
പാരീസ് ഒളിമ്പിക്സ് പടിവാതിക്കല്‍നില്‍ക്കെ ഒരു കൈവിട്ട കളിയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടക്കിയത്. കാലാവധി അവസാനിക്കുംമുമ്പേ പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ മാക്രണിന്റെ തീരുമാനം പാളി. ദേശീയ അസംബ്ലിയിലെ 577 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മാക്രോണിന്റെ റെനൈസെന്‍സ് (Renaissance) പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. അതേസമയം, മാരിന് ലെ പെന്നും ജോര്‍ദാന്‍ ബാര്‍ഡെല്ലയും നേതൃത്വംകൊടുക്കുന്ന തീവ്രവലതുപക്ഷ-കുടിയേറ്റ വിരുദ്ധപാര്‍ട്ടിയായ നാഷണല്‍ റാലി വലിയ മുന്നേറ്റമുണ്ടാക്കുകയും ചെയ്തു. ജൂലായ് ഏഴിന് നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ പക്ഷേ കാര്യങ്ങള്‍ അനുകൂലമായി. നാഷണല്‍ റാലി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രവചനങ്ങള്‍ വന്നതോടെ ഇടതുപക്ഷവുമായി മാക്രോണിന്റെ മധ്യപക്ഷപാര്‍ട്ടി കൈകോര്‍ത്തു. ഇതോടെ രണ്ടാം ലോകയുദ്ധാനന്തര ഫ്രാന്‍സില്‍ ആദ്യമായി അധികാരത്തിലേറുമെന്ന് പൊതുവേ പ്രവചിക്കപ്പെട്ട തീവ്രവലതുപക്ഷ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മരീന്‍ ലെ പെന്നിന്റെ തീവ്രവലുതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി വലിയ മുന്നേറ്റം നടത്തിയതിന് പിന്നാലെയാണ് മാക്രോണ്‍, പാര്‍ലമെന്റ് പരിച്ചുവിട്ട് അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തീവ്രവലതുപക്ഷത്തെ പ്രതിരോധിക്കുക ലക്ഷ്യമിട്ടായിരുന്നു പ്രഖ്യാപനം. പാര്‍ലമെന്റിന് ഏതാണ്ട് മൂന്ന് വര്‍ഷം കാലാവധി ശേഷിക്കെ മാക്രോണ്‍ തിടുക്കത്തില്‍ നടത്തിയ നീക്കം നിശിതമായ വിമര്‍ശനത്തിന് കാരണമായിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നടക്കം അദ്ദേഹത്തിന്റെ തീരുമാനം വിമര്‍ശിക്കപ്പെട്ടു. മാക്രോണിന്റെ ആ തീരുമാനം ഗുണംചെയ്തോ? തിരഞ്ഞെടുപ്പില്‍ ആരാണ് നേട്ടമുണ്ടാക്കിയത്? എന്താണ് ഫ്രാന്‍സിന്റെ ഭാവി?
നാഷണല്‍ റാലിയെ പേടിച്ച് മാക്രോണിന്റെ കൈവിട്ട കളി
തീവ്രവലതുപക്ഷമായ നാഷണല്‍ റാലിയെ പേടിച്ച് കൈവിട്ട കളിയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ നടത്തിയത്. കാലാവധി അവസാനിക്കും മുമ്പ് തന്നെ രാജ്യത്തെ പാര്‍ലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യൂറോപ്യൻ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ റിനെയ്സന്സിനെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി പരാജയപ്പെടുത്തുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങളാണ് മാക്രോണിനെ ഭയപ്പെടുത്തിയത്. എക്സിറ്റ് പോൾ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജൂണ്‍ ഒന്‍പതിന് മാക്രോണ്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മാക്രോണിന്റെ പാര്‍ട്ടിയേക്കാള്‍ ഇരട്ടി വോട്ടുകള്‍ നാഷണല്‍ റാലി നേടുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങള്‍. നാഷണല്‍ റാലിക്ക് 31.5 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു പ്രവചനം. റിനെയ്സൻസ് 15.2 ശതമാനം വോട്ടോടെ രണ്ടാമതും സോഷ്യലിസ്റ്റുകള്‍ 14.3 ശതമാനം വോട്ടുമായി മൂന്നാമതെത്തുമെന്നും പ്രവചിച്ചിരുന്നു. പ്രവചനങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍, രാജ്യത്തെ അഭിസംബോധന ചെയ്ത് മാക്രോണ്‍, സഭ പിരിച്ചുവിട്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നേരത്തേ നടത്തുമെന്ന് പ്രഖ്യാപിച്ചു. 'തിരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റിന്റെ ഭാവി തിരഞ്ഞെടുക്കാനുള്ള അവകാശം ഞാന്‍ നിങ്ങള്‍ക്ക് നല്കുന്നു, അതിനാല്‍ ഞാന്‍ ദേശീയ അസംബ്ലി പിരിച്ചുവിടുകയാണ്,' രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മാക്രോണ്‍ പ്രഖ്യാപിച്ചു.
എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍പോലെ തന്നെ യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നാഷണല്‍ റാലി വലിയ മുന്നേറ്റമുണ്ടാക്കി. റിനെയ്സന്‍സ് പാര്‍ട്ടിയേക്കാള്‍ ഇരട്ടി വോട്ടുകള്‍ നാഷണല്‍ റാലി പിടിച്ചു. നാഷണല്‍ റാലിക്ക് 31.5 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ മാക്രോണിന്റെ മധ്യവലതുപാര്ട്ടിയായ റിനെയ്സെന്സിന് 15 ശതമാനം വോട്ടേ കിട്ടിയുള്ളൂ. 81 സീറ്റുകളില്‍ 30 എണ്ണം നാഷണല്‍ റാലി പിടിച്ചപ്പോള്‍, റിനെയ്സെന്‍സ് പാര്‍ട്ടിക്ക് 13 സീറ്റുകളേ നേടാനായുള്ളൂ. കഴിഞ്ഞ തവണത്തേക്കാള്‍ 10 സീറ്റിന്റെ കുറവാണ് അവര്‍ക്ക് സംഭവിച്ചത്. അതേസമയം സോഷ്യലിസ്റ്റ് പാര്‍ട്ടിയും അത്രതന്നെ സീറ്റുകള്‍ പിടിച്ചെങ്കിലും 13.79 ശതമാനം വോട്ടുകളാണ് പിടിക്കാന്‍ സാധിച്ചത്. ഈ സാഹചര്യത്തിലാണ് മാക്രോണ്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നാഷണല്‍ റാലിയുടെ വളര്‍ച്ച തടയാനുള്ള ശ്രമമാണ് മാക്രോണിന്റെ തീരുമാനമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചത്. തീവ്രവലതുപക്ഷപാര്‍ട്ടി അധികാരത്തിലെത്താതിരിക്കാൻ ഫ്രഞ്ച് ജനത അവര്‍ക്കെതിരായി ഒന്നിക്കുമെന്ന് കണക്കുകൂട്ടിയാണ് കാലാവധി അവസാനിക്കും മുമ്പ് ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മക്രോണിന്റെ തീരുമാനം ഒരു കൈവിട്ട കളിയായി തന്നെയാണ് സ്വന്തം പാര്ട്ടിക്കാര് പോലും കണ്ടത്.

ആദ്യഘട്ടത്തില്‍ കരുത്ത് കാട്ടി വലതുപക്ഷം
ദേശീയ അസംബ്ലിക്ക് ഏതാണ്ട് മൂന്ന് വര്‍ഷം കാലാവധി ശേഷിക്കെയാണ് മാക്രോണ്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മാക്രോണിനെതിരായ ഭരണവിരുദ്ധവികാരമടക്കം ആഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ മൂന്ന് പതിറ്റാണ്ടുകാലത്തെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. കണക്കുകള്‍ പ്രകാരം 65.5 ശതമാനമാണ് പോളിങ്. 1997-ന് ശേഷമുള്ള ആദ്യ റൗണ്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സ് കണ്ട ഏറ്റവും ഉയര്‍ന്ന പോളിങ്. ജൂണ്‍ 30-ന് നടന്ന ആദ്യവട്ട തിരഞ്ഞെടുപ്പില്‍ നാഷണല്‍ റാലി (ആര്.എന്‍.)യാണ് നേട്ടമുണ്ടാക്കിയത്. 33.15 ശതമാനം വോട്ടുനേടി നാഷണല്‍ റാലി ഒന്നാമതായി. 2022-ലെ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ ഏതാണ്ട് ഇരട്ടിയോളം വോട്ടുകളാണ് അവര്‍ ഇത്തവണ പിടിച്ചത്. മാക്രോണിന്റെ റിനെയ്സെന്‍സ് പാര്‍ട്ടിക്ക് 20.76 ശതമാനം വോട്ടോടെ മൂന്നാമതെത്താനേ കഴിഞ്ഞുള്ളൂ. ഇടതുസഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ടാണ് 28.14 ശതമാനം വോട്ടോടെ രണ്ടാമത് എത്തിയത്. ആദ്യവട്ടത്തില്‍ തന്നെ 50 ശതമാനത്തിലേറെ വോട്ടുനേടി 39 ആര്.എന്‍. സ്ഥാനാര്‍ഥികള്‍ എം.പി.സ്ഥാനം ഉറപ്പിച്ചു. പാര്‍ട്ടിനേതാവ് മാരിന് ലെ പെന്‍, ഉപാധ്യക്ഷന്‍ സെബാസ്റ്റ്യന്‍ ഷെനു തുടങ്ങിയ പ്രമുഖര്‍ ജയിച്ചു. ഒട്ടിമിക്ക എല്ലാ മണ്ഡലങ്ങളിലും അവരുടെ വോട്ടുവിഹിതം വര്‍ധിച്ചു.
പോളിങ് 25 ശതമാനത്തില്‍ കുറഞ്ഞതും വിജയിക്ക് 50 ശതമാനം വോട്ടുകിട്ടാത്തതുമായ 501 മണ്ഡലങ്ങളില്‍ ഇതോടെ ജൂലായ് ഏഴിന് രണ്ടാംവട്ട വോട്ടെടുപ്പിന് കളമൊരുങ്ങി. ആദ്യഘട്ടത്തില്‍ 12.5 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയവര്‍ മാത്രമായിരുന്നു രണ്ടാം റൗണ്ടില്‍ മത്സരിച്ചത്. രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ നാഷണല്‍ റാലി കേവല ഭൂരിപക്ഷമായ 289 സീറ്റുകള്‍ക്ക് അടുത്ത് എത്തിയേക്കുമെന്നായിരുന്നു പ്രവചനങ്ങള്‍. ഇടതുപക്ഷമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് 124 മുതല്‍ 165 സീറ്റുകള്‍ വരെ നേടുമെന്നും മാക്രോണിന്റെ പാര്‍ട്ടിക്ക് പരമാവധി 100 സീറ്റുകളും പ്രവചിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ നാഷണല്‍ റാലിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ മധ്യപക്ഷ പാര്‍ട്ടികളും ഇടതുപാര്‍ട്ടികളും കൈകോര്‍ത്തു. നാഷണല്‍ റാലിക്ക് ഒറ്റ വോട്ട് പോലും നല്‍കരുതെന്ന് പരസ്യമായി ആവശ്യപ്പെട്ട് മാക്രോണ്‍ തന്നെ രംഗത്തെത്തി. പൊതുശത്രുവിനെ നേരിടാന്‍ പരമ്പരാഗതമായി എതിര്‍ചേരിയില്‍ നില്ക്കുന്നവര് ഒന്നിച്ചതോടെ പലസ്ഥലത്തും ത്രികോണമത്സരം ഒഴിവായി. ആദ്യറൗണ്ടില്‍ മൂന്നാം സ്ഥാനത്ത് എത്തിയ ചില സ്ഥാനാര്‍ഥികളെ പാര്‍ട്ടികള്‍ പിന്‍വലിച്ചു. ഏതാണ്ട് 200 സ്ഥാനാര്‍ഥികളെയാണ് രണ്ടാം റൗണ്ടില്‍ നിന്ന് ഇടത്-മധ്യപാര്ട്ടികള് പിന്‍വലിച്ചത്. ഇതോടെ ഇടത്-മധ്യ വോട്ടുകള്‍ ഭിന്നിക്കുന്നത് കുറയുകയും അവ തീവ്രവലതിനെതിരായി ഏകീകരിക്കുകയും ചെയ്തു.

നാഷണല്‍ റാലിയെ ഒതുക്കിയ തന്ത്രം
രണ്ടാംഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. മാത്രമല്ല, തീവ്രവലതുകളെ പിറകിലാക്കി ഇടതുസഖ്യം അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി. ആദ്യഘട്ടത്തില്‍ മുന്നിലെത്തിയ നാഷണല്‍ റാലി (ആര്.എന്‍.) പാര്‍ട്ടി മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 577 സീറ്റുള്ള ദേശീയസഭയില്‍ ഭൂരിപക്ഷത്തിനാവശ്യമായ 289 സീറ്റ് നേടാന്‍ രാജ്യത്തെ പ്രധാനപ്പെട്ട മൂന്നുപാര്‍ട്ടികള്‍ക്കും കഴിഞ്ഞില്ല. ഇടതുപാര്‍ട്ടികളുടെ സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് (എന്‍.പി.എഫ്.) 188 സീറ്റുകളുമായി ഒന്നാമതെത്തി. പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തേയാക്കുകയാണെന്ന് പ്രസിഡന്റ് മാക്രോണ്‍ പ്രഖ്യാപിച്ചതിനുശേഷം ചെറുസോഷ്യലിസ്റ്റ് പാര്‍ട്ടികള്‍, ഗ്രീന്‍പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവര്‍ ചേര്‍ന്നു രൂപവത്കരിച്ച സഖ്യമാണ് എന്‍.പി.എഫ്. ഇമ്മാനുവല്‍ മാക്രോണിന്റെ റിനെയ്സെന്‍സ് പാര്‍ട്ടി ഉള്‍പ്പെട്ട എന്‍സെമ്പിള്‍ സഖ്യം 161 സീറ്റ് നേടി. മരീന്‍ ലെ പെന്‍ നേതൃത്വം നല്കുന്ന നാഷണല്‍ റാലി സഖ്യം 141 സീറ്റില്‍ വിജയിച്ചു. എന്നാല്‍, രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി നാഷണല്‍ റാലി ആണ്; അവര്‍ക്ക് തനിച്ച് 125 സീറ്റുണ്ട്. 2022-ല്‍ 89 സീറ്റ് മാത്രമായിരുന്നു ആര്.എന്‍. നേടിയത്.
നാഷണല്‍ റാലി, എന്‍സെമ്പിള്‍, ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യം എന്നീ പ്രധാനരാഷ്ട്രീയ ചേരികളാണ് രണ്ടാംഘട്ടത്തില്‍ ഏറ്റുമുട്ടിയത്. സാധാരണയായി രണ്ടാംഘട്ട തിരഞ്ഞെടുപ്പ് മിക്കവാറും രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മിലാകും മത്സരം. എന്നാല്‍, ചിലപ്പോള്‍ മൂന്നോ നാലോ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടാകും. ചില സ്ഥാനാര്‍ഥികള്‍ സഖ്യകക്ഷികളുടെ വിജയസാധ്യത വര്‍ധിപ്പിക്കാന്‍ ഈ ഘട്ടത്തില്‍നിന്ന് പിന്മാറുകയും പതിവാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രവലതുപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാൻ ലക്ഷ്യമിട്ട് മത്സരത്തിനിറങ്ങിയ നാഷണല്‍ റാലി എതിര്‍പക്ഷം ഒതുക്കിയതും അങ്ങനെ തന്നെയാണ്. നാഷണല്‍ റാലി അധികാരത്തിലെത്തുന്നത് തടയാന്‍ മാക്രോണിന്റെ എന്‍സെമ്പിള്‍ സഖ്യവും ഇടത് സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ടും തമ്മില്‍ സഖ്യമുണ്ടാക്കി. 125 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യം പിന്‍വലിച്ചു. ഇതോടെ ഈ മണ്ഡലങ്ങളില്‍ അവര്‍ എന്സെമ്പിളിനെ പിന്തുണച്ചു. അതേസമയം 80 ഇടത്ത് എന്‍സെമ്പിള്‍, എന്‍എഫ്പി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി മത്സരംഗത്ത് നിന്ന് ഒഴിവായി. ഇത് രംണ്ടാംഘട്ടത്തില് നാഷണല്‍ റാലിക്ക് വലിയ തിരിച്ചടി ഉണ്ടാക്കി. നാഷണല്‍ റാലി വിരുദ്ധ വോട്ടുകള്‍ ഏകീകരിച്ചു.

ഒളിമ്പിക്സ് പടിവാതലില്‍, ഫ്രാന്‍സിന് മുന്നിലെന്ത്?
പാരീസ് ഒളിമ്പിക്സ് പടിവാതിൽക്കലെത്തിനില്ക്കെയാണ് മാക്രോണ്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ മുന്നിലെത്തിയില്ലെങ്കിലും നിലവില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ല. 577 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് 289 സീറ്റ് ആവശ്യമാണ്. രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 188 സീറ്റോടെ ഇടതുപക്ഷസഖ്യം ഒന്നാമതും 161 സീറ്റ് നേടി മാക്രോണിന്റെ എന്‍സെമ്പിള്‍ സഖ്യം രണ്ടാമതുമെത്തി. തീവ്രവലതുപക്ഷപാര്‍ട്ടിയായ നാഷണല്‍ റാലിക്ക് ആകെ നേടാനായത് 142 സീറ്റാണ്. ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരണമാണ് മുന്നിലുള്ള വഴി. ഇതിനിടെ ഒന്നാമതെത്തിയ ഇടതുസഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിച്ചു. സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ ഫ്രാന്‍സ് അണ്‍ബൗഡ് പ്രധാനമന്ത്രിപദത്തില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, തീവ്ര ഇടതുപക്ഷ പാര്‍ട്ടിയായ ഫ്രാന്‍സ് അണ്‍ബോഡ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിന് പകരം സോഷ്യലിസ്റ്റുകളും ഗ്രീന്‍സും പോലുള്ള എന്‍.എഫ്.പി.യിലെ കൂടുതല്‍ മിതവാദി പാര്‍ട്ടികളുമായി സഖ്യം രൂപവത്കരിക്കാനാണ് മാക്രോണിന് താല്പര്യം. ഫ്രാന്‍സ് അണ്ബോഡുമായി താന്‍ ചേരില്ലെന്ന് മാക്രോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണനിലയില്‍ ദേശീയ അസംബ്ലിയിലെ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള പാര്‍ട്ടിയുടേയോ സഖ്യത്തിന്റേയോ നേതാവായിരിക്കും പുതിയ പ്രധാനമന്ത്രി. പ്രസിഡന്റായിരിക്കും പ്രധാനമന്ത്രിയെ നിയമിക്കുക. പക്ഷേ, പുതിയ പ്രധാനമന്ത്രിയെ നിയമിക്കുന്നതിന് മാക്രോണിന് പ്രത്യേക സമയക്രമവും ബാധകമല്ല. ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ ഒരാളെ തിരഞ്ഞെടുക്കാന്‍ ബാധ്യസ്ഥനുമല്ല. എന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്ന പശ്ചാത്തലത്തില്‍ ഒരു സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് അദ്ദേഹം ഒരു പ്രധാനമന്ത്രിയെ നിയമിക്കേണ്ടതുണ്ട്. മക്രോണിന്റെ പാര്‍ട്ടിയംഗമായ പ്രധാനമന്ത്രി ഗബ്രിയേല്‍ അത്തല്‍ തിരഞ്ഞെടുപ്പ് ഫലത്തെത്തുടര്‍ന്ന് രാജി പ്രഖ്യാപിച്ചിരുന്നു. പക്ഷേ, സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്സ് കാരണം കെയര്‍ടേക്കര്‍ റോളില്‍ അത്തല്‍ തുടരും. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്ന ഫ്രാന്‍സിന് അത്തലിനെ പ്രധാനമന്ത്രിയായി നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്.
പ്രസിഡന്റായി 2027 മെയ് വരെ മാക്രോണിന് കാലാവധി അവശേഷിക്കുന്നുണ്ട്. കാലാവധി അവസാനിക്കുന്നതിന് മുമ്പ് താന്‍ സ്ഥാനമൊഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയായി പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുപിന്നിലെയാണ് ഫ്രാന്‍സില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പും നടക്കുക. അതിനാല്‍ തന്നെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അതേ ജനവികാരം തന്നെയാകും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുക. പ്രസിഡന്റിന്റെ പാര്‍ട്ടിയില്‍ നിന്നുള്ളയാള്‍ തന്നെയാകും സാധാരണനിലയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കും എത്തുക. ഇതുവഴി കൃത്യമായ ഭൂരിപക്ഷത്തോടെ രാഷ്ട്രീയ തീരുമാനങ്ങളും നയങ്ങളും നടപ്പിലാക്കാന്‍ സാധിക്കും. പക്ഷേ, സര്‍ക്കാരും പ്രധാനമന്ത്രിയും വ്യത്യസ്തപാര്ട്ടിയില്നിന്നാകുന്നതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകും. പല നയങ്ങളിലും മാറ്റം വന്നേക്കാം. മിനിമം വേതനം ഉയർത്തൽ, അവശ്യ ഭക്ഷണങ്ങൾ, വൈദ്യുതി, ഗ്യാസ്, പെട്രോൾ എന്നിവയുടെ വില നിയന്ത്രണം, 400,000 യൂറോയ്ക്ക് മുകളിൽ വാർഷിക വരുമാനമുള്ളവർക്ക് പുതിയ 90% നികുതി തുടങ്ങിയ നയങ്ങൾ എൻപിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. നികുതി, മിനിമം കൂലി, വിരക്കല്പ്രായം തുടങ്ങിയ പ്രശ്നങ്ങളില്‍ ഇടതുപക്ഷവുമായി മാക്രോണ്‍ കൊമ്പുകോര്‍ക്കാന്‍ സാധ്യതയേറെയാണ്.
Content Highlights: Emmanuel Macron, French legislative election 2024, France elections, National Rally
Published: 11 Jul 2024, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented