ന്ത്യയിലാകമാനമുള്ള സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താങ്ങിനിര്‍ത്തുന്നതില്‍ ഇന്ത്യന്‍ റെയില്‍വേക്ക് വലിയ പങ്കുണ്ട്. ദീര്‍ഘദൂരയാത്രയ്ക്ക് തുച്ഛമായ നിരക്കില്‍ യാത്ര ചെയ്യാന്‍ തീവണ്ടിയേക്കാൾ സുരക്ഷിതവും സൗകര്യപ്രദവുമായ മറ്റൊരു യാത്രാമാര്‍ഗ്ഗമില്ല. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ജോലി ചെയ്യുന്ന തീവണ്ടിയോടിക്കുന്ന ലോക്കോ പൈലറ്റുമാര്‍ വലിയ വിവേചനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് നിലവില്‍ അനുഭവിക്കുന്നത്. അര്‍ഹമായ വിശ്രമവും അവധിയും നല്‍കാത്തതിനെതിരേ ലോക്കോ പൈലറ്റുമാര്‍ നടത്തി വരുന്ന സമരം തുടരുകയാണ്. ലോക്കോ പൈലറ്റുമാര്‍ കാലങ്ങളായി അനുഭവിക്കുന്ന വിവേചനങ്ങളെ കുറിച്ചും തൊഴിലാളി വിരുദ്ധതയെകുറിച്ചും സംസാരിക്കുകയാണ് ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ അഖിലേന്ത്യ സെക്രട്ടറിയും, പാലക്കാട് ഡിവിഷനിലെ മുൻ ലോക്കോ പൈലറ്റുമായ കെ.സി. ജയിംസ്.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

* ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാതെ അധികജോലി സമയം ബഹിഷ്‌കരിച്ചു കൃത്യമായ വ്യവസ്ഥകള്‍ പാലിച്ചുമുള്ള പ്രതിഷേധ സമരത്തിലേക്ക് ലോക്കോ പൈലറ്റുമാര്‍ കടന്നിരിക്കുകയാണ്. കേരളത്തിലെ ലോക്കോ പൈലറ്റുമാര്‍ സമരത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്?

സുരക്ഷിതമായി ജോലി ചെയ്യുന്നതിന് ആവശ്യമായ കാര്യങ്ങള്‍ വര്‍ഷങ്ങളായി റെയില്‍വേ നിഷേധിച്ചു കൊണ്ടിരിക്കുകയാണ്. സമാധാനപരമായ എല്ലാ തരത്തിലുള്ള ശ്രമങ്ങളും എത്രയോ കാലമായി പരാജയപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് സമരത്തിന് മുന്നിട്ടിറങ്ങിയത്. മൂന്ന് പ്രശ്‌നങ്ങളാണ് പ്രധാനമായയും ലോക്കോ പൈലറ്റുമാര്‍ നേരിടുന്നത്. ജോലി സമയത്തിന്റെ ദൈര്‍ഘ്യമാണ് ഒന്നാമത്തെ പ്രശ്‌നം. 

1960-കളില്‍ തന്നെ ജോലി സമയം കുറക്കുന്നത് സംബന്ധിച്ച് ലോക്കോ പൈലറ്റുമാര്‍ റെയില്‍വേയില്‍ സമരങ്ങളാരംഭിച്ചിരുന്നു. 1973-ല്‍ ഓഗസ്റ്റില്‍ ഉണ്ടായ സമരത്തിന്റെ ഭാഗമായി 10 മണിക്കൂര്‍ പരമാവധി ജോലി എന്ന എഗ്രിമെന്റ് വെച്ചാണ് സമരം പിന്‍വലിച്ചത്. 1978-ല്‍ 10 മണിക്കൂര്‍ ജോലിസമയം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവും ഇറങ്ങി. എന്നാല്‍ 1981-ല്‍ ആ ഓര്‍ഡര്‍ പിന്‍വലിച്ച് അണ്‍ലിമിറ്റഡ്(അനിയന്ത്രിതമായ) ജോലി സമയമാക്കി. എന്നാല്‍ 1992-ല്‍ കോടതി ഇടപെടലിലൂടെ 81-ലെ ഉത്തരവ് റദ്ദാക്കി 78-ലെ ഉത്തരവ് പുനഃസ്ഥാപിച്ചു. ആ ഉത്തരവ് ലംഘിച്ചു കൊണ്ട് മൂന്ന് മാസത്തിനുള്ളില്‍ തന്നെ 13 മണിക്കൂര്‍ ജോലിയുടെ ഉത്തരവ് വന്നു. അതിനെതിരേ നടത്തിയ സമരങ്ങളുടെ ഭാമായി 2006-ല്‍ ജുഡീഷ്യല്‍ റിവ്യു നടത്താമെന്ന് കാബിനറ്റ് സെക്രട്ടറി അറിയിച്ചതാണ്. എന്നാല്‍ കമ്മറ്റിയെ നിയമിച്ചില്ല. 2012-ലാണ് വകുപ്പ് തല ഉന്നതലസമിതിയെ നിയോഗിക്കുന്നതും 2013-ല്‍ അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും. ഇതില്‍ തീരുമാനം ഉണ്ടാകുന്നതാവട്ടെ 2016-ലും. അതാവട്ടെ ജോലി സമയം 13 മണിക്കൂറില്‍ നിന്ന് ഒരു മണിക്കൂര്‍ കുറച്ച് 12 മണിക്കൂര്‍ ആക്കിയുള്ള തീരുമാനമായിരുന്നു. 2013-ലെ റിപ്പോര്‍ട്ടില്‍ തന്നെ 2020-ല്‍ ജോലി സമയം 10 മണിക്കൂറാക്കി കുറക്കണമെന്ന ശുപാര്‍ശയുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് സമരം. സമയത്തിന്റെ കാര്യത്തിലാണ് ഇത്രവലിയ നിയമപോരാട്ടം നടത്തിയത്. 

രണ്ടാമത്തെ പ്രശ്‌നം പ്രതിവാര വിശ്രമമാണ്. പ്രതിദിനം എട്ടു മണിക്കൂര്‍ ഡ്യൂട്ടി, 16 മണിക്കൂര്‍ വിശ്രമം, ആഴ്ചയിലൊരു ദിവസം അവധി എന്ന നിലയിലാണല്ലോ പൊതുവിലെ തൊഴില്‍രീതി. എന്നാല്‍ ഞങ്ങള്‍ റണ്ണിങ് സ്റ്റാഫ് എല്ലാ ദിവസവും തിരിച്ച് വീടുകളിലെത്താത്തതു കൊണ്ട് ഞങ്ങള്‍ക്ക് ആഴ്ചയിലൊരിക്കലല്ല പകരം മാസത്തില്‍ നാല് ദിവസമാണ് ഓഫ്.  ആ അവധി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ച് എത്തുന്ന ദിവസം എടുക്കാം. ആ റെസ്റ്റ് 30 മണിക്കൂറെടുക്കാം. ഈ വീക്കിലി റെസ്റ്റിന്റെ കൂടെ ദിവസവും കിട്ടേണ്ട 14 മണിക്കൂര്‍ വിശ്രമം ഞങ്ങൾക്ക് ലഭിക്കാതെ പോവുന്നു. അത് റെയിൽവേ കണക്കാക്കുന്നേയില്ല. ഇതിനെതിരേ 2008-ല്‍ ‍കോടതിയില്‍ പോയി. കോടതി പറഞ്ഞതനുസരിച്ച് റീജിയണല്‍ ലേബര്‍ കമ്മീഷണറെ സമീപിച്ചു. നിലവിലെ നിയമ പ്രകാരം വീക്ക്‌ലി ഓഫും ദിവസേനയുള്ള പണിയൊഴിഞ്ഞ സമയവും രണ്ടും രണ്ടാണെന്നും രണ്ടും ക്ലബ്ബ് ചെയ്യാന്‍ പറ്റില്ലെന്നുമാണ് റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ പറഞ്ഞത്. ഞങ്ങള്‍ക്കനുകൂലമായ റീജിയണല്‍ ലേബര്‍ കമ്മീഷണറുടെ ഉത്തരവിനെതിരേ റെയില്‍ വേ സെന്‍ട്രല്‍ ലേബര്‍ കമ്മീഷണറെ സമീപിച്ചു അനുകൂല ഉത്തരവ് വാങ്ങി. പക്ഷെ, അതിനെതിരേ തൊഴിലാളികള്‍ ട്രിബ്യൂണലിൽ പോയി. റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ ഉത്തരവ് ഒടുവില്‍ ട്രിബ്യൂണല്‍ ശരിവെച്ചു. അതിനെതിരേയും റെയല്‍വേ ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. ഹൈക്കോടതിയും റീജിയണല്‍ ലേബര്‍ കമ്മീഷണറുടെ വ്യാഖ്യാനമാണ് ശരിയെന്ന് പറഞ്ഞു. ഇത്രയൊക്കെ അനുകൂല ഉത്തരവുണ്ടായിട്ടും റെയല്‍വേ ലോക്കോ പൈലറ്റുമാരുടെ ആവശ്യം അംഗീകരിച്ചില്ല. കോടതി ഉത്തരവ് പാലിക്കാത്തിനെതിരേ കോടതി അലക്ഷ്യം ഫയല്‍ ചെയ്യപ്പെട്ടപ്പോള്‍ ഞങ്ങളത് കൊടുക്കുന്നുണ്ടെന്ന് കള്ളം പറഞ്ഞ് ഊരുകയാണ് റെയില്‍വേ ചെയ്തത്. ഡെയ്‌ലി റെസ്റ്റായിട്ടുള്ള 16 മണിക്കൂറിനു പുറമെയാവണം ആഴ്ചയിലെ മുപ്പത് മണിക്കൂര്‍ അവധി തരാന്‍ എന്നതാണ് ഞങ്ങളുടെ ആവശ്യം. ഇത്ര ന്യായമായ ആവശ്യം പോലും അംഗീകരിക്കാത്ത സ്ഥിതിയാണ്.  

മൂന്നാമത്തെ വലിയ പ്രശ്‌നം നൈറ്റ് ഡ്യൂട്ടിക്ക് ശേഷം ആവശ്യത്തിനുള്ള വിശ്രമം കിട്ടാത്ത അവസ്ഥയാണ്. ഇങ്ങനെയുള്ള വലിയ നീതി നിഷേധങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും കാരണമാണ് ലോക്കോപൈലറ്റുമാര്‍ സമരത്തിനിറങ്ങിയിരിക്കുന്നത്.

രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞ് വണ്ടിയോടിക്കേണ്ടവരാണല്ലോ ലോക്കോ പൈലറ്റുമാര്‍. കയ്യില്‍ ആയിരക്കണക്കിന് ജീവനുകളാണുള്ളത്. നിങ്ങള്‍ക്ക് നൈറ്റ് ഡ്യൂട്ടിക്ക് ശേഷം അവശ്യം വേണ്ട വിശ്രമം ലഭിക്കുന്നുണ്ടോ

തീവണ്ടിയിലെ ഡ്രൈവിങ് ജോലി തീവ്രമാണ്. ഒന്നു മയങ്ങാന്‍ പോലും പാടില്ലാത്തതു കൊണ്ട് തന്നെ ഒരു പാടു നിയന്ത്രണങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. ജോലി സമയത്ത് മാത്രമല്ല, വീട്ടില്‍ പോലും ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഞങ്ങള്‍ക്ക് പരിമിതി ഉണ്ട്. അങ്ങനെയുള്ള ആളുകള്‍ക്ക് രണ്ട് നൈറ്റ് ഡ്യൂട്ടിയില്‍ കൂടുതല്‍ തുടര്‍ച്ചയായി നല്‍കുന്നത് ശരിയല്ല. ഉന്നതതല സമിതിയുടെ പഠനത്തില്‍ തന്നെ രണ്ട് നൈറ്റില്‍ കൂടുതല്‍ ജോലി ചെയ്യിക്കരുതെന്ന ശുപാര്‍ശയുണ്ട്. അത് ഭാഗികമായി അംഗീകരിച്ചു കൊണ്ട് നാല് നൈറ്റ് ഡ്യൂട്ടി എന്ന ഉത്തരവും വന്നിരുന്നു. തീവണ്ടി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ആക്‌സിഡന്റ് എന്‍ക്വയറി കമ്മിറ്റിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇലക്ട്രിക്കല്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടറേറ്റിൽനിന്ന് രണ്ട് നൈറ്റില്‍ കൂടുതല്‍ പാടില്ല എന്ന ഉത്തരവ് ഇട്ടിരുന്നു. എന്നാല്‍, ആളില്ലെന്നു പറഞ്ഞു 2017-ല്‍ ആ ഉത്തരവ് മരവിപ്പിച്ചു. ഇന്നിപ്പോള്‍ 2024 ആയിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. 

ഇതിനു പുറമെ സമൂഹത്തിന്റെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. പണ്ട് ഞാന്‍ എവിടെയെല്ലാം ട്രാന്‍സ്ഫറായി പോയോ അവിടേക്കെല്ലാം എന്റെ ഭാര്യയും കൊണ്ടു പോയിരുന്നു. അങ്ങനെ സാധിക്കുന്നത് എന്റെ വീട്ടില്‍ ഞാന്‍ പതിനൊന്നാമത്തെ സന്താനമായതു കൊണ്ടാണ്. ഇപ്പോള്‍ 90 ശതമാനം വീട്ടിലും വയസ്സായ ആളുകള്‍ ഒറ്റക്കാവും. അപ്പോള്‍ കുടുംബത്തെ ഒപ്പം കൊണ്ടുപോവാന്‍ പറ്റാത്ത അവസ്ഥ ലോക്കോ പൈലറ്റുമാര്‍ക്ക് വരും. ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പുറത്ത് പോയാല്‍ തിരിച്ച് ഹെഡ്ക്വാർട്ടേഴ്സിലെത്താൻ 96 മണിക്കറൊക്കെ എടുക്കും. അങ്ങനെ ഹെഡ്ക്വാർട്ടേഴ്സില്‍ എത്തിക്കഴഞ്ഞാല്‍ വിശ്രമം 16 മണിക്കൂര്‍ മാത്രമാണ് ലഭിക്കുന്നത്. 16 മണിക്കൂര്‍ വിശ്രമത്തിനു ശേഷം വീണ്ടും 72-96 മണിക്കൂര്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുകയാണ്. ഒരാഴ്ച്ചയിൽ വീട്ടില്‍ കിട്ടുന്ന സമയം കേവലം 16 മണിക്കൂര്‍ മാത്രമാണ്. ഇതു ഗുരുതര പ്രശ്‌നമായി ഹൈപവര്‍ കമ്മറ്റിയായ ഡി.ഡി. ത്രിപാഠി കമ്മറ്റിക്കു മുന്നില്‍ ഞങ്ങള്‍ വെച്ചിരുന്നു. 2020 മുതല്‍ ഈ 96 മണിക്കൂർ 48 മണിക്കൂറാക്കി ചുരുക്കണം എന്ന ശുപാര്‍ശയുണ്ടായിരുന്നു എന്നാല്‍, അതിലും ഉത്തരവ് വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഞങ്ങള്‍ അവകാശങ്ങള്‍ ചോദിച്ചു മുന്നോട്ടു വന്നിരിക്കുന്നത്.

ലോക്കോ പൈലറ്റുമാരുടെ അവകാശങ്ങള്‍ നിഷേധിച്ചുള്ള ചൂഷണങ്ങള്‍ അവരുടെ ആരോഗ്യത്തെയും ജീവിതത്തെയും ബാധിക്കുമ്പോള്‍ അത് യാത്രക്കാരുടെ സുരക്ഷിതമായ യാത്രയെ കൂടിയല്ലേ ബാധിക്കുക 

ഇന്ന് വെളുപ്പിന് പഞ്ചാബിലെ അംബാലയില്‍ ട്രിപ്പിള്‍ കൊളീഷനുണ്ടായിട്ടുണ്ട്. ഈ അപകടത്തിനിടയാക്കിയത് ഒരു ലോക്കോ പൈലറ്റ് ചുവന്ന സിഗ്നല്‍ കണക്കാക്കാതെ കടന്നുവന്നതാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആ ലോക്കോ പൈലറ്റിന്റെ തുടര്‍ച്ചയായുള്ള മൂന്നാമത്തെ നൈറ്റ് ഡ്യൂട്ടിയായിരുന്നു അത്. ആ വണ്ടി ഗുഡ്‌സ് ട്രെയിനിലിട്ടു അത് ഡീറെയിലായി വീണ്ടും വേറെയൊരു വണ്ടിക്കു മുകളില്‍ വീണു. അങ്ങനെയാണ് ട്രിപ്പിള്‍ കൊളീഷനുണ്ടാവുന്നത്. ഭാഗ്യവശാല്‍ ആരും മരിച്ചില്ല.പക്ഷെ, ലോക്കോ പൈലറ്റുമാര്‍ക്ക് പരിക്കുണ്ട്. 

കൃത്യം ഒരു വര്‍ഷം മുമ്പ് ജൂണ്‍ രണ്ടിനാണ് 296 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ തീവണ്ടി അപകടമുണ്ടാവുന്നത്. അതിന്റെ കാരണങ്ങള്‍ തേടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ആ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലെന്താണെന്ന്‌ വിശദീകരിക്കാമോ 

സിഗ്‌നല്‍ സംവിധാനം നിലവില്‍ ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ആണ്. തീവണ്ടി പാളം മാറ്റാന്‍ ഉപയോഗിക്കുന്ന പോയിന്റസ് സെറ്റുകള്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ നിന്നാണ് ഇലക്ട്രിക്കലി ഓപ്പറേറ്റ് ചെയ്യുന്നത്. അതില്‍ തെറ്റുകള്‍ വരാതിരിക്കാനുള്ള ഇന്റര്‍ലോക്കിങ് സംവിധാനവും ഉണ്ട്. സ്‌റ്റേഷന്‍ മാസ്റ്റര്‍ തിരിച്ച പോയിന്റില്‍ തന്നെയാണോ സിഗ്നല്‍ വന്നിരിക്കുന്നതെന്ന് ക്രോസ് ചെക്ക് ചെയ്യാനുള്ള സിസ്റ്റവും അതിലുണ്ട്. അങ്ങനെ ഡിസൈന്‍ ചെയ്തിട്ടുള്ള സംവിധാനം 2018-ല്‍ നവീകരിച്ചു. ആ നവീകരണത്തിന് അപ്രൂവല്‍ നല്‍കുന്നതിനു മൂന്ന് ഡ്രോയിങ്ങുകള്‍ വേണം. ഒന്ന് നിലവിലുള്ളതിന്റെ കോപ്പി, ചെയ്യാനുദ്ദേശിക്കുന്ന മാറ്റങ്ങള്‍, മാറ്റം വരുത്തിയ ശേഷമുള്ളത് എന്നിവയടക്കമുള്ള ഡ്രോയിങ്ങുകള്‍ വെച്ച് വേണം നവീകരണത്തിന് അനുമതി കൊടുക്കാന്‍. പക്ഷെ റെയില്‍വേയില്‍ ആളില്ലാത്തതിനാലും നവീകരണ പ്രവൃത്തി അത്യാവശ്യമായതിനാലും ഡ്രോയിങ്ങില്ലാതെ അനുമതി നല്‍കി. സ്‌റ്റേഷനിലുണ്ടായിരുന്നത് നവീകരണം നടത്തുന്നതിനു മുമ്പുള്ള ഡ്രോയിങ്ങാണ്. പിന്നീട് 2023-ൽ അപകടം ഉണ്ടായ ദിവസം  അറ്റകുറ്റപണി നടന്നിരുന്നു. പണി കഴിഞ്ഞ് ഊരിയിട്ട വയറുകൾ പഴയ ഡ്രോയിങ് പ്രകാരമാണ് റീകണക്ട് ചെയ്തത്. അതിനാൽ തന്നെ അതിൽ പിഴവ് വന്നു.  ഇതിനാൽ ക്രോസ് ചെക്ക് ചെയ്യാനുള്ള സംവിധാനം ശരിയായി പ്രവർത്തിച്ചില്ല. അതിനാൽ കോറമാണ്ടലിന്റെ സമയത്ത് സ്റ്റേഷൻ മാസ്റ്റർ കരുതിയ പോലെ പോയിന്റ് തിരിഞ്ഞില്ല. പാളം മാറിയത് ഗുഡ്‌സ് നിര്‍ത്തിയിട്ട തെറ്റായ പാളത്തിലായി. അങ്ങനെ ഗുഡ്‌സിലേക്ക് ഇടിച്ചു കയറിയ വണ്ടിയുടെ ബോഗികള്‍ തെറിച്ച് അപ്പുറത്തെ പാളത്തിലേക്ക് വന്നു കൊണ്ടിരുന്ന ബാംഗ്ലൂര്‍ എക്‌സ്പ്രസ്സിന്റെ പതിനെട്ടാമത്തെ കോച്ചിലേക്ക് വീണു. കോറമാണ്ടലിന്റെ മുഴുവന്‍ കോച്ചുകളും ബാംഗ്ലൂര്‍ എക്‌സ്പ്രസ്സിന്റെ നാല് കോച്ചുകളുമാണ് പാളം തെറ്റി വലിയ അപകടമുണ്ടാവുന്നത്. നിലവില്‍ സ്‌റ്റേഷന്‍ മാസ്റ്ററെയും സ്ഗ്നലില്‍ പണിയെടുത്ത മൂന്ന് പേരെയും ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. റെയിൽവേയിലെ പല ഡിപാർട്മെന്റിലേയും ആൾക്ഷാമത്തിന് ഈ അപകടവുമായുള്ള ബന്ധം വിദൂരമല്ല. 

തീവണ്ടികളുടെ എണ്ണം കൂടുന്നു, യാത്രക്കാരുടെ എണ്ണം കൂടുന്നു. ഇതിനാനുപാതികമായി ലോക്കോ പൈലറ്റുമാരുടെ എണ്ണം കൂടാത്തത് നിലവിലുള്ളവരുടെ ജോലിഭാരം കൂട്ടുകയും ഇത് യാത്രക്കാരുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ടോ

16,300 ഒഴിവുകളാണ് കഴിഞ്ഞ ഡിസംബര്‍ പ്രകാരമുള്ളത്. 2018-ല്‍ റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ 17,000 ഒഴിവുകളാണ് ഉണ്ടായിരുന്നത്. 2019 ഇലക്ഷന് തൊട്ടു മുമ്പ് 17,000-ത്തോളം പേരെ നിയമിച്ചു. എന്നാല്‍, അതിനേക്കാള്‍ കൂടുതല്‍ വിരമിക്കലുകള്‍ പിന്നീട് വന്നു.  22-23ലുണ്ടായതനേക്കാള്‍ കൂടുതല്‍ വിരമിക്കലുകളാണ് വരുന്ന മൂന്ന വര്‍ഷങ്ങളില്‍ വരാനിരിക്കുന്നത്. കേഡര്‍ റിവ്യൂ മുഴുവനായി നടത്തുകയാണെങ്കില്‍ 25,000-ത്തിനും 30,000-ത്തിനും ഇടയില്‍ ഒഴിവുകളുണ്ടാവുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ആ സ്ഥാനത്ത് റെയില്‍വേ ബോര്‍ഡ് 5696 പേരുടെ ഒഴിവുകള്‍ മാത്രമാണ് നോട്ടിഫൈ ചെയ്തിരിക്കുന്നത്. 

ആവശ്യങ്ങള്‍ നടപ്പാവും വരെ സമരം ശക്തമായി മുന്നോട്ടു കൊണ്ടു പോവാന്‍ തന്നെയാണോ തീരുമാനം

ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിക്കൊണ്ടുള്ള സമരമാര്‍ഗ്ഗമല്ല അവലംബിക്കുന്നത്. നിയമപ്രകാരം ലഭിക്കേണ്ട കര്യങ്ങള്‍ ആവശ്യപ്പെട്ടുള്ള പണിമുടക്ക് സമരമാണ്. എന്നാല്‍ ട്രെയിന്‍ ഓടുന്നതിനെ അത് ബാധിക്കില്ല. കാരണം മുന്‍കൂട്ടി അറിയിച്ചാണ് പണിമുടക്കുന്നത്. അതിന് ബദല്‍ സംവിധാനം റെയില്‍വേ കണ്ടെത്തും അതിനാല്‍ ജന ജീവിതത്തെ ബാധിക്കില്ല. 

സ്പീഡ് കൂടുന്നതിനും ആളുകളുടെ എണ്ണത്തിനുമെല്ലാം അനുസരിച്ച് നിലവിലെ നിയമങ്ങളിലും ചട്ടങ്ങളിലും എന്തെങ്കിലും  മാറ്റം വേണമെന്ന കരുതുന്നുണ്ടോ..

തീര്‍ച്ചയായും ഞങ്ങളുടെ ലോക്കോയില്‍ ടോയ്‌ലെററില്ല. പണ്ട് എന്‍ജിന്റെ മറവിലിരുന്നെല്ലാം മൂത്രമൊഴിച്ചിരുന്നു എന്നാല്‍ 3000-ത്തിലേറെ വനിതാ ലോക്കോ പൈലറ്റുമാരുണ്ട് ഇപ്പോള്‍. അവരെന്ത് ചെയ്യും? അവരുടെ അവസ്ഥ കഷ്ടമാണ്. ലോക്കോയിലേക്ക് നിലത്ത് നിന്ന് കയറുന്നത് പൊതുവെ ബുദ്ധിമുട്ടാണ്. ഗര്‍ഭിണിയാവുന്ന ലോക്കോ പൈലറ്റുമാര്‍ക്ക് ബുദ്ധിമുട്ടുകളുണ്ട്. ഡ്യൂട്ടി ഉള്ള ദിവസം വെള്ളം കുടിക്കാതെയാണ് പല വനിതാ ലോക്കോപൈലറ്റുമാരും ഈ പ്രശ്‌നത്തെ നേരിടുന്നത്. വണ്ടി നിര്‍ത്തി അടുത്ത ബോഗിയിലെ ബാത്ത്‌റൂമില്‍ പോകാമെന്ന് വെച്ചാലും എത്ര കോച്ച് പുറകെ പോയാലും ലോക്കോ പൈലറ്റുമാര്‍ക്ക് ബാത്ത്‌റൂമില്‍ പോവാന്‍ സാധിക്കാറില്ല. 

മറ്റൊരു പ്രശ്‌നം പത്ത് മണിക്കൂര്‍ ജോലി എന്ന ചട്ടം വരുന്നത് ആവി എന്‍ജിനുണ്ടായിരുന്ന കാലത്താണ്. തീ കത്തിച്ച് ആവിയുണ്ടാക്കിയെടുക്കാന്‍ ഒന്നരമണിക്കൂറെടുക്കും. അന്ന് വണ്ടിയോടിക്കണമെങ്കില്‍ ഒന്നരമണിക്കൂര്‍ മുമ്പേ എത്തി ഇത് ചെയ്യണം. ഇത് കണക്കാക്കിയാണ് അന്ന് പത്ത് മണിക്കൂര്‍ ഡ്യൂട്ടി വെച്ചിരുന്നത്. പിന്നെ ബ്രേക്ക് സെര്‍ട്ടിഫൈ ചെയ്യുമ്പോഴേക്കും രണ്ടര മൂന്നു മണിക്കൂറെടുക്കും. അന്ന് സിംഗിള്‍ ലൈന്‍ ആയിരുന്നതിനാല്‍ ധാരാളം ക്രോസ്സിങ്ങുകളുണ്ടായിരുന്നു. അതിനാല്‍ പത്ത് മണിക്കൂറില്‍ അഞ്ച് മണിക്കൂര്‍ ആയിരുന്നു ശരാശരി റണ്ണിങ് ഡ്യൂട്ടി. ഇപ്പോള്‍ നാല് ലൈനും ഏഴ് ലൈനും വരെയായി. ഡീസലും ഇലക്ട്രിക്കലും വന്നു. പത്ത് മണിക്കൂറിലെ റണ്ണിങ് ഡ്യൂട്ടി ഇപ്പോള്‍ 8 മണിക്കൂറായി. 

വണ്ടിയുടെ നീളവും ലോഡും വേഗതയും വര്‍ധിച്ചു. ഇതെല്ലാം ഞങ്ങളുടെ ജോലി പതിന്‍മടങ്ങാക്കി. ഇതിനനുപാതികമായി ലോക്കോ പൈലറ്റുമാരുടെ എണ്ണം മാത്രമല്ല, സുരക്ഷാ മാര്‍ഗ്ഗങ്ങളും കൂട്ടണം. ഒരു പാളത്തില്‍ നിന്ന് മറ്റൊരു പാളത്തിലേക്ക് തീവണ്ടി വീഴാതിരിക്കാനുള്ള സുരക്ഷാ ബാരിക്കേഡ് ഒന്നുമില്ല. അപകട സാധ്യത പഴയതിനേക്കാള്‍ കൂടുതലാണ്. മൊത്തത്തില്‍ ഒരു പഠനം ആവശ്യമാണ് റെയില്‍വേയില്‍. 

വര്‍ധിച്ചു വരുന്ന അപകടങ്ങളുടെ സാഹചര്യത്തില്‍ ലോക്കോപൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനം വല്ലതും നല്‍കണമെന്ന് കരുതുന്നുണ്ടോ...

ലോക്കോ പൈലറ്റുമാര്‍ ക്രിക്കറ്റ്‌ കണ്ടുകൊണ്ട് അപകടമുണ്ടാക്കി എന്ന മന്ത്രിയുടെ പ്രസ്താവന ഈ അടുത്ത് പുറത്തുവന്നിരുന്നല്ലോ. പരിശീലനത്തിന്റെ അഭാവം വലിയ രീതിയിലുള്ള അപകടം വിളിച്ചു വരുത്തും. ആദ്യം ഒരേയൊരു ലോക്കോമോട്ടീവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന് 6 മാസം ക്ലാസ്സുണ്ടായിരുന്നു. സിഗ്നല്‍ സിസ്റ്റത്തെ കുറിച്ച് പഠിക്കാന്‍ മൂന്നു മാസം പരിശീലനം ലഭിച്ചിരുന്നു. ഇലക്ട്രിക്കല്‍ ലോക്കോ, ഡീസൽ ലോക്കോ അടക്കം 21 വ്യത്യസ്ത ലോക്കോകള്‍ റെയില്‍വേ ഉപയോഗിക്കുന്നുണ്ട്. ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തമാണ്. ഇതെല്ലാം 45 ദിവസത്തിനുള്ളിലാണ് ഒരു ലോക്കോ പൈലറ്റ് പഠിച്ചു വരുന്നത്. അതായത് ഡ്യൂട്ടിക്ക് പുതുതായൊരാള്‍ പ്രവേശിക്കുമ്പോൾ ഇതേ കുറിച്ചൊന്നും യാതാരു തരത്തിലുള്ള ധാരണയും ഇവര്‍ക്കുണ്ടായിരിക്കില്ല. അതിനു തക്കതായ പരിശീലനം നല്‍കുന്നില്ല. ഇങ്ങനെ പരിഹരിക്കപ്പെടേണ്ട അനവധി നിരവധി പ്രശ്നങ്ങളാണ് ഈ മേഖലയിലുള്ളവർ നേരിടുന്നത്. ആളുകളുടെ ജീവനും വെച്ച് കൊണ്ടുള്ള ഓട്ടമാണ് ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാത്തപക്ഷം വലിയ വില കൊടുക്കേണ്ടി വരും.