
ജീവിതത്തിലെ അപ്രതീക്ഷിതമായ തിരിച്ചടികളെ, പ്രിയപ്പെട്ടവരുടെ വേര്‍പാടുകളെ മനുഷ്യര്‍ പലവിധമാണ് അതിജീവിക്കുന്നത്. താന്‍ പ്രാണനു തുല്യം സ്‌നേഹിച്ച ഭര്‍ത്താവിന്റെ വേര്‍പാടിനെ കണ്ണൂര്‍ സ്വദേശിയായ ഷില്‍ന സുധാകര്‍ അതിജീവിച്ചത് മരണാനന്തരം അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചു കൊണ്ടാണ്. ഒപ്പം നിന്നത് ശാസ്ത്രവും സാങ്കേതികവിദ്യയും. ആ കുഞ്ഞുങ്ങള്‍ക്കിന്ന് അഞ്ച് വയസ്സായി. താന്‍ ജീവിതത്തില്‍ സ്വീകരിച്ച അസാധാരണ തീരുമാനങ്ങളെ കുറിച്ചും അതിജീവനങ്ങളെ കുറിച്ചും ഷില്‍ന സംസാരിക്കുകയാണ് ജീവിതം അതിജീവനം എന്ന അഭിമുഖ പരമ്പരയില്‍ .
2017-ലാണല്ലോ സുധാകരന്‍ മാഷ് അപകടത്തില്‍ മരിക്കുന്നത്. പിന്നീട് ഏതാണ്ട് ആറ് മാസക്കാലം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാനുള്ള തീരുമാനം ഭാര്യയായ ഷില്‍ന കൈക്കൊള്ളുന്നത്. കുഞ്ഞുങ്ങളിലൂടെ എങ്ങനെയാണ് ജീവിതത്തെ വീണ്ടെടുത്തത്?
ജീവിതം നന്നായി പോകുന്നു. കുട്ടികള്‍ക്കിപ്പോള്‍ അഞ്ചു വയസ്സായി. അച്ഛനില്ല എന്ന ദുഃഖമൊഴിച്ചാല്‍ എല്ലാവരും സന്തോഷകരമായി ജീവിക്കുന്നു.
മക്കളിപ്പോള്‍ എല്‍.കെ.ജി. പോകാന്‍ തുടങ്ങിയല്ലോ. സഹപാഠികളോടുള്ള ഇടപഴകലില്‍നിന്നും അമ്മ മാത്രമല്ല അച്ഛന്‍ എന്നൊരാളു കൂടിയുണ്ടെന്ന തിരിച്ചറിവ് കുഞ്ഞുങ്ങള്‍ക്ക് വന്നു തുടങ്ങിയ കാലം കൂടിയാണല്ലോ. അച്ഛനെ കുറിച്ച് മക്കള്‍ ചോദിക്കാറുണ്ടോ?
അങ്ങനെയൊരു ചോദ്യം വളരെ നാളുകള്‍ക്ക് മുന്നേ ഞാന്‍ മനസ്സില്‍ കണ്ടതാണ്. മാഷ് മരിച്ച ശേഷം ഐ.വി.എഫ്. വഴി കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാന്‍ ഞാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഈ ചോദ്യം എന്റെ മനസ്സിലൂടെ കടന്നുപോയിരുന്നു.കുട്ടികളിപ്പോള്‍ കാര്യങ്ങളെല്ലാം അറിഞ്ഞു തുടങ്ങി. അച്ഛനെ കുറിച്ച് ചോദിച്ചു തുടങ്ങി. അവരോട് പറയാനുള്ള സമയമായിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്.

ഫോട്ടോയിലുള്ളത് ആരാണെന്ന് മക്കള്‍ക്കറിയാമോ?
ഫോട്ടോയിലുള്ളത് അച്ഛനാണെന്നറിയാം. പണ്ട് നമ്മളുടെ കൂടെയുണ്ടായിരുന്ന അച്ഛന്‍ ഇപ്പോള്‍ എവിടെയാണ്. എന്നൊക്കെ ചോദിക്കാറുണ്ട്. ഞാന്‍ കാര്യമായി ഗൗരവത്തിലെടുക്കാതെ പല പല കാര്യങ്ങളിലൂടെ ആ ചോദ്യത്തെ വഴിതിരിച്ച് വിടുകയാണ് പതിവ്.
ഷില്‍നയുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പലയിടത്തും സുധാകരന്‍ മാഷോടൊത്തുള്ള സുന്ദരമായ ജീവിതത്തെ കുറിച്ച് പറയുന്നുണ്ട്. നിങ്ങളുടെ പ്രണയവും വിവഹജീവിതവുമൊക്കെ എങ്ങനെയായിരുന്നു?
ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായിട്ട് മാഷെ കുറിച്ച് അറിയുന്നത്. ഒരു പത്രത്തില്‍ മാഷുടെ കവിത വന്നിരുന്നു അതില്‍ കണ്ട അഡ്രസ്സിലേക്ക് ഞാന്‍ കത്തയക്കുകയായിരുന്നു. കത്തു കിട്ടുമെന്നുള്ള പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, ഒരാഴ്ച കഴിഞ്ഞപ്പോള്‍ താങ്ക് യുനോട്ട് പോലെ മറുപടി കത്ത് വന്നു. ഫോണ്‍, ഇന്റര്‍നെറ്റ് പോലെയുള്ള ഒന്നും അന്ന് അത്ര വ്യാപകമല്ലല്ലോ. അങ്ങനെയാണ് പരിചയപ്പെടുന്നത്. പിന്നീട് കത്തെഴുതി കത്തെഴുതി ഒരു ബോണ്ടിങ് ഞങ്ങള്‍ക്കിടയിലുണ്ടായി. പത്താം ക്ലാസ് കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് ഞാന്‍ പോയതിനു ശേഷവും കത്തുകളിലൂടെ ആ സൗഹൃദ ബന്ധം തുടര്‍ന്നു. അപ്പോഴും ഞങ്ങള്‍ക്കിടയില്‍ അത്ര അഗാധതയില്‍ പ്രണയമുണ്ടായിരുന്നില്ല. പിന്നീട് വീട്ടില്‍ കല്ല്യാണ ആലോചനകളൊക്കെ വരാന്‍ തുടങ്ങിയപ്പോള്‍ എന്ത് കൊണ്ട് എനിക്ക് മാഷെ കല്ല്യാണം കഴിച്ചു കൂട എന്ന ചിന്ത എന്‌റെ ഉള്ളില്‍ വന്നു. ഞങ്ങള്‍ തമ്മില്‍ എട്ട് വയസ്സിന്റെ വ്യത്യാസം ഉണ്ട്. പലപ്പോഴും കല്ല്യാണത്തെ പറ്റി പറയുമ്പോഴൊക്കെ മാഷ് ഒഴിഞ്ഞു മാറുകയായിരുന്നു. മറ്റൊരു ജീവിതത്തിലേക്ക് പോകാനുള്ള പ്രേരണയായിരുന്നു മാഷ് തന്നിരുന്നത്. പിന്നീടെനിക്ക് തോന്നി എന്റെ പ്രണയം മാഷോട് തുറന്നു പറഞ്ഞില്ലെങ്കില്‍ മാഷെ എനിക്ക് എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന്. ഞങ്ങളുടെ രണ്ടു പേരുടെയും ജീവിത സാഹചര്യങ്ങള്‍ തമ്മില്‍ വലിയ അന്തരമായിരുന്നു. അതിനാല്‍ തന്നെ എന്നെപ്പോലൊരാളെ വിവാഹം കഴിച്ച് വീട്ടിലേക്ക് കൊണ്ടുവന്നാല്‍ വിജയകരമായി ജീവിതം മുന്നോട്ടു കൊണ്ടു പോകാനാവുമോ എന്ന പേടിയുണ്ടായിരുന്നു. എന്നേക്കാൾ നല്ലൊരാളെ കിട്ടുമെന്ന് പറഞ്ഞ് മാഷ് പിന്തിരിയാന്‍ നോക്കി. പക്ഷെ, ഞാന്‍ കാത്തിരുന്നു. ഒടുവില്‍ ഞങ്ങള്‍ നേരിട്ട് കാണാന്‍ തീരുമാനിച്ചു. പരിചയമായി പത്ത് വര്‍ഷത്തിനു ശേഷമാണ് നേരില്‍ കാണുന്നത്. സമ്മാനമായി ഞാനെന്റെ ഫ്രെയിം ചെയ്ത ഫോട്ടോ മാഷിനു കൊടുത്തു. എന്നാല്‍, ഇത്രയും നല്ല ഫോട്ടോ വെക്കാനുള്ള സ്ഥലം എന്റെ വീട്ടിലില്ല എന്നാണ് അതു തിരിച്ചു നല്‍കി മാഷ് എന്നോടു പറഞ്ഞത്. നീ തന്നെ തിരിച്ചു കൊണ്ടുപൊയ്‌ക്കോളൂ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വിഷമമായി. വിവാഹം കഴിക്കാനുള്ള എന്റെ താത്പര്യത്തെ മാഷ് നിരുത്സാഹപ്പെടുത്തി. മാഷിന്റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ മാഷിന്റെ അച്ചനും അമ്മയും കൂലിപ്പണിക്കാരാണ്. ഒരു ചെറിയ വീടാണ്. ഇത്ര ചെറിയ വീട്ടിലേക്ക് എന്നെ എങ്ങനെ കല്ല്യാണം കഴിച്ചു കൊണ്ടുപോകും എന്നതായിരുന്നു മാഷിന്റെ വിഷമം. ജോലിയോ സ്ഥിരവരുമാനമോ ആയിട്ടുണ്ടായിരുന്നില്ല. ആകെ 5000 രൂപയായിരുന്നു അന്നത്തെ ശമ്പളം. ഒടുവിൽ എന്നോട് അദ്ദേഹം പറഞ്ഞതിതാണ്- "എന്റെ അച്ഛനും അമ്മയും വിദ്യാഭ്യാസ ലോണും എല്ലാം കഴിഞ്ഞ് നിന്നെയും കൂടി സംരക്ഷിക്കാന്‍ എനിക്ക് പറ്റില്ല. എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് എന്റെ കൂടെ നില്‍ക്കാന്‍ പറ്റുമെങ്കില്‍ നമുക്ക് ജീവിതം കൊണ്ടുപോകാം" എന്ന്. അങ്ങനെയാണ് വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.
വീട്ടുകാരെതിര്‍ത്തിരുന്നോ?
വീട്ടിലും ബന്ധുക്കള്‍ക്കിടയില്‍നിന്നും ആദ്യം വലിയ എതിര്‍പ്പായിരുന്നു. എന്റെ അച്ഛന്‍ എന്റെ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കുന്നൊരാളാണ്. നിങ്ങള്‍ തമ്മിൽ ഇത്ര മാത്രം ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ കൂടെ നില്‍ക്കാം എന്നച്ഛന്‍ അറിയിച്ചു. ബന്ധുക്കളെതിരായിരുന്നെങ്കിലും എന്റെ അച്ഛന്റെയും അമ്മയുടെയും മാഷുടെ അച്ഛന്റെയും അമ്മയുടെയും പിന്തുണയില്‍ ലളിതമായ ചടങ്ങുകളോടെ ഞങ്ങളുടെ കല്ല്യാണം നടന്നു.
വിവാഹം ശേഷം നിങ്ങള്‍ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം ഒരുപക്ഷെ കുട്ടികളില്ല എന്നതായിരിക്കും. കുട്ടികളുടെ അഭാവം കാരണം ദമ്പതികളെന്ന നിലയില്‍ നിങ്ങള്‍ അനുഭവിച്ച മാനസ്സിക പ്രശ്‌നത്തേക്കാള്‍ കൂടുതലായിരിക്കും നാട്ടുകാരുടെ ചോദ്യം മൂലം അനുഭവിച്ച പ്രയാസങ്ങള്‍?
വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാവാതിരുന്നപ്പോഴാണ് ഞങ്ങള്‍ ചികിത്സാ സഹായം തേടുന്നത്. ബന്ധുക്കളും നാട്ടുകാരുമൊക്കെ ചോദിക്കുമ്പോഴും മാഷ് വളരെ കൂളായാണ് ആ ചോദ്യങ്ങളെ നേരിട്ടത്. പത്ത് വര്‍ഷത്തോളമാണ് ഞങ്ങള്‍ ചികിത്സ തേടിയത്. കല്ല്യാണം 2006-ല്‍ കഴിഞ്ഞു. മാഷ് മരിക്കുന്നത് 2017-ലാണ്. കുട്ടിയുണ്ടാവുന്നതാവട്ടെ 2018-ലും. 10 വര്‍ഷത്തോളം ആ സംഘര്‍ഷങ്ങള്‍ പേറിയാണ് ഞങ്ങള്‍ ജീവിച്ചത്.

ഏതങ്കിലും ഘട്ടത്തില്‍ ദത്തെടുക്കലിനെ കുറിച്ചാലോചിച്ചിരുന്നോ ?
2006-ല്‍ വിവാഹം കഴിഞ്ഞ് 2008-ന് ശേഷമാണ് ട്രീറ്റ്‌മെന്റ് തുടങ്ങിയത്. സ്വാഭാവിക ഗര്‍ഭധാണം സാധ്യമല്ലെന്നും ആര്‍ട്ടിഫിഷ്യല്‍ പ്രഗ്നന്‍സിയിലേക്ക് പോവണമെന്നും അന്നേ ഡോക്ടര്‍ പറഞ്ഞിരുന്നു. അങ്ങനെ മാഷ് ജീവിച്ചിരിക്കെ തന്നെ ആറ് ഐ.വി.എഫ്. ഞങ്ങള്‍ ചെയ്തിരുന്നു. ആറിലും പരാജയമായിരുന്നു. ഒരു ഐ.വി.എഫ്. പരാജയപ്പെട്ടാല്‍ തന്നെ അതിജീവനം ബുദ്ധിമുട്ടാണ്. ആ ചികിത്സാരീതിയിലൂടെ കടന്നു പോയവര്‍ക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ. ആറ് ഐ.വി.എഫിലൂടെയൊക്കെ കടന്നുപോയ എനിക്ക് എന്നെ കുറിച്ച് അഭിമാനമാണ്. അത്രയ്ക്കും മാനസ്സിക സംഘർഷവും ട്രോമയും ഉണ്ടാക്കുന്ന പ്രക്രിയയാണ് ഐ.വി.എഫ്. മാനസ്സികമായി ഞാൻ ഡൗണ്‍ ആയപ്പോള്‍ മാഷ് പറഞ്ഞു, നമുക്ക് ദത്തെടുക്കുന്നതിനെകുറിച്ച് ആലോചിച്ചു കൂടെ എന്ന്. ദത്തെടുക്കുന്നതിന് ഒരുപാട് ഫോര്‍മാലിറ്റീസ് ഉണ്ടല്ലോ. അതിന്റെ കാര്യങ്ങളൊക്കെ അന്വേഷിച്ച് നടക്കുമ്പോഴാണ് അവസാനശ്രമം എന്ന നിലയില്‍ ഒരു ഐ.വി.എഫ്. കൂടി ചെയ്യാമെന്ന തീരുമാനത്തിലെത്തുന്നത്. അതിനിടയിലാണ് മാഷ് മരണപ്പെടുന്നത്.
2017 ഓഗസ്റ്റ് 15-ന് മാഷ് സാധാരണ രീതിയില്‍ കോളേജിലേക്ക് പോയി. ആറ് മണിക്കായിരുന്നു ഡോക്ടര്‍ അപ്പോയിന്റ്‌മെന്റ് തന്നിരുന്നത്. അങ്ങനെയൊരു ധാരണയിലാണ് ഞങ്ങള്‍ വീടുവിട്ടിറങ്ങുന്നത്. ആശുപത്രിയില്‍ പോകാനായി ഞാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി മാഷെ പല തവണ വിളിക്കാന്‍ ശ്രമിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഫോണ്‍ സ്വിച്ചോഫായിരുന്നു. എന്താ സംഭവിച്ചതെന്ന് എനിക്കറിയില്ല. അങ്ങനെ അന്ന് ഡോക്ടറെ കാണാനുള്ള തീരുമാനം ഉപേക്ഷിച്ചു. അപ്പോഴും മരണവിവരം ഞാനറിഞ്ഞിരുന്നില്ല. മൂന്ന് ദിവസം കഴിഞ്ഞാണ് എന്നോട് മരണകാര്യം പറയുന്നത്.
നമ്മള്‍ തന്നെ സ്വയം അതിജീവിക്കുമോ അതോ മരിക്കുമോ എന്ന് വരെ ചിന്തിച്ചു പോകുന്ന ഒരു സന്ദര്‍ഭം ഒരു പക്ഷെ ആ സമയം വന്നുപോയിട്ടുണ്ടാവും. അവിടന്ന് മരണാനന്തരം അദ്ദേഹത്തിന്റെ തന്നെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുക എന്ന ആലോചന തന്നെ അത്യസാധാരണമാണ്. ആ ആലോചന ഒരു തീരുമാനമായി മാറുന്നതെങ്ങനെയാണ് ?
മരണം തന്നെ അപ്രതീക്ഷിതമായിരുന്നു. അതുള്‍ക്കൊള്ളുക എന്നത് തന്നെ ബുദ്ധിമുട്ടായിരുന്നു. പക്ഷെ, അംഗീകരിക്കാതെ നിവൃത്തിയില്ലല്ലോ. പിന്നീട് മൂന്ന് ദിവസം കഴിഞ്ഞാണ് മരണവിവരം ഞാനറിയുന്നത്. ബോഡി കാണുന്നതും ആ സമയത്താണ്. അപകടത്തില്‍പ്പെട്ട് ആശുപത്രിയിലാണെന്ന കാര്യം മാത്രമേ ഞാനറിഞ്ഞിരുന്നുള്ളൂ. മൂന്നാമത്തെ ദിവസമാണ് മരിച്ചു എന്നറിയുന്നത്. മരണത്തിന്റെ തലേന്ന് വരെ ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചിരുന്നതാണ് ഐ.വി.എഫ്. ഒരു തവണ കൂടി ചെയ്യാമെന്നത്. മാഷില്ലാതായപ്പോള്‍ എന്റെ മനസ്സില്‍ സ്‌ട്രൈക് ചെയ്ത കാര്യവും ഇനി എങ്ങനെ ഐ.വി.എഫ്. ചെയ്യുമെന്നതായിരുന്നു. പക്ഷെ, മാഷിന്റെ ബോഡി കൊണ്ടുവന്ന് കണ്ട ആ നിമിഷം ഞാന്‍ മനസ്സില്‍ വിചാരിച്ചു, ഏതായാലും ഞാനിതിനായി ഇറങ്ങി പുറപ്പെട്ടതാണ് ഇനി മുന്നോട്ടു പോവുക തന്നെ എന്ന്. അങ്ങനെ മാഷിന്റെ ബോഡി കൊണ്ടുവന്ന് അവസാനമായി ഞാന്‍ ഉമ്മ കൊടുത്ത സമയത്ത് എന്റെ ഉള്ളിലേക്ക് പെട്ടെന്നൊരു ശക്തി വരുന്ന പോലെ എനിക്ക് തോന്നി. അപ്പോഴാണ് ഞാനാ തീരുമാനം എടുക്കുന്നത്. മരണത്തെ ഉള്‍ക്കൊള്ളാന്‍ പറ്റുമെന്ന ധൈര്യമൊക്കെ എനിക്കപ്പോള്‍ കൈവന്നിരുന്നു.
അങ്ങനെ ഒരു ഐ.വി.എഫ്. കൂടി ചെയ്യണമെന്ന എന്റെ ആഗ്രഹം വീട്ടുകാരെ അറിയിച്ചു. ഇപ്പോഴതിനെ കുറിച്ച് ചിന്തിക്കാനുള്ള സമയമായിട്ടില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്. എനിക്കന്ന് 35 വയസ്സാണ്. പുനര്‍വിവാഹത്തിന് എന്നെ നിര്‍ബന്ധിക്കുമോ എന്ന ഭയം ഉള്ളില്‍ കടന്നു കൂടി. വീട്ടില്‍ വീണ്ടും ഐ.വി.എഫ്. കാര്യം ധരിപ്പിച്ചു. അപ്പോഴവരെന്നെ അതില്‍നിന്നു പിന്തിരിപ്പിച്ചു. പക്ഷെ, മാഷിന്റെ സുഹൃത്തുക്കളെയെല്ലാം വിളിച്ച് എനിക്ക് പിന്തുണ നല്‍കണമെന്ന് ഞാനവരോടെല്ലാം പറഞ്ഞു. അപ്പോഴാെക്കെ എല്ലാവര്‍ക്കും ഇതിന്റെ വിജയസാധ്യതയിലായിരുന്നു സംശയം. ഭർത്താവിന്റെ മരണശേഷം ഇത്തരത്തില്‍ ഗര്‍ഭം ധരിച്ചതിനുള്ള ഉദാഹരണങ്ങളൊന്നും കേരളത്തിലില്ലല്ലോ. ഇതിന്റെ നിയമപരമായ സാധുതയായിരുന്നു മറ്റൊരശങ്ക. അതാണ് വീട്ടുകാരെ പുറംതിരിപ്പിച്ച കാര്യം. എന്നാല്‍, ഞാനതിനെ കുറിച്ചൊന്നും ആലോചിച്ചിട്ടുണ്ടായിരുന്നില്ല. എനിക്ക് മാഷിന്റെ കുട്ടികള്‍ തന്നെ വേണമെന്ന രീതിയില്‍ മുന്നോട്ടു പോയി.

ഗര്‍ഭകാലത്ത് സ്ത്രീകളെല്ലാം സന്തോഷമായിട്ടിരിക്കണം, സ്ട്രസ്സ് പാടില്ല എന്നൊക്കെ നല്ല ഭക്ഷണം കഴിക്കണം എന്നതിനൊപ്പം തന്നെ പറയുന്ന കാര്യങ്ങളാണ്. എന്നാല്‍ ഷില്‍ന ഗര്‍ഭം ധരിക്കുന്നതാവട്ടെ ഭര്‍ത്താവിന്റെ മരണശേഷവും. ആ സമയം മനസ്സിനെ ശാന്തമായി കൊണ്ടു നടന്നതെങ്ങനെയാണ്?
ഞാന്‍ കണ്‍സീവായല്ലോ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സന്തോഷം. ആ ചികിത്സ പരാജയപ്പെട്ടിരുന്നെങ്കില്‍ എന്റെ നിലനില്‍പിനെ തന്നെ ബാധിച്ചേനെ. മാഷ് കൂടെയില്ല എന്ന വിഷമമുണ്ടെങ്കിലും മാഷെഴുതിയ കഥകളും പുസ്തകങ്ങളും വായിച്ചും പാട്ടുകള്‍ കേട്ടും അങ്ങനെ കടന്നു പോവുകയായിരുന്നു ഗര്‍ഭകാലം. പ്രസവശേഷം മാഷിന്റെ അമ്മയ്ക്ക് കുട്ടികളെ കൈമാറുക എന്നതായിരുന്നു എന്റെ ഉള്ളിന്റുള്ളിലെ ആഗ്രഹം. എന്റെ കുട്ടികളെ രണ്ട് പേരെയും മാഷിന്റെ അമ്മയ്ക്ക് തന്നെ കൊടുക്കണമെന്ന് ഞാന്‍ ഡെലിവെറിക്ക് പോകുമ്പോള്‍ ഡോക്ടറോട് പറഞ്ഞുവെച്ചിരുന്നു. ഡോക്ടര്‍ അത് പോലെ ചെയ്തു. മാഷിന്റെ അമ്മയ്ക്ക് തന്നെയാണ് കൊടുത്തത്. മാഷുള്ളതു പോലെയാണ് എനിക്കത് തോന്നിയത്. ഇപ്പോഴും കുട്ടികളിലൂടെയാണ് അവർ ജീവിക്കുന്നത്.
ഒരു മകനായിരുന്നോ?
അതെ, മകന്‍ മരിച്ചെങ്കിലും കുട്ടികള്‍ക്ക് വേണ്ടിയാണ് അവര്‍ ജീവിക്കുന്നത്. എല്ലാവരുടെയും ജീവിതം കുട്ടികളെ കേന്ദ്രീകരിച്ചാണ് പോകുന്നതും.
ഭര്‍ത്താവ് മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ബീജത്തില്‍നിന്ന് കുട്ടികളെ ഗര്‍ഭം ധരിക്കുക എന്നത് ഷില്‍നക്ക് മുമ്പും ശേഷവും ഒരു പക്ഷെ കേരളത്തിൽ ഉണ്ടായിട്ടുണ്ടാവില്ല. നമ്മുടെ മുന്നില്‍ തന്നെ 'കളിമണ്ണ്' പോലുള്ള ഉദാഹരണം മാത്രമേയുള്ളൂ. കുട്ടികളുണ്ടായ ശേഷം ഏതെങ്കിലും തരത്തിലുള്ള നിയമപരമായ പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടോ?
നിയമപരമായ പ്രതിസന്ധികള്‍ കുറച്ചൊക്കെ ഉണ്ടാവുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് തീരുമാനം കൈക്കൊണ്ടത്. മക്കളുടെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിന്റെ സമയത്ത് നമ്മള്‍ ആപ്ലിക്കേഷന്‍ കൊടുക്കുമ്പോള്‍ ഭർത്താവിന്റെ പേരിന്റെ കൂടെ ലേറ്റ് എന്നാണല്ലോ ചേര്‍ക്കുന്നത്. ആ സമയം ബെര്‍ത്ത് സര്‍ട്ടഫിക്കറ്റ് ഇഷ്യു ചെയ്യുന്നവരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. മരണശേഷം കുട്ടി എന്നത് സാധ്യമായ കാര്യമല്ലല്ലോ. ഇതെങ്ങനെ സംഭവിച്ചു എന്ന് അവര്‍ ചോദിക്കുമ്പോള്‍ ചികിത്സയുടെ തെളിവ് ഹാജരാക്കിയാണ് പ്രശ്നം പരിഹരിച്ചത്. ലീഗല്‍ ഹെയര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് അപ്ലൈ ചെയ്തപ്പോഴും ഇതേ ചോദ്യം നേരിട്ടു. സാധാരണ ഗതിയില്‍ ആറ് മാസത്തിനുള്ളിൽ സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതായിരുന്നു. എന്നാൽ, ഞങ്ങൾക്ക് അത് ലഭിക്കാൻ ഒന്നര വര്‍ഷത്തോളമെടുത്തു. അവിടെയും അധികൃതരെ കുഴക്കിയത് മരിച്ചതിനു ശേഷം എങ്ങനെ കുട്ടികളുണ്ടായി എന്നതാണ്. ആദ്യം നല്‍കിയ അപേക്ഷ നിരസിക്കപ്പെടുകയും പിന്നീട് പത്രവാര്‍ത്തകളും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയ ശേഷമാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
മറ്റ് ഐവിഎഫ് ചികിത്സകളില്‍ പങ്കാളി നമ്മളോടൊപ്പം ഉണ്ടാകുമ്പോള്‍ നമുക്കിനിയും കുട്ടികളുണ്ടാവാനുള്ള സാധ്യതകൾ ഉണ്ട്. ഐ.വി.എഫുമായി നമുക്ക് മുന്നോട്ടു പോകാം. എന്നാല്‍, ഷില്‍നയുടെ കാര്യത്തില്‍ അത് പരാജയപ്പെടുകയാണെങ്കില്‍ ഇനി ഒരു ഐ.വി.എഫിനുള്ള സാധ്യത ഇല്ലല്ലോ. സുധാകരന്‍ മാഷ് ജീവിച്ചിരിപ്പില്ല. ഇത്തവണ കൂടി പരാജയപ്പെടുകയാണെങ്കില്‍ ഇനി എന്ത് എന്നാലോചിച്ച് വിഷമിച്ചിരുന്നോ.?
ഐ.വി.എഫ്. ചികിത്സയുടെ തുടക്കം പങ്കാളികള്‍ രണ്ട് പേരും സമ്മതപത്രം എഴുതി നല്‍കണം. അങ്ങനെയാണ് ചികിത്സ തുടങ്ങിയത്. ഭര്‍ത്താവ് മരിച്ചു പോയ സ്ഥിതിക്ക് ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് അച്ഛന്റെയോ അമ്മയുടെയോ സമ്മതപത്രം വേണമായിരുന്നു. അതുവരെയുള്ള എല്ലാ ഐ.വി.എഫിലും ഞങ്ങള്‍ രണ്ട് പേരും കൂടിയായിരുന്നു സങ്കടങ്ങള്‍ പങ്കുവെച്ചത്. ഈ ഐ.വി.എഫിന് ശേഷം മാഷില്ലാത്തത് എന്നെ വല്ലാതെ ബാധിച്ചിരുന്നു. എന്നാൽ, ഞാന്‍ തളരില്ല എന്ന കാര്യം മനസ്സില്‍ ഉറപ്പിച്ചിരുന്നു.
മരണത്തിനോട് പൊരുത്തപ്പെട്ടില്ലേ പിന്നെയാണോ അവസാന ഐ.വി.എഫ്. പരാജയപ്പെട്ടാല്‍ എന്ന നിലയ്ക്ക് ചിന്തിച്ചിട്ടുണ്ടാവും അല്ലേ?
അതെ, എനിക്കെന്തോ ഉറപ്പായിരുന്നു ഈ ഐ.വി.എഫ്. വിജയിക്കുമെന്ന്. മാഷ് കുട്ടികളെ അത്രയേറെ ആഗ്രഹിച്ചിരുന്നു. നമുക്ക് രണ്ട് പെണ്‍കുട്ടികളായിരിക്കുമെന്നും പറയുമായിരുന്നു. അവര്‍ക്കുള്ള പേരുകള്‍ വരെ കണ്ടതെത്തിയിരുന്നു മാഷ്. മരിക്കുന്നതിന് മുമ്പ് അതെന്നോട് പറയുകയും ചെയ്തിരുന്നു.
ഇരട്ടക്കുട്ടികളായിരിക്കും എന്ന് മാഷ് എപ്പോഴെങ്കിലും പറയുകയോ ആഗ്രഹം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നോ?
പറഞ്ഞട്ടുണ്ട്. രണ്ട് പെണ്‍കുട്ടികള്‍ തന്നെയായിരിക്കും എന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. നിമ മിത്ര, നിയ മാന്‍വി എന്നായിരുന്നു മാഷ് കണ്ടെത്തിയ പേരുകള്‍. പെണ്‍കുട്ടികള്‍ തന്നെയായിരിക്കും എന്ന് ഞാനും മന്‌സസില്‍ ഉറപ്പിച്ചു.അതിനാല്‍ ആണ്‍കുട്ടികള്‍ക്കുള്ള പേര് പോലും കണ്ടെത്തിയിട്ടുണ്ടായിരുന്നില്ല.
ഡോക്ടര്‍മാരോ അടുത്ത സുഹൃത്തുക്കളോ ഈ തീരുമാനത്തിൽ ഏറ്റവും കൂടുതല്‍ വ്യാകുലപ്പെടുത്തിയ കാര്യങ്ങളെന്തെല്ലാമായിരുന്നു?
അവര്‍ പ്രധാനമായും ആശങ്കപ്പെട്ടത് കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ അവര്‍ അച്ഛനെ ചോദിക്കും. അറിഞ്ഞു കൊണ്ട് അച്ഛനില്ലാത്ത കുട്ടികളെ പ്രസവിക്കാനുള്ള തീരുമാനമെടുക്കുന്നത് കുട്ടികളോട് ചെയ്യുന്ന ദ്രോഹമാവില്ലേ എന്ന രീതിയില്‍ എന്റെ വളരെ അടുത്ത സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞിരുന്നു. ഞാനതിനെ മനപ്പൂര്‍വ്വം നിരാകരിച്ചു. ഞാന്‍ കരുതി ഡോക്ടറുടെ അടുത്ത് സംസാരിച്ചു നോക്കാം. എന്തൊക്കെയാണെങ്കിലും അവര്‍ സമ്മതിച്ചാല്ലലേ മുന്നോട്ടു പോവാനാവൂ. ഇതുവരെ കേരളത്തില്‍ ഇത്തരമൊരു കാര്യം ചെയ്തിട്ടില്ല. അവര്‍ക്കും ഇതിന്റെ നിയമപരമായ കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോവണമെന്നറിയില്ല. മെഡിക്കല്‍ അസോസിയേഷനില്‍ സംസാരിച്ച ശേഷം അറിയിക്കാമെന്നാണ് അവര്‍ പറഞ്ഞത്. ഷില്‍ന ഓക്കെയാണെങ്കില്‍ നമുക്ക് കാര്യങ്ങളുമായി മുന്നോട്ടു പോകാമെന്ന് ഡോക്ടര്‍ ഒരാഴ്ച കഴിഞ്ഞ് ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. മാഷിന്റെ ജീവന്റെ ഒരംശമായിരുന്നു അവിടെ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നത്. മാഷെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ എനിക്കു മുന്നില്‍ ഇതല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു. അതിനാല്‍ തന്നെ ഞാനതിനെ കുറിച്ച് കൂടുതല്‍ ചിന്തിച്ചിരുന്നില്ല.
മാഷ് മരിച്ച് ആറ് മാസത്തിനു ശേഷമാണല്ലോ കണ്‍സീവ് ചെയ്യുന്നത്. ആ ദിവസങ്ങളിലെ ആത്മസംഘര്‍ഷങ്ങളെ, ദുഃഖങ്ങളെയെല്ലാം അതിജീവിച്ചത് ഏതു വിധമായിരുന്നു?
മാഷില്ലെങ്കിലും മാഷെങ്ങനെ ജീവിക്കണമെന്നാഗ്രഹിച്ചോ ആ വിധം ജീവിക്കണമെന്ന് എന്റെയുള്ളില്‍ ഒരു ധൈര്യമുണ്ടായിരുന്നു. എന്ത് വന്നാലും ഞാന്‍ ജീവിക്കും. ആത്മഹത്യയോ മരണമോ ഞാന്‍ ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. പലരും കരുതിയിരുന്നത് ഞാന്‍ മരിക്കുമെന്നായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ബന്ധം അത്രയ്ക്ക് ഗാഢമായിരുന്നു. സുധാകരന്‍ മാഷില്ലാതെ ഷില്‍നേച്ചിക്ക് ജീവിക്കാന്‍ കഴിയില്ലെന്ന സംസാരം മരണം കാണാന്‍ വന്ന ആളുകളും മറ്റും സംസാരിക്കുന്നത് ഞാന്‍ കേട്ടിരുന്നു. പക്ഷെ, ഞാന്‍ സ്വയം കരുത്താര്‍ജ്ജിക്കുകയായിരുന്നു. പ്രിയപ്പെട്ടവര്‍ മരിച്ചുപോയാല്‍ ജീവിച്ചു തന്നെയാണ് നമ്മള്‍ ആ സ്‌നേഹം തെളിയിക്കേണ്ടത്.
പുനര്‍വിവാഹത്തിനെ കുറിച്ച് ആരെങ്കിലും ചോദിക്കുകയോ ഉപദേശിക്കുകയോ ചെയ്തിട്ടുണ്ടോ?
എന്നെ നന്നായി അറിയുന്നവർ ആരും അങ്ങനെ സംസാരിച്ചിട്ടില്ല. എന്നാല്‍ വായിച്ചും കേട്ടറിഞ്ഞും കാണാന്‍ വരുന്നവര്‍ ചോദിച്ചിട്ടുണ്ട്. ഇപ്പഴും മാഷിന്റെ സ്ഥാനത്ത് വേറൊരാളെ സങ്കല്‍പിക്കാന്‍ പോലും കഴിയില്ല. അത്രയേറെ സ്‌നേഹത്തോടെയാണ് ജീവിച്ചത്. അതിനേക്കാളേറെ സ്വാതന്ത്ര്യത്തോടെയാണ് ജീവിച്ചത്. സ്‌നേഹമെന്ന വാക്കിനേക്കാളേറെ സ്വാതന്ത്ര്യമെന്ന വാക്കാണ് പ്രയോഗിക്കേണ്ടതെന്നു തോന്നുന്നു. വേറൊരാളെ എനിക്കാ സ്ഥാനത്ത് സങ്കല്‍പിക്കാനാവില്ല.
ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയുടെ ജീവിതവും അതിജീവനവും കേരളത്തിലെന്നല്ല ഒട്ടുമിക്ക പാട്രിയാര്‍ക്കല്‍ കുടുംബ ഘടനയിലും അത്ര എളുപ്പമല്ല. അതിനൊപ്പമാണ് അസാധാരണമായ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതും. മുന്‍വിധിയോടെയുള്ള ചോദ്യങ്ങളോ സമൂഹം തിരുത്തേണ്ടതുണ്ട് എന്ന് തോന്നുന്ന മനോഭാവങ്ങളോ നേരിടേണ്ടി വന്നിട്ടുണ്ടോ?
ഉണ്ട്. തീര്‍ച്ചയായും. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ സമൂഹത്തിന്റെ ഒരുപാട് ചോദ്യങ്ങള്‍ക്കുത്തരം പറയേണ്ടി വരാറുണ്ട്. ഞാനതൊന്നും അത്ര കാര്യമയി എടുക്കാറില്ല. നമ്മുടെ ജീവിതം നമുക്കെങ്ങനെയും ജീവിക്കാം എന്ന ബോധ്യമെനിക്കുണ്ട്. നമ്മള്‍ സന്തോഷത്തോടെയിരിക്കണമെങ്കില്‍ നമ്മളതാഗ്രഹിക്കണം ആ ആഗ്രഹത്തിനൊത്ത് ജീവിക്കുകയും വേണം.
ജീവിതത്തിലെ ഒരോ സുഖങ്ങളിലും ദുഃഖങ്ങളിലും മാഷുണ്ട് എന്ന തോന്നലില്‍ സംവദിക്കാറുണ്ടോ... മാഷിന്റെ സാമിപ്യം കൂടെ ഉണ്ട് എന്ന തോന്നലില്‍ ജീവിക്കുന്ന ഒരാളാണ് ഷില്‍നയെന്ന് എഫ്ബിയില്‍ ഷില്‍ന ഇടുന്ന കുറിപ്പുകളില്‍ നിന്നെല്ലാം തോന്നിയിട്ടുണ്ട്?
പല രീതികളിലാണ് മനുഷ്യര്‍ പ്രിയപ്പെട്ടവരുടെ വേര്‍പാടുകളെ അതിജീവിക്കുന്നത്. മാഷെന്റെ കൂടെയുണ്ടെന്ന തോന്നലിലാണ് ഞാനിപ്പഴും ജീവിക്കുന്നത്. അങ്ങനെയല്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല. എന്റെ വീട്ടില്‍ പോലും മാഷിന്റെ ഒരു സിംഗിള്‍ ഫോട്ടോ ഞാന്‍ വെച്ചിട്ടില്ല. മാഷിന്റെ ഫോട്ടോ മാലയിട്ട് ഫ്രെയിം ചെയ്ത് വെക്കുന്നത് എന്നെയാകെ തളര്‍ത്തും. നെഗറ്റീവ് എനര്‍ജിയുണ്ടാക്കും. ഞാനും മാഷും സന്തോഷത്തോടെയുള്ള ഒരുമിച്ചുള്ള ഫോട്ടോ മാത്രമേ വീട്ടിലുളളൂ.
മരണത്തെ അംഗീകരിക്കാത്ത മാനസ്സികാവസ്ഥയാണോ ഈ രീതി പിന്തുടരുന്നതില്‍ കാണാനാവുന്നത്?
മാഷ് മരിച്ചു എന്നുള്ള സത്യം ഞാന്‍ അംഗീകരിക്കുന്നുണ്ട്. പക്ഷെ, അതിനെ അങ്ങനെ കാണാതെ മാഷ് കൂടെ ഉണ്ടെന്ന ഒരു തോന്നലിലൂടെയാണ് ഞാനിപ്പഴും ജീവിക്കുന്നത്. മാഷ് എപ്പഴും ലൈവ് ആയി നില്‍ക്കാന്‍ ആഗ്രഹിച്ച ആളായിരുന്നു. മാഷിന്റെ എഫ്ബി അക്കൗണ്ട് പോലും സജീവമാകാതെ കിടക്കരുത് എന്നെനിക്കുണ്ടായിരുന്നു. അതിനാല്‍ ഞാനതിപ്പോഴും എന്റെ പ്രൊഫൈല്‍ പോലെ സജീവമാക്കി സ്‌നേഹത്തോടെ കൊണ്ടു നടക്കുകയാണ്.
മാഷ് നിര്‍ദേശിച്ച പേരാണല്ലോ മക്കള്‍ക്കിട്ടത്. ആ രീതിയില്‍ ജീവിതതതിന്റെയും മക്കളുടെയും ഏത് വളര്‍ച്ചാഘട്ടം വരെ നിങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ആ രീതിയിലാണോ നിങ്ങള്‍ ജീവിക്കുന്നത്?
വിവാഹം കഴിഞ്ഞ് നാലു വര്‍ഷമായപ്പോൾ തന്നെ കുട്ടികളെ കുറിച്ച് ഞങ്ങള്‍ സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയിരുന്നു. മാഷ് കുട്ടികളില്ലാതെയും ജീവിതമുണ്ട് എന്ന ചിന്ത വെച്ചുപുലർത്തിയിരുന്ന ആളായിരുന്നു. കുട്ടികളില്ലാത്തതാണ് ഏറ്റവും വലിയ ദുഃഖമെന്നാണ് ഞാനാദ്യം കരുതിയിരുന്നത്. കുട്ടികളില്ലാത്തതിനേക്കാള്‍ വലിയ ദുഃഖം ജീവിതത്തിലുണ്ടെന്ന് ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു. മാഷിന്റെ മരണശേഷമാണ് ദുഃഖത്തിന്റെ ആ ആഴം ഞാന്‍ മനസ്സിലാക്കിയത്.
ഒരു കുട്ടിയുണ്ടാവുക എന്ന ചിന്തയില്‍ ചികിത്സയുടെ തിരക്കുകളില്‍ പെട്ട് കൂടുതലും പിന്നേക്ക് വെച്ച കാര്യങ്ങളാവും നിങ്ങളുടെ ജീവിതത്തിലുണ്ടായിരുന്നതെന്ന ഷില്‍ന പറഞ്ഞതായി കേട്ടിട്ടുണ്ട്. അത്തരത്തില്‍ കുറച്ചൂടെ ന്നനായി ജീവിക്കാമെന്നും ചില കാര്യങ്ങളെങ്കിലും ഒരുമിച്ചുള്ളപ്പോള്‍ ചെയ്യാമായിരുന്നെന്നും ഉള്ള കുറ്റബോധമുണ്ടോ ഉള്ളില്‍.?
തീർച്ചയായും ഉണ്ട്. കുട്ടികള്‍, ചികിത്സ എന്ന വട്ടത്തിലായിരുന്നു ഞങ്ങളുടെ ജീവിതം. പല കാര്യങ്ങളും അതിനിടയില്‍ മാറ്റിവെച്ചു. പല യാത്രകളും പിന്നേക്ക് മാറ്റിവെച്ചു. കുട്ടിയുണ്ടാവുക എന്നതാണ് നമ്മുടെ പ്രയോരിറ്റി എന്ന് പറഞ്ഞ് ആ സുഖമുള്ള സന്തോഷനിമിഷങ്ങളെല്ലാം പിന്നേക്ക് ഞാനാണ് മാറ്റിവെച്ചത്. കുറച്ചൂടെ നന്നായി ഒരുമിച്ചു ജീവിക്കാമായിരുന്നു എന്നോര്‍ത്ത് ഇപ്പോഴെനിക്ക് ആ കുറ്റബോധമുണ്ട്.
Content Highlights: Shilna Sudhakar husband's death,conceiving child,life and survival, jeevitham athijeevanam
Published: 04 Oct 2023, 12:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented