പിറന്നാളുകാരനെ റൂറൽ ജില്ലാ പോലീസ് മേധാവി ചുവന്ന പനിനീർപ്പൂമാല അണിയിച്ചാണ് വരവേറ്റത്

കൊട്ടാരക്കര: ബ്ലാക്കി ഇന്നലെ പതിവിലും സുന്ദരനായിരുന്നു. ചുവപ്പും നീലയും നിറത്തിലുള്ള 'പോലീസ് ഡോഗ് കേപ്പ്' അണിഞ്ഞെത്തിയ പിറന്നാളുകാരനെ റൂറൽ ജില്ലാ പോലീസ് മേധാവി ചുവന്ന പനിനീർപ്പൂമാല അണിയിച്ച് വരവേറ്റു. പത്താംപിറന്നാളുകാരന് എസ്.പി. ഷാജി സുഗുണൻ വക ഒരു സല്യൂട്ടും കെയ്‌ക്കും നൽകി.
പ്രത്യഭിവാദ്യം നൽകിയശേഷമാണ് ബ്ലാക്കി പിറന്നാൾമധുരം സ്വീകരിച്ചത്. പോലീസിന്റെ കെ-9 ഡോഗ് സ്‌ക്വാഡിലെ ഏറ്റവും സമർഥനായ ടീമംഗമാണ് അർജുൻ എന്നു വിളിപ്പേരുള്ള ബ്ലാക്കി. സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിലുള്ള മിടുക്കും സംഖ്യകൾ തിരിച്ചറിയാനുള്ള കഴിവും അർജുനെ സേനയ്ക്ക് പ്രിയങ്കരനാക്കുന്നു.
2016 സെപ്റ്റംബർ ഒന്നിന് റൂറൽ പോലീസിന്റെ കെ-9 സ്‌ക്വാഡ് രൂപവത്കരിച്ചപ്പോഴാണ് രണ്ടരമാസം പ്രായമുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട അർജുനെ ഏെറ്റടുത്തത്. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിന്റെ ദേശീയ നായപരിശീലനകേന്ദ്രത്തിലായിരുന്നു പരിശീലനം.
എസ്.പി.ജി. ബാച്ചിനൊപ്പം ഏഴുമാസം നീണ്ട എക്‌സ്‌പ്ലോസീവ് ഡിറ്റക്‌ഷൻ പരിശീലനം പൂർത്തിയാക്കി. സ്‌ഫോടകവസ്തുക്കൾ കണ്ടെത്താനുള്ള അർജുന്റെ കഴിവ് സേനയ്ക്ക് പലപ്പോഴും മുതൽക്കൂട്ടായി. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും സുരക്ഷാപരിശോധനാ സംഘത്തിൽ അർജുനും ഇടംനേടി. പത്തനാപുരം പാടത്ത് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതും കുളത്തൂപ്പുഴയിൽ വെടിയുണ്ട കണ്ടെത്തിയതും ഏരൂരിൽ നാടൻബോംബ് കണ്ടെത്തിയതുമെല്ലാം അർജുന്റെ സർവീസ് ബുക്കിൽ ഗുഡ് സർവീസ് എൻട്രികളായി.
മണത്തു കണ്ടുപിടിക്കൽ വിദഗ്ധൻ മാത്രമല്ല പോലീസ് നായകളിലെ കണക്കപ്പിള്ളകൂടിയാണ് അർജുൻ. സംഖ്യകൾ തിരിച്ചറിഞ്ഞു പ്രതികരിക്കാനുള്ള 'ന്യൂമറിക്കൽ കോഗ്നിഷൻ' കഴിവിൽ അർജുനെ വെല്ലാൻ പോലീസിൽ മറ്റൊരു നായയില്ല.
കൂട്ടാനും കുറയ്ക്കാനുമുള്ള ചോദ്യങ്ങൾക്ക് കുരച്ചു മറുപടി നൽകും. കുരയുടെ എണ്ണം ചോദ്യത്തിന്റെ കൃത്യം ഉത്തരമാകും. പിറന്നാളാഘോഷത്തിനുമുൻപ് അർജുന്റെ കണക്കുകൂട്ടൽ ശേഷിയുടെ പ്രദർശനവും നടത്തി. എസ്.സി.പി.ഒ. മാരായ പ്രേംകുമാറും സുധീഷുമാണ് അർജുന്റെ ഹാൻഡ്‌ലർമാർ.
പിറന്നാൾ ചടങ്ങിൽ പങ്കെടുക്കാൻ അഡിഷണൽ എസ്.പി. സന്തോഷ്‌കുമാർ, ഡിവൈ.എസ്.പി.മാരായ വി.എസ്. പ്രശാന്ത്, ഷെറീഫ്, മുൻ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഡി. ഷൈൻകുമാർ തുടങ്ങിയവർ എത്തിയിരുന്നു.
Content Highlights: Arjun (Blackie), an explosive detection Labrador in the Kollam Rural K-9 Squad capable of performing basic arithmetic through barking counts, celebrated his 10th birthday with a salute and cake from SP Shaji Sugunan.
Published: 02 Sept 2026, 08:58 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented