പ്രൊഫഷണലിസം എന്നത്  കേവലം ജോലിക്കനുസരിച്ചുള്ള വസ്ത്രധാരണം, ഗ്രൂമിങ് എന്നിവ മാത്രമാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്, അവയൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണെന്നിരിക്കത്തന്നെ പ്രധാനപ്പെട്ട മറ്റു ചില കാര്യങ്ങൾകൂടിയുണ്ട് ശ്രദ്ധിക്കാൻ. ഓരോ വ്യക്തിയും അവരവരുടേതായ പ്രൊഫഷണലിസം കാത്തു സൂക്ഷിക്കേണ്ടതുണ്ട്,  അതു പോലത്തന്നെ ഓരോ ജോലിക്കും അതിന്റെതായ പ്രൊഫഷണലിസവുമുണ്ട്.

To advertise here,

എന്താണ് പ്രൊഫഷണലിസം?

ഒരു ജോലിയിലെ പ്രൊഫഷണലിസം എന്നത് ആ ജോലി ചെയ്യുമ്പോൾ അത്  ശ്രദ്ധയോടെയും, ഉത്തരവാദിത്തത്തോടെയും, നിർവ്വഹിക്കാനാവശ്യമായ അറിവ്, കഴിവുകൾ, മൂല്യങ്ങൾ, പെരുമാറ്റ രീതികൾ എന്നിവയുടെ ആകെത്തുകയാണ്.

കഴിഞ്ഞ ദിവസം ഒരു ബാങ്കിൽ വെച്ചുണ്ടായ  ഒരനുഭവം പറയാം, ഒരു സേവനത്തിനായി  ബാങ്കിൽ ചെന്ന സമയത്ത്  വളരെ വൃത്തിയായി വസ്ത്രം ധരിച്ച, മുടിയൊക്കെ നന്നായി ചീകിയൊതുക്കിയ, കണ്ടാൽ ചുറു ചുറുക്കുള്ള ഒരു ചെറുപ്പക്കാരൻ ആയിരുന്നു എന്നെ അറ്റൻഡ് ചെയ്തത്, എന്റെ  ആവശ്യം അറിയിച്ചപ്പോൾ വളരെ ബഹുമാനത്തോടെത്തന്നെ വിനയ പുരസ്വരം ആ ജോലി ഉടൻ ചെയ്യാമെന്നേറ്റു. എന്നാൽ, രണ്ടു ദിവസമായിട്ടും ആ കാര്യം ചെയ്തില്ല. വീണ്ടും ബാങ്കിൽ പോയ സമയത്ത് അതുപോലത്തന്നെ ബഹുമാനത്തോടെ ഇരിക്കാൻ പറയുകയും ഉടനെ ചെയ്യാമെന്നേൽക്കുകയും, ചെയ്ത് കഴിഞ്ഞ് വിളിച്ചറിയിക്കാം എന്ന് പറഞ്ഞു ഫോൺ നമ്പറും വാങ്ങി വെച്ചു  ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി എന്നും പറഞ്ഞു. എന്നാൽ പിന്നീടും അത് ചെയ്തില്ല. ഓരോ തവണ വിളിക്കുമ്പോഴും വളരെ ബഹുമാനത്തോടെ പേര് വിളിച്ച് ഉടൻ ചെയ്യാം, മറ്റൊരാളെ ഏൽപ്പിച്ചിട്ടുണ്ട് തുടങ്ങിയ ഒഴിവുകഴിവുകൾ പറഞ്ഞുകൊണ്ടിരുന്നു, യഥാർത്ഥത്തിൽ എനിക്ക്‌ ചെയ്ത് തരേണ്ട സേവനം മാത്രം ചെയ്തില്ല! എന്നാൽ  മറ്റൊരു ബ്രാഞ്ചിൽ ചെന്നപ്പോൾ വളരെ വേഗത്തിൽ ആ കാര്യം ശരിയാക്കിത്തരികയും ചെയ്തു! ഈ ബാങ്ക് ഉദ്യോഗസ്ഥനിൽ പ്രത്യക്ഷത്തിൽ പ്രൊഫഷണലിസം എന്ന് പറയുന്ന മിക്ക കാര്യങ്ങളും ഉണ്ട്‌, നല്ല വസ്ത്രം, നല്ല ഗ്രൂമിങ്, പുഞ്ചിരി, നല്ല സംസാരം, ബഹുമാനം എന്നിവയെല്ലാം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ  എനിക്ക്‌ യഥാർത്ഥത്തിൽ വേണ്ട സേവനം മാത്രം ചെയ്ത് തരുന്നില്ല..ആളുകൾ ചെലവഴിക്കുന്ന പണത്തിന് പകരം അല്ലെങ്കിൽ ഓരോ സ്ഥാപനവും വ്യക്തിയും ഉപഭോക്താക്കൾക്ക് നൽകേണ്ട ഒരു സേവനമുണ്ട് ആ സേവനം ഏറ്റവും ഭംഗിയായി ചെയ്യുക എന്നത് തന്നെയാണ്  പ്രൊഫഷണലിസത്തിന്റെ ലക്ഷണം.

ഏത് ജോലിയിലും ഉയർന്ന പ്രൊഫഷണലിസം കാത്തു സൂക്ഷിക്കുന്നവർക്ക് അവരുടെ ജോലിയിൽ മറ്റുള്ളവരേക്കാൾ 60 ശതമാനം ഉദ്യോഗക്കയറ്റത്തിന് സാധ്യതയണ്ടെന്ന് ഹാർവാർഡ് ബിസിനസ്സ് റിവ്യൂ ഒരു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു .

ഓരോ ജോലിക്കും ഓരോ രീതികൾ 

ഓരോ ജോലിയുടെയും പ്രൊഫഷണലിസം ഓരോ രീതിയിലാവാം. ഒരു എയർ ഹോസ്റ്റസ്സ് ജോലി ചെയ്യുന്ന രീതിയിലാവണമെന്നില്ല ഒരു അധ്യാപകൻ ജോലി ചെയ്യുന്ന രീതി,  ഒരു പർവതാരോഹകന്റെ വസ്ത്രധാരണവും ഒരു ക്രിക്കറ്റ് കളിക്കാരന്റെ വേഷവും ഒന്നല്ല, ഒരു ഡോക്ടറെപ്പോലെയാവില്ല ഒരു മെക്കാനിക്കിന്റെ വസ്ത്രധാരണം.  ഓരോ ജോലിക്കും അതിന്റേതായ രീതികളും അനുയോജ്യമായ വസ്ത്രധാരണ രീതികളുമുണ്ടാവാം. അതേ പോലെത്തന്നെ ഓരോ സ്ഥാപനങ്ങൾക്കും അവരവരുടേതായ വ്യത്യസ്ത രീതികളുമുണ്ടാവാം.

മിക്ക സ്ഥാപനങ്ങളിലും അവരുടെ ജോലിസ്ഥലം ഓരോരുത്തർക്കും പ്രത്യേക ക്യാബിനുകൾ, ഡെസ്കുകൾ, ഓഫീസ് കസേരകൾ പോലുള്ള സംവിധാനങ്ങളായിരിക്കാം സജജീകരിച്ചിട്ടുണ്ടാവുക. അതേപോലെത്തന്നെ വസ്ത്രധാരണ രീതികളുമുണ്ടാവാം. അതേസമയം ചില ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്ക് അവർക്ക് കംഫർട്ടബിളായ, ഇഷ്ടമുള്ള  വസ്ത്രം ധരിക്കാനും സോഫകൾ, ബീൻ ബാഗുകൾ പോലുള്ള സൗകര്യങ്ങളിൽ ഇഷ്ടമുള്ള സ്ഥലത്ത് ഇഷ്ടം പോലെ ഇരുന്ന് ജോലി ചെയ്യാനും കഴിയുന്ന ഓഫീസുകളുണ്ട്. 

കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ പ്രൊഫഷണലിസത്തിന്റെ രീതിയിൽ പ്രകടമായ മാറ്റം വന്നിട്ടുണ്ട്. വർക്ക് ഫ്രം ഹോം, ഗിഗ് വർക്ക്, ഫ്രീലാൻസ് വർക്ക് തുടങ്ങിയ വിവിധ രീതികളിൽ പലപ്പോഴും വ്യക്തി ജീവിതത്തിന്റെയും ജോലിസംബന്ധമായ ജീവിതത്തിന്റെയും ഇടയിലുള്ള അതിരുകൾ  വളരെ മങ്ങിപ്പോയിട്ടുണ്ട്. ചെയ്യുന്ന ജോലി എന്തുതന്നെയായാലും അതിൽ പ്രൊഫഷണലിസം കാത്തുസൂക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവ പരിശോധിക്കാം.

1. ഉത്തരവാദിത്തങ്ങൾ നിറവേറ്റുക

നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എന്തൊക്കെ കാര്യങ്ങൾ  ചെയ്താലും സ്വന്തം ഉത്തരവാദിതങ്ങൾ നിറവേറ്റുക എന്നത് വളരെ പ്രധാനമാണ്. സമയബന്ധിതമായി കാര്യങ്ങൾ ചെയ്യുക എന്നത്  അതിൽ പ്രധാനപ്പെട്ട കാര്യമാണ്. സമയബന്ധിതമായി കാര്യങ്ങൾ ചെയ്യുന്നതിലൂടെ സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റുക  മാത്രമല്ല മറ്റുള്ളവരുടെ ജോലിയെക്കൂടെ എളുപ്പമാക്കുകയാണ് ചെയ്യുന്നത്.

പലപ്പോഴും അത്ര പ്രധാനമല്ലാത്തതോ സ്വന്തം ഉത്തരവാദിത്തത്തിൽ പെടാത്തതോ ആയ കാര്യങ്ങളൊക്കെ ചെയ്ത് ഒരുപാട് സമയം നഷ്ടപ്പെടുന്നുണ്ടാവാം അതുകൊണ്ട് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് കൃത്യതയുണ്ടാവുകയും പ്രാധാന്യം കൊടുക്കേണ്ടവർക്ക് പ്രധാന്യം കൊടുക്കേണ്ടതുമുണ്ട്. അതേപോലത്തന്നെ ആവശ്യമില്ലാത്ത ഉത്തരവാദിത്തങ്ങളോടും ജോലികളോടും 'നോ' പറയാനും ശീലിക്കണം.

2. വികാരങ്ങൾ മാനേജ് ചെയ്യൽ

വ്യക്തി ജീവിതവും ഔദ്യോഗിക കാര്യങ്ങളും കഴിവതും വേർതിരിച്ചിരുത്താനും നമ്മുടെ വികാരങ്ങളെ മനസ്സിലാക്കാനും  അവ ഭംഗിയായി മാനേജ് ചെയ്യാനും പഠിക്കേണ്ടതുണ്ട്. ഉദാഹരണമായി വീട്ടിൽ ഒരു വഴക്കുണ്ടായി അതിനുശേഷം ജോലിക്ക് വരുന്ന സമയത്ത് ആ ദേഷ്യം ജോലിയുടെ ഭാഗമായി തന്റെ മുന്നിൽ വരുന്നവരോട് തീർക്കരുത്. അവ പുറത്ത് വെച്ചു ത്തന്നെ വേണം ഓഫീസിൽ കയറാൻ. അതേ പോലത്തന്നെ ഓഫീസിലെ പ്രശ്നങ്ങൾ വീട്ടിലേക്ക് വലിച്ചിഴക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇവയ്ക്കിടയിലെ ആരോഗ്യകരമായ അതിർവരമ്പ് പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്.

ഒരു വിമാനത്തിന്റെ കോക് പിറ്റിന് മുന്നിൽ പൈലറ്റുമാർക്ക് വേണ്ടി ഒരു സ്റ്റിക്കർ കാണുകയുണ്ടായി "Flying is a serious profession, please donot Carry your worries beyond this point" ("വിമാനം പറത്തുന്നത് വളരെ ഗൗരവത്തോടെ കാണേണ്ട ഒരു ജോലിയാണ്), അതുകൊണ്ട് നിങ്ങളുടെ പ്രശ്‌നങ്ങളെല്ലാം പുറത്തു വെച്ച് അകത്ത് കയറുക"

അതെ, വിമാനം പറത്തുന്നത് മാത്രമല്ല ഓരോ ജോലിയിലും ഇതുപോലത്തെ ശ്രദ്ധയുണ്ടാവുന്നത് പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്. സ്വയം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്നവർ കൗൺസലിംഗ്, കോച്ചിങ്, തെറാപ്പി പോലുള്ള പ്രൊഫഷണൽ സേവനങ്ങൾ സ്വീകരിക്കണം.

3. ജോലിസ്ഥലത്തെ മൂല്യങ്ങൾ മനസ്സിലാക്കുക

ഓരോ സ്ഥാപനങ്ങൾക്കും അവരുടേതായ മൂല്യങ്ങളും, പെരുമാറ്റ രീതികളും, വസ്ത്രധാരണ രീതികളുമെല്ലാമുണ്ടായിരിക്കാം, ഒരു പുതിയ ജോലിയിൽ കയറുമ്പോൾ തന്നെ ഈ കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്, ആ ജോലിക്ക് അനുയോജ്യമായ വസ്ത്രധാരണം ചെയ്യുക, അനാവശ്യ ചർച്ചകൾ, പരദൂഷണം, ഗ്രൂപ്പിസം തുടങ്ങിയ കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുക എന്നിവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.

4. നിരന്തരം പുരോഗതി കൊണ്ടുവരിക

നിരന്തരം പഠിക്കാൻ തയ്യാറായിരിക്കുക, മാറ്റങ്ങളോട് തുറന്ന മനസ്സോടെ സമീപിക്കുക എന്നിവയെല്ലാം പ്രൊഫഷണലിസത്തിന്റെ ഭാഗമാണ് , ഇത്തരം സമീപനം ഓരോരുത്തർക്കും അവരവരുടെ സേവനം ഏറ്റവും ഭംഗിയായി നൽകാനും അനുദിനം പുരോഗതി കൈവരിക്കാനും കഴിയും.  

5. മറ്റുള്ളവർക്ക് കൂടെ വളരാൻ സാഹചര്യമൊരുക്കുക.

സ്വന്തം ജോലികൾ ഭംഗിയായി ചെയ്യുക എന്നത് പ്രൊഫഷണലിസത്തിന്റെ ഭാഗമാണെന്നതിൽ സംശയമില്ല, എന്നാൽ അത് ഭംഗിയായി ചെയ്യുന്നതിന്റെ കൂടെത്തന്നെ കൂടെയുള്ളവർക്ക് വളരാനും പുരോഗതി കൈവരിക്കാനുമുള്ള അവസരമുണ്ടാക്കേണ്ടതുണ്ട്, ഒരു സഹപ്രവർത്തകന് അടിയന്തിരമായ ഒരു സഹായം ആവശ്യമുള്ളപ്പോൾ അല്ലെങ്കിൽ ഒരു പ്രശ്നം പരിഹരിക്കേണ്ട അവസ്ഥ വരുമ്പോൾ അതിനുകൂടെ പ്രധാന്യം കൊടുത്ത് വേഗത്തിൽ ഒരു  സൂം കോളിലൂടെയോ, നേരിട്ടോ സഹായിക്കുന്നതും പ്രൊഫഷാണലിസത്തിന്റെ ഭാഗമാണ്. സ്വന്തം മികവിൽ മാത്രം ശ്രദ്ധിക്കാതെ ചുറ്റുമുള്ളവർക്ക് കൂടെ മികവ് പ്രകടിപ്പിക്കാൻ അവസരമുണ്ടാവുമ്പോഴാണ് ഒരാൾ ഒരു നല്ല പ്രൊഫഷണലാവുന്നതും അത് സ്വന്തത്തിനും ജോലി ചെയ്യുന്ന മേഖലക്കും ഗുണകരമാവുന്നതും.

6. ഫലപ്രദമായ ആശയവിനിമയം 

തന്റെ ടീമംഗങ്ങളുമായി, സഹപ്രവർത്തകരുമായി, ഉപഭോക്താക്കളുമായി, മാനേജർമാരുമായി, ജോലിയുമായി ബന്ധപ്പെട്ട മറ്റുള്ളവരുമായും ഫലപ്രദമായി  ആശയവിനിമയം നടത്തേണ്ടതുണ്ട്, മികച്ച പ്രൊഫഷണലുകൾ മികച്ച ആശയവിനിമയക്കാരും കൂടിയാണ്. ആശയ വിനിമയവുമായി ബന്ധപ്പെട്ട് ഓരോ സ്ഥാപനങ്ങൾക്കും അവരവരുടേതായ പ്രൊഫഷണൽ രീതികളുമുണ്ടാവാം, അത് നേരിട്ടുള്ള സംസാരം, ഇമെയിൽ, മെസേജിങ്, ഓൺലൈൻ പ്ലാറ്റ്ഫോം,  ഫയലുകൾ  തുടങ്ങിയ വിവിധ രീതിയിലായിരിക്കാം. ജോലിയുടെ തുടക്ക സമയത്ത് തന്നെ അവിടുത്തെ രീതികൾ മനസ്സിലാക്കുകയും അതിൽ പ്രൊഫഷണലിസമില്ലാത്ത രീതിയാണെങ്കിൽ അത് മേലധികാരികളെ ബോധ്യപ്പെടുത്താനും പ്രൊഫഷാണൽ രീതി സ്വീകരിക്കാനും ശ്രമിക്കാം. നിങ്ങൾ നിങ്ങളുടെ ടീമിൽ പ്രൊഫഷണലിസം പ്രോത്സാഹിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം നിങ്ങളാണ് അത് പ്രദർശിപ്പിക്കേണ്ടത്. 

ഒരു ജോലിയുമായി ബന്ധപ്പെട്ട ഒരു മെസേജ് വാട്സാപ് ചെയ്‌താൽ ത്തന്നെ മറ്റു വ്യക്തികൾക്ക് കൈമാറാനാവും, എന്നാൽ വളരെ പ്രധാനപ്പെട്ട  കാര്യങ്ങൾക്ക് ഇ മെയിൽ അയക്കുക എന്നതായിരിക്കാം ചില സ്ഥാപനങ്ങളുടെ രീതി,അതല്ലെങ്കിൽ  ഒരു ഫയലിലൂടെ കൈമാറുകയായിരിക്കാം ചെയ്യേണ്ടത്, അപ്പോഴായിരിക്കാം അതൊരു അതൊരു രേഖയാവുന്നതും തുടർ നടപടികൾക്ക് കൂടുതൽ സൗകര്യപ്പെടുന്നതും.

7. മറ്റുള്ളവരുടെ സ്‌പേസിലേക്ക് അതിക്രമിക്കാതിരിക്കുക

സഹപ്രവർത്തകരുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതിനോട് കൂടെത്തന്നെ ആരോഗ്യകരമായ അതിർത്തികൾ ഉണ്ടാകേണ്ടതും അനിവാര്യമാണ്, മറ്റുള്ളവരുടെ സ്വകാര്യതയിലേക്കും ജോലിയിലേക്കും കയറിചെല്ലുന്നതും ഓഫീസ് സമയത്തിന് ശേഷവും ഓഫീഷ്യാലായ കാര്യങ്ങൾക്ക് ബന്ധപ്പെടുന്നതും പ്രൊഫഷണലിസത്തിന് യോജിക്കില്ല.അതേ പോലെത്തന്നെ ചില കമ്പനികൾക്ക് സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട അവരുടേതായ നയങ്ങളുണ്ടായിരിക്കാം. നിങ്ങളുടെ സ്ഥാപനത്തിൽ അത്തരം നയങ്ങളുണ്ടെങ്കിൽ അവ അറിയുകയും പാലിക്കുകയും ചെയ്യുക. ഔദ്യോഗിക നയം ഇല്ലാതിരുന്നാലും ജോലിസ്ഥലത്തിൽ അല്ലെങ്കിൽ ജോലിയെക്കുറിച്ച് പോസ്റ്റ് ചെയ്യുന്നതിനും അഭിപ്രായം പറയുന്നതിനും മുൻപ് നന്നായി ചിന്തിക്കേണ്ടത് പ്രധാനമാണ്.

വിജയം എന്നത് ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും, എങ്കിലും ജോലിസ്ഥലമര്യാദകൾ പിന്തുടരുന്നത് നിങ്ങളുടെ  കരിയർ ലക്ഷ്യങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ സഹായിക്കും. അവനവന്റെ ജോലിക്കുള്ള രീതികൾ ബഹുമാനിക്കുകയും ചുറ്റുമുള്ളവരെ ബഹുമാനിക്കുകയും കാര്യക്ഷമതയോടെ മുന്നോട്ട് പോകുകയും ചെയ്താൽ സ്വാഭാവികമായും വളരെ വേഗം പുരോഗതി കൈവരിക്കാനാവും തൊഴിൽമര്യാദയെ അടിസ്ഥാനമാക്കി ഒരു കരിയർ നിർമിക്കാനും, മികച്ച രീതിയിൽ പ്രകടനം നടത്താനും, വളരെ വേഗം പുരോഗതി കൈവരിക്കാനും ഓരോരുത്തർക്കുമാവട്ടെ.