ന്യൂഡൽഹി: തങ്ങളുടെ സ്വപ്നപദ്ധതിയായ മൂൺലൈറ്റ് ലൂണാർ കമ്മ്യൂണിക്കേഷൻസ് ആൻഡ് നാവിഗേഷൻ സർവീസസ് (എൽസിഎൻഎസ്) ന് തുടക്കംകുറിച്ച് യൂറോപ്യൻ സ്പേസ് ഏജൻസി. ചന്ദ്രനിലെ ടെലി കമ്മ്യൂണിക്കേഷൻ, നാവിഗേഷൻ സേവനങ്ങൾക്കായി ഒരു ഉപഗ്രഹ ശൃംഖല ഒരുക്കുകയാണ് മൂൺലൈറ്റ് പദ്ധതിയുടെ ലക്ഷ്യം. സാറ്റ്ലൈറ്റ് നാവിഗേഷൻ, വീഡിയോ കോൺഫറൻസിങ്, ഡാറ്റാ ഷെയറിങ് മുതലായ അവശ്യ സേവനങ്ങൾ ഭൂമിയിലേതുപോലെ ചന്ദ്രോപരിതലത്തിലും തടസ്സമില്ലാതെ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്.
ചന്ദ്രനിലെ ലാൻഡിങ്ങുകളുടെ കൃത്യത ഉറപ്പാക്കുക, ഭൂമിക്കും ചന്ദ്രനും ഇടയിൽ വേഗതയേറിയ ആശയവിനിമയ ശൃംഖല സ്ഥാപിക്കുക, ചന്ദ്രോപരിതലത്തിലെ സഞ്ചാരം സുഗമമാക്കുക എന്നിവയും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നു. ചന്ദ്രനിലെ ഭാവിദൗത്യങ്ങൾക്കുള്ള പ്രവർത്തന ചെലവ് കുറയ്ക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നും യൂറോപ്യൻ സ്പേസ് ഏജൻസി പ്രതീക്ഷിക്കുന്നു.
ഒക്ടോബർ 15-ന് ഇൻറർനാഷണൽ ആസ്ട്രോനോട്ടിക്കൽ കോൺഗ്രസിലാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അടുത്ത 20 വർഷത്തേയ്ക്കുള്ള ചാന്ദ്രപദ്ധതികൾക്ക് മൂൺലെെറ്റ് ഗുണകരമാകുമെന്ന പ്രതീക്ഷയും യൂറോപ്യൻ സ്പേസ് ഏജൻസി പങ്കുവെച്ചു. പദ്ധതിയുടെ ആദ്യപടിയായി 2026 ലൂണാർ പാത്ത് ഫെെൻഡർ വിക്ഷേപിക്കും. 2030 ഓടെ പദ്ധതി പൂർണ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഞ്ച് ഉപഗ്രഹങ്ങൾ അടങ്ങുന്നതായിരിക്കും മൂൺലൈറ്റ് ശൃംഖല. ഇതിൽ ഒരെണ്ണം ആശയവിനിമയത്തിനും നാലെണ്ണം നാവിഗേഷനായും ഉപയോഗിക്കും. മൂന്ന് ഗ്രൗണ്ട് സ്റ്റേഷനുകളിലൂടെ ചന്ദ്രനെ ഭൂമിയുമായി ബന്ധിപ്പിക്കുന്ന 4,00,000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ശൃംഖലയിൽ ഈ ഉപഗ്രഹങ്ങൾ വിന്യസിക്കും. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തെ കേന്ദ്രീകരിച്ചാകും പ്രവർത്തനം.
യുകെയിലേയും ഇറ്റലിയുടേയും ബഹിരാകാശ ഏജൻസികളുടെ പിന്തുണയോടെ യൂറോപ്യൻ സ്പേസ് ഏജൻസിയും ബഹിരാകാശ സംവിധാനങ്ങളുടെ ഡെവലപ്പർമാരായ ടെലിസ്പാസിയോ നയിക്കുന്ന കൺസോർഷ്യവും ചേർന്നാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.
Content Highlights: The European Space Agency launched Moonlight programme
Published: 21 Oct 2024, 02:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented