
കഴിഞ്ഞ ദിവസം ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന എറണാകുളം സ്വദേശിയായ ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് മരണപ്പെടുകയുണ്ടായി. ജോലിസമ്മർദം കൊണ്ടുണ്ടായ ഈ മരണം തൊഴിൽരംഗത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ഇവരുടെ അമ്മയെഴുതിയ കത്തും വളരെ ശ്രദ്ധ നേടിയിരുന്നു. പഠനത്തിലും ജോലിയിലുമെല്ലാം മിടുക്കിയായി. സ്വന്തം കഴിവുകൊണ്ടും സ്വപ്രയത്നം കൊണ്ടും ഒരു വലിയ കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ലഭിച്ച ഒരാൾക്ക് തൊഴിൽസമ്മർദം ഏൽപ്പിക്കുന്ന അഘാതം ഈ വിഷയത്തിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്നു, ഇതിനു മുൻപും ഇത്തരം വാർത്തകൾ കേൾക്കാറുണ്ടെങ്കിലും വേണ്ട രീതിയിൽ സ്ഥാപനങ്ങളോ വ്യക്തികളോ ഈ വിഷയത്തിന് പ്രാധാന്യം കൊടുക്കാറില്ല.
ലോകമെമ്പാടുമുള്ള ആളുകളിൽ 43% പേരും ഉയർന്നതോതിൽ തൊഴിൽസമ്മർദം അനുഭവിക്കുന്നതായി വിവിധ പഠനങ്ങൾ പറയുന്നു. അതിൽത്തന്നെ ഒരുപാട് പേർ പൊട്ടിത്തെറിയുടെ വക്കിലാണ് (Burnout). അമേരിക്കയിൽ പ്രൊഫഷണലുകൾക്കിടയിൽ നടത്തിയ ഒരു പഠനത്തിൽ 61% പേർക്കും എപ്പോൾ വേണമെങ്കിലും ഒരു ബേണൗട്ട് സംഭവിക്കാം എന്ന അവസ്ഥയാണ് സൂചിപ്പിക്കുന്നത്.
കളഞ്ഞിട്ട് പോയ്ക്കൂടെ?
ഒരു ജോലിയിൽ ഇത്രയൊക്കെ പ്രയാസങ്ങൾ ഉണ്ടെങ്കിൽ ആ ജോലി ഉപേക്ഷിച്ചുകൂടെ എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ മറ്റ് വരുമാന മാർഗങ്ങളും അവസരങ്ങളും കുറവായത് കൊണ്ടുതന്നെ ഉള്ള ജോലിയിൽ തുടരുക എന്നത് ഓരോരുത്തർക്കും അത്രമാത്രം അത്യാവശ്യമുള്ള കാര്യമാണ്, അതുകൊണ്ടുതന്നെ രാജിവെക്കാനും കഴിയില്ല. ഒരു സ്ഥാപനത്തിൽ നിന്നും ഒരാൾ പോയാൽ അവിടേക്ക് വരാൻ നിരവധിയാളുകളാണ് ഊഴംകാത്ത് നിൽക്കുന്നത്. അത് കൊണ്ടുതന്നെ ഓരോരുത്തരുടെ വിടവും സ്ഥാപനങ്ങൾ താമസിയാതെത്തന്നെ നികത്തും. അതിലാണ് സ്ഥാപനത്തിന്റെ നിലനിൽപ്പ്.
എന്നാൽ, ജീവിതത്തിൽ നമ്മളില്ലെങ്കിൽ, നമ്മുടെ ശാരീരിക മാനസികാരോഗ്യമില്ലെങ്കിൽ അത് നമുക്കും കുടുംബത്തിനും കൂട്ടുകാർക്കും വേണ്ടപ്പെട്ടവർക്കുമെല്ലാം തീരാനഷ്ടമാണ്. കുറച്ചുകാലം എങ്ങനെയെങ്കിലും ഈ സമ്മർദമെല്ലാം സഹിച്ച്, ജോലി ചെയ്ത് സമ്പാദിച്ച് താമസിയാതെ ആ ജോലിയിൽ നിന്നിറങ്ങി സ്വന്തമായി ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാം എന്നാലോചിക്കുന്നവരാണ് കൂടുതൽ പേരും. ചൈനപോലുള്ള രാജ്യങ്ങളിൽ പല കമ്പനികളിലും ആഴ്ചയിൽ ആറ് ദിവസവും കാലത്ത് ഒൻപത് മണി തൊട്ട് രാത്രി ഒൻപത് മണി വരെയാണ് തൊഴിൽസമയം. അതായത് ആഴ്ചയിൽ 72 മണിക്കൂറിൽ കൂടുതൽ ഒരാൾ ജോലി ചെയ്യേണ്ടി വരുന്നു. അതുകൊണ്ടുതന്നെ ജോലി സമ്മർദം താങ്ങാനാവാതെ പലയാളുകളും, പ്രത്യേകിച്ച് യുവാക്കൾ, ഒന്നും നോക്കാതെത്തന്നെ ജോലി രാജി വെച്ചു തുടങ്ങിയിട്ടുണ്ട്. ഇത് പൊതുവേ നേക്കഡ് റെസിഗ്നേഷൻ എന്നാണ് അറിയപ്പെടുന്നത്.
എല്ലാവർക്കുമില്ലേ സമ്മർദം?
ജോലി സമ്മർദം എന്നത് ഓരോ ജോലിയുടെയും കൂടെത്തന്നെയുള്ളതാണ്, ലോകത്ത് തന്നെ 'Best place to work' എന്ന രീതിയിൽ അറിയപ്പെടുന്ന നിരവധി സ്ഥാപനങ്ങളുണ്ട്, എന്നാൽ അവിടെപ്പോലും സമ്മർദമനുഭവിക്കുന്നവരുണ്ട്. കാരണം ഓരോരുത്തരും അവരവരുടെ സമ്മർദത്തെ കൈകാര്യം ചെയ്യുന്നത് ഓരോ രീതിയിലാണ്. ഒരാൾക്ക് സമ്മർദമുണ്ടാക്കുന്ന കാര്യം ആയിരിക്കില്ല മറ്റൊരാളുടെ സമ്മർദകാരണം. ഒരേ രീതിയിലെ പ്രശ്നങ്ങൾ തന്നെ ചിലർക്ക് ഭംഗിയായി മാനേജ് ചെയ്യാനാവും. ചിലർക്ക് ഒട്ടും മാനേജ് ചെയ്യാനാകാതെ ശാരീരിക, മാനസിക ആസ്വസ്ഥതകൾ ഉണ്ടാകും. ചിലയാളുകൾ സ്വന്തം ജീവൻ തന്നെ എടുക്കുന്നു. എന്നാൽ, ചിലയാളുകൾക്കാക്കട്ടെ തന്റെ ജോലി എന്നത് ഒരു ജോലിയേ അല്ലാതായിത്തോന്നുകയും ചെയ്യുന്നു.
സ്ഥാപനങ്ങൾ ചെയ്യുന്നത്
പലപ്പോഴും സ്ഥാപനങ്ങൾ അവരുടെ ലക്ഷ്യങ്ങൾ നേടുന്നതിനായും ജോലിക്കാർ മുഴുവൻ സമയവും സജീവമായി നിൽക്കാനും വേണ്ടി അവർക്ക് മുകളിൽ പരമാവധി പ്രഷർ നൽകുക എന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. പല സ്ഥാപനങ്ങളിലും അവരുടെ ടോക്സിക് വർക്ക് കൾച്ചർ കാരണം ജോലിക്കാരുടെ മുകളിൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നു.
എന്നാൽ, ഓരോരുത്തരുടെയും പ്രവർത്തന മികവിലും താങ്ങാനാവുന്ന ജോലിഭാരത്തിലും വ്യത്യസമുണ്ട്. ഒരാളുടെ ശാരീരിക, മാനസിക, വൈകാരിക, സാമൂഹിക കഴിവിന്റെ മുകളിലുള്ള ജോലിഭാരം നൽകിയാൽ അത് അവർക്ക് താങ്ങാനാവാതെ വരികയും എടുക്കാനാവാത്ത ഭാരം കാരണം ജോലി ചെയ്യാൻ കഴിയാതെ വരികയും, അതല്ലെങ്കിൽ അമിതസമ്മർദം കാരണം ശാരീരിക, മാനസിക പ്രയാസങ്ങളിലേക്കും പൊട്ടിത്തെറിയിലേക്കും (Burnout) നയിക്കുന്നു. പലപ്പോഴും ജോലിയിലെ മത്സരത്തിന്റെ ഭാഗമായും. കൂടുതൽ സ്ഥാനങ്ങൾ, പ്രൊമോഷനുകൾ തുടങ്ങിയവ നേടാൻ വേണ്ടി കൂടുതൽ ജോലി ചെയ്ത് ജോലിക്കാർ ത്തന്നെ അധിക വരുമാനമുണ്ടാക്കാൻ ശ്രമിച്ച് ജോലി സമ്മർദം സ്വയം ഏറ്റെടുക്കുന്നുമുണ്ട്.
മാനസിക സമ്മർദം ഏതൊരു ജോലിസ്ഥലത്തും കണ്ടുവരുന്ന ഒരു യാഥാർത്ഥ്യമാണ്. എന്നാൽ, അതിന്റെ ആഴവും ശക്തിയും ആളുകൾക്കനുസരിച്ച് മാറുകയും അതിന്റെ ദോഷഫലങ്ങൾ പലപ്പോഴും ശാരീരിക, മാനസിക ആസ്വസ്ഥതകളിലേക്ക് നയിക്കുന്നു. അതുകൊണ്ട് ജോബ് സ്ട്രെസ് എന്നത് പ്രത്യേകം പരിഗണിക്കേണ്ട ഒരു പ്രധാന പ്രശ്നമാണ്.
തിരിച്ചുവരവ് അത്യാവശ്യം
ജോലിസമ്മർദം എന്ന യഥാർഥ്യത്തിൽ നിന്ന് ഒഴിവായി നിൽക്കുക പലപ്പോഴും പലർക്കും പറ്റാത്ത കാര്യമാണ്. സമ്മർദങ്ങളിൽ നിന്ന് ഓരോരുത്തരും ഓരോ രീതിയിലായിരിക്കാം മുക്തി നേടുന്നത്. അതിനുവേണ്ടി എല്ലാവർക്കും പറ്റുന്ന രീതിയിലുള്ള ഒരു മാർഗമില്ല. അതുകൊണ്ട്തന്നെ അവരവർക്ക് ചേരുന്ന മാർഗങ്ങൾ കണ്ടെത്തുകയും അവ പ്രാവർത്തികമാക്കുകയും വേണം. സമ്മർദത്തിൽ നിന്ന് തിരിച്ചുവരിക എന്നത് ഏതൊരു ജോലിയുടെയും പ്രകടനത്തിന്റെ പുരോഗതിയെ ബാധിക്കുന്ന പ്രധാന ഘടകമാണ്. യഥാർത്ഥത്തിൽ ജോലിഭാരവും ഉത്തരവാദിത്വവും ഏറ്റവും കൂടുതലുള്ളപ്പോഴാണ് ശരീരവും മനസ്സും പുനരുദ്ധാരണം ചെയ്യാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കേണ്ടത്. സമ്മർദത്തെ അതിജീവിക്കാനും തിരിച്ചുവരാനും സഹായിക്കുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കാം. ഓരോരുത്തർക്കും അനുയോജ്യമായത് എന്തെന്ന് മനസ്സിലാക്കുകയും അതിനനുസരിച്ചു പ്രവർത്തിക്കുകയും വേണം.
1. സ്വിച്ച് ഓഫും സ്വിച്ച് ഓണും
പലപ്പോഴും ഓഫീസ് സമയവും അത് കഴിഞ്ഞും ജോലിയിൽ മുഴുകുന്ന അവസ്ഥയിലാണുണ്ടാവുന്നത്, ജോലി സമയം കഴിഞ്ഞ് വീട്ടിലെത്തിയാൽ പോലും വീണ്ടും ഫോൺ വഴിയോ ഓൺലൈനായോ മാനസികമായോ ജോലിയിൽ തുടരേണ്ടി വരുന്നു. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ സമയ വ്യത്യാസംപോലും അറിയാതെ 24 മണിക്കൂറും ജോലിയിൽ മുഴുകേണ്ടിവരുന്നു.
ജോലി കഴിഞ്ഞ് ഫ്രീയായെന്ന് കരുതി മൊബൈൽ നോക്കിയിരിക്കുമ്പോൾ പോലും ഒരു മെസ്സേജ് മതിയാവും വീണ്ടും ജോലിയിലേക്ക് തിരിച്ചു കൊണ്ടുപോകാൻ. ജോലിയിൽ നിന്ന് ശാരീരികമായും മാനസികമായും ഒരു പുനരുജ്ജീവനം സംഭവിക്കണമെങ്കിൽ നമ്മുടെ മനസ്സ് ജോലിസമ്മർദം തുടങ്ങുന്നതിന് മുൻപുള്ള നിലയിലേക്ക് മടങ്ങിയെത്തണം. അതിനായി, ജോലിയുമായി ബന്ധപ്പെട്ട ചിന്തകളിൽ നിന്ന് ബോധപൂർവമായി പൂർണമായും പിൻവാങ്ങി മനസ്സിന് വിശ്രമം നൽകണം. ഒരു ഉദാഹരണത്തിന്, ഫോൺ ഉപയോഗം നിങ്ങൾക്ക് ജോലിയുമായി ബന്ധപ്പെട്ട മെസേജുകൾ, ഇമെയിലുകൾ എന്നിവ പരിശോധിക്കാൻ പ്രേരിപ്പിക്കുകയാണെങ്കിൽ, അത് താൽക്കാലികമായി മാറ്റിവെക്കുകയോ ഓഫാക്കുകയോ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുകയോ ചെയ്യേണ്ടതുണ്ട്. ഓരോ ദിവസവും കുറച്ചു സമയമെങ്കിലും ഇത്തരത്തിൽ ചെലവഴിക്കുന്നത് വലിയ ഗുണം ചെയ്യും.
2. ജീവന്റെ വിലയുള്ള നോ
പലപ്പോഴും തന്റേതല്ലാത്ത ജോലികൾ ചെയ്യേണ്ടി വരുമ്പോഴാണ് കൂടുതൽ സമ്മർദമുണ്ടാകുന്നത്. കൂടെ ഒരിക്കലും പൂർത്തിയാക്കാനാവാത്ത ഡെഡ്‌ലൈനുകൾ, ചെയ്തുതീർക്കാനാവാത്ത ജോലിഭാരം, അമിതമായ ചുമതലകൾ എന്നിവയെല്ലാം ജോലി സമ്മർദം വരുത്തും. മറ്റുള്ളവരെ മുഷിപ്പിക്കേണ്ടെന്ന് കരുതി എല്ലാ ജോലികളും ഏറ്റെടുക്കുമെങ്കിൽ അവിടെ നഷ്ടപ്പെടുന്നത് അവനവന്റെ ശാരീരിക, മാനസിക ആരോഗ്യമാണ്. അത് നമ്മെ തളർത്തും. നമ്മുടെ കഴിവുകളുടെയും ജോലിയുടെയും പരിധി മനസ്സിലാക്കുകയും അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കുകയും അതിനു പുറത്തുള്ള കാര്യങ്ങളോട് 'നോ' പറയാൻ ശീലിക്കുക എന്നത് സ്വന്തത്തിന് വേണ്ടിയുള്ള ഏറ്റവും നല്ല ഒരു പ്രവൃത്തിയാണ്.
3. മൈക്രോ ബ്രേക്കും ആക്സിലറേറ്ററും
തുടർച്ചയായി ജോലി ചെയ്തുകൊണ്ടിരിക്കുന്നത് ശാരീരികമായും മാനസികമായും ക്ഷീണമുണ്ടാക്കുന്നു. ജോലിയുടെ സ്വഭാവത്തിനനുസരിച്ച് സാധ്യമായ രീതിയിൽ ഇടയ്ക്ക് രണ്ടുമിനിറ്റ് മുതല്‍ 10 മിനിറ്റുവരെ നീളുന്ന ചെറിയ ബ്രേക്കുകൾ എടുക്കാം. ഇത് തുടർച്ചയായി കമ്പ്യൂട്ടറിൽ നോക്കുന്നതിൽ നിന്ന് എടുക്കുന്ന ബ്രേക്ക് ആവാം, കുറച്ച് സമയം ഒന്ന് നടക്കുന്നതാവാം, ചെറിയ മൈൻഡ്ഫുൾ പ്രാക്ടീസാവാം, ചെറു ധ്യാനമാവാം, ഓഫീസിലെ സൗഹൃദ സംഭാഷണങ്ങളാവാം, ചെറിയ ഒരു ടീ ബ്രേക്ക് ആവാം. മൈക്രോ ബ്രേക്കുകൾ ജോലിസമ്മർദങ്ങളിലെ പുനരുജ്ജീവനത്തിന് ഫലപ്രദമാണ് എന്ന് ഗവേഷണങ്ങൾ പറയുന്നു.
4. നേരമ്പോക്കല്ല ഹോബികൾ
ജോലി മാത്രമല്ല, ജീവിതത്തിൽ പ്രധാനപ്പെട്ട മറ്റ് കാര്യങ്ങളുമുണ്ട്, കുടുംബം, സുഹൃത്തുക്കൾ, വിനോദം, വ്യായാമം എന്നിവയ്ക്കും സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ജീവിത സന്തുലനം നിലനിർത്തുന്നത് നമ്മുടെ ശാരീരിക, മാനസികാരോഗ്യത്തിനും സന്തോഷത്തിനും അനിവാര്യമാണ്. ജോലിയെയും നമ്മളെ തന്നെയും മറന്ന് മുഴുകാൻ പറ്റുന്ന എന്തെങ്കിലും ഒരു ഹോബിയുണ്ടായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അത് ഓരോരുത്തർക്കും ഓരോന്നായിരിക്കാം. ഫോട്ടോഗ്രാഫി, സംഗീതോപകരണം ഉപയോഗിക്കുന്നത്, സൈക്ലിംഗ്, ജോഗിംഗ്, കളികൾ തുടങ്ങി കുറച്ച് നേരമെങ്കിലും അവനവനായി ജീവിക്കാൻ കഴിയുന്ന കാര്യങ്ങൾക്ക് സമയം കണ്ടെത്തുക. അതേപോലെത്തന്നെ ആഴ്ചയിലോ മാസത്തിലോ വർഷത്തിലോ ചെയ്യാവുന്ന ചില ട്രെക്കിങ്, ഹെെക്കിങ്, മാരത്തോൺ, യാത്രകൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആക്റ്റീവായി ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുക എന്നതാണ്. ടിവി കാണുക, ഫോൺ നോക്കിയിരിക്കുക തുടങ്ങി അധികം പ്രവർത്തനം ആവശ്യമില്ലാത്ത ഹോബികൾ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുന്നത്. മാത്രവുമല്ല, പെട്ടെന്ന് തന്നെ തിരിച്ച് ജോലിയുമായി ബന്ധപ്പെട്ട ചിന്തകളിലേക്ക് അത് കൊണ്ടുപോകും.
5. പുതിയ കാര്യങ്ങൾ പഠിക്കുക
നമ്മുടെ പ്രവർത്തന മേഖലയിൽ വേണ്ട കഴിവുകളിൽ എപ്പോഴും അപ്‌ഡേറ്റഡ് ആയിരിക്കുക, പുതിയ ഭാഷ പഠിക്കുക, കഴിവുകൾ വികസിപ്പിക്കുകയും സർട്ടിഫിക്കേഷനുകൾ നേടാനാവുന്ന കോഴ്‌സുകൾ ചെയ്യുക, ജോലിയിലെ അടുത്ത ലെവലിലേക്ക് ഉയരാനാവശ്യമായ കഴിവുകൾ നേടുക തുടങ്ങി അപ്ഡേറ്റായി ഇരിക്കുന്ന സമയത്ത് ജോലിയിൽ താങ്ങാനാവാത്ത പ്രഷറും പ്രതിസന്ധികളും വരുമ്പോൾ ആ ജോലി വിട്ട് പുതിയ ജോലി കണ്ടെത്താൻ എളുപ്പമാകും.
6. ആരോഗ്യകരമായ ഒരു ചുറ്റുപാടുണ്ടാക്കുക
നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി നിങ്ങൾ തന്നെയാണ് എന്ന് മനസ്സിലാക്കുക, അതുകൊണ്ടുതന്നെ ജോലി ചെയ്യുന്ന സ്ഥലവും വളരെ പ്രാധാന്യത്തോടെ ഒരുക്കേണ്ടതുണ്ട്. പല സ്ഥാപനങ്ങളും നല്ല രീതിയിൽ ജോലി ചെയ്യാൻ വേണ്ട ആരോഗ്യകരമായ ഒരു ഇടം ഒരുക്കാറുണ്ട്, അതില്ലാത്ത ഇടങ്ങളിൽ നാം ജോലി ചെയ്യുന്ന സ്ഥലം പരമാവധി ഭംഗിയായി സജജീകരിക്കാൻ ശ്രമിക്കുക, നേരിട്ട് വെളിച്ചം ലഭിക്കാനോ ജനലിലൂടെ പുറംകാഴ്ച കിട്ടുന്നതോ ഇൻഡോർ പ്ലാന്റ് വെക്കുന്നതോ പോലുള്ള കാര്യങ്ങളും ഇതിന് സഹായിക്കും. കൂടെ ജോലികൾ കുറച്ച് ആസൂത്രണത്തോടെ ചെയ്യുക, ചെയ്യാനുള്ള ജോലികൾ എഴുതിവെക്കുക, പ്രാധാന്യത്തിനനുസരിച്ച് ഷെഡ്യൂൾ ചെയ്യുക തുടങ്ങി നിശ്ചിത സമയക്രമത്തിൽ ഓരോ ജോലിയും ചെയ്യുമ്പോൾ മാനസിക സമ്മർദം വളരെ കുറയ്ക്കാൻ കഴിയും. കൂടെ ശാരീരികാരോഗ്യത്തിൽക്കൂടെ ശ്രദ്ധിച്ച് ശരിയായ ഭക്ഷണവും ശാരീരിക വ്യായാമവും ഉറക്കവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
7. സഹായം സ്വീകരിക്കുക
എല്ലാ കാര്യവും എല്ലായ്‌പ്പോഴും സ്വന്തമായി മാനേജ് ചെയ്യാൻ കഴിയണമെന്നില്ല. ചില പ്രയാസങ്ങൾ ആരോടെങ്കിലും ഒന്ന് ഷെയർ ചെയ്താൽ ആശ്വാസമുണ്ടായേക്കാം. അത്തരം സന്ദർഭങ്ങളിൽ നമ്മെ ജഡ്ജ് ചെയ്യാതെ നമ്മളെ കേൾക്കുന്ന സൗഹൃദങ്ങൾ ഉപയോഗപ്പെടുത്തുക. നമ്മുടെ വളർച്ചയിൽ ഒരു മെന്റർ ഉണ്ടാവുന്നതും നല്ലതാണ്. സ്വന്തമായി കാണനാവാത്ത പല കാര്യങ്ങളിലും കാഴ്ചപ്പാട് നൽകാൻ അവർക്കാകും. അതുപോലെ നമുക്ക് മനസിലാവാത്ത നമ്മുടെ ബലഹീനതകൾ അവർക്ക് പറഞ്ഞ് തരാനും മുന്നോട്ട് നയിക്കാനുമാവും.
എന്നാൽ, ചില പ്രയാസങ്ങൾക്ക് ഒരു കൗൺസിലറുടെയോ തെറാപ്പിസ്റ്റിന്റെയോ ഒരു കോച്ചിന്റെയോ പ്രൊഫഷണൽ സേവനങ്ങൾത്തന്നെ എടുക്കേണ്ടതുണ്ട്. ശാരീരികാരോഗ്യം പോലെത്തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. ഈ കാര്യങ്ങളെല്ലാം ചെയ്തുനോക്കിയിട്ടും നിലവിലെ ജോലിയുമായി ഒട്ടും മുന്നോട്ട് പോകാനാവുന്നില്ലെങ്കിൽ കരിയറിൽ നിന്ന് ഒരു ബ്രേക്ക് എടുക്കുകയോ നിലവിലെ ജോലി വിട്ട് പുതിയ ജോലി നോക്കുന്നതോ പരിഗണിക്കേണ്ടതുണ്ട്. ജോലി സമ്മർദത്തിന്റെ പേരിൽ ഇനിയൊരാളുടെ ജീവിതവും ജീവനും നഷ്ടപ്പെടാതിരിക്കട്ടെ.
Content Highlights: how to handle work stress and related issues
Published: 26 Sept 2024, 12:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented