ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, അഞ്ച് നൂറുകോടി കളക്ഷന്‍ ചിത്രങ്ങള്‍, മഞ്ഞുമ്മല്‍ ബോയ്‌സ് വിവാദം, അപ്രതീക്ഷിതമായ മരണങ്ങള്‍, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍... ഇങ്ങനെ എല്ലാംകൊണ്ടും സംഭവബഹുലമായിരുന്നു 2024-ലെ മലയാള സിനിമ. മറ്റ് ഭാഷാ ഇന്‍ഡസ്ട്രികളിലേക്ക് നോക്കുകയാണെങ്കില്‍ നയന്‍താര-ധനുഷ് തര്‍ക്കം, പുഷ്പ 2 റിലീസ് വിവാദം, അല്ലു അര്‍ജുന്റെ അറസ്റ്റ് എന്നിങ്ങനെ നീളും ആ പട്ടിക.  2024-ല്‍ സിനിമാ മേഖലയില്‍ നടന്ന ചില സുപ്രധാന സംഭവങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം.

To advertise here,

തലയുയര്‍ത്തി മലയാള സിനിമ

പ്രമേയത്തിലും കളക്ഷനിലും മറ്റുഭാഷാ ചിത്രങ്ങളെയെല്ലാം അമ്പരപ്പിക്കുന്ന പ്രകടനമാണ് മലയാള സിനിമ കാഴ്ചവെച്ചത്. 100 കോടി കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ എണ്ണം അഞ്ചാണ് എന്നതുതന്നെ അതിന് തെളിവ്. വര്‍ഷത്തിന്റെ തുടക്കത്തില്‍ പുറത്തുവന്ന മഞ്ഞുമ്മല്‍ ബോയ്‌സ് തുടക്കമിട്ട 100 കോടി കിലുക്കത്തിന്റെ തിളക്കം പിന്നീട് പ്രേമലു, ആടുജീവിതം, ആവേശം, എ.ആര്‍.എം എന്നിവയിലൂടെ തുടര്‍ന്നു. കിഷ്‌ക്കിന്ധാകാണ്ഡം, ഗുരുവായൂരമ്പല നടയില്‍ തുടങ്ങിയ ചിത്രങ്ങള്‍ 50 കോടിക്ക് മേലേയും കളക്ഷന്‍ നേടി. ഗോളം, പണി, മുറ തുടങ്ങിയ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ അപ്രതീക്ഷിത കുതിപ്പുമുണ്ടാക്കി.

ഇന്ത്യന്‍സിനിമയില്‍ 2024-ലെ ഗ്രോസ് കളക്ഷന്റെ 20 ശതമാനത്തോളം മലയാള സിനിമയില്‍നിന്നാണ്. ബോളിവുഡിന്റെ വിഹിതം 38 ശതമാനം മാത്രം. 2018, രോമാഞ്ചം, കണ്ണൂര്‍സ്‌ക്വാഡ്, ആര്‍.ഡി.എക്‌സ്, നേര് എന്നീ വിജയചിത്രങ്ങള്‍ പിറന്ന കഴിഞ്ഞവര്‍ഷം 500 കോടിയോളമായിരുന്നു മലയാളസിനിമയുടെ ഗ്രോസ് കളക്ഷന്‍. ഇക്കൊല്ലം ആറുമാസംകൊണ്ട് വെറും എട്ടു സിനിമകളിലൂടെയാണ് 1000 കോടിയിലേക്കെത്തിയത്. 100 കോടിയോളം രൂപയാണ് ഡബ്ബ് ചെയ്യാതെ പ്രദര്‍ശനത്തിനെത്തിയ 'മഞ്ഞുമ്മല്‍ബോയ്‌സ്' തമിഴ്നാട്ടില്‍നിന്ന് വാരിയെടുത്തത്. അമേരിക്കയിലാദ്യമായി ഒരുദശലക്ഷം ഡോളര്‍ നേടിയ ഈ സിനിമ കര്‍ണാടകയിലും 10 കോടിക്കടുത്ത് നേടി.

മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രശംസകള്‍ക്കൊപ്പം വിവാദങ്ങളും

മലയാളികളേയും മലയാള സിനിമയേയും അധിക്ഷേപിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ രംഗത്ത് വന്നതായിരുന്നു മലയാള സിനിമാ ലോകത്ത് ചര്‍ച്ചയായ ഒരു കാര്യം. മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തെ മുന്‍നിര്‍ത്തി എഴുതിയ ബ്ലോഗിലാണ് ജയമോഹന്റെ വിവാദ പരാമര്‍ശങ്ങളുള്ളത്. യഥാര്‍ത്ഥ കഥയായതുകൊണ്ട് മഞ്ഞുമ്മല്‍ ബോയ്സ് തന്നെ അലോസരപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരത്തിന് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന മലയാളികളുടെ വാഹനങ്ങളുടെ ഇരുവശത്തും ഛര്‍ദിലാണെന്നും സുഭാഷിനെ രക്ഷിച്ച സിജുവിനെ അവാര്‍ഡ് കൊടുക്കുന്നതിനുപകരം ജയിലിലിടുകയായിരുന്നു വേണ്ടതെന്നും ജയമോഹന്‍ എഴുതി. സാമൂഹിക സാംസ്‌കാരിക രംഗത്തുനിന്നുള്ള പ്രമുഖര്‍ ഇതിനെതിരെ രംഗത്തെത്തി. 

തുടര്‍ന്ന് വിശദീകരണവുമായി ജയമോഹന്‍ തന്നെയെത്തി. പെറുക്കി എന്ന വാക്കിന് താന്‍ കൊടുത്ത അര്‍ത്ഥം ഒരു സിസ്റ്റത്തില്‍ നില്‍ക്കാത്ത ആള്‍ എന്നാണ്. നിയമത്തിന്റെ ഉള്ളില്‍ നില്‍ക്കാത്ത ആള്‍ എന്നാണ് ഉദ്ദേശിച്ചത്. കാട്ടിലേക്ക് ബോട്ടില്‍ വലിച്ചെറിയുന്ന വിഷയത്തെ കുറിച്ചാണ് പറഞ്ഞത്. കേരളത്തിലെ കൂടുതല്‍ മലയാളികള്‍ ബോട്ടില്‍ എറിയുന്നത് പ്രശ്‌നമാണെന്ന് മനസ്സിലാക്കിയല്ലോ, സന്തോഷമുണ്ടെന്നുമായിരുന്നു ജയമോഹന്‍ പറഞ്ഞത്.

ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നികുതി വെട്ടിച്ചെന്നതായിരുന്നു അടുത്ത പ്രശ്‌നം. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ നിര്‍മാതാക്കളായ സൗബിനെതിരേയടക്കം ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലാണ് ആദായനികുതി വകുപ്പിന്റെ ഇടപെടല്‍.

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്കായി നിര്‍മ്മാതാക്കള്‍ സ്വന്തം കയ്യില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നാണ് പോലീസ് കണ്ടെത്തല്‍. നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ള പറവ ഫിലിംസ് ഉടമകള്‍ക്കെതിരായ വഞ്ചന കേസിലാണ് കണ്ടെത്തല്‍. നിരവധിപേര്‍ ചേര്‍ന്ന് 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും ആകെ സിനിമയ്ക്ക് ചെലവായത് 19 കോടിക്ക് താഴെയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തിനെതിരെയും പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിനിമയുടെ റിലീസിന്റെ സമയത്ത് പ്രതിസന്ധിയുണ്ടായപ്പോള്‍ സുജിത്ത് 11 കോടി രൂപ കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയുടെ ആദ്യത്തെ മുടക്കുമുതലായ 7 കോടി നല്‍കിയത് സിറാജ് ഹമീദ് എന്ന വ്യക്തിയാണ്. സിനിമയുടെ 40 ശതമാനം ലാഭവിഹിതം നല്‍കാമെന്ന കരാറാണ് ഉണ്ടായിരുന്നത്. ആ കരാര്‍ പിന്നീട് പാലിച്ചില്ല. ഇതാണ് പിന്നീട് പോലീസ് കേസായത്. കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. 

അന്വേഷണത്തിന്റെ തുടക്കത്തില്‍, സിറാജ് പരാതിനല്‍കിയതിന് തൊട്ടുപിന്നാലെ പോലീസ് മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ പോലീസ് ശേഖരിക്കുകയും ചെയ്തു. ഇതില്‍നിന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

ഏഴ് കോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവര്‍ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാല്‍ 18.65 കോടി മാത്രമായിരുന്നു നിര്‍മാണച്ചെലവ്. ഷൂട്ടിങ് തുടങ്ങുന്നതിനും മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും നിര്‍മാതാക്കള്‍ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു. ഒരു രൂപ പോലും മുടക്കാത്ത നിര്‍മാതാക്കള്‍ പരാതിക്കാരന് പണം തിരികെ നല്‍കിയില്ല. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 40 % ലാഭവിഹിതമാണ് പരാതിക്കാരന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സിനിമ വലിയ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയില്ല. ഇക്കാര്യം ബാങ്ക് രേഖകളില്‍നിന്ന് വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സിറാജ് പറഞ്ഞത്.

വെള്ളിത്തിരയില്‍ തീ ആളുന്നു

ഓഗസ്റ്റിലാണ് മലയാള സിനിമയെ ഒന്നടങ്കം ഉലച്ചുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജിയും തള്ളിയതോടെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു. 

മലയാള സിനിമയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേര്‍ഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നാണ് സര്‍ക്കാരിനു കൈമാറിയത്. ഈ റിപ്പോര്‍ട്ടാണ് അഞ്ച് വര്‍ഷത്തിനുശേഷം പുറത്തുവന്നത്. ലൈംഗിക ചൂഷണകഥകള്‍ കേട്ട് ഞെട്ടിയെന്നാണ് കമ്മിറ്റി പറഞ്ഞത്. 

233 പേജുള്ള റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് എത്തിയത്. ഇതില്‍ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. 49-ാം പേജിലെ 96-ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല. പുറത്തുകാണുന്ന ഗ്ലാമര്‍ സിനിമയ്ക്കില്ല. കാണുന്നതൊന്നും വിശ്വസിക്കാനാകില്ല. സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുന്നത് കോഡുകളില്‍. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ നിര്‍ബന്ധിക്കുന്നു. ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദ്ദം. വിസമ്മതിച്ചാല്‍ ഭീഷണി. നഗ്‌നതാപ്രദര്‍ശനവും വേണം. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയാ സംഘം. ചൂഷണം ചെയ്യുന്നവരില്‍ പ്രധാനനടന്‍മാരും എന്നുതുടങ്ങി സ്‌ഫോടനാത്മകമായ വിവരങ്ങള്‍ പുറത്തുവന്നതോടെ തെന്നിന്ത്യന്‍ സിനിമാലോകം തന്നെ കുലുങ്ങി.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആദ്യ വെളിപ്പെടുത്തല്‍ നടത്തിയത് ബംഗാളില്‍ നിന്നുള്ള പ്രമുഖ നടിയായിരുന്നു. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തില്‍നിന്ന് ദുരനുഭവമുണ്ടായെന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. തുടക്കത്തില്‍ ഈ പ്രശ്‌നത്തെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു. പക്ഷേ പല ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഒരു ചെറുപ്പക്കാരന്‍ കൂടി ലൈംഗിക ആരോപണം ഉന്നയിച്ചതോടെ രാജിവെയ്ക്കാതെ രഞ്ജിത്തിന് വേറെ വഴിയില്ലാതായി. നിവിന്‍ പോളി, ജയസൂര്യ, സിദ്ദിഖ്, മുകേഷ്, മണിയന്‍ പിള്ള രാജു, റിയാസ് ഖാന്‍, ബാലചന്ദ്ര മേനോന്‍, ഇടവേള ബാബു, സംവിധായകന്‍ വി.കെ.പ്രകാശ് തുടങ്ങി നിരവധി പേര്‍ക്കെതിരേ തുടര്‍ച്ചയായ ദിവസങ്ങളില്‍ ആരോപണങ്ങളുയര്‍ന്നു. നടന്‍ സിദ്ദിഖ് അമ്മ സംഘടനയില്‍നിന്ന് രാജിവെയ്ക്കുകയും ഒളിവില്‍ക്കഴിഞ്ഞ അദ്ദേഹ?ത്തെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. താരസംഘടനയായ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുകവരെ ചെയ്യുന്നതില്‍വരെ കാര്യങ്ങളെത്തി.

നിവിന്‍ പോളിക്കെതിരേ ഉയര്‍ന്ന പരാതിയില്‍ അദ്ദേഹംതന്നെ നേരിട്ട് വാര്‍ത്താ സമ്മേളനം വിളിച്ച് നിഷേധിച്ചു. ഈ കേസ് പിന്നീട് തള്ളിപ്പോയി. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ജയസൂര്യയും നിഷേധിച്ചു. എം.എല്‍.എ കൂടിയായ മുകേഷിന്റെ രാജിയാവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നെങ്കിലും അതും അകാലത്തില്‍ മാഞ്ഞുപോയി. 

ഹേമ കമ്മിറ്റിയില്‍ മൊഴിനല്‍കാത്തവര്‍ക്കും സിനിമാമേഖലയിലെ ചൂഷണങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ നോഡല്‍ ഓഫീസര്‍ക്ക് പരാതിനല്‍കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ആലുവയിലെ നടിയുടെ പരാതിയില്‍ മുകേഷിനും ഇടവേള ബാബുവിനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഹെയര്‍ സ്‌റ്റൈലിസ്റ്റുകള്‍ നല്‍കിയ പരാതിയിലടക്കം ഏഴ് കേസുകളിലാണ് കുറ്റപത്രം നല്‍കിയത്. കോട്ടയം പൊന്‍കുന്നത്തും കാക്കനാട് ഇന്‍ഫോപാര്‍ക്കിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് കുറ്റപത്രം നല്‍കിയത്. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് മുകേഷിനെതിരേയുള്ള പരാതി. കലൂരിലെ ഫ്ളാറ്റില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് ഇടവേള ബാബുവിനെതിരേയുള്ള പരാതി. രണ്ട് കേസുകള്‍ കുറ്റപത്രം നല്‍കിയ കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

രാഷ്ട്രീയത്തിലെ വിജയ്

വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതുമുതല്‍ ഉയര്‍ന്നിരുന്ന ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. 'കരിയറിന്റെ പീക്കില്‍' ഇങ്ങനെയൊരു കടുംകൈ വേണമായിരുന്നോ എന്ന് നെറ്റിചുളിച്ചവര്‍ക്കെല്ലാം വിജയ് മറുപടി പറഞ്ഞിരിക്കുന്നു. തന്റെ പാതയില്‍, തനിക്ക് മുമ്പേയിറങ്ങിവരുടെയെല്ലാം പരാജയങ്ങളില്‍നിന്ന് പാഠം പഠിച്ച വിജയ്, ആദ്യ ചുവട് ശക്തമായി തന്നെ ഉറപ്പിക്കുന്നു. തമിഴക വെട്രി കഴകത്തിന്റെ രാഷ്ട്രീയമെന്തന്ന ആകാംക്ഷകള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞുവെന്നതാണ് വിജയ്യുടെ ആദ്യ പൊതുസമ്മേളനത്തിന്റെ വിജയം. വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലെ വി. ശാലയില്‍ ഒക്ടോബര്‍ മാസത്തില്‍ നടന്ന സമ്മേളനത്തില്‍ സബ്‌ടൈറ്റിലുകള്‍ ഇല്ലാതെ തന്നെ വിജയ് തന്റെ രാഷ്ട്രീയം വ്യക്തമാക്കി.

രാഷ്ട്രീയത്തിലെ തുടക്കക്കാരന്റെ യാതൊരു പരിഭ്രമങ്ങളുമില്ലാത്തതായിരുന്നു പ്രസംഗത്തിൽ വിജയ്. പറയുന്ന കാര്യങ്ങള്‍ ഓരോന്നിനും ആവശ്യമായ വിശദീകരണം നല്‍കി, പിന്നീട് ഉയര്‍ന്നേക്കാവുന്ന ചോദ്യങ്ങളെ മുന്‍കൂറായി തന്നെ വിജയ് നേരിട്ടു. പാര്‍ട്ടിയുടെ വഴികാട്ടികളെ സംബന്ധിച്ച പ്രഖ്യാപനമാണ് ഇതിന്റെ ഉദാഹരണം. പെരിയാര്‍ രാമസ്വാമി, തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കാമരാജ്, ഡോ. ബി.ആര്‍. അംബേദ്കര്‍, വേലു നാച്ചിയാര്‍, അഞ്ജല അമ്മാള്‍ എന്നിവരാണ് പാര്‍ട്ടിയുടെ തലവന്മാരെന്നായിരുന്നു വിജയ്യുടെ പ്രഖ്യാപനം.

ധനുഷ്-നയന്‍താര പോര്

നയന്‍താരയും ധനുഷും തമ്മിലുള്ള പ്രശ്നമാണ് ഈ വര്‍ഷം തമിഴകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചത്. നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതാണ് എല്ലാത്തിന്റെയും തുടക്കം. നയന്‍താരയെ നായികയാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമ നിര്‍മിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഈ സിനിമയുടെ ചില ബിഹൈന്‍ഡ് ദ സീന്‍ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ നയന്‍താര നല്‍കിയിരിക്കുന്നത്. വെറും മൂന്ന് സെക്കന്‍ഡ് ദൃശ്യം ഉപയോഗിച്ചതിനാണ് ധനുഷ് 10 കോടിയുടെ നോട്ടീസ് അയച്ചതെന്നും അദ്ദേഹത്തിന് തന്നോടും വിഘ്നേഷിനോടും പകയാണെന്നും നയന്‍താര തുറന്നടിച്ചു.

നയന്‍താരയുടെ ആരോപണത്തോട് ധനുഷ് പരസ്യമായി പ്രതികരിച്ചില്ല. എന്നാല്‍, പകര്‍പ്പാവകാശം ലംഘിച്ചുവെന്നാരോപിച്ച് മദ്രാസ് ഹൈക്കോടതിയില്‍  കേസ് നല്‍കി. ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നയന്‍താര, വിഘ്‌നേഷ് ശിവന്‍, അവരുടെ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരേ ധനുഷും കെ. രാജയുടെ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് മദ്രാസ് ഹൈക്കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

വിവാദക്കുരുക്കിലായ പുഷ്പ 2, അല്ലു അർജുന്റെ അറസ്റ്റ്

2024-ല്‍ സിനിമാലോകം കണ്ട വലിയ മറ്റൊരു വിവാദം പുഷ്പ 2 സിനിമ റിലീസുമായി ബന്ധപ്പെട്ടാണ്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ പുഷ്പ-2ന്റെ റിലീസ് ദിവസത്തെ പ്രീമിയര്‍ ഷോ കാണാന്‍ നായകനായ അല്ലു അര്‍ജുനെത്തുന്നു. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രേവതി എന്ന യുവതി മരിക്കുകയും ഇവരുടെ മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ തെലങ്കാന പോലീസ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തു. ഒരു ദിവസം ജയിലില്‍ക്കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ അല്ലു അര്‍ജുന് ആരാധകരില്‍ നിന്നും സിനിമാ മേഖലയിലെ സുഹൃത്തുക്കളില്‍ നിന്നും വീരോചിതമായ സ്വീകരണമാണ് ലഭിച്ചത്. ഇതിനിടെ ചിത്രം 1000 കോടി ബോക്‌സോഫീസ് കളക്ഷനും നേടി. വിവാദങ്ങളെല്ലാം തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താരം പ്രതികരിച്ചത്. എന്നാല്‍ വിവാദം അവിടംകൊണ്ടും അവസാനിച്ചില്ല. അല്ലു അര്‍ജുനെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചു. 

അനുമതി നിഷേധിച്ചിട്ടും റോഡ് ഷോയ്ക്കായി എന്തിന് തീയേറ്ററില്‍ പോയി? നിങ്ങളുടെ സ്വകാര്യ സുരക്ഷ സംഘം ജനങ്ങളെ മര്‍ദിച്ച വിവരംഅറിഞ്ഞിരുന്നോ? തിക്കും തിരക്കുമുണ്ടായിട്ടും നിങ്ങള്‍ എന്തിന് തിയേറ്ററില്‍ തുടര്‍ന്നു? യുവതി മരിച്ച വിവരം എപ്പോഴാണ് അറിഞ്ഞത്? അറിഞ്ഞിട്ടും തീയേറ്ററില്‍ തുടരുകയായിരുന്നോ, പരസ്പരവിരുദ്ധ പ്രസ്താവനകളല്ലേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയത് തുടങ്ങിയ ചോദ്യങ്ങളാണ് ചോദിച്ചത് എന്നാണ് പുറത്തുവന്ന വിവരം. ഇതിനു പിന്നാലെ പുഷ്പ റിലീസ് ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ഇതിനിടെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അല്ലു അര്‍ജുനെതിരേ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. പുഷ്പ 2 സംഭവത്തെ മുന്‍നിര്‍ത്തി സംസ്ഥാനത്ത് ഇനിമുതല്‍ പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കാനും മയക്കുമരുന്ന് വിരുദ്ധ കാമ്പയിന് പിന്തുണ നല്‍കാനും രേവന്ത് റെഡ്ഡി സിനിമാ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. രണ്ട് കോടി രൂപ മരിച്ച രേവതിയുടെ കുടുംബത്തിന് നല്‍കാന്‍ പുഷ്പ-2 ടീം തീരുമാനിച്ചിരുന്നു. ഇതിനിടെ ചിത്‌രത്തിനുവേണ്ടി അല്ലു അര്‍ജുന്‍ പാടിയ ഗാനം യൂട്യൂബില്‍നിന്ന് നീക്കിയതോടെ വിവാദങ്ങള്‍ പുതിയ തലത്തിലേക്കെത്തി.

2024 ലെ നഷ്ടങ്ങള്‍

  • കവിയൂര്‍ പൊന്നമ്മ

അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ നടി കവിയൂര്‍ പൊന്നമ്മ  സെപ്തംബര്‍ മാസത്തില്‍ വിടപറഞ്ഞു. ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റുകളില്‍ ഒരാള്‍ കൂടിയാണ്. 

പത്തനംതിട്ടയിലെ കവിയൂരില്‍ 1945 ലാണ് ജനനം. ടി.പി ദാമോദരന്‍, ഗൗരി എന്നിവരുടെ ഏഴ് മക്കളില്‍ മൂത്തകുട്ടിയായിരുന്നു. ടെ അഭിനയരംഗത്തെത്തി. 1962 ല്‍  ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ്  സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.  2021 ല്‍ റിലീസ് ചെയ്ത ആണും പെണ്ണും എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.

ചലച്ചിത്രരംഗത്തെ ഏറ്റവും നല്ല സഹ നടിക്കുള്ള പുരസ്‌കാരങ്ങള്‍ 1971,1972,1973,1994 എന്നീ വര്‍ഷങ്ങളില്‍ നാല് തവണ ലഭിച്ചു. ഭരത് മുരളി പുരസ്‌കാരം, പി.കെ റോസി പുരസ്‌കാരം, കാലരത്നം പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര വകുപ്പിന്റെ  പ്രത്യേക പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ തേടിയെത്തി.

  • ശ്യാം ബെനഗല്‍

പ്രശസ്ത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ ഡിസംബര്‍ 23 ന് അന്തരിച്ചു. വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. 
അങ്കുര്‍ (1973), നിശാന്ത് (1975), മന്ഥന്‍ (1976), ഭൂമിക (1977), മമ്മോ (1994), സര്‍ദാരി ബീഗം (1996), സുബൈദ (2001) തുടങ്ങിയ ഐതിഹാസിക ചിത്രങ്ങള്‍ സംവിധാനം ചെയ്തതിലൂടെ ശ്യാം ബെനഗല്‍ പ്രശസ്തനായിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് 1976-ല്‍ പത്മശ്രീയും 1991-ല്‍ പത്മഭൂഷണും നല്‍കി രാജ്യം ബെനഗലിനെ ആദരിച്ചിരുന്നു.

1966 മുതല്‍ 1973 വരെയുള്ള കാലത്ത് ബെനഗല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യപകനായി സേവനമനുഷ്ടിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി രണ്ട് പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടു. 1974-ലാണ് ആദ്യത്തെ ഫീച്ചര്‍ ഫിലിം അങ്കുര്‍ പുറത്തിറങ്ങുന്നത്. തുടര്‍ന്ന് നിഷാന്ത്, ഭൂമിക, മന്ഥന്‍, മേക്കിങ് ഓഫ് ദി മഹാത്മ, നേതാജി സുഭാഷ് ചന്ദ്രബോസ്- ദി ഫോര്‍ഗോട്ടണ്‍ ഹീറോ, സമര്‍ തുടങ്ങി ചരിത്രത്തില്‍ ഇടംനേടിയ ഒരുപിടി ചിത്രങ്ങള്‍. മിക്ക ചിത്രങ്ങള്‍ക്കും ദേശീയ- അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു.

  • സാക്കിര്‍ ഹുസൈന്‍

തബലയില്‍ വിസ്മയം തീര്‍ത്ത സാക്കിര്‍ ഹുസൈന്‍ ഡിസംബര്‍ 15 നാണ് വിടവാങ്ങുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലായിരുന്നു അന്ത്യം. 

1951-ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹം കുട്ടിക്കാലത്തുതന്നെ തന്റെ വഴി സംഗീതലോകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ആദ്യ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്  പിതാവും തബലിസ്റ്റുമായ അള്ളാ രഖാ ഖാനായിരുന്നു. ഐതിഹാസിക പോപ്പ് ബാന്‍ഡ് 'ദി ബീറ്റില്‍സ്' ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്.

1999-ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയാണിത്. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. 

കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്. മന്റോ, മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍, വാനപ്രസ്ഥം എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

  • മേഘനാഥൻ

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നവംബറിലായിരുന്നു നടൻ മേഘനാഥന്റെ അന്ത്യം. നടന്‍ ബാലന്‍ കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്.  ചെങ്കോല്‍, ഈ പുഴയും കടന്ന്, ഒരു മറവത്തൂര്‍ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 

ചെന്നൈയില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മേഘനാഥന്‍, കോയമ്പത്തൂരില്‍നിന്ന് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും നേടിയിരുന്നു. തുടര്‍ന്നാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. 1983-ല്‍ പുറത്തിറങ്ങിയ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത അസ്ത്രമാണ് അദ്ദേഹത്തിന്റെ ആദ്യചിത്രം.

  • ടി.പി. മാധവന്‍

ഒക്ടോബര്‍ മാസത്തിലായിരുന്നു നടന്‍ ടി.പി. മാധവന്റെ വിയോഗം. താരസംഘടനയായ 'അമ്മ'യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന്‍ അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

1975-ല്‍ പുറത്തിറങ്ങിയ രാഗം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര മേഖലയില്‍ എത്തുന്നത്. കളിക്കളം, നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി,  സന്ദേശം, ലേലം, അയാള്‍ കഥയെഴുതുകയാണ്, നരസിംഹം, പപ്പയുടെ സ്വന്തം അപ്പൂസ്, പുലിവാല്‍ കല്ല്യാണം, അനന്തഭദ്രം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

  • കനകലത

പതിറ്റാണ്ടുകളായി മലയാള സിനിമാ സീരിയല്‍ രം?ഗത്ത് പ്രവര്‍ത്തിച്ചിരുന്ന കനകലത മെയ്മാസത്തിലാണ് വിടപറയുന്നത്.  മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ചികിത്സയിലായിരുന്നു. 350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്.

നാടകത്തില്‍നിന്ന് വെള്ളിത്തിരയിലെത്തിയ കനകലത തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കനകലത നാടകരംഗത്ത് സജീവമായിരുന്നു.

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ 2 തുടങ്ങി മലയാളത്തിലും തമിഴിലുമായി 350-ലധികം ചിത്രങ്ങളില്‍ കനകലത അഭിനയിച്ചിട്ടുണ്ട്.

  • മോഹന്‍രാജ്

കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടന്‍ മോഹന്‍ രാജ് ഒക്ടോബര്‍ മാസത്തില്‍ വിടവാങ്ങി. 1988-ല്‍ പുറത്തിറങ്ങിയ മൂന്നാം മുറ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മോഹന്‍ രാജ് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി. അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസര്‍കോട് കാദര്‍ഭായ്, ഉപ്പുകണ്ടം ബ്രദേഴ്സ്, ചെങ്കോല്‍, ആറാം തമ്പുരാന്‍, വാഴുന്നോര്‍, പത്രം, നരസിംഹം, നരന്‍, മായാവി തുടങ്ങി 35-ഓളം മലയാള ചിത്രങ്ങളുടെ ഭാഗമായി. 2008-ന് ശേഷം രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്.

2015-ല്‍ ചിറകൊടിഞ്ഞ കിനാക്കളില്‍ അഭിനയിച്ച മോഹന്‍ രാജ് 2022-ല്‍ മമ്മൂട്ടിയുടെ റോഷാക്കിലും പ്രത്യക്ഷപ്പെട്ടു. റോഷാക്കില്‍ ഗ്രേസ് ആന്റണിയുടെ അച്ഛനായ വിശ്വനാഥന്‍ എന്ന കഥാപാത്രമായിരുന്നു. ഒമ്പത് തമിഴ് ചിത്രങ്ങളുടേയും 31 തെലുങ്ക് ചിത്രങ്ങളുടേയും ഭാഗമായി.

അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസറായി മോഹന്‍രാജ് കോഴിക്കോട് ജോലി ചെയ്യുമ്പോഴാണ് കിരീടം റിലീസ് ചെയ്യുന്നത്.


സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍

സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ ഡിസംബർ മാസം 13 ന് വിടപറഞ്ഞു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. ആസിഫലിയെ നായകനാക്കി 2013ല്‍ കൗബോയ് എന്ന ചിത്രം സംവിധാനം ചെയ്ത ബാലചന്ദ്രകുമാറിനെ ദിലീപിനെ നായകനാക്കി പിക് പോക്കറ്റ് എന്നൊരു ചിത്രം പ്രഖ്യാപിച്ചെങ്കിലും പ്രോജക്ട് നടന്നില്ല.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേസില്‍ വലിയ വഴിത്തിരിവായിരുന്നു സൃഷ്ടിച്ചത്. തുടരന്വേഷണത്തിലേക്ക് കടന്നതും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു. ബാചലന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വധഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ കേസില്‍ ദിലീപിനെതിരെ ചുമത്തിയത്‌. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന നടന്നെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും വലിയ ചര്‍ച്ചയായിരുന്നു.

  • നിഷാദ് യൂസഫ്

തല്ലുമാല, ഉണ്ട സിനിമകളിലൂടെ ശ്രദ്ധേയനായ ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വിയോ?ഗം സിനിമാ മേഖലയെ കണ്ണീരിലാഴ്ത്തി. ഒക്ടോബര്‍ 30ന് പനമ്പള്ളിയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തല്ലുമാല, ഉണ്ട, ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നവയാണ് പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങള്‍. 2022-ല്‍ തല്ലുമാലയുടെ എഡിറ്റിങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

സൂര്യയെ നായകനാക്കി സംവിധായകന്‍ ശിവ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ എഡിറ്ററാണ്. തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ ചിത്രം, മമ്മൂട്ടിയുടെ ബസൂക്ക എന്നിവയും നിഷാദ് യൂസഫിന്റെ വരാനിരിക്കുന്ന ചിത്രങ്ങളാണ്.

  • സുജിത്ത് രാജേന്ദ്രന്‍

കിനാവള്ളി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച യുവനടന്‍ സുജിത്ത് രാജേന്ദ്രന്‍ വാഹനാപകടത്തില്‍ ഏപ്രില്‍ മാസത്തിലാണ് മരിക്കുന്നത്. സണ്ണി ലിയോണിന്റെ മലയാള ചിത്രമായ രംഗീല, മാരത്തോണ്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

  • നിര്‍മല്‍ ബെന്നി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ആമേന്‍' സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ നിര്‍മല്‍ വി. ബെന്നി ഓഗസ്റ്റ് മാസത്തില്‍ അന്തരിച്ചു. കൊമേഡിയനായാണ് നിര്‍മല്‍ ബെന്നി തന്റെ കരിയര്‍ ആരംഭിക്കുന്നത്. യൂട്യൂബ് വിഡിയോകളിലൂടെയും  സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും അദ്ദേഹം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

2012 -ല്‍ നവാഗതര്‍ക്ക് സ്വാഗതം എന്ന സിനിമയിലൂടെ ചലച്ചിത്രാഭിനയരംഗത്തെത്തി. തുടര്‍ന്ന് ആമേന്‍, ദൂരം എന്നിവയുള്‍പ്പെടെ അഞ്ച് ചിത്രങ്ങളില്‍അഭിനയിച്ചു.