
ഒരു ബിസിനസ് സംരംഭം തുടങ്ങുമ്പോഴുള്ള ഏറ്റവും വലിയ ചോദ്യമാണ് ആ ബിസിനസ് സംരംഭം വിജയിക്കുമോ എന്നത്. ആ ഉത്പന്നം അല്ലെങ്കിൽ സേവനം ആളുകൾക്ക് ആവശ്യമുണ്ടോ?. ഒരുപാട് പ്രയത്നിച്ച് വർഷങ്ങൾ കഴിയുമ്പോഴായിരിക്കും തന്റെ സംരംഭം വിജയസാധ്യത ഉള്ളതായിരുന്നില്ല അല്ലെങ്കിൽ യഥാർഥ ഉപഭോക്താക്കളിലേക്ക് എത്തിയില്ല എന്നൊക്കെ മനസ്സിലാക്കുന്നത്. എന്നാൽ, ഈ തിരിച്ചറിവ് വരുമ്പോഴേക്കും ഒരുപാട് പണവും പ്രയത്നവുമെല്ലാം നഷ്ടപ്പെട്ടിട്ടുമുണ്ടാവും.
പലപ്പോഴും സംരംഭങ്ങൾ തുടങ്ങുന്നത് അത് വിജയിക്കും എന്നുള്ള ഒരു ഉൾക്കാഴ്ച മനസ്സിലുള്ളതുകൊണ്ടാകാം. എന്നാൽ, ഒരു ബിസിനസ് വിജയിക്കുമോ എന്നറിയാൻ ഈ ഉൾക്കാഴ്ച മാത്രം മതിയാവില്ല. ഒരു ആശയം രൂപപ്പെട്ട് കഴിഞ്ഞാൽ ആ ആശയത്തോട്, അല്ലെങ്കിൽ നിങ്ങൾ മാർക്കറ്റിൽ ഇറക്കാനാഗ്രഹിക്കുന്ന ആ ഉത്പന്നത്തോട് അത് വാങ്ങാൻ സാധ്യതയുള്ളയാളുകൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നേരത്തെ അറിഞ്ഞിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിന് ഉൾക്കാഴ്ച മാത്രം മതിയാവില്ല. അതിലേക്ക് ‘ഡാറ്റ’ കൂടെ ആവശ്യമുണ്ട്. മാർക്കറ്റ് റിസർച്ചിലൂടെയാണ് ഈ ഡാറ്റ ലഭിക്കുന്നത്. അതിനാൽ, ഏതൊരു സംരംഭം ആരംഭിക്കുമ്പോഴും പുതിയ ഉത്പന്നമോ സേവനമോ നൽകുമ്പോഴും ഒരു സംരംഭം നിലവിലുള്ള രീതിയിൽ നിന്ന് മാറ്റങ്ങൾ കൊണ്ടുവരുമ്പോഴുമെല്ലാം ശരിയായ മാർക്കറ്റ് റിസർച്ച് നടത്തിയിരിക്കണം.
എന്താണ് മാർക്കറ്റ് റിസർച്ച്?
ഒരു സേവനത്തിന്റെയോ ഉത്പന്നത്തിന്റെയോ സാധ്യത നിർണയിക്കാൻ അതിന്റെ ഉപഭോക്താക്കളെക്കുറിച്ചും അത് ഇറക്കുന്ന വിപണിയെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ച് മനസ്സിലാക്കുന്ന രീതിയാണ് മാർക്കറ്റ് റിസർച്ച്. അതിൽ മാർക്കറ്റിനെക്കുറിച്ചുള്ള പഠനങ്ങൾ, ആളുകളുമായുള്ള അഭിമുഖങ്ങൾ, സർവേകൾ, ഫോക്കസ് ഗ്രൂപ്പുകളിലെ ചർച്ചകൾ, നിലവിലെ ബിസിനസ് ഡാറ്റ വെച്ചുള്ള വിശകലനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടും.
മാർക്കറ്റ് റിസർച്ചിലൂടെ വിവരങ്ങൾ ശേഖരിച്ച് പഠനം നടത്തി അതിനെ കൃത്യമായി വിലയിരുത്തി ആ ഉത്പന്നം വാങ്ങാൻ സാധ്യതയുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും മനസ്സിലാക്കുക, ഇറക്കുന്ന ഉത്പന്നമോ സേവനമോ അവരുടെ ആവശ്യങ്ങൾക്ക് എത്രത്തോളം അനുയോജ്യമാണെന്നും തിരിച്ചറിയുക. ഫീൽഡിലെ എതിരാളികൾ, ഇൻഡസ്ട്രിയിലെ പുതിയ ട്രെൻഡുകൾ, പുതിയ സാധ്യതകൾ, എന്ത് വിലനിർണ്ണയ തന്ത്രമാണ് ഉപയോഗിക്കേണ്ടത് എന്നെല്ലാം മനസ്സിലാക്കുന്നതാണ് മാർക്കറ്റ് പഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
പുതിയ ഉത്പന്നങ്ങൾക്ക് മാത്രമാണോ മാർക്കറ്റ് റിസർച്ച്?
പുതിയ ഉത്പന്നങ്ങൾക്കും സംരംഭങ്ങൾക്കും മാത്രമല്ല മാർക്കറ്റ് റിസർച്ച്. നിലവിൽ പ്രവർത്തിക്കുന്ന മേഖലയിൽ പുതിയ പ്രവണതകൾ വന്നേക്കാം. അതുകൊണ്ട് ബിസിനസ്സിന്റെ ഓരോ ഘട്ടത്തിലും തുടർന്നുകൊണ്ടിരിക്കേണ്ട ഒരു കാര്യമാണ് മാർക്കറ്റ് റിസർച്ച്. പല ബിസിനസുകളും അതിന്റെ വളർച്ചയുടെ സീലിങ്ങിൽ മുട്ടി വളർച്ച മുരടിച്ചു പോകാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ ബിസിനസ് വീണ്ടും വളർത്താനുള്ള പുതിയ സ്ഥലങ്ങൾ പഠിക്കുക, മാർഗങ്ങൾ കണ്ടെത്തുക, അല്ലെങ്കിൽ ഓരോ ബിസിനസിനും നിലവിലുള്ള മാർക്കറ്റിനപ്പുറമുള്ള ഒരു സെക്കൻഡ് മാർക്കറ്റോ തേർഡ് മാർക്കറ്റോ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങൾക്കെല്ലാം മാർക്കറ്റ് റിസർച്ച് ഉപയോഗപ്പെടുത്താം. ഈ ഡാറ്റ വെച്ച് ബിസിനുസകൾക്ക് ചെറുതും വലുതുമായ നിരവധി തീരുമാനങ്ങൾ എടുക്കാനും കഴിയും.
എങ്ങനെ റിസർച്ച് ചെയ്യാം?
ഏതൊരു സ്ഥാപനത്തിനും അവരുടെ സ്വന്തം റിസർച്ച് ടീമിനെ വെച്ചോ അല്ലെങ്കിൽ പുറത്ത് നിന്നുള്ള ഇത്തരം പഠനങ്ങൾ നടത്തുന്നതിൽ വിദഗ്ധരായ ടീമിനെ വെച്ചോ മാർക്കറ്റ് റിസർച്ച് നടത്താം. ഒരു സ്ഥാപനം സ്വന്തമായിത്തന്നെ അതിന്റെ ഉത്പന്നങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ ആ ഉല്പന്നത്തോടോ, സേവനത്തോടെ ഉള്ള ഇഷ്ടം, ഇമോഷണൽ അറ്റാച്ച്മെന്റ് എന്നിവയൊക്കെ ഫലത്തെ ബാധിക്കാം. എന്നാൽ പുറത്ത് നിന്നുള്ള ഒരു ടീം പഠിക്കുമ്പോൾ ഒരു പ്രത്യേക ചായ്വില്ലാതെ പഠനം നടത്താനാവും.
1. ലക്ഷ്യങ്ങൾ നിർണയിക്കുക
എന്തിന് വേണ്ടിയാണ് ഈ പഠനം നടത്തുന്നത്? അല്ലെങ്കിൽ ഈ മാർക്കറ്റ് റിസർച്ച് ചെയ്ത് കഴിഞ്ഞാൽ എന്താണ് ലഭിക്കേണ്ടത്? എന്ന് തിരിച്ചറിയുക. അത് ഒരുപക്ഷേ മുകളിൽ പറഞ്ഞ ലക്ഷ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളുടെ താല്പര്യങ്ങൾ മനസ്സിലാക്കുക, അല്ലെങ്കിൽ മാർക്കറ്റിന്റെ വ്യാപ്തി എത്രത്തോളമുണ്ട് എന്നറിയുക, ഡിമാൻഡ് അറിയുക തുടങ്ങി എന്തുമാവാം. ഈ ലക്ഷ്യങ്ങൾ ഉണ്ടാവുന്നത് വളരെ ഫോക്കസ്ഡ് ആയി പഠനം നടത്താൻ സഹായിക്കും.
2. എവിടെ പഠനം നടത്തണം എന്നറിയുക
ഒരു പ്രൊഡക്റ്റ് വിൽക്കാനാഗ്രഹിക്കുന്ന മേഖല മനസ്സിലാക്കിയാവണം പഠനം നടത്തേണ്ടത്. ഉദാഹരണമായി ഒരു പ്രത്യേക സ്ഥലത്താണ് ഉത്പന്നം വിൽക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ, ആ പ്രദേശത്ത് പഠനം നടത്തുക. അല്ലെങ്കിൽ ഏത് വയസ്സുകാർക്കാണ്, സ്ത്രീകൾക്കിടയിലാണോ, പുരുഷന്മാർക്കിടയിലാണോ, ഉത്പന്നം വിൽക്കേണ്ടത്, ഏത് വരുമാനക്കാരെയാണ് ശ്രദ്ധിക്കുന്നത് എന്നിവയൊക്കെ മനസ്സിലാക്കിയാൽ വളരെ കൃത്യമായ റിസൾട്ട് ലഭിക്കും.
3. ഉപഭോക്താക്കളുടെ മനഃശാസ്ത്രം മനസ്സിലാക്കുക
ആളുകളുടെ ആഗ്രഹങ്ങൾ, മൂല്യങ്ങൾ, ലക്ഷ്യങ്ങൾ, ലൈഫ്സ്റ്റൈൽ ഇവയൊക്കെ മനസ്സിലാക്കുന്നത് പഠനം കൂടുതൽ എളുപ്പമാക്കും. ഉദാഹരണത്തിന് ഒരാൾ ഒരു കാറെടുക്കുന്നത് ഒരു ഗതാഗത സൗകര്യം എന്ന രീതിയിലാവില്ല. അത് അദ്ദേഹത്തിന്റെ മനഃശാസ്ത്രപരമായ ഒരു ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാവാം. അതുമല്ലെങ്കിൽ സാമ്പത്തിക നില സൂചിപ്പിക്കാനാവാം, അത്തരം കാര്യങ്ങൾ മനസ്സിലാക്കിയാൽ പഠനം എളുപ്പമാകും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരസ്യങ്ങൾ നൽകുമ്പോൾ ഇത്തരം വിഷയങ്ങൾ എത്രമാതരം കൃത്യതയോടെ നൽകാനാവുമോ അത്രയും കൂടുതൽ യഥാർത്ഥ ഉപഭോക്താക്കളിലേക്ക് പരസ്യങ്ങൾ എത്തിച്ചേരും.
4. റിസർച്ച് രീതി തിരഞ്ഞെടുക്കുക
ഇനി ഏത് റിസർച്ച് രീതിയാണ് നമ്മുടെ പഠനത്തിന് ചേരുക എന്ന് മനസ്സിലാക്കി തിരഞ്ഞെടുക്കേണ്ടതുണ്ട്. അത് സർവേ, ഇന്റർവ്യൂ, ഫോക്കസ്ഡ് ഗ്രൂപ്പ് ഡിസ്കഷൻ അങ്ങിനെ ഏത് രീതിയുമാവാം. കൂടാതെ, നേരത്തെ ആ മേഖലയിൽ നടന്ന പഠനങ്ങൾ, വിദഗ്ധരുടെ വിലയിരുത്തലുകൾ എന്നിവകൂടെ ഉപയോഗപ്പെടുത്താം.
5. ചോദ്യങ്ങൾ തയ്യാറാക്കുക
വേണ്ട ഫലം കിട്ടാനുള്ള ചോദ്യങ്ങൾ, ഡിസ്ക്കഷൻ ഗൈഡ്സ്, ഒബ്സർവേഷൻ പ്രോട്ടോക്കോൾ എന്നിവയൊക്കെ തയ്യാറാക്കുക എന്നത് വളരെ പ്രധാനമാണ്, ചോദ്യങ്ങൾ തയ്യാറാക്കുമ്പോൾ ഒരു ചായ്വുമില്ലാത്ത ചോദ്യങ്ങളാവാൻ ശ്രദ്ധിക്കുക.
6. ഡാറ്റ കളക്ഷൻ
കൃത്യമായ പഠന രീതിയിലൂടെ ഡാറ്റ ശേഖരിച്ച് അത് ഒരുമിപ്പിച്ച് വിശകലനം നടത്തുമ്പോഴാണ് ഡാറ്റ വിശകലനം നടത്താനും ടേബിൾ രൂപത്തിലോ ഗ്രാഫുകളാക്കിയോ മാറ്റാനുമാവുന്നത്.
7. വ്യാഖ്യാനിക്കുക
അടുത്തഘട്ടം, ഇതിനെയെല്ലാം വ്യാഖ്യാനിച്ച് പ്രവർത്തനങ്ങളിലേക്ക് മാറ്റുക എന്നതാണ്. കിട്ടിയ ഡാറ്റയെ വിലയിരുത്തിക്കഴിയുമ്പോഴാണ് നിശ്ചിത ശതമാനം ആളുകൾ തിരഞ്ഞെടുക്കുന്നത് ഈ രീതിയിലുള്ള ഉത്പന്നമാണ് എന്ന് മനസ്സിലാവുന്നത്. അതിൽനിന്ന് പല പാറ്റേണുകളും ലഭിക്കാം, ട്രെൻഡുകൾ മനസ്സിലാക്കാം. വിവിധ വിഷയങ്ങൾ തമ്മിൽ ബന്ധങ്ങളുണ്ടോ എന്നുമറിയാം.
ഈ കാര്യങ്ങൾ ചെയ്തു കഴിയുമ്പോഴാണ് ഊഹാപോഹങ്ങൾക്കും ഏകദേശ ധാരണയ്ക്കുമപ്പുറം വിപണിയെക്കുറിച്ച് ആഴത്തിലുള്ള ആധികാരിക അറിവ് ലഭിക്കുന്നത്. ഇത് അവനവന്റെ മേഖലയിലെ ഏറ്റവും പ്രസക്തവും പ്രവർത്തനക്ഷമവുമായ ഉൾക്കാഴ്ച നൽകാനും തീരുമാനങ്ങളെടുക്കാനും സ്ഥാപനത്തെ വിജയത്തിലേക്ക് നയിക്കാനും സഹായിക്കും. മാർക്കറ്റിനെ പഠിക്കാതെ മനസ്സിലാക്കാതെ തുടങ്ങി പരാജയപ്പെട്ട നിരവധി സ്ഥാപനങ്ങളുടെ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അതേപോലെ, വളരെ വിജയകരമായി നടന്നിരുന്ന സ്ഥാപനങ്ങൾ മാർക്കറ്റിൽ എന്ത് നടക്കുന്നു എന്നത് മനസ്സിലാക്കാതെ ഫീൽഡ് ഔട്ട് ആയ ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. ഏതൊരു സ്ഥാപനവും വിജയിക്കാനും കാലത്തിനനുസരിച്ച് നിലനിൽക്കാനും മാർക്കറ്റ് റിസർച്ച് ഒഴിച്ചുകൂടാനാവാത്തതാണ്.
Content Highlights: Learn how to create a detailed business plan
Published: 28 Mar 2025, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented