പലസ്തീന്‍കാരെ നിരീക്ഷിക്കാന്‍ ഇസ്രയേല്‍ തങ്ങളുടെ ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുവെന്ന ആരോപണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ മൈക്രോസോഫ്റ്റ്. ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രഖ്യാപനം. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ യൂണിറ്റ് 8200 മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ (Azure) ക്ലൗഡ് പ്ലാറ്റ്ഫോമിന്റെ പ്രത്യേകം തയ്യാറാക്കിയ ഒരു ഭാഗം ഉപയോഗിക്കുന്നുണ്ടെന്നാണ് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്.
ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പലസ്തീനികള്‍ നടത്തുന്ന ദശലക്ഷക്കണക്കിന് ദൈനംദിന ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനും സംഭരിക്കാനും ഈ ക്ലൗഡ് സംവിധാനം ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുമായുള്ള ഒരു കരാറിന്റെ ഭാഗമായിരുന്നു ഈ ക്രമീകരണം എന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.
കോവിംഗ്ടണ്‍ ആന്‍ഡ് ബര്‍ലിംഗ് എന്ന നിയമ സ്ഥാപനത്തിലെ അഭിഭാഷകരായിരിക്കും അന്വേഷണത്തിന് നേതൃത്വം നല്‍കുക. ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് അടിയന്തര പുനഃപരിശോധന അര്‍ഹിക്കുന്ന കൂടുതല്‍ കൃത്യമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുവെന്നാണ് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. സാധാരണക്കാരെ വ്യാപകമായി നിരീക്ഷിക്കാന്‍ ഇസ്രയേല്‍ അഷ്വര്‍ (Azure) ഉപയോഗിക്കുകയാണെങ്കില്‍ അത് മൈക്രോസോഫ്റ്റിന്റെ സേവന നിബന്ധനകളുടെ ലംഘനമായിരിക്കുമെന്നും കമ്പനി ചൂണ്ടിക്കാട്ടി.
ഇസ്രയേല്‍ സര്‍ക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് മൈക്രോസോഫ്റ്റ് നിയമപരമായ പുനഃപരിശോധന ആരംഭിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇസ്രയേലുമായുള്ള കരാറുകളെച്ചൊല്ലി കമ്പനിക്കകത്തും പുറത്തും രണ്ടു വര്‍ഷമായി നടക്കുന്ന പ്രതിഷേധങ്ങളും കമ്പനി കണക്കിലെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ മൈക്രോസോഫ്റ്റിന്റെ ചില പരിപാടികള്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കമ്പനിയുടെ 50-ാം വാര്‍ഷികാഘോഷങ്ങളും ഉള്‍പ്പെട്ടിരുന്നു.
വാര്‍ഷികാഘോഷ വേളയില്‍ മൈക്രോസോഫ്റ്റിന്റെ മൂന്ന് സിഇഒമാരും രണ്ട് മുന്‍ മേധാവികളും ഇപ്പോഴത്തെ മേധാവിയും വേദിയിലിരിക്കെ ഒരു ജീവനക്കാരന്‍ മുഖ്യ പ്രഭാഷണ പരിപാടി തടസ്സപ്പെടുത്തിയിരുന്നു. മറ്റൊരു പരിപാടിയിക്കിടെ ഒരു ജീവനക്കാരന്‍ കമ്പനിയുടെ എഐ മേധാവിയെ 'വംശഹത്യക്ക് എഐ ഉപയോഗിക്കുന്ന യുദ്ധക്കൊള്ളക്കാരന്‍' എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. കമ്പനി പരിപാടികളും കോണ്‍ഫറന്‍സുകളും തടസ്സപ്പെടുത്തിയ ജീവനക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ഒരു അന്വേഷണം നടത്തിയിരുന്നു.
എന്നാല്‍ ഗാസയിലെ സംഘര്‍ഷത്തില്‍ ആളുകളെ ലക്ഷ്യമിടാനോ ഉപദ്രവിക്കാനോ മൈക്രോസോഫ്റ്റിന്റെ അഷ്വര്‍, എഐ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, പുതിയ അന്വേഷണം വ്യാപകമായ നിരീക്ഷണം സംബന്ധിച്ച ആരോപണങ്ങള്‍ പ്രത്യേകമായി പരിശോധിക്കും.
Content Highlights: Microsoft investigates claims that Israel used Azure cloud platform for surveillance of Palestinians
Published: 17 Aug 2025, 10:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented