
"വന്ദേ ഭാരതിന് മുന്നില്‍ നിന്ന് ഞാന്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഓര്‍ക്കുമ്പോള്‍ തന്നെ നെഞ്ചിലൊരു ആന്തലാണ്. തിരിക്കെ വീട്ടിലേക്ക് എത്തുമോയെന്ന് യാതൊരു ഗ്യാരണ്ടിയും ഞങ്ങള്‍ക്കില്ല" തൃശ്ശൂര്‍ റെയില്‍വേ ഡിവിഷനിലെ കീമാന്റെ വാക്കുകളാണിത്. ട്രാക്കിൽ ജോലി ചെയ്യുന്ന ഓരോ കീമാനോട് ചോദിക്കുമ്പോഴും സമാനമായ അനവധി നിരവധി അനുഭവങ്ങൾ അവർക്ക് പറയാനുണ്ടാവും. ലക്ഷക്കണക്കിന് ഇന്ത്യന്‍ ജനതയുടെ യാത്രാമാര്‍ഗമായ തീവണ്ടി നന്നായി ഓടുന്നതില്‍ പാളത്തിന്റെ അറ്റകുറ്റപണികള്‍ ചെയ്യുന്ന ട്രാക്ക്മാന്‍മാരുടെ പങ്ക് ചെറുതല്ല. എന്നിട്ടും ഇവരുടെ സുരക്ഷയ്ക്കായി ആത്മാർഥമായ ഇടപെടൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. കഴിഞ്ഞ ദിവസം അവിണിശ്ശേരിയിൽ ട്രയിന്‍ തട്ടി ഉണ്ടായ കീമാന്റെ മരണം റെയിൽവേയിലെ ഈ വിഭാഗത്തോടുള്ള സർക്കാരിന്റെ അവഗണനയുടെ ബാക്കി പത്രമാണ്.
രണ്ട് വർഷം മുമ്പ് ഇതു പോലൊരു മരണം ഉത്തമനെ തേടി ട്രാക്കിലെത്തിയിരുന്നു. എന്നാൽ സഹപ്രവർത്തകരുടെ സംയോചിതമായ ഇടപെടൽ കാരണമാണ് ഉത്തമൻ അന്ന് രക്ഷപ്പെട്ടത്. പൊതുവെ ജോലി ഭാരം കൂടുതലാണ് കീമാൻമാർക്ക്. 2022ല്‍ ജോലി ഭാരം മൂലം ഉത്തമൻ ട്രാക്കില്‍ തളര്‍ന്നു വീണിരുന്നു. അന്ന് മറ്റ് റെയില്‍വേ ജീവനക്കാര്‍ അതിസാഹസികമായിട്ടാണ് ഉത്തമനെ രക്ഷപ്പെടുത്തിയത്. അന്ന് കാത്തുരക്ഷിച്ച ജീവനാണ് ഇന്ന് അതേ പാളത്തില്‍ പൊലിഞ്ഞു വീണത്.
ട്രെയിന്‍ പാളങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തുന്ന കീമാന്‍മാര്‍ക്ക് ട്രെയിന്‍ വരുന്നത് അറിയാന്‍ പ്രത്യേകം സംവിധാനങ്ങളില്ല. ഇത്തരത്തിൽ ജാഗ്രതാ നിർദേശം അറിയിക്കാനുള്ള ഉപകരണമായ രക്ഷകിന്റെ വിതരണം വിപുലപ്പെടുത്തണമെന്ന് റെയില്‍വേ തൊഴിലാളികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. കഴിഞ്ഞ ദിവസം മരണമടഞ്ഞ ഉത്തമനടക്കം ഈ ആവശ്യം ഉന്നയിച്ചുള്ള പോരാട്ടപ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
ട്രാക്കിന്റെ അറ്റകുറ്റ പണി പരിശോധന എന്നിവയാണ് കീമാന്‍മാരുടെ പ്രധാന ഉത്തരവാദിത്ത്വം. പാളങ്ങള്‍ സുരക്ഷിതമാണോയെന്ന് പരിശോധിക്കുക. ബോള്‍ട്ട് മുറുക്കുക, ട്രാക്കില്‍ തടസ്സങ്ങളുണ്ടെങ്കില്‍ അവയെടുത്ത് മാറ്റുക തുടങ്ങയിവയെല്ലാം ഇവര്‍ ചെയ്യണം. എട്ട് മണിക്കൂര്‍ ഡ്യൂട്ടിയില്‍ 6 കിലോമീറ്റര്‍ മുതല്‍ 16 മീറ്റര്‍ വരെ ട്രാക്കില്‍ ഇവര്‍ നടന്നു തന്നെ പരിശോധിക്കണം.മഴക്കാലത്ത് രാവിലെ 7.30ന് ജോലിക്ക് കയറണം. അല്ലാത്ത സമയത്ത് രാവിലെ 7നാണ് ഡ്യൂട്ടി സമയം. ഡബിള്‍ ലൈനാണെങ്കില്‍ ഏഴ് മുതല്‍ എട്ട് കിലോമീറ്റര്‍ വരെയും സിംഗിള്‍ ലൈനാണെങ്കില്‍ 16 കീലോമീറ്ററും നടന്നു തന്നെ പരിശോധിക്കണമെന്നാണ് കണക്കുകള്‍. അടിയന്തര ഘട്ടങ്ങളില്‍ ഓടിയെത്തേണ്ടിയും വരും. തോളില്‍ കരുതിയ ബാഗില്‍ ഇതിനാവശ്യമായ പണിയായുധങ്ങളും കരുതണം. ഈ ബാഗിന് ഏകദേശം 15 കിലോയോളം ഭാരമുണ്ടാവും. സ്പാനര്‍, ഹാമര്‍, 30 എംഎമ്മിന്റെ രണ്ട് റെയില്‍പീസ്, അഞ്ച് അടിയുള്ള കിമാന്‍ ബോര്‍ഡ്, ക്ലീപ്പ് തുടങ്ങിയ സാധനങ്ങളാണ് ബാഗിലുണ്ടാവുക.ഇതിന് പുറമേ സ്വന്തം സാധനങ്ങളും കരുതണം. മഴയായാലും വെയിലായാലും ജോലിയില്‍ യാതൊരു കുറവും ഇല്ല
രക്ഷയാവുന്ന രക്ഷക്
ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിന്‍ വരുന്നത് മുന്‍കൂട്ടി അറിയാനുള്ള ഉപകരണമാണ് രക്ഷക്. ഹൈഫ്രീക്വന്‍സി റേഡിയോ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനമാണിത്. ഒരുപരിധി വരെ അപകടങ്ങള്‍ കുറയ്ക്കാന്‍ ഇതിനാല്‍ സാധ്യമാവും. ട്രെയിന്‍ വരുന്നതിന് അനുസരിച്ച് പാളം മാറി നില്‍ക്കാനും സ്വയം സുരക്ഷ നോക്കാനും ഇത് വളരെ ഉപകാരപ്രദമാണ്. 24 കിലോമീറ്റര്‍ അടുത്ത് ട്രെയിന്‍ എത്തിയാല്‍ ജിപിഎസ് സംവിധാനത്തിലൂടെ രക്ഷക് മുന്നറിയിപ്പ് നല്‍കും. ട്രാക്ക് പരിശോധനയ്ക്കായി പോവുമ്പോള്‍ ഇത് കൈയില്‍ കെട്ടിയാല്‍ ട്രെയിന്‍ വരുന്നത് ഏത് പാളത്തിലാണെന്നും കൃത്യമായി അറിയാന്‍ സാധിക്കും. ഇതുവഴി ജീവന്‍ തന്നെ രക്ഷിക്കാന്‍ സാധിക്കും.
കീമാന്‍മാര്‍ക്കും നൈറ്റ് പെട്രോളിങ് നടത്തുന്നവര്‍ക്കും ജീവന്‍ രക്ഷാ ഉപകരണമായ രക്ഷക് നല്‍കണമെന്നുള്ള നിർദേശം റെയില്‍വേ ബോര്‍ഡ് മുന്നോട്ടുവെച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ വളരെ ചെറിയ എണ്ണം മാത്രമാണ് വിതരണം നല്‍കിയിട്ടുണ്ട്. ഇത് വളരെ ശുഷ്‌കമാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഷൊര്‍ണ്ണൂര്‍- കായംകുളം, കായകുളം -നാഗര്‍കോവില്‍ മേഖലയിലാണ് നിലവില്‍ കുറച്ചെങ്കിലും രക്ഷക് വിതരണം നടന്നിട്ടുള്ളത്. ബാക്കി ഉടന്‍ വിതരണം ചെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ എന്ന് എപ്പോള്‍ എങ്ങനെ എന്നീ ചോദ്യങ്ങള്‍ക്ക് മൗനമാണ് മറുപടി.മാത്രവുമല്ല പണ്ട് കാലങ്ങളെ അപേക്ഷിച്ച് ട്രെയിനുകള്‍ക്ക് ശബ്ദം കുറവാണെന്നതും വേഗത കൂടുതലാണെന്നതും 'രക്ഷകിന്റെ' ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. ഒരു പക്ഷെ എല്ലാ തൊഴിലാളികൾക്കും ഈ സംവിധാനമെത്തിയിട്ടുണ്ടായിരുന്നെങ്കിൽ പ്രതിവർഷം ഇത്രയേറെ തൊഴിലാളി മരണങ്ങൾ ഉണ്ടാവില്ലായിരുന്നു. ഒരുപക്ഷെ ഉത്തമനും ഈ ദാരുണാന്ത്യം ഉണ്ടാവുമായിരുന്നില്ല.
തൊഴില്‍ ഭാരം കാരണം തളര്‍ന്നുവീഴുന്നവര്‍
വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഈ ജോലിയില്‍ സുരക്ഷാ പ്രശ്നം മാത്രമല്ല തൊഴില്‍ ഭാരവും വളരെ കൂടുതലാണ്. ഇതിനോടൊപ്പം വളഞ്ഞും തിരഞ്ഞും പോവുന്ന ട്രാക്കുകളും മഴ പോലുള്ള പ്രതികൂല അവസ്ഥകളും ഈ ജോലിയുടെ കാഠിന്യത്തെ വര്‍ദ്ധിപ്പിക്കുന്നു.
ഞങ്ങള്‍ക്ക് വിളിച്ചു പറയാന്‍ ഒരുപാട് സത്യങ്ങളുണ്ട് എന്നാല്‍ ഇതെല്ലാം പറഞ്ഞാല്‍ തൊഴില്‍ പോവുമേയെന്ന് പേടിയിലാണ് മിണ്ടാതെ ഇരിക്കുന്നത്. തൃശ്ശൂരില്‍ നിന്നും പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത കീമാന്‍ പറയുന്നു. വളരെ കഷ്ടപ്പെട്ടിട്ടാണ് ഈ തൊഴില്‍ നേടിയത്. ഇപ്പോ മനസിലുള്ളത് ജീവഭയമാണ് രണ്ടും കല്‍പ്പിച്ച് മുന്നോട്ട് പോവുകയാണ്. കളഞ്ഞിട്ട് പോയാല്‍ പട്ടിണിയാവും ഇവിടെ നിന്നാല്‍ പാളത്തില്‍ ഏതെങ്കിലും വണ്ടി തട്ടി പട്ടി ചാവുന്നത് പോലെ ചാവും ആരുണ്ട് ഞങ്ങളെ രക്ഷിക്കാന്‍
Content Highlights: keyman deaths in railway track rakshak distribution
Published: 25 Jun 2024, 02:32 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented