
ചുരുളഴിയാതെ കിടന്ന ചില സമസ്യകൾക്ക് ശാസ്ത്രം ഉത്തരം കണ്ടെത്തിയ വർഷമാണ് 2024. ഇതുവരെ പിടി തരാതിരുന്ന ചില ദുരൂഹതകളുടെ ചുരുളഴിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചു. ഫോസിലുകള്‍, ഡി.എന്‍.എ. തുടങ്ങിയവ അടക്കമുള്ള ആധുനിക പഠനരീതികളിലൂടെയാണ് ചില ചരിത്ര-ശാസ്ത്ര പ്രഹേളികകൾക്ക് ഉത്തരം കണ്ടെത്തിയത്. ബഹിരാകാശപഠനം മുതൽ ചരിത്രാതീത കാല സംഭവങ്ങൾ വരെയുള്ള അത്തരം കണ്ടെത്തലുകളിൽ ചിലതിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം.
യാന: 50,000 വര്‍ഷം പഴക്കമുള്ള മാമത്ത് ഫോസിൽ!
സൈബീരിയയുടെ ഭാഗമായ യകൂട്ടിയയിൽ റഷ്യന്‍ ഗവേഷകർ കണ്ടെത്തിയ ഒരു ഫോസിൽ പുതിയ ചില ശാസ്ത്ര തിരിച്ചറിവുകളിലേയ്ക്ക് നയിക്കുന്നതായിരുന്നു. ഈ മാമത്ത് ഫോസിലിന് 50,000 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ലോകത്തില്‍ ഇന്നുവരെ കണ്ടെത്തിയ മാമത്ത് ഫോസിലുകളിൽവെച്ച് ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിരുന്നു എന്നതാണ് ഇതിന്‍റെ വലിയ സവിശേഷത. ഫോസിലിൽ നടത്തുന്ന തുടർപഠനം മാമത്തുകളേപ്പറ്റിയുള്ള വലിയ കണ്ടെത്തലുകൾക്ക് അവസരമൊരുക്കുമെന്നാണ് ഗവേഷകർ കരുതുന്നത്.
റഷ്യയിലെ യാന നദീതടത്തില്‍നിന്ന് കണ്ടെത്തിയതിനാല്‍ പെണ്‍മാമത്തിന് യാന എന്ന പേരാണ് നല്‍കിയിരിക്കുന്നത്. 180 കിലോഗ്രാം ഭാരവും നാലടിയോളം നീളവുമാണ് യാനയ്ക്കുണ്ടായിരുന്നത്. കാര്‍ബണ്‍ അനാലിസിസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫോസിലിന്റെ പഴക്കം നിര്‍ണയിച്ചത്. മാമത്തിന്റെ തലയും മറ്റും നല്ല രീതിയില്‍ സംരക്ഷിക്കപ്പെട്ടിരുന്നു. യാനയുടേതുള്‍പ്പെടെ ഏഴ് മാമത്ത് ഫോസിലുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

ശിലായുഗത്തിലെ വിറ്റ്‌റപ് മാന്‍
ശിലായുഗത്തില്‍ ജീവിച്ചിരുന്ന 'വിറ്റ്‌റപ് മാനെ' (vittrup man) ചുറ്റിപ്പറ്റിയുള്ള ദൂരുഹതകളഴിക്കാനും ഗവേഷകര്‍ക്ക് സാധിച്ചു. ഡെന്‍മാര്‍ക്കിലെ വിറ്റ്‌റപ് പട്ടണത്തില്‍നിന്ന് 1915-ൽ ലഭിച്ച ശിലായുഗ മനുഷ്യന്റെ തലയോട്ടിയാണിത്. ഈ പട്ടണത്തിന്‍റെ പേര് ചേർത്താണ് ഈ തലയോട്ടിയുടെ ഉടമയെ വിറ്റ്റപ് മാൻ എന്ന് ഗവേഷകർ വിളിച്ചത്. ശിലായുഗത്തിൽ ജീവിച്ചിരുന്ന ആളായിരുന്നു വിറ്റ്റപ് മാൻ എന്നും വടക്കുപടിഞ്ഞാറന്‍ ഡെന്‍മാര്‍ക്കില്‍ 5,200 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇയാളുടെ മരണമെന്നും അല്ലാതെ കൂടുതൽ വിവരങ്ങൾ ഗവേഷകർക്ക് ലഭ്യമായിരുന്നില്ല.

കട്ടിങ്-എഡ്ജ് അനലിറ്റിക്കല്‍ മെത്തേഡ് ഉപയോഗിച്ചാണ് വിറ്റ്‌റപ്പ് മനുഷ്യനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങൾക്ക് സമീപത്തുനിന്ന് ലഭിച്ച, തടി കൊണ്ടുണ്ടാക്കിയ വടിപോലുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് ഇയാളെ ആരോ കൊല്ലുകയായിരുന്നെന്നാണ് ഗവേഷകരുടെ നിഗമനം.
സ്‌കാന്‍ഡിനേവിയന്‍ തീരപ്രദേശത്താണ് വിറ്റ്‌റപ്പ് മനുഷ്യന്റെ ജനനം. സമുദ്രജീവികളെ പിടികൂടി ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നവരാണ് ഇക്കൂട്ടർ. മീനുകള്‍, തിമിംഗിലങ്ങള്‍ എന്നിവയെ ഇവര്‍ ആഹാരമാക്കിയിരുന്നു. കൗമാരപ്രായത്തിൽ വിറ്റ്‌റപ് മാൻ ഡെന്‍മാര്‍ക്കിലേക്ക് കുടിയേറിയെന്നാണ് ഗവേഷകരുടെ നിഗമനം. കൃഷി ആയിരുന്നു ഡെന്‍മാര്‍ക്കിന്റെ ആ പ്രദേശങ്ങളിലുള്ളവരുടെ പ്രധാന ഉപജീവന മാര്‍ഗം. 30-നും 40-നുമിടയിലുള്ള പ്രായത്തിലാണ് വിറ്റ്‌റപ്പ് മാന്‍ മരിച്ചത്. ദുര്‍മന്ത്രവാദം പോലുള്ള ആചാരങ്ങളുടെ ഭാഗമായി ഇയാളെ ബലി കൊടുത്തതാകാമെന്നും ഗവേഷകർ കരുതുന്നു. ഡെന്‍മാര്‍ക്കിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവം പഴക്കമേറിയ കുടിയേറ്റം നടത്തിയ ആള്‍ ആയാണ് വിറ്റ്റപ് മാനെ ഇപ്പോൾ ശാസ്ത്ര ഗവേഷകർ കണക്കാക്കുന്നത്.
തവിട്ട് തലമുടിയും നീലക്കണ്ണുകളും; സ്വിയര്‍സ്ബര്‍ഗ് കോട്ടയിലെ അസ്ഥികൂടം
നോര്‍വേയിലെ സ്വിയര്‍സ്ബര്‍ഗ് കോട്ടയിലെ കിണറ്റില്‍ കണ്ടെത്തിയ അസ്ഥികൂടത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഗവേഷകർ കണ്ടെത്തിയതും ഇക്കഴിഞ്ഞ വർഷമാണ്. 1938-ലാണ് ഈ അസ്ഥികൂടം ഗവേഷകർ കണ്ടെത്തിയത്. ഇയാൾ എങ്ങനെ മരിച്ചു, ഏത് പ്രദേശത്തുനിന്നുള്ളയാളാണ് തുടങ്ങിയ വിവരങ്ങളൊക്കെ ഗവേഷകർക്ക് കണ്ടെത്താനായിരുന്നില്ല.
റേഡിയോ കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെയാണ് ഈ അവശിഷ്ടങ്ങള്‍ക്ക് 900 വര്‍ഷം പഴക്കമുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. അസ്ഥികൂടത്തിന്‍റെ ഉടമയുടെ ശരീരപ്രകൃതിയും മറ്റ് സവിശേഷതകളും ഗവേഷകര്‍ പഠനവിധേയമാക്കി. പല്ലിന്റെ സാംപിളുകൾ ജനറ്റിക് സ്വീക്വന്‍സിങ്ങിന് വിധേയമാക്കിയപ്പോൾ തവിട്ട് നിറത്തിലുള്ള തലമുടിയും നീലക്കണ്ണുകളുമുള്ള ഒരാളാണ് മരിച്ചതെന്ന നിഗമനത്തിൽ ഗവേഷകർ എത്തിച്ചേർന്നു. പ്രദേശവാസികളുടേതായ യാതൊരു ശരീരപ്രകൃതിയും ഇയാള്‍ക്കുണ്ടായിരുന്നില്ല.
1197-ല്‍ സ്വിയര്‍സ്ബര്‍ഗ് കോട്ട കീഴടക്കാനെത്തിയ സൈനികർ ഈ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ മൃതദേഹമായിരുന്നു ഇതെന്നാണ് ഗവേഷകർ കരുതുന്നത്. ജലം വിഷമയമാക്കാന്‍ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തതെന്നാണ് ഗവേഷകരുടെ നിഗമനം.
ബീഥോവന്റെ മരണത്തിനു പിന്നിൽ ഡാന്യൂബ് നദിയിലെ മീനുകള്‍?
സംഗീതലോകത്തെ ഇതിഹാസമായ ലുഡ്‌വിഗ് ബീഥോവന്‍ (1770-1827) എങ്ങനെ മരിച്ചു എന്നത് സംബന്ധിച്ച് ഗവേഷകർക്ക് ലഭ്യമായിരുന്നത് കുറച്ചു വിവരങ്ങൾ മാത്രമായിരുന്നു. കരള്‍സംബന്ധമായ രോഗങ്ങള്‍ മൂലമാണ് മരിച്ചതെന്ന് ചരിത്രം പറയുമ്പോഴും എന്തായിരുന്നു അസുഖം എന്നതടക്കമുള്ള വിശദാംശങ്ങൾ ലഭ്യമായിരുന്നില്ല. 1827-ല്‍ തന്റെ 56-ാം വയസ്സിലായിരുന്നു ബീഥോവന്റെ മരണം. ബീഥോവന്റെ മുടിയിഴകളുടെ പഠനത്തിലൂടെയാണ് അദ്ദേഹത്തിനുണ്ടായിരുന്ന അസുഖങ്ങളേക്കുറിച്ചും അവ എങ്ങനെയാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നത് സംബന്ധിച്ചും ഗവേഷകർ കണ്ടെത്തിയത്.

മുടിയിഴകള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയില്‍ ലെഡിന്റെ അംശം കൂടുതലായി ഉണ്ടാകുന്ന ലെഡ് പോയിസനിങ്ങിന് ബീഥോവന്‍ വിധേയമായതായി കണ്ടെത്തി. ലെഡിനൊപ്പം തന്നെ ആര്‍സെനിക്, മെര്‍ക്കുറി എന്നിവയുടെ അംശവും അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. എന്നാല്‍, എങ്ങനെയാണ് ഇത് അദ്ദേഹത്തിന്റെ ശരീരത്തില്‍ കൂടുതലായി എത്തിയതെന്നത് ഗവേഷകരെ കുഴപ്പിച്ചിരുന്നു. മലിനമായ ഡാന്യൂബ് നദിയിലെ മീനുകള്‍ ധാരാളമായി ഭക്ഷിച്ചതാണ് ഇതിന് ഇടയാക്കിയതെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ഇതോടെപ്പം തന്നെ ധാരാളം മധുരം ചേര്‍ത്ത് തയ്യാറാക്കുന്ന പ്ലംബ്ഡ് വൈനും അദ്ദേഹം കഴിച്ചിരുന്നു. ഇതും ആരോഗ്യസ്ഥിതി മോശമാകാൻ ഇടയാക്കിയതായി ഗവേഷകർ പറയുന്നു.

സാമുവല്‍ വാഷിങ്ടണിന്‍റെ ശവക്കല്ലറ എവിടെ?
അമേരിക്കയുടെ ആദ്യ പ്രസിഡന്റ് ജോര്‍ജ് വാഷിങ്ടണിന്റെ ഇളയ സഹോദരനാണ് സാമുവല്‍ വാഷിങ്ടണ്‍. ഇദ്ദേഹത്തിന്‍റ ശവക്കല്ലറ കണ്ടെത്താനുള്ള ഗവേഷകരുടെ ഏറെക്കാലത്തെ ശ്രമം ലക്ഷ്യം കണ്ടില്ലെങ്കിലും ഗവേഷണത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. സാമുവലിന്റെ രണ്ട് പേരക്കുട്ടികളെയും അവരുടെ അമ്മമാരെയുമാണ് ഗവേഷകർ തിരിച്ചറിഞ്ഞത്.
1781-ലായിരുന്നു സാമുവലിന്റെ മരണം. സാമുവലിന്റെയും കുടുംബത്തിലെ മറ്റ് 19 അംഗങ്ങളുടെയും ശവശരീരം വെസ്റ്റ് വിര്‍ജീനിയയിലെ ചാള്‍സ് ടൗണിന് സമീപത്തുള്ള സാമുവലിന്റെ എസ്റ്റേറ്റിലുള്ള സെമിത്തേരിയിലാണ് സംസ്‌കരിച്ചത്. എന്നാല്‍, ചില ശവക്കല്ലറകളില്‍ അന്തരിച്ചയാളുടെ പേരുവിവരങ്ങള്‍ ചേര്‍ത്തിരുന്നില്ല. ഇത് അന്തരിച്ചയാള്‍ ആരെന്ന ആശയക്കുഴപ്പം ഗവേഷകര്‍ക്കിടയിൽ ഉണ്ടാക്കിയിരുന്നു. 1999-ലാണ് സെമിത്തേരിയില്‍ നിന്നുളള അവശിഷ്ടങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചത്. തുടർന്നുനടത്തിയ ഡി.എൻ.എ. അടക്കമുള്ള ശാസ്ത്രീയ പരിശോധനകളിലൂടെയാണ് സാമുവലിന്റെ രണ്ട് പേരക്കുട്ടികളെയും അവരുടെ അമ്മമാരെയും തിരിച്ചറിഞ്ഞത്. സാമുവലിന്റെ ശവക്കല്ലറ എവിടെ എന്നതിനേപ്പറ്റി പല ഊഹാപോഹങ്ങളും ഉണ്ടായിരുന്നു. എങ്കിലും, ഗവേഷകർക്ക് അത് കണ്ടെത്താനായിട്ടില്ല.
സമാനമായ ഒരു കണ്ടെത്തല്‍ കൂടി ഗവേഷകര്‍ 2024-ല്‍ കണ്ടെത്തി. വിര്‍ജീനിയയിലെ ജെയിംസ്ടൗണില്‍ പേരുവിവരങ്ങള്‍ രേഖപ്പെടുത്താത്ത ശവക്കല്ലറകളില്‍നിന്ന് വിര്‍ജീനിയയുടെ ആദ്യ ഗവര്‍ണറായ തോമസ് വെസ്റ്റിന്റെ അടുത്ത ബന്ധുക്കളെയും ഗവേഷകർ കണ്ടെത്തി.
കൊളംബസ് സ്പെയിൻകാരനായ ജൂതൻ
ക്രിസ്റ്റഫര്‍ കൊളംബസിന്റെ മൃതദേഹം സംസ്‌കരിച്ചതുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഏറെക്കാലമായി നിലനിൽക്കുന്നതാണ്. കൊളംബസിനെ സംസ്‌കരിച്ച ഇടം കണ്ടെത്താനായത് ഈ അടുത്തകാലത്താണ്. ഇതോടെ പതിറ്റാണ്ടുകളായി കേട്ടുപോന്ന കെട്ടുകഥകള്‍ക്കൊക്കെ അറുതിയായി. 2003 മുതൽ കൊളംബസിന്‍റെ ഭൗതികാവശിഷ്ടങ്ങളിൽ നടത്തിവന്നിരുന്ന ഗവേഷണ പഠനങ്ങളാണ് പുതിയ കണ്ടെത്തലുകളിലേയ്ക്ക് നയിച്ചിരിക്കുന്നത്.

സ്‌പെയിനിലെ സെവില്ല കത്തീഡ്രലിൽ കല്ലറയിൽ അടക്കംചെയ്തിരിക്കുന്നത് കൊളംബസിന്‍റെ മൃതദേഹം തന്നെയാണെന്ന് സ്‌പെയിന്‍കാരനായ ഫോറന്‍സിക് മെഡിസിന്‍ ഗവേഷകന്‍ ജോസ് ആന്റോണിയോ ലൊറന്റേയും ചരിത്ര ഗവേഷകന്‍ മാര്‍സിയല്‍ കാസ്‌ട്രോയും കണ്ടെത്തി. സെവില്ല കത്തീഡ്രലിലെ കല്ലറയില്‍ നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളില്‍ നിന്ന് ഡി.എന്‍.എ. വേര്‍തിരിച്ചെടുത്തായിരുന്നു പഠനം. ഈ ഡി.എൻ.എ., കൊളംബസിന്റെ മക്കളായ ഹെര്‍നാണ്‍ഡോയുടെയും ഡിഗോയുടെയും മൃതദേഹത്തില്‍ നിന്നെടുത്ത ഡി.എന്‍.എ സാംപിളുകളുമായി ഒത്തുനോക്കി. തുടര്‍ന്ന് സെവില്ലയിലെ മൃതദേഹം കൊളംബസിന്റേതുതന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഇതോടെ കൊളംബസുമായി ബന്ധപ്പെട്ട മറ്റ് രണ്ട് ദുരൂഹതകളുടെകൂടി ചുരുളഴിക്കാൻ ഗവേഷകർക്ക് സാധിച്ചു. കൊളംബസ് ഇറ്റലിക്കാരനല്ല, സ്‌പെയിന്‍കാരനാണെന്നാണ് പുതിയ പഠനം കണ്ടെത്തിയത്. പടിഞ്ഞാറന്‍ യൂറോപ്യൻ രാജ്യമായ വലന്‍സിയയിലാകും കൊളംബസിന്റെ ജനനമെന്നാണ് ഗവേഷകരുടെ നിഗമനം. ഗവേഷകര്‍ ഇക്കാലമത്രയും കരുതിയപോലെ കൊളംബസ് ക്രിസ്ത്യാനിയായിരുന്നില്ലെന്നും ജൂതനായിരുന്നെന്നുമുള്ള നിഗമനത്തിലും ഗവേഷകർ എത്തിയിട്ടുണ്ട്.
13,000 കിലോ മീറ്റർ ദൂരം പിന്നിട്ട സഞ്ചാരി തിമിംഗിലം
ഒരു സഞ്ചാരി തിമിംഗിലം അതിശയകരമായ ദൂരം പിന്നിട്ട വാര്‍ത്ത അടുത്ത ദിവസങ്ങളിലാണ് പുറത്തുവന്നത്. ഹംപ്ബാക്ക് സ്പീഷിസില്‍പ്പെടുന്ന തിമിംഗിലം 13,000 കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ചതായി ഗവേഷകര്‍ കണ്ടെത്തിയത് 2024 ഡിസംബര്‍ മാസത്തിലാണ്. സാധാരണയായി ഭൂമിയില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ദേശാടനം നടത്തുന്ന സമുദ്ര സസ്തനികളാണ് തിമിംഗിലങ്ങള്‍. എന്നാല്‍, ഇത്രയധികം ദൂരം ഒരു ഹംപ്ബാക്ക് തിമിംഗിലം ഒറ്റയ്ക്ക് സഞ്ചരിച്ചതായി രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്.

ഹംപ്ബാക്ക് തിമിംഗിലങ്ങളില്‍ ചിലത് 8,000 കിലോമീറ്റര്‍ (5,000 മൈല്‍) സഞ്ചരിച്ചതായി രേഖകളുണ്ടെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍ഒഎഎ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ദൈര്‍ഘ്യമേറിയ ദേശാടനം നടത്തി പുതിയ റെക്കോഡിട്ട ഹംപ്ബാക്ക് തിമിംഗിലം സഞ്ചരിച്ചത് 13,046 കിലോമീറ്റര്‍ (8,106 മൈല്‍) ദൂരമാണ്. തെക്കേ അമേരിക്കയില്‍നിന്ന് ആഫ്രിക്കന്‍ തീരത്തേക്കായിരുന്നു ഹംപ്ബാക്ക് തിമിംഗിലത്തിന്റെ സഞ്ചാരം.
2013-ല്‍ കൊളംബിയന്‍ തീരത്താണ് ഈ സഞ്ചാരി തിമിംഗിലത്തെ ആദ്യമായി കണ്ടെത്തുന്നത്. ഏതാനും ഗവേഷകര്‍ സഞ്ചരിച്ച കപ്പലില്‍ നിന്നുമാണ് ഈ തിമിംഗിലത്തിന്റെ ചിത്രം പകര്‍ത്തുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ പ്രദേശത്ത് തന്നെ തുടരുകയായിരുന്നു ഈ തിമിംഗിലം. എന്നാല്‍ 2022-ല്‍ ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തെ സാന്‍സിബാറിലാണ് ഇതിനെ വീണ്ടും കണ്ടത്. തുടര്‍പരിശോധനയില്‍ തിമിംഗിലം 13,046 കിലോമീറ്റര്‍ സഞ്ചരിച്ചതായി കണ്ടെത്തുകയായിരുന്നു. തിമിംഗിലം സഞ്ചരിക്കാന്‍ സാധ്യതയുള്ള പാതയുടെ ഏറ്റവും കുറവ് ദൂരം കണക്കാക്കിയാണ് ഈ നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്. ഭക്ഷണം തേടിയോ ഇണയെ തേടിയോ ആകാം ഇത്തരം യാത്രകളെന്നാണ് ഗവേഷകരുടെ അനുമാനം.
Content Highlights: major mysteries solved by science in 2024
Published: 30 Dec 2024, 12:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented