
സ്‌റ്റോക്ക്‌ഹോം: നിര്‍മിതബുദ്ധിക്ക് അടിസ്ഥാനമായ മെഷീന്‍ ലേണിങ് വിദ്യകള്‍ വികസിപ്പിച്ച രണ്ട് ഗവേഷകര്‍ ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ പങ്കിട്ടു. യു.എസ്. ഗവേഷകന്‍ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജിയോഫ്രി ഹിന്റണ്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
നിര്‍മിത ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിങ് സാധ്യമാക്കിയ മൗലികമായ കണ്ടെത്തലുകളും മുന്നേറ്റവും സാധ്യമാക്കിയതിനാണ് ഇരുവര്‍ക്കും ഈ ബഹുമതി നല്‍കുന്നതെന്ന് റോയല്‍ സ്വീഡിഷ് സയന്‍സ് അക്കാദമി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഫിസിക്‌സിന്റെ പിന്തുണയോടെയാണ് നിര്‍മിത ന്യൂറല്‍ ശൃംഖലകളെ (artificial neural networks) പരിശീലിപ്പിച്ചെടുക്കാന്‍ ഇവര്‍ വഴി കണ്ടെത്തിയത്. യു.എസില്‍ പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനാണ് ഹോപ്ഫീല്‍ഡ്, കാനഡയില്‍ ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ഹിന്റണ്‍.
നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) എന്നു പറയുമ്പോള്‍, സാധാരണഗതിയില്‍ അര്‍ഥമാക്കുന്നത്, നിര്‍മിത ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ചുള്ള മെഷീന്‍ ലേണിങ് വിദ്യയെന്നാണ്. മസ്തിഷ്‌കത്തെ അനുകരിച്ചാണ് ഈ സങ്കേതികവിദ്യ വികസിപ്പിച്ചിട്ടുള്ളത്. ഹോപ്ഫീല്‍ഡും ഹിന്റണും 1980- കള്‍ മുതലാണ്, മെഷീന്‍ ലേണിങ് വിദ്യകള്‍ രൂപപ്പെടുത്തിത്തുടങ്ങിയത്.
പാറ്റേണുകള്‍ സേവ് ചെയ്യാനും പുനഃസൃഷ്ടിക്കാനും സഹായിക്കുന്ന നിര്‍മിത ന്യൂറല്‍ ശൃംഖല കണ്ടെത്തിയത് ഹോപ്ഫീല്‍ഡാണ്. ആറ്റമിക സ്പിന്‍ പോലുള്ള ഭൗതികശാസ്ത്ര സംഗതികളെയാണ് അതിനായി അദ്ദേഹം ഉപയോഗിച്ചത്.
ഹോപ്ഫീല്‍ഡ് കണ്ടെത്തിയ നെറ്റ്‌വര്‍ക്ക് അടിത്തറയാക്കി, പുതിയൊരു നെറ്റ്‌വര്‍ക്കിന് ഹിന്റണ്‍ രൂപംനല്‍കി. 'ബോള്‍ട്‌സ്മാന്‍ മെഷീന്‍' (Boltzmann machine) രീതിയാണ് ഹിന്റണ്‍ ഉപയോഗിച്ചത്. ലഭ്യമായ ഡേറ്റയില്‍നിന്ന് സവിശേഷമായ എലമെന്റുകളെ തിരിച്ചറിയാനും പഠിക്കാനും ആ നെറ്റ്‌വര്‍ക്ക് സഹായിച്ചു. ആ മുന്നേറ്റത്തിന്, സ്റ്റാറ്റിസ്റ്റിക്കല്‍ ഫിസിക്‌സിന്റെ സഹായം അദ്ദേഹം തേടി. ഇരുവരുടെയും കണ്ടെത്തലുകളാണ് ഇപ്പോള്‍ എ.ഐ വിപ്ലവത്തിന് മൗലികതലത്തല്‍ വഴിതുറന്നത്, നൊബേല്‍ കമ്മറ്റി വിലയിരുത്തി.
1933-ല്‍ യു.എസിലെ ഷിക്കാഗോയില്‍ ജനിച്ച ഹോപ്ഫീല്‍ഡ്, 1958-ല്‍ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പിഎച്ച്ഡി നേടിയത്. ലണ്ടനില്‍ 1947-ല്‍ ജനിച്ച ഹിന്റണ്‍, എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡി നേടി. പിന്നീട് കാനഡയിലേക്ക് താവളം മാറി. പുരസ്‌കാര തുകയായ 10.63 ലക്ഷം ഡോളര്‍ ഇരുവരും തുല്യമായി പങ്കിടും.
Content Highlights: Nobel Prize in Physics awarded to John Hopfield and Geoffrey Hinton
Published: 08 Oct 2024, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented