
സ്റ്റോക്ക്‌ഹോം: കമ്പ്യൂട്ടറുകളുടെ സഹായത്തോടെ പ്രോട്ടീന്‍ ഡിസൈന്‍ സാധ്യമാക്കുകയും നിര്‍മിതബുദ്ധി (എ.ഐ) യുടെ സാധ്യതയുപയോഗിച്ച് പ്രോട്ടീന്‍ ഘടനകള്‍ പ്രവചിക്കാനുള്ള വിദ്യകള്‍ വികസിപ്പിക്കുകയും ചെയ്ത മൂന്ന് ഗവേഷകര്‍ 2024 -ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു.
യു.എസിലെ സിയാറ്റിലില്‍ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡേവിഡ് ബേക്കര്‍ക്ക്, സമ്മാനത്തുകയുടെ പകുതി ലഭിക്കും. 'കംപ്യൂട്ടേഷണല്‍ പ്രോട്ടീന്‍ ഡിസൈന്‍' സാധ്യമാക്കിയ ഗവേഷകനാണ് ബേക്കര്‍. തികച്ചും വ്യത്യസ്തമായ പ്രോട്ടീനുകള്‍ രൂപപ്പെടുത്താന്‍ വഴിതുറക്കുകയാണ് ഡേവിഡ് ബേക്കര്‍ ചെയ്തത്.
പുരസ്‌കാരത്തിലെ പകുതി, ലണ്ടനില്‍ 'ഗൂഗിള്‍ഡീപ്‌മൈന്റി'ലെ ഗവേഷകരായ ഡെനിസ് ഹസ്സബിസ്, ജോണ്‍ ജംപര്‍ എന്നിവര്‍ പങ്കിടും. നിര്‍മിതബുദ്ധിയുടെ സാധ്യതകളുപയോഗിച്ച്, പ്രോട്ടീനുകളുടെ ഘടനകള്‍ പ്രവചിക്കാന്‍ വഴി തുറന്നവരാണ് ഇവര്‍. 50 വര്‍ഷം വെറും സ്വപ്‌നമായി നിലനിന്ന സംഗതിയാണ് ഇതുവഴി ഇരുവരും യാഥാര്‍ഥ്യമാക്കിയത്.
10.61 ലക്ഷം ഡോളറാണ് സമ്മാനത്തുക.
ജീവന്റെ ആധാരശിലകളാണ് പ്രോട്ടീനുകള്‍. ഒരു ജീവിയുടെ നിലനില്‍പ്പിന് ആധാരമായ ജൈവരാസപ്രക്രിയകളെല്ലാം സംഭവിക്കുന്നത് ഏതെങ്കിലും പ്രോട്ടീനുകളുടെ പ്രവര്‍ത്തനഫലമായാണ്. ഹോര്‍മോണുകള്‍, ആന്റിബോഡികള്‍, രാസാഗ്നികൾ തുടങ്ങിയവയെല്ലാം പ്രോട്ടീനുകളാണ്.
വളരെ പ്രധാനപ്പെട്ടതാണെങ്കിലും, സങ്കീര്‍ണമായ ഘടനയായതിനാല്‍ പ്രോട്ടീനുകളേക്കുറിച്ചുള്ള പഠനം ഏറെ ദുര്‍ഘടമാണ്. ആ പ്രതിസന്ധിക്ക് 'മരുന്ന്' കണ്ടെത്തുകയാണ് ഈ വര്‍ഷത്തെ നൊബേല്‍ ജേതാക്കള്‍ ചെയ്തത്.
ഇത്തവണത്തെ കെമിസ്ട്രി നൊബേലിന് അര്‍ഹരായ മൂന്നുപേരും പ്രോട്ടീനുകളെ സംബന്ധിച്ച് വന്‍ സാധ്യകളാണ് ശാസ്ത്രലോകത്തിന് തുറന്നു നല്‍കിയതെന്ന്, കെമിസ്ട്രി നൊബേല്‍ ജേതാക്കളെ തിരഞ്ഞെടുത്ത കമ്മറ്റിയുടെ അധ്യക്ഷന്‍ ഹെയ്‌നര്‍ ലിന്‍ക് പറഞ്ഞു.
20 വ്യത്യസ്ത അമിനോആസിഡുകള്‍ കൂടിപ്പിണഞ്ഞാണ് സവിശേഷ ആകൃതികളോടെ പ്രോട്ടീനുകള്‍ രൂപപ്പെടുന്നത്. 2003-ല്‍ ഡേവിഡ് ബേക്കര്‍ അമിനോ ആസിഡ് ബ്ലോക്കുകളുപയോഗിച്ച്, മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമായ പ്രോട്ടീനിന് രൂപംനല്‍കി. ഔഷധങ്ങള്‍, വാക്‌സിനുകള്‍, നാനോമെറ്റീരിയലുകള്‍, സൂക്ഷ്മ സെന്‍സറുകള്‍ ഒക്കെയായി ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ പ്രോട്ടീനുകള്‍ പിന്നീട് ബേക്കറുടെ ഗ്രൂപ്പ് രൂപപ്പെടുത്തി.
പ്രോട്ടീനുകളുടെ ധര്‍മവുമായി ബന്ധപ്പെട്ടതാണ്, അവയുടെ ത്രിമാനഘടന. അമിനോആസിഡുകള്‍ ചുറ്റിപ്പിരിഞ്ഞുണ്ടാകുന്ന ത്രിമാനഘടന കണ്ടെത്തുക എന്നത്, അതിനാല്‍ വളരെ പ്രധാനമാണ്. പ്രോട്ടീനുകളിലെ അമിനോആസിഡുകളുടെ ക്രമത്തില്‍ നിന്ന്, പ്രോട്ടീനുകളുടെ ഘടന പ്രവചിക്കാന്‍ ശാസ്ത്രലോകം ശ്രമം തുടങ്ങിയത് 1970-കള്‍ മുതലാണ്. പക്ഷേ, അത് അങ്ങേയറ്റം ദുര്‍ഘടമായ സംഗതിയായിരുന്നു. എന്നാല്‍, നാലുവര്‍ഷം മുമ്പുണ്ടായ ഒരു മുന്നേറ്റം അതൊക്കെ പഴങ്കഥയാക്കി.
ഡെനിസ് ഹസ്സബിസ്, ജോണ്‍ ജംപര്‍ എന്നിവര്‍ 2020- ല്‍ നടത്തിയ മുന്നേറ്റമാണ് നിര്‍ണായകമായത്. ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ച 'ആല്‍ഫഫോള്‍ഡ്2' (AlphaFold2) എന്ന എ.ഐ. മോഡല്‍. ഇതിനകം ഗവേഷകര്‍ കണ്ടെത്തിയ 20 കോടി പ്രോട്ടീന്‍ ഘടനകളും പ്രവചിക്കാന്‍ 'ആല്‍ഫോള്‍ഡ്2' ന് സാധിച്ചു! 190 രാജ്യങ്ങളിലായി ഏതാണ്ട് 20 ലക്ഷം പേര്‍ ആല്‍ഫഫോള്‍ഡ്2 ഇപ്പോള്‍ ഉപയോഗിക്കുന്നു. ആന്റിബയോട്ടിക്ക് പ്രതിരോധം പോലുള്ള സംഗതികള്‍ തിരിച്ചറിയാന്‍ ഈ സാധ്യത ഉപയോഗിക്കുന്നു.
സിയാറ്റിലില്‍ 1962-ല്‍ ജനിച്ച ബേക്കര്‍, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ബെര്‍ക്ക്‌ലിയില്‍ നിന്ന് 1989 -ല്‍ പിഎച്ച്ഡി നേടി. ലണ്ടനില്‍ 1976- ല്‍ ജനിച്ച ഹസ്സബിസ്, ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് 2009- ല്‍ പിഎച്ച്ഡി നേടി. നിലവില്‍ 'ഗൂഗിള്‍ ഡീപ്‌മൈന്റി'ന്റെ മേധാവിയാണ്. യു.എസിലെ ലിറ്റില്‍ റോക്കില്‍ 1985 -ല്‍ ജനിച്ച ജംപര്‍, ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2017- ല്‍ പിഎച്ച്ഡി നേടി. ഇപ്പോള്‍ ഗൂഗിള്‍ ഡീപ്‌മൈന്റില്‍ സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റാണ്.
Content Highlights: Nobel Prize 2024, Chemisty Nobel 2024, David Baker, Demis Hassabis, John Jumper, protein design
Published: 09 Oct 2024, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented