
നരേന്ദ്ര മോദി ഒരു പൊളിറ്റിക്കല്‍ ബ്രാന്‍ഡാണ്. ബി.ജെ.പിയുടെ പെട്ടിയില്‍ വോട്ടുകള്‍ വീഴ്ത്തുന്ന ബ്രാന്‍ഡ്. പാര്‍ട്ടിയുടെ ജനകീയ മുഖം. മോദിയെ മുന്നില്‍ നിര്‍ത്തിയാണ് കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിന് പിന്നാലെ വന്ന വിവിധ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും മോദി തന്നെയായിരുന്നു ബി.ജെ.പിയുടെ മുഖം. ആ ബ്രാന്‍ഡില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു ഇത്തവണയും ബി.ജെ.പി. തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. ചെറുതായൊന്ന് വിറച്ചെങ്കിലും വിശ്വാസം തെറ്റിയില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്നുവട്ടം പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ പ്രധാനമന്ത്രി.
1950 സെപ്റ്റംബര്‍ 17-ന് വടക്കന്‍ ഗുജറാത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ പിന്നാക്ക സാഹചര്യത്തില്‍ ജനിച്ച്, സാധാരണക്കാരനായി വളര്‍ന്ന കുട്ടി നരേന്ദ്രമോദിയായി രാഷ്ട്രീയത്തില്‍ അനിഷേധ്യനായകനായി മാറിയത് ഇച്ഛാശക്തിയുടെ വിജയംകൂടിയാണ്. വ്യക്തമായ ലക്ഷ്യബോധവും അതിനുവേണ്ടി പോരാടാനുള്ള മനസ്സുമാണ് മോദിക്കുമുന്നിലെ കടമ്പകളെ ഇല്ലാതാക്കിയത്. പരമ്പരാഗത ചട്ടക്കൂടിന് പുറത്തേക്ക് ചിന്തിക്കാനും പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും കഴിയുന്നതാണ് നരേന്ദ്രമോദിയെ മറ്റുള്ള നേതാക്കളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്.
50 വയസ്സ് പിന്നിട്ടശേഷമാണ് നരേന്ദ്രമോദി ഭരണരാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച്, ഭരണപരിചയവും നൈപുണിയും കൈവരിച്ചാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1985-ലാണ് ഭാരതീയ ജനതാപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിനായി മോദിയെ ആര്‍.എസ്.എസ്. നിയോഗിച്ചത്. 1987-ല്‍ ഗുജറാത്ത് ബി.ജെ.പി. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തുടക്കംകുറിച്ചു. മോദി ജനറല്‍ സെക്രട്ടറിയായിരിക്കെ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ബി.ജെ.പി. ജയിച്ചു. 1990-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കോണ്‍ഗ്രസിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്തി.

1995-ല്‍ മോദിയുടെ സംഘടനാപാടവം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ 121 സീറ്റോടെ അധികാത്തിലെത്തിച്ചു. പക്ഷേ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായുള്ള ഭിന്നതയെത്തുടര്‍ന്ന് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് മാറ്റി. ബി.ജെ.പിയുടെ ദേശീയ സെക്രട്ടറി എന്ന നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടായിരുന്നു ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യപടവ്. ഹരിയാനയിലും ഹിമാചല്‍പ്രദേശിലും പാര്‍ട്ടി ചുമതല വഹിച്ചു. 1998-ല്‍ ബി.ജെ.പി. വീണ്ടും ഗുജറാത്തില്‍ അധികാരത്തിലെത്തുകയും കേശുഭായ് പട്ടേല്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. 1998-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിലും പങ്കാളിയായി. ഇക്കാലങ്ങളില്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ സ്വാധീനം വിപുലമായിക്കൊണ്ടിരുന്നു.
2001 ഒക്ടോബര്‍ ഏഴിന് കേശുഭായിയെ മാറ്റി നരേന്ദ്രമോദി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2002 ഫെബ്രുവരി 24-ന് രാജ്കോട്ട് രണ്ടില്‍നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. 2007-ല്‍ രണ്ടാം തവണയും മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഗുജറാത്തില്‍ അധികാരത്തില്‍വന്നു. 2001 മുതല്‍ 13 വര്‍ഷം അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. കാര്യക്ഷമനായ ഭരണാധികാരിയെന്നും ഗുജറാത്തിനെ സാമ്പത്തികശക്തിയാക്കി മാറ്റിയ മുഖ്യമന്ത്രിയെന്നും അദ്ദേഹം പേരു കേള്‍പ്പിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ കളങ്കമായിരുന്നു ഗോധ്ര തീവെയ്പ്പും അതിനേത്തുടര്‍ന്നുണ്ടായ ഗുജറാത്ത് കലാപവും. 2009-ല്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 2012 ഫെബ്രുവരിയില്‍ പ്രത്യേക അന്വേഷണസംഘം മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കി. പിന്നാലെ ഡിസംബറില്‍ തുടർച്ചയായ മൂന്നാം തവണയും മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. അധികാരത്തിലെത്തി.
2013-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുഖ്യപ്രചാരകനായി മോദിയെ ബി.ജെ.പി. തിരഞ്ഞെടുത്തു. സെപ്റ്റംബറില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോദി ഉയര്‍ന്നു. മുതിര്‍ന്ന നേതാക്കളുടെ അടക്കം എതിര്‍പ്പ് മറികടന്നാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ആ തിരഞ്ഞെടുപ്പില്‍ എല്ലാ അര്‍ഥത്തിലും മോദി നിറഞ്ഞുനിന്നു. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രം 282 സീറ്റുകളും എന്‍.ഡി.എയ്ക്ക് 336 സീറ്റുകളും ലഭിച്ചിരുന്നു. നോട്ടുനിരോധനം മുതല്‍ ജി.എസ്.ടി വരെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍; മിന്നലാക്രമണം മുതല്‍ ബാലാക്കോട്ട് വ്യോമാക്രമണം വരെയുള്ള സൈനിക നടപടികള്‍; സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലെല്ലാം ഒട്ടേറെ ചടുലനീക്കങ്ങളാണ് ആ അഞ്ച് വര്‍ഷക്കാലം ഇന്ത്യ സാക്ഷ്യം വഹിച്ചത്. ജന്‍ ധന്‍ യോജന അക്കൗണ്ട്, മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി, സ്വച്ഛ് ഭാരത് അഭിയാന്‍, നീതി അയോഗിന്റെ രൂപീകരണം, ആയുഷ്മാന്‍ ഭാരത് എന്നിങ്ങനെ പദ്ധതികള്‍ ഒരുപാടുണ്ടായിരുന്നു എടുത്തുകാട്ടാന്‍.
2019 ലോക്സഭാ തിരഞ്ഞെടുപ്പിലും മോദി തന്നെയായിരുന്നു ബി.ജെ.പിയുടെ മുഖം. രാജ്യമാകെ മോദി തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ പോലും മറികടന്ന് 352 സീറ്റിന്റെ അംഗബലത്തോടെയാണ് ദേശീയ ജനാധിപത്യസഖ്യം ഭരണമുറപ്പിച്ചത്. 2014-നേക്കാള്‍ വലിയ വിജയം നേടിയാണ് ബി.ജെ.പി. അധികാരത്തുടര്‍ച്ച നേടിയത്. കേവലഭൂരിപക്ഷത്തിന് 272 സീറ്റുകള്‍ മതിയെന്നിരിക്കെ 302 സീറ്റ് ബി.ജെ.പി. ഒറ്റയ്ക്ക് നേടി. അധികാരത്തില്‍ തിരിച്ചെത്തിയതോടെ അധിശക്തനാകുന്ന മോദിയെയാണ് ഇന്ത്യ കണ്ടത്. അധികാരത്തിലെത്തിയതിന് പിന്നാലെ 2019 ഓഗസ്റ്റ് ഒന്നിന് പ്രതിപക്ഷത്തിന്റെ പ്രതിഷേധം അവഗണിച്ചുകൊണ്ട് മോദി സര്‍ക്കാര്‍ മുത്തലാക്ക് ബില്‍ പാസാക്കി. പിന്നാലെ കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളയുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. പിന്നാലെ 2020-ല്‍ പൗരത്വ നിയമ ഭേദഗതി കൊണ്ടുവരികയും ചെയ്തു.
ഒരിക്കല്‍പോലും തോല്‍വിയറിയാത്ത കുതിപ്പായികുന്നു മോദിയുടേത്. ഈ കുതിപ്പിന്റെ ആത്മവിശ്വാസത്തിലാണ് അബ് കി ബാര്‍ ചാര്‍ സൗ പാര്‍ (ഇക്കുറി നാനൂറിനും മീതേ) എന്ന മുദ്രാവാക്യവുമായാണ് എന്‍.ഡി.എ. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയത്. നരേന്ദ്ര മോദി എന്ന ഒറ്റയാളെ മുന്‍നിര്‍ത്തിയാണ് ബി.ജെ.പി. വികസിത ഭാരതം, മോദി ഗാരന്റി എന്നീ മുദ്രാവാക്യങ്ങള്‍ മുന്നോട്ട് വെച്ചത്. പക്ഷേ, പ്രഭാവം മങ്ങുന്നതിനാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. സ്വന്തം മണ്ഡലമായ വാരണാസിയിലും അത് പ്രതിഫലിച്ചു. കഴിഞ്ഞ വര്‍ഷം 4.79 ലക്ഷം വോട്ടിന് വിജയിച്ച വാരണാസില്‍ ഇത്തവണ തുടക്കത്തില്‍ അദ്ദേഹം പിന്നില്‍പോയി. ഒടുവില്‍ 1.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോദി ജയിച്ചികയറിയത്. അനുകൂലസാഹചര്യങ്ങളുടെ അകമ്പടിയോടെ, ആത്മവിശ്വാസത്തിന്റെ ധാരാളിത്തത്തോടെ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ ബി.ജെ.പി.ക്ക് അധികാരത്തിനടുത്തെത്താനായെങ്കിലും ഒന്നുവിറച്ചു. പക്ഷേ സഖ്യകക്ഷികളെ ഒപ്പം കൂട്ടി അധികാരത്തിലെത്താന്‍ മോദിക്ക് സാധിച്ചു.
Content Highlights: Narendra Modi takes oath for third consecutive term as PM
Published: 09 Jun 2024, 08:25 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented