
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു വിപണിയാണ് നമുക്ക് ചുറ്റുമുള്ളത്. നിര്‍മിതബുദ്ധി, ആഗോള ട്രെന്‍ഡുകള്‍, വ്യാവസായിക മാറ്റങ്ങള്‍, ഡിജിറ്റലൈസേഷന്‍ തുടങ്ങിയവയല്ലാം ഇതിന് ആക്കംകൂട്ടുന്നു. ഈ മത്സരത്തില്‍ പിടിച്ചുനില്‍ക്കാനും ലാഭം കൊണ്ടുവരാനും മികച്ച പ്രകടനം കാഴ്ചവെക്കാനും കൃത്യമായ സമയപരിധിക്കുള്ളില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനും ഓരോ സ്ഥാപനവും അവരുടെ മേഖലയില്‍ ശക്തമായ സാന്നിധ്യമായി നിലനില്‍ക്കാനും വളരെയേറെ പരിശ്രമിക്കേണ്ടതുണ്ട്.
ഇതിനെല്ലാം പരിഹാരമായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുടെ മുകളില്‍ അമിത സമ്മര്‍ദം കൊടുക്കുക, അമിതമായ ജോലിഭാരം, ഒരിക്കലും നേടാനാവാത്ത ടാര്‍ഗറ്റുകള്‍ നല്‍കുക, മാനസിക പീഡനങ്ങള്‍ നടത്തുക എന്നിവയൊക്കെയാണ് പല സ്ഥാപനങ്ങളും ചെയ്തുപോരുന്നത്. എന്നാല്‍ ബിസിനസ് വളര്‍ത്താന്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരെ ശാരീരികമായി വരെ പീഡിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടലുണ്ടാക്കുന്നു
Also Read
സമ്മര്‍ദം ബിസിനസ് വളര്‍ത്തുമോ?
ജോലി ചെയ്യുന്നവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ വേണ്ടി ആരോഗ്യകരമായ ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്നതും ടാര്‍ജറ്റ് നല്‍കുന്നതും പെര്‍ഫോമന്‍സ് വിലയിരുത്തുന്നതുമെല്ലാം സ്ഥാപനത്തിന്റെയും വ്യക്തികളുടെയും വളര്‍ച്ചയ്ക്കും നവീന ആശയങ്ങള്‍ക്കും പ്രചോദനം നല്‍കും. എങ്കിലും അമിതസമ്മര്‍ദവും അപ്രാപ്യമായ ലക്ഷ്യങ്ങള്‍ നല്‍കുന്നതും മാനസിക പീഡനങ്ങള്‍ നല്‍കുന്നതും സ്ഥാപനത്തെയും വ്യക്തികളെയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മോശമായിത്തന്നെ ബാധിക്കും.
സാധാരണ കംഫര്‍ട്ടബിളായ മേഖലയില്‍ സ്ഥിരമായി നിലനില്‍ക്കാതെ പരിശ്രമത്തിലൂടെയും പഠനത്തിലൂടെയും കുറച്ചുകൂടി മുന്നോട്ട് പോകാനും പരിധികള്‍ വലുതാക്കാനും ശ്രമിക്കുമ്പോഴാണ് സ്വഭാവികമായും വളര്‍ച്ച ഉണ്ടാകുന്നത്. എന്നാല്‍, അമിതമായ സമ്മര്‍ദങ്ങളും ജോലിഭാരവും അപ്രാപ്യമായ ലക്ഷ്യങ്ങളുമെല്ലാം തൊഴില്‍ അന്തരീക്ഷം വഷളാക്കുന്നു. അത് ജോലിയോട് മടുപ്പുണ്ടാക്കുകയും (Burnout) പ്രചോദനം നഷ്ടപ്പെടുത്തുകയും സ്ഥാപനത്തിലെ പരസ്പരബന്ധങ്ങള്‍ ആരോഗ്യകരമല്ലാതാക്കുകയും സ്റ്റാഫിന്റെ കൊഴിഞ്ഞുപോക്കിന് കാരണമാവുകയും അത് സ്ഥാപനത്തിന്റെ മൊത്തം പ്രകടനത്തെ തന്നെ ബാധിക്കുകയും ചെയ്യുന്നു. ആരോഗ്യകരമല്ലാത്ത ഒരു തൊഴില്‍ സംസ്‌കാരം ജീവനക്കാരെ മാത്രമല്ല ദോഷകരമായി ബാധിക്കുന്നത്. അത് നിശ്ശബ്ദമായി ബിസിനസ്സിന്റെ അടിത്തറയെ തന്നെ കാര്‍ന്നുതിന്നുന്നു.
സ്ഥാപനങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും?
ഒരു സംരംഭത്തിന്റെ വളര്‍ച്ചയ്ക്കും വിജയത്തിനും അതിലെ ജീവനക്കാരുടെ കഴിവുകള്‍ക്കും മത്സരശേഷിക്കും നിര്‍ണായക പങ്കുണ്ട്. സമ്മര്‍ദത്തിന് പകരം പരിശീലനത്തിലൂടെയാണ് ഇത് നേടാനാവുന്നത്.
അതുകൊണ്ട് തന്നെ വാര്‍ഷിക വരുമാനത്തില്‍ ഒരു വിഹിതം പരിശീലനത്തിന് (Learning and Development) വേണ്ടി ചെലവാക്കേണ്ടതുണ്ട്. എന്നാല്‍, ഒട്ടുമിക്ക സ്ഥാപനങ്ങളും പരിശീലനങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല എന്നതാണ് സത്യം. പരിശീലനം കൊടുത്ത സ്റ്റാഫ് പിരിഞ്ഞുപോയാല്‍ അത് നഷ്ടമാണ് എന്നാണ് പല സ്ഥാപനങ്ങളും മനസിലാക്കിയിട്ടുള്ളത്.
ഒരു പരിശീലനവും ലഭിക്കാത്ത, ഒട്ടും ഉത്പാദനക്ഷമമല്ലാത്ത ഒരു കൂട്ടം സ്റ്റാഫിനെക്കൊണ്ട് ഒരു സ്ഥാപനം നടത്തിക്കൊണ്ട് പോകുമ്പോള്‍ എന്തുമാത്രം നഷ്ടമായിരിക്കും ആ സ്ഥാപനത്തിന് സംഭവിക്കുന്നുണ്ടാവുക. എത്രമാത്രം പരിശ്രമമായിരിക്കും ഇത്തരം ആളുകളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ വേണ്ടിവരിക!
ഇതിനെ Cost of inaction എന്ന് വിളിക്കാം അഥവാ സ്റ്റാഫിന്റെ കഴിവുകള്‍ക്ക് മൂര്‍ച്ച കൂട്ടാത്തത് കൊണ്ട് സ്ഥാപനത്തിനുണ്ടാവുന്ന നഷ്ടം അത് വളരെ വലുതായിരിക്കും.
ദീര്‍ഘകാലത്തേക്ക് ചിന്തിക്കുക
പരിശീലനം കൊടുക്കാതിരിക്കുമ്പോള്‍ അതൊരു സ്ഥാപനത്തിന് തല്‍ക്കാലം ഒരു ചെറിയ ലാഭം കൊണ്ടുവന്നേക്കാം. ഉദാഹരണത്തിന് ഒരു പരിശീലനത്തിന് ഒരു നല്ല പരിശീലകന് കൊടുക്കേണ്ട സംഖ്യയും പരിശീലനം നടത്താതെ ആ ദിവസംകൂടി ജോലി ചെയ്ത ലാഭവും പിന്നെ പരിശീലനത്തിന് വേണ്ട മറ്റ് സൗകര്യങ്ങളുടെ ചെലവും ലാഭമാണ്. എന്നാല്‍ ഒരു സ്ഥാപനത്തിന്റെ വളര്‍ച്ച ദീര്‍ഘകാലടിസ്ഥാനത്തില്‍ നോക്കിക്കാണുമ്പോള്‍ ആ ചെലവ് എത്രയോ ചെറുതാണ്. ചിലപ്പോള്‍ ഒന്നോ രണ്ടോ സ്റ്റാഫിന് ഒരു മാസം കൊടുക്കേണ്ട ശമ്പളം മതിയാവും അതിന്, എന്നാല്‍ പരിശീലനത്തെക്കുറിച്ച് ദീര്‍ഘവീക്ഷണമില്ലാതിരിക്കുമ്പോള്‍ അത് ഉണ്ടാക്കുന്നത് വന്‍ നഷ്ടം തന്നെയാണ്.
പരിശീലനത്തിന്റെ പ്രാധാന്യം
Association for Talent Development's (ATD) റിപ്പോര്‍ട്ട് പ്രകാരം അമേരിക്കാന്‍ കമ്പനികള്‍ അവരുടെ വാര്‍ഷിക ബജറ്റിന്റെ 12 ശതമാനമാണ് ജീവനക്കാരുടെ പരിശീലനത്തിന് (ലേര്‍ണിംഗ് & ഡെവലപ്പമെന്റ് )വേണ്ടി ചെലവഴിക്കുന്നത്.
LinkedIn Workplace Learning Report പ്രകാരം ഇന്ത്യന്‍ കമ്പനികള്‍ അവരുടെ L&D ബജറ്റ് മുന്‍ വര്‍ഷത്തേക്കാള്‍ 24.7% ഉയര്‍ത്തിയതായി പറയുന്നു. ഓരോ സ്ഥാപനവും അവരുടെ തൊഴിലാളികളുടെ പരിശീലനത്തിന് നല്‍കേണ്ട പ്രാധാന്യമാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പരിശീലനം ചെലവല്ല, നിക്ഷേപമാണ്
മറ്റെന്തൊരു നിക്ഷേപം പോലെയും പ്രധാനപ്പെട്ടത് തന്നെയാണ് മനുഷ്യവിഭവശേഷി (Human Resource) എന്ന നിക്ഷേപം. അത് സ്ഥാപനത്തിന്റെ ഹൃദയം കൂടിയാണ് അതുകൊണ്ട് ഓരോ ഘട്ടത്തിലും അവര്‍ക്ക് വേണ്ട പരിശീലനം നല്‍കേണ്ടതുണ്ട്.
''ഞങ്ങള്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നില്ല, അവര്‍ പിരിഞ്ഞുപോയാലോ?'' എന്ന് ചോദിക്കുമ്പോഴും അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് സ്ഥാപനത്തില്‍ തുടരുന്ന ജീവനക്കാര്‍. അത് കൊണ്ടുതന്നെ അവര്‍ക്ക് നല്‍കുന്ന പരിശീലനങ്ങള്‍ ചെലവിനേക്കാള്‍ നിക്ഷേപമായാണ് കണക്കാക്കേണ്ടത്.
ഖമറുദ്ദീൻ എഴുതിയ കൂടുതൽ ലേഖനങ്ങൾ വായിക്കാം
പരിശീലനം ഒരിക്കല്‍ മാത്രം മതിയോ?
എല്ലാ സ്ഥാപനങ്ങളും പരിശീലനം നല്‍കുന്നുണ്ട്, അതുകൊണ്ട് നമുക്കും വേണം പരിശീലനം എന്ന രീതിയില്‍ പരിശീലനത്തിനുവേണ്ടി വര്‍ഷത്തിലൊരിക്കല്‍ മാത്രം ഒരു ആചാരം പോലെ ചില സ്ഥാപനങ്ങള്‍ പരിശീലനം നൽകാറുണ്ട്. പരിശീലനങ്ങള്‍ കേവലം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തേണ്ട ഒരു കാര്യമല്ല. മറിച്ച് എന്ത് മേഖലകളിലാണോ പ്രശ്‌നങ്ങളുള്ളത്, അല്ലെങ്കില്‍ ഏത് മേഖലയിലാണോ സ്ഥാപനത്തിനും സ്റ്റാഫിനും വളര്‍ച്ച ആവശ്യമുള്ളത് എന്ന് മനസ്സിലാക്കി ശരിയായ വിലയിരുത്തലുകള്‍ (Training Need Analysis -TNA) നടത്തി വിദഗ്ദ്ധരായ പരിശീലകരെക്കൊണ്ട് വിവിധ ഘട്ടങ്ങളില്‍ പരിശീലനങ്ങള്‍ നടത്തേണ്ടതുണ്ട്. വലിയ സ്ഥാപനങ്ങളാണെങ്കില്‍ ലേണിംഗ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഡിവിഷന്‍ ( L&D) വളരെ സജീവമായിത്തന്നെ പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ഒരു സ്ഥാപനത്തിലെ ജീവനക്കാരെ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന ഒരു ടീമാക്കി മാറ്റുന്നതിന് വേണ്ടി തൊഴിലിന്റെ വിവിധ ഘട്ടങ്ങളില്‍ നടത്തേണ്ട പരിശീലനങ്ങളെയും ഇടപെടലുകളെയും കുറിച്ച് അലന്‍ ഡ്രെക്സ്ലര്‍, ഡേവിഡ് സിബെറ്റ് എന്നിവര്‍ ചേര്‍ന്ന് ഒരു നല്ല തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്താനും സ്റ്റാഫിനെ ഒറ്റ ടീമാക്കി മാറ്റുന്നതിനും ജോലിയില്‍ സുസ്ഥിരമായ നല്ല പ്രകടനം കാഴ്ച വെക്കാനും വേണ്ട വിവിധ രീതികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. The Drexler/Sibbet Team Performance Model എന്നാണ് ഇത് അറിയപ്പെടുന്നത്. അതിലെ വിവിധ ഘട്ടങ്ങളാണ് താഴെ പറയുന്നത്.
1. ഓറിയന്റേഷന്‍
ഒരു സ്ഥാപനത്തിലേക്ക് ഏതൊരു വ്യക്തി കടന്നുവരുമ്പോഴും കേവലം പരിചയപ്പെടുത്തല്‍ മാത്രം മതിയാവില്ല. എന്തിന് അദ്ദേഹം അവിടെ ജോലി ചെയ്യണം എന്ന കാര്യത്തില്‍ അവര്‍ക്ക് വ്യക്തതയുണ്ടാവണം. അതിനെയാണ് ഓറിയന്റേഷന്‍ എന്ന് പറയുന്നത്. അത് ലഭിക്കുമ്പോഴാണ് ഒരാള്‍ക്ക് അദ്ദേഹം ആ സ്ഥാപനത്തിന്റെ പ്രധാന ഘടകമാണ് എന്ന തോന്നലുണ്ടാവുന്നത്. അത് ലഭിക്കാതിരുന്നാല്‍ ഭയത്തോടെയും വ്യക്തതയില്ലാതെയുമാണ് ജോലി ചെയ്യുന്നുണ്ടാവുക.
2. പരസ്പര വിശ്വാസം
കേവലം പരിജയപ്പെടലിനപ്പുറം ഒരു സ്ഥാപനത്തില്‍ തന്റെ കൂടെ ജോലി ചെയ്യുന്നവരെ ആഴത്തില്‍ അറിയാന്‍ അവസരമുണ്ടാക്കണം. ടീം ബില്‍ഡിംഗ്, പരിശീലനം, ടീം ഔട്ടിങ്, ഔട്ട്ബൗണ്ട് പരിശീലനങ്ങള്‍, യാത്രകള്‍ തുടങ്ങിയവയെല്ലാം ഇതിന് അവസരമുണ്ടാക്കുന്നു. ആളുകള്‍ തമ്മില്‍ പരസ്പരവിശ്വാസം രൂപപ്പെടാനും പരസ്പരം മറയില്ലാതെ അവനവനായിത്തന്നെ ഇടപഴകാനും ഇത് സഹായിക്കുന്നു.
3. ലക്ഷ്യങ്ങളില്‍ വ്യക്തത വരുത്തു
സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍, മൂല്യങ്ങള്‍ എന്നിവ മനസ്സിലാക്കുകയും അതിന്റെ കൂടെ സ്വന്തം ലക്ഷ്യങ്ങള്‍ ഒത്തുപോവുകയും ചെയ്യുമ്പോഴാണ് ഒരാള്‍ക്ക് ഏറ്റവും നന്നായി പ്രവര്‍ത്തിക്കാനാവുന്നത്. സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുന്ന വിഷന്‍ വര്‍ക്ക്ഷോപ്പ് പോലെയുള്ള പരിശീലനങ്ങള്‍ ഇതിന് സഹായിക്കും. സ്ഥാപനത്തെയും നേതൃത്വത്തെയും സംശയത്തോടെ നോക്കിക്കാണാതെ വ്യക്തമായി മനസ്സിലാക്കാനും , ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാനും ഇത് സഹായിക്കും.
4. ഉത്തരവാദിത്തബോധം
എന്തൊക്കെയാണ് ചെയ്യേണ്ടത്, എങ്ങനെയാണ് സ്ഥാപനത്തിലെ റിസോഴ്‌സുകള്‍ ഉപയോഗിക്കേണ്ടത്, ഇങ്ങിനെയാണ് ജോലി ചെയ്യേണ്ട സമയക്രമം തുടങ്ങിയ കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തുന്ന പരിശീലനങ്ങള്‍ ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.
5. റോളുകളിലെ വ്യക്തത
ആര് എന്ത് എപ്പോള്‍ എങ്ങിനെ ജോലി ചെയ്യുന്നു എന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. എങ്ങനെ സംവദിക്കണം, ആർക്ക് റിപ്പോര്‍ട്ട് ചെയ്യണം, എങ്ങനെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കണം, ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ ആരെ സമീപിക്കണം തുടങ്ങിയവയിലെല്ലാം വ്യക്തത വരുമ്പോഴാണ് പരസ്പരം തര്‍ക്കങ്ങളില്ലാതെ അവനവന്റെ ജോലി ഭംഗിയായി ചെയ്യാനാവുന്നത്.
6. നല്ല പ്രകടനം കാഴ്ചവെക്കുമ്പോള്‍
മുകളില്‍ പറഞ്ഞ കാര്യങ്ങളൊക്കെ നന്നായി ചെയ്യുമ്പോഴാണ് ഒരു ടീം നന്നായി പ്രവര്‍ത്തിക്കുന്നത് എന്നാല്‍, അത്തരം ഘട്ടങ്ങളില്‍ വിജയങ്ങള്‍ക്ക് വേണ്ട അംഗീകാരം നല്‍കുക, പരിഗണന നല്‍കുക, പുതിയ ലക്ഷ്യങ്ങള്‍ ദൗത്യങ്ങള്‍ എന്നിവ ഏല്‍പ്പിക്കുക തുടങ്ങിയവ ഈ ഘട്ടത്തില്‍ പ്രധാനമാണ്.
7. തളര്‍ച്ച വരുമ്പോള്‍
ഒരുപാട് കാലം ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തളര്‍ച്ച വരുന്നത് സ്വാഭാവികമാണ്. ഇനിയും എന്തിന് ജോലിയില്‍ തുടരണം എന്ന ചിന്ത പലര്‍ക്കും വരാം. ജോലി ചെയ്യുന്നത് യാന്ത്രികമായി മാറുന്നതും ഈ ഘട്ടത്തിലാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ടീമംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തുക, അവരെ കേള്‍ക്കുക പുതിയ ഉത്തരവാദിത്തങ്ങള്‍ നല്‍കുക, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുക, അര്‍ഹിക്കുന്ന പരിഗണന നല്‍കുക , അടുത്ത ഘട്ടത്തിലേക്ക് വളരാനുള്ള പരിശീലനം നല്‍കുക എന്നിവയെല്ലാം പ്രധാനമാണ്.
കേവലം ഒന്നോ രണ്ടോ പരിശീലനങ്ങളിലൊതുങ്ങാതെ ഒരാള്‍ ഒരു ജോലിയില്‍ കയറി ജോലി ചെയ്ത് നല്ല രീതിയില്‍ പിരിഞ്ഞുപോകുന്നത് വരെയുള്ള ഓരോ ഘട്ടങ്ങളിലും അതാത് സമയങ്ങളില്‍ വേണ്ട പരിശീലനങ്ങള്‍ നല്‍കേണ്ടതുണ്ട്. കൂടെ സോഫ്റ്റ് സ്‌കില്ലുകള്‍, സാങ്കേതികവിദ്യകള്‍, ജോലിയിലെ പ്രത്യേക ഘട്ടങ്ങളില്‍ വേണ്ട കഴിവുകളില്‍ ഉള്ള പരിശീലനം, മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍, ശരിയായ രീതിയില്‍ സെയില്‍സ് നടത്തുന്നത്, പുത്തന്‍ സാങ്കേതികവിദ്യകളിലെ പരിശീലനം എന്നിവയെല്ലാം ഇതിന്റെ ഭാഗമാക്കാം .
കൂടെ, ജീവനക്കാരെ തളര്‍ത്താതെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന യാഥാര്‍ഥ്യബോധ്യവും അര്‍ഥവത്തായതുമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക, ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയെ പ്രോത്സാഹിപ്പിക്കുക, മാനസികാരോഗ്യത്തില്‍ പിന്തുണ നല്‍കുക, ആരോഗ്യ പരിപാടികള്‍ സംഘടിപ്പിക്കുക, കൗണ്‍സിലിങ് കോച്ചിംഗ് എന്നിവ നല്‍കുക, ഭയമില്ലാതെ അഭിപ്രായങ്ങള്‍ പറയാനും ആശയങ്ങള്‍ അവതരിപ്പിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുക, പരിശ്രമങ്ങളെ അംഗീകരിക്കുക, ചെറിയ വിജയങ്ങള്‍ പോലും ആഘോഷിക്കുക എന്നിവയെല്ലാം ഉറപ്പ് വരുത്തേണ്ടതുണ്ട്.
ഓരോ വ്യക്തിയും ഒരു സ്ഥാപനത്തിന്റെ നിക്ഷേപമാണ് മുഖമാണ്. അത് നന്നായിരിക്കണം, പ്രതികരണശേഷിയുള്ളതാകണം, ഊര്‍ജസ്വലവും നൂതനവുമായിരിക്കണം. അതിനുവേണ്ട നിക്ഷേപമാണ് നിരന്തര പരിശീലനങ്ങളിലൂടെ നടത്തുന്നത്. അത് ഭാവിയിലും സ്ഥാപനങ്ങള്‍ തകര്‍ന്നുപോകാതെ നിലനിര്‍ത്താനുള്ള കരുത്താകും.
Content Highlights: Employee Training: Key to Business Growth
Published: 11 Apr 2025, 03:20 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented