ധികാരഭ്രമം രക്തരൂക്ഷിതമാക്കിയ 500 ദിനരാത്രങ്ങള്‍. മരിച്ചുവീണ പതിനായിരങ്ങള്‍. മുറിവേറ്റ, അനാഥരാക്കപ്പെട്ട അതിലുമധികം മനുഷ്യര്‍. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുഞ്ഞുങ്ങള്‍. ആഭ്യന്തരയുദ്ധം അന്ത്യമില്ലാതെ തുടരുന്ന സുഡാന്‍ കടുത്ത മാനുഷിക പ്രതിസന്ധിയുടെ പിടിയിലാണ്. ക്ഷാമം പിടിമുറുക്കിക്കഴിഞ്ഞു. ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ അങ്ങനെ അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതെ ഉഴലുന്ന മനുഷ്യര്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഭീഷണമായ ക്ഷാമമാണ് സുഡാനിലേത് എന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്. ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ രാജ്യത്തോളം വലിപ്പത്തിൽ  മൃതശരീരങ്ങൾ കുന്നുകൂടി കഴിഞ്ഞു. കണക്കുകൾ 15000-ഉം 18000-ഉം മരണങ്ങൾ സ്ഥിരീകരിക്കുമ്പോൾ കണക്കിൽപ്പെടാത്ത മരണങ്ങൾ ഒരു ലക്ഷവും കടന്നെന്നാണ് സൂചന. 

To advertise here,

ആഭ്യന്തര കലാപങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ക്ഷാമവും തുടര്‍കഥയായ സുഡാനില്‍ 2017-നു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ക്ഷാമമാണിത്. ദാരിദ്ര്യത്തില്‍ കഴിയുന്ന ജനത അതിദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. ഭക്ഷ്യസുരക്ഷ താറുമാറായി. രാജ്യത്തെ രണ്ടു കോടിയിലധികം ജനങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നാണ് കണക്കുകള്‍. അതായത് സുഡാന്‍ ജനസംഖ്യയുടെ പകുതിയോളം വിശന്നു കഴിയുകയാണെന്നര്‍ഥം.

2023 ഏപ്രിലിലാണ് സുഡാനില്‍ ഭരണകൂടമെന്ന് അവകാശപ്പെടുന്ന സായുധസേനയും (എസ്.എ.ഫ്) അര്‍ധസൈനികവിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസും തമ്മില്‍ ഏറ്റുമുട്ടലാരംഭിക്കുന്നത്. സൈന്യവും അര്‍ധസൈന്യവും തമ്മിലുള്ള കിടമത്സരം മാസങ്ങള്‍ പിന്നിട്ടിട്ടും ശക്തിചോരാതെ തുടരുമ്പോള്‍ ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം 18,800-ലധികം പൗരന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 33000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിന്റെ മറവില്‍ നിരവധി സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗത്തിനിരയായി. പട്ടിണി കാരണം സുഡാനില്‍ ദിവസം നൂറോളം പേരാണ് മരിക്കുന്നത് എന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്. നിലവിലെ സംഘര്‍ഷാവസ്ഥയുടെ തുടക്കം മുതല്‍ രണ്ടു കോടിയിലധികം പേരാണ് സുഡാന്‍ അതിര്‍ത്തി കടന്ന് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ഒരു കോടിയിലേറെ പേര്‍ ആഭ്യന്തര പലായനത്തിലാണ്. രാജ്യത്തെ 90 ശതമാനം വിദ്യാലയങ്ങളും അടച്ചുപൂട്ടി. തത്ഫലമായി ഒരു കോടിയിലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു.

ക്ഷാമം രൂക്ഷമായതോടെ ജനങ്ങള്‍ മണ്ണും പുഴുങ്ങിയ ഇലകളും ഭക്ഷിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത് എന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുട്ടികളുടെയുള്‍പ്പടെ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍ ഉള്‍പ്പടെ സംഘര്‍ഷത്തില്‍ തകര്‍ന്നു. ആര്‍.എസ്.എഫ്. ഗോതമ്പ് ഉള്‍പ്പടെയുള്ള വിളകള്‍ മോഷ്ടിച്ചുവെന്നും കാര്‍ഷികോത്പന്നങ്ങള്‍ നശിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ പുതിയ കൃഷിയിറക്കാനാവാതെ കര്‍ഷകരും പ്രതിസന്ധിയിലാണ്.

ഇതുവരെ ചരിത്രം കണ്ട ഏറ്റവും വലിയ ഭക്ഷ്യക്ഷാമത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് സുഡാന്‍. ഒക്ടോബറിനും ഡിസംബറിനുമിടയ്ക്ക് ക്ഷാമം കൂടുതല്‍ വഷളായേക്കാമെന്നും പട്ടിണി കാരണം മരണപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചേക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ലോകത്തില്‍ തന്നെ ഏറ്റവും ഭീമമായ തോതില്‍ കുട്ടികള്‍ പലായനം നടത്തിയതും സുഡാനില്‍ തന്നെ. പലായനം നടത്തിയവരില്‍ പകുതിയും കുട്ടികളാണ്. 

placeholder
സുഡാനിലെ ഒരു ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുട്ടികൾ | Photo: AFP

എല്‍ ഫാഷര്‍, സൗത്ത് കോര്‍ഡോഫാന്‍, ഖാര്‍ത്തൂം എന്നിവയുള്‍പ്പെടെ, ഏറ്റവും കൂടുതല്‍ പോരാട്ടം നടക്കുന്ന ഗ്രേറ്റര്‍ ഡാര്‍ഫറിലെ പ്രദേശങ്ങളില്‍ രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥ വീണ്ടും വര്‍ദ്ധിക്കും. വരാനിരിക്കുന്ന മാസങ്ങളില്‍ ഏഴുലക്ഷത്തോളം കുട്ടികളില്‍ ഭീഷണമായ പോഷകാഹാരക്കുറവും അനുഭവപ്പെടുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സംഘര്‍ഷബാധിത പ്രദേശങ്ങളിലേക്ക് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കടക്കാനാവാത്തതുകൊണ്ട് തന്നെ ഇതിനു പരിഹാരം കാണാനുമാകില്ല. ജനുവരി മുതല്‍ മെയ് വരെയുള്ള കണക്കുകളില്‍ പോഷകാഹാരക്കുറവു മൂലം 95,400-ലധികം കുഞ്ഞുങ്ങളാണ് ക്യാമ്പുകളിലും മറ്റും ചികിത്സയില്‍ കഴിയുന്നത്. ഭൂരിഭാഗം കുട്ടികള്‍ക്കും പ്രായത്തിനാവശ്യമായ ശരീരഭാരമില്ല. 

1984-ല്‍ സുഡാനിലുണ്ടായ ക്ഷാമമാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായ ഭക്ഷ്യപ്രതിസന്ധി. അന്ന് 150,000 ആളുകളാണ് മരിച്ചത്. എന്നാല്‍ തല്‍സ്ഥിതി തുടരുകയാണെങ്കില്‍ ഇത്തവണ മരണസംഖ്യ 755000 എങ്കിലും കടക്കുമെന്നാണ് യു.എന്‍. ഉള്‍പ്പടെ വ്യക്തമാക്കുന്നത്. ഗാസയ്‌ക്കോ യുക്രൈനോ ലഭിച്ച അന്താരാഷ്ട്ര ശ്രദ്ധയോ സഹായങ്ങളോ സുഡാന് ലഭിക്കുന്നില്ല എന്നതാണ് ഖേദകരം.

കേട്ടുപഴകിയ വെടിയൊച്ച, കണ്ടുതഴമ്പിച്ച മരണവിലാപങ്ങൾ

വെടിയൊച്ചകളും മരണഭയം കൊണ്ടുള്ള നിലവിളികളും സുഡാന് പുതിയ കാര്യമൊന്നുമല്ല. സ്വാതന്ത്ര്യാനന്തരം മുതൽ മുഴങ്ങികേൾക്കുന്നതാണ് ജീവനു വേണ്ടിയുള്ള നിസ്സഹായ മനുഷ്യരുടെ വിലാപങ്ങൾ. 1956-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതു മുതൽ ആഭ്യന്തരകലാപങ്ങളാൽ സുഡാൻ്റെ ചരിത്രം മുറിപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷം ആറു പട്ടാള അട്ടിമറികളാണ് സുഡാനിലുണ്ടായത്. ഇതിനിടയിൽ പരാജയപ്പെട്ട പത്ത് അട്ടിമറികളുമുണ്ട്. 

സഹാറ മരുഭൂമിയോട് ചേർന്നുനിൽക്കുന്ന ഭൂപ്രദേശമാണ് സുഡാൻ. എണ്ണശേഖരമുണ്ടെങ്കിൽ പോലും അതിദരിദ്രർ അധിവസിക്കുന്ന രാജ്യം. ഏതാണ് നാലരക്കോടിയോളം വരുന്ന ജനങ്ങളിൽ ഭൂരിഭാഗവും പട്ടിണി വെന്തവയറുമായി കഴിയുന്നു. വയറുന്തി എല്ലും തോല്ലുമായ കുഞ്ഞുങ്ങളാണ് സുഡാൻ്റെ പ്രതിബിംബം. 2011 വരെ സുഡാൻ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായിരുന്നു. സുഡാനിലെ ഭരണകൂടവും വിഘടനവാദികളും തമ്മിലുള്ള സംഘർഷത്തിൻ്റെ ഫലമായി സുഡാൻ രണ്ടായി വിഭജിച്ചു. ദക്ഷിണ സുഡാൻ എന്ന പുതിയ രാജ്യം രൂപീകൃതമായി.

placeholder
Photo: AFP

64-ഓളം ഗോത്രങ്ങളുണ്ട് സുഡാനിൽ. മുസ്ലിം ഭൂരിപക്ഷമാണ് ഇവിടം. ഇവരിലെ പ്രധാന ശക്തികളിലൊന്നായ ഫർ വിഭാഗം അല്‍-ഫാഷര്‍ തലസ്ഥാനമാക്കി ഭരണമാരംഭിച്ചു. 1874 വരെ ഫര്‍ വംശം സുഡാന്‍ ഭരിച്ചു. പിന്നീട് മുഹമ്മദ് അഹമ്മദ് ഇബിന്‍ അബ്ദുള്ള നേതാവായ മഹദീയ ഭരണം കൈക്കലാക്കി. മഹദികള്‍ 1898 വരെ രാജ്യം ഭരിച്ചു. ഒന്നാം ലോകയുദ്ധംവരെ സുല്‍ത്താനേറ്റ് ഓഫ് ഡാര്‍ഫര്‍ ആയിരുന്നു രാജ്യം. പിന്നീട് 1906-ല്‍ ഡാര്‍ഫര്‍ ബ്രിട്ടന്റെ അധീനതയിലായി. 1956-ല്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടുകയും ചെയ്തു. എന്നാൽ ഭൂരിപക്ഷം ബ്രിട്ടീഷ് കോളനികളിലേത് പോലെ തന്നെ അപക്വമായ ഭരണകൂടങ്ങളിലേക്കുള്ള സ്വതന്ത്ര്യ കൈമാറ്റം സുഡാനിൽ സംഘർഷങ്ങളുടെ വിത്തുപാകി. വംശഹത്യ അരങ്ങേറി. വംശീയമായ വേർതിരിവുകൾ പാരമ്യത്തിലെത്തി. 1980-കളിലാണ് സംഘർഷം രൂക്ഷമാകുന്നത്. 

വംശഹത്യയുടെ ചരിത്രമെന്ന പുസ്തകത്തിൽ ദിനകരൻ കൊമ്പിലാത്ത് സുഡാനിലെ സംഘർഷത്തിൻ്റെ മൂലകാരണം ഇങ്ങനെ വിവരിക്കുന്നു. 'കോളനിഭരണത്തിനുശേഷം വന്ന സര്‍ക്കാരുകളില്‍ അറബി സംസാരിക്കുന്ന വരേണ്യവര്‍ഗത്തിന് മേധാവിത്വമുണ്ടായതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. അവരുടെ മേഖലയില്‍തന്നെയാണ് സാമ്പത്തികമായ വികസനം കൂടുതല്‍ വന്നത്. ഈ വരേണ്യവര്‍ഗം പതിയെ പതിയെ ഇവിടം കേന്ദ്രീകരിച്ച് ഒരു ദേശീയത രൂപപ്പെടുത്തി. അറബിസവും ഇസ്ലാമും ചേര്‍ത്തുകൊണ്ട് ഒരു സംഘടിതശക്തിയായി അവര്‍ വളരാന്‍തുടങ്ങി. കൃഷിഭൂമി വന്‍തോതില്‍ ഇവരുടെ കയ്യിലായി. തദ്ദേശീയ ആഫ്രിക്കന്‍ കര്‍ഷകര്‍ പാട്ടത്തിനെടുത്ത് കൃഷി നടത്തേണ്ട അവസ്ഥയിലായി. പകലന്തിയോളം പണിയെടുത്താലും ജീവിക്കാന്‍പറ്റാത്ത സ്ഥിതി. കന്നുകാലികളെ മേയ്ക്കാന്‍ സ്ഥലമില്ലാതായി. അതുകൊണ്ടുതന്നെ അവര്‍ക്ക് പച്ചപ്പ് തേടി വലിയ യാത്രകള്‍ നടത്തേണ്ടിയുംവന്നു. 1950-ലും 1960-ലും നിരവധി വംശീയ വിമതഗ്രൂപ്പുകള്‍ ഇതിന്റെ ഭാഗമായി ഇവിടെ രൂപംകൊണ്ടിരുന്നു. തുടര്‍ന്നാണ് സ്വയംഭരണം നേടുന്നതിന്റെ ഭാഗമായി 'ഡാര്‍ഫര്‍ ഡെവലപ്‌മെന്റ് ഫ്രണ്ട്' രൂപംകൊള്ളുന്നത്. ഇത് അതിശക്തമായ വിമതവിഭാഗമായി പിന്നീട് വളര്‍ന്നു. ഡാര്‍ഫറില്‍ രൂപംകൊണ്ട സംഘര്‍ഷം അയല്‍രാജ്യമായ ചാഡ്, ലിബിയ എന്നിവിടങ്ങളിലും പ്രശ്‌നമുണ്ടാക്കി. അറബ് മുസ്ലിങ്ങള്‍ക്കെതിരേയുള്ള വിമതനീക്കത്തോട് ലിബിയയിലെ ഗദ്ദാഫിക്ക് വിയോജിപ്പായിരുന്നു. ഡാര്‍ഫറില്‍ അദ്ദേഹം പിന്തുണച്ചത് വരേണ്യവര്‍ഗമായ അറബ് മുസ്ലിങ്ങളെയായിരുന്നു. 

1989-ൽ പട്ടാള അട്ടിമറിയിലൂടെ ഏകാധിപതിയായ ജനറല്‍ ഒമര്‍ അല്‍ ബാഷിര്‍ ഭരണം നേടുന്നത്. 30 വർഷം അൽ ബാഷിർ സുഡാൻ ഭരിച്ചു. ഭരണം പിടിച്ചതിനുശേഷം സുഡാനിലെ മുസ്ലിം മതമൗലികവാദിനേതാവ് അല്‍തുറാബി നയിക്കുന്ന നാഷണല്‍ ഇസ്ലാമിക് ഫ്രണ്ടുമായി ഒമര്‍ ഹസ്സന്‍ ചങ്ങാത്തം സ്ഥാപിച്ചു. രാജ്യത്തെ ഇസ്ലാമികരാഷ്ട്രമായി പ്രഖ്യാപിക്കുകയും ശരിയത്ത് നിയമം നടപ്പിലാക്കുകയും ചെയ്തു. ഇതോടെയാണ് തെക്കന്‍ സുഡാന്‍ വിഭാഗത്തില്‍നിന്ന് ഒമര്‍ അല്‍ ബാഷിറിനെതിരേ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു. 1996-ല്‍ മര്‍ അല്‍ ബാഷിര്‍ തന്നെ സ്വയം തിരഞ്ഞെടുപ്പ് നടത്തി പ്രസിഡന്റായി. സായുധസേനയുടെ മേധാവിയായി അബ്ദെൽ ഫത്ത അൽബുർഹാനെ നിയമിച്ചു. 2013-ൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് രൂപീകരിച്ച്  മുഹമ്മദ് ഹംദാൻ ഡഗാലോയെ തലവനാക്കി. എന്നാൽ, 2018-ൽ അൽ ബാഷിറിനെതിരേ ജനകീയ പ്രക്ഷോഭങ്ങൾ കടുത്തു. ഇതുമുതലാക്കി അൽബുർഹാനും ഡഗാലോയും അട്ടിമറി നടത്തി. അങ്ങനെ അൽ ബാഷിറിന് 2019-ൽ അധികാരം നഷ്ടമായി. ഒമര്‍ ഹസ്സന്‍ അഹമ്മദ് അല്‍ ബാഷിറിനെ വംശീയകുറ്റകൃത്യങ്ങളുടെ നായകനെന്നാണ് യു.എന്‍. വിശേഷിപ്പിച്ചത്.

കിടമത്സരം വഷളാക്കിയ സംഘർഷം

സായുധസേനാ മേധാവിയായ ജനറൽ അബ്ദെൽ ഫത്ത അൽബുർഹാനാണ് അല്‍ ബാഷിറിനു പിന്നാലെ രാജ്യം ഭരിച്ചത്. ഭരണസമിതിയുടെ വൈസ് പ്രസിഡന്റായും സെക്കന്റ് ഇന്‍ കമാന്‍ഡ് ആയി ഡഗാലോയും സ്ഥാനാരോഹിതനായി. ഇവർക്കിടയിൽ നിലനിന്ന അധികാരതർക്കങ്ങളാണ് ഇപ്പോഴത്തെ സംഘർഷത്തിലേക്ക് വഴിവെച്ചത്.

ജനകീയ പ്രക്ഷോഭത്തിൻ്റെ പിൻബലത്തിൽ അൽ ബാഷിറിനെ പുറത്താക്കി ഭരണം കൈയ്യാളുമ്പോൾ 2024 ജൂലായിൽ തിരഞ്ഞെടുപ്പ് നടത്തുന്നതുവരെമാത്രമാകും തങ്ങൾ അധികാരത്തിൽ തുടരുകയെന്നും അതിനുശേഷം ജനാധിപത്യം കൊണ്ടുവരുമെന്നും പ്രഖ്യാപനം നടത്തിയിരുന്നു. അതുവരെ ഒരു ട്രാൻസിഷൻ കൗൺസിലിന് നേതൃത്വം നൽകാമെന്ന തീരുമാനത്തിലെത്തി. ഇതിനായി സിവിലിയൻ പ്രതിനിധികളുമായി ഉടമ്പടിയുമുണ്ടാക്കി സോവറിൻ കൗൺസിൽ എന്ന സമിതിയുമുണ്ടാക്കി.  പ്രക്ഷോഭകരുടെ നേതാക്കളും സായുധസേനകളും അധികാരം പങ്കിട്ട് സുഡാൻ ഭരിച്ചു. ജനറൽ ബുർഹാൻ സോവറിൻ കൗൺസിലിന്റെ മേധാവി. സിവിലിയൻ നേതാവ് അബ്ദല്ല ഹംദോക്ക് പ്രധാനമന്ത്രി. 

placeholder
അബ്ദെല്‍ ഫത്ത അല്‍ബുര്‍ഹാനും മുഹമ്മദ് ഹംദാന്‍ ഡഗാലോയും-AFP

പക്ഷേ, 2021 ഒക്ടോബറിൽ അടുത്ത അട്ടിമറിയുണ്ടായി. പ്രധാനമന്ത്രിയെ പുറത്താക്കി സുഡാന്റെ ഭരണം ബുർഹാൻ കൈക്കലാക്കി. വൈസ് പ്രസിഡന്റായും സെക്കന്റ് ഇന്‍ കമാന്‍ഡ് ആയി ഡഗാലോയ്ക്കും അധികാരം നൽകി. ജനാധിപത്യം പ്രഖ്യാപിക്കുമ്പോൾ ആർ.എസ്.എഫിനെ എസ്.എ.എഫുമായി ലയിപ്പിച്ച് ഒരൊറ്റ സൈന്യമാക്കാനും ആ സൈന്യത്തെ സിവിലിയൻ നിരീക്ഷണത്തിലാക്കാനും പദ്ധതിയുണ്ടായിരുന്നു. ഇതിനുള്ള അന്തിമ ഉടമ്പടി ഏപ്രിലിൽ  ഒപ്പിടാനിരിക്കെയാണ് ബുർഹാനും ഡഗാലോയും തമ്മിലുള്ള ബന്ധം വഷളാകുന്നത്. ആർ.എസ്.എഫിനെ രണ്ടുവർഷത്തിനുള്ളിൽ സൈന്യത്തിന്റെ ഭാഗമാക്കണം എന്ന് ബുർഹാൻ ആവശ്യപ്പെടുന്നു. എന്നാൽ, അത് 10 വർഷം കഴിഞ്ഞുമതി എന്ന നിലപാടിലാണ് ഡഗാലോ. അംഗബലമുള്ള ആർ.എസ്.എഫ് സ്വന്തം നിലയിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ലയനമുണ്ടാകുന്നതോടെ ഡഗാലോയ്ക്ക് സ്വതന്ത്രഭരണം നഷ്ടപ്പെടും. സൈന്യത്തിൻ്റെ അധീനതയിലുള്ള വ്യോമമേഖലയിലും പ്രകൃതിവിഭവങ്ങളിലും ഡഗാലോയ്ക്ക് കണ്ണുണ്ട്. 

സംഘർഷത്തിന് വളം പകരുന്ന അയൽരാജ്യങ്ങൾ

വാസ്തവത്തിൽ സുഡാനിലെ സംഘർഷത്തിന് മറ്റാന്താരാഷ്ട്ര ശക്തികളാണ് വെള്ളവും വളവും നൽകുന്നത്. ആർ.എസ്.എഫിന് യു.എ.ഇ. സായുധ സഹായം നൽകുമ്പോൾ ഇറാനും ഈജിപ്തും എസ്.എ.എഫിനെ പിന്തുണയ്ക്കുന്നു. ആർ.എസ്.എഫിന് റഷ്യയുടെ കൂലിപട്ടാളമായ വാഗ്നർ ഗ്രൂപ്പിൻ്റെ പിന്തുണയുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 

അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങളും രണ്ട് ജനറല്‍മാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ആരുടെയൊപ്പം നില്‍ക്കണമെന്ന ആശയക്കുഴപ്പത്തിലാണ്. പെട്ടെന്നുള്ള മധ്യസ്ഥത യുദ്ധത്തിനപ്പുറമുള്ള സങ്കീര്‍ണതയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന കണക്കുകൂട്ടലിലാണവര്‍. അതുകൊണ്ടു തന്നെ യുദ്ധമവസാനിപ്പിക്കാനുള്ള ഇടപെടലുകളും അന്താരാഷ്ട്ര ശക്തികളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. 

ഈജിപ്ത്, ലിബിയ, ചാഡ്‌, എറിട്രിയ, സൗത്ത് സുഡാന്‍, എത്യോപ്യ തുടങ്ങി ഏഴ് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുവെന്നത് കൊണ്ടുതന്നെ ഏറെ നിര്‍ണായകമാണ് സുഡാന്റെ അതിര്‍ത്തികള്‍. ആഭ്യന്തരകലാപം അയല്‍രാജ്യങ്ങള്‍ക്കു തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ്. സമാനമായ  ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ വലയുന്ന അയല്‍രാജ്യങ്ങള്‍ക്ക് സുഡാനിലെ സംഘര്‍ഷം അടുത്ത തിരിച്ചടിയാവും. സെന്‍ട്രല്‍ ആഫ്രിക്കയിലെ ചാഡ്‌ ഇപ്പോള്‍തന്നെ രൂക്ഷമായ അഭയാര്‍ഥി പ്രശ്നം അനുഭവിക്കുന്ന രാജ്യമാണ്. സുഡാനിൽ നിന്ന് അഭയാർഥികളൊഴുകുന്നത് രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും. കൂടാതെ തെക്കൻ സുഡാനിലേക്കും അഭയാർഥികൾ കടക്കുന്നു. തെക്കൻ സുഡാനിനുള്ളിലും ആഭ്യന്തര കലാപങ്ങൾ രൂക്ഷമാണ്. ആ സാഹചര്യത്തിൽ അങ്ങോട്ടുള്ള പലായനവും സുരക്ഷിതമല്ല. 

സുഡാന് ഇപ്പോൾ ലഭ്യമാക്കേണ്ടത് അടിയന്തരമായ അന്താരാഷ്ട്ര സഹായങ്ങളാണ്. ജനങ്ങൾക്ക് ഭക്ഷണം വേണം.മരുന്നു വേണം. പോഷകാഹാരക്കുറവിൽ നിന്ന് കുഞ്ഞുങ്ങൾക്ക് രക്ഷ വേണം. എന്നാൽ മുറിവേറ്റ ഒരു ജനത കൂടുതൽ മുറിപ്പെടുന്നു എന്നതല്ലാതെ മറ്റത്ഭുതങ്ങളൊന്നും അവിടെ സംഭവിക്കുന്നില്ല എന്നതാണ് ഖേദകരം.