
മാധ്യമ മേഖലയിലെ ചോരത്തിളപ്പുള്ള സാന്നിധ്യമായി സ്‌ക്രീനില്‍ ഒരിക്കല്‍ നിറഞ്ഞു നിന്നവനാണ് തൃപ്പുണ്ണിത്തറ സ്വദേശിയായ സിദ്ധാര്‍ഥ്. 2022-ലെ ഇലക്ഷന്‍ റിപ്പോര്‍ട്ടിങ്ങിനിടെ 25-ാം വയസ്സിലാണ് ട്രെയിനില്‍നിന്ന് വീണ് സിദ്ധാര്‍ഥിന്റെ ഇരുകാലുകളും മുറിച്ചു മാറ്റുന്നത്. ഈ പയ്യന്റെ ഭാവി ഇവിടെ തീര്‍ന്നു എന്ന് പരിതപിച്ചവര്‍ക്കു മുന്നിലേക്ക് ബോധം വീണ് ഒരു മാസത്തിനുള്ളിലാണ് കിടക്കയില്‍ കിടന്ന് സിദ്ധാര്‍ഥ് ന്യൂസ് ലൈവ് ചെയ്യുന്നത്. അച്ഛന്‍ കൃഷ്ണനും അമ്മ സുധയും സുഹൃത്തുക്കളും നൽകിയ കരുത്ത് ആ മുന്നോട്ടു പോക്കിന് ആക്കം കൂട്ടി. ജീവിതം അതിജീവനം എന്ന അഭിമുഖ പരമ്പരയില്‍ ഇത്തവണ തന്റെ അതിജീവന കഥ പങ്കുവെക്കുന്നത് പത്തിരിപ്പാല ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പൊളിട്ടിക്കല്‍ സയന്‍സ് വിഭാഗം അധ്യാപകനായ സിദ്ധാര്‍ഥാണ്
ഇതുപോലൊരു ഇലക്ഷന്‍ കാലത്തെ ജേണലിസം റിപ്പോര്‍ട്ടിങ്ങിനിടെയാണല്ലോ ട്രെയിനില്‍നിന്ന് വീണ് കാലുകള്‍ നഷ്ടപ്പെടുന്നതും ജീവിതം മാറി മറയുന്നതും. ആ ദിവസമുണ്ടാക്കിയ ആഘാതത്തെ എങ്ങനെയാണ് മറികടന്നത്....
2022 നവംബര്‍ മാസത്തില്‍ കുറെ സംസ്ഥാനങ്ങളില്‍ ഒന്നിച്ച് തിരഞ്ഞെടുപ്പ് നടന്നിരുന്നു. തിരുവനന്തപുരം കൈരളി ബ്യൂറോയില്‍ ജോലി ചെയ്യുകയായിരുന്ന എനിക്ക് ഡല്‍ഹിയില്‍ പൊടുന്നനെ ചുമലതലയേല്‍ക്കേണ്ടി വന്നു. നവംബര്‍ 18-ന് രാവിലെയാണ് ഡല്‍ഹിയിലേക്കുള്ള തീവണ്ടി കയറുന്നത്. അതില്‍ പാന്‍ട്രി ഉണ്ടായിരുന്നില്ല. അതിനാല്‍ പിറ്റേ ദിവസം ഉച്ച വരെ ഭക്ഷണം കഴിക്കാന്‍ കഴിയാത്ത സ്ഥിതി വിശേഷമുണ്ടായി. മൂന്നു മണിക്ക് സൂററ്റ് സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ വണ്ടിയിറങ്ങി ചായ കുടിച്ചു. ഒപ്പം ബിസ്‌ക്കറ്റും വാങ്ങി പോക്കറ്റിലിട്ട് നടക്കുമ്പോഴേക്കും വണ്ടി മുന്നോട്ടു നീങ്ങിത്തുടങ്ങിയിരുന്നു. ഗുജറാത്ത് പോലെ പരിചിതമല്ലാത്ത സ്ഥലമായതിനാലാണ് ഓടിക്കയറാന്‍ ശ്രമിക്കുന്നത്. ഓടിക്കയറുന്നതിനിടയില്‍ പിടിവിട്ട് പ്ലാറ്റ്ഫോമിന്റെയും ട്രെയിനിന്റെയും ഇടയിലേക്ക് വീണ് പോവുകയായിരുന്നു. നാലോ അഞ്ചോ സെക്കന്റ് ട്രെയിന്‍ എന്നെ പാസ് ചെയ്ത് മുന്നോട്ടു പോയിട്ടുണ്ടാവണം. അതിനു ശേഷമുള്ള എന്റെ ഓര്‍മ്മയില്‍ ഞാന്‍ ട്രാക്കില്‍ മലന്ന് കിടക്കുകയാണ്. ഞാന്‍ ധരിച്ച ചെരുപ്പടക്കമുള്ള കാൽ അകലെ അറ്റ് കിടക്കുന്ന ദൃശ്യം എന്റെ ഓര്‍മ്മയിലുണ്ട്. വലിയൊരപകടമാണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായി. എനിക്കറിയാവുന്ന പരിമിതമായ ഹിന്ദിയില്‍ ഞാന്‍ ബച്ചാവോ ബച്ചാവോ എന്നുറക്കെ നിലവിളിച്ചു.
ചുറ്റിനുമുള്ള ആളുകള്‍ ട്രാക്കിനടുത്തേക്ക് എത്തി. കുറെ പേര്‍ മൊബൈലില്‍ ആ ദൃശ്യം ഷൂട്ട് ചെയ്യുന്നതും കാണാമായിരുന്നു. ഏതൊ ഒരാള്‍ പ്രാര്‍ഥിച്ചു കൊണ്ട് ഒരു കുപ്പിയില്‍ നിന്ന് ദേഹത്തേക്ക് വെള്ളം ഒഴിക്കുന്നതും എന്റെ ഓര്‍മ്മയിലുണ്ട്. കുറച്ച് നേരം ബച്ചാവോ ബച്ചാവോ എന്ന് വിളിച്ച് ഞാന്‍ ട്രാക്കില്‍ തന്നെ കിടന്നു. ഇതിനിടയില്‍ ഒരു ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ മുന്നിലെത്തി തലയില്‍ കൈ വെച്ചു നിന്നു. "സാറെ എന്നെ രക്ഷിക്കൂ, ഞാനൊരു ജേണലിസ്റ്റാണ്" കേരളത്തില്‍ നിന്ന് വന്നതാണെന്ന് ഞാനയാളോട് പറഞ്ഞു. ഏതെങ്കിലും ഒരു ഹോസപിറ്റലിലേക്ക് മാറ്റണമെന്ന നിലയ്ക്ക് പരിമിതമായ ഹിന്ദിയില്‍ കേണു പറഞ്ഞെങ്കിലും ആ സമയത്തൊന്നും അയാള്‍ റിയാക്ട് ചെയ്യുന്നുണ്ടായിരുന്നില്ല. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ എനിക്കാകെ നിരാശയായി. അങ്ങനെ കണ്ണടച്ച് കുറച്ച് നേരം ഞാന്‍ കിടന്നു .പക്ഷെ സമയം മുന്നോട്ടു പോകുന്തോറും "അയ്യോ ഇവിടെ ഇങ്ങനെ കിടന്നിട്ട് കാര്യമില്ലല്ലോ. കുറച്ച് നേരം കഴിഞ്ഞാല്‍ ബോധം പോയേക്കാം. അതുവരെയെങ്കിലും സഹായത്തിനായി ശ്രമിച്ചു കൊണ്ടിരിക്കാം " എന്ന ചിന്തയിൽ ഞാന്‍ ബച്ചാവോ ബച്ചാവോ എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. അതേ ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ അപ്പോഴുമവിടെയുണ്ട്. പിന്നീട് എൻറെ നിലവിളിക്കിടെ ആംബുലന്‍സ് വരുമെന്നയാളെന്നോട് പറഞ്ഞു . കുറച്ച് നേരം കഴിഞ്ഞപ്പോഴേക്കും ആംബുലന്‍സ് എത്തി. ആര്‍.പി.എഫുകാരനും മറ്റൊരാളും കൂടി എന്നെ ഒരു പ്ലാസ്റ്റിക് ചാക്കിലേക്ക് മാറ്റി. അവിടെ നിന്ന് ആംബുലന്‍സിലേക്ക് കയറ്റി. ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ അവശേഷിച്ച ബോധം വെച്ച് ഞാന്‍ പോക്കറ്റില്‍ എന്റെ മൊബൈല്‍ തപ്പി. വാങ്ങിയ ബിസ്‌ക്കറ്റും പോക്കറ്റിലുണ്ടായിരുന്നു. ബിസ്‌ക്കറ്റ് പൂര്‍ണ്ണമായും പൊടിഞ്ഞിരുന്നു. ബിസ്‌ക്കറ്റിന്റെ സംരക്ഷണയില്‍ ഫോണിനൊന്നും പറ്റിയിട്ടുണ്ടായിരുന്നില്ല. ആദ്യം വിളിച്ചത് അമ്മെയെയാണ്. സൂററ്റിലാണെന്നും ട്രെയിനില്‍ നിന്ന് വീണെന്നും വലിയൊരു അപകടമാണ് പറ്റിയതെന്നും കാലറ്റു പോയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും അമ്മയോട് പറഞ്ഞു...
അത്രത്തോളം ഭീകരമായി തന്നെ അമ്മയോട് പറഞ്ഞോ.....
ഭീകരമായി പറഞ്ഞാലെ ആ ജാഗ്രത അമ്മയ്ക്ക് കിട്ടൂവെന്നും ഫസ്റ്റ് റെസ്പോണ്‍സ് സീരിയസ് ആവുകയുള്ളൂവെന്നും ഞാന്‍ കരുതി. ചെറിയ ആശുപത്രിയിലാണ് എന്നെ പ്രവേശിപ്പിച്ചിരുന്നത്. ഒരു ഡോക്ടറും നഴ്സും മാത്രമേ അപ്പോഴവിടെ ഉണ്ടായിരുന്നുള്ളൂ. ഡോക്ടറെന്തൊക്കെയോ ചോദ്യങ്ങള്‍ ചോദിച്ചു. വളരെ ഒഫന്‍സീവായ ചോദ്യങ്ങളാണല്ലോ അതെന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ തിരിച്ചറിയുന്നു
എന്ത് ഒഫന്‍സീവായ കാര്യമാണ് ചോദിച്ചത്....
കള്ള് കുടിച്ചിട്ട് വണ്ടിയില്‍നിന്ന് വീണതാണോ എന്ന മട്ടിൽ ഷരാബ് എന്ന വാക്കുപയോഗിച്ച് എന്തോ ഒന്ന് ഹിന്ദിയിൽ ചോദിച്ചു. ശക്തമായി തന്നെ ഞാന്‍ നിഷേധിക്കാന്‍ ശ്രമിച്ചു. അതിനിടയില്‍ ഒരു മലയാളി വന്ന് ഗുജറാത്തിലെ മാധ്യമപ്രവര്‍ത്തകനാണെന്നും എ.എ. റഹീം വിളിച്ചിട്ടാണ് വന്നിട്ടുള്ളതെന്നും എന്നെ അറിയിച്ചു. അദ്ദേഹത്തെ ഞാനെന്റെ മൊബൈലും ഏല്‍പിച്ചു. അതുവരെയാണ് എനിക്ക് ബോധമുണ്ടായിരുന്നത്. പിന്നീടെനിക്ക് ബോധം വരുമ്പോള്‍ ഞാന്‍ മറ്റൊരു ഹോസ്പിറ്റലിലായിരുന്നു. സൂററ്റിലുള്ള കുറെ മലയാളികളുടെ ഇടപെടലിലാണ് എന്റെ നഷ്ടപ്പെട്ട ചോര റീപ്ലേസ് ചെയ്യാനുള്ള രക്തം ലഭിച്ചത്. ആശുപത്രിയിലെത്തുമ്പോള്‍ എന്റെ ശരീരത്തില്‍ 20 ശതമാനം രക്തം മാത്രമേ അവശേഷിച്ചിട്ടുണ്ടായിരുന്നുള്ളൂ.
കാലുനഷ്ടപ്പെട്ടു എന്ന് പാളത്തില്‍ കിടന്നു സഹായം തേടുമ്പോഴേ മനസ്സിലാക്കിയിരുന്നല്ലോ. എന്നാല്‍ ആശുപത്രിയിലെത്തിയ സമയത്ത് കാല്‍ തിരിച്ച് തുന്നിച്ചേര്‍ക്കാനാവുമെന്നും ജീവിതത്തെ വീണ്ടെടുക്കാനാവും എന്നും പ്രതീക്ഷ ഉണ്ടായിരുന്നോ...
കാല്‍ നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കിയിരുന്നു. പിന്നെ തീവണ്ടിയാണല്ലോ കടന്നു പോയത്. അത് തുന്നിച്ചേര്‍ക്കാനൊന്നും പറ്റുന്നുണ്ടാവില്ല എന്ന തിരിച്ചറിവുണ്ടായിരുന്നു . പിറ്റേ ദിവസം ബോധം വന്നപ്പോള്‍ കാല്‍ നഷ്ടപ്പെട്ടു എന്നതിനെ കുറിച്ചൊന്നുമല്ല ഞാൻ ചോദിച്ചത്. പകരം ഉച്ചയോടെ ആശുപത്രിയിലെത്തിയ അമ്മയോട് ഏത് വരെയാണ് കാല്‍ നഷ്ടപ്പെട്ടതെന്ന് ഞാൻ ചോദിച്ചു മനസ്സിലാക്കി. ഒരു കാല്‍ മുട്ടിനു താഴെ വരെയുണ്ട്. ഒരു കാല്‍ കുറച്ചേ ഉള്ളൂവെന്നും അമ്മ പറഞ്ഞു...
ഇത്രയും നേരെ സിദ്ധാർഥ് പറഞ്ഞതിൽ വ്യക്തിപരമായി ഏറ്റവും വേദനയുളവാക്കിയ അനുഭവമായി തോന്നിയത് പാളത്തില്‍ കാലറ്റ് വീണു കിടക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആളുകളാണ്. ഇത്രത്തോളം ഇന്‍സെന്‍സിറ്റീവാകാന്‍ മനുഷ്യര്‍ക്ക് കഴിയുമോ എന്ന് കരുതിപ്പോകും. ദുരന്തത്തില്‍ സിദ്ധാർഥിനെ ഏറ്റവും അധികം ട്രോമയിലാക്കിയത് മനുഷ്യരുടെ ഈ എംപതിയില്ലായ്മയാണോ അതോ മറ്റെന്തെങ്കിലുണോ.....
വളരെ നിസ്സഹായനായാണ് ആ സമയം ഞാന്‍ ട്രാക്കില്‍ കിടന്നത്. അവരങ്ങനെ ഫോട്ടെയടുക്കുന്നത് കണ്ടു നില്‍ക്കുക എന്നതേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. കുറെ തവണ വിളിച്ചിട്ടും ആരും തിരിഞ്ഞു നോക്കാതായപ്പോള്‍ ട്രാക്കില്‍ ഞാന്‍ കണ്ണടച്ചു കിടന്നു.അതേ പറ്റി ചിന്തിക്കാതിരിക്കുക എന്നതാണ് ഞാനന്നേരം ചെയ്തത്.എന്നാല്‍ കുറെ നേരം കണ്ണുപൂട്ടി കിടന്നപ്പോള്‍ ഞാനെന്തിന് കണ്ണുപൂട്ടി കിടക്കണം എന്ന ചിന്ത ഉള്ളില്‍ മുളച്ചു. ഇവിടെ കിടന്ന് മരിച്ചാൽ സ്വന്തം സുഹൃത്തുക്കളെപ്പോലും മരിക്കുന്നതിനു മുമ്പ് കാണാന്‍ പോലും പറ്റില്ല. പരിചയമുള്ള ഒരാള്‍ പോലും ചുറ്റുവട്ടത്തില്ല. വളരെ അപരിചിതമായ, എനിക്ക് ആത്മവിശ്വാസം പോലും തരാത്ത , എന്നെ പരിഗണിക്കുക പോലും ചെയ്യാത്ത മനുഷ്യരുടെ ഇടയില്‍ കിടന്ന് ഞാനെന്തിന് മരിക്കണം എന്ത ചിന്ത ഉള്ളിലുണ്ടായി.. ഒന്നു കൂടി വിളിച്ചു നോക്കാം എന്ന ചിന്തയില്‍ "രക്ഷപ്പെടുത്തണേ, എന്നെ രക്ഷപ്പെടുത്തണേ, ബച്ചാവോ, സാബ് ബച്ചാവോ" എന്ന നിലയില്‍ കരയാമെന്നെനിക്ക് തോന്നിയത് അതു കൊണ്ടാണ്.

ആശുപത്രിയില്‍ ബോധം വന്ന ഘട്ടത്തില്‍ സിദ്ധാര്‍ഥിന്റെ മനസ്സിലേക്ക് ആദ്യ കടന്നു വന്ന കാര്യങ്ങളെന്ന് പറയുന്നത് ഭാവിയായിരുന്നോ, ആരോഗ്യത്തെ കുറിച്ചായിരുന്നോ, ജോലിയായിരുന്നോ..എന്തായിരുന്നു സിദ്ധാര്‍ഥിന്റെ പ്രൈമറി കണ്‍സേണ്‍.....
അപകടം സംഭവിച്ച് അഞ്ചാറു ദിവസത്തോളം ഗുജറാത്തിലെ തന്നെ ആശുപത്രിയില്‍ ഐസിയുവിലായിരുന്നു ഞാന്‍. അവിടെ എന്നെ അലട്ടിയത് ഭാവിയോ കാലു നഷ്ടപ്പെട്ടതിന്റെ വിഷമമോ, വേദനയോ ഒന്നുമായിരുന്നില്ല . പകരം ഐസിയുവില്‍ അനുഭവിച്ച ഒറ്റപ്പെടലും ഏകാന്തതയുമാണ് എന്നെകൂടുതലും ബാധിച്ചത്. മറ്റെല്ലാ ആശങ്കകളെയും മറന്നു കളയും വിധമുള്ള ഏകാന്തതയായിരുന്നു അവിടെ. ആത്മഹത്യ ചെയ്യണം എന്നു തോന്നിയാല്‍ തന്നെ അത് ഏകാന്തത മൂലമേ തോന്നൂ. ആറോ ഏഴോ ദിവസം ഐസിയുവിൽ കിടന്നപ്പോഴേക്കും കുറെ ദിവസം ഐസിയുവില്‍ കിടന്ന പോലെയും ഒറ്റപ്പെട്ട പോലെയും തോന്നി. രാത്രി ഉറക്കമുണ്ടാവില്ല. രാവിലെ അഞ്ച് മണിയായാലേ അമ്മയെയും കൂട്ടുകാരെയും ബന്ധുക്കളെയെുമൊക്കെ കാണാന്‍ കഴിയൂ. ഐസിയുവിലെ നഴ്സിനോട് എത്രമണിയായി എന്ന് ഇടക്കിടെ ചോദിച്ചു കൊണ്ടേയിരിക്കും. ഇതുശരിക്കും അഡ്രസ് ചെയ്യേണ്ട വിഷയമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സാധാരണ ഗതിയില്‍ ഇത്തരത്തില്‍ രോഗക്കിടക്കിയിലായവരെ സന്ദര്‍ശിക്കുക, അവരോട് മിണ്ടുക എന്നതാണ് സുഹൃത്തുക്കളെന്ന നിലയിലും ബന്ധുക്കളെന്ന നിലയിലുമൊക്കെ നമ്മളെല്ലാം ചെയ്യേണ്ടതെന്ന ബോധ്യം ഈ സംഭവശേഷമാണ് എനിക്ക് കൂടുതലായും വന്നത്.
അപകടം നടന്നതിനു ശേഷം ശരീരത്തിലുണ്ടായ മാറ്റത്തോട് ഏതൊക്കെ രീതിയില്‍ പൊരുത്തപ്പെടാനുള്ള ശ്രമങ്ങളാണ് നടത്തിയത്.......
ഐസിയുവില്‍ കിടക്കുമ്പോള്‍ അമ്മ ഇടക്ക് കാണാന്‍ വരും. കാല്‍ നഷ്ടപ്പെട്ടത് എന്റെ ബോധ്യത്തിലുണ്ടെങ്കിലും കാല്‍ പുറത്തേക്ക് തൂങ്ങിക്കിടക്കുന്നതായും, ഇല്ലാത്ത കാല്‍ എവിടെയൊക്കെയോ തട്ടിയതായുമൊക്കെ തോന്നിയിരുന്നു. മുറിച്ചു മാറ്റപ്പെട്ട കാല്‍ ചൊറിയുന്നതായും, വേദനയെടുക്കുന്നതായും, ഇക്കിളിയെടുക്കുന്നതായും കൊതുകു കടിക്കുന്നതായും വരെ പല സന്ദര്‍ഭങ്ങളിലും തോന്നി. കാലില്ല എന്നെനിക്ക് അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നതെന്ന് ഞാന്‍ ഡോക്ടറോട് ചോദിക്കും. അപ്പോള്‍ ഡോക്ടർ പറഞ്ഞാണ് അത് ഫാന്റം ലിമ്പ് എന്ന അവസ്ഥയാണെന്ന് മനസ്സിലാവുന്നത്.
വളരെ ആത്മവിശ്വാസവും ധൈര്യവും ഒക്കെയുള്ള വളരെ പോസിറ്റീവായി ചിന്തിക്കുന്ന ആളാണ് സിദ്ധാര്‍ഥ് എന്ന് സംസാരത്തില്‍ തന്നെ വ്യക്തമാണ്. പൊതുവെ രോഗക്കിടക്കയില്‍ കിടക്കുന്നവരുടെ കൂട്ടിരിപ്പുകാര്‍ അനുഭവിക്കുന്ന ചില സംഘര്‍ഷങ്ങളുണ്ട്. ഇല്ലാത്ത കാലില്‍ ചൊറിയണമെന്ന് പറയുമ്പോഴൊക്കെ മാനസ്സികമായി അവരും തളര്‍ന്നു കാണണം. ആ തരത്തില്‍ സിദ്ധാര്‍ഥിന്റെ കൂട്ടിരിപ്പുകാര്‍ അനുഭവിച്ച സംഘര്‍ഷങ്ങളെ എപ്പോഴെങ്കിലും നിരീക്ഷിച്ചിട്ടുണ്ടോ. അതേ പറ്റി അവരെപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ....
നമ്മുടെ ശരീരം വൃത്തിയാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ബാക്കിയുള്ളവരാണ് ചെയ്യുന്നത്. അതിലെനിക്ക് വലിയ കണ്‍സേണ്‍ ഉണ്ടായിരുന്നു. എന്ത് സാഹചര്യത്തിലാണെങ്കിലും വേറൊരാള്‍ എനിക്ക് വേണ്ടി ബുദ്ധിമുട്ടുന്നത് എന്നെ അലട്ടിക്കൊണ്ടിരുന്നിരുന്നു. മാത്രവുമല്ല, ചികിത്സ തുടങ്ങുന്ന ഘട്ടത്തില്‍ വലിയ വേദന അനുഭവിക്കേണ്ടി വന്നിരുന്നു. സോഡിയം വേരിയേഷനെല്ലാം വരുമ്പോള്‍ നമ്മള്‍ ബോധപൂര്‍വ്വമല്ലെങ്കിലും കുറെയാളുകളോട് ദേഷ്യപ്പെടും. ആ ദേഷ്യം നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥ വരെ വന്നിരുന്നു. കൂട്ടിരുന്നവരൊക്കെ നമ്മള്‍ ചീത്ത പറയുന്നതെല്ലാം കേട്ടു നില്‍ക്കുകയായിരുന്നുവെന്ന് പിന്നീടാലോചിക്കുമ്പോഴാണ് മനസ്സിലായത്. രാത്രി ഉറങ്ങാന്‍ പറ്റാത്തതിന്റെ അമര്‍ഷമെല്ലം നമ്മളിവരുടെ അടുത്താണ് തീര്‍ക്കുന്നത്. ചിലപ്പോള്‍ അമ്മയായിരിക്കും അതല്ലെങ്കില്‍ കൂട്ടുകാരനായിരിക്കും അടുത്ത് കിടന്നുറങ്ങുന്നുണ്ടാവുക. അവരോടൊക്കെ ദേഷ്യപ്പെടും. ഇപ്പോ അവരുടെ ഭാഗത്ത് നിന്ന് അതാലോചിക്കുമ്പോള്‍ കഠിനമായ സാഹചര്യമാണെന്ന് മനസ്സിലാക്കുന്നു. ഒരു രോഗി എന്തെല്ലാം മാനസ്സികാവസ്ഥകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും പോകുന്നുണ്ടോ അതിലൂടെയെല്ലാം കടന്നു പോകുന്ന ഒരാളാണ് ബൈസ്റ്റാന്‍ഡറെന്നത് വലിയ തിരിച്ചരിവായിരുന്നു. ഞാനായിരുന്നു അവരുടെ സ്ഥാനത്തെങ്കില്‍ ഇതനുഭവിക്കില്ലായിരുന്നു. ആദ്യ ദിവസം തന്നെ ബൈസ്റ്റാന്‍ഡര്‍ എന്ന പണി നിര്‍ത്തിപ്പോയേനെ.
ഹീലിങ്ങില്‍ ഏറ്റവും അധികം സിദ്ധാര്‍ഥിനെ സഹായിച്ചകാര്യമെന്താണ്. പുസ്തകം വായനയാണോ, അതോ ആളുകളുമായുള്ള സംസാരമാണോ....
പുസ്തകം വായനയും സിനിമ കാണലും സ്ഥിരമായി ചെയ്തുവന്നിരുന്ന ആളായിരുന്നു ഞാനെങ്കില്‍ക്കൂടിയും കോണ്‍സെന്‍ട്രേഷനില്‍ വലിയ വ്യത്യാസം വന്നിട്ടുണ്ട്. വീട്ടില്‍ കിടക്കുന്ന ഘട്ടത്തില്‍ തന്നെ എന്നെ ന്യൂസ്ഡെസ്‌കില്‍ നിന്ന് ജോലികളേല്‍പിച്ചു തുടങ്ങിയിരുന്നു. ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ പൂര്‍ണ്ണമായും നോക്കണം, അനലറ്റിക്കല്‍ സ്റ്റോറി നിരന്തരം നല്‍കിക്കൊണ്ടിരിക്കണം എന്ന് പറഞ്ഞ് നിത്യേന ഡെസ്‌കില്‍ നിന്ന വിളിക്കുമായിരുന്നു. ഇതെല്ലാം സഹായിച്ചു.

അപകടം നടന്ന് ഏതാണ്ട് ഒന്നരമാസം ആകുമ്പോഴേക്കും ന്യൂസ് ലൈവ് ചെയ്യുന്ന അവസ്ഥയിലേക്ക് സിദ്ധാര്‍ഥെത്തി എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതിനിടയാക്കിയ പശ്ചാത്തലം എന്തായിരുന്നു.
ആദ്യമായി കൈരളിയില്‍ നിന്ന് എന്നെ കാണാന്‍ വന്ന ആളുകള്‍ എനിക്ക് ലാപ്ടോപാണ് ആദ്യമായി തന്നത്. ലാപ്ടോപില്‍ കാമറയുണ്ട്. അടുത്ത ദിവസം തൊട്ട് ലൈവ് തന്നോളൂ എന്നവര്‍ പറഞ്ഞു. അങ്ങനെ പിറ്റേദിവസം മുതൽ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായി ഞാന്‍. അപകടം പറ്റിയത് നവംബര്‍ 19ാം തീയതിയാണ്. ഡിസംബര്‍ 20ാം തീയതിയോ മറ്റോ ഞാനമ്മേടെ വീട്ടിലെത്തിയിട്ടുണ്ട്. രണ്ടാമത്തെ ആഴ്ച കൊണ്ട് തന്നെ ഞാന്‍ വാര്‍ത്തകള്‍ കൊടുത്തു തുടങ്ങി. ആ സമയം ചെത്തിപ്പോയ വലത്തേ കാലിലെ മുറിവുണങ്ങിയിട്ടുണ്ടായിരുന്നില്ല. എനിക്ക് പോലും നോക്കാന്‍ പറ്റാത്ത വിധം അമ്മാവനോ അമ്മയോ വൃത്തിയാക്കി തുണിചുറ്റുകയായിരുന്നു പതിവ്. ആ ഭീകരമായ മുറിവുകള്‍ വെച്ച് തന്നെയാണ് ഞാന്‍ ലൈവ് ചെയ്തിരുന്നത്. വെറുതെ ഓരോന്ന് ആലോചിച്ചിരിക്കാതെ വാർത്തകൾ നൽകിക്കൊണ്ടിരുന്നത് എന്റെ മാനസ്സികാരോഗ്യത്തെ വളരെയേറെ സഹായിച്ചു.
നമ്മള്‍ കടന്നു പോയ ദുരന്തത്തെയും അപകടത്തെയും മുന്‍ നിര്‍ത്തി പൊതുവെ ആളുകള്‍ നമ്മെ വിചാരണ ചെയ്യുന്ന രീതിയുണ്ട്. സിദ്ധാര്‍ഥ് അന്ന് തീവണ്ടിയില്‍ നിന്ന് ഇറങ്ങിയില്ലായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നതരത്തില്‍ വാട്ടബൗട്ടറികള്‍ നിരത്താറുണ്ട്. ഇത്തരം സംസാരങ്ങള്‍ ഉള്ളില്‍ എപ്പോഴെങ്കിലും കുറ്റബോധം ഉണ്ടാക്കിയിട്ടുണ്ടോ. ഉണ്ടായെങ്കില്‍ തന്നെ അതിനെ എങ്ങനെയാണ് അതിജീവിച്ചത്.
കോയമ്പത്തൂര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച സമയത്ത് എന്നെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റാന്‍ വേണ്ടി ഒരു അറ്റന്‍ഡര്‍ വന്നിരുന്നു. ഒരു നഴ്സ് എന്‍റെ തലക്കലും അറ്റന്‍ഡര്‍ കാലിന്‍റെ സൈഡിലും നില്‍ക്കുന്നുണ്ട്. സ്ട്രെച്ചറിലേക്ക് നീക്കി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടു പോവാനാണ് അവരെത്തിയത്. അറ്റന്‍ഡര്‍ എന്നോട് എന്ത് പറ്റിയെന്ന് ചോദിച്ചു. ട്രെയിന്‍ ആക്സിഡന്റാണെന്ന് ഞാനുത്തരവും പറഞ്ഞു. എന്നാല്‍ "ആത്മഹത്യ ചെയ്യാന്‍ വേണ്ടി നീ ചാടിയതാണല്ലേ" എന്ന ഉടനടിയുള്ള ചോദ്യമാണ് ഞാനയാളില്‍ നിന്ന ആ സമയം നേരിടേണ്ടി വന്നത്. ഞാനവരോടൊന്നും തന്നെ തിരിച്ചു പറഞ്ഞില്ല. എന്നാല്‍ എന്റസമീപത്തുണ്ടായിരുന്ന നഴ്സ് ആളെ വഴക്കു പറയുന്നതു പിന്നീട് കേട്ടു. അത്തരം ചോദ്യങ്ങള്‍ നേരിടേണ്ടി വരുമെന്നും അതിനോട് പാകപ്പെടുകയാണ് വേണ്ടത് എന്നും ഞാന്‍ മനസ്സിനോട് സ്വയം പറഞ്ഞു. വേറെ വഴിയില്ലായിരുന്നു എനിക്ക്. ഇത്തരം ചോദ്യം ചോദിക്കുന്നവരെ തിരിച്ച് പ്രകോപിപ്പിക്കാനുള്ള മാനസിക ഉറപ്പിലേക്ക് ഞാന്‍ എത്തിയില്ലെങ്കിലും ഇത്തരം ചോദ്യങ്ങളെ ചിരിച്ചു തള്ളാവുന്ന ശേഷിയിലേക്ക് ഞാനെത്തി എന്ന് വേണമെങ്കിൽ പറയാം.
ജീവിതത്തിലുണ്ടായ ഈ വലിയ ദുരന്തത്തെ സിദ്ധാര്‍ഥ് ആദ്യം വിളിച്ചറിയിക്കുന്നത് അമ്മയെയാണ്. അമ്മയുടെ സ്വാധീനം ഈ അതിജീവനത്തില്‍ എത്രത്തോളം പങ്കുവഹിച്ചിട്ടുണ്ട്..
എന്റെ അതിജീവനത്തെ ഞാനമ്മയിലേക്ക് ചുരുക്കുന്നില്ല. ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് വെച്ച ശേഷം ഞാന്‍ ഒരിക്കല്‍ ചായ കുടിക്കാന്‍ പോയ സമയത്ത് ഒരു യു.പിക്കാരന്‍ വന്ന് ചോദിച്ചു- "ഇങ്ങനെ കാലു നഷ്ടപ്പെട്ടാലും ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് ഒക്കെ വെച്ച് നടക്കാനൊക്കെ സാധിക്കുമല്ലേ" എന്ന്. അയാളുടെ അനിയന്‍ യു.പിയിലെ ഏതോ ഒരു ഗ്രാമത്തില്‍ കാല് നഷ്ടപ്പെട്ട് ജീവിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് അനിയന് ഇതുപോലൊരു അപകടത്തില്‍ രണ്ട് കാലും നഷ്ടമാവുന്നത്. എന്നാൽ അയാളിപ്പോഴും കിടക്കയില്‍ കിടപ്പിലാണ്. അയാളുടെ അമ്മയാണ് അനിയനെ നോക്കുന്നത്. എന്നെ കണ്ടപ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ആർട്ടിഫിഷ്യല്‍ ലിമ്പുപയോഗിച്ച് നടക്കാന്‍ കഴിയുമെന്നത് അയാളില്‍ വലിയ പ്രതീക്ഷയുണര്‍ത്തി. ഇതിനു വലിയ ചെലവ് വരുമോ ഇതെവിടെ നിന്ന് വെക്കാന്‍ പറ്റും എന്ന തുടര്‍ചോദ്യങ്ങളായിരുന്നു പിന്നീട്. എറണാകുളത്തും ഡല്‍ഹിയിലും ഇതിന് പരിഹാരമുണ്ടെന്നും എന്റേത് ആവറേജ് ചെലവുള്ള കാലാണെന്നും, കുറഞ്ഞ ചെലവിലും ഇതിനേക്കാള്‍ കൂടിയ ചെലവിലും ആര്‍ട്ടിഫിഷ്യല്‍ ലിമ്പുകള്‍ ലഭിക്കുമെന്നും അന്വേഷിച്ചു നോക്കൂവെന്നും ഞാനയാളോട് പറഞ്ഞു. മൂന്നോ നാലോ കൊല്ലമായി അയാളുടെ അനിയന്‍ കിടക്കയില്‍ കിടക്കുന്നതേ അയാള്‍ കണ്ടിട്ടുള്ളൂ. എന്റെ ജീവിതം അനിയനിലുള്ള അയാളുടെ പ്രതീക്ഷയായി മാറി.. ഞാന്‍ പറഞ്ഞുവന്നതെന്തെന്നു വെച്ചാല്‍ ചുറ്റിലുമുള്ളയാള്‍ ഇത്തരം ഇരകളെ പരിഗണിക്കുന്നതെങ്ങനെ എന്നുള്ളതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും ഏതൊരു വ്യക്തിയുടെയും മുന്നോട്ടുപോക്ക്. എന്നെപ്പോലൊരു വ്യക്തിക്ക് നിരന്തരം ആളുകളോട് വര്‍ത്തമാനം പറഞ്ഞിരിക്കുക എന്നതാണ് ഏറ്റവും താത്പര്യമുള്ള വിഷയം. എന്ത് പരിഗണനയാണോ നമ്മെപ്പോലുള്ളവർ ആഗ്രഹിക്കുന്നത് അത് പോലൊരു പരിഗണന കൊടുക്കാന്‍ പറ്റുന്ന സാഹചര്യം ചുറ്റുവട്ടത്തുണ്ടായാല്‍ നല്ലതായിരിക്കും. അതിന് വലിയ കൂട്ടായി പ്രവർത്തിച്ചത് എന്‍റെ അമ്മയും കുടുംബവും സുഹൃത്തുക്കളും രാഷ്ട്രീയവും
സാമൂഹികവുമായി എന്റെ ചുറ്റുവട്ടത്ത് നിന്നിരുന്ന ആളുകളുമാണ്.
അപകടം നടന്ന് ഒന്നരമാസമാവുമ്പോഴേക്കും ലൈവ് ചെയ്യുന്നു. ഒരു വര്‍ഷമാവുമ്പോഴേക്കും അധ്യാപനമേഖലയിലേക്കെത്തുന്നു. അധ്യാപനമേഖലയിലേക്കെങ്ങനെയാണ് എത്തുന്നത്.....
റിപ്പോർട്ടിങ് എന്ന മേഖലയിലെ എന്റെ പ്രവര്‍ത്തനം ഇനിയങ്ങോട്ട് കുറച്ചു ബുദ്ധിമുട്ടാണെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. അതിനാല്‍ തന്നെ ഞാന്‍ വേറൊരു മേഖലയിലേക്ക് അഡാപ്റ്റ് ചെയ്യണം എന്നാലോചിച്ചു തുടങ്ങിയിരുന്നു. വിദ്യാര്‍ഥികൾക്കിടിയല്‍ നില്‍ക്കുക എന്നത് എനിക്കിഷ്ടമുള്ള കാര്യവുമാണ്. തുടര്‍ന്ന് ജൂണിലെ നെറ്റ് പരീക്ഷ ക്ലിയര്‍ ചെയ്യാന്‍ സാധിച്ചു. ആയിടെയാണ് പത്തിരിപ്പാല കോളേജില്‍ അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖത്തിന് വിളിക്കുന്നതും ജോലി കിട്ടുന്നതും.

അവിടുത്തെ വർക്കിങ് അറ്റ്മോസ്ഫിയര്‍ എങ്ങനെയാണ്....
ആഴ്ചയില്‍ മൂന്ന് ദിവസമാണ് എനിക്ക് ക്ലാസ്സുള്ളത്. രണ്ട് സ്റ്റെപ് കയറി വേണം ക്ലാസ്സിൽ പോവാൻ. ആദ്യ ഘട്ടത്തില്‍ അമ്മയുടെ കൈ പിടിച്ചാണ് ക്ലാസ്സുകളില്‍ പോയിരുന്നത്. തീരാറാവുമ്പോള്‍ അമ്മ വരും. തിരികെ ഒരുമിച്ച് പോവും. ഇതായിരുന്നു രീതി. ക്ലാസ് തുടങ്ങി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ കല്ല് ചവിട്ടി ഞാന്‍ വീണു. അമ്മ കൂടെയുണ്ടായിരുന്നു. അപ്പോഴേക്കും അവിടുത്തെ മൂന്നോ നാലോ ക്ലാസ്സുകളില്‍ നിന്നായി കുട്ടികളോടിയെത്തി.. ഡിപാര്‍ട്മെന്റില്‍ നിന്ന് അധ്യാപകരും ഓടി വന്ന് എന്നെ പിടിച്ചുയര്‍ത്തി. ചില അധ്യാപകരോടൊപ്പം ഞാന്‍ ചായ കുടിക്കാന്‍ പോവുമ്പോള്‍ അവർക്ക് ഞാന്‍ വീഴുമോയെന്ന കണ്‍സേണ്‍ ഉണ്ടാവാറുണ്ട്. പക്ഷെ ഞാന്‍ ആഗ്രഹിക്കുന്നതു പോലെയേ അവരെന്നും പെരുമാറിയുള്ളൂ. ഒന്നില്‍നിന്നും എന്നെ മാറ്റിനിർത്തിയിട്ടില്ല. എനിക്ക് വലിയ പ്രതീക്ഷ നല്‍കിയ കാമ്പസ്സായിരുന്നു അത്. എന്നെ നിരന്തരം പരിപാടികള്‍ക്ക് വിളിച്ചും അതിനുള്ള അവസരങ്ങള്‍ സൃഷ്ടിച്ചും അവരെന്നെ പൊതുരംഗത്തേക്ക് കൊണ്ടു വന്നു. പ്രസംഗിക്കാന്‍ വിളിച്ചു. ആ രീതിയിലുള്ള ഇടപെടല്‍ കാമ്പസില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഭാഗത്തു നിന്നുണ്ടായി.
സ്പെഷ്യലി ഏബിള്‍ഡ് ആളെന്ന നിലയില്‍ പൊതുസമൂഹത്തു നിന്ന് സിദ്ധാര്‍ഥ് ആഗ്രഹിക്കുന്ന പെരുമാറ്റ രീതികള്‍ എന്തെലല്ലാമാണ്....
വല്ലാതെ ദയ വാരി വിതറേണ്ട കാര്യമില്ല. ഇങ്ങനെ ചെയ്തൂടാരുന്നോ അങ്ങനെ ചെയ്തൂടാരുന്നോ എന്നെല്ലാം ചിലര്‍ ഉപദേശം തരും. എന്നാലിങ്ങനെ പലരും പറയുന്ന നിര്‍ദേശങ്ങളെല്ലാം നേരത്തെ മനസ്സില്‍ ഉരുവിട്ട് ഉപേക്ഷിച്ചതാവും. എനിക്ക് ചേരുന്ന നിര്‍ദേശമല്ലെങ്കില്‍ പിന്നെന്തിനാണ് ഉപദേശിക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്.
തിരിച്ചടികളെ മാറ്റിനിർത്തിയാൽ ആ തീവണ്ടി അപകടം സിദ്ധാർഥിനെ ശക്തിപ്പെടുത്തിയതായി തോന്നിയിട്ടുണ്ടോ. അങ്ങനെ ആര്‍ജ്ജിച്ച സ്ട്രെങ്ത്ത് പോയിന്റുകളെന്തൊക്കെയാണ്....
ഒരാളെ കേൾക്കാൻ ശ്രമിക്കാൻ ഞാൻ പഠിച്ചു. നേരത്തെ മനുഷ്യരുമായി ഞാന്‍ വല്ലാതെ തർക്കിക്കുമായിരുന്നു. എന്റെ വിഷയത്തിലെ നിലപാടുകള്‍ അവരുടെ മേല്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളുണ്ടാവുമായിരുന്നു. പക്ഷെ ഞാന്‍ തർക്കിക്കുകയല്ല വേണ്ടതെന്നും പകരം ഞാനാ വിഷയത്തെ അഡ്രസ്സ് ചെയ്യുകയും അവരുടെ ആംഗിളില്‍ കൂടി ആ വിഷയത്തെ കാണണമെന്ന ബോധ്യത്തിലേക്ക് എനിക്ക് അടുക്കാനും കഴിഞ്ഞു. അപകടത്തിനു ശേഷം ഞാന്‍ കേട്ട പല ഉദാഹരണങ്ങളിലൊന്ന്, ഡല്‍ഹിയില്‍ നരേന്ദ്രമോദി സർക്കാരിനെതിരേ നടക്കുന്ന സമരങ്ങളിലെ ഡിസെബിലിറ്റിയുള്ള ആളുകളുടെ സാന്നിധ്യമാണ്. ഒരു വടി കുത്തിയോ വീല്‍ചെയറിലോ വന്ന് കുപ്പിയില്‍ പെട്രോള്‍ നിറച്ച്, കയ്യിൽ തീപ്പെട്ടിയുമായി നില്‍ക്കുന്ന ഡിസബിലിറ്റിയുള്ള അളുകളുണ്ടെന്നത് എനിക്ക് വലിയ ഞെട്ടലായിരുന്നു. അങ്ങനെ സമരത്തില്‍ പങ്കെടുക്കാനും കോളേജുകളില്‍ പഠിപ്പിക്കാനും ക്ലാസ്സുകളില്‍ പഠിക്കാനും പറ്റും എന്നത് ഏതൊരു സാമൂഹിക ഇടപെടലും ഏതൊരു വ്യക്തിയും നടത്തും പോലെ ഡിസബിലിറ്റി ഉള്ള ആളുകള്‍ക്കും നടത്താന്‍ പറ്റുമെന്നത് എനിക്ക് വലിയൊരു അറിവായിരുന്നു.
ഇത്തരം പോരാട്ടങ്ങളില്‍ പതറി വീഴുന്ന മനുഷ്യരോടോ സമൂഹത്തോടോ സിദ്ധാര്‍ഥിനെന്താണ് പറയാനുള്ളത്....
ഞാനങ്ങനെ വലിയ മാതൃകയൊക്കെയാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. മരിക്കാന്‍ കിടന്നിരുന്ന സമയത്ത് അയ്യോ എനിക്കിങ്ങനെ ഇവിടെ വെച്ച് മരിക്കാന്‍ കഴിയില്ലല്ലോ എന്ന് എല്ലാവരും ചിന്തിക്കുന്ന പോലെ ഞാനും ചിന്തിച്ചു. എന്നിട്ട് മരിക്കാന്‍ പറ്റില്ലെന്നുറപ്പിച്ച്, സഹായം തപ്പി. ആരൊക്കെയോ സഹായിച്ചു. ആശുപത്രിയിലായി. കാല്‍ വെക്കാനായി സാമ്പത്തിക, സാമൂഹിക സാഹചര്യം ഉണ്ടായിരുന്നു. അതിനാൽ ആർട്ടിഫിഷ്യല്‍ ലിമ്പ് വെക്കാനായി എന്നുള്ളതിന് അപ്പുറത്ത് ഉപദേശിക്കാന്‍ ശേഷിയുള്ള ഒരാളൊന്നുമല്ല ഞാന്‍. എന്നിരുന്നാലും എനിക്ക് ഡിസബിലിറ്റിയുള്ളയാളുകളോടല്ല എന്തെങ്കിലും പറയാനുള്ളത്. അവരെങ്ങനെയാണ് ചിന്തിക്കുന്നതെന്ന് അത്യാവശ്യം ബോധ്യമെനിക്കുണ്ട്. ഡിസബിലിറ്റി ഇല്ലാത്ത വ്യക്തികള്‍ക്ക് ഡിസബിലിറ്റി ഉള്ള ആളുകള്‍ക്കെന്താ വേണ്ടതെന്ന് നമുക്ക് ചിന്തിച്ചാല്‍ കിട്ടും. അതിന് സാമാന്യബോധം മതി. അങ്ങനെയുള്ള പെരുമാറ്റമാണ് അവരാഗ്രഹിക്കുന്നത് അതിനാൽ സ്വയം ചിന്തിച്ച് പെരുമാറുക എന്നേ എനിക്ക് പറയാനുള്ളൂ.
Content Highlights: Jeevitham athijeevanam interview series, train accident victim journalist teacher Sidharth
Published: 29 Feb 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented