
ഒരു വ്യക്തിയുടെയും സ്ഥാപനത്തിന്റെയും വളർച്ചയ്ക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ക്രിയേറ്റിവിറ്റി. സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായ പുതിയ ആശയങ്ങൾ കണ്ടെത്തുക, ഉൽപ്പന്നങ്ങൾ ഉണ്ടാക്കുക, മാറ്റം കൊണ്ടുവരിക, പുതിയ സേവനങ്ങൾ തുടങ്ങുക തുടങ്ങി ലോകത്തെ ഓരോ കണ്ടെത്തലുകളിലും പ്രശ്നപരിഹാരങ്ങളിലുമെല്ലാം ക്രിയാത്മകതയ്ക്ക് വലിയ പങ്കുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1500 ഇൽ അധികം വരുന്ന സി ഇ ഒ മാരെ ഉൾപ്പെടുത്തി നടത്തിയ IBM ഗ്ലോബൽ പഠനത്തിൽ സർഗാത്മകതയാണ് വരുംകാലത്തെ അഭിമുഖീകരിക്കാൻ വേണ്ട ഏറ്റവും പ്രധാനമായ നേതൃത്വഗുണം എന്ന് കണ്ടെത്തുകയുണ്ടായി, സർവേയിൽ പങ്കെടുത്തവരിൽ 60% പേരും അതിന് പിന്തുണ നൽകി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മുന്നേറാൻ ക്രിയേറ്റിവിറ്റി അനിവാര്യമാണ്.
ഭ്രാന്തമെന്ന് തോന്നുന്ന പല ചിന്തകളുമാണ് ഇന്ന് നാമനുഭവിക്കുന്ന പല കണ്ടെത്തലുകളുടെയും പിറകിലുള്ളത്. ലോഹം കൊണ്ട് നിർമിച്ച ഒരു വാഹനത്തിൽ ആളുകളെ കയറ്റി ആകാശത്തിലൂടെ പറത്താമെന്നതും, വിദൂരതയിലിരുന്ന് പരസ്പരം സംസാരിക്കാമെന്നുമൊക്കെയുള്ള ആശയങ്ങൾ ആദ്യമായി പങ്കുവെച്ചപ്പോഴുള്ള ആളുകളുടെ പ്രതികരണമെന്തായിരിക്കും? അത്തരം ചിന്തകളില്ലായിരുന്നെങ്കിൽ, അവയെ പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ ലോകത്തിന്റെ വളർച്ച ഇത്രമാത്രം വേഗത കൈവരിക്കുമായിരുന്നോ?ചെറുപ്പകാലം തൊട്ടുതന്നെ ക്രിയാത്മകതക്കും, വൈവിധ്യമാർന്ന ചിന്തകൾക്കും ആശയങ്ങൾക്കും പ്രോത്സാഹനം നൽകേണ്ടതുണ്ട്.
ക്രിയാത്മകത കൊണ്ടുള്ള നേട്ടങ്ങൾ
1. പുതുമ കൊണ്ടുവരിക
എന്തിലും പുതുമ കൊണ്ടുവരാൻ ക്രിയാത്മക്തയ്ക്ക് കഴിയും. പുതിയ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, പുതിയ മാർഗങ്ങൾ എന്നിവയെല്ലാം കൊണ്ടുവരുന്നത് ക്രിയാത്മകതയാണ്. അത് വ്യക്തികളെയും സ്ഥാപനങ്ങളെയും മത്സരാധിഷ്ഠിതമായ വിപണിയിൽ വേറിട്ട് നിൽക്കാനും വളരെവേഗം മുന്നേറാനും സഹായിക്കും. കാലങ്ങളായി മാറ്റങ്ങൾ കൊണ്ടുവരാതെ ഒരേ രീതിയിൽ തന്നെ പ്രവർത്തിച്ച് മറ്റ് സ്ഥാപനങ്ങൾ മാർക്കറ്റിൽ പുതുമ കൊണ്ടുവന്നപ്പോൾ ഇല്ലാതായിപ്പോയ നിരവധി സ്ഥാപനങ്ങളുണ്ട്, പുതുമയാണ് ഒരു വ്യക്തിയെയും സ്ഥാപനത്തെയും വേറിട്ട് നിർത്തുന്ന ഒരു പ്രധാന ഘടകം, നിശ്ചലാവസ്ഥയിൽനിന്ന് മുന്നോട്ട്കൊണ്ടുപോകാനും പുതിയകാലത്ത് പ്രസക്തമായി നിലനിൽക്കാനും അത് സഹായിക്കും.
2. പ്രശ്‌നപരിഹാരം
പ്രശ്നങ്ങൾ എന്നത് എന്തു വിഷയത്തിലും ഒഴിവാക്കാനാവാത്തതാണ്. അവയിൽനിന്ന് ഒളിച്ചോടാതെ ക്രിയാത്മകമായ പരിഹാരങ്ങളാണ് ഓരോ സ്ഥാപനത്തെയും മുന്നോട്ട് നയിക്കുന്നത്, ഒരു പ്രശ്നം പരിഹരിക്കുന്നത്തോടെ മുൻപുണ്ടായിരുന്ന അവസ്ഥയിൽ നിന്നും ഒരുപാട് മുന്നേറാൻ അത് സഹായിക്കുന്നു, ഏത് സങ്കീർണമായ പ്രശ്‌നത്തിനും പരിഹാരം കണ്ടെത്താൻ ക്രിയാത്മകത സഹായിക്കുന്നു.
3. ഉൽപ്പാദനക്ഷമത
എന്ത് വിഷയത്തോടും ക്രിയാത്മകമായ ഒരു സമീപനമുണ്ടാവുന്നത് ജോലികൾ കൂടുതൽ കാര്യക്ഷമമായി ചെയ്യാൻ സഹായിക്കുന്നു. ഒരു ജോലിയിൽ ക്രിയാത്മകമായ സമീപനമുണ്ടാവുന്നത്, ഉൽപാദനം വർധിപ്പിക്കാനുള്ള പുതിയതും കൂടുതൽ ഫലപ്രദവുമായ മാർഗങ്ങൾ കണ്ടെത്താൻ സഹായിക്കും, പരമ്പരാഗതമായി, ഉൽപ്പാദനക്ഷമത എന്നത് കൂടുതൽ ജോലി കുറഞ്ഞ സമയം കൊണ്ട് പൂർത്തിയാക്കുന്നതിനെയാണ് സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് ഉൽപ്പാദനക്ഷമത എന്നത് കേവലം ജോലിയുടെ അളവല്ല, മറിച്ച് അത് എത്രത്തോളം ഫലപ്രദമായി ചെയ്യപ്പെടുന്നു എന്നതാണ് സൂചിപ്പിക്കുന്നത് .
4. ജീവനക്കാരുടെ സംതൃപ്തി
സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു തൊഴിൽ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ ആശയങ്ങളും കഴിവുകളും സ്വതന്ത്രമായി പ്രകടിപ്പിക്കാനും, പുതിയ ചലഞ്ചുകൾ സ്വീകരിക്കാനും, അവരുടെ പരിധികൾ തരണം ചെയ്യാനും അവസരം ലഭിക്കുന്നു, സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം, അംഗീകാരം, പുതിയ കഴിവുകൾ പഠിക്കാനും വികസിപ്പിക്കാനുമുള്ള അവസരം എന്നിവയെല്ലാം ലഭിക്കുന്നത് കൊണ്ടുതന്നെ
മറ്റുള്ളയിടങ്ങളെക്കാൾ ജോലി സംതൃപ്തി വളരെ കൂടുതലായിരിക്കും, അത് സ്വന്തം ജോലിയിൽ കൂടുതൽ ശ്രദ്ധ കാണിക്കാൻ കാരണമാവുന്നു.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ക്രിയാത്മകമാകാൻ
ഒരു സ്ഥാപനത്തിന്റെ ക്രിയേറ്റീവ് കാപിറ്റൽ എന്നത് ആ സ്ഥാപനത്തിന്റെ ആശയങ്ങൾ, നൂതനത എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ്, ഓരോ വ്യക്തിക്കും, സംരംഭകർക്കും നേതാക്കൾക്കുമെല്ലാം ക്രിയേറ്റീവ് കാപിറ്റൽ എന്താണെന്ന് മനസ്സിലാക്കുകയും അവ ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട് അത് വളർച്ചയ്ക്കും വൈവിധ്യത്തിനും ആക്കംകൂട്ടും
1. വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടുവരിക
എല്ലായ്‌പ്പോ ഴും ശരിയായ ആശയങ്ങൾ മാത്രം ആശ്രയിക്കാതെ തെറ്റാണെങ്കിൽ പോലും ഒന്നിൽ കൂടുതൽ ആശയങ്ങൾ കൊണ്ടു വരുന്നത് പ്രോത്സാഹിപ്പിക്കുക, അത് പുതിയ ആശയങ്ങൾ കണ്ടെത്താനും ഒരു പ്രശ്നത്തിന് ഒരുപാട് പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കും, അത് സാധാരണ രീതിക്കപ്പുറം ബോക്സിന് പുറത്ത് ചിന്തിക്കാനുള്ള സാധ്യത വളർത്തും.
ഉദാഹരണത്തിന് ഒരു സ്കൂളിൽ ഒരു വിദ്യാർഥിക്ക് ഒരു വിഷയം മനസ്സിലാകുന്നില്ലെന്ന് കരുതുക. സാധാരണയായി, വിദ്യാർഥി മണ്ടനാണെന്നോ അല്ലെങ്കിൽ അധ്യാപകൻ നന്നായി പഠിപ്പിക്കുന്നില്ലെന്നോ ചിന്തിക്കും. എന്നാൽ, ക്രിയേറ്റീവായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം മറ്റ് പല കാര്യങ്ങളും പരിഗണിച്ചേക്കാം, ഈ പ്രശ്നത്തിന് കാരണം ഒരുപക്ഷേ, ആ പാഠപുസ്തകം വളരെ ബുദ്ധിമുട്ടായത് കൊണ്ടായിരിക്കാം, അല്ലെങ്കിൽ, വിദ്യാർഥിക്ക് കുടുംബത്തിലോ ആരോഗ്യപരമായോ പ്രശ്‌നങ്ങൾ ഉണ്ടായിരിക്കാം, അധ്യാപകർ പഠിപ്പിക്കുന്ന രീതിയുടെ പ്രയാസമായിരിക്കാം, അധ്യാപക വിദ്യാർത്ഥി ബന്ധത്തിലുള്ള പ്രശ്നമായിരിക്കാം, കിട്ടിയുടെ ലേണിങ് ഡിസബിലിറ്റി പോലുള്ള പ്രയാസങ്ങളായിരിക്കാം ഇങ്ങനെ, വിവിധ കാരണങ്ങളെ പരിഗണിക്കുന്നതിലൂടെ, വിദ്യാർത്ഥിയുടെ പ്രശ്‌നത്തിന് ഫലപ്രദമായ പരിഹാരം കണ്ടെത്താനും പഠനം മെച്ചപ്പെടുത്താനും, മറ്റ് സ്‌കൂളുകൾക്കിടയിൽ ആ സ്ഥാപനത്തെ വേറിട്ട് നിർത്താനും സഹായിക്കും.
2. തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുക
ഭയപ്പെടാതെ തങ്ങളുടെ ആശയങ്ങൾ പങ്കിടാനുള്ള ഒരു അന്തരീക്ഷത്തിൽ സർഗ്ഗാത്മകത വർധിക്കുന്നു, ഓരോ സ്ഥാപനത്തിലും ഓരോരുത്തർക്കും അവരുടെ ആശയങ്ങളുമായി ഏത് സമയവും കടന്നുവരാനുള്ള അവസരമുണ്ടാക്കുക, ആശയങ്ങൾ സജീവമായി ശ്രദ്ധിക്കുകയും ചെയ്യുക .
ബൗദ്ധികവും,ശാരീരികവും, മാനസികവും, വൈകാരികവും സാമൂഹികവുമായ സുരക്ഷിതമായ ഒരു അന്തരീക്ഷം ഭയമില്ലാതെ ആശയങ്ങൾ അവതരിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു, ഇത് തൊഴിലിടങ്ങളിൽ മാത്രമല്ല, വിദ്യാഭ്യാസം, കുടുംബം തുടങ്ങിയ സംവിധാനങ്ങളിലെല്ലാം അനിവാര്യമാണ്.
3. ടീമിനെ വൈവിധ്യവത്ക്കരിക്കുക
വൈവിധ്യമാർന്ന ടീം വ്യത്യസ്ത കാഴ്ചപ്പാടുകളും അനുഭവങ്ങളും കൊണ്ടുവരുന്നു, ഇത് കൂടുതൽ നൂതന പരിഹാരങ്ങളിലേക്ക് നയിക്കുന്നു. വ്യത്യസ്ത കഴിവുകൾ, സംസ്കാരങ്ങൾ, അനുഭവങ്ങൾ എന്നിവയുള്ള ഉദ്യോഗാർഥികളെ തേടുക, പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുക,വിവിധ കാഴ്ചപ്പാടുകളും വൈദഗ്ധ്യവും സംയോജിപ്പിക്കുന്നതിന് വ്യത്യസ്ത പ്രോജക്റ്റുകൾക്കായി ടീമുകളെ മിക്സ് ചെയ്യുക.
4. പിഴവുകളെ പഠനത്തിനുള്ള അവസരമായി കാണുക
എല്ലാവരും ഭയപ്പെടുന്ന ഒരു കാര്യമാണ് പരാജയം എന്നത് , പരാജയം ഒട്ടും അംഗീകരിക്കപ്പെടാനാവാത്ത ചില മേഖലകളുണ്ട് എന്നാൽ അത് എല്ലായിടത്തും ആവശ്യമില്ല.ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് പോലെ "ഒരിക്കലും അബദ്ധംപറ്റാത്ത ആരും പുതിയതൊന്നും കണ്ടെത്തിയിട്ടില്ല" എന്നോർക്കുക.
തെറ്റുകളിൽ നിന്ന് പഠിക്കുകയും തെറ്റുകൾ വരുത്താനുള്ള സ്വാതന്ത്ര്യം സ്വന്തത്തിനും, കൂടെയുള്ളവർക്കും നൽകുക.
ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഇലക്ട്രിക് ബൾബ് കണ്ടുപിടിക്കുന്നതിന് മുമ്പ് തോമസ് ആൽവ എഡിസൺ ആയിരക്കണക്കിന് പരീക്ഷണങ്ങൾ നടത്തി പരാജയപ്പെട്ടിട്ടുണ്ട്, എന്നാൽ താൻ പരാജയപ്പെട്ടത് 1000 തവണയല്ല, പകരം ഒരു ബൾബ് നിർമിക്കാൻ 1000 വ്യത്യസ്ത വഴികൾ കണ്ടെത്തി എന്നാണ് അദ്ദേഹം പറഞ്ഞത്. റേഡിയോ ആക്ടിവിറ്റി എന്ന ആശയം കണ്ടെത്തി നൊബേൽ സമ്മാനം ലഭിച്ച മേരി ക്യൂറിക്ക് ഈ കണ്ടെത്തൽ നടത്തുന്നതിന് മുമ്പ് നിരവധി അപകടങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും നേരിട്ടിട്ടുണ്ട്, ഒരുപാട് ബിസിനസുകൾ പരാജയപ്പെട്ട പിന്നീട് വിജയത്തിന്റെ നെറുകയിലെത്തിയ നിരവധിയാളുകൾ നമുക്ക് മുന്നിലുണ്ട്.
5. ഫ്ലെക്സിബിലിറ്റി അനുവദിക്കുക
എല്ലാ മേഖലയിലും അനാവശ്യ ബലം പിടിക്കാതെ ഓഫീസിൽ ഫ്ലെക്സിബിൾ സീറ്റിംഗ് ക്രമീകരണം, ബ്രേക്ക്ഔട്ട് മേഖലകൾ, ധാരാളം പ്രകാശം കടന്നുവരാനുള്ള സൗകര്യം, എന്നിവയുള്ള ഒരു വർക്ക് സ്പേസ് രൂപകൽപ്പന ചെയ്യുക.എല്ലായ്‌പോഴും ഷെഡ്യൂളിൽ അമിതമായി ശ്രദ്ധിക്കുന്നതും, മൈക്രോമാനേജ്മെന്റ് ചെയ്യുന്നതും സർഗാത്മകത തടസ്സപ്പെടുത്തും.
6. പരിശീലനങ്ങൾ ഉപയോഗപ്പെടുത്തുക
സ്വന്തത്തിനും ടീമിനും സർഗാത്മകമായി ചിന്തിക്കാൻ സഹായിക്കുന്ന പരിശീലനങ്ങൾക്ക് അവസരമുണ്ടാക്കുക, സ്ഥാപനങ്ങളിൽ പഠനങ്ങളും പരീക്ഷണങ്ങളും പ്രോത്സാഹിപ്പിക്കുക, ജീവനക്കാരുടെ കഴിവുകൾ മനസ്സിലാക്കി അവരുടെ പാഷൻ പ്രോജക്റ്റുകളിലോ പുതിയ ആശയങ്ങളിലോ പ്രവർത്തിക്കാൻ അവസരമുണ്ടാക്കുക.
7. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക
സർഗാത്മക പ്രവൃത്തി സുഗമമാക്കാൻ കഴിയുന്ന ഏറ്റവും പുതിയ സോഫ്റ്റ്വെയറുകളും എഐ സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുക.ഒരു വ്യക്തിയുടെ ചിന്തകളെക്കാൾ കൂടുതൽ ഫലങ്ങൾ നൽകാൻ ഇപ്പോൾ സാങ്കേതികവിദ്യകൾക്കാവും ബ്രെയിൻസ്റ്റോർമിംഗ് ടൂളുകൾ, AI ടൂളുകൾ, ഡിസൈൻ ടൂളുകൾ, ഓട്ടോമേഷൻടെംപ്ലേറ്റുകൾ, ക്ലൗഡ്-ബേസ്ഡ് ടൂളുകൾ, വെർച്വൽ റിയാലിറ്റി, ചാറ്റ് ജിപിടി, ജെമിനി, മെറ്റ എ ഐ തുടങ്ങിയവയിലൂടെയെല്ലാം നാം നൽകുന്ന കീവേഡുകളോ പ്രോംപ്റ്റുകളോ ഉപയോഗിച്ച് ഒരുപാട് പുതിയ ആശയങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.
8. പരസ്യമായ അംഗീകാരം നൽകുക
ടീം മീറ്റിംഗുകളിലും കമ്പനി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും സർഗാത്മക ആശയങ്ങളും വിജയകരമായ പ്രോജക്റ്റുകളും കൊണ്ടുവരുന്നത് ആഘോഷിക്കുക, പ്രോത്സാഹനങ്ങൾ നൽകുക, സർഗാത്മക സംഭാവനകൾക്കുള്ള പ്രതിഫലമായി ബോണസുകൾ, ഗിഫ്റ്റ് കാർഡുകൾ എന്നിവ നൽകുക. സർഗാത്മകത എന്നത് ഒരു സ്ഥാപനത്തിന്റെ ഹൃദയമാണ്, ഒരു സർഗാത്മക സംസ്കാരം വളർത്തിയെടുക്കുന്നതിലൂടെ, സ്ഥാപനങ്ങൾക്ക് മത്സരാധിഷ്ഠിതമായ ഈ കാലത്ത് മുന്നിൽ നിൽക്കാനും വിജയിക്കാനും കഴിയും. പുതിയ ആശയങ്ങൾ കൊണ്ടുവരിക മാത്രമല്ല, ആ ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നത് കൂടെയാണ് സർഗാത്മകത എന്നത് ഓർക്കുക.
Content Highlights: creativity in workplace future challenge
Published: 06 Sept 2024, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented