വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പ തന്റെ സമുദ്രഗര്‍ഭത്തില്‍ സൂക്ഷിച്ചിരിക്കുന്ന ജലലോകം തേടി യാത്രതുടങ്ങിയിരിക്കുകയാണ് നാസയുടെ 'യൂറോപ്പ ക്ലിപ്പർ' എന്ന പേടകം. യൂറോപ്പയുടെ ജലസാധ്യതയെക്കുറിച്ച് എം. വിനയകുമാര്‍ എഴുതുന്നു.
ഭൂമിക്കപ്പുറത്ത് ജീവന്റെ സാദ്ധ്യത അന്വേഷിക്കാന്‍ 2024 ഒക്‌റ്റോബര്‍ 14-ാം തിയതി 'യൂറോപ്പ ക്ലിപ്പർ' എന്ന നാസയുടെ പേടകം വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലേക്ക് പുറപ്പെട്ടു.
കൊല്ലം 2010. സൗരയൂഥത്തിന്റെ തന്നെ ചരിത്രം മാറ്റിയെഴുതാന്‍ പോകുന്ന സംഭവങ്ങള്‍ക്ക് ചുരുളഴിയുകയാണ്. വ്യാഴത്തിനടുത്ത് സൗരയൂഥത്തിന് പുറത്തുനിന്നുള്ള ഏതോ അദൃശ്യശക്തിയുടെ സാന്നിദ്ധ്യം ഭൂമിയിലെ ശാസ്ത്രജ്ഞന്മാര്‍ തിരിച്ചറിയുന്നു. ഈ അദൃശ്യശക്തി മനുഷ്യര്‍ക്ക് സ്വപ്നത്തില്‍ പോലും അനുമാനിക്കാത്ത ശാസ്ത്രവിദ്യകളുപയോഗിച്ച് വ്യാഴത്തെ ഒരു ചെറിയ നക്ഷത്രമാക്കുന്നു. നക്ഷത്രമാക്കുന്നതിനൊപ്പം മനുഷ്യര്‍ക്ക് ഒരു സന്ദേശവും. ALL THESE WORLDS ARE YOURS - EXCEPT EUROPA. ATTEMPT NO LANDING THERE. 'ഇക്കാണുന്ന ലോകങ്ങളെല്ലാം നിങ്ങളുടേതാണ് - യൂറോപ്പ ഒഴികെ. അവിടേയ്ക്ക് നിങ്ങള്‍ വരേണ്ട.''
1982-ല്‍ ആര്‍തര്‍ സി. ക്ലാര്‍ക്ക് എഴുതിയ 2010 - ഒഡീസ്സി-2 (2010-Odyssey 2) എന്ന നോവലിലെ ആശയമാണ് ഇപ്പറഞ്ഞത്. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലേക്കാണ് മനുഷ്യര്‍ക്ക് പ്രവേശനമില്ല എന്ന് മുന്നറിയിപ്പ് കിട്ടിയത്. ക്ലാര്‍ക്കും സ്റ്റാന്‍ലി കുബ്രിക്കും കൂടി 1960-കളില്‍ നിര്‍മ്മിച്ച 2001- എ സ്‌പേസ് ഒഡീസ്സി ( 2001-A Space Odyssey) എന്ന സിനിമയുടെ തുടര്‍ച്ചയായിട്ടാണ് ക്ലാര്‍ക്ക് ഒഡീസ്സി-2 എഴുതിയത്. പ്രപഞ്ചത്തില്‍ ജീവന്‍ നിലനിന്നുപോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അത് തഴച്ചുവളരാനുള്ള സാഹചര്യം ഈ അദൃശ്യശക്തികള്‍ ഉണ്ടാക്കിക്കൊടുക്കുന്നു എന്നാണ് നോവലിന്റെ പ്രധാന പ്രമേയം. യൂറോപ്പയുടെ കാര്യത്തില്‍ പ്രചോദനമായി നല്‍കിയത് പുതുതായി സൃഷ്ടിച്ച വ്യാഴം എന്ന നക്ഷത്രത്തില്‍ നിന്നുള്ള ചൂടാണ്.
ഒഡീസ്സി-2 എഴുതിയ കാലത്ത് വ്യാഴത്തിലേക്ക് മനുഷ്യന്‍ അയച്ച പേടകങ്ങള്‍ എത്തിയിട്ട് അധിക കാലം കഴിഞ്ഞിട്ടില്ല. 1973-ല്‍ നാസയുടെ പയനിയര്‍-10 (Pioneer-10) പകര്‍ത്തിയ യൂറോപ്പയുടെ ചിത്രങ്ങള്‍ വ്യക്തതയുള്ളതായിരുന്നില്ല. 1979 മാര്‍ച്ചില്‍ വോയേജര്‍-1 (Voyager), ജൂലൈയില്‍ വൊയേജര്‍-2 എന്നീ പേടകങ്ങളുടെ ചിത്രങ്ങളില്‍ നിന്ന് യൂറോപ്പയുടെ പ്രതലത്തില്‍ വെള്ളം ( മഞ്ഞുകട്ടിയുടെ രൂപത്തില്‍) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഈ നിരീക്ഷണത്തില്‍ നിന്നായിരിക്കണം ക്ലാര്‍ക്കിന് നോവലിന്റെ ആശയം കിട്ടിയത്. വോയേജറിന്റെ ചിത്രങ്ങള്‍ വിശകലനം ചെയ്ത ഉടനേ വ്യാഴത്തിനേയും പ്രധാന ഉപഗ്രഹങ്ങളേയും - പ്രത്യേകിച്ച് യൂറോപ്പ- കൂടുതല്‍ പഠനവിധേയമാക്കണം എന്ന തീരുമാനം നാസ കൈക്കൊണ്ടു. ഒന്നിന് പുറകേ ഒന്നായി നാസയുടെ ഗലീലിയോ (Galileo), ന്യു ഹൊറൈസണ്‍സ് (New Horizons), ജൂണോ (Juno) എന്നീ പേടകങ്ങള്‍ യൂറോപ്പയുടെ അടുത്തെത്തി നിരീക്ഷണങ്ങള്‍ നടത്തി. ഗലീലിയോ 8 വര്‍ഷങ്ങള്‍ വ്യാഴത്തിനടുത്ത് ചിലവഴിച്ചു. പല സുപ്രധാന നിരീക്ഷങ്ങളും നടത്തി. അതില്‍ ഏറ്റവും ശ്രദ്ധേയം എന്നു പറയാവുന്നത് യൂറോപ്പയിലെ മഞ്ഞുപാളിക്കടിയല്‍ ഉപ്പുവെള്ളം കലര്‍ന്ന മഹാജലസമുദ്രം ഉണ്ടായേക്കാം എന്ന കണ്ടുപിടുത്തമാണ്.
ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് വ്യാഴത്തിന് 95 ഉപഗ്രഹങ്ങളുണ്ട്. അതില്‍ വലിപ്പത്തിന്റെ കാര്യത്തില്‍ യൂറോപ്പ മൂന്നാമതാണ്. ഏകദേശം ഭൂമിയുടെ ചന്ദ്രന്റെയത്ര വലിപ്പം. ശരാശരി പരിക്രമണ ദൂരം 671,000 കിലോമീറ്റര്‍. പ്രതലത്തിലെ താപനില മൈനസ് 160 ഡിഗ്രി മുതൽ മൈനസ് 220 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നുപോകാം. ഇതുപോലുള്ള സാഹചര്യങ്ങളില്‍ ഭൂമിയിലെ സമാനമായ ജീവന്‍ ഉണ്ടാവുക അസംഭവ്യം. യൂറോപ്പയിലെ സമുദ്രത്തിലെ മഞ്ഞുപാളികള്‍ക്ക് ഏകദേശം 10 കിലോമീറ്റര്‍ കട്ടിയുണ്ടെന്നാന് കരുതുന്നത്. ചിലയിടങ്ങളില്‍ ഇത് 30 കിലോമീറ്റര്‍ വരെ ആകാം. പക്ഷെ മഞ്ഞുപാളിക്കടിയില്‍ 100 കിലോമീറ്റര്‍ വരെ ആഴമുള്ള, ഭൂമിയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വെള്ളമുള്ള ഒരു സമുദ്രമുണ്ട്. തികച്ചും ഒരു ജലലോകം തന്നെ. വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണം ഉണ്ടാക്കുന്ന വേലിയേറ്റ ശക്തികള്‍ മൂലമുള്ള ഘര്‍ഷണം ഈ സമുദ്രത്തിന്റെ താപനില കൂട്ടുന്നു. ഈ ഉയര്‍ന്ന താപനില മഞ്ഞുപാളികള്‍ക്കടിയിലെ സമുദ്രത്തെ ദ്രവരൂപത്തില്‍ നിലനിര്‍ത്തും. ഭൂമിയില്‍ തന്നെ സൂര്യവെളിച്ചം എത്തിപ്പെടാത്ത സമുദ്ര ആഴങ്ങളില്‍ ജീവന്‍ കണ്ടെത്തിയിട്ടുണ്ട്. സമാനമായ സാഹചര്യങ്ങള്‍ യൂറോപ്പയില്‍ ഉണ്ടായേക്കാം എന്നണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്
2024 ഒക്‌ടോബര്‍ 14-ാം തീയതി നാസ വിക്ഷേപിച്ച കൃതിമോപഗ്രഹമാണ് യൂറോപ്പ ക്ലിപ്പര്‍ (Europa Clipper), അഞ്ചരക്കൊല്ലത്തെ യാത്രയ്ക്ക് ശേഷം 2030-ല്‍ യൂറോപ്പയിലെത്തും. ലക്ഷ്യം ജീവന്‍ നിലനിര്‍ത്താന്‍ പറ്റിയ സ്ഥലങ്ങള്‍ യൂറോപ്പയില്‍ ഉണ്ടോ എന്ന് കണ്ടെത്തുക തന്നെ. പുറമേ, ഭാവിയില്‍ ഒരു പേടകം യൂറോപ്പയില്‍ ഇറങ്ങണം എന്നുണ്ടെങ്കില്‍ അതിന് അനുയോജ്യമായ ഒരു സ്ഥലവും കണ്ടെത്തണം.
ഒരു ഗ്രഹ ദൗത്യത്തിനായി നാസ നിര്‍മ്മിച്ച ഏറ്റവും വലിയ പേടകമാണ് ക്ലിപ്പര്‍. സൗരോര്‍ജ്ജ പാനലുകള്‍ വിടര്‍ത്തിക്കഴിഞ്ഞാള്‍ ക്ലിപ്പറിന് എകദേശം 30 മീറ്റര്‍ നീളമുണ്ടാകും. ഭൂമിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഏകദേശം 6000 കിലോ ഭാരം, ഇതില്‍ 2800 കിലോ ഇന്ധനമാണ്. വ്യാഴത്തില്‍ നിന്നുള്ള തീവ്രമായ വികിരണത്തില്‍ നിന്ന് രക്ഷ നേടാന്‍ പേടകത്തിന്റെ കമ്പ്യൂട്ടറുകള്‍ എല്ലാം ഏകദേശം പത്ത് മില്ലിമീറ്റര്‍ കട്ടിയുള്ള റ്റൈറ്റാനിയവും അലൂമിനിയവും കൊണ്ടു നിര്‍മ്മിച്ച ഒരു ലോഹപ്പെട്ടിക്കുള്ളിലാണ് വെച്ചിരിക്കുന്നത്. 2030- ല്‍ വ്യാഴത്തിനടുത്തെത്തുന്ന ക്ലിപ്പര്‍ യൂറോപ്പയെ എകദേശം 50 തവണ പ്രദക്ഷിണം വെക്കും. ചില പ്രദക്ഷിണങ്ങള്‍ യൂറോപ്പയുടെ പ്രതലത്തില്‍ നിന്ന് വെറും 25 കിലോമീറ്റര്‍ ഉയരത്തിലായിരിക്കും. നാം സാധാരണ സഞ്ചരിക്കുന്ന ജെറ്റ് വിമാനങ്ങള്‍ ഭൂമിയിലെ സമുദ്ര നിരപ്പില്‍ നിന്ന് 12 കിലോമീറ്റര്‍ ഉയരത്തിലാണ് സഞ്ചരിക്കുന്നത് എന്നാലോചിച്ചാല്‍ ക്ലിപ്പര്‍ എത്ര താഴ്ന്നാണ് യൂറോപ്പയ്ക്ക് മുകളില്‍ പറക്കാന്‍ പോകുന്നത് എന്നു മനസ്സിലാവും. ക്ലിപ്പറിന്റെ ദൗത്യങ്ങള്‍ മൂന്നാണ്: ഒന്ന്, യൂറോപ്പയിലുള്ള സമുദ്രത്തിന്റെ സ്വഭാവങ്ങള്‍ മനസ്സിലാക്കുക; രണ്ട്- വെള്ളത്തില്‍ ഏതെല്ലാം രാസസംയുക്തങ്ങള്‍ ഉണ്ട് എന്ന് തിരിച്ചറിയുക; മൂന്ന് പ്രതലത്തിന്റെ സവിശേഷതകള്‍ പഠിക്കുക. ശാസ്‌ത്രോപകരണങ്ങള്‍ക്ക് പുറമേ 26 ലക്ഷം പേര്‍ ഒപ്പുവെച്ച ഒരു സന്ദേശവും വെള്ളം എന്ന വാക്ക് ഭൂമിയിലെ 103 ഭാഷകളില്‍ എങ്ങനെയാണ് ഉച്ചരിക്കുന്നത് എന്നതിന്റെ ഒരു ഡിജിറ്റല്‍ രേഖയും ക്ലിപ്പര്‍ കൊണ്ടുപോകുന്നുണ്ട്.
ക്ലിപ്പര്‍ പുറപ്പെടുന്നതിനു മുന്നേ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ജ്യൂസ് ( Jupiter Icy moons Exploration) എന്ന പേടകം വിക്ഷേപിച്ചിരുന്നു. 2031-ല്‍ യൂറോപ്പയില്‍ എത്തുന്ന ജ്യൂസ് യൂറോപ്പയെക്കൂടാതെ വ്യാഴത്തിന്റെ മറ്റു ഉപഗ്രഹങ്ങളായ ഗാനിമീഡ്, കാല്ലിസ്റ്റോ എന്നിവയേയും നിരീക്ഷിക്കും. ക്ലിപ്പര്‍ ജീവന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തും എന്ന വിശ്വാസത്തോടുകൂടി തന്നെ നാസ 2027-ല്‍ വിക്ഷേപിക്കണം എന്ന ഉദ്ദേശ്യത്തോടെ യൂറോപ്പ ലാന്‍ഡര്‍ എന്ന പേടകത്തിന്റെ പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞു. അതുകൂടാതെ, 2028-ല്‍ ശനിയുടെ ഉപഗ്രഹമായ റ്റൈറ്റനിലേക്ക് ''ഡ്രാഗണ്‍ഫ്‌ലൈ'' എന്ന പേടകവും, 2025-ല്‍ നെപ്റ്റിയൂണിന്റെ ഉപഗ്രഹമായ ട്രൈറ്റണിലേക്ക് ''ട്രൈഡെന്റ്'' എന്ന പേടകവും നാസയുടെ പദ്ധതികളില്‍ ഉണ്ട്. ഇവയെല്ലാം സമുദ്രങ്ങളോ മഞ്ഞുപാളികളോ ഉള്ള ഉപഗ്രഹങ്ങള്‍ ആണ്. ഒരുപക്ഷേ ജീവന്‍ നിലനില്‍ക്കാന്‍ പറ്റിയ ചുറ്റുപാടുകള്‍ ഉള്ളതാകാം.
ഒഡീസ്സി-2ല്‍ ആര്‍തര്‍ ക്ലാര്‍ക്ക് ഉദ്ദേശിച്ചത് ബാഹ്യശക്തികളുടെ - പ്രത്യേകിച്ചും മനുഷ്യന്റെ - ഇടപെടല്‍ ഇല്ലാതെ ജീവനെ അതിന്റെ സ്വന്തം വഴിക്ക് വളരാന്‍ അനുവദിക്കണം എന്നുതന്നെയാണ്. ക്ലാര്‍ക്കിന്റെ ആ ഇച്ഛ പൂര്‍ണ്ണമായും ബഹുമാനിക്കപ്പെടുമോ എന്ന് വരുംകാലം തന്നെയേ തെളിയിക്കൂ. കാത്തിരുന്നു കാണാം, 2030-ല്‍.
Content Highlights: m vinayakumar writes on satalite europa clipper, nasa mission
Published: 28 Oct 2024, 08:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented