പാര്‍ട്ടിയുടെ  200 വര്‍ഷത്തെ ചരിത്രത്തിലെ അതിദാരുണമായ തോല്‍വി. ലേബര്‍ പാര്‍ട്ടിക്ക് മുന്നില്‍ അടിയറവെച്ച ടോറികളുടെ പരാജയത്തെ രാഷ്ട്രീയനിരീക്ഷകര്‍ വിശേഷിപ്പിച്ചതിങ്ങനെയാണ്. 2025 ജനുവരി വരെ കാലാവധി നിലനില്‍ക്കെ അമിതാത്മവിശ്വാസത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തേരോട്ടത്തിന്  ഒറ്റരാത്രികൊണ്ട് അതിനാടകീയമായി കടിഞ്ഞാണ്‍ വീഴുമെന്ന് ഋഷി സുനക് കരുതിക്കാണില്ല. ശക്തികേന്ദ്രങ്ങളില്‍ പോലും ടോറികൾ തകര്‍ന്നടിഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍തന്നെ പുറത്തുവന്ന എല്ലാ അഭിപ്രായ സര്‍വെകളും സുനക്കിന്റെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും തോല്‍വി പ്രവചിച്ചിരുന്നു. 

To advertise here,

വിലക്കയറ്റം, കുടിയേറ്റം, സാമ്പത്തിക-രാഷ്ട്രീയ-ആരോഗ്യമേഖലകളിലെ അസ്ഥിരത, അതിലുപരി പാളിപ്പോയ ബ്രെക്‌സിറ്റ് തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ജനവികാരം ഭരണപക്ഷത്തിനെതിരെയാക്കിയത് ടോറികള്‍ക്ക് തിരിച്ചടിയായി. 14 വര്‍ഷത്തെ ഭരണത്തില്‍ രാജ്യം ഭരിച്ചത് അഞ്ചു പ്രധാനമന്ത്രിമാര്‍. ഒരു വര്‍ഷം മാത്രം മൂന്ന് പ്രധാനമന്ത്രിമാര്‍ ഭരിക്കുന്ന ഗതികേടിലേക്ക് വരെ പാര്‍ട്ടിയെത്തി. ഒരുകാലത്ത് ഭരണസ്ഥിരതയ്ക്ക് പേരുകേട്ട രാജ്യത്തിൻ്റെ ദയനീയത.

ലേബര്‍ പാര്‍ട്ടിയോടുള്ള ജനസമ്മതിക്കുപരി രാജ്യത്താകെ അലയടിച്ച ഭരണവിരുദ്ധവികാരമാണ് അവര്‍ക്ക് ഗുണം ചെയ്തത് എന്ന് ഇതിലൂടെ ഉറപ്പിക്കാം. നിയുക്ത പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറിൻ്റെ പ്രചരണം പോലെ തന്നെ ബ്രിട്ടണ്‍ വോട്ടുചെയ്തത് മാറ്റത്തിനു വേണ്ടിയാണ്, മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. 

സാമ്പത്തിക പ്രതിസന്ധിയിൽ ഉലഞ്ഞ രാജ്യം, പാലിക്കാതെ പോയ വാഗ്ദാനങ്ങൾ

650 അംഗ പാർലമെന്റിൽ ഭരണം നേടാന്‍ 326 സീറ്റുകളാണ് വേണ്ടതെന്നിരിക്കെ ലേബര്‍ പാര്‍ട്ടി 410 സീറ്റുകളുടെ കുത്തക വിജയം നേടി. 113 സീറ്റുകളിലൊതുങ്ങിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ  പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്വയമേറ്റെടുക്കുന്നതായി വ്യക്തമാക്കി ഋഷി സുനക് രംഗത്തെത്തി. 2010-ല്‍ ഡേവിഡ് കാമറോണിന്റെ നേതൃത്വത്തില്‍ നേടിയ വിജയത്തിനുശേഷം 2015-ലെയും 2017-ലെയും 2019-ലെയും തിരഞ്ഞെടുപ്പുകളില്‍ അധികാരം നിലനിര്‍ത്തിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പിഴച്ചതെവിടെയാണ്? 

സാമ്പത്തിക അസ്ഥിരതയാണ് ടോറികള്‍ക്ക് വിനയായ ഏറ്റവും പ്രധാന പ്രശ്‌നം. സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ കണ്‍സര്‍വേറ്റീവ് ഭരണകാലത്ത് കൂടുതല്‍ മോശമാവുകയാണുണ്ടായത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ജനങ്ങള്‍ പാടുപെട്ടു.

വിലക്കയറ്റത്തിന്റെ തോത്‌ പകുതിയാക്കി കുറയ്ക്കുമെന്നായിരുന്നു അധികാരത്തിലേറിയപ്പോള്‍ സുനകിന്റെ വാഗ്ദാനം. 2022 ഒക്ടോബറിനും ഡിസംബറിനുമിടയിലുള്ള മൂന്ന് മാസ കാലയളവില്‍ വിലക്കയറ്റം 10.7% ആയിരുന്നു, അതിനാല്‍ 2023-ന്റെ അവസാന മൂന്ന് മാസങ്ങളില്‍ 5.3% അല്ലെങ്കില്‍ അതില്‍ താഴെയായി കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. അത് 2023-ൽ തന്നെ 4.2 ശതമാനമാക്കാൻ സുനകിന് കഴിഞ്ഞു. 2024 ഏപ്രിലോടെ 2.3 ശതമാനമായി വിലക്കയറ്റത്തിന്റെ തോത്‌ കുറച്ചു. 

placeholder
ബിബിസിയുടെ തിരഞ്ഞെടുപ്പ് സംവാദത്തിനിടെ ഋഷി സുനക്, കെയ്ർ സ്റ്റാമർ സമീപം | Photo: AFP

രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ വളര്‍ത്തുമെന്നതായിരുന്നു സുനക് സർക്കാറിൻ്റെ രണ്ടാമത്തെ വാഗ്ദാനം. സുനകിൻ്റെ മുൻഗാമി ലിസ് ട്രസിൻ്റെ ഭരണകാലത്ത് നടപ്പാക്കിയ പരിഷ്കാരങ്ങളും സമ്പദ്ഘടനയെ ബാധിച്ചു. 2023 അവസാനത്തോടെ സാമ്പത്തിക വളർച്ച കൈവരിക്കുമെന്നതായിരുന്നു ഉറപ്പ്. എന്നാൽ,  അത് പാലിക്കാനായില്ല. ആദ്യ മൂന്ന് മാസം കുഴപ്പമില്ലാതെ പോയെങ്കിലും വർഷാവസാനത്തോടെ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തി. 2023-ൽ 0.1 ശതമാനം സാമ്പത്തിക വളർച്ച മാത്രമാണ് കൈവരിക്കാനായത്. പൊതുകടം കുറയ്ക്കുമെന്ന മൂന്നാമത്തെ വാഗ്ദാനവും  പൂർത്തീകരിക്കാനായില്ല. 2023 ഏപ്രിലിനേക്കാൾ 2.5 ശതമാനമാണ് പൊതുകടം ഉയർന്നത്. 

കൺസർവേറ്റീവ് ഭരണത്തിൽ താറുമാറായ മറ്റൊരു മേഖല ആരോഗ്യരംഗമാണ്. സ്കോട്ട്ലൻഡ്, വെയിൽസ്, ഇംഗ്ലണ്ട് ഇവിടങ്ങളിലെ പൊതുപങ്കാളിത്തത്തോടെ നടത്തുന്ന സംയുക്ത ആരോഗ്യ പരിരക്ഷാ സംവിധാനമായ നാഷണൽ ഹെൽത്ത് സർവീസിൻ്റെ വെയിറ്റിങ് ലിസ്റ്റ് കുറയ്ക്കുമെന്നതായിരുന്നു അടുത്തത്. വെയിൽസും സ്കോട്ട്ലൻഡും സ്വന്തം നിലയിൽ എൻ.എച്ച്.എസിൻ്റെ നിയന്ത്രണം ഏറ്റെടുത്തതിനാൽ ഇംഗ്ലണ്ടിൻ്റെ മാത്രം ഉത്തരവാദിത്തമേ  സുനകിനുണ്ടായിരുന്നുള്ളൂ. എന്നിട്ടും ആ വാഗ്ദാനവും നിറവേറ്റാനായില്ല. അത്യാഹിത ഇതര ചികിത്സകൾക്കായി 2024 ഏപ്രിലിൽ ഇംഗ്ലണ്ടിൽ വെയ്റ്റിങ് ലിസ്റ്റിലുള്ളത് 70 ലക്ഷത്തിലധികം ആളുകളാണ്. വെയ്റ്റിങ് ലിസ്റ്റ് കുറയ്ക്കുമെന്ന് സുനക് വാഗ്ദാനം നൽകുന്ന സമയത്തേക്കാൾ മൂന്നര ലക്ഷത്തിലധികം പേർ. ഈ വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് സുനക് തന്നെ സമ്മതിക്കുകയും ചെയ്തു.

placeholder
പ്രതീകാത്മചിത്രം | Photo: AFP

ഇംഗ്ലണ്ടിൽ ഭരണകൂടങ്ങൾ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായിരുന്നു അനധികൃത കുടിയേറ്റം. 2022-ൽ ഇംഗ്ലീഷ് ചാനൽ വഴി ഫ്രാൻസിൽനിന്നു ഇംഗ്ലണ്ടിലേക്ക് ബോട്ടു കയറിയെത്തിയത് 45,755 അഭയാർഥികളാണ്. 2019-ന് ശേഷം കുടിയേറ്റത്തിൽ വന്‍വര്‍ധനവാണ് റിപ്പോർട്ട് ചെയ്തത്.  2017 മുതല്‍ 2023 വരെ ബോട്ടുകളിലൂടെ മാത്രം 1.35 ലക്ഷത്തിലേറെപ്പേര്‍ യു.കെയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  ഇതിനു പിന്നാലെയാണ് 2023 ജനുവരിയിൽ ബ്രിട്ടണിലേക്കുള്ള കുടിയേറ്റം കുറയ്ക്കുമെന്ന് സുനക് പറഞ്ഞത്. 2022 ജനുവരി ഒന്നിന് ശേഷം യു.കെയിലെത്തിയ  അനധികൃത കുടിയേറ്റക്കാരെ നിയമനിര്‍മാണത്തിലൂടെ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള നിയമനിര്‍മാണമായ റുവാണ്ട ബില്‍ സർക്കാർ പാസാക്കി. എന്നാൽ, ഇതിനെതിരെ പ്രതിപക്ഷപാർട്ടികളുടെയും പൊതുജനങ്ങളുടെയും എതിർപ്പ് രൂക്ഷമായതോടെ ബിൽ നടപ്പായില്ല. അനധികൃത കുടിയേറ്റം തുടരുകയും ചെയ്തു. 2023-ൽ 29,437 പേർ ഇംഗ്ലീഷ ചാനൽ കടന്നു. 2024-ൽ ഇതുവരെ 11,433 പേർ അനധികൃതമായി കുടിയേറി. അങ്ങനെ ആ വാഗ്ദാനവും വൃഥാവിലായി. സുനകിൻ്റെ ഭരണകാലയളവിൽ പൊതുവേ ഉയർന്നുകേട്ട വിമർശനം സാധാരണക്കാരുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെട്ടു എന്നതായിരുന്നു.

placeholder

പാളിപ്പോയ ബ്രെക്സിറ്റ്

പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ ഒരര്‍ഥത്തില്‍ പാളിപ്പോയ തീരുമാനമായിരുന്നു ബ്രെക്സിറ്റ്. യൂറോപ്യൻ യൂണിയനിൽ തുടരുന്നത് ബ്രിട്ടണ് നഷ്ടം മാത്രമാണ് ഉണ്ടാക്കുന്നത് എന്ന വാദം ഉയർന്നു വന്നു. ബ്രെക്‌സിറ്റ് വേണോ വേണ്ടയോ എന്നതില്‍ 2016-ലാണ് ബ്രിട്ടണില്‍ ഹിതപരിശോധന നടന്നത്. ബ്രെക്‌സിറ്റ് വേണം എന്ന വാദത്തിന് നേരിയ ഭൂരിപക്ഷം പിന്തുണ അറിയിച്ചു. പിന്നാലെ ബ്രെക്‌സിറ്റിനെ എതിര്‍ത്ത അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജിവെച്ചു. പിന്നാലെ അധികാരത്തിലെത്തിയ തെരേസ മേയ് ബ്രെക്‌സിറ്റ് സുഗമമാക്കാൻ പലകുറി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതോടെ അവരും രാജിവച്ചു. ബോറിസ് ജോണ്‍സണിന്റെ ഊഴമായിരുന്നു പിന്നീട്.

ബ്രെക്‌സിറ്റ് നടപ്പായെങ്കിലും വീണ്ടുവിചാരമില്ലാതെ ബോറിസ് ജോണ്‍സണ്‍ നടപ്പാക്കിയ ബ്രെക്‌സിറ്റ് നയങ്ങള്‍ ബ്രിട്ടണെ പ്രതിസന്ധിയിലാക്കി. യൂറോപ്യന്‍ യൂണിയനുമായി വ്യാപാരക്കരാര്‍ ഉണ്ടാക്കാനാകാതെ വന്നതോടെ വിലക്കയറ്റം വന്നു, വ്യാപാരമിച്ചം കുറഞ്ഞു. വന്ന വഴിയിൽ നിന്ന് മാറി പുതിയ കക്ഷികളുമായി ചേർന്നുള്ള വ്യാപാരബന്ധങ്ങൾ കൂടുതലും പരാജയമായിരുന്നു.

പിന്നാലെ, കോവിഡും യുക്രൈന്‍ യുദ്ധവും കൂടി എത്തിയത്തോടെ ബ്രിട്ടണ്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ബ്രെക്സിറ്റിനെ കുറിച്ച് പാടിപ്പുകഴ്ത്തിയ നേട്ടങ്ങളൊന്നും ഉണ്ടാക്കിയെടുക്കാൻ ടോറികൾക്ക് കഴിഞ്ഞില്ല. മറിച്ച് കുതിച്ചുയർന്ന ജീവിതച്ചെലവ്, താളംതെറ്റിയ ഗാർഹികബജറ്റുകൾ എന്നിവയെയാണ് ബ്രിട്ടൺ അഭിമുഖീകരിച്ചത്. ബ്രിട്ടണെ ആഗോളവത്കരിക്കുമെന്നത് പാഴ്വാക്കിലൊതുങ്ങി ബ്രിട്ടൺ ബ്രിട്ടണിലേക്ക് തന്നെ ചുരുങ്ങി. പുതുതായി പുറത്തുവന്ന അഭിപ്രായ സർവെകളിൽ ബ്രെക്സിറ്റിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതൽ എതിർക്കുന്നവരാണ്.

placeholder
Keir Starmer | Photo: AP
കെയ്ർ സ്റ്റാമർ | Photo: Associated Press

ഇനിയെന്ത്?

രാജ്യം നേരിടുന്ന സാമ്പത്തിക അസ്ഥിരതയ്ക്ക് പരിഹാരം കാണുക എന്നതാണ് കെയ്ർ സ്റ്റാമർ സർക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. യൂറോപ്യന്‍ യൂണിയനിൽ വീണ്ടും പങ്കാളിയാകുന്നതിനോട് സ്റ്റാമർക്ക് യോജിപ്പില്ല. എന്നാല്‍ ചെറുകിട സ്ഥാപനങ്ങളെ സഹായിക്കാനായി യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര തടസങ്ങള്‍ നീക്കുന്നത് ലേബര്‍ പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. അതിര്‍ത്തികളില്‍ ഉത്പന്നങ്ങള്‍ പരിശോധിക്കുന്നത് കുറയ്ക്കുന്നതിനായുള്ള പുതിയ കരാറും പാര്‍ട്ടിയുടെ ലക്ഷ്യമാണ്. എന്നാൽ, ഏറിയ പങ്കും ബ്രെക്സിറ്റിനോട് മുഖംതിരിക്കുന്ന സാഹചര്യത്തിൽ മറിച്ചൊരു തീരുമാനം സ്റ്റാമറിൻ്റെ ഭാഗത്തുനിന്നുണ്ടാകുമോയെന്നും അറിയേണ്ടതുണ്ട്.

മധ്യ- ഇടത് പാർട്ടിയാണെങ്കിൽ പോലും തീവ്ര ഇടത് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്നവരല്ല ലേബർ പാർട്ടി. യാഥാസ്ഥിതിക മൂല്യങ്ങളിലേക്കാണ് പാർട്ടിയുടെ അടുപ്പവും. മുൻ നേതാവ് ജെറമി കോർബിൻ്റെ രാജിയിൽ അത് കണ്ടതുമാണ്. ഇടതു ചായ്‌വുള്ള പാർട്ടിയെ കൂടുതൽ ഇടത്തേക്ക് ഒഴുക്കാനായിരുന്നു കോർബിൻ്റെ ശ്രമം. പാർട്ടി അംഗങ്ങൾക്കിടയിൽ ജൂത വിദ്വേഷപ്രചാരണം തടയുന്നതിൽ വീഴ്ചവരുത്തി എന്ന ആരോപണം കോർബിനെതിരെ ഉയർത്തിയത്‌ കെയ്‌ർ സ്റ്റാമറായിരുന്നു. ഇതിലൂടെ തന്നെ ഇസ്രയേൽ അനുകൂല നിലപാടാകും സ്റ്റാമർ കൈക്കൊള്ളുക എന്നും വ്യക്തം. ഇക്കാരണങ്ങളാലൊക്കെ തന്നെ മുൻസർക്കാരിൽ നിന്ന് വിദേശനയങ്ങളിൽ മാറ്റം വരാൻ സാധ്യത കുറവാണ്.

അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നയങ്ങളും സ്റ്റാമർ സ്വീകരിച്ചേക്കാം. കുടിയേറ്റത്തിൽ ഏറ്റവും വിശാലമായ ഇളവുകൾ സുനക് നൽകിയെന്ന് സ്റ്റാമർ വിമർശിക്കുകയും ചെയ്തു. അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നും കുടിയേറ്റനിയന്ത്രണം കർശനമാക്കുമെന്നും സ്റ്റാമർ പറഞ്ഞിരുന്നു. അതേസമയം, ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടാനാണ് സാധ്യത കൂടുതൽ. പ്രകടനപത്രികയിൽ ലേബർ പാർട്ടി അത് വ്യക്തമാക്കിയതുമാണ്.