ലോക സാമ്പത്തിക വ്യവസ്ഥയുടെ ചാലകശക്തി തന്നെ ബിസിനസ് സംരംഭങ്ങളാണ്, പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നത്, കണ്ടെത്തലുകൾനടത്തുന്നത്, വളർച്ചയ്ക്കുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നത് എന്നിവയെല്ലാം ബിസിനസ് സംരംഭങ്ങളാണ് , അതുകൊണ്ട് തന്നെ പല വികസിത രാജ്യങ്ങളും ബിസിനസ്​പരമായ കാര്യങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്.വൻ ബിസിനസുകൾ മാത്രമല്ല 90 ശതമാനത്തോളം വരുന്ന സ്മാൾ ആൻഡ് മീഡിയം സൈസ് ബിസിനസുകൾ ആണ് ലോകത്തെ 70 ശതമാനത്തോളം ജോലി അവസരങ്ങൾ ഒരുക്കുന്നതും, രാജ്യങ്ങളുടെ ജിഡിപിക്ക് മുതൽക്കൂട്ടാവുന്നതും .

To advertise here,

ഇന്നത്തെ വിദ്യാഭ്യാസരീതികൾ നാളെയുടെ ലോകത്തിന് വേണ്ടികൂടി പ്രാപ്തമാവേണ്ടതുണ്ട് , ചെറുപ്പകാലം തൊട്ട് തന്നെ വിദ്യാർഥികളിലും സംരംഭകശീലങ്ങളും സമ്പത്തിക അറിവുകളും പകർന്നുനൽകേണ്ടതുണ്ട്. ഏതൊരു ജോലി ചെയ്യാനും അതിന്റേതായ പഠനങ്ങളും കഴിവും മാനദണ്ഡമാക്കാറുണ്ട്. എന്നാൽ ഒരുപാട് ജോലികൾ സൃഷ്ടിക്കുന്ന സംരംഭകശേഷി പോലുള്ള കാര്യങ്ങൾ പരിപോഷിപ്പിക്കാനുള്ള പദ്ധതികൾ നമ്മുടെ വിദ്യാഭ്യാസരീതിയിൽ പൊതുവേ കുറവായിട്ടാണ് കണ്ട് വരുന്നത് .

അതുകൊണ്ടുതന്നെ ഓരോ സംരംഭകനും അവരുടെ മേഖലയിലെ അറിവ്, കഴിവുകൾ, പുതിയ കാര്യങ്ങൾ തുടങ്ങാനും വെല്ലുവിളികൾ നേരിടാനുള്ള മനസ്സ് എന്നിവയെല്ലാം നേടേണ്ടതുണ്ട്. ഓരോ സംരംഭകനും അവരുടെ പ്രാഥമിക അറിവുകൾക്കപ്പുറം നേതൃത്വഗുണങ്ങൾ, ബിസിനസ് പ്ലാൻ രൂപപ്പെടുത്തൽ, ബ്രാൻഡിങ്, സാമ്പത്തിക അറിവ്, മാർക്കറ്റ് റിസർച്ച്, നെറ്റ്​വർക്കിങ്, ബിസിനസ്സ് സ്കെയിലിങ്, കമ്മ്യൂണിക്കേഷൻ കഴിവുകൾ, ഫണ്ട് കണ്ടെത്തൽ, അത് മാനേജ് ചെയ്യൽ ക്രിയാത്മകതയും പുതുമയും കൊണ്ടുവരൽ, നല്ലൊരു ടീം നിർമ്മാണം തുടങ്ങി ഒരുപാട് വിഷയങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് അത് ആ വ്യക്തികളെ മാത്രമല്ല സമൂഹത്തെ പൊതുവിൽ ഗുണകരമായി ബാധിക്കുന്ന ഒന്നാണ്.

ബിസിനസ് സംരംഭങ്ങളുടെ  എണ്ണത്തിൽ മുൻപുള്ളതിനേക്കാള്‍ വൻ വര്‍ധനവാണ് ഇന്നത്തെ സാഹചര്യത്തിൽ കണ്ടുവരുന്നത്. ഏതൊരു ജോലിയിലായിരിക്കുമ്പോഴും എന്തെങ്കിലും സമ്പാദിക്കണം എന്നിട്ട് സ്വന്തമായി ഒരു സംരംഭം തുടങ്ങണം എന്നതായിരിക്കും, മിക്ക ആളുകളുടെയും സ്വപ്നം , അങ്ങനെ ഓരോ ദിവസവും ഒരുപാട് പുതിയ സംരംഭങ്ങളാണ് ആരംഭിച്ചുകൊണ്ടിരിക്കുന്നത്, അതിൽ വളരെ കുറച്ച് സംരംഭങ്ങൾ മാത്രമാണ് വിജയിക്കുന്നത്, ഭൂരിപക്ഷവും ആദ്യ വർഷങ്ങളിൽ തന്നെ അടച്ചുപൂട്ടേണ്ടി വരുന്നു, അല്ലെങ്കിൽ വിജയകരമല്ലാതെ മുന്നോട്ടുപോകുന്നു.

കോർപറേറ്റ് അഫയർസ് മിനിസ്ട്രിയുടെ(Corporate Affairs Ministry’s Information Bulletin) കണക്കുകൾ പ്രകാരം 2024 മാർച്ച് അവസാനതോടെ രാജ്യത്ത് മൊത്തം 26,63,016 കമ്പനികൾ നിലവിലുണ്ടായിരുന്നു. ഇവയിൽ 9,31,644 കമ്പനികൾ അടച്ചുപൂട്ടുകയും.2,470 കമ്പനിയുകൾ നിർജീവമാണ്, 10,385 കമ്പനികൾ ലിക്വിഡേഷനിലാണ്, 27,022 കമ്പനികൾ ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കം ചെയ്യാനുള്ള പ്രക്രിയയിലുമാണ് . എന്തുകൊണ്ടായിരിക്കാം ഇത് സംഭവിക്കുന്നത്?

സംരംഭകത്വത്തിന്റെ പരാജയത്തിന് പിന്നിലെ കാരണങ്ങൾ

ഈ പരാജയത്തിന് പിന്നിൽ ഒറ്റക്കാരണമല്ല; പല ഘടകങ്ങളുടെയും സമന്വയമായുള്ള പ്രശ്‌നങ്ങളാണ് ഇതിന് കാരണം. എങ്കിലും പ്രാഥമികമായ ഒരു കാരണം വേണ്ടത്ര പഠനമില്ലാതെയാണ് പലതും തുടങ്ങുന്നത് എന്നതാണ് .

ഭൂരിപക്ഷം ആളുകളും പഠിച്ച് ഒരു ജോലി നേടുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. “പഠിച്ച് ഒരു നല്ല ജോലി നേടണം” എന്നതു മാത്രമാണ് ചുറ്റുപാടുകളിൽ നിന്ന്  സാധാരണമായി ലഭിക്കുന്ന മാർഗനിർദ്ദേശങ്ങൾ, ഒരു സംരംഭകനാവുക എന്നത് സ്വന്തം സ്വപ്നങ്ങളുടെ ഫലമായിട്ടാണ് പലപ്പോഴും ഉണ്ടാകുന്നത്, സംരംഭകത്വം എന്നത് ഓരോരുത്തത്തുടെയും ഒരു സ്വപ്നമാവുകയും അതിനെ ഒരു സ്വപ്നമെന്ന നിലയിൽ കണ്ട്, അടിസ്ഥാനപരമായ പഠനം നടത്താതെ അതിലേക്ക് ഇറങ്ങി കൈപൊള്ളുന്നവരാണ് കൂടുതൽ പേരും.

ലീഡറാവുക എന്ന കഴിവ് 

ഒരു സ്ഥാപനം തുടങ്ങുക എന്നത് ഒരു നേതൃശേഷികൂടെയാണ്, ലീഡർഷിപ്പ് എന്നത് ഒരു ഒരു ചെറിയ കഴിവല്ല, മറ്റുള്ളവര്‍ തടസ്സങ്ങള്‍ കാണുന്നിടത്ത് അവസരങ്ങള്‍ കാണാനും, പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുന്നോട്ട് പോകാനും ഒരു ടീമിനെ ഒരു ലക്ഷ്യത്തിലേക്ക് നയിക്കാനും കഴിയുന്നവർക്കാണ് ഒരു സംരംഭത്തിന് നേതൃത്വം കൊടുക്കാനാവുന്നത്.

ഒരു സ്ഥാപനത്തിലെ തൊഴിലാളിയായിരിക്കുമ്പോൾ അവരുടെ ജോലിയും ചുറ്റുപാടും മാത്രം മനസ്സിലാക്കി പ്രവർത്തിച്ചാൽ മതിയാവും. എന്നാൽ ഒരു സംരംഭകൻ ആകുന്നതോടെ 360 ഡിഗ്രിയിൽ കാര്യങ്ങളെ നോക്കിക്കാണേണ്ടതുണ്ട്, തന്റെ ലക്ഷ്യങ്ങൾ, പ്രോഡക്റ്റ്, മാർക്കറ്റ്, സാമ്പത്തിക വ്യവഹാരങ്ങൾ, തന്റെ ടീം, ചുറ്റുമുള്ള മാർക്കറ്റ്, സാധ്യതകൾ എന്നിവയെല്ലാം നോക്കിക്കാണേണ്ടതുണ്ട്. ഈ കാര്യങ്ങൾ ചെയ്യുന്നതിന്റെ കൂടെ തന്റെ മേഖലയിലെ പുതിയ പുതിയ കാര്യങ്ങൾ കണ്ടെത്തുക, മാർക്കറ്റ് പഠിക്കുക, ബിസിനസ് പദ്ധതികൾ തയ്യാറാക്കുക, പ്രശ്നങ്ങൾ പരിഹരിക്കുക, സ്വന്തം ടീമിനെ പഠിക്കുക, ഉപഭോക്താവിനെ അറിയുക , പുതിയ സ്വപ്നങ്ങൾ കാണുക, ആ സ്വപ്നങ്ങൾ ടീമിനെ ബോധ്യപ്പെടുത്തുക, ആ സ്വപ്നങ്ങൾ ലോകത്തെ അറിയിക്കുക തുടങ്ങിയ ഒരുപാട് കാര്യങ്ങളാണ് ചെയ്യേണ്ടി വരുന്നത്. ഇതിനൊക്കെ സാങ്കേതികമായി അറിവുകളും, അതിന്റെ കൂടെ മാനുഷികമായ ഒരുപാട് കാര്യങ്ങളും പഠിക്കേണ്ടതുണ്ട്.

വേറിട്ട് നിൽക്കുക

ഓരോ സ്ഥാപനവും അതിന്റേതായ രീതിയിൽ വേറിട്ട് നിൽക്കേണ്ടതുണ്ട്, അല്ലെങ്കിൽ മാർക്കറ്റിലെ ഒരു അവിഭാജ്യ ഘടകമായി നിലനിൽക്കേണ്ടതുണ്ട്, ഒരേ ഉൽപ്പന്നം വിൽക്കുന്ന രണ്ട് സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അവ രണ്ടും വേറിട്ട് നിൽക്കുന്നത് മറ്റ് സ്ഥാപനങ്ങളേക്കാൾ എന്തോ ഒരു മൂല്യം ആ സ്ഥാപനത്തിന് നൽകാനാവുന്നത് കൊണ്ടാണ്.  ‘എന്തിന് ഈ സ്ഥാപനം തുടങ്ങി?’ എന്നതിന്റെ ഉത്തരമാണ് അത്, എന്ത് മൂല്യമാണ് നൽകുന്നത്?, എന്ത് ആവശ്യമാണ് നിറവേറ്റുന്നത്?, ലോകത്തിലെ എന്ത് പ്രശ്നമാണ് പരിഹരിക്കുന്നത്? എന്നിവയെല്ലാം ഏതൊരു സ്ഥാപനവും തുടങ്ങുന്നതിന് പിന്നിലെ കാരണങ്ങളാണ്.

എന്തുകൊണ്ട് പഠിക്കണം?

മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമെ ഒരു ബിസിനസ്സ് ആരംഭിക്കുന്നതും നടത്തുന്നതും കാര്യമായ സാമ്പത്തിക അപകടസാധ്യതകൂടെ ഉള്‍പ്പെടുന്നതാണ്, സംരംഭകര്‍ പലപ്പോഴും അവരുടെ കയ്യിലുള്ള കരുതല്‍ നിക്ഷേപം മുഴുവനായും നിക്ഷേപിക്കുകയോ, അവരുടെ സംരംഭങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കടം വാങ്ങുകയോ, ലോണെടുക്കുകയോ, നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുന്നു, എന്നാൽ ബിസിനസ് ഉദ്ദേശിച്ച രീതിയില്‍ വിജയിക്കുന്നില്ലെങ്കില്‍ അത് വലിയ രീതിയിലുള്ള സാമ്പത്തിക അനിശ്ചിതാവസ്ഥയ്ക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ വ്യക്തമായ പഠനവും ആസൂത്രണവും ഏതൊരു ബിസിനസിനും അതിന്റെ നേതൃത്വത്തിനും അനിവാര്യമാണ് 

ഒരാൾ ഒരു ബിസിനസ്സ് സംരംഭത്തിന്റെ ഉടമയാകുമ്പോള്‍ ഒരു ജോലിയേക്കാള്‍ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ അവരുടെ ചുമലിലേക്ക് വരും, ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ജീവനക്കാര്‍ക്ക് വിട്ടുകൊടുക്കുമ്പോള്‍ പോലും ബിസിനസിന്റെ പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടത് ഉടമതന്നെയാണ്. അതുകൊണ്ടുതന്നെ ഒരു സംരംഭകൻ എന്ന നിലക്ക് ഒരുപാട് പഠിക്കേണ്ടതുണ്ട്, കഴിവുകൾ ആർജിക്കേണ്ടതുണ്ട്.

പുതിയ ലേഖന പരമ്പര

ബിസിനസ് പഠിക്കാന്‍ ഒരുപാട് കോഴ്സുകളും പ്ലാറ്റ്ഫോമുകളും ഇന്നുണ്ട്, സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സർക്കാരേതര പദ്ധതികളും നിരവധിയുണ്ട്, ഇന്റർനെറ്റ് തന്നെ ഇന്ന് വലിയ ഒരു യൂണിവേഴ്സിറ്റിയാണ്. എ.ഐ സാങ്കേതിക വിദ്യകളും നിരവധിയുണ്ട്. 

ഒരു ജോലിക്കാരൻ ആയിരിക്കുമ്പോൾ പലപ്പോഴും കാര്യങ്ങൾ ഷെയർ ചെയ്യാനും പഠിക്കാനും ആശയങ്ങൾ പങ്കുവെക്കാനുമെല്ലാം സഹപ്രവർത്തകരും കൂട്ടായ്മയുമെല്ലാം ഒരുപാടുണ്ടാവും എന്നാൽ ഒരു സംരംഭകൻ ആകുന്നതോടെ പലപ്പോഴും പരസ്പരം സഹകരിക്കാനും , ആശയങ്ങൾ പങ്കുവെക്കാനും , ഒരുമിച്ച് പഠിക്കാനും സഹായിക്കുന്ന ഒരു ചുറ്റുപാട് ഉണ്ടാവണമെന്നില്ല, മാർക്കറ്റിലെ മത്സരങ്ങൾ കാരണം പുതിയ ആശയങ്ങൾ പങ്കു വെക്കാനുള്ള സാഹചര്യങ്ങളും കുറവാണ്, ഈ സാഹചര്യത്തിൽ  ബിസിനസ് നേതൃത്വം നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ആധികാരികമായ അറിവുകൾ ഏറ്റവും ലളിതമായി പഠനങ്ങളുടെയും, കേസ് സ്റ്റഡികളുടെയും അടിസ്ഥാനത്തിൽ തുടർച്ചയായി ലഭ്യമാക്കുക എന്നതാണ് മാതൃഭൂമി ഓൺലൈൻ….. ‘സക്സസ് ബ്ലൂപ്രിന്റ്’ എന്ന ലേഖന പരമ്പരയിലൂടെ ലക്ഷ്യമിടുന്നത്. 

മാറ്റങ്ങൾ സ്വീകരിച്ച്, പുതിയ അറിവുകൾ ഉൾക്കൊണ്ട്, നിരന്തരം പഠിക്കുകയും പ്രയത്‌നിക്കുകയും ചെയ്യുന്നവരാണ് വിജയത്തിന് അവകാശികളാകുന്നത് , ആ വിജയത്തിലേക്ക് നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം.