
കുഞ്ഞുന്നാളുകളിലും സ്കൂൾ ക്ലാസിലെ ബഞ്ചുകളിലുമൊക്കെ ഇരിക്കുമ്പോൾ ആഗ്രഹിച്ചിരുന്നതെല്ലാമൊന്ന് ഓർത്തു നോക്കിയാൽ ചിരിയൂറുന്ന സ്മരണകൾ ഏറെയാണ്. അതിൽ തന്നെ വിവിധ വാഹനങ്ങളും അതിന്മേൽ ഉള്ള കമ്പവും നിത്യഹരിത ആവേശ-രോമാഞ്ച സഞ്ചാരങ്ങൾ ആയിരുന്നു. ബസും ടിപ്പറും കപ്പലും ട്രെയിനും തുടങ്ങി വിമാനം ഓടിക്കുന്നതുവരെ സ്വപ്നം കണ്ടും അതിനെപ്പറ്റി സംസാരിച്ചും നടന്ന ആ കാലം. പിന്നീട് നെടുമ്പാശ്ശേരി എയർപോർട്ട് വരികയും വീടിൻ്റെയും പഠിച്ച സ്കൂളിൻ്റെയും മുകളിലൂടെ തന്നെ ധാരാളം വിമാനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറക്കാൻ തുടങ്ങിയപ്പോൾ വല്ലകാലത്തും മാത്രം വീണുകിട്ടിയിരുന്ന തീപ്പെട്ടിക്കൊള്ളി വലുപ്പമുണ്ടായിരുന്ന ആകാശക്കാഴ്ചകൾക്ക് വലുപ്പം ഏറെ കൂടി. ആദ്യമായി ജംബോ ജെറ്റ് വരുന്ന ദിവസം ക്ലാസ്സ് മുറിയിൽനിന്ന് ഒച്ച കേട്ട് ഞങ്ങളെല്ലാവരും ഇറങ്ങിയോടിയിട്ടുണ്ട്, കാണാൻ വേണ്ടി. അന്നൊക്കെ എയർപോർട്ടിന് അടുത്തുള്ള കാലടി പാലത്തിൽനിന്നു തൊട്ടടുത്തുള്ള വീടുകളിലെ പുരപ്പുറത്ത് കയറിയും യമണ്ടൻ വിമാനങ്ങളെ കൊതിയോടെ കണ്ടുനിന്നിട്ടുണ്ട്....
ഇതെങ്ങിനെ പറക്കുന്നുവെന്ന അത്ഭുതം മനസ്സിൽ ഉണ്ടാവാത്ത ആരും തന്നെ ഉണ്ടാവില്ല. അദ്ഭുതം കൂറാൻ ശാസ്ത്രതത്വങ്ങളുടെ ആവശ്യം ഇല്ലല്ലോ. അതുകൊണ്ട് എയ്‌റോഡൈനാമിക്‌സിനെക്കുറിച്ച് ഒക്കെ അറിയുന്നതിന് മുന്നേ ആകാശത്ത് പറന്ന് നടന്നത് മനസ്സാണ്. എന്ത് ഡൈനാമിക്‌സ് ഇരുന്നിട്ടാണ് ഈ പക്ഷികളൊക്കെ ഇങ്ങനെ പാറിപ്പറന്ന് നടക്കുന്നത്. കിറുകൃത്യമായ ടേക് ഓഫും ലാൻഡിങ്ങും. മഴയോ കാറ്റോ ഇരുട്ടോ ഒന്നും ഒരു പ്രശ്നവുമില്ല. ഓരോന്നിനും ഓരോ വൈവിധ്യമാണ്.
വിമാനം പറത്തുക, യന്ത്രസംവിധാനങ്ങളെ കുറിച്ച് പഠിക്കുക, ആകാശത്തെവിടെയെങ്കിലും വിമാന സ്റ്റോപ്പിൽ ഇറങ്ങി പിന്നാലെ വരുന്ന അടുത്ത വിമാനത്തിൽ കയറുക, ആകാശവും കടന്ന് ശൂന്യാകാശത്ത് ഒരു കറക്കം, നക്ഷത്രങ്ങളെ കണ്ട് ഒരു മടക്കം, അതൊക്കെ ഒരു ത്രിൽ അല്ലേ.... മനസ്സല്ലേ എറ്റവും വേഗം പറക്കുന്ന വിമാനം. മനസ്സിനെന്ത് ഗ്രാവിറ്റി. നക്ഷത്രങ്ങളായ നക്ഷത്രങ്ങൾ..ഗ്രഹങ്ങളായ ഗ്രഹങ്ങൾ.. അദ്ഭുതം ജനിപ്പിക്കാത്ത ഒന്നുപോലും ഇല്ലാത്ത ഒരു ലോകം.
അക്കാലത്ത് പത്രത്താളുകളിൽ നിറഞ്ഞ കൗതുകങ്ങളിൽ കൂടി വിമാനം വിട്ട് ചിന്ത റോക്കറ്റിലേക്കും ഉപഗ്രഹങ്ങളിലേക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സൂര്യനിലേക്കും പറന്നു. ഭാരതവും അമേരിക്കയും റഷ്യയും ഒക്കെ നടത്തുന്ന ബഹിരാകാശ യാത്രകളുടെ വായനയും കൂടെ കൂടി. എത്രയോ വാർത്തകൾ ഹരം കൊള്ളിച്ചിരിക്കുന്നു. പിഎസ്എൽവി, ജിഎസ്എൽവി റോക്കറ്റ് , ചന്ദ്രയാൻ, മംഗളയാൻ, ഗഗൻയാൻ മിഷനുകൾ, ബ്രഹ്മോസ്, ആകാശ്, അഗ്നി, പ്രലയ്, കുഷ മിസൈൽ പദ്ധതികൾ, തേജസ്, റാഫേൽ തുടങ്ങി ഫൈറ്റർ ജെറ്റ് വാർത്തകൾ. സുനിത വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ മാസം ബോയിംഗിൻ്റെ CST - 100 സ്പേസ് ക്രാഫ്റ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 8 ദിവസത്തെ പരിപാടിക്കായി പോകുന്നു. എന്നാൽ ബോയിംഗ് പേടകം സങ്കേതിക പ്രശ്നങ്ങൾ കാണിക്കുകയും ബഹിരാകാശത്ത് വച്ച് റിപ്പയർ ചെയ്ത് പരിഹരിക്കാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നതിനാൽ അവരുടെ തിരിച്ചുവരവ് വൈകി, ഈ കഴിഞ്ഞ മാർച്ചിൽ ഏലോൺ മസ്‌കിൻ്റെ സ്പേസ് എക്സ് ഡ്രാഗൺ ക്യാപ്‌സുൾ അവരെ തിരികെ കൊണ്ടുവരികയും നഅത് സാകൂതം വീക്ഷിക്കുകയും ഒക്കെ ചെയ്തത് എന്ത് അദ്ഭുതം ആണല്ലേ....! അത്ഭുതം ജനിപ്പിക്കാത്ത ഒന്നുപോലും ആകാശത്തിലോ ഭൂമിയിലോ ഇല്ല. എല്ലാം വിട്ട് ശൂന്യാകാശത്തേക്ക് നോക്കിയാലോ, അവിടവും അത്ഭുതം മാത്രമേ ഉള്ളൂ.
എന്നാൽ ഈ അദ്ഭുതലോകത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന എൻജിനീയറിങ് മേഖല എന്താണെന്ന് നോക്കിയാലോ?
എയ്റോസ്പേസ് എൻജിനീയറിങ്
വിമാനങ്ങൾ, ബഹിരാകാശ പേടകങ്ങൾ, ഉപഗ്രഹങ്ങൾ, മിസൈലുകൾ എന്നിവ രൂപകൽപ്പന ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഞ്ചിനീയറിംഗിന്റെ ഒരു ഉപവിഭാഗമാണ് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ്. എയ്‌റോനോട്ടിക്കൽ എഞ്ചിനീയറിംഗ്, ആസ്ട്രോണമിക്കൽ എഞ്ചിനീയറിംഗ്, ഏവിയോണിക്സ് എൻജിനീയറിങ് എന്നീ 3 ശാഖകൾ ഇതിനുണ്ട്.
ഇന്ന് ഭൂമിയുടെ അന്തരീക്ഷത്തിനുള്ളിൽ പറക്കുന്ന വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോൺ, ഫൈറ്റ്റർ ജെറ്റുകൾ, മിസൈൽ എന്നിവയുടെ രൂപകല്പന, നിർമ്മാണം, പ്രവർത്തനം എന്നിവ എയ്‌റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ഉൾപ്പെടുന്നു. നമ്മുടെ ഗ്രഹത്തിനപ്പുറത്തേക്ക് അല്ലെങ്കിൽ ഭൂമിയുടെ അന്തരീക്ഷം വിട്ട് സഞ്ചരിക്കുന്ന ബഹിരാകാശ പേടകങ്ങൾ, റോക്കറ്റ്, ഉപഗ്രഹങ്ങൾ എന്നിവ ആസ്ട്രോണമിക്കൽ എൻജിനീയറിങ്ങിൽ പെടുന്നു. ഈ രണ്ട് വിഭാഗങ്ങളിലും പെടുന്ന പേടകങ്ങളുടെ ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻ, നാവിഗേഷൻ, കൺട്രോൾ എന്നീ കാര്യങ്ങളിൽ ആണ് ഏവിയോണിക്സ് എൻജിനീയറിങിൻ്റെ ശ്രദ്ധ.
ഭാരതത്തിലെ പ്രധാനപ്പെട്ട എയ്റോസ്പേസ് കമ്പനികൾ
1. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ( ISRO) - ഉപഗ്രഹ രൂപകല്പന, ബഹിരാകാശ ഗവേഷണം, ബഹിരാകാശ പേടകം
2. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ ( DRDO) - പ്രതിരോധ സങ്കേതിക വിദ്യ, മിസൈൽ സങ്കേതിക വിദ്യ, റഡാർ സിസ്റ്റം
3. ഹിന്ദുസ്ഥാൻ എയ്റോനോടിക്സ് ലിമിറ്റഡ് ( HAL) - എയർക്രാഫ്റ്റ്, ഹെലികോപ്റ്റർ നിർമ്മാണം
4. നാഷണൽ എയ്റോസ്പേസ് ലബോറട്ടറി ( NAL) - എയ്റോസ്പേസ് റിസർച്, സിവിലിയൻ എയർക്രാഫ്റ്റ് നിർമ്മാണം
5. ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റം ലിമിറ്റഡ് ( TASL) - ആളില്ലാ ഏരിയൽ സിസ്റ്റം, എയ്റോ എൻജിൻ
6. ബെല്ലാട്രിക്സ് എയ്റോസ്പേസ് - ഉപഗ്രഹ നിർമ്മാണം, സ്പേസ് പ്രോപൾഷൻ
ഗ്ലോബൽ എയ്റോസ്പേസ് ഇൻഡസ്ട്രി
1. ലോക്ഹീഡ് മാർട്ടിൻ ( Lockheed Martin), ബോയിംഗ് ( Boeing), റയ്‌തിയോൺ ടെക്നോളജിസ് ( Raytheon Technologies RTX), ജനറൽ ഇലക്ട്രിക് എയ്റോസ്പേസ് ( GE Aerospace), SpaceX തുടങ്ങിയ അമേരിക്കൻ കമ്പനികൾ
2. എയർബസ്, ലിയനാർഡോ, ഡസ്സോൾട്ട് ഏവിയേഷൻ തുടങ്ങിയ യൂറോപ്യൻ കമ്പനികൾ
RTX ഇന്ത്യയിൽ 14% തൊഴിൽ വർദ്ധനവ് ( 1000 പുതിയ അവസരങ്ങൾ) പ്രതീക്ഷിക്കുന്നു. 2024 ൽ GE AEROSPACE 900 എൻജിനിയർമാരെ എടുക്കും എന്ന് പറഞ്ഞിരുന്നു. യുകെ ൽ 52000 പേരാണ് സ്പേസ് മേഖലയിൽ മാത്രം ജോലി ചെയ്യുന്നത്.
എയ്റോസ്പേസ് കരിയർ
1. ഡിസൈൻ എൻജിനീയർ ( സോഫ്ട്‌വെയർ ഉപകരണങ്ങൾ ഉപയോഗിച്ച് എയർക്രാഫ്റ്റ് അല്ലെങ്കിൽ സ്പേസ്ക്രാഫ്റ്റ് ഡിസൈൻ)
2. ഏവിയോണിക്സ് എൻജിനീയർ ( ഫ്ലൈറ്റ് കൺട്രോൾ, നാവിഗേഷൻ, ഇലക്ട്രോണിക്സ്)
3. പ്രൊപ്പൾഷൻ എൻജിനീയർ ( ജെറ്റ് എഞ്ചിൻ, റോക്കറ്റ്)
4. ഫ്ലൈറ്റ് ടെസ്റ്റ് എൻജിനീയർ ( പെർഫോമൻസ് വിലയിരുത്തൽ, അതിന് വേണ്ട വിവരങ്ങൾ ശേഖരിക്കൽ)
5. സാറ്റലൈറ്റ് സിസ്റ്റം എഞ്ചിനീയർ
6. സ്പേസ് ഓപ്പറേഷൻ സ്‌പെഷ്യലിസ്റ് ( ട്രജക്ടറി ഡിസൈൻ, ഗ്രൗണ്ട് സ്റ്റേഷൻ കോഓർഡിനേറ്റർ)
7. സ്പേസ് റോബോട്ടിക്സ് എൻജിനീയർ ( ഓട്ടോണോമസ് സിസ്റ്റം)
8. എയർക്രാഫ്റ്റ് മെയിൻ്റനൻസ് എൻജിനീയർ ( ഇൻസ്‌പെക്ഷൻ, റിപ്പയർ)
9. സേഫ്റ്റി അനലിസ്റ്റ്
10. റിസർച്ച് സയൻ്റിസ്റ്റ്
11. ഹൈപ്പർസോണിക് റിസർച് സയൻ്റിസ്റ്റ് ( ഫ്ലൂയിഡ് സിസ്റ്റം , തേർമൽ സിസ്റ്റം, ടണൽ ടെസ്റ്റിംഗ്)
12. എയ്റോസ്പേസ് ഡാറ്റാ അനലിസ്റ്റ്
13. എഐ/ മെഷീൻ ലേണിംഗ് എൻജിനീയർ ( UAV, പ്രശ്നങ്ങൾ മുൻകൂട്ടി പ്രേഡിക്ട് ചെയ്യൽ, ഇൻ്റലിജൻഡ് സിസ്റ്റം)
14. പ്രോജക്ട് മാനേജർ
ഇത് കൂടാതെ സർകാർ സ്ഥാപനങ്ങളിൽ മാനേജ്മെൻ്റ് തലത്തിൽ നിരവധി പൊസിഷനും ഉണ്ടാകും. ഉദാഹരണം ISRO ചെയർമാൻ.
എന്ത് പഠിക്കണം?
1. എയ്റോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. ശേഷം അഭിരുചിക്ക് അനുസരിച്ച് മുകളിൽ സൂചിപ്പിച്ചതും താഴെ സൂചിപ്പിക്കുന്നതുമായ മേഖലകളിൽ ബിരുദാനന്തര ബിരുദവും, ഗവേഷണ ബിരുദവും അഭികാമ്യം.
എയ്റോസ്പേസ് അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിംഗ് മേജർ ഡിഗ്രി പഠിക്കുന്നതിനോട് ഒപ്പം കാലത്തിന് യോജിച്ച രീതിയിൽ എമർജിംഗ് സങ്കേതിക വിദ്യകളിൽ ( എഐ, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, മറ്റിരിയൽ സയൻസ്) മൈനർ ഡിഗ്രി എടുക്കുന്നത് നല്ലതാണ്..
ഈ മേഖല കൂടുതലും മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, മറ്റ്റീരിയൽ സയൻസ് എന്നിവയുമായി ബന്ധപ്പെട്ട് നിൽക്കുന്നു.
ടോപ് എയ്റോസ്പേസ് എൻജിനീയറിംഗ് ഇൻസ്റിറ്റ്യൂട്ട്സ്
1. ഐഐടി ബോംബെ ( ബോയിംഗ്, എയർബസ്, ഐഎസ്ആർഒ, DRDO പ്ലേസ്മെൻ്റ്)
2. ഐഐടി കാൺപൂർ( NASA, ISRO, Dassault collaborations, ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഡിപ്പാർട്ട്മെൻ്റ്)
3. ഐഐടി മദ്രാസ് ( ലാബ് - നാഷണൽ സെൻ്റർ ഫോർ COMBUSTION Research & Development)
4. IISc Bengaluru ( ISRO, DRDO Ties)
5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ( B. Tech Aerospace & Avionics, M.Tech in Space Engineering)
പുതുമോടി
1. സ്പേസ് എക്സ്, ബ്ലൂ ഒറിജിൻ, വിർജിൻ ഗാലാക്ടിക് തുടങ്ങിയ കമ്പനികൾ സ്പേസ് ടൂറിസം മുന്നിൽ കണ്ടുകൊണ്ട് കാര്യങ്ങൽ ചെയ്യുന്നു
2. സിറ്റി ട്രാൻസ്പോർട്ടിൽ എയർക്രാഫ്റ്റ് ഉപയോഗം കൊണ്ട് വരുവാൻ വെട്ടിക്കൽ ടേക് ഓഫ് ആൻഡ് ലാൻഡിങ് സങ്കേതിക വിദ്യയിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആയ Joby Aviation, SkyDrive, Uber Elevate തുടങ്ങിയവ ഗവേഷണം നടത്തുന്നു
3. എയ്റോസ്പേസ് രംഗത്തേക്ക് ക്വാണ്ടം സങ്കേതികവിദ്യ കമ്യൂണിക്കേഷൻ മേഖലയിൽ വേഗ വിപ്ലവം ഒരുങ്ങുന്നു
4. എഐ, റോബോട്ടിക്സ്, ഡീപ് സ്പേസ് നാവിഗേഷൻ എന്നീ സങ്കേതികവിദ്യകളുടെ സഹായത്തോടെ ബഹിരാകാശത്ത് സ്പേസ് മൈനിങ്. പ്രത്യേകിച്ച് ചന്ദ്രനിലും മറ്റും നടത്താൻ ഉദ്ദേശിക്കുന്ന പര്യവേക്ഷണം
5. റിയൽ ടൈം മോണിറ്ററിങ് നടത്തുവാൻ വേണ്ടി എയർക്രാഫ്റ്റ് സിസ്റ്റത്തിൻ്റെ ഡിജിറ്റൽ ട്വിൻ ( സോഫ്ട്‌വെയർ മോഡൽ)
അത്യാധുനികം, ആവേശകരം
ഒരു പക്ഷെ ഇന്നോളം കണ്ടതിൽവച്ച് അത്യാധുനികമായ സങ്കേതികവിദ്യകൾ പയറ്റുകയും പ്രയോഗിക്കുകയും ചെയ്യുന്ന മേഖല എയ്റോസ്പേസ് ആണ്. ലോകത്തിനു മുന്നിൽ രാജ്യങ്ങൾക്ക് മേൽക്കൈ നൽകുന്നതിൽ ഇതൊരു പ്രധാന ഘടകം തന്നെയാണ് ഇപ്പോഴും. കുതിച്ചുയരുന്ന ചില മേഖലകളെ ഒന്ന് പരിചയപ്പെടാം
1. ഹൈപ്പർസോണിക് സങ്കേതിക വിദ്യ
സ്പീഡ് ആണ് മുഖ്യം. അതും മാക് 5-ന് മുകളിൽ പറക്കുന്ന മിസൈൽ, എയർക്രാഫ്റ്റ് എന്നിവയുടെ നിർമ്മാണം. പ്രതിരോധ മേഖലയിലും അതുപോലെ യാത്രാ സമയം കുറക്കുന്ന കാര്യത്തിലും മുഖ്യ പങ്ക് വഹിക്കും. അമേരിക്ക, ഇന്ത്യ, റഷ്യ, ചൈന ഇതിൽ നിർണായക ഇടപെടലുകൾ നടത്തുന്നു.
2. പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിൾ
മസ്‌കിൻറെ സ്പേസ് എക്സ് Falcon 9, ISRO യുടെ RLV - TD ഒക്കെ ഉദാഹരണം. ഈ ഗണത്തിൽ ഗവേഷണങ്ങൾ അന്തരീക്ഷത്തിലെ മാറുന്ന താപനില അനുസരിച്ചുള്ള സുരക്ഷാ സജ്ജീകരണങ്ങൾ, തനിയെ ഉള്ള ലാൻഡിങ്, composite material എന്നീ കാര്യങ്ങളിൽ ആണ് നടക്കുന്നത്.
3. എഐ യൂം ഓട്ടോണമസ് സിസ്റ്റവും
ഡ്രോണ്, ആളില്ലാ ഏരിയൽ വെഹിക്കിൾ, സ്വയം സന്നദ്ധമായ മെയിൻ്റനൻസ്, സ്മാർട്ട് മെയിൻ്റനൻസ്, നാവിഗേഷൻ തുടങ്ങിയവ. മുകളിൽ സൂചിപ്പിച്ച ആൻഡ്രൂയിൽ ഇൻഡസ്ട്രിസ്, ബോയിംഗ് എന്നിവർ ഈ കാര്യങ്ങളിൽ ഗവേഷണം നടത്തുന്നു
4. അഡ്വാൻസ്ഡ് മറ്റീരിയൽസ്, 3D പ്രിൻ്റിംഗ്
ലൈറ്റ് വെയിറ്റ് സ്ട്രക്ചർ, കോംപ്ലക്സ് ആയ എഞ്ചിൻ ഭാഗങ്ങൾ, വേഗത്തിൽ prototype ഉണ്ടാക്കി എടുക്കുക തുടങ്ങിയ കാര്യങ്ങൽ, കാർബൺ composite, ടൈറ്റാനിയം അലോയ്, മെറ്റാ മറ്റീരിയൽ എന്നീ ഗവേഷണങ്ങൾ. നമ്മുടെ HAL, അതുപോലെ GE AEROSPACE, ബെല്ലാട്രിക്സ് ഒക്കെ ഇവിടെ കാര്യമായി ഇടപെടുന്നു.
5. സൈബർ സെക്യൂരിറ്റി
ഉപഗ്രഹ വിവരങ്ങൾ സംരക്ഷിക്കുക, എയർക്രാഫ്റ്റ് കമ്യൂണിക്കേഷൻ, ആളില്ലാ വാഹനങ്ങളുടെ സുരക്ഷാ തുടങ്ങിയവ
6. ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് പ്രൊപൾഷൻ ( മലിനീകരണം കുറയ്ക്കുവാൻ)
7. ചെറു ഉപഗ്രഹങ്ങൾ.
( ബ്രോഡ്ബാൻ്റ്, ഭൂമി നിരീക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്ക് വലുപ്പം കുറച്ചുകൊണ്ടുള്ള നിർമ്മാണം . അതിന് അനുസരിച്ച് ബന്ധപ്പെട്ട ഉപകരണങ്ങളുടെ ചെറിയ വേർഷൻ നിർമ്മിച്ച് എടുക്കണം)
അതിവേഗം, അതിനൂതനം
നാസയുടെ സാമ്പത്തിക പങ്കളിതത്തിൽ അമേരിക്കൻ സ്റ്റാർട്ടപ്പ് ആയ വീനസ് എയ്റോസ്‌പേസ് രൂപകല്പന ചെയ്ത മണിക്കൂറിൽ 6900 മൈൽ വേഗത്തിൽ ഓടുന്ന പുനരുപയോഗിക്കാവുന്ന ഹൈപ്പർസോണിക് ജെറ്റ് 2030 ൽ വിപ്ലവം തീർക്കാൻ വിപണിയിൽ എത്തും. ഒരുദാഹരണത്തിന് പറഞ്ഞാല് ന്യൂയോർക്കിൽ നിന്നും ലണ്ടനിലേക്ക് ഒരു മണിക്കൂറിൽ പറന്നെത്താം...ആൻഡ്രൂയിൽ ഇൻഡസ്ട്രീസ് പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്റ്റാർട്ടപ്പ് ആണ്. മിലിറ്ററി എയ്റോസ്പേസ് സംവിധാനങ്ങളിൽ എഐ സാങ്കേതിക വിദ്യയെ സന്നിവേശിപ്പിക്കൽ ആണ് ഇവരുടെ ഉദ്യമം. സ്വയം പ്രവർത്തന മിസൈൽ, മണിക്കൂറിൽ 650 മൈൽ സഞ്ചരിക്കുന്ന ആളില്ലാ ഫൈറ്റർ ജെറ്റ് തുടങ്ങിയവ ഇവരുടെ പ്രത്യേകതകൾ ആണ്.നമ്മുടെ എയ്റോനൊട്ടിക്കൽ ഏജൻസി രൂപകല്പന ചെയ്തത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് നിർമ്മിച്ച നമ്മുടെ സ്വന്തം തേജസ് ചടുലതയും മികച്ച ഏവിയോണിക്സ് സംവിധാനങ്ങളും ഉള്ളതാണ്.
2030-ൽ രംഗത്ത് വരാൻ പോകുന്ന നമ്മുടെ അഡ്വാൻസ്ഡ് മീഡിയം combat എയർക്രാഫ്റ്റ് അഞ്ചാം തലമുറയിലേ വമ്പൻ ആയിരിക്കും. ഒരു രഹസ്യ പോരാളിയായി ഒന്നിൻ്റെം കണ്ണിൽ പെടാതെ പോയി പണി എടുത്ത് തിരികെ വരാൻ അവൻ എത്തും.
Re entry വാഹന സാങ്കേതിക വിദ്യ ( MIRVs) കയ്യിൽ ഉള്ള ചുരുക്കം രാജ്യങ്ങളുടെ ലിസ്റ്റിലെ പെടാൻ നമ്മളെ കേമൻ ആക്കി മാറ്റിയ അഗ്നി - 5 ഭൂഖണ്ഡാന്തര മിസൈൽ ഇന്ത്യയുടെ ശേഷി ഉറക്കെ വിളിച്ചു പറയുന്നു.
350 കിലോമീറ്റർ ദൂരം വരെ പരിധി ലഭിക്കുന്ന ഹൈപ്പർസോനിക് രുദ്രം 2 ശത്രുവിൻ്റെ ബങ്കറും റഡാറൂം ഒക്കെ തരിപ്പണമാക്കാൻ DRDO വക ആണ്.
ഈ മേഖലയിലെ ആവേശകരമായ വികാസം കാണിക്കുവാൻ ചില ഉദാഹരണങ്ങൾ നൽകിയതാണ്.
ബെല്ലാട്രിക്സ് എയ്റോസ്പേസ്ൻ്റെ കഥ കൂടി പറഞ്ഞ് നമുക്ക് അവസാനിപ്പിക്കാം. ഈ കഥ ആരംഭിക്കുന്നത് ഇന്ത്യൻ ഇൻസ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരിൽ നിന്നുമാണ്. ബഹിരാകാശ കൗതുകങ്ങളിൽ നിന്നും തുടങ്ങി പ്രോപൾഷന് സങ്കേതിക വിദ്യ വരെ എത്തിച്ച എൻജിനീയറിംഗ് വിദ്യാർത്ഥികളായ രോഹൻ്റെയും യശസിൻ്റെയും കഥ. ഇലക്ട്രിക് പ്രെപൾഷൻ സിസ്റ്റം ആയിരുന്നു ഇവരുടെ ബ്രേക്ക്ത്രൂ ഇന്നോവെഷന്. 2017 ൽ അവർ ഐഎസ്ആർഒ യുമായി ഒരുമിച്ച് പ്രവർത്തിക്കുവാൻ തുടങ്ങി. ഗ്രീൻ പ്രൊപ്പെല്ലർ സങ്കേതിക വിദ്യയിൽ കൂടി സസ്റ്റൈനബിൾ സ്പേസ് ടെക്നോളജിയിൽ ബെല്ലാട്രിക്സ് മുൻപേ നയിക്കുന്നു....
അദ്ഭുതങ്ങൾ എത്രത്തോളം ത്രില്ലടിപ്പിക്കുന്നുവോ അത്രത്തോളം തന്നെ ത്രില്ലടിപ്പിക്കുന്ന ഇന്നോവെഷൻ നടക്കുന്ന ഒരു മേഖലയാണ് ഇത്. ഒരു രാജ്യത്തിൻ്റെ തന്നെ ഗതിയെ മാറ്റുവാൻ സാധിക്കുന്ന സങ്കേതിക വിദ്യയുടെ പോർക്കളം.
Content Highlights: Aerospace engineering opportunities
Published: 13 May 2025, 03:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented