ഗ്രാമമായിരുന്നു ഏറ്റവും ചെറിയ ഘടകം. ഇത് പര്‍വതീകാരര്‍ എന്നു പറയുന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാക്കി. അവര്‍ക്കായിരുന്നു നികുതികള്‍ പിരിക്കാനുള്ള അവകാശം. മുന്‍പ് ഇത് നാട്ടിലെ പ്രഭുക്കന്മാരാണ് കൈകാര്യം ചെയ്തിരുന്നത്. ചെറിയ കുറ്റങ്ങള്‍ക്ക് വിധി നടപ്പിലാക്കിയിരുന്നതും അവരായിരുന്നു. നിരവധി ഗ്രാമങ്ങള്‍ ചേര്‍ന്ന് താലൂക്കുകളായി മാറ്റി. ഇതിനെ കോവിലകത്തുംവാതിക്കല്‍ എന്നാണ് വിളിച്ചിരുന്നത്.
രണ്ട് താലൂക്കുകള്‍ ചേര്‍ന്ന് ഒരു സൂബ എന്ന സംവിധാനം ഉണ്ടാക്കി. സൂബകള്‍ക്ക് പ്രത്യേക അധികാരമുണ്ടായിരുന്നു. അതിനു പ്രത്യേകം ഉദ്യോഗസ്ഥരും. വ്യവഹാരങ്ങള്‍ക്ക് കച്ചേരികള്‍ നിര്‍മ്മിച്ചു. കൈക്കൂലി, അഴിമതി തുടങ്ങി കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടോ എന്ന് ഈ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചിരുന്നു. കുറ്റം കണ്ടുപിടിച്ചു തെളിയിച്ചു കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കു പോലും കടുത്ത ദണ്ഡനകള്‍ കൊടുത്തിരുന്നു. സ്വത്തുക്കള്‍ കണ്ടുകെട്ടുക, ചാട്ടവാറടി, തടവ് എന്നിങ്ങനെ ഉദ്യോഗസ്ഥരുടെ സാന്മാര്‍ഗ്ഗികത നിലനിര്‍ത്താന്‍ വേണ്ട ചട്ടങ്ങള്‍ കൊണ്ടുവന്നു. രാജാവ് തന്നെ വ്യാപാരം കൈയാളി. അങ്ങനെ രാജഭണ്ഡാരം നിറഞ്ഞു.
കൊങ്ങിണികളും ക്രിസ്ത്യാനികളുമായിരുന്നു അന്ന് വ്യാപാരരംഗത്ത് കുത്തക കയ്യാളിയിരുന്നത്. അവര്‍ക്ക് ഡച്ചുകാരുമായ നല്ല ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ സാധിച്ചു. അങ്ങനെ അവര്‍ സമൂഹത്തിലെ ധനികരായിത്തീര്‍ന്നു. ശക്തന്‍ തമ്പുരാന്‍ ഇവരില്‍നിന്ന് കൂടുതല്‍ നികുതി ആവശ്യപ്പെട്ടു. എന്നാല്‍, അവര്‍ ഡച്ചു സ്വാധീനമുപയോഗിക്കാനും വരവുകളില്‍ കൃത്രിമം കാണിക്കാനും തുടങ്ങി. ഇതില്‍ കുപിതനായ രാജാവ് പ്രധാന ക്ഷേത്രമായ തിരുമല ദേവസ്വം ക്ഷേത്രങ്ങളില്‍ അവര്‍ സൂക്ഷിച്ചിരുന്ന നിധിയില്‍നിന്ന് ഒരു ഭാഗം പിടിച്ചെടുക്കാനായി ഉദ്യോഗസ്ഥരെ അയച്ചു. ദേവരേശകിണി എന്ന പ്രമാണിയുടെ നേതൃത്വത്തില്‍ അവര്‍ വിലപിടിപ്പുള്ള സാധങ്ങള്‍ ആലപ്പുഴയിലേയ്ക്ക് മാറ്റാന്‍ ശ്രമിച്ചു. ഇത് പരാജയപ്പെടുത്തിയ ശക്തന്‍ ദേവരേശകിണിയടക്കം മൂന്നു പേരെ വധിക്കുകയും നിധി പണ്ടാരവക വെയ്ക്കുകയും ചെയ്തു.
ലത്തീന്‍ ക്രിസ്ത്യാനികളായിരുന്നു ശക്തന്റെ കറുത്ത മുഖം കാണേണ്ടി വന്ന മറ്റൊരു വിഭാഗം. പോര്‍ച്ചുഗീസുകാര്‍ ഉണ്ടായിരുന്ന സമയത്ത് അന്നത്തെ കൊച്ചി രാജാക്കന്മാര്‍ മതപരിവര്‍ത്തനത്തിന് സഹായകരമായ നിലപാടെടുത്തിരുന്നു. ഇതിനായി ക്രിസ്തുമതം സ്വീകരിക്കുന്നവര്‍ക്ക് പലതരം നികുതിയിളവുകള്‍ നല്‍കി. ഇത് മുതലെടുക്കാനായി നിരവധി പേര്‍ മതപരിവര്‍ത്തനം നടത്തി. എന്നാല്‍, പോര്‍ച്ചുഗീസുകാര്‍ക്കു ശേഷം അത്രയും പ്രവര്‍ത്തനങ്ങള്‍ ഡച്ചുകാരും ഇംഗ്ലീഷുകാരും നടത്തിയില്ല, അതിനായി തമ്പുരാന്റെ പ്രത്യേക സഹായം ആവശ്യമായിരുന്നില്ല. മാത്രവുമല്ല, അന്ന് തമ്പുരാന്‍ യൂറോപ്പിലും മറ്റും നടക്കുന്ന സംഭവങ്ങള്‍ അറിയുന്നുണ്ടായിരുന്നു. മറ്റൊരു സ്ഥലത്തും ഇല്ലാത്ത ആനുകൂല്യങ്ങള്‍ അവര്‍ അനുഭവിക്കുന്നുവെന്ന് അദ്ദേഹം അറിയുകയും അതിന് അറുതി വരുത്താന്‍ ഉത്തരവ് ഇറക്കുകയും ചെയ്തു.1763-ല്‍ പൊതുവായ ഭൂമിക്കരം ഏര്‍പ്പെടുത്തുകയും 1776-ല്‍ കരം പുതുക്കി നിശ്ചയിക്കപ്പെടുകയും ചെയ്തു. എന്നാല്‍, ലത്തീന്‍ ക്രിസ്ത്യാനികള്‍ നികുതി നല്‍കാന്‍ വിസമ്മതിച്ചു. ആഭ്യന്തര കലാപങ്ങള്‍, പൂഴ്ത്തിവയ്പ് എന്നിവ ആരംഭിച്ചു. കുറേ കാലം ക്ഷമിച്ചു കഴിഞ്ഞ തമ്പുരാന്‍ ക്ഷമകെട്ട് മര്‍ദ്ദനമുറകള്‍ ആരംഭിച്ചു. നിരവധി ക്രിസ്ത്യാനികള്‍ക്ക് ഭൂമി നഷ്ടപ്പെട്ടു. പലരേയും നാടു കടത്തി.
സുറിയാനി ക്രിസ്ത്യാനികള്‍ വ്യാപാരം നടത്തുന്നവരും പണ്ടു മുതലേ ക്രിസ്തീയമതം സ്വീകരിച്ചവരുമായിരുന്നു. ഇവര്‍ നികുതി ഒടുക്കിയിരുന്നവരും പ്രത്യേകം നികുതിയിളവുകള്‍ ഇല്ലാത്തവരും ആയിരുന്നു. മാത്രമല്ല, അതില്‍ കൂടുതല്‍ പേരും അഭ്യസ്തവിദ്യരുമായിരുന്നു. ശക്തന്‍ തമ്പുരാന് ഇവരോട് പ്രത്യേക സ്നേഹവും ആദരവും ഉണ്ടായിരുന്നു. അവര്‍ക്ക് ഭൂമി ഉദാരമായ വ്യവസ്ഥകളില്‍ നല്‍കുകയും വ്യാപാര പോഷണത്തിനായി നിരവധി സുറിയാനി കുടുംബങ്ങളെ അങ്കമാലിയില്‍നിന്നും മറ്റും ചാലക്കുടി, തൃശ്ശൂര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ കുടിയിരുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ജന്മദേശമായ വെള്ളാരപ്പള്ളിയിലെ കാഞ്ഞൂര്‍ പള്ളിയില്‍ അദ്ദേഹം സംഭാവന ചെയ്ത വെങ്കലത്തില്‍ പണിതീര്‍ത്ത ആനവിളക്ക് അദ്ദേഹവും ഈ സമൂഹവുമായുണ്ടായിരുന്ന സൗഹൃദത്തിന് സാക്ഷ്യം വഹിക്കുന്നു.
കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശ്ശൂര്‍ പൂരത്തിന് എകദേശം 200 വര്‍ഷത്തെ ചരിത്രം പറയുവാനുണ്ട്. സാംസ്‌കാരിക കേരളത്തിന്റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശിവപേരൂരിലെ പൂരം കേരളത്തില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവമായി തുടരുന്നു. ശക്തന്‍ തമ്പുരാന്റെ കാലത്ത് ദക്ഷിണ കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം.
അന്ന് പൂരങ്ങളുടെ പൂരമായി കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളില്‍നിന്നും ദേവകളെത്തുമായിരുന്നു. എല്ലാ ദേവീദേവന്‍മാരും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നായിരുന്നു വിശ്വാസം. ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമ്മേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട്കാവ് , നെയ്തലക്കാവ്, കണിമംഗലം ശാസ്താവ് എന്നീ പൂരങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ലത്രെ. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ പൂരങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തന്‍ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ഠനായ തമ്പുരാന്‍ വടക്കുന്നാഥന്‍ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ ( 977 മേടം) സാംസ്‌കാരിക കേരളത്തിന്റെ തിലകക്കുറിയായി മാറിയ തൃശ്ശൂര്‍ പൂരം ആരംഭിച്ചു.
തൃശ്ശൂര്‍ ജില്ലയിലെ വളരെ പ്രധാനപ്പെട്ട ഒരു ചരിത്രസ്മാരകമാണ് ശക്തന്‍ തമ്പുരാന്‍ കൊട്ടാരം. വടക്കേച്ചിറ കോവിലകമെന്നാണ് ഈ കൊട്ടാരം പണ്ട് അറിയപ്പെട്ടിരുന്നത്. ശക്തന്‍ തമ്പുരാന്‍ കൊട്ടാരം ഇന്നൊരു ചരിത്രസ്മാരകവും പുരാവസ്തു വകുപ്പിന്റെ ഒരു മ്യൂസിയവും ആണ്. ഈ കൊട്ടാരത്തിന്റെ നിര്‍മ്മിതിയിലെ സവിശേഷത അതു രണ്ടു തരം വാസ്തുശൈലികളെ പിന്തുടര്‍ന്നിരിക്കുന്നു എന്നതാണ്. ഒന്ന് കേരളീയം, മറ്റൊന്ന് ഡച്ചു മാതൃക. നാലുകെട്ടിന്റെ മാതൃകയില്‍ ഇരുനിലകളിലായി നിര്‍മ്മിച്ചതാണീ സൗധം. കനത്ത ചുമരുകളും ഇറ്റാലിയന്‍ മാര്‍ബിള്‍ പാകിയ നിലവും വിശാലമായ മുറികളും, ഉയര്‍ന്ന മേല്‍ക്കൂരയുമാണ് ഈ കൊട്ടാരത്തിന്റെ പ്രത്യേകതകള്‍. സുഖദമായ അന്തരീക്ഷമാണ് മുറികള്‍ക്കുള്ളില്‍.

കൊട്ടാരത്തോടനുബന്ധിച്ച് ഒരു സര്‍പ്പക്കാവുണ്ട്. തെക്കുഭാഗത്തെ ആരാമത്തില്‍ അനേകം നാട്ടുചെടികളും വൃക്ഷങ്ങളും സംരക്ഷിച്ചു നിലനിര്‍ത്തിയിട്ടുണ്ട്. കൊട്ടാരത്തിനുള്ളില്‍ സജ്ജമാക്കിയിട്ടുള്ള മ്യൂസിയം വെങ്കലശില്‍പങ്ങളുടെയും കരിങ്കല്‍ ശില്‍പങ്ങളുടെയും ശിലാശാസനങ്ങളുടെയും നിരവധി ഗ്യാലറികളിലായിട്ടാണ് തിരിച്ചിട്ടുള്ളത്. മറ്റു ഭാഗങ്ങളിലാകട്ടെ പുരാതനകാലത്ത് ഉപേയാഗിച്ചിരുന്നതും വെങ്കലം, ചെമ്പ് എന്നീ ലോഹങ്ങളാല്‍ നിര്‍മ്മിതവുമായ വീട്ടുസാമാനങ്ങള്‍, പൗരാണികകാലത്തെ നാണയങ്ങളുടെ ശേഖരം എന്നിവ കൊണ്ട് അലംകൃതമാണ്. ഈ കൊട്ടാരത്തിന്റെ സംരക്ഷണവും മ്യൂസിയത്തിന്റെ പരിപാലനവും സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ചുമതലയിലാണ്.
കൊച്ചിരാജ്യത്തില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു അക്കാലത്ത് തൃശ്ശൂര്‍. കൊച്ചി രാജ്യചരിത്രത്തിലെ സുവര്‍ണ്ണ ലിപികളാലെഴുതപ്പെട്ട ഭരണകാലഘട്ടമാണ് ശക്തന്‍ തമ്പുരാന്റേത്. 1805 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ആധുനിക കൊച്ചിയുടെ സ്രഷ്ടാവ് എന്നു പേരുകേട്ട ശക്തന്‍ തമ്പുരാന്‍ അനേകം പുതിയ നിരത്തുകള്‍, പാലങ്ങള്‍ എന്നിവ പണിയിക്കുകയും വഴിയമ്പലങ്ങളും തണ്ണീര്‍പന്തലുകളും കൂടുതലായി ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ബ്രാഹ്‌മണ പൗരോഹിത്യത്തിന്റെ അധികാരം തകര്‍ത്ത് ക്ഷേത്രസങ്കേതങ്ങളിലെ അധര്‍മ്മങ്ങളെ അവസാനിപ്പിക്കുകയും തന്റെ പട്ടാളത്തില്‍ ഈഴവ സമുദായത്തെ കൂടി ഉള്‍പ്പെടുത്തി രാജ്യരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തിയതും ശക്തന്‍ തമ്പുരാന്റെ ധീര നടപടികളായിരുന്നു.
Content Highlights: The modern day town of Thrissur owes its origin to Sakthan Thampuran
Published: 13 Dec 2024, 06:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented