ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം അടുത്ത അഞ്ച് വര്‍ഷം അതിന്റെ ചുക്കാന്‍ ആര് പിടിക്കണമെന്ന് വിധിയെഴുത്ത് നടത്തിയ വര്‍ഷം. അധികാര കസേരകളില്‍ നിന്ന് ജയിലുകളിലേക്ക് ഭരണകര്‍ത്താക്കള്‍ പോകേണ്ടിവന്ന വര്‍ഷം. പത്ത് വര്‍ഷത്തിന് ശേഷം രാജ്യത്തിന് പ്രതിപക്ഷ നേതാവ്, അങ്ങനെ ഒട്ടേറെ സവിശേഷതകളും സംഭവബഹുലവുമായ ഒരു നാഴികകല്ലിലൂടെയാണ് ഇന്ത്യന്‍ രാഷ്ട്രീയം പിന്നിട്ടത്. പുതുവര്‍ഷത്തെ വരവേറ്റ് 2024 ന് തിരശ്ശീല വീഴുമ്പോള്‍ ആ വര്‍ഷത്തെ ചില സുപ്രധാന നിമിഷങ്ങള്‍ ഇന്ത്യരാഷ്ട്രീയ ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും. അത്തരം നിമിഷങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടം....
ലോക്സഭാ തിരഞ്ഞെടുപ്പ്
രാജ്യചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു 2024-ലേത്. വോട്ടെടുപ്പ് പ്രക്രിയ ഏഴുഘട്ടങ്ങളിലായി 44 ദിവസം നീണ്ടു. സ്വാതന്ത്ര്യാനന്തരം 1951-'52 കാലത്ത് നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പായിരുന്നു ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയത്. നാലുമാസമാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാവാനെടുത്തത്. അതുകഴിഞ്ഞാല്‍ ഏറ്റവും സമയമെടുത്ത തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ഏപ്രില്‍ 19ന് തുടങ്ങിയ വോട്ടെടുപ്പ് ജൂണ്‍ ഒന്നിന് അവസാനിച്ചു. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിച്ചു. 96.8 കോടി ആളുകളാണ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. 64.2 കോടി ആളുകള്‍ വോട്ടെടുപ്പില്‍ പങ്കാളികളായി. ഏറ്റവും വനിതാ വോട്ടര്‍ പങ്കാളികളായ പൊതുതിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.
മൂന്നാം മോദി സര്‍ക്കാര്‍
ഒറ്റപ്പാര്‍ട്ടിയുടെ ഏകാധിപത്യത്തോടല്ല, വൈവിധ്യങ്ങളുടെ ജനാധിപത്യമാണ് ജനഹിതമെന്ന് വിളംബരംചെയ്ത് രാജ്യം മനസ്സുതുറന്നു. പത്തുവര്‍ഷത്തിനുശേഷം 2024-ല്‍ രാജ്യത്ത് കൂട്ടുകക്ഷിഭരണത്തിന് വേദിയൊരുങ്ങി. 272 എന്ന കേവലഭൂരിപക്ഷം ഒരു പാര്‍ട്ടിക്കുമില്ല. 240 സീറ്റോടെ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍വേണ്ട ഭൂരിപക്ഷം 290 സീറ്റോടെ എന്‍.ഡി.എ. കഷ്ടിച്ച് മറികടന്നു. നെഹ്റുവിനുശേഷം തുടര്‍ച്ചയായി മൂന്നാമതും അധികാരത്തിലെത്തുന്ന പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറുകയും ചെയ്തു.
400 സീറ്റെന്ന എന്‍.ഡി.എ.യുടെ അവകാശവാദത്തോട് ഏകപക്ഷീയമായ അനുഭാവം കാട്ടാതെയും പ്രതിപക്ഷശബ്ദം കേട്ടും വോട്ടുവിഹിതം വിവിധ പാര്‍ട്ടികള്‍ക്ക് വീതിച്ചുനല്‍കിയുമാണ് ഇന്ത്യന്‍ ജനത മനസ്സുതുറന്നത്. സഖ്യകക്ഷികളായ നിതീഷ് കുമാറിന്റെ ജെ.ഡി.യു., ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി. എന്നിവയുടെ പിന്തുണയോടെയാണ് മോദി മൂന്നാംതവണ പ്രധാനമന്ത്രിയായത്. ജൂണ്‍ ഒമ്പതിന് മൂന്നാംമോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നരേന്ദ്രമോദിയുടെ മൂന്നാംവട്ട മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പ്രതിപക്ഷമായ 'ഇന്ത്യ' മുന്നണി നേതാക്കള്‍ ഒന്നടങ്കം ബഹിഷ്‌കരിച്ചു.
നിലയുറപ്പിച്ച് രാഹുല്‍- പ്രതിപക്ഷ നേതാവ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും കോണ്‍ഗ്രസിനും രാഹുലിനും 2024 ഏറെ സവിശേഷപ്പെട്ടതായിരുന്നു. മൃഗീയഭൂരിപക്ഷത്തോടെ പത്ത് വര്‍ഷം ബിജെപിയും മോദിയും അധികാരത്തിലേറിയപ്പോള്‍ അപ്രസക്തമായി കൊണ്ടിരുന്ന പാര്‍ട്ടിയുടെ പുനുരുജ്ജീവനം കൂടിയായിരുന്നു ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ്.
2019ല്‍ 52 സീറ്റുകള്‍മാത്രംനേടി തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഇക്കുറി കണ്ടത്. 99 സീറ്റ് നേടിയ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്ത്യസഖ്യം 234 സീറ്റുമായി എക്‌സിറ്റ് പോളുകളെ തിരുത്തിയെഴുതി.
പത്ത് വര്‍ഷത്തിന് ശേഷം രാജ്യത്ത് ഔദ്യോഗികമായി പ്രതിപക്ഷ നേതാവ് വരികയും ചെയ്തു. പ്രതിപക്ഷ നേതാവായ രാഹുല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടുസീറ്റുകളിലും വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചതും.വയനാട്ടിലും യു.പി.യിലെ റായ്ബറേലിയിലും ജനവിധി തേടിയ രാഹുല്‍ഗാന്ധിക്ക് രണ്ടിടത്തും വന്‍ വിജയം. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ നേടിയ ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലധികമാണ് രാഹുല്‍ ഇത്തവണ രണ്ട് മണ്ഡലങ്ങളിലും നേടിയത്.
വാരാണസിയില്‍ 2019-ല്‍ 4,79,505 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറിയ മോദിക്ക് ഇത്തവണ ലഭിച്ചത് 1,52,513 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ്. തൊട്ടടുത്ത റായ്ബറേലിയില്‍ രാഹുല്‍ നേടിയതാകട്ടെ, 3,88742 വോട്ടുകളുടെ ഭൂരിപക്ഷമാണ്. സോണിയാ ഗാന്ധിയുടെ സ്ഥിരം മണ്ഡലമായ റായ് ബറേലിയില്‍ ആദ്യമായാണ് രാഹുല്‍ മത്സരിക്കുന്നത്.
പ്രിയങ്കയുടെ അരങ്ങേറ്റം
റായ്ബറേലി എംപിയായി തുടരാന്‍ തീരുമാനിച്ച രാഹുല്‍ വയനാട്ടില്‍ നിന്ന് രാജിവെച്ചതോടെയാണ് പ്രിയങ്ക തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അരങ്ങേറിയത്. നവംബര്‍ 13ന് വയനാട്ടില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് നാലു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക വിജയിച്ചത്.
ആന്ധ്ര തൂത്തുവാരി നായിഡു
2024-ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലുണ്ടായിരുന്ന ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ന്നടിഞ്ഞു. 2019-ല്‍ ജഗന്‍ അനുകൂല തരംഗമായിരുന്നെങ്കില്‍ ഇത്തവണ നായിഡു സഖ്യം തൂത്തുവാരി. സംസ്ഥാനത്തെ 175 നിയമസഭാസീറ്റില്‍ 134 എണ്ണം നേടി തെലുഗുദേശം പാര്‍ട്ടി അധികാരം പിടിച്ചെടുത്തു. പാര്‍ട്ടി വന്‍വിജയം നേടിയതോടെ ജൂണ്‍ ഒമ്പതിന് 74-കാരനായ ചന്ദ്രബാബു നായിഡു നാലാംതവണയും മുഖ്യമന്ത്രിയായി അധികാരമേറ്റു.
നവീന്‍ പട്‌നായിക്കിന്റെ പതനം
കാല്‍നൂറ്റാണ്ടോളം ഒഡീഷയില്‍ അധികാരത്തിലായിരുന്ന നവീന്‍ പട്‌നായിക്കിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബിജു ജനതാദളിന്റെയും പതനം 2024-ലെ പ്രധാന രാഷ്ട്രീയ വഴിത്തിരിവാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഒഡിഷ നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേടിയത് അമ്പരപ്പിക്കുന്ന വിജയമായിരുന്നു. 147 സീറ്റുള്ള സംസ്ഥാനത്ത് 78 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലേറിയത്. ബിജെഡിക്ക് 51 സീറ്റുകളിലേ വിജയിക്കാനായുള്ളൂ. കോണ്‍ഗ്രസിന് 14 സീറ്റാണ് ലഭിച്ചത്.
പ്രത്യേക പദവി റദ്ദാക്കിയശേഷമുള്ള കശ്മീര്‍
പ്രത്യേകപദവി റദ്ദാക്കി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ ജമ്മു കശ്മീരില്‍ ചരിത്രപരമായ തിരഞ്ഞെടുപ്പാണ് 2024-ല്‍ നടന്നത്. പത്ത് വര്‍ഷത്തിനുശേഷം തിരഞ്ഞെടുപ്പു നടന്ന ജമ്മു-കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ മികച്ച പ്രകടനത്തോടെ 90-ല്‍ 49 സീറ്റ് നേടി ഇന്ത്യസഖ്യം ഭരണത്തിലേറി.
ജമ്മു-കശ്മീരില്‍ 42 സീറ്റുനേടിയ നാഷണല്‍ കോണ്‍ഫറന്‍സിനൊപ്പം കോണ്‍ഗ്രസ് ആറുസീറ്റും സി.പി.എം. ഒരു സീറ്റും നേടി. ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതുള്‍പ്പെടെ ഒട്ടേറെ പ്രതികൂല വികാരങ്ങളുടെയിടയിലും ബി.ജെ.പി. ഒറ്റയ്ക്കു മത്സരിച്ച് 29 സീറ്റ് നേടി. കഴിഞ്ഞതവണ 25 ആയിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായി അധികാരമേറ്റു.
ഹരിയാണയില്‍ ബിജെപിയുടെ ചരിത്രവിജയം
കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നഎക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഹരിയാണയില്‍ ഇത്തവണ ബിജെപി നേടിയത്. 90 സീറ്റില്‍ 48-ഉം നേടി ബി.ജെ.പി.ക്ക് ഹാട്രിക് വിജയമാണുണ്ടായത്. കോണ്‍ഗ്രസിന് 37 സീറ്റാണ് ലഭിച്ചത്.
കോണ്‍ഗ്രസിന് വേരോട്ടം നഷ്ടപ്പെടാത്ത സംസ്ഥാനത്ത് ബി.ജെ.പി.ക്ക് ആദ്യമായാണ് ഇത്രയധികം സീറ്റുകള്‍ ലഭിക്കുന്നത്. ഭരണവിരുദ്ധവികാരമടക്കം ഒട്ടേറെ അനുകൂലഘടകങ്ങളുണ്ടായിട്ടും കോണ്‍ഗ്രസിന് ഉപയോഗപ്പെടുത്താനായില്ല. നയാബ് സിങ് സൈനി മുഖ്യമന്ത്രിയായി ഒരിക്കല്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു.
മഹാരാഷ്ട്രയിലെ മഹായുതി
മഹാരാഷ്ട്ര നിയമസഭാതിരഞ്ഞെടുപ്പില്‍ പ്രവചനങ്ങള്‍ക്കതീതമായി വന്‍വിജയം നേടി ബി.ജെ.പി. ഭരണസഖ്യമായ മഹായുതി. 288 അംഗ സഭയില്‍ 235 സീറ്റ് നേടിയാണ് ബി.ജെ.പി., ശിവസേന (ഷിന്ദേ വിഭാഗം), എന്‍.സി.പി. (അജിത് പവാര്‍ വിഭാഗം) സഖ്യം ഭരണം നിലനിര്‍ത്തിയത്.
132 സീറ്റുനേടി ബി.ജെ.പി. വലിയ ഒറ്റക്കക്ഷിയായി. യഥാര്‍ഥ ശിവസേന തങ്ങളുടേതാണെന്ന് തെളിയിച്ച് ഏക്‌നാഥ് ഷിന്ദേ അന്‍പതിലേറെ സീറ്റുമായും യഥാര്‍ഥവിഭാഗം തങ്ങളുടേതാണെന്ന് തെളിയിച്ച് അജിത് പവാര്‍ എന്‍.സി.പി. വിഭാഗം മുപ്പതിലധികം സീറ്റുമായും കരുത്തുകാട്ടി. ആറുമാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 48-ല്‍ 31 സീറ്റും നേടി വന്‍നേട്ടംകൊയ്ത മഹാവികാസ് അഘാഡിക്ക് ആ നേട്ടത്തിന്റെ ഏഴയലത്തെത്താന്‍ പോലും കഴിഞ്ഞില്ല. 35 ശതമാനം വോട്ടുനേടിയെങ്കിലും മൊത്തം സീറ്റുനില അറുപതില്‍ താഴെയായി.
തിരഞ്ഞെടുപ്പിന് ശേഷം മഹായുതി സര്‍ക്കാരിന്റെ തലപ്പത്തേക്ക് ബിജെപിയെത്തി. ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയായി അധികാരമേറ്റു. മുഖ്യമന്ത്രിയായിരുന്ന ശിവസേനാ നേതാവ് ഏക്നാഥ് ഷിന്ദേ ഉപമുഖ്യമന്ത്രിയാകുകയും ചെയ്തു.
സോറന്റെ ജയില്‍ വാസവും തിരിച്ചുവരവും
2024-ന്റെ ആദ്യത്തില്‍ നാടകീയത സൃഷ്ടിച്ചുകൊണ്ട് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത് സോറന്‍ ജയിലില്‍ പോയി. ജനുവരി അവസാനത്തില്‍ ഝാര്‍ഖണ്ഡിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഇ.ഡി. ചോദ്യംചെയ്യുന്നതിനിടെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവെക്കുകയും തൊട്ടുപിന്നാലെ അറസ്റ്റിലാകുകയും ചെയ്തു. പകരം മുഖ്യമന്ത്രിയായത് സോറന്റെ പാര്‍ട്ടിയായ ജെഎംഎമ്മിലെ മുതിര്‍ന്ന നേതാവ് ചംപായ് സോറന്‍.
ആറ് മാസങ്ങള്‍ക്ക് ശേഷം സോറന്‍ ജയില്‍ മോചിതനായി മുഖ്യമന്ത്രി കസേര ഏറ്റെടുത്തു. എന്നാല്‍ ഇതില്‍ അതൃപ്തനായ ചംപായ് സോറന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മാസങ്ങള്‍ക്ക് ശേഷം നടന്ന ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്തു.
ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ(ജെ.എം.എം.) നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം 56 സീറ്റ് നേടിയാണ് തുടര്‍ഭരണമുറപ്പിച്ചത്. 2019-ല്‍ നേടിയതിനെക്കാള്‍ ഒന്‍പതു സീറ്റ് ജെ.എം.എം. സഖ്യം കൂടുതല്‍ പിടിച്ചെടുത്തു. മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ സിറ്റിങ് മണ്ഡലമായ ബര്‍ഹട്ടില്‍ 39000-ത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
അധികാരത്തിലിരിക്കെ അറസ്റ്റില്‍,കെജ്‌രിവാളിന്റെ ജയില്‍വാസം
ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കെയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി മദ്യനയക്കേസില്‍ ഇ.ഡി.അറസ്റ്റ് ചെയ്യുന്നത്. മാര്‍ച്ച് 21ന് രാത്രി ഒമ്പതുമണിക്ക് അദ്ദേഹത്തിന്റെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രയായി ഇതോടെ കെജ്‌രിവാള്‍. പിന്നീട് അദ്ദേഹത്തെ ജയിലില്‍വെച്ച് സിബിഐയും അറസ്റ്റ് ചെയ്തു. രണ്ട് അന്വേഷണ ഏജന്‍സികളുടെയും കേസുകളില്‍ ജാമ്യം ലഭിച്ച് സെപ്റ്റംബര്‍ 13-നാണ് കെജ് രിവാള്‍ ജയില്‍മോചിതനായത്. ഇതിനിടെ ലോക്‌സഭാതിരഞ്ഞെടുപ്പിനായി അദ്ദേഹത്തിന് ഇടക്കാല ജാമ്യംലഭിച്ചിരുന്നു. ജയില്‍വാസത്തിനിടെയും മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാകാതിരുന്ന കെജ്‌രിവാള്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം രാജിപ്രഖ്യാപിച്ചു.
ജാമ്യം കിട്ടിയതിനുപിന്നാലെ, ജനങ്ങളുടെ അഗ്‌നിപരീക്ഷയില്‍ ജയിക്കുംവരെ മാറിനില്‍ക്കുമെന്ന് കെജ്രിവാള്‍ നാടകീയമായി പ്രഖ്യാപനം നടത്തുകയായിരുന്നു. പിന്‍ഗാമിയായി അതിഷിയെ തിരഞ്ഞെടുക്കുകയും ചെയ്തു. പുതുവര്‍ഷത്തില്‍ രാഷ്ട്രീയ പോര്‍ക്കളത്തിലെ ആദ്യ അങ്കവും എഎപിയും ബിജെപിയും തമ്മിലായിരിക്കും. അടുത്ത വര്‍ഷം ആദ്യം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. എഎപി ഇതിനോടകം തന്നെ മുഴുവന്‍ സ്ഥാനാര്‍ഥികളേയും പ്രഖ്യാപിച്ച് ഒരുപടി മുന്നേ രംഗത്തിറങ്ങിയിട്ടുണ്ട്.
Content Highlights: 2024 indian politics-third term modi to Rahul gets a foothold
Published: 27 Dec 2024, 11:36 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented