
യൂറോപ്പിലുടനീളം വലതുപക്ഷ രാഷ്ട്രീയത്തിന്റെ കാറ്റടിച്ചു തുടങ്ങിയിട്ട് കാലം കുറച്ചേറെയായി. ദേശീയതയും കുടിയേറ്റവും മുതൽ കാലാവസ്ഥാനയങ്ങൾ വരെയുള്ള ഘടകങ്ങളെ ഈ രാഷ്ട്രീയവ്യതിയാനം സ്വാധീനിക്കുകയും ചെയ്യും. ഒരുകാലത്ത് സോഷ്യലിസത്തിന്റെ പതാകാവാഹകരായിരുന്ന സ്‌കാൻഡിനേവിയൻ രാജ്യങ്ങളുടെ തലപ്പത്ത് പോലും വലതുകക്ഷികൾ ഇടംപിടിച്ചു കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ നാളുകളായി തീവ്രവലതുപക്ഷത്തേക്ക് യൂറോപ്യൻ രാഷ്ട്രങ്ങൾ ചായുന്നു എന്നതാണ് ചർച്ചയാവുന്നത്. ഇറ്റലി, ഫ്രാൻസ്, ജർമനി, ഗ്രീസ്, സ്വീഡൻ, ഹംഗറി, പോളണ്ട് തുടങ്ങി യൂറോപ്പിലെ അധീശശക്തികളെല്ലാം തീവ്രവലതുപാർട്ടികളുടെ ഭരണത്തിലാണ്.
ലിബറൽ- സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്ന് യഥാസ്ഥിതിക മൂല്യങ്ങളുൾക്കൊള്ളുന്ന തീവ്രവലതുപക്ഷങ്ങളിലേക്കുള്ള വ്യതിയാനം നല്ലൊരു വിഭാഗവും ആശങ്കയോടെയാണ് നോക്കിക്കാണുന്നതും. യൂറോപ്പിലാകമാനം 20 ശതമാനത്തോളം വോട്ടുവിഹിതം നേടാൻ തീവ്രവലതിനായിട്ടുണ്ട്. പേരിനു പോലുമൊരും സീറ്റില്ലാത്തിടത്തുനിന്ന് ഇരുപതുശതമാനത്തിലേക്കുള്ള ഈ വളർച്ച നിസ്സാരമായി കാണാനാകില്ല. മാത്രമല്ല അടുത്തവർഷത്തോടെ തീവ്രവലതുകക്ഷികൾ 25 ശതമാനത്തോളം വോട്ടുവിഹിതം നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.തീവ്രവലതുവിഭാഗങ്ങൾ യൂറോപ്പിൽ ആർജിക്കുന്ന വളർച്ചയ്ക്കുളള ഏറ്റവും പുതിയ ഉദാഹരണമാണ് അടുത്തിടെ പോർച്ചുഗലിൽ നടന്ന തിരഞ്ഞെടുപ്പ്.
'ഷെഗ' എന്ന തീവ്രവലതുപാർട്ടിയുടെ ഉദയം
ദശാബ്ദങ്ങളായി പോർച്ചുഗലിൽ മാറി മാറി അധികാരത്തിലിരുന്ന പാർട്ടികളാണ് ഇടതുപക്ഷമായ സോഷ്യലിസ്റ്റ് പാർട്ടിയും വലതുകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും. എന്നാൽ ഇക്കുറി നടന്ന തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടിക്കും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഡെമോക്രാറ്റിക് അലയൻസ് സഖ്യത്തിനും ഭൂരിപക്ഷം നേടാനായില്ല. 230 സീറ്റുകളിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 79 സീറ്റും സോഷ്യലിസ്റ്റ് പാർട്ടിക്ക് 77 സീറ്റും മാത്രമാണ് നേടാനായത്. ഇരുകക്ഷികൾക്കുമെതിരെ അടിക്കടിയുണ്ടാകുന്ന അഴിമതിയാരോപണങ്ങൾ വോട്ടുവിഹിതം കുറയ്ക്കാൻ വഴിവെച്ചെങ്കിലും ഭൂരിപക്ഷം നേടാതെ ഒതുങ്ങേണ്ടി വന്നതിന്റെ പ്രധാന കാരണം പോർച്ചുഗലിലെ ഒരു മൂന്നാം കക്ഷിയുടെ ഉദയമാണ്. തീവ്രവലതു പാർട്ടിയായ ഷെഗയുടെ (CHEGA).
2019-ൽ റൈറ്റ് വിങ് പോപ്പുലിസ്റ്റായ ആൻഡ്രൂ വെൻഡ്യൂറ രൂപീകരിച്ച പാർട്ടിയാണ് ഷെഗ. 2017-ലെ പോർച്ചുഗീസ് തദ്ദേശ തിരഞ്ഞെടുപ്പിൽ ലോറിസ് മുൻസിപ്പാലിറ്റിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ(എസ്.ഡി.പി.) മേയർ സ്ഥാനാർഥിയായിരുന്നു ആൻഡ്രൂ വെൻഡ്യൂറ. 2018-ൽ നേതൃത്വവുമായുള്ള തർക്കത്തെ തുടർന്ന് എസ്.ഡി.പി. വിട്ട ആൻഡ്രൂ വെൻഡ്യൂറ ലോറിസ് സിറ്റി കൗൺസിലിലെ സ്ഥാനമൊഴിഞ്ഞ് ഷെഗ രൂപീകരിക്കുകയായിരുന്നു.
ഷെഗ എന്നാൽ പോർച്ചുഗീസ് ഭാഷയിൽ മതി അഥവാ ഇനഫ് (enough) എന്നാണർഥം. എല്ലാം നിരസിക്കുന്ന എല്ലാവരെയും ചോദ്യം ചെയ്യുന്ന, ദേശീയവാദവും യാഥാസ്ഥിതികത്വവും വേരുകളുള്ള ഒരു പാർട്ടിയായാണ് ഷെഗ സ്വയം കണക്കാക്കുന്നത്. ഫലപ്രദമായ ഒരു നീതിന്യായ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും സമ്പദ്വ്യവസ്ഥയിൽ ഭരണകൂടത്തിന്റെ ഇടപെടൽ കുറയ്ക്കുന്നതിനുമാണ് ഷെഗ ശ്രമിക്കുക എന്നതാണ് പാർട്ടിയുടെ നിലപാട്.
ഷെഗയെ രാഷ്ടീയപാർട്ടിയായി രജിസ്റ്റർ ചെയ്യുന്നതിനെതിരെ എണ്ണായിരത്തോളം പേർ ഒപ്പിട്ട ഹർജിയാണ് അന്ന് പോർച്ചുഗീസ് കോടതിക്ക് മുമ്പാകെ വന്നത്. ഒടുവിൽ 2019 ഏപ്രിൽ 9-ന് ഷെഗയ്ക്ക് രാഷ്ട്രീയപാർട്ടിയായി അംഗീകാരം കിട്ടി. പിന്നീട് ഷെഗ മറ്റു തീവ്രവലതു കക്ഷികളായ പീപ്പിൾ മൊണാർക്കിസ്റ്റ് പാർട്ടി, സിറ്റിസൻഷിപ്പ് ആൻഡ് ക്രിസ്റ്റ്യൻ ഡെമോക്രസി, ഡെമോക്രസി 21 എന്നിവയുമായി സഖ്യമുണ്ടാക്കി. 2019-ലെ പോർച്ചുഗലിലെ യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആൻഡ്രൂ വെൻഡ്യൂറയെ പ്രധാനസ്ഥാനാർഥിയായി ഉയർത്തി ഷെഗ പോരാട്ടത്തിനിറങ്ങാൻ തീരുമാനിക്കുകയും ചെയ്തു. അന്ന് ഒരു സീറ്റു പോലും ലഭിക്കാതെ ഷെഗയ്ക്ക് ഒതുങ്ങേണ്ടി വന്നു.
എന്നാൽ, പോർച്ചുഗലിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന മൂന്നാമത്തെ പാർട്ടിയായി ഉയരാൻ ഷെഗയ്ക്ക് അധികസമയം വേണ്ടിവന്നില്ല. 2019-ലെ പൊതുതിരഞ്ഞെടുപ്പിൽ ലിസ്ബണിൽ നിന്ന് വെൻഡ്യൂറ വിജയിച്ചു, പാർട്ടി ഒരു സീറ്റു നേടി. 2022-ൽ 7 ശതമാനം വോട്ടുവിഹിതത്തോടെ ഷെഗ 12 സീറ്റുകൾ നേടി. ഒടുവിൽ 2024-ൽ എത്തിയപ്പോൾ 7 ശതമാനമുണ്ടായിരുന്ന വോട്ടുവിഹിതം 18 ശതമാനമാക്കി 50 സീറ്റുകൾ ഷെഗ നേടി. സോഷ്യലിസ്റ്റ് പാർട്ടിയുടെയും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെയും നല്ലൊരു പങ്ക് വോട്ടാണ് ഷെഗ പിടിച്ചെടുത്തത്.

ഇതിനൊപ്പം തന്നെ സാമ്പത്തിക പ്രതിസന്ധിയും സർക്കാരിന് തിരിച്ചടിയായി. പണപ്പെരുപ്പം വർധിച്ചതും ഭവനപ്രതിസന്ധിയും ചികിത്സാച്ചെലവിലെ വർധനയും സർക്കാരിനെതിരേ ജനരോഷമുണ്ടാക്കാൻ കാരണമാക്കി. ഇതും ഷെഗയ്ക്ക് ഗുണകരമായി ഭവിച്ചു.
ഇരുപാർട്ടികൾക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും പോർച്ചുഗൽ പ്രസിഡൻ്റ് മാർസെലോ റെബെലോ ഡിസൂസ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി അംഗമായത് വലതുപക്ഷത്തിന് അനുഗ്രഹമായി. അതുകൊണ്ട് വലതുപക്ഷത്തിന് ഒരു ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ സാധിച്ചു. പ്രസിഡൻ്റിൻ്റെ ക്ഷണപ്രകാരം വലതുപക്ഷ നേതാവ് ലൂയിസ് മോണ്ടനെഗ്രോ പ്രധാനമന്ത്രിയായി ചുമതലയേൽക്കും.
സോഷ്യലിസം തകരുമോ
വരുന്ന ജൂണിൽ നടക്കാനിരിക്കുന്ന യൂറോപ്യൻ യൂണിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിലും റൈറ്റ് വിങ്ങ് പോപ്പുലിസ്റ്റുകൾ നല്ലൊരു പങ്ക് വോട്ട് പിടിച്ചെടുക്കുമെന്നാണ് യൂറോപ്യൻ കൗൺസിൽ ഫോർ ഫോറിൻ അഫയേഴ്‌സ് വ്യക്തമാക്കുന്നത്. വലതുപക്ഷമായ യൂറോപ്യൻ പീപ്പിൾസ് പാർട്ടിയും ഇടതുകക്ഷിയായ സോഷ്യലിസ്റ്റ് ആന്റ് ഡെമോക്രാറ്റ്‌സ് പാർട്ടിയും ഒന്ന്, രണ്ട് സ്ഥാനങ്ങളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇരുകക്ഷികൾക്കും മുൻവർഷങ്ങളിലെ അപേക്ഷിച്ച് നല്ലൊരു വിഹിതം സീറ്റുകൾ നഷ്ടപ്പെടുമെന്നും തീവ്രവലതുപക്ഷ വിഭാഗങ്ങളായ ഐഡന്റിറ്റി ആൻഡ് ഡെമോക്രസി, യൂറോപ്യൻ കൺസർവേറ്റീവ്‌സ് ആൻഡ് റിഫോമിസ്റ്റ്‌സ് എന്നീ തീവ്രവലതുകക്ഷികൾ തങ്ങളുടെ നില മെച്ചപ്പെടുത്തുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഓസ്ട്രിയ, നെതർലൻഡ്‌സ്, ഫ്രാൻസ്, ഹംഗറി, പോളണ്ട്, ഇറ്റലി എന്നീ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്നത് തീവ്രവലതുപക്ഷമാവുമെന്നും യൂറോപ്യൻ കൗൺസിൽ ഓഫ് ഫോറിൻ അഫയേഴ്‌സിന്റെ നിരീക്ഷണം വ്യക്തമാക്കുന്നു. സ്‌പെയ്‌നും ജർമനിയുമുൾപ്പടെയുള്ള ഒമ്പതു രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തോ മൂന്നാമതോ നിലയുറപ്പിക്കുമെന്നും കരുതുന്നു.
തീവ്രവലതിലേക്കുള്ള യൂറോപ്പിൻ്റെ മാറ്റം എന്തുകൊണ്ടാകും ആശങ്ക സൃഷ്ടിക്കുക. തീവ്ര വലതുപക്ഷ പാർട്ടികളുടെ ആവിർഭാവം പലപ്പോഴും സമൂഹത്തിൽ ധ്രൂവീകരണത്തിന് കാരണമാകുന്നുണ്ട്. കുടിയേറ്റം, ദേശീയത, സാംസ്കാരിക സ്വത്വം തുടങ്ങിയ വിഷയങ്ങളിൽ അവർ സ്വീകരിക്കുന്ന നിലപാടുകൾ സമൂഹത്തിൽ പല തരത്തിലുള്ള വിഭജനത്തിനു വഴിവെക്കുകയും രാഷ്ട്രീയ ഭൂപ്രകൃതിയിൽ സമത്വത്തിന് ആഘാതമേൽപ്പിക്കുകയും ചെയ്യും. കുടിയേറ്റ നിയമത്തിൽ നിയന്ത്രണം വെക്കുന്നത് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് കുടിയേറിയവർക്ക് തിരിച്ചടിയായേക്കാം.
കുടിയേറ്റക്കാർ, വംശീയ ന്യൂനപക്ഷങ്ങൾ, മതന്യൂനപക്ഷങ്ങൾ എന്നിവയുൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിടുന്ന സമീപനമാണ് പലപ്പോഴും തീവ്രവലതു പക്ഷങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത്. വിവേചനവും പാർശ്വവൽക്കരണവും സാമൂഹിക ഐക്യത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
കൂടാതെ തീവ്രവലതിനു കീഴിൽ അഭിപ്രായ സ്വാതന്ത്ര്യവും, മാധ്യമ സ്വാതന്ത്ര്യവും, നിയമവാഴ്ചയും കനത്ത വെല്ലുവിളി നേരിടും. ചില തീവ്ര വലതുപക്ഷ പാർട്ടികൾ ലിബറൽ ജനാധിപത്യ മാനദണ്ഡങ്ങൾക്കും ഭീഷണി ഉയർത്തിയേക്കാം. അവരുടെ ജനാധിപത്യവിരുദ്ധ, സ്വേച്ഛാധിപത്യ പ്രവണതകൾ ജനാധിപത്യ ഭരണത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തിയേക്കും. ഇതിനു പുറമേ മറ്റു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തെയും തീവ്രവലതുകക്ഷികളുടെ നയങ്ങൾ ബാധിക്കും.
ഫ്രാൻസിൽ പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ കീഴിലുള്ള ഭരണകൂടം കുടിയേറ്റവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നയങ്ങൾ ആഗോളതലത്തിൽ വിമർശനത്തിനു വഴിവെച്ചിരുന്നല്ലോ. മാക്രോണിൻ്റെ പുതിയ കുടിയേറ്റ നയപ്രകാരം വിദേശവിദ്യാർഥികൾക്കു മേലുള്ള നിയന്ത്രണം ശക്തമാക്കി. വിദേശപൗരന്മാർക്ക് ഫ്രാൻസിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പോലും പൗരത്വം ലഭിക്കാനായുള്ള നടപടികളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. സമാനമായ നിലപാടാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും കുടിയേറ്റവുമായി ബന്ധപ്പെട്ട് സ്വീകരിച്ചത്. എന്നാൽ ഇതിലും അപകടകരമായ ചിലതുണ്ട്. ന്യൂനപക്ഷവിരുദ്ധമായ, മുസ്ലിംവിരുദ്ധമായ പല നിലപാടുകളും തീവ്രവലതുകക്ഷികളുടെ ഭാഗത്തു നിന്നുണ്ടാവാറുണ്ട്. യൂറോപ്യൻ യൂണിയനിൽ മുസ്ലിം അംഗങ്ങളുണ്ടാകുന്നത് അപകടമാണെന്നും ഇത് തടയണമെന്നുമുള്ള പ്രസ്താവന ആൻഡ്രൂ വെൻഡ്യൂരയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. എൽ.ജി.ബി.ടി.ക്യൂ. വിരുദ്ധ നയങ്ങളും വെൻഡ്യൂര പലപ്പോഴും സ്വീകരിച്ചിട്ടുണ്ട്. പോർച്ചുഗലിലെ കറുത്തവർഗക്കാരായ ആളുകൾ ഇവിടെ താമസിക്കേണ്ടവരല്ലായെന്നും സ്വന്തം നാടുകളിലേക്ക് മടങ്ങി പോകണമെന്നും ഒരിക്കൽ ആൻഡ്യൂ ആഹ്വാനം ചെയ്തിരുന്നു. കറുത്ത വർഗക്കാരിയായ എം.പി.ജോക്കെയ്ൻ മൊരേയ്റക്കെതിരെ നടത്തിയ വംശീയ അധിക്ഷേപത്തിൻ്റെ പേരിലും ആൻഡ്രൂ വെൻഡ്യൂര പരക്കെ വിമർശിക്കപ്പെട്ടിരുന്നു.
ഇത്തരത്തിൽ യൂറോപ്പിലെ തീവ്ര വലതുപക്ഷ പാർട്ടികളുടെ വളർച്ച ജനാധിപത്യം, സാമൂഹിക ഐക്യം, ഭരണം എന്നിവയിൽ നിരവധി പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം.
Content Highlights: europe's shift towards far right on the light of portugal election and the rise of chega
Published: 07 Apr 2024, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented