നിങ്ങളുടെ ബിസിനസിന് ഒരു മാന്ത്രികവടിയുണ്ടെന്ന് സങ്കൽപ്പിക്കുക, നിങ്ങളുടെ ബിസിനസ് എങ്ങനെയാവണം, നിങ്ങളുടെ ബിസിനസ് കാരണം ലോകം എങ്ങനെയാവണം, ഉപഭോക്താക്കളുടെ ജീവിതം എങ്ങനെ മാറണം എന്നൊക്കെ തീരുമാനിക്കുന്ന ഒരു മാന്ത്രികവടി! ആ മാന്ത്രികവടിയാണ് ഒരു ബിസിനസിനെ സംബന്ധിച്ചിടത്തോളം ‘വിഷൻ’.

To advertise here,

ഒരു സ്ഥാപനം എന്തിനാണ് നിലനിൽക്കുന്നത്? ആ സ്ഥാപനത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന കാരണം എന്താണ്? സ്ഥാപനം ഭാവിയിൽ എന്താണ് നേടാൻ ആഗ്രഹിക്കുന്നത്? അല്ലെങ്കിൽ എന്ത് നിലയിൽ എത്താനാണ് ആഗ്രഹിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടെയാണ് ഒരു സ്ഥാപനത്തിന്റെ വിഷൻ, അത് തന്നെയാണ് ഒരു സ്ഥാപനത്തെ മറ്റ് സ്ഥാപനങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നതും. 

വിഷൻ എങ്ങനെയാണ് ഒരു സ്ഥാപനത്തെ വേറിട്ട് നിർത്തുന്നത് 

ഒരു കമ്പനി എങ്ങനെ മുന്നോട്ട് പോകണം, എന്ത് ഉൽപന്നമാണ് നൽകുന്നത്, അത് അവതരിപ്പിക്കുന്ന രീതി എങ്ങനെയാവണം, ആ സ്ഥാപനത്തിൽ ആളുകൾ എങ്ങനെ പെരുമാറണം, എന്ത് അനുഭവമാണ് ഉപഭോക്താക്കൾക്ക് നൽകേണ്ടത്, എന്ത് ബിസിനസ് തന്ത്രമാണ് അവലംബിക്കേണ്ടത്, ആരെയാണ് ഉപഭോക്താക്കളായി കാണുന്നത്, ആരെയാണ് സ്ഥാപനത്തിൽ നിയമിക്കുന്നത് എന്നിവയെല്ലാം തീരുമാനിക്കുന്നത് സ്ഥാപനത്തിന്റെ വിഷനനുസരിച്ചാണ്.

ഒരു ഉദാഹരണമെടുത്താൽ ലിങ്ക്ഡ് ഇൻ, ഫെയ്​സ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്പ് ചാറ്റ് എന്നിവയെല്ലാം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ്, അഥവാ ഓരോ വ്യക്തിക്കും അവരുടെ കാര്യങ്ങൾ ലോകത്തോട് പങ്കുവെക്കാനുള്ള പ്ലാറ്റ്ഫോമുകൾ!  പ്രത്യക്ഷത്തിൽ ഈ പ്ലാറ്റ്ഫോമുകളിൽ എല്ലാം തന്നെ അതിന്റെ ഉപഭോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചിത്രങ്ങളായോ എഴുത്തുകളായോ വീഡിയോ രൂപത്തിലോ ലോകത്തോട് പങ്കുവെക്കാം. എന്നാൽ ഉപയോഗത്തിൽ ഒരുപോലെ തോന്നുന്ന ഈ നാല് പ്ലാറ്റ്ഫോമുകളും തീർത്തും വ്യത്യസ്തമാണ്, അവരുടെ പ്രവർത്തനരീതിയിലും ഉപയോഗിക്കുന്ന ആളുകളിലും ബ്രാൻഡ് ചെയ്യുന്ന രീതിയിലും ലക്ഷ്യങ്ങളിലും എല്ലാം വളരെ വ്യത്യസ്തതയുണ്ട് ആ വ്യത്യസ്തത കൊണ്ടുവരുന്നത് ആ ബ്രാൻഡിന്റെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ വിഷൻ, മിഷൻ, വാല്യൂസ് എന്നിവയാണ്. 

‘ലിങ്ക്ഡ്ഇൻ’ അതിന്റെ വിഷൻ പ്രസ്താവനയായി പറയുന്നത് ‘ആഗോള തൊഴിൽ ശക്തിയിലെ ഓരോ അംഗത്തിനും സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുക’ (To create economic opportunity for every member of the global workforce.) എന്നതാണ്, അതിനനുസരിച്ചാണ്  അവർ ആ പ്ലാറ്റ്ഫോം ഡിസൈൻ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ജോലി, ബിസിനസ്, അവസരങ്ങൾ തുടങ്ങിയ പ്രൊഫഷണൽ കാര്യങ്ങളാണ് അവിടെ കൂടുതലും പ്രോത്സാഹിപ്പിക്കപ്പെടുന്നത് .

എന്നാൽ ‘ആളുകൾക്ക് ഷെയര്‍ ചെയ്യാനുള്ള ശക്തി നൽകുകയും ലോകത്തെ കൂടുതൽ തുറന്നതും പരസ്പരം ബന്ധപ്പെട്ടതുമാക്കുക’ (To give people the power to share and make the world more open and connected) എന്നതാണ് ഫെയ്​സ്ബുക്ക്  വിഷൻ. അത്കൊണ്ടുതന്നെ  ആർക്കും എന്തും ഷെയർ ചെയ്യാനുള്ള സൗകര്യവും വേഗത്തിൽ ആളുകളുമായി കണക്റ്റ് ചെയ്യാനും കഴിയുന്ന രീതിയിലാണ് ഈ പ്ലാറ്റ്​ഫോം ഡിസൈൻ ചെയ്തിട്ടുള്ളത്. അതുപോലെത്തന്നെ ലോകത്തെ ഏറ്റവും നല്ല നിമിഷങ്ങൾ ഒപ്പിയെടുക്കുക ഷെയർ ചെയ്യുക (to capture and share the world's moments) എന്നതാണ് ഇൻസ്റ്റഗ്രാം വിഷൻ, ഒരേ നിർവചനത്തിൽ ഉൾപ്പെടുത്തുന്ന വ്യത്യസ്ത പ്ലാറ്റ്ഫോമുകളെ അവരുടേതായ വിഷൻ എങ്ങനെ വ്യത്യസ്തമാക്കുന്നു എന്നതിന് ഉദാഹരണമാണിത്. ഒരേ രീതിയിലുള്ള ഉൽപ്പന്നം വില്ക്കുന്ന, സേവനങ്ങൾ നൽകുന്ന വിവിധ സ്ഥാപനങ്ങളുടെ വിഷൻ സ്റ്റേറ്റ്മെന്റുകളും പ്രവർത്തനരീതിയും പരിശോധിച്ചാൽ ഈ കാര്യം കൂടുതൽ മനസ്സിലാക്കാം.

ഒരു പ്രസ്താവന എഴുതിവെച്ചാൽ വിഷൻ ആകുമോ?

ഒരു കമ്പനിയുടെ വിഷൻ, മിഷൻ, മൂല്യങ്ങൾ എന്നിവയെ എല്ലാവരിലേക്കും എത്തിക്കാനുള്ള ആദ്യ മാർഗം ഔപചാരികമായ മിഷൻ, വിഷൻ, മൂല്യ പ്രസ്താവനകൾ ഉണ്ടാക്കുക അവ എഴുതിവെക്കുക എന്നതാണ്. 
എന്നാൽ ‘എല്ലാ സ്ഥാപനങ്ങൾക്കും ഒരു വിഷൻ പ്രസ്താവനയുണ്ട് അതുകൊണ്ട് നമുക്കും വേണം ഒരെണ്ണം!’ എന്ന രീതിയിൽ ഒരു കണ്ടന്റ് ഡെവലപ്പറെക്കൊണ്ടോ, ഗൂഗിൾ ചെയ്തോ, എ.ഐ ഉപയോഗിച്ചോ, മറ്റ് സ്ഥാപനങ്ങളെ പകർത്തിയോ കേവലം ഒരു പ്രസ്താവന എഴുതിവെച്ചാൽ അത് യഥാർഥ വിഷൻ ആവില്ല, അത് സംരംഭകരുടെ ഉള്ളിൽ നിന്ന് വരേണ്ടതാണ്.

ആരെങ്കിലും ചെയ്ത് വിജയിച്ച ഒരു ബിസിനസ് ചെയ്യുക എന്നതാണല്ലോ പലരും ബിസിനസ് തുടങ്ങാൻ കണ്ടെത്തുന്ന ഒരെളുപ്പമാർഗ്ഗം! ഒരാൾ ഒരു ബിസിനസ് തുടങ്ങുന്നു, ആ ബിസിനസ് വിജയിക്കുന്നു, അത് കണ്ട് അതിനെ മാതൃകയാക്കി മറ്റ് ചിലരും അതേ ബിസിനസ് തുടങ്ങുന്നു. ഇവിടെ ആ ബിസിനസ് ആദ്യം തുടങ്ങിയയാൾ ആ സ്ഥാപനം തുടങ്ങിയിട്ടുണ്ടാവുക അവർക്കുണ്ടായ അനുഭവത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തിൽ ഉണ്ടായ വ്യക്തമായ വിഷനോടെയായിരിക്കാം, എന്ത് പ്രതിസന്ധിയിലും പിടിച്ചുനിൽക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും മുന്നോട്ട് പോകാനും അയാൾക്ക് ആ വിഷൻ ഊർജം നൽകും, അത് സ്ഥാപനം തുടങ്ങുന്നതിന് മുൻപായാലും തുടക്ക കാലഘട്ടത്തിലായാലും ഒരു സ്ഥാപനത്തിന്റെ അൻപതാം വാർഷികത്തിലായാലും അങ്ങിനെയാണ്. എന്നാൽ കോപ്പിയടിച്ച് തുടങ്ങുന്ന ഒരു സ്ഥാപനത്തിന് ആശയപരമായ അടിത്തറ ശക്തമല്ലാത്തതുകൊണ്ട്  അത്രത്തോളം ശക്തമായി പിടിച്ചുനിൽക്കാനാവണമെന്നില്ല.

വിഷന് മാറ്റങ്ങൾ സംഭവിക്കുമോ?

ഒരു സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്ന ഒരു ചാലകശക്തിയായത്കൊണ്ട് തന്നെ ഒരു വിഷൻ ഉണ്ടാകുന്നത് ആ ബിസിനസിന് ഏത് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഉറപ്പിക്കാനും പ്രതിസന്ധിയിലും ശരിയായ ദിശയിൽ മുന്നോട്ട് പോകാനും ഊർജമേകും. എന്നാൽ, ഒരു സ്ഥാപനത്തിന്റെ വിഷൻ ഒരിക്കലും മാറില്ല എന്ന് പറയാൻ കഴിയില്ല. ബിസിനസ് വികസിക്കുന്നതിനനുസരിച്ച് അവയും മാറിയേക്കാം-അല്ലെങ്കിൽ നേതൃത്വം മാറിവരുന്നത്, ഇടപെടുന്ന മേഖലകളിലെ മാറ്റം, നേതൃത്വത്തിലിരിക്കുന്നവരിൽ വരുന്ന മാറ്റം എന്നിവയെല്ലാം മാറ്റങ്ങൾ കൊണ്ടുവരാം. എന്നാൽ ഓരോ കാലഘട്ടത്തിലും ഒരു സ്ഥാപനം പ്രസക്തവും വിശ്വസനീയവുമായ സ്ഥാനം നിലനിർത്തുന്നു എന്ന് ഉറപ്പാക്കാൻ ഒരു വിഷനും അതിനനുസരിച്ചുള്ള മിഷൻ, മൂല്യങ്ങൾ എന്നിവയുള്ള ഒരു സ്ഥാപനത്തിനാവും.

വിഷനും മിഷനും വാല്യൂവും 

കാഴ്ചപ്പാട് (Vision), ദൗത്യം (Mission), മൂല്യങ്ങൾ (Values) എന്നിവ ഒത്തുചേർന്നാണ് ഒരു സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നത്. ഓരോ കമ്പനിയുടെയും സ്ഥാപകർ അതിന്റെ ഉത്ഭവകഥ പറയുമ്പോൾ ഈ ഘടകങ്ങൾ  സൂചിപ്പിക്കുന്നത് കാണാം.

വിഷൻ

ഏതൊരു ബിസിനസും തുടക്കത്തിൽ ഒരു ആശയം മാത്രമായിരിക്കും. ആ ആശയം മിക്കവാറും ലോകത്തിൽ അവർ കാണാനാഗ്രഹിക്കുന്ന ഒരു മാറ്റം, ലോകത്തുള്ള ഒരു പ്രശ്നത്തിന് പരിഹാരം, അതല്ലെങ്കിൽ നൽകാനാവുന്ന ഒരു സേവനം അങ്ങനെ എന്തുമാവാം, ഒരു ബിസിനസിൽ ആദ്യം പദ്ധതിയിടുന്നത് ഈ വിഷയമായിരിക്കും, ഓരോ സ്ഥാപനത്തിന്റെയും വളർച്ചയുടെയും, ചുവടുവെപ്പിന്റെയും പിൻബലമാവുന്ന ഈ ലക്ഷ്യങ്ങളെയും സ്വപ്നങ്ങളെയും വിഷൻ എന്ന് വിളിക്കാം. വിഷൻ ഒരു യാത്രയെക്കുറിച്ചല്ല, അതിന്റെ ലക്ഷ്യസ്ഥാനത്തെക്കുറിച്ചാണ് കൂടുതൽ ശ്രദ്ധിക്കുന്നത്.

മിഷൻ

ഒരു സ്ഥാപനം അല്ലെങ്കിൽ ബ്രാൻഡ് എങ്ങനെ അതിന്റെ വിഷൻ നേടിയെടുക്കും എന്നതിലാണ് മിഷൻ ഊന്നൽ നൽകുന്നത്. വിഷൻ എന്നത് നാളെയെക്കുറിച്ച് ശ്രദ്ധിക്കുമ്പോൾ, മിഷൻ അത് യാഥാർത്ഥ്യമാക്കാൻ കമ്പനി ഇപ്പോൾ എന്താണ് ചെയ്യുന്നത് എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വെബ്‌സൈറ്റിലോ മറ്റ് ബ്രാൻഡഡ് മെറ്റീരിയലുകളിലോ ഉപഭോക്താക്കൾ കാണുന്ന ഒരു പ്രസ്താവനയായി ഇതിനെ എഴുതാറുണ്ടെങ്കിലും ഇത് സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളിലേക്കുള്ള ദൈനംദിന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്ഥാപനത്തെ സഹായിക്കുക, സ്ഥാപനത്തിന്റെ ടീമിന് സ്ഥാപനം എന്താണ് ചെയ്യുന്നത്, തുടർന്ന് അവർ എന്താണ് ചെയ്യേണ്ടത് എന്നിവ എല്ലാ ദിവസവും ഓർമ്മിപ്പിക്കുക എന്നതുകൂടിയാണ്.

മൂല്യങ്ങൾ

ഒരു സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ നേടാൻ ആവശ്യമായ മാനുഷിക മൂല്യങ്ങളെക്കുറിച്ചാണ് മൂല്യങ്ങൾ എന്നത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്, മൂല്യങ്ങൾ ആ സ്ഥാപനത്തിന്റെ ബ്രാൻഡ് അനുഭവവുമായി ചേർന്ന് നിൽക്കുന്നു Authentic, Accountable, Innovative, Caring തുടങ്ങിയ എന്തു ഗുണങ്ങളും ഇതിന്റെ ഭാഗമാണ്.

വിഷൻ നേതൃത്വത്തിന് മാത്രം മതിയോ?

പലപ്പോഴും സ്ഥാപനത്തിന്റെ വിഷൻ എന്നത് ആ സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ളവർക്ക് മാത്രമായിരിക്കും അറിയുന്നുണ്ടാവുക, അതുകൊണ്ടുതന്നെ വളരെ വലിയ കാഴ്ചപ്പാടോടെ തുടങ്ങിയ പല സ്ഥാപനങ്ങളുടെയും വിഷൻ സ്ഥാപനത്തിലെ എല്ലാ മേഖലയിലേക്കും എത്താറില്ല. സ്ഥാപനങ്ങളുടെ വിഷൻ അതുമായി ബന്ധപ്പെട്ട ഓരോ വ്യക്തിയിലേക്കും എത്തേണ്ടതുണ്ട്, അത് മനസ്സിലാക്കാൻ വേണ്ട പരിശീലനവും കോച്ചിങ്ങും സമയാ സമയങ്ങളിൽ നൽകേണ്ടതുണ്ട്. ആ ഒരു മഹത്തായ ലക്ഷ്യത്തിന് വേണ്ടിയാണ് ഞാൻ ജോലി ചെയ്യുന്നത് എന്ന് തൊഴിലാളികൾ മനസ്സിലാക്കുമ്പോഴാണ് അവർക്ക് സ്ഥാപനത്തോട് കൂടുതൽ ബന്ധവും ആത്മവിശ്വാസവുമുണ്ടാവുന്നത്. നിഗൂഢവും സംശയകരവുമായ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അല്ലെങ്കിൽ വിഷന് വിപരീതമായി പ്രവർത്തിക്കുന്ന നേതൃത്വത്തിന് കീഴിൽ ജീവനക്കാർക്ക് വിശ്വസ്തതയോടെ ജോലി ചെയ്യാനാവില്ല.

ഒരു ബിസിനസിനോ ബ്രാൻഡിനോ ഇനിയും അതിന്റേതായ വിഷൻ സെറ്റ് ചെയ്യാനായിട്ടില്ലെങ്കിൽ, അതിന് വ്യക്തത വന്നിട്ടില്ലെങ്കിൽ, അല്ലെങ്കിൽ നിലവിലെ വിഷനെ പുനർനിർണയിക്കാനാഗ്രഹിക്കുന്നെങ്കിൽ ഇനിയും അവസരമുണ്ട്. നിങ്ങളുടെ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം, ശക്തി, ഉപഭോക്താക്കൾക്ക് നൽകുന്ന മൂല്യം എന്നിവ മനസ്സിലാക്കുകയും, കൂടെ ഒരു സ്ഥാപനം എന്തിനാണ് നിലനിൽക്കുന്നത്? ആ സ്ഥാപനത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന കാരണം എന്താണ്? സ്ഥാപനം ഭാവിയിൽ എന്താണ് നേടാൻ ആഗ്രഹിക്കുന്നത്? അല്ലെങ്കിൽ എന്ത് നിലയിൽ എത്താനാണ് ആഗ്രഹിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുന്നതിലൂടെ അതിന് തുടക്കമിടാം, ഇത് സ്വന്തമായി ചെയ്യാനാവുന്നില്ലെങ്കിൽ പ്രൊഫഷണൽ സഹായവുമെടുക്കാം.

വിഷൻ, മിഷൻ, വാല്യൂസ് തുടങ്ങിയവ വലിയ സ്ഥാപനങ്ങൾക്ക് മാത്രമല്ല, ഏതൊരു ചെറുകിട സംരംഭത്തെയും വ്യക്തികളെയും മുന്നോട്ട് നയിക്കാൻ അത് കരുത്തേകും. മികച്ച ദീർഘവീക്ഷണമുള്ള ഒരു നേതാവുള്ള സ്ഥാപനങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകും, അത് ജീവനക്കാരെയും നിക്ഷേപകരെയും ഉപഭോക്താക്കളെയും ഒരുപോലെ പ്രചോദിപ്പിക്കും. എക്കാലത്തും മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് ലോകത്ത്, ദീർഘകാല വിജയം ലക്ഷ്യമിടുന്ന സ്ഥാപനങ്ങൾക്ക്, വ്യക്തമായ വിഷൻ, നന്നായി നിർവചിക്കപ്പെട്ട മിഷൻ, ശക്തമായ മൂല്യങ്ങൾ എന്നിവ ഉറപ്പ് വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.