
നാല് സുഹൃത്തുക്കൾ ഒരുമിച്ച് കൂടിയാൽ പലപ്പോഴും വലിയ വലിയ ബിസിനസ് ചർച്ചകളാവും നടക്കുന്നത്. എന്തുമാത്രം ബിസിനസ് ആശയങ്ങളാണ് ഇങ്ങനെ ചർച്ച ചെയ്യുന്നുണ്ടാവുക? എന്നാൽ യഥാർത്ഥത്തിൽ ഇവ വല്ലതും നടക്കുമോ? മിക്കവാറും എല്ലാം കേവലം ചർച്ചയിലൊതുങ്ങും. കാരണം ഇതൊന്നും നടക്കാൻ സാധ്യതയുള്ള ആശയങ്ങളാകണമെന്നില്ല. ഇനി നടക്കാൻ സാധ്യതയുള്ള ആശയങ്ങളാണെങ്കിൽതന്നെ അത് നടത്താനുള്ള പ്രാവർത്തികമായ മാർഗങ്ങൾ ഉണ്ടാവണമെന്നുമില്ല.
വല്ലതും നടക്കുമോ?
ഏതൊരു വ്യക്തിയുടെയും ആഗ്രഹമായിരിക്കും സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നത്. വർഷങ്ങളായി താലോലിക്കുന്ന ഈ സ്വപ്നമായിരിക്കും പല സംരംഭങ്ങളുടെയും തുടക്കത്തിന് കാരണമാവുന്നതും. എന്നാൽ മനസ്സിലുള്ള ആശയങ്ങളെ വ്യക്തമായ ഒരു പ്ലാനാക്കി എങ്ങനെ മാറ്റാം? ആ പ്ലാനിനെ എങ്ങിനെ നടപ്പിലാവുന്ന ഒരു ബിസിനസ് പ്ലാനാക്കാം? ആ പ്ലാൻ എങ്ങിനെ നടപ്പിലാക്കാം എന്നതാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത് .
ബിസിനസ് വിജയവും പരാജയവുമെല്ലാം പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത് , പലതും വിജയിക്കുമോ പരാജയപ്പെടുമോ എന്നത് ആ ബിസിനസ് തുടങ്ങിയ ശേഷം മാത്രമാണ് മനസ്സിലാവുന്നത്, വിജയത്തെ സ്വാധീനിക്കുന്ന പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലുമല്ല, എന്നാൽ ബിസിനസ് വിജയത്തിന് തുടക്കം മുതലേ നമ്മുടെ നിയന്ത്രണത്തിലുള്ള ഒന്നാണ് വ്യക്തമായ ഒരു ബിസിനസ് പ്ലാൻ ഉണ്ടാവുക എന്നത്.
ബിസിനസുകൾ പലതരം
വേണ്ട രീതിയിലുള്ള പഠനമോ തയ്യാറെടുപ്പോ ആസൂത്രണമോ ഇല്ലാതെ തുടങ്ങുന്ന ബിസിനസുകളാണ് അതിലൊന്ന് , കേവലം പ്ലാനിങ്ങിൽ മാത്രമായി കുടുങ്ങിക്കിടക്കുന്ന ബിസിനസുകളാണ് മറ്റൊന്ന്, എന്നാൽ പ്ലാനിംഗ് ഉണ്ടാവുകയും ആ പ്ലാനിങ്ങുകൾ പേപ്പറുകളിൽ മാത്രം ഉണ്ടാവുകയും ആ പ്ലാനുമായി ഒരു ബന്ധവുമില്ലാതെ നടക്കുകയും ചെയ്യുന്ന ബിസിനസാണ് മറ്റൊന്ന് അഥവാ പ്ലാനിങ് ഒരുവഴിക്ക്, ബിസിനസ് മറ്റൊരുവഴിക്ക്.
നടക്കുന്ന ബിസിനസ് പ്ലാനിങ്ങിന്റെ വിവിധ ഘട്ടങ്ങൾ
ഒരു ബിസിനസിന് ദീർഘകാലത്തേക്കും ഹ്രസ്വകാലത്തേക്കുമെല്ലാം പ്ലാനിങ്ങുകൾ അനിവാര്യമാണ്, ആ പ്ലാനിംഗ് ഉണ്ടാകുമ്പോഴാണ് യഥാർത്ഥ വഴിയിൽ ബിസിനസ് സഞ്ചരിക്കുന്നുണ്ടോ? വഴി തെറ്റുന്നുണ്ടോ? ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു? ഇനി ഇവിടെ എത്തണം? എങ്ങോട്ട് മുന്നേറണം എന്നിവയിലെല്ലാം വ്യക്തതയുണ്ടാവുന്നത്.
ഈ പ്ലാനിങ്ങുകൾ ബിസിനസ് നേതൃത്വത്തിന് വേണ്ടി മാത്രമല്ല ആ സ്ഥാപനത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കാനും (Key Result Areas -KRAs) അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്താനുമാവുന്നത് (Key Performance Indicators -KPIs) സ്ഥാപനത്തിനകത്ത് നിന്ന് മാത്രമല്ല ഒരു സ്ഥാപനത്തെ പുറത്ത് നിന്നുള്ള ഒരു ഏജൻസി വിലയിരുത്തുമ്പോഴും ഇത് അനിവാര്യമാണ്.
ഒരു ബിസിനസ് പദ്ധതി ആസൂത്രണം ചെയ്യുമ്പോഴുള്ള വിവിധ ഘട്ടങ്ങളാണ് താഴെ കൊടുക്കുന്നത്
1. ഉദ്ദേശലക്ഷ്യങ്ങൾ കണ്ടെത്തുക (Find Purpose)
2. വേണ്ടതിന് പ്രാധാന്യം കൊടുക്കുക (Priorities)
3. ലക്ഷ്യങ്ങൾ നിർണ്ണയിക്കുക (Define Goals)
4. ഘട്ടങ്ങൾ നിർണയിക്കുക (Milestones)
5. ചെയ്യേണ്ട ജോലികൾ (Actions)
6. സംവിധാനങ്ങളും പ്രക്രിയകളും (Systems and procedure)
7. സാധ്യതയുള്ള അപകടങ്ങളെ മുൻകൂട്ടിക്കാണുക (Plan for challenges)
ഇവ ഓരോന്നും പരിശോധിക്കാം
1. ഉദ്ദേശലക്ഷ്യങ്ങൾ കണ്ടെത്തുക (Find Purpose)
ഒരു ബിസിനസിന് ഒരു വലിയ ഉദ്ദേശം ഉണ്ടാവുക എന്നത് ഏറ്റവും വലിയ ഒരു ലക്ഷ്യമാണെങ്കിൽ ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ വഴികളാണ് ഒരു വ്യക്തമായ ബിസിനസ് പ്ലാൻ എന്നത്.
ഈ ബിസിനസ് എന്തിന് വേണ്ടി നിലനിൽക്കുന്നു? എന്താണ് ബിസിനസ്സിന്റെ ലക്ഷ്യം? ഭാവിയിൽ എന്ത് നേടാനാണ് ആഗ്രഹിക്കുന്നത് തുടങ്ങിയ വിഷൻ, പർപ്പസ് എന്നിവയിൽ നിന്നുമാണ് ബിസിനസ് പ്ലാൻ ആരംഭിക്കേണ്ടത് (ഈ വിഷയത്തെ കൂടുതലറിയാൻ മുൻ ലേഖനം വായിക്കാവുന്നതാണ് )
ഈ രീതിയിൽ തുടങ്ങുമ്പോഴാണ് ഫോക്കസ് വ്യക്തമാവുന്നത്. ചില വൻകിട കമ്പനികൾ ലോകം മുഴുവൻ നിറസാനിധ്യമായി മാറാൻ ലക്ഷ്യമിടുന്നെങ്കിൽ എല്ലാ ബിസിനസുകളും ലോകത്തെ മുഴുവൻ ഫോക്കസ് ചെയ്യുന്നുണ്ടാവില്ല. പല സ്ഥാപനങ്ങളും ഒരു ചെറിയ പ്രദേശം, ഒരു ടൗൺ, ഒരു കമ്മ്യൂണിറ്റി ഒരു സംസ്ഥാനം തുടങ്ങി വിവിധ രീതികളിലായിരിക്കും ഫോക്കസ് ചെയ്യുന്നുണ്ടാവുക. ഇന്ത്യയിലെ 90 ശതമാനം സംരംഭങ്ങളും സ്മോൾ ആൻഡ് മീഡിയം (SMEs) ആണ് അവ ഒരു നിശ്ചിത മേഖലയിൽ മാത്രം ഒതുങ്ങിക്കൂടുന്ന ബിസിനസുകളാണ്.
ഏതൊരു സംരംഭവും എവിടെയാണ് ബിസിനസ് ചെയ്യുന്നത്? ആരെയാണ് ഫോക്കസ് ചെയ്യുന്നത്, എന്തിനാണ് ബിസിനസ് ചെയ്യുന്നത് എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. നിങ്ങളുടെ ബിസിനസ് ആരെ ഫോക്കസ് ചെയ്യുന്നു? ഏത് മേഖലയിലാണ് ശ്രദ്ധിക്കുന്നത്? എന്ത് ദീർഘകാല ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്? എന്നൊക്കെ ആലോചിച്ച് ഒന്ന് എഴുതിവെച്ചു നോക്കൂ.
ഏറ്റവും ഗുണമേന്മയുള്ള ഉൽപ്പന്നം ആ പ്രദേശത്തുള്ളവർക്ക് വിലകുറവോടെ നൽകുക!ഒരു പട്ടണത്തിലെ യുവാക്കളുടെ സ്പോർട്സ് ആവശ്യങ്ങൾ നിറവേറ്റുക! മറ്റെവിടെയും ലഭിക്കാത്ത വസ്ത്രങ്ങൾ ലഭ്യമാക്കുക! ഒരു പ്രദേശത്തെയാളുകൾക്ക് കലർപ്പില്ലാത്ത ഭക്ഷണം നൽകുക! തുടങ്ങി ഓരോ ബിസിനസും ഓരോ ലക്ഷ്യത്തോടെയാവാം പ്രവർത്തിക്കുന്നത് ഈ ഉദ്ദേശലക്ഷ്യങ്ങൾ വ്യക്തമായി എഴുതിവെക്കുന്നത് കൂടുതൽ വ്യക്തതയുണ്ടാവാനും ടീമിലെ ഓരോ അംഗത്തിനും എന്തിന് വേണ്ടിയാണ് ആ സ്ഥാപനം നിലനിൽക്കുന്നതെന്ന് മനസ്സിലാക്കാനും പരിശീലനങ്ങൾ നൽകാനും എളുപ്പമാവും.
ഈ വ്യക്തത ഇല്ലാതെ വരുമ്പോഴാണ് പല പല കാര്യങ്ങൾ മാറി മാറി ചെയ്യുന്നതും ഓരോ കാര്യം ചെയ്ത് ലക്ഷ്യത്തിലെത്താതെ വീണ്ടും വീണ്ടും വ്യത്യസ്ത കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കേണ്ടി വരുന്നതും.
2. മുൻഗണനാക്രമത്തിൽ കാര്യങ്ങൾ ചെയ്യുക ( Priorities)
മുകളിൽ പറഞ്ഞത് ഒരു സ്ഥാപനത്തിന്റെ വലിയ ലക്ഷ്യങ്ങളെക്കുറിച്ചാണ് അത് ഒറ്റയടിക്ക് സാധിക്കുന്ന ഒരു ലക്ഷ്യം ആയിരിക്കണമെന്നില്ല. ആ സ്ഥാപനം പ്രവർത്തിക്കുന്നത് ആ ലക്ഷ്യത്തിലേക്കാണെങ്കിലും ആ യാത്രയിലേക്കുള്ള വഴികളിൽ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതായുണ്ടാവാം അപ്പോൾ ചില കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും ചിലത് പിന്നേക്ക് മാറ്റിവെക്കേണ്ടിയും വരാം.
ഉദാഹരണമായി ഒരു ബിസിനസിൽ അതിന്റെ നിയമപരമായ രജിസ്ട്രേഷൻ, അനുമതികൾ, റിസർച്ച് & ഡെവലപ്മെന്റ് (R&D), പ്രോഡക്റ്റ് & സർവീസ് ഡിസൈൻ, ബിസിനസ് മോഡൽ & സ്‌ട്രാറ്റജി ഡെവലപ്‌മെന്റ്, പാർട്ണർഷിപ്പ് & അലയൻസ് (Partnerships & Alliances), ഫണ്ടിംഗ് & ഇൻവെസ്റ്റ്മെന്റ്, മാർക്കറ്റിങ് & ബ്രാൻഡിങ്, സെയിൽസ് & ബിസിനസ് ഡെവലപ്മെന്റ്, അക്കൗണ്ടിങ് & ഫിനാൻസ് മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് (HR) & ടീം മാനേജ്മെന്റ്, കസ്റ്റമർ മാനേജ്മെന്റ് & കസ്റ്റമർ സർവീസ്, ഓപ്പറേഷൻസ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്, ടെക്നോളജി & ഐടി സപ്പോർട്ട്, ലീഗൽ & കംപ്ലയൻസ് മാനേജ്മെന്റ്, ക്വാളിറ്റി കൺട്രോൾ & കസ്റ്റമർ ഫീഡ്ബാക്ക്, സ്കെയിലിംഗ് & ബിസിനസ് എക്സ്പാൻഷൻ തുടങ്ങി ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതായുണ്ട്. എന്നാൽ ഇതെല്ലാംതന്നെ ഒരുമിച്ച് ചെയ്യാൻ ശ്രമിച്ചാൽ അത് വിജയിക്കണമെന്നില്ല. പല കാര്യങ്ങളും ഘട്ടം ഘട്ടമായാണ് ചെയ്യേണ്ടി വരുന്നത്. അത് കൊണ്ട് എല്ലാ കാര്യവും ഒരുമിച്ച് ചെയ്യാതെ ആദ്യത്തെ ഒരു വർഷത്തേക്ക്, അല്ലെങ്കിൽ ബിസിനസിന്റെ നിശ്ചിത ഘട്ടങ്ങളിൽ എന്തിനാണോ ആദ്യം ശ്രദ്ധ കോടുക്കേണ്ടത് അതിൽ കൂടുതൽ ശ്രദ്ധിക്കുക. അത് പലപ്പോഴും മൂന്നോ നാലോ അല്ലെങ്കിൽ അഞ്ച് കാര്യങ്ങളിലായിരിക്കാം തുടക്കത്തിൽ ശ്രദ്ധ കൊടുക്കാനാവുക. അത് കാര്യങ്ങളെ കൈപ്പിടിയിലൊതുക്കാനും വേഗത്തിൽ കാര്യങ്ങൾ ചെയ്യാനും സഹായകമാവും.
നിങ്ങളുടെ ബിസിനസിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധനൽകണം എന്ന് കരുതുന്ന മേഖലകൾ എന്തൊക്കെയാണെന്ന് ഒന്ന് എഴുതി നോക്കൂ..
ഒരു ബിസിനസ്സിന്റെ തുടക്കത്തിലും മധ്യത്തിലും ബിസിനസ് ട്രാക്കിലായാലുമെല്ലാം പ്രധാന ശ്രദ്ധ കൊടുക്കേണ്ട മേഖല വ്യത്യസ്തമായിരിക്കും എന്നോർക്കുക.
3. ലക്ഷ്യങ്ങൾ നിർണയിക്കുക (Goals)
മുകളിൽ സൂചിപ്പിച്ചതിൽ നിന്ന്, ഇപ്പോൾ ശ്രദ്ധ കൊടുക്കുന്ന മേഖലകൾ മാത്രം എടുക്കുക, അതിൽ വളരെ വ്യക്തതയുള്ള ലക്ഷ്യങ്ങൾ ഉണ്ടാക്കുക എന്നതാണ് അടുത്ത ഘട്ടം. ആ ലക്ഷ്യങ്ങൾ
SMART Goal ആണെന്ന് ഉറപ്പാക്കുക. അഥവാ കൃത്യതയുള്ള, അളക്കാനാവുന്ന, നേടാനാവുന്ന, പ്രസക്തിയുള്ള, നിശ്ചിത കാലപരിധിയിൽ നേടാനാവുന്ന ലക്ഷ്യങ്ങളാണെന്ന് ഉറപ്പ് വരുത്തുക
(Specific, Measurable, Achievable, Relevant, Time-bound)
ഉദാഹരണത്തിന് കഴിഞ്ഞ വർഷം 25 കോടിയായിരുന്നു വിറ്റുവരവ് അത് ഈ വർഷം 35 കോടിയിലെത്തിക്കുക, പരസ്യത്തിന് വേണ്ടി ഇത്രയാണ് ചെലവാക്കിയത്, അത് ഈ വർഷം ഇത്രയാകുക, ഇത്ര കസ്റ്റമർമാരാണ് കഴിഞ്ഞ വർഷം ഉണ്ടായത് എന്നാൽ ഈ വർഷം ഇത്ര പേരിലേക്ക് എത്തിക്കുക എന്ന രീതിയിൽ വളരെ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടാവുക.
4. ഘട്ടങ്ങൾ നിർണയിക്കുക (Milestones)
നേരത്തെ ഉണ്ടാക്കിയ ലക്ഷ്യങ്ങൾ പലപ്പോഴും ഒരു വർഷംകൊണ്ട് -അല്ലെങ്കിൽ നിശ്ചിത വർഷങ്ങൾ കൊണ്ട് നേടാനാവുന്ന വിധം ഉണ്ടാക്കിയതാണെങ്കിൽ കാര്യങ്ങൾ ആ ലക്ഷ്യത്തിലേക്ക് തന്നെയാണ് പോകുന്നത് അല്ലെങ്കിൽ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ നേടുന്നുണ്ട് എന്നൊക്കെ ഓരോ ഘട്ടത്തിലും മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ആ ലക്ഷ്യങ്ങളെ വീണ്ടും ചെറു ഘട്ടങ്ങളായി, നാഴികക്കല്ലുകളാക്കി (Milestones) മാറ്റേണ്ടതുണ്ട്. ആറ് മാസംകൊണ്ട് നേടുന്ന കാര്യങ്ങൾ, അല്ലെങ്കിൽ ഒരു വർഷത്തെ നാലായി വിഭജിച്ച് ഓരോ ക്വാർട്ടറിലും നേടുന്ന കാര്യങ്ങൾ എന്നിങ്ങനെ വിഭജിക്കാവുന്നതാണ്. ഇങ്ങനെ ആസൂത്രണം ചെയ്യുമ്പോൾ ലക്ഷ്യങ്ങൾ നേടുന്നുണ്ടെന്ന് മനസ്സിലാക്കാനും അത് അളക്കാനുമാവും.
ഉദാഹരണമായി ചില ബിസിനസുകളിൽ പ്രത്യേക സീസണില്ലാതെ എല്ലാ കാലത്തും ഒരുപോലെയായിരിക്കാം കച്ചവടം നടക്കുന്നത് അപ്പോൾ ഒരു വർഷം 30 കോടിയുടെ ബിസിനസ് നടത്താനാണ് പ്ലാൻ ചെയ്തതെങ്കിൽ അതിനെ നാലിലൊന്നാക്കി വിഭജിക്കുകയും ഓരോ ക്വാർട്ടറിലും 7.5 കോടിയുടെ വിറ്റുവരവ് എന്ന നാഴികക്കല്ല് വെക്കാനാകും. അങ്ങിനെ ചെയ്യുമ്പോൾ ഇടയ്ക്ക് വെച്ച് വേഗത കുറയുന്നുണ്ടെങ്കിൽ അത് കൂട്ടാനും വേഗത മനസ്സിലാക്കാനുമാകും. എന്നാൽ ചില ബിസിനസുകളിൽ ചില സീസണുകളിലായിരിക്കാം കൂടുതൽ കച്ചവടം നടക്കുന്നുണ്ടാവുക. അതിനെ മനസ്സിലാക്കി ഘട്ടങ്ങളാക്കിത്തിരിച്ച് നന്നായി ബിസിനസ് നടക്കുന്ന സീസണുകളിലും അല്ലാത്തപ്പോഴും എന്ത് ബിസിനസ് കൊണ്ടു വരണം എന്ന് ആസൂത്രണം ചെയ്യാനാവും.
5. ചെയ്യേണ്ട ജോലികൾ (Actions)
ഒരു ബിസിനസിന് പ്ലാനിംഗ് മാത്രം പോര, എന്തൊക്കെ ചെയ്താലാണ് ആസൂത്രണം ചെയ്ത ലക്ഷ്യങ്ങൾ നേടാനാവുക എന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. പ്ലാൻ ചെയ്ത കാര്യങ്ങൾ എങ്ങനെ നടത്തുന്നു? എന്തൊക്കെ ചെയ്യണം, മൈൽസ്റ്റോണുകൾ എങ്ങിനെ നേടുന്നു? തുടങ്ങിയ കാര്യങ്ങളാണ് ആക്ഷൻ എന്നതിലൂടെ ഉദ്ദേശിക്കുന്നത് അഥവാ ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടിയുള്ള മാർഗങ്ങൾ, അല്ലെങ്കിൽ ഓരോരുത്തർക്കും ചെയ്യാനുള്ള ജോലികൾ എന്നിവ വളരെ വ്യക്തമായി നിർണയിക്കുകയും അവ ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങളുമുണ്ടാവണം.
ഒരു വർഷം 30 കോടി രൂപ അല്ലെങ്കിൽ 10000 പ്രൊഡക്ടുകൾ വിൽക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ആണെങ്കിൽ ആ വിൽപ്പന കൂട്ടാൻ ഓരോരുത്തരും എന്ത് ചെയ്യും എന്നതാണ് ഇവിടെ ആസൂത്രണം ചെയ്യേണ്ടത്. ഉദാഹരണമായി അത് സ്റ്റാഫിന് സെയിൽസിൽ പരിശീലനം നൽകുന്നതാവാം, സെയിൽസ് കൂടുമ്പോൾ ഇൻസെന്റീവ് കൊടുക്കുന്നതാവാം, കൂടുതൽ ആളുകളെ അപ്പോയ്ന്റ് ചെയ്യുന്നതാവാം, മാർക്കറ്റിംഗ് ശക്തിപ്പെടുത്തുന്നതാവാം, കൂടുതൽ പ്രൊഡക്ടുകൾ പുറത്തിറക്കുന്നതാവാം അങ്ങനെ ഓരോ സംരംഭത്തിനനുസരിച്ച് അതിൽ വ്യക്തത കൊണ്ടുവരണം
6. സംവിധാനങ്ങളും പ്രക്രിയകളും (Systems and procedure)
ഇവിടെ മുകളിൽ പ്ലാൻ ചെയ്ത ജോലികൾ, ആക്ഷനുകൾ എന്നിവയെ ഉറപ്പ് വരുത്താൻ, അല്ലെങ്കിൽ വേഗത്തിലാക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്, വേണ്ടത് , ഈ കാര്യങ്ങൾ നേരിട്ട് കച്ചവടം കൊണ്ടുവരണമെന്നില്ല. ഉദാഹരണത്തിന് അത് ഒരു റിപ്പോർട്ടിംഗ് സംവിധാനം ആകാം, പഞ്ചിംഗ് സിസ്റ്റം തുടങ്ങുന്നതാവാം, മാർക്കറ്റിംഗ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതാവാം, ഫണൽ സിസ്റ്റം കൊണ്ടുവരുന്നതാവാം, കോളുകൾ ഷെഡ്യൂൾ ചെയ്യുന്നതാവാം, ലോഗുകൾ സൂക്ഷിക്കുന്നതാവാം, ഫീഡ്ബാക്ക് വിലയിരുത്തലാവാം, ഡെയ്ലി ടാർജറ്റ് റിപ്പോർട്ട്, വീക്കിലി മീറ്റിംഗ് അങ്ങനെയുള്ള എന്ത് കാര്യങ്ങളുമാവാം.
7. സാധ്യതയുള്ള അപകടങ്ങളെ മുൻകൂട്ടിക്കാണുക, തയ്യാറെടുക്കുക (Plan for challenges)
ബിസിനസ് എന്നത് വെല്ലുവിളികൾ നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ അതിനുവേണ്ടി തയ്യാറെടുക്കേണ്ടതുമുണ്ട്. ഓരോ പ്രശ്നങ്ങളും പരിഹരിച്ച് മുന്നോട്ട് പോകുമ്പോഴാണ് ബിസിനസ് വളരുന്നത് ചില വെല്ലുവിളികൾ അപ്രതീക്ഷിതമാണ്. എന്നാൽ, ബിസിനസ് പദ്ധതികൾ തയ്യാറാക്കുമ്പോൾ വഴിയിൽ വരാൻ സാധ്യതയുള്ള വെല്ലുവിളികളെ മുൻകൂട്ടി കാണാനാവുകയും അത്തരം സന്ദർഭങ്ങളിൽ എന്ത് ചെയ്യണമെന്ന് ആസൂത്രണം ചെയ്യുകയും ചെയ്യുന്നത് ബിസിനസിന് ഗുണം ചെയ്യും. ക്യാഷ് ഫ്ളോ വേണ്ട രീതിയിൽ വന്നില്ലെങ്കിൽ, പ്രധാനപ്പെട്ട സ്റ്റാഫ് പിരിഞ്ഞുപോകുന്നത്, മറ്റുള്ളവരും ഒരേ ബിസിനസ് തുടങ്ങുന്നത്, നിയമപരമായ പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ഇതിൽ വരാം.
ഒരു ബിസിനസ് തുടങ്ങി അത് വിജയിപ്പിക്കാൻ വലിയ പാഷനോ ആഗ്രഹമോ ഉത്സാഹമോ മാത്രം മതിയാകില്ല. അതിനു പിന്നിൽ കൃത്യമായ ആസൂത്രണം, സ്ഥിരതയോടെ മുന്നേറാനുള്ള മനോഭാവം, ആത്മാർത്ഥമായ പ്രവർത്തനം എന്നിവകൂടി ആവശ്യമാണ്. ഒരു ബിസിനസ് ആശയത്തെ വ്യക്തമായ പ്ലാനാക്കി മാറ്റുകയും അതിനെ യാഥാർഥ്യത്തിലേക്ക് കൊണ്ടുവരാനാവശ്യമായ പ്രവൃത്തികൾ ഘട്ടം ഘട്ടമായി കൊണ്ടുവരുകയും ചെയ്യുമ്പോഴാണ് സംരംഭങ്ങൾ വിജയിക്കുന്നത്. അടുത്ത സാമ്പത്തിക വർഷം തുടങ്ങുമ്പോഴേക്കും വിദഗ്ധരുടെ സഹായത്തോടെയോ സ്വന്തമായോ ഇത്തരത്തിലുള്ള ഒരു ബിസിനസ് പ്ലാൻ തയ്യാറാക്കി നോക്കൂ. അത് നടപ്പിലാക്കാനുള്ള കാര്യങ്ങൾ ചെയ്ത് നോക്കൂ. തീർച്ചയായും മാറ്റങ്ങൾ അനുഭവിച്ചറിയാം.
Content Highlights: Learn how to create a detailed business plan, setting clear goals
Published: 06 Mar 2025, 11:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented