
ശാസ്ത്ര- സാങ്കേതിക രംഗത്ത് നിര്‍ണായകമായ പല ചുവടുവെപ്പുകളും നടന്ന വര്‍ഷമായിരുന്നു 2024. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ.) വ്യാപനം എല്ലാ മേഖലയിലും വ്യക്തമായിരുന്നു. മനുഷ്യന്റെ സര്‍ഗാത്മ രംഗങ്ങളിലും ഇതു ശ്രദ്ധേയമായ സാന്നിധ്യമായി. 2024-ല്‍ ശാസ്ത്ര- സാങ്കേതിക മേഖലയില്‍ നടന്ന പ്രധാനപ്പെട്ട ചില സംഭവങ്ങളിലൂടെ കടന്നുപോവാം...
യൂറോപ്പ ക്ലിപ്പര്‍
വ്യാഴത്തിന്റെ ഗലീലിയന്‍ ഉപഗ്രഹമായ യുറോപ്പയെ കുറിച്ച് പഠിക്കാന്‍ 'നാസ' വികസിപ്പിച്ചെടുത്ത ബഹിരാകാശ പേടകമാണ് യുറോപ്പ ക്ലിപ്പര്‍- 2024 ഒക്ടോബര്‍ 14-ന് ഇത് വിക്ഷേപിച്ചു.ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ (KSC) നിന്ന് സ്പെയ്സ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിലായിരുന്നു വിക്ഷേപണം. 2030-ല്‍ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പേടകം എത്തുമെന്നാണ് കരുതുന്നത്. 2.9 ബില്യൺ കിലോ മീറ്റർ സഞ്ചരിച്ചശേഷമാകും ഭ്രമണപഥത്തിലെത്തുക. യാത്രാവേഗം കൈവരിക്കുന്നതിനായി ചൊവ്വയ്ക്ക് അരികിലൂടെയും പേടകം കടന്നുപോവും. 500 കോടി ഡോളര്‍ ചെലവ് വരുന്ന ദൗത്യമാണിത്. മുന്‍പ് ഒക്ടോബര്‍ പത്തിന് നാസയും സ്‌പേസ്എക്‌സും വിക്ഷേപണം നിശ്ചയിച്ചെങ്കിലും മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഭീഷണിയെത്തുടര്‍ന്ന് നീട്ടുകയായിരുന്നു. ഭൂമിക്ക് പുറത്തുള്ള ജീവന്‍ തേടിയാണ് വ്യാഴത്തിന്റെ നാലാമത്തെ വലിയ ഉപഗ്രഹമായ യൂറോപ്പയിലേക്ക് പേടകത്തിന്റെ യാത്ര. ഓക്‌സിജന്‍ കൂടുതലുള്ള യൂറോപ്പയുടെ തണുത്തുറഞ്ഞ ഐസ് പാളികൾക്കടിയിൽ ജലം ഉണ്ടാവാനിടയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ഇക്കാരണത്താല്‍ തന്നെ ഭൂമിയെ കൂടാതെ ജീവന്‍ നിലനില്‍ക്കാനിടയുള്ള ഇടമായാണ് യൂറോപ്പയെ കണക്കാക്കുന്നത്.
സുനിത വില്യംസ് എന്ന് തിരികെവരും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏറെനാളായി കുടുങ്ങിക്കിടക്കുകയാണ് 'നാസ'യുടെ ബഹിരാകാശ യാത്രികയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസും ബാരി വില്‍മറും. കഴിഞ്ഞ ജൂണില്‍ ബഹിരാകാശ നിലയത്തിലെത്തിയ ഇവര്‍ അടുത്ത മാര്‍ച്ചോടെ മാത്രമേ തിരികെ ഭൂമിയിലെത്തൂവെന്നാണ് ഒടുവില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഭ്രമണപഥമേറി എക്‌സ്‌പോസാറ്റ്
ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളെക്കുറിച്ചും തമോഗര്‍ത്തങ്ങളെക്കുറിച്ചും വിവരങ്ങള്‍ കണ്ടെത്താനുള്ള ഇന്ത്യയുടെ എക്‌സ്‌പോ സാറ്റ് (എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ്) വിക്ഷേപിച്ചു. 2024 ജനുവരി ഒന്നിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം.
ബഹിരാകാശത്ത് 1000 ദിവസം കഴിയുന്ന ആദ്യവ്യക്തി
ബഹിരാകാശത്ത് 1000 ദിവസം കഴിയുന്ന ആദ്യവ്യക്തി എന്ന നേട്ടം 2024 ജൂണില്‍ റഷ്യന്‍ കോസ്‌മോനോട്ട് ഒലെഗ് കൊനോനെങ്കോ സ്വന്തമാക്കി. 59-കാരനായ കൊനോനെങ്കോ തന്റെ അഞ്ചാമത്തെ ദൗത്യത്തിലാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഗെന്നഡി പഡല്‍കയുടെ 878 ദിവസമെന്ന റെക്കോഡ് 2024 ഫെബ്രുവരി നാലിന് കൊനോനെങ്കോ മറികടന്നിരുന്നു. 2008-ലായിരുന്നു കൊനോനെങ്കോ യുടെ ആദ്യ ബഹിരാകാശ യാത്ര. 2023 സെപ്റ്റംബര്‍ 15-ന് ആരംഭിച്ച അഞ്ചാമത്തെ ദൗത്യം 2024 സെപ്റ്റംബര്‍ 23-ന് പൂര്‍ത്തിയായി.
ഏറ്റവും കൂടുതല്‍ നൈട്രസ് ഓക്‌സൈഡ് പുറന്തള്ളുന്ന രാജ്യം
എര്‍ത്ത് സിസ്റ്റം സയന്‍സ് ഡേറ്റ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ നൈട്രസ് ഓക്‌സൈഡ് പുറന്തള്ളുന്ന രാജ്യം ചൈനയാണ്.
ജപ്പാന്റെ സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍
ജപ്പാന്റെ സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍ (സ്ലിം) പേടകം 2024 ജനുവരി 20-ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു. ഏറ്റവും കുറഞ്ഞ സ്ഥലപരിധിക്കുള്ളില്‍ കൃത്യമായി പേടകമിറക്കി എന്നതാണ് സവിശേഷത. ചന്ദ്രനില്‍ പേടകം ഇറക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ജപ്പാന്‍. റഷ്യ, യുഎസ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള മറ്റുള്ളവര്‍,
ശ്വാസകോശ അര്‍ബുദത്തിനെതിരെ പ്രതിരോധ വാക്‌സിന്‍
ശ്വാസകോശ അര്‍ബുദത്തിനെതിരെ ഇംഗ്ലണ്ടില്‍ ലോകത്തിലാദ്യമായി പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചെടുത്തു.എം.ആര്‍.എന്‍.എ. ടെക്‌നോളജി ഉപയോഗിച്ച് വികസിപ്പിച്ച വാക്‌സിന്‍, ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ കാന്‍സര്‍ ബാധിത കോശങ്ങളെ കണ്ടെത്തി ആക്രമിക്കാന്‍ പര്യാപ്തമാക്കുന്നതാണ്. ബ്രിട്ടനിൽ ആളെക്കൊല്ലുന്നതിൽ ഒന്നാമതാണ് ശ്വാസകോശാർബുദം. 50,000 കേസുകളും 35,000 മരണങ്ങളുമാണ് പ്രതിവർഷം റിപ്പോർട്ടുചെയ്യുന്നത്. പത്തിൽ ഏഴും പുകവലിയുമായി ബന്ധപ്പെട്ടാണ്. 55-75 വയസ്സിനിടയിലുള്ളവരെയാണ് കൂടുതൽ ബാധിക്കുന്നത്.
ലൂണാര്‍ പോളാര്‍ എക്‌സ്‌പ്ലൊറേഷന്‍
ജക്‌സ എന്ന ജപ്പാനിലെ ബഹിരാകാശ ഏജന്‍സിയുമായി ചേർന്ന് ഐഎസ്ആര്‍ഒ ലൂണാര്‍ പോളാര്‍ എക്‌സ്‌പ്ലൊറേഷന്‍ മിഷന്‍ സംഘടിപ്പിക്കുന്നു.
പന്നിയുടെ വൃക്ക മനുഷ്യനിലേക്ക്
അമേരിക്കയില്‍ ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനില്‍ വെച്ചുപിടിപ്പിച്ചു. റിച്ചാര്‍ഡ് സ്ലേമാന്‍ എന്ന വ്യക്തിയിലാണ് വൃക്ക മാറ്റിവെച്ചത്. മാസാച്യുസെറ്റ്‌സ് ആസ്ഥാനമായുള്ള ബയോടെക്ക് കമ്പനിയായ ഇജെനെസിസ് ആണ് വൃക്ക നല്‍കിയത്. ഒരു സ്പീഷീസിൽനിന്ന് മറ്റൊരു സ്പീഷീസിലേക്ക് അവയവം ദാനം ചെയ്യുന്ന രീതിയെ ക്സെനോട്രാൻസ്പ്ലാന്റേഷൻ എന്നാണ് വിളിക്കുന്നത്. നേരത്തേ പന്നിയിലെ വൃക്ക, മസ്തിഷ്കമരണം സംഭവിച്ചവരിൽ വച്ചുപിടിപ്പിച്ചിരുന്നു. പന്നിയുടെ ഹൃദയം രണ്ടു മനുഷ്യരിലേക്ക് പിടിപ്പിച്ച വാർത്തയും പുറത്തുവന്നിരുന്നു. അമേരിക്കയിൽ തന്നെയാണ് ഇതും നടന്നത്. പക്ഷേ ഇരുവരും രണ്ടുമാസങ്ങൾക്കുള്ളിൽ മരണപ്പെട്ടു.
അത്യുഷ്ണത്തിന്റെ 2024
അഞ്ച് ഭൂഖണ്ഡങ്ങളില്‍ അത്യുഷ്ണം അനുഭവപ്പെട്ട ജൂണ്‍, ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ മാസമായി യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ ഏജന്‍സിയായ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് സ്ഥിരീകരിച്ചു. 2023 ജൂണിന് ശേഷമുള്ള എല്ലാ മാസങ്ങളും കഴിഞ്ഞ കാലങ്ങളേക്കാള്‍ ചൂടേറിയതായിരുന്നു എന്നും ഏജന്‍സി അറിയിച്ചു.
സ്റ്റാര്‍ ഗേറ്റ് സൂപ്പര്‍ കമ്പ്യൂട്ടര്‍
ഓപ്പണ്‍ എ.ഐയും മൈക്രോസോഫ്റ്റും സഹകരിച്ച് സ്റ്റാര്‍ ഗേറ്റ് എന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിച്ചു.
ട്രംപിന്റെ എ.ഐ. പോളിസി അഡൈ്വസറായി ശ്രീറാം കൃഷ്ണന്‍
യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോളിസി അഡൈ്വസറായി ഇന്ത്യന്‍ വംശജന്‍ ശ്രീറാം കൃഷ്ണനെ നിയമിച്ചു. മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, ഫെയ്സ്ബുക്, സ്നാപ്, യാഹൂ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ വിവിധ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ ശ്രീറാം, ടെക് രംഗത്തെ പരിണിതപ്രജ്ഞനായ വ്യക്തിയാണ്. നേരത്തേ ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത ശേഷം പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രീറാമിനെ നിയോഗിച്ചിരുന്നു. മസ്‌കുമായി ശ്രീറാമിന് അടുത്ത ബന്ധമുണ്ട്.
ചാറ്റ് ജി.പി.ടി. അക്കൗണ്ട് വഴി ഇന്റര്‍നെറ്റ് സെര്‍ച്ച്
ചാറ്റ് ജി.പി.ടി. അക്കൗണ്ട് ഉള്ളവര്‍ക്കെല്ലാം ഇനി അതുവഴി ഇന്റര്‍നെറ്റ് സെര്‍ച്ച് നടത്താം. ഡിസംബര്‍ 16 മുതല്‍ ചാറ്റ് ജി.പി.ടി. സെര്‍ച്ച് സേവനം എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കിയിരിക്കുകയാണ് ഓപ്പണ്‍ എ.ഐ. ചാറ്റ് ജി.പി.ടിയുടെ മൊബൈല്‍ ആപ്പിന്റേയും ഡെസ്‌ക്ടോപ്പ് വേര്‍ഷന്റെയും ഉപഭോക്താക്കള്‍ക്ക് ഇനി ഇന്റര്‍നെറ്റില്‍ നിന്നുള്ള തത്സമയ വിവരങ്ങളും അറിയാനാവും. നേരത്തെ ചാറ്റ് ജി.പി.ടി. പ്ലസ് സ്ബ്സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമായിരുന്നത്.
എ.ഐ. വീഡിയോ തയ്യാറാക്കാന്‍ സോറോ
ഓപ്പണ്‍ എ.ഐയുടെ വീഡിയോ ജനറേഷന്‍ ടൂളായ സോറ എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കി. സോറ ടര്‍ബോ എന്ന പേരില്‍ പുതിയ എ.ഐ. വീഡിയോ ജനറേഷന്‍ ടൂളാണ് ഓപ്പണ്‍ എഐ അവതരിപ്പിച്ചത്. ചാറ്റ് ജി.പി.ടി. പ്ലസ്, പ്രോ ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാകും. യഥാര്‍ത്ഥമെന്ന് തോന്നുംവിധം എഴുതി നല്‍കുന്ന എ.ഐ. ഉപയോഗിച്ച് വീഡിയോകള്‍ നിര്‍മിക്കാനാവുന്ന ടൂള്‍ ആണ് സോറ. ഓപ്പണ്‍ എ.ഐയിലെ ഡാല്‍ഇ എന്ന ഇമേജ് ജനറേഷന്‍ ടൂളിന് സമാനമാണിത്.ഫെബ്രുവരിയിലാണ് സോറ പ്ലാറ്റ്ഫോം കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചത്. അന്ന് ഗവേഷണ ആവശ്യങ്ങള്‍ക്ക് മാത്രമായി പരിമിതമായ രീതിയിലാണ് സോറ ലഭ്യമാക്കിയത്.
പീറ്റര്‍ ഡബ്യു. ഹിഗ്‌സ് വിട പറഞ്ഞു
2024 ഏപ്രിലില്‍ ഭൗതികശാസ്ത്ര നെബേല്‍ ജേതാവ് പീറ്റര്‍ ഡബ്യു.ഹിഗ്‌സ് അന്തരിച്ചു. ഹിഗ്‌സ് ബോസോണ്‍ സംവിധാനം ആവിഷ്‌കരിച്ചതിന് 2023-ലെ നേബേല്‍ സമ്മാനം ഫ്രാന്‍സ്വ ഇംഗ്ലര്‍ട്ടുമായി പങ്കിട്ടു.
ഡാനിയല്‍ കാനമന്‍ അന്തരിച്ചു
ബിഹേവിയറല്‍ ഇക്‌ണോമിക്‌സിന് തുടക്കം കുറിച്ച ഡാനിയല്‍ കാനമന്‍ 2024 മാര്‍ച്ചില്‍ അന്തരിച്ചു. നൊബേല്‍ ജേതാവാണ്.
മൈ ഹെല്‍ത്ത് മൈ റൈറ്റ്
2024 ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം എന്റെ ആരോഗ്യം എന്റെ അവകാശം എന്നതാണ് (My Health My Right) ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിലേക്കുള്ള പ്രവേശനം. ഈ വര്‍ഷം, എല്ലാവര്‍ക്കും, എല്ലായിടത്തും, ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള അവസരം ഉറപ്പാക്കണമെന്നാണ് എന്ന ആശയമാണ് ഇതിലൂടെ മുന്നോട്ട് വെയ്ക്കുന്നത്. ലോകജനസംഖ്യയുടെ പകുതിയിലധികം വരുന്ന 4.5 ബില്യണിലധികം ആളുകള്‍ക്ക് 2021-ല്‍ അവശ്യ ആരോഗ്യ സേവനങ്ങള്‍ക്ക് മതിയായ പ്രവേശനം ഇല്ലെന്ന് WHO ചൂണ്ടിക്കാണിക്കുന്നു.
രസതന്ത്ര നൊബേല്‍
കമ്പ്യൂട്ടറുകളുടെ സഹായത്തോടെ പ്രോട്ടീന്‍ ഡിസൈന്‍ സാധ്യമാക്കുകയും നിര്‍മിതബുദ്ധി (എ.ഐ) യുടെ സാധ്യതയുപയോഗിച്ച് പ്രോട്ടീന്‍ ഘടനകള്‍ പ്രവചിക്കാനുള്ള വിദ്യകള്‍ വികസിപ്പിക്കുകയും ചെയ്ത മൂന്ന് ഗവേഷകര്‍ 2024 -ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. ഡേവിഡ് ബേക്കര്‍, ഡനിസ് ഹസ്സബിസ്, ജോണ്‍ ജംപര്‍ എന്നിവര്‍ക്കാണ് നൊബേല്‍
യു.എസിലെ സിയാറ്റിലില്‍ വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഡേവിഡ് ബേക്കര്‍ക്ക്, സമ്മാനത്തുകയുടെ പകുതി ലഭിക്കും. 'കംപ്യൂട്ടേഷണല്‍ പ്രോട്ടീന്‍ ഡിസൈന്‍' സാധ്യമാക്കിയ ഗവേഷകനാണ് ബേക്കര്‍. തികച്ചും വ്യത്യസ്തമായ പ്രോട്ടീനുകള്‍ രൂപപ്പെടുത്താന്‍ വഴിതുറക്കുകയാണ് ഡേവിഡ് ബേക്കര്‍ ചെയ്തത്. പുരസ്‌കാരത്തിലെ പകുതി, ലണ്ടനില്‍ 'ഗൂഗിള്‍ഡീപ്മൈന്റി'ലെ ഗവേഷകരായ ഡെനിസ് ഹസ്സബിസ്, ജോണ്‍ ജംപര്‍ എന്നിവര്‍ പങ്കിടും. നിര്‍മിതബുദ്ധിയുടെ സാധ്യതകളുപയോഗിച്ച്, പ്രോട്ടീനുകളുടെ ഘടനകള്‍ പ്രവചിക്കാന്‍ വഴി തുറന്നവരാണ് ഇവര്‍. 50 വര്‍ഷം വെറും സ്വപ്നമായി നിലനിന്ന സംഗതിയാണ് ഇതുവഴി ഇരുവരും യാഥാര്‍ഥ്യമാക്കിയത്.
ഭൗതികശാസ്ത്ര നൊബേല്‍
നിര്‍മിതബുദ്ധിക്ക് അടിസ്ഥാനമായ മെഷീന്‍ ലേണിങ് വിദ്യകള്‍ വികസിപ്പിച്ച രണ്ട് ഗവേഷകര്‍ ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ പങ്കിട്ടു. യു.എസ്. ഗവേഷകന്‍ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജിയോഫ്രി ഹിന്റണ്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.നിര്‍മിത ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിങ് സാധ്യമാക്കിയ മൗലികമായ കണ്ടെത്തലുകളും മുന്നേറ്റവും സാധ്യമാക്കിയതിനാണ് ഇരുവര്‍ക്കും ഈ ബഹുമതി നല്‍കുന്നതെന്ന് റോയല്‍ സ്വീഡിഷ് സയന്‍സ് അക്കാദമി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഫിസിക്സിന്റെ പിന്തുണയോടെയാണ് നിര്‍മിത ന്യൂറല്‍ ശൃംഖലകളെ (artificial neural networks) പരിശീലിപ്പിച്ചെടുക്കാന്‍ ഇവര്‍ വഴി കണ്ടെത്തിയത്. യു.എസില്‍ പ്രിന്‍സ്റ്റന്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനാണ് ഹോപ്ഫീല്‍ഡ്, കാനഡയില്‍ ടൊറന്റോ യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ഹിന്റണ്‍.
പാര്‍ക്കര്‍ സോളാര്‍ പ്രോബ്
സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിര്‍മിത വസ്തുവെന്ന ഖ്യാതി അടിവരയിട്ടുറപ്പിച്ച് നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്. സൂര്യപ്രതലത്തില്‍നിന്ന് 61 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തി. 2018 ഓഗസ്റ്റ് 12-ന് ഫ്‌ലോറിഡയിലെ കേപ് കനാവറല്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍നിന്നാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിക്കുന്നത്. മണിക്കൂറില്‍ 6,90,000 കിലോമീറ്റര്‍ വേഗത്തില്‍, അതായത് ശബ്ദത്തേക്കാള്‍ 550 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാന്‍ പേടകത്തിനാകും. മനുഷ്യന്‍ നിര്‍മ്മിച്ച ഏറ്റവും വേഗമേറിയ പേടകം കൂടിയാണ് പാര്‍ക്കര്‍.
11.43 സെന്റീമീറ്റര്‍ കട്ടിയുള്ള കാര്‍ബണ്‍ - കോമ്പസിറ്റ് കവചമാണ് സൂര്യന്റെ അതിശക്തമായ ചൂട് താങ്ങാന്‍ പാര്‍ക്കറിനെ പ്രാപ്തമാക്കുന്നത്. 870-930 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപം പ്രതിരോധിക്കാന്‍ ഇതിന് സാധിക്കും. ഏഴുവര്‍ഷം നീളുന്നതാണ് പേടകത്തിന്റെ ദൗത്യം. ഇനിയുള്ള ഒരു വര്‍ഷത്തില്‍ രണ്ടുതവണകൂടി പേടകം സൂര്യന് ഏകദേശം ഇത്രതന്നെ അടുത്തെത്തും.
ചന്ദ്രനിലും ഇൻ്റർനെറ്റും നാവിഗേഷനും
സ്വപ്നപദ്ധതിയായ മൂൺലൈറ്റ് ലൂണാർ കമ്മ്യൂണിക്കേഷൻസ് ആൻഡ് നാവിഗേഷൻ സർവീസസ് (എൽസിഎൻഎസ്) ന് തുടക്കംകുറിച്ച് യൂറോപ്യൻ സ്പേസ് ഏജൻസി. ചന്ദ്രനിലെ ടെലി കമ്മ്യൂണിക്കേഷൻ, നാവിഗേഷൻ സേവനങ്ങൾക്കായി ഒരു ഉപഗ്രഹ ശൃംഖല ഒരുക്കുകയാണ് മൂൺലൈറ്റ് പദ്ധതിയുടെ ലക്ഷ്യം. സാറ്റ്ലൈറ്റ് നാവിഗേഷൻ, വീഡിയോ കോൺഫറൻസിങ്, ഡാറ്റാ ഷെയറിങ് മുതലായ അവശ്യ സേവനങ്ങൾ ഭൂമിയിലേതുപോലെ ചന്ദ്രോപരിതലത്തിലും തടസ്സമില്ലാതെ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. ചന്ദ്രനിലെ ലാൻഡിങ്ങുകളുടെ കൃത്യത ഉറപ്പാക്കുക, ഭൂമിക്കും ചന്ദ്രനും ഇടയിൽ വേഗതയേറിയ ആശയവിനിമയ ശൃംഖല സ്ഥാപിക്കുക, ചന്ദ്രോപരിതലത്തിലെ സഞ്ചാരം സുഗമമാക്കുക എന്നിവയും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നു. ചന്ദ്രനിലെ ഭാവിദൗത്യങ്ങൾക്കുള്ള പ്രവർത്തന ചെലവ് കുറയ്ക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നും യൂറോപ്യൻ സ്പേസ് ഏജൻസി പ്രതീക്ഷിക്കുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ ദൂരദര്‍ശിനി
ഏഷ്യയിലെ ഏറ്റവും വലിയ ദൂരദര്‍ശിനി ലഡാക്കിലെ ഹാന്‍ലെയില്‍. 4300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇത് ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും ഉയരംകൂടിയ ദൂരദര്‍ശിനി കൂടിയാണ്.ഒക്ടോബര്‍ നാലിന് ആണവോര്‍ജവകുപ്പ് സെക്രട്ടറി അജിത് കുമാര്‍ മൊഹന്തിയാണ് ഉദ്ഘാടനംചെയ്തത്. ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെയും (ഇ.സി.ഐ.എല്‍.) മറ്റ് ഇന്ത്യന്‍ വ്യവസായ പങ്കാളികളുടെയും പിന്തുണയോടെ മുംബൈ ആസ്ഥാനമായുള്ള ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബി.എ.ആര്‍.സി.) തദ്ദേശീയമായി നിര്‍മിച്ചതാണിത്.
ശുക്രയാൻ 1-ന്റെ വിക്ഷേപണത്തീയതി പ്രഖ്യാപിച്ചു
ശുക്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ ദൗത്യമായ ശുക്രയാൻ 1-ന്റെ വിക്ഷേപണത്തീയതി പ്രഖ്യാപിച്ചു. 2028 മാര്‍ച്ച് 29-ന് വിക്ഷേപണം നടക്കുമെന്ന് ഐഎസ്ആർഒ പ്രസ്താവനയിൽ അറിയിച്ചു. പേടകം ശുക്രനിലെത്താന്‍ 112 ദിവസങ്ങളെടുക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ശുക്രയാൻ 2024 ഡിസംബറില്‍ വിക്ഷേപിക്കാനായിരുന്നു ആലോചന. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ മൂലം പദ്ധതി നീട്ടുകയായിരുന്നു.
ഓരോ 19 മാസത്തിനും ഇടയിലാണ് ശുക്രന്‍ ഭൂമിയോട് അടുത്ത് വരിക. ഈ ഘട്ടത്തിലാണ് ശുക്രനിലേക്കുള്ള പര്യവേക്ഷണ വാഹനം വിക്ഷേപിക്കാന്‍ അനുയോജ്യമായ 'ഒപ്റ്റിമല്‍ ലോഞ്ച് വിന്‍ഡോ' ലഭിക്കുക. ഇത്തരത്തില്‍ 2024 ഡിസംബറിലെ ലോഞ്ച് വിന്‍ഡോയിലാണ് ശുക്രയാന്‍ വിക്ഷേപിക്കാനിരുന്നത്. നേരത്തെ 2023 തുടക്കത്തില്‍ വിക്ഷേപിക്കാന്‍ പദ്ധതിയിട്ടെങ്കിലും കോവിഡ് പോലുള്ള പ്രതിസന്ധികള്‍ മൂലം ഇത് 2024-ലേക്ക് നീട്ടുകയായിരുന്നു.
Content Highlights: Year ender 2024 science and technology
Published: 30 Dec 2024, 11:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented