സുഹൃത്തിന് നല്ല ജോലി കിട്ടി. കൂടെ പഠിച്ചയാൾ വിദേശത്ത് സ്ഥിരതാമസമാക്കി. മറ്റൊരാളുടെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ . ഇങ്ങനെ ഇൻസ്റ്റഗ്രാം തുറന്നാൽ യാത്രകളും പുതിയ വീടുകളും വിലകൂടിയ കാറുകളും സന്തോഷകരമായ കുടുംബജീവിതവുമാണ് കാണുന്നത്. ഇതെല്ലാം കാണുമ്പോൾ ചിലപ്പോഴെങ്കിലും മനസ്സിൽ ഒരു ചോദ്യം ഉയർന്നിട്ടുണ്ടാകില്ലേ?'എല്ലാവരും ജീവിതത്തിൽ മുന്നേറുന്നു. ഞാൻ മാത്രം എന്തുകൊണ്ട് ഇങ്ങനെ?' അടുത്തറിയാവുന്നവരുടെ ജീവിതവുമായി മാത്രമല്ല, ഒരിക്കൽപ്പോലും നേരിട്ട് കണ്ടിട്ടില്ലാത്തവരുടെ നേട്ടങ്ങളുമായും നമ്മൾ സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യാറുണ്ട്. അവരുടെ ജോലി, വരുമാനം, സൗന്ദര്യം, പ്രണയബന്ധങ്ങൾ, വിവാഹം, ജീവിതശൈലി എന്നിവയെല്ലാം നമ്മൾ അറിയാതെതന്നെ സ്വന്തം ജീവിതം അളക്കാനുള്ള മാനദണ്ഡങ്ങളായി മാറുന്നു.എന്തുകൊണ്ടാണ് മനുഷ്യർ ഇങ്ങനെ ചെയ്യുന്നത്? ഇത്തരം താരതമ്യങ്ങൾ മാനസികാരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത്? ക്ലിനിക്കൽ സൈക്കോളജിസ്റ്റായ് അപർണ റാണിയാണ് ഈ ശീലത്തിന് പിന്നിലെ മനഃശാസ്ത്രം വിശദീകരിക്കുന്നത്.

To advertise here,

മറ്റുള്ളവരെ നോക്കി സ്വന്തം ജീവിതം വിലയിരുത്തുന്നത് എന്തുകൊണ്ട്?

മനുഷ്യർ സ്വന്തം ജീവിതത്തിലെ പുരോഗതിയും നേട്ടങ്ങളും വിലയിരുത്താൻ മറ്റുള്ളവരെ ഒരു മാനദണ്ഡമായി ഉപയോഗിക്കാറുണ്ടെന്ന് അപർണ റാണി പറയുന്നു. മനഃശാസ്ത്രത്തിൽ ഇതിനെ സോഷ്യൽ കംപാരിസൺ എന്നാണ് വിളിക്കുന്നത്. ജീവിതത്തിൽ നമ്മൾ എവിടെയെത്തി, എത്രത്തോളം വിജയിച്ചു, മറ്റുള്ളവരെ അപേക്ഷിച്ച് നമ്മുടെ സ്ഥാനം എന്താണ് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നോക്കുന്ന പ്രവണതയാണിത്.

ഉദാഹരണത്തിന്, ഒരേ പ്രായത്തിലുള്ള സുഹൃത്തിന് ഉയർന്ന ശമ്പളമുള്ള ജോലി ലഭിച്ചാൽ സ്വന്തം കരിയറിനെക്കുറിച്ച് സംശയം തോന്നാം. മറ്റൊരാളുടെ സന്തോഷകരമായ ദാമ്പത്യജീവിതത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ സ്വന്തം ബന്ധത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിച്ചേക്കാം. ഇത്തരം താരതമ്യങ്ങൾ മനുഷ്യന്റെ സ്വാഭാവികമായ മാനസികപ്രവർത്തനങ്ങളുടെ ഭാഗമാണ്. എന്നാൽ താരതമ്യം ചെയ്യാൻ തിരഞ്ഞെടുക്കുന്ന കാര്യങ്ങളും അതിൽനിന്ന് നമ്മൾ എത്തിച്ചേരുന്ന നിഗമനങ്ങളുമാണ് പ്രശ്‌നമാകുന്നത്.

നമ്മുടെ സാധാരണ ജീവിതത്തെ താരതമ്യം ചെയ്യുന്നു

സോഷ്യൽ മീഡിയയിൽ ഒരാൾ പങ്കുവയ്ക്കുന്ന ജീവിതവും അയാളുടെ യഥാർഥ ജീവിതവും ഒരുപോലെയാകണമെന്നില്ല. പലരും തങ്ങളുടെ സന്തോഷകരമായ നിമിഷങ്ങളും വിജയങ്ങളും നേട്ടങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ജോലിയിലെ സമ്മർദം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, കുടുംബപ്രശ്‌നങ്ങൾ, ബന്ധങ്ങളിലെ സംഘർഷങ്ങൾ, പരാജയങ്ങൾ തുടങ്ങിയ കാര്യങ്ങൾ പുറത്തറിയണമെന്നില്ല. എന്നാൽ മറ്റുള്ളവരുടെ ജീവിതത്തിലെ ഈ തിരഞ്ഞെടുത്ത നല്ല നിമിഷങ്ങളെയാണ് നമ്മൾ സ്വന്തം ദൈനംദിന ജീവിതവുമായി താരതമ്യം ചെയ്യുന്നത്. ഒരാളുടെ വിദേശയാത്രയുടെ ചിത്രങ്ങൾ കാണുമ്പോൾ അതിന് പിന്നിലുള്ള സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചോ അയാളുടെ ജീവിതത്തിലെ മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചോ നമുക്ക് അറിയണമെന്നില്ല. അതുപോലെ, ഒരാളുടെ ജോലിയിലെ വിജയത്തെക്കുറിച്ച് അറിയുമ്പോൾ ആ നേട്ടത്തിലേക്കെത്താൻ അയാൾ കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ചും നമുക്ക് വ്യക്തമായ ധാരണയുണ്ടാകില്ല. മറ്റൊരാളുടെ ജീവിതത്തിലെ മികച്ച നിമിഷങ്ങളെയും നമ്മുടെ ജീവിതത്തിലെ എല്ലാ യാഥാർഥ്യങ്ങളെയും ഒരേ തട്ടിൽ വച്ച് അളക്കുന്നതാണ് ഇവിടെ സംഭവിക്കുന്നത്.

സോഷ്യൽ മീഡിയ താരതമ്യശീലം വർധിപ്പിക്കുന്നത് എങ്ങനെ?

സോഷ്യൽ മീഡിയയിൽ നമ്മൾ നിരന്തരം കാണുന്നത് വിജയവും സന്തോഷവും സാമ്പത്തിക സുരക്ഷിതത്വവും സൗന്ദര്യവും മികച്ച ജീവിതശൈലിയുമാണ്. ഇത്തരം ചിത്രങ്ങളും വീഡിയോകളും ആവർത്തിച്ച് കാണുമ്പോൾ അവയാണ് സാധാരണ ജീവിതമെന്ന് നമ്മുടെ മസ്തിഷ്‌കം തെറ്റിദ്ധരിച്ചേക്കാമെന്ന് അപർണ റാണി വിശദീകരിക്കുന്നു. ഉദാഹരണത്തിന്, ചെറുപ്പത്തിൽതന്നെ സ്വന്തമായി വീടുവാങ്ങുന്നവരെയും വലിയ ശമ്പളം നേടുന്നവരെയും ലോകം ചുറ്റുന്നവരെയും നിരന്തരം കാണുമ്പോൾ ഒരു നിശ്ചിത പ്രായത്തിനുള്ളിൽ ഇതെല്ലാം നേടണമെന്ന ചിന്തയുണ്ടാകാം. അങ്ങനെ സംഭവിക്കാത്തപ്പോൾ സ്വന്തം ജീവിതം പിന്നിലായിപ്പോയെന്ന തോന്നലുണ്ടാകും. യഥാർഥത്തിൽ ഒരാളുടെ ജീവിതം നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ടാകാം. എന്നാൽ സമൂഹമാധ്യമങ്ങളിൽ കാണുന്ന ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ സ്വന്തം നേട്ടങ്ങൾക്ക് വിലകുറഞ്ഞതായി തോന്നാം. മറ്റുള്ളവരുടെ ജീവിതത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് നമ്മൾ കാണുന്നതെന്ന കാര്യം പലപ്പോഴും മറന്നുപോകുന്നു.

കരിയറിൽ ആശയക്കുഴപ്പമുണ്ടോ ?

എല്ലാവരും ഒരേ അളവിലല്ല സ്വന്തം ജീവിതത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്. ജീവിതത്തിലെ ഏതെങ്കിലും കാര്യത്തിൽ അനിശ്ചിതത്വമോ അതൃപ്തിയോ അനുഭവിക്കുന്ന സമയങ്ങളിൽ താരതമ്യശീലം കൂടുതലാകാമെന്ന് അപർണ റാണി പറയുന്നു. സ്വന്തം കരിയറിനെക്കുറിച്ച് ആശയക്കുഴപ്പമുള്ള ഒരാൾക്ക് മറ്റുള്ളവരുടെ തൊഴിൽനേട്ടങ്ങൾ കൂടുതൽ ശ്രദ്ധയിൽപ്പെടാം. ജോലിയിൽ താൻ ശരിയായ വഴിയിലാണോ, വേണ്ടത്ര പുരോഗതി കൈവരിക്കുന്നുണ്ടോ എന്ന സംശയം ഉള്ളപ്പോൾ മറ്റൊരാളുടെ പ്രമോഷനോ ശമ്പളവർധനയോ വലിയ മാനസിക സമ്മർദത്തിന് കാരണമായേക്കാം. അതുപോലെ, സ്വന്തം ബന്ധത്തിൽ തൃപ്തിയില്ലാത്ത ഒരാൾ മറ്റുള്ളവരുടെ പ്രണയബന്ധങ്ങളെയും വിവാഹജീവിതത്തെയും കൂടുതൽ ശ്രദ്ധിച്ചേക്കാം. ആത്മാഭിമാനം കുറവായിരിക്കുന്ന സാഹചര്യങ്ങളിലും ഇത്തരം താരതമ്യങ്ങൾ വർധിക്കാം. ഇവിടെ മറ്റൊരാൾക്കുള്ളത് സ്വന്തമാക്കണമെന്ന ആഗ്രഹം മാത്രമായിരിക്കണമെന്നില്ല താരതമ്യത്തിന് പിന്നിൽ. ഞാൻ ചെയ്യുന്നത് മതിയായ കാര്യങ്ങളാണോ? എന്റെ ജീവിതം ശരിയായ ദിശയിലാണോ?' എന്ന ചോദ്യങ്ങൾക്ക് മറ്റുള്ളവരുടെ ജീവിതത്തിലൂടെ ഉത്തരം കണ്ടെത്താനുള്ള ശ്രമം കൂടിയാകാം ഇത്.

മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് എല്ലായ്‌പ്പോഴും മോശമാണോ?

മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് സ്വതവേ അനാരോഗ്യകരമായ കാര്യമല്ലെന്ന് അപർണ റാണി വ്യക്തമാക്കുന്നു. ചില സാഹചര്യങ്ങളിൽ താരതമ്യം നമുക്ക് പ്രചോദനമാകാം. പുതിയ കാര്യങ്ങൾ പഠിക്കാനും കഴിവുകൾ മെച്ചപ്പെടുത്താനും ലക്ഷ്യങ്ങൾ നിശ്ചയിക്കാനും അത് സഹായിച്ചേക്കാം. ഉദാഹരണത്തിന്, സുഹൃത്ത് പുതിയൊരു കഴിവ് പഠിച്ച് കരിയറിൽ മുന്നേറുന്നത് കാണുമ്പോൾ നമുക്കും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള താൽപര്യം ഉണ്ടാകാം.

എന്നാൽ മറ്റുള്ളവരുടെ നേട്ടങ്ങളെ അടിസ്ഥാനമാക്കി സ്വന്തം മൂല്യം തീരുമാനിക്കാൻ തുടങ്ങുമ്പോഴാണ് താരതമ്യം ദോഷകരമാകുന്നത്. മറ്റൊരാൾക്ക് മികച്ച ജോലി ലഭിച്ചതുകൊണ്ട് നമ്മുടെ ജോലി മോശമാകുന്നില്ല. ഒരാൾ വിവാഹിതനായതുകൊണ്ട് വിവാഹം കഴിക്കാത്ത മറ്റൊരാൾ ജീവിതത്തിൽ പരാജയപ്പെട്ടുവെന്നും അർഥമില്ല. ഓരോരുത്തരുടെയും സാഹചര്യങ്ങളും അവസരങ്ങളും ഉത്തരവാദിത്വങ്ങളും ലക്ഷ്യങ്ങളും വ്യത്യസ്തമാണ്. ഈ വ്യത്യാസങ്ങൾ പരിഗണിക്കാതെ എല്ലാവരുടെയും ജീവിതത്തെ ഒരേ മാനദണ്ഡത്തിൽ അളക്കുന്നത് സ്വന്തം നേട്ടങ്ങളെ തിരിച്ചറിയുന്നതിന് തടസ്സമായേക്കാം.

താരതമ്യശീലത്തിൽനിന്ന് എങ്ങനെ പുറത്തുകടക്കാം?

മറ്റുള്ളവരുമായി താരതമ്യം ചെയ്യാനുള്ള ചിന്ത പൂർണമായി ഇല്ലാതാക്കാൻ സാധിക്കണമെന്നില്ല. എന്നാൽ ഇത്തരം ചിന്തകളോട് എങ്ങനെ പ്രതികരിക്കണമെന്ന് നമുക്ക് തീരുമാനിക്കാനാകുമെന്ന് അപർണ റാണി പറയുന്നു. ആദ്യം തിരിച്ചറിയേണ്ടത് താരതമ്യം നമ്മുടെ മാനസികാവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്നാണ്. മറ്റൊരാളുടെ ജീവിതത്തെക്കുറിച്ച് അറിഞ്ഞതിനുശേഷം സ്വന്തം നേട്ടങ്ങൾ ചെറുതായി തോന്നുന്നുണ്ടോ? സന്തോഷം കുറയുന്നുണ്ടോ? ജീവിതത്തിൽ പിന്നിലാണെന്ന തോന്നൽ ശക്തമാകുന്നുണ്ടോ?അങ്ങനെയെങ്കിൽ ആ താരതമ്യം എത്രത്തോളം യാഥാർഥ്യബോധമുള്ളതാണെന്ന് സ്വയം ചോദിക്കണം. സോഷ്യൽ മീഡിയയിൽ കാണുന്നത് ഒരാളുടെ ജീവിതത്തിന്റെ പൂർണചിത്രമാണോ, അതോ അയാൾ പങ്കുവയ്ക്കാൻ തിരഞ്ഞെടുത്ത ചില നിമിഷങ്ങൾ മാത്രമാണോ എന്നതും ചിന്തിക്കേണ്ടതാണ്. അതോടൊപ്പം മറ്റുള്ളവരുടെ നേട്ടങ്ങളിൽനിന്ന് ശ്രദ്ധ മാറ്റി സ്വന്തം ജീവിതത്തിലെ പുരോഗതിയിലേക്കും മുൻഗണനകളിലേക്കും സാഹചര്യങ്ങളിലേക്കും ശ്രദ്ധ തിരിക്കണം. നമ്മൾ എവിടെനിന്നാണ് തുടങ്ങിയത്, എന്തെല്ലാം പ്രതിസന്ധികൾ മറികടന്നു, എന്തെല്ലാം കാര്യങ്ങളിൽ പുരോഗതി കൈവരിച്ചു എന്നതും പ്രധാനമാണ്.

എല്ലാവരുടെയും ജീവിതത്തിന് ഒരേ സമയക്രമമില്ല

ഒരു നിശ്ചിത പ്രായത്തിൽ ജോലി നേടണം, വിവാഹം കഴിക്കണം, വീടുവാങ്ങണം, സാമ്പത്തികമായി സുരക്ഷിതരാകണം എന്നിങ്ങനെ പല പ്രതീക്ഷകളും സമൂഹത്തിലുണ്ട്. എന്നാൽ എല്ലാവർക്കും ഒരേ അവസരങ്ങളോ സാഹചര്യങ്ങളോ ആയിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ മറ്റൊരാളുടെ നേട്ടം നമ്മുടെ ജീവിതത്തിലെ കുറവിന്റെ തെളിവായി കാണേണ്ടതില്ല. താരതമ്യം ചെയ്യാനുള്ള ചിന്ത മനസ്സിലുണ്ടാകുന്നത് തടയാൻ കഴിഞ്ഞില്ലെങ്കിലും ഓരോ താരതമ്യത്തെയും സ്വന്തം ജീവിതത്തെക്കുറിച്ചുള്ള ശരിയായ വിധിയായി സ്വീകരിക്കേണ്ടതില്ലെന്നാണ് അപർണ റാണിയുടെ നിർദേശം. മറ്റുള്ളവർ എവിടെയെത്തിയെന്നതിനെക്കാൾ സ്വന്തം ജീവിതത്തിൽ എന്താണ് പ്രധാനമെന്നും എത്രത്തോളം മുന്നോട്ടുപോയെന്നും തിരിച്ചറിയുന്നതാണ് ആരോഗ്യകരമായ സമീപനം. മറ്റൊരാളുടെ ജീവിതം നന്നായി മുന്നോട്ടുപോകുന്നു എന്നതുകൊണ്ട് നമ്മുടെ ജീവിതം പിന്നിലാണെന്ന് അർഥമില്ല.