കോഴിക്കോട്: എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചപ്പോൾ മേതിലിനോട് ഏറെപ്പേർ ആവർത്തിച്ചു ചോദിച്ചു, പുരസ്‌കാരം വൈകിയോ? ചോദിക്കുന്നവർക്കുമറിയാം പുരസ്‌കാരം എന്ന സമയകലയ്ക്കും മീതേയാണ് മേതിൽ രാധാകൃഷ്ണനെന്ന്. അദ്ദേഹം ഒരിക്കലും ആ സമയത്തിന് കാത്തിരുന്നില്ല, കിട്ടിയപ്പോൾ വൈകിയെന്ന പരിഭവവുമില്ല.

To advertise here,

പുരസ്‌കാര വിവരമറിഞ്ഞപ്പോൾ ആദ്യം ഓർത്തത് മകളെക്കുറിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. ''അവളുണ്ടായിരുന്നെങ്കിൽ ഏറെ സന്തോഷിച്ചേനെ. അവൾ പോയശേഷം ജീവിതത്തിൽ എന്തു നല്ലകാര്യമുണ്ടായാലും ആദ്യം ഓർക്കുന്നത് അവളെ. ഒരു നല്ലഭക്ഷണം മുന്നിലെത്തുമ്പോൾപ്പോലും''- മേതിൽ പറഞ്ഞു. കഴിഞ്ഞവർഷമാണ് മകൾ ജൂൺ കെ. മേതിൽ ലോകത്തോട് വിടപറഞ്ഞത്.

മുത്തശ്ശിയെക്കുറിച്ചും പഠനകാലത്തെ പാട്ടുകാരനായ മേതിലിനെക്കുറിച്ചും സിനിമാപ്രിയനായ മേതിലിനെക്കുറിച്ചുമൊക്കെയാണ് അദ്ദേഹം ഓർത്തെടുത്തത്. തന്റെ രചനകളെപ്പറ്റി ഒരു അവകാശവാദവും നടത്തിയതുമില്ല. എഴുത്തുകാരി ഇന്ദുമേനോന്റെ രാമനാട്ടുകരയിലെ വീട്ടിലാണ് മേതിൽ ഇപ്പോൾ താമസം.

എഴുത്തിനെ സ്വാധീനിച്ച എഴുത്തച്ഛൻ

''ചെറുപ്പത്തിലേ ഭാഷയോട് അടുപ്പിച്ചത് എഴുത്തച്ഛന്റെ കൃതികളാണ്. എഴുത്തിനെല്ലാം ആധാരമായി മാറിയതും അതാണ്. കുട്ടിയായിരിക്കേ അമ്മമ്മ രുക്മണിയമ്മയാണ് രാമായണം വായിച്ച് പറഞ്ഞുതന്നിരുന്നത്. പുരാണങ്ങളിലും സംഗീതത്തിലും വാദ്യങ്ങളിലുമെല്ലാം അഗാധമായ അറിവായിരുന്നു മുത്തശ്ശിക്ക്. സത്യത്തിൽ സൂര്യവംശം എഴുതുന്നതിനെയൊക്കെ ഇത് വലിയരീതിയിൽ സ്വാധീനിച്ചു. സൂര്യവംശം എന്റെ സംസ്‌കൃതം നോവലാണെന്ന് ഞാൻ പറയും.''

പ്രൊട്ടസ്റ്റ് ഹാർമോണിയത്തിൽ

അമ്മ നന്നായി പാടുമായിരുന്നു. അതറിഞ്ഞ തിരുവിതാംകൂർ രാജാവ് രാജസദസ്സിൽ സംഗീതക്കച്ചേരി അവതരിപ്പിക്കാനായി ദൂതനെ അയച്ചു. എന്നാൽ, അമ്മാവന്മാർ അനുവദിച്ചില്ല. അമ്മ പാടുമ്പോൾ ഉപയോഗിച്ചിരുന്ന ഒരു ഹാർമോണിയം ഉണ്ടായിരുന്നു. എന്റെ പ്രൊട്ടസ്റ്റുകൾക്ക് ഞാൻ അതുപയോഗിച്ചിരുന്നു. അത് വേഗത്തിൽ വായിച്ച് വലിയശബ്ദങ്ങളുണ്ടാക്കുമ്പോൾ അമ്മ ദേഷ്യപ്പെടും. പിന്നീട്, എഴുതുമ്പോൾ ഞാനത് എപ്പോഴും അടുത്തുവെക്കുമായിരുന്നു, അമ്മയുടെ ഓർമ്മപോലെ.

ലോകത്തെ മാറ്റിയത് സാങ്കേതികവിദഗ്ധർ

ലോകചരിത്രത്തിൽ ഒരു വിപ്ലവത്തിനും കഴിയാത്ത മാറ്റമുണ്ടാക്കിയത് സാങ്കേതികവിപ്ലവമാണ്. ലോകം മാറ്റിയത് സാങ്കേതികവിദഗ്ധരാണ്. അത് ബുദ്ധിജീവികളും ചരിത്രകാരരുമൊന്നും സമ്മതിക്കില്ലെന്നുമാത്രം.

പെട്ടെന്ന് ഫാനാകുന്ന ജെൻസീകൾ

പുതിയ കുട്ടികളുടെ ലോകം കൂടുതൽ തുറന്നതാണ്. അവർക്ക് എവിടെ വേണമെങ്കിലും പോകാം. ഉപകരണങ്ങളിലൂടെ എന്തുവേണമെങ്കിലും എത്തിപ്പിടിക്കാം. ജെൻസീകൾ പെട്ടെന്നാണ് ഒരാളുടെ ഫാനായി മാറുന്നത്. ആരാധനാസ്വഭാവം കാര്യമായുണ്ട്. ജീവിതത്തിൽ മുന്നോട്ടുപോകുമ്പോൾ ഇത്തരത്തിലുള്ള ഫാൻ ഫോളോയിങ് അവരുടെ ശ്രദ്ധ ചിതറിപ്പോകാൻ കാരണമാകുന്നതായി തോന്നിയിട്ടുണ്ട്.