യുദ്ധവെറിയിൽ ഞെരിഞ്ഞമരുന്ന മനുഷ്യരുടെ വിലാപങ്ങൾ ഇനിയും ഉയരരുതെന്ന പ്രത്യാശയോടെയാണ് 2024 പിറന്നത്. പക്ഷേ നിരാശയായിരുന്നു ഫലം. അടങ്ങാത്ത അധികാരഭ്രാന്തിൽ നിരപരാധികളായ, നിസ്സഹായരായ മനുഷ്യർക്ക് ജീവനും ജീവിതവും നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. 2024 അവസാനിക്കുമ്പോൾ യുദ്ധഭീകരത വിതച്ച വിനാശത്തിന്റെ കണക്ക് മാത്രമാണ് ബാക്കി.
ലോകരാഷ്ട്രീയത്തിൽ അതിനാടകീയമായ പല സംഭവവികാസങ്ങളും നടന്ന വർഷം കൂടിയായിരുന്നു 2024. ഡൊണാൾഡ് ട്രംപിന്റെ തിരിച്ചുവരവും ഷെയ്ഖ് ഹസീനയുടെ പലായനം മുതൽ ബാഷർ അൽ അസദിന്റെ പതനം വരെ നീളുന്നു 2024 ൽ ലോകരാഷ്ട്രീയത്തിൽ അരങ്ങേറിയ നാടകീയരംഗങ്ങൾ.

To advertise here,

തിരഞ്ഞെടുപ്പുകൾ, നേതൃമാറ്റങ്ങൾ

ഇന്ത്യയുള്‍പ്പെടെ ലോകത്തെ പകുതിയിലധികം രാജ്യങ്ങളിലും തിരഞ്ഞെടുപ്പ് നടന്ന വര്‍ഷമായിരുന്നു 2024. ജര്‍മനി, ഫ്രാന്‍സ്, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ നേതൃമാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

തായ്​വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

രാഷ്ട്രീയ-സൈനിക നടപടിയിലൂടെ തായ്​വാനെ തിരിച്ചുചേർക്കുമെന്ന് പുതുവത്സരദിനത്തിൽ ചൈന പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ്  തായ്​വാനിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ, ചൈനയ്ക്ക് തിരിച്ചടി നൽകി ചൈനീസ് ചായ്​വുള്ള  കുമിന്റാങ് പാർട്ടിയുടെ ഹൂ യൂ ഇഹ് പരാജയപ്പെട്ടു. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാർട്ടിയുടെ ലായ് ചിങ് ടെ വിജയിക്കുകയും ചെയ്തു. 

ബംഗ്ലാദേശ് തിരഞ്ഞെടുപ്പ്

ഇതിനിടെ ബംഗ്ലാദേശിൽ നടന്ന തിരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീന നാലാമതും പ്രസിഡന്റ് പദവിയിലേക്ക് എത്തി. പ്രതിപക്ഷം ബഹിഷ്‌കരിച്ച അന്നത്തെ തിരഞ്ഞെടുപ്പിൽ വിജയാഹ്ലാദം നടത്തുമ്പോൾ തന്നെ കാത്തിരിക്കുന്ന ‘വിധി’ ഷെയ്ഖ് ഹസീന അറിഞ്ഞിരുന്നില്ല.

ഡെൻമാർക്ക് രാജ്ഞി സ്ഥാനമൊഴിയുന്നു

2024 ലെ പുതുവർഷദിനത്തിൽ തീർത്തും അപ്രതീക്ഷിതമായാണ് ഡെൻമാർക്ക് രാജ്ഞി മാർഗ്രേത II സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. ജനുവരി 14-ന് രാജ്ഞി സ്ഥാനമൊഴിഞ്ഞു. മകൻ ഫെഡറിക് രാജ്ഞിയുടെ പിൻഗാമിയായി. 

പ്രചണ്ഡയുടെ പതനം

നേപ്പാളിൽ കാലാവധി പൂർത്തിയാക്കും മുമ്പാണ് പ്രധാനമന്ത്രി പുഷ്പ കുമാർ ദഹൽ പ്രചണ്ഡയുടെ സഖ്യസർക്കാർ അവിശ്വാസ വോട്ടെടുപ്പ് നേരിടുന്നതും പരാജയപ്പെട്ട് പ്രധാനമന്ത്രിപദത്തിൽ നിന്നും താഴെയിറങ്ങുന്നതും. പിന്നാലെ മുൻപ്രധാനമന്ത്രി കെ പി ശർമ ഒലി പ്രധാനമന്ത്രിയായി.

പാകിസ്താൻ തിരഞ്ഞെടുപ്പ്

വലിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പാകിസ്താൻ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. സൈന്യത്തിന്റെ പിന്തുണയുള്ള പാകിസ്താൻ മുസ്ലിംലീഗ്-നവാസ് (പി.എം.എൽ.-എൻ.) ജയിക്കുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെട്ടത്. പക്ഷേ, ഫലം വന്നപ്പോൾ എല്ലാ പ്രതീക്ഷയും തെറ്റി. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നയിക്കുന്ന പാകിസ്‌താൻ തെഹ്‌രിക് എ ഇൻസാഫ് (പി.ടി.ഐ.) അപ്രതീക്ഷിത മുന്നേറ്റം നടത്തി. ഇമ്രാന്റെ പാർട്ടിയുടെ അപ്രതീക്ഷിത മുന്നേറ്റം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയെ കൂടുതൽ സങ്കീർണമാക്കി. ജയിലിൽ ഇരുന്ന് ഇമ്രാൻ തിരഞ്ഞെടുപ്പ് വിജയത്തിൽ അവകാശവാദം ഉന്നയിക്കുകയും ചെയ്തതോടെ സർക്കാർ രൂപീകരിക്കാൻ പി.എം.എൽ.എന്നും പി.പി.പിയും തിരിക്കിട്ട ശ്രമം ആരംഭിച്ചു. പിന്നാലെ അവിശ്വാസ.വോട്ടെടുപ്പ് നടത്തി. ഇമ്രാൻ ഖാൻ പരാജയപ്പെട്ടതോടെ പ്രതിപക്ഷ നേതാവായിരുന്ന ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായി.

വലതു ചേർന്ന് പോർച്ചുഗൽ

യൂറോപ്പിന്റെ വലത്തോട്ടുള്ള ചായ്വ് ചർച്ചയാകുന്നതിനിടെയാണ് പോർച്ചുഗലിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ദശാബ്ദങ്ങളായി പോർച്ചുഗലിൽ മാറി മാറി അഇക്കുറിധികാരത്തിലിരുന്ന പാർട്ടികളാണ് ഇടതുപക്ഷമായ സോഷ്യലിസ്റ്റ് പാർട്ടിയും വലതുകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും. എന്നാൽ  2024-ലെ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടിക്കും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഡെമോക്രാറ്റിക് അലയൻസ് സഖ്യത്തിനും ഭൂരിപക്ഷം നേടാനായില്ല. 230 സീറ്റുകളിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 79 സീറ്റും സോഷ്യലിസ്റ്റ് പാർട്ടിക്ക് 77 സീറ്റും മാത്രമാണ് നേടാനായത്. ഇരുകക്ഷികൾക്കുമെതിരെ അടിക്കടിയുണ്ടാകുന്ന അഴിമതിയാരോപണങ്ങൾ വോട്ടുവിഹിതം കുറയ്ക്കാൻ വഴിവെച്ചെങ്കിലും ഭൂരിപക്ഷം നേടാതെ ഒതുങ്ങേണ്ടി വന്നതിന്റെ പ്രധാന കാരണം പോർച്ചുഗലിലെ ഒരു മൂന്നാം കക്ഷിയുടെ ഉദയമാണ്. തീവ്രവലതു പാർട്ടിയായ ഷെഷഗയുടെ (CHEGA).

വലതിന് അടിയേറ്റ ഫ്രഞ്ച് തിരഞ്ഞെടുപ്പ്

അമിത പ്രതീക്ഷ പുലർത്തിയ തീവ്രവലതുപക്ഷത്തിന് തിരിച്ചടി ലഭിച്ച തിരഞ്ഞെടുപ്പായിരുന്നു ഫ്രാൻസിലെ നാഷണൽ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പ്. വലതു മുന്നേറ്റം ഭയന്ന് ഇമ്മാനുവൽ മാക്രോൺ കാലാവധി കഴിയുന്നതിന് മുമ്പേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഏറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നൂ. ആദ്യഘട്ടത്തിൽ വലതു പക്ഷം മുന്നേറ്റം നടത്തി. ഭയന്നത് പോലെ. സംഭവിക്കുമെന്ന് വ്യക്തമായതോടെ പൊതുശത്രുവിനെ തുരത്താൻ ഇടത്-മധ്യ പക്ഷങ്ങൾ ഒന്നിച്ചു നിന്നു. തീവ്രവലത് പക്ഷമായ നാഷണൽ റാലി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഏറെ അനിശ്ചിതത്വത്തിനൊടുവിൽ മാക്രോൺ വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്തി. 

ശ്രീലങ്ക ചുവന്ന തിരഞ്ഞെടുപ്പ്

ശ്രീലങ്കയെ ചുവപ്പിച്ചാണ് അനുര കുമാര ദിസ്സാനായകെ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. ആദ്യഘട്ടത്തിൽ ഒരു സ്ഥാനാർഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാതിരുന്നതോടെ രണ്ടാം മുൻഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. ആദ്യഘത്തിൽ മാർക്സ‌ിസ്റ്റ് കക്ഷിയായ ജനത വിമുക്തി പെരുമുനയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവറിന്റെ (എൻ.പി.പി.) സ്ഥാനാർഥിയായ ദിസനായകെ 42.31 ശതമാനം വോട്ടുനേടി ഒന്നാമത് എത്തി. പ്രതിപക്ഷനേതാവും സമാഗി ജന ബലവേഗയയുടെ (Samagi Jana Balawegaya) (എസ്.ജെ.ബി.) സ്ഥാനാർഥിയുമായ സജിത്ത് പ്രേമദാസ 32.8 ശതമാനം വോട്ടോടെ രണ്ടാമതും റനിൽ വിക്രമസിംഗെ 17.27 ശതമാനം വോട്ട് നേടി മൂന്നാമതും എത്തി. മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ മകനും ശ്രീലങ്ക പൊതുജന പെരുമുനയുടെ സ്ഥാനാർഥിയുമായ നമൽ രാജപക്സെയ്ക്ക് വെറും 2.57 ശതമാനം വോട്ടാണ് ലഭിച്ചത്. 

തായ്​ലൻഡ് തിരഞ്ഞെടുപ്പ്

മുൻ പ്രധാനമന്ത്രി ശ്രേത്ത തവിസിന്റെ പിൻഗാമിയായാണ് പെയ്തോങ്താൻ ഷിനാവത്ര തായ് പ്രധാനമന്ത്രിയാകുന്നത്. ഭരണഘടനാകോടതി വിധിയെത്തുടർന്ന് ശ്രേത്ത തവിസിൻ പുറത്താക്കപ്പെട്ടതോടെയാണ് പെയ്തോങ്താൻ അധികാരത്തിലെത്താൻ കളമൊരുങ്ങിയത്. ഇതോടെ ഫ്യൂ തായ് പാർട്ടി അവരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്‌തു. ഫ്യൂ തായ് പാർട്ടിയുൾപ്പെടുന്ന സഖ്യത്തിന് 493 അംഗ പാർലമെന്റിൽ 314 അംഗങ്ങളുള്ളതിനാൽ പ്രധാനമന്ത്രി പദത്തിലേക്ക് പെയ്തോങ്താന് വെല്ലുവിളികളേതുമുണ്ടായിരുന്നില്ല. പിന്നാലെ തവിസിൻ്റെ പിൻഗാമിയായി അവർ തായ്​ലൻഡ് പ്രധാനമന്ത്രിയായി. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയെന്ന നേട്ടവും മുപ്പത്തേഴുകാരിയായ പെയ്തോങ്താൻ ഷിനാവത്ര സ്വന്തമാക്കി.

ടോറികൾ തകർന്നടിഞ്ഞ യു.കെ. തിരഞ്ഞെടുപ്പ്

14 വർഷത്തെ കൺസർവേറ്റീവ് പാർട്ടിയുടെ തേരോട്ടത്തിന് ഒറ്റരാത്രികൊണ്ട് കടിഞ്ഞാൺ വീണ തിരഞ്ഞെടുപ്പായിരുന്നു യുകെ അഭിമുഖീകരിച്ചത്. പാർട്ടിയുടെ 200 വർഷത്തെ ചരിത്രത്തിലെ അതിദാരുണമായ തോൽവി. ലേബർ പാർട്ടിക്ക് മുന്നിൽ അടിയറവെച്ച ടോറികളുടെ പരാജയത്തെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിച്ചതിങ്ങനെയാണ്. 2025 ജനുവരി വരെ കാലാവധി നിലനിൽക്കെ അമിതാത്മവിശ്വാസത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടിയുടെ അതിനാടകീയമായി അന്ത്യമാകുമെന്ന് ഋഷി സുനക് കരുതിക്കാണില്ല. ശക്തികേന്ദ്രങ്ങളിൽ പോലും ടോറികൾ തകർന്നടിഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽതന്നെ പുറത്തുവന്ന എല്ലാ അഭിപ്രായ സർവെകളും സുനക്കിന്റെയും കൺസർവേറ്റീവ് പാർട്ടിയുടെയും തോൽവി പ്രവചിച്ചിരുന്നു.

വിലക്കയറ്റം, കുടിയേറ്റം, സാമ്പത്തിക-രാഷ് ട്രീയ-ആരോഗ്യമേഖലകളിലെ അസ്ഥിരത, അതിലുപരി പാളിപ്പോയ ബ്രെക്‌സിറ്റ് തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ജനവികാരം ഭരണപക്ഷത്തിനെതിരാക്കിയത് ടോറികൾക്ക് തിരിച്ചടിയായി. 14 വർഷത്തെ ഭരണത്തിൽ രാജ്യം ഭരിച്ചത് അഞ്ചു പ്രധാനമന്ത്രിമാർ. ഒരു വർഷം മാത്രം മൂന്ന് പ്രധാനമന്ത്രിമാർ ഭരിക്കുന്ന ഗതികേടിലേക്ക് വരെ പാർട്ടിയെത്തി. 

ഇബ്രാഹിം റെയ്സിയുടെ മരണം; ഇറാനിലെ അപ്രതീക്ഷിത തിരഞ്ഞെടുപ്പ്

ഹെലികോപ്റ്റർ അപകടത്തിൽ ദുരൂഹമായാണ് ഇറാൻ മുൻപ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെടുന്നത്. പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമെന്ന് വിലയിരുത്തിയെങ്കിലും ഗാസയെ ചൊല്ലി ഇസ്രയേലുമായി തർക്കം നിലനിൽക്കെയാണ് റെയ്സിയുടെ അപകടമരണം എന്നതാണ് അതിലെ ദുരൂഹത വർധിപ്പിച്ചത്. 

റെയ്സിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തി. പാർലമെൻ്റംഗവും പരിഷ്കരണവാദിയുമായ ഡോ. മസൂദ് പെസെഷ്കിയാന് വിജയം. മുഖ്യഎതിരാളി ആയിരുന്ന അതിയാഥാസ്ഥിതികനും ഇറാൻ്റെ ആണവപദ്ധതിയുടെ മുൻവക്താവുമായ സയീദ് ജലീലി പരാജയപ്പെട്ടു. ഇറാന്റെ തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ കണക്കനുസരിച്ച് 30 ദശലക്ഷം വോട്ടാണ് രേഖപ്പെടുത്തിയത്. ഇതിൽ 16.3 ദശലക്ഷം വോട്ട് മസൂദ് പെസെഷ്കിയും 13.5 ദശലക്ഷം വോട്ട് സയീദ് ജലീലിയും നേടി.

മൂന്നാംവട്ടം മോദി 

ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റെന്ന അമിതാത്മവിശ്വാസം തച്ചുടഞ്ഞെങ്കിലും കൂട്ടുകക്ഷികളുടെ ബലത്തിൽ നരേന്ദ്രമോദി സർക്കാർ മൂന്ന് വിജയം തികച്ചു.  272 എന്ന കേവലഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ലഭിച്ചില്ല. 240 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍വേണ്ട ഭൂരിപക്ഷം 290 സീറ്റോടെ എന്‍.ഡി.എ. കഷ്ടിച്ച് മറികടക്കുകയാണുണ്ടായത്.  2019-ലെ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ ഇത്തവണ 1,52,513 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ വിജയം. 2019-ലെ ഭൂരിപക്ഷത്തില്‍നിന്ന് മൂന്നു ലക്ഷത്തിലേറെ വോട്ടുകളാണ് കുറഞ്ഞത്. ആകെ 6,12,970 വോട്ടുകളാണ് നരേന്ദ്രമോദിക്ക് ലഭിച്ചത്.

യു.എസ്. പ്രസിഡന്റായി തിരിച്ചെത്തി ട്രംപ്

 അമേരിക്കന്‍ സെനറ്റില്‍ റിപബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം പിടിച്ചെടുത്തു. സർവാധിപത്യം നേടി ഡോണൾഡ് ട്രംപ് 47-ാം പ്രസിഡൻ്റായി. 20 വര്‍ഷത്തിനിടെ ജനപ്രിയ വോട്ടുനേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാണ് ട്രംപ്. 2004-ല്‍ ജോര്‍ജ് ബുഷിന് ശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഇലക്ടറല്‍ കോളേജിന് പുറമേ പോപ്പുലര്‍ വോട്ടും നേടി പ്രസിഡന്റാവുന്നത്. 

തുടര്‍ച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാളാണ് ട്രംപ്. സെനറ്റര്‍ ജെ.ഡി. വാന്‍സ് യു.എസിന്റെ 50-ാം വൈസ് പ്രസിഡന്റാവും. 538-ല്‍ 267 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് നേടിയിരിക്കുന്നത്. വിസ്‌കോണ്‍സിൽ ലീഡ് ചെയ്യുന്ന 10 സീറ്റുകൾകൂടി ചേർത്ത് ട്രംപ് 277 എന്ന അക്കത്തിലെത്തി.

ഷെയ്ഖ് ഹസീനയുടെ പലായനം

1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ അനന്തരതലമുറയ്ക്ക് സർക്കാർജോലികളിൽ 30 ശതമാനം സംവരണം നൽകുന്നതിനെതിരേ നടന്ന രാജ്യവ്യാപക പ്രക്ഷോഭമാണ് ബംഗ്ലാദേശിനെ കീഴ്മേൽ മറിച്ചത്. 2024 ജൂലായിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിനു പിന്നാലെ സുപ്രീംകോടതി സംവരണം അഞ്ചുശതമാനമായി വെട്ടിക്കുറച്ചതിനെത്തുടർന്ന് സംവരണവിരുദ്ധപ്രക്ഷോഭം ശമിച്ചിരുന്നു.

എന്നാൽ, ആ പ്രക്ഷോഭത്തിലെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹസീന മാപ്പുപറയുക, അറസ്റ്റുചെയ്തവരെ വിട്ടയക്കുക, സർവകലാശാലകൾ തുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിദ്യാർഥികൾ വീണ്ടും തെരുവിലിറങ്ങി.  പ്രക്ഷോഭത്തിൽ വിദ്യാർഥികളും തൊഴിലാളികളുമുൾപ്പെടെ 1500-ഓളംപേർ മരിക്കുകയും 19,931 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അക്രമാസക്തമായ ഭരണവിരുദ്ധപ്രക്ഷോഭത്തിനിടെ  ഹസീന രാജിവെച്ച് നാടുവിട്ടു. ഇന്ത്യയിലാണ് അവർ അഭയം തേടിയത്. ഇടക്കാലഭരണാധികാരിയായി മുഹമ്മദ് യൂനുസ് ചുമതലയേറ്റു. ഇതിനിടെ ഹസീനയെ മടക്കി അയക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാലസർക്കാർ ഇന്ത്യയ്ക്ക് നയതന്ത്രക്കുറിപ്പയക്കുകയും ചെയ്തു. 

ബാഷർ അൽ അസദിൻ്റെ പതനം

പുകയുന്ന പശ്ചിമേഷ്യയുടെ മേല്‍ എണ്ണയൊഴിച്ചുകൊണ്ടാണ് സിറിയന്‍ മണ്ണില്‍ വീണ്ടും കലാപം പൊട്ടിപുറപ്പെടുന്നത്. ഇദ്‌ലിബില്‍ തുടക്കമിട്ട വിമതനീക്കത്തിന്റെ പതിനൊന്നാം നാള്‍ സിറിയ സാക്ഷിയായത് അരനൂറ്റാണ്ട് നീണ്ട അസദ് കുടുംബാധിപത്യത്തിന്റെ അന്ത്യത്തിനാണ്. നവംബർ 27-നു തുടങ്ങിയ സർക്കാർവിരുദ്ധ ആക്രമണത്തിന്റെ 12-ാം ദിവസമാണ് സിറിയൻ തലസ്ഥാനമായ ഡമാസ്കസ് പിടിച്ചെടുത്തെന്ന് ഹയാത്ത് തഹ്‌രീർ അൽ ഷാം (എച്ച്.ടി.എസ്.) വിമതർ പ്രഖ്യാപിക്കുന്നത്. പിന്നാലെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യംവിട്ടു. റഷ്യ ബാഷറിന് അഭയം നൽകി. ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ട 2011 മുതൽ 2021 മാർച്ച് വരെ സിറിയയിൽ മൂന്ന് ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. ഇവരിൽ ഏഴിലൊന്നും കുട്ടികളാണ്. ദശലക്ഷക്കണക്കിന് പേർ പലായനം ചെയ്തു. ജനസംഖ്യയിൽ നല്ലൊരു പങ്കും പരിക്കേറ്റവരായി.

എന്താകും സിറിയയുടെ ഭാവി? സിറിയയ്ക്കകത്തു തന്നെയുള്ള ഹിസ്ബുള്ളയുടെ നേതൃനിരയിൽ ഇസ്രയേൽ കനത്ത നാശനഷ്ടമേൽപ്പിച്ചതിനാൽ തൽക്കാലം അവർ രംഗത്തുവരാൻ സാധ്യതയില്ല. ആഭ്യന്തരപ്രശ്‌നങ്ങൾ അലട്ടുന്ന ഇറാന് ഹിസ്ബുള്ളയെ പഴയതുപോലെ സഹായിക്കാനും ആവില്ല. അസദിനു പകരം വയ്ക്കാൻ ബാത്ത് പാർട്ടിയേ ഇനി സിറിയയിൽ ഉണ്ടാവില്ല. പൂർണശ്രദ്ധയും യുക്രെയ്‌നിൽ ആയതിനാൽ റഷ്യയും തൽക്കാലം പിന്മാറും.

സിറിയയുടെ ഭാവി ഇനി സിറിയക്കാർ തന്നെ തീരുമാനിക്കും. അതു ശോഭനമായിരിക്കുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതീക്ഷിക്കാൻ വയ്യ. പ്രാദേശികതയും ജനാധിപത്യത്തിന്റെ അഭാവവും അവരെ എങ്ങോട്ടു നയിക്കുമെന്ന് കണ്ടുതന്നെ അറിയണം. അറബ് വസന്തം ഉഴുതുമറിച്ച എല്ലാ രാജ്യങ്ങളിലും സംഭവിച്ചതുപോലെ, എല്ലാറ്റിനും പിന്നിലെ അദൃശ്യനായ ആ സൂപ്പർ പവറും നിഷ്‌ക്രമിച്ചാൽ സിറിയ ഇരുട്ടിലേക്കു വീഴും. ആ ഇരുട്ട് വരാനിരിക്കുന്ന പ്രതീക്ഷകൾക്കു മുകളിൽ വീഴുന്ന കരിമ്പടം പോലെ ഒരു രാജ്യത്തെ ഛിന്നഭിന്നമാക്കും.

ഒടുങ്ങാത്ത യുദ്ധം; ഉണങ്ങാത്ത മുറിവ്

സുഡാനും ഗാസയും യുക്രൈനും ലോകത്തിൻ്റെ നെഞ്ചിൽ കീറിയിട്ട മുറിവിന് ആഴമേറെയുണ്ട്. യുദ്ധത്തിന് അവസാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം എല്ലാ ദിവസവും ഉറക്കമുണരുന്നതെങ്കിലും അന്ത്യമില്ലാതെ നീളുകയാണ് യുദ്ധക്കെടുതി. ഗാസയിൽ യുദ്ധം പതിനഞ്ച് മാസങ്ങൾ പിന്നിട്ടു. 45.500 പേർ ഇതുവരെ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ. ഇതിനിടെ ഗാസയിലെ കുഞ്ഞുങ്ങൾ മരവിച്ച് മരിക്കുകയാണെന്ന നെഞ്ചുലയ്ക്കുന്ന വാർത്തയും പുറത്തുവന്നു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് തൊടുത്തുവിട്ട മിസൈലുകൾക്കും അതിന് ഇസ്രയേൽ നൽകിയ പ്രത്യാക്രമണത്തിനും പിന്നാലെ ഭക്ഷണമില്ലാതെ, വെള്ളമില്ലാതെ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ, ജീവിതം തുടങ്ങുന്നതിനു മുമ്പ് മരണത്തെ പുൽകിയ നിസ്സഹായ ബാല്യങ്ങളുടെ ചുടലപ്പറമ്പാണിന്ന് ഗാസ.

അധികാരത്തിനായി സുഡാനിൽ സൈന്യവും അർധസൈന്യവും അർധസൈനികവിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും(ആർ.എസ്.എഫ്.) തമ്മിലുള്ള സംഘർഷം ആഭ്യന്തരയുദ്ധത്തിലേക്ക് വഴിമാറി. പട്ടാള അട്ടിമറികളുടെ ചരിത്രംപേറുന്ന ഉത്തര ആഫ്രിക്കൻ രാജ്യമായ സുഡാൻ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടിയത് മുതൽ നിരവധി പോരാട്ടങ്ങൾക്കാണ് സാക്ഷിയായത്. 2023 ഏപ്രിലിലാണ് സുഡാനില്‍ ഭരണകൂടമെന്ന് അവകാശപ്പെടുന്ന സായുധസേനയും (എസ്.എ.ഫ്) അര്‍ധസൈനികവിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസും തമ്മില്‍ ഏറ്റുമുട്ടലാരംഭിക്കുന്നത്. സൈന്യവും അര്‍ധസൈന്യവും തമ്മിലുള്ള കിടമത്സരം മാസങ്ങള്‍ പിന്നിട്ടിട്ടും ശക്തിചോരാതെ തുടരുമ്പോള്‍ ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം 18,800-ലധികം പൗരന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 33000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിന്റെ മറവില്‍ നിരവധി സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗത്തിനിരയായി. പട്ടിണി കാരണം സുഡാനില്‍ ദിവസം നൂറോളം പേരാണ് മരിക്കുന്നത് എന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്. നിലവിലെ സംഘര്‍ഷാവസ്ഥയുടെ തുടക്കം മുതല്‍ രണ്ടു കോടിയിലധികം പേരാണ് സുഡാന്‍ അതിര്‍ത്തി കടന്ന് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ഒരു കോടിയിലേറെ പേര്‍ ആഭ്യന്തര പലായനത്തിലാണ്. രാജ്യത്തെ 90 ശതമാനം വിദ്യാലയങ്ങളും അടച്ചുപൂട്ടി. തത്ഫലമായി ഒരു കോടിയിലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു.

ഇന്ന് കടുത്ത ക്ഷാമത്തിലാണ് സുഡാൻ. ആഭ്യന്തര കലാപങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ക്ഷാമവും തുടര്‍കഥയായ സുഡാനില്‍ 2017-നു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ക്ഷാമമാണിത്. ദാരിദ്ര്യത്തില്‍ കഴിയുന്ന ജനത അതിദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. ഭക്ഷ്യസുരക്ഷ താറുമാറായി. രാജ്യത്തെ രണ്ടു കോടിയിലധികം ജനങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നാണ് കണക്കുകള്‍. അതായത് സുഡാന്‍ ജനസംഖ്യയുടെ പകുതിയോളം വിശന്നു കഴിയുകയാണെന്നര്‍ഥം.

റഷ്യ-യുക്രൈൻ യുദ്ധത്തിന് യൂറോപ്പ് സാക്ഷിയായിട്ട് രണ്ടുവര്‍ഷം പിന്നിടുന്നു. എണ്ണമറ്റ മനുഷ്യരെ കൊന്നൊടുക്കി, നാടും നഗരവും മുച്ചൂടും മുടിപ്പിച്ചു. എന്നിട്ടും കലിതീരാത്ത റഷ്യയുടെ യുദ്ധക്കൊതി പ്രകൃതിയ്ക്കു നേരെയും തിരിഞ്ഞു. റഷ്യന്‍ അധിനിവേശത്തില്‍ പാരിസ്ഥിതിക ദുരന്തത്തിന്റെ വക്കിലാണ് യുക്രൈന്‍. യുക്രൈനിലൂടെ ഒഴുകുന്ന സെയിം നദിയില്‍ റഷ്യ ബോധപൂര്‍വം വിഷം കലക്കിയെന്നാണ് യുക്രൈന്‍ ഭരണകൂടം ആരോപിക്കുന്നത്. യുക്രൈനിന്റെയും റഷ്യയുടെയും അതിര്‍ത്തിയിലൂടെയൊഴുകുന്ന ഡെസ്‌ന നദിയുടെ പോഷകനദിയാണ് സെയിം. കീവ് മേഖലയിലെ ജലസംഭരണിയിലേക്ക് ഈ നദി എത്തിച്ചേരുന്നുണ്ട് എന്നതും ലക്ഷക്കണക്കിന് മനുഷ്യര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഈ ജലസംഭരണിയെയാണ് എന്നതും ഈ ആപത്തിന്റെ വ്യാപ്തി സൂചിപ്പിക്കുന്നു.