പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്തപ്പോള്‍ ഞാന്‍ മനസ്സില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നു. പഴംചൊല്ലിലെ ആകാശക്കോട്ടകള്‍ അല്ല. ഇതൊരു mental excercise. പകല്സ്വപ്നങ്ങള്ക്കു പോലും എന്‍ജിനീയറിങ്ങിലെ നിഷ്കര്‍ഷ നല്കല്.

* വികാരങ്ങളെ കെട്ടഴിച്ചു വിടലല്ല കവിതയെന്ന് എലിയറ്റ് പറഞ്ഞു.* പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്തപ്പോൾ ഞാൻ മനസ്സിൽ കെട്ടിടങ്ങൾ നിർമിക്കുന്നു.* പ്രകൃതിയിൽ നേരായ രേഖകളില്ലെന്നു പറയുന്നത് പൂർണമായും ശരിയല്ലെങ്കിലും, അതിൽ ഒരു വലിയ സത്യമുണ്ട്. *എന്റെ എഴുത്തിൽ ഓർമ്മ പലപ്പോഴും കലണ്ടറിലെ തീയതികളുടെ നിരയല്ല. * പഴയ മുഖങ്ങളെ വീണ്ടും കണ്ടുമുട്ടുന്നു. മറന്നുവെന്ന് കരുതിയ വേദനകൾ വീണ്ടും ഉയിർത്തെഴുന്നേൽക്കും.- മേതിലിന് എഴുത്തച്ഛൻ പുരസ്കാരം. പ്രകൃതിയിലെയും എഴുത്തിലെയും വക്രോക്തികളെക്കുറിച്ച് മേതിൽ സംസാരിക്കുന്നു.
എന്താണ് എഴുത്ത്?
എഴുത്ത് എന്താണെന്നത് അത്ര പ്രധാനമാണോ? ഡിലൻ തോമസ് കവിതയ്ക്ക് നൽകിയൊരു നിർവചനം ഞാൻ ഓർക്കുന്നു: 'എന്നെ ചിരിപ്പിക്കുന്നതും കരയിക്കുന്നതും കോട്ടുവായിടുവിക്കുന്നതും, എന്റെ കാൽനഖങ്ങളിൽ പോലും ഒരു തിളക്കമുണ്ടാക്കുന്നതും, അതോ ഇതോ ചെയ്യാനോ ഒന്നും ചെയ്യാതിരിക്കാനോ എന്നെ പ്രേരിപ്പിക്കുന്നതും കവിതയാണ്. വിട്ടു കളയുക.' ആംഗലത്തിൽ, What does it matter what poetry is, after all? If you want a definition of poetry, say: 'Poetry is what makes me laugh or cry or yawn, what makes my toenails twinkle, what makes me want to do this or that or nothing, and let it go at that. / പക്ഷേ, നിർവചനങ്ങളേക്കാൾ എന്നെ ആകർഷിക്കുന്നത് ബൃഹദാരണ്യക ഉപനിഷത്തിൽ ബ്രഹ്മത്തെ അന്വേഷിക്കുന്ന രീതിയാണ്. 'നേതി, നേതി' - ('ന ഇതി, ന ഇതി'. Not this, not this). തുല്യമായൊരു രീതിയാണ് കുറ്റാന്വേഷണത്തിലെ ഒഴിവാക്കൽ അഥവാ ഇലിമിനേഷൻ. കുറ്റവാളി ഇവൻ അല്ല, അവളുമല്ല... പ്രശസ്തമായ നിർവചനങ്ങളിലെ തിരിച്ചറിവ് പരിമിതമാണ്. ഓരോന്നിനോടും ഞാൻ പറയും, 'നേതി'.
ആത്മാവിഷ്കാരമല്ല എഴുത്ത്, ജീവിതവിമർശനമല്ല എഴുത്ത്... അങ്ങനെയൊക്കെയാണോ?
ആത്മാവിഷ്കാരം? വികാരങ്ങളെ കെട്ടഴിച്ചു വിടലല്ല കവിതയെന്ന് എലിയറ്റ് പറഞ്ഞു. സ്വത്വത്തിൽ നിന്നും ഒരു ഒളിച്ചോട്ടമാണത്-an escape from the self. എലിയറ്റ് തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് അത്ര കൃത്യമല്ലാത്തൊരു വാക്ക് ഉപയോഗിക്കുന്നതെന്ന് എനിക്കു തോന്നി. തിരുത്താൻ ഞാൻ ധൈര്യപ്പെട്ടു: സ്വത്വത്തിൽ നിന്നുമുള്ള വിമോചനം. Liberation from the self. തന്നിൽ നിന്നും ലിബറേറ്റ് ആകലാണ് ആവശ്യം, രക്ഷപ്പെടലല്ല. പക്ഷേ, സ്വത്വത്തെ ഇല്ലാതാക്കുന്നില്ല ഈ വിമോചനം. സ്വത്വം നിസ്സംഗമായി നിലനിൽക്കുന്നു. ഞാൻ സംഗീതജ്ഞനായ ആർനോൾഡ് ഷേൻബർഗിനെ ഓർക്കുന്നു. ഒരിക്കൽ ഒരു ശിഷ്യ അദ്ദേഹത്തോട് പറഞ്ഞു, 'ഞാൻ പഠിത്തം നിർത്തുകയാണ്.' 'കാരണം?' 'താങ്കൾ ആത്മാവിഷ്കാരത്തിന് ഒരിടം നൽകുന്നില്ല.' ഒരു കടലാസും പെൻസിലും ശിഷ്യയുടെ മുന്നിൽ വെച്ചു കൊടുത്ത് ഷേൻബർഗ് പറഞ്ഞു, 'ഇതിൽ ഒരു കയ്യൊപ്പിടൂ.' ശിഷ്യ അനുസരിച്ചു. അവളുടെ കയ്യൊപ്പിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ഷേൻബർഗ് പറഞ്ഞു, 'ഇതിനെയാണ് ഞാൻ ആത്മാവിഷ്കാരമെന്ന് വിളിക്കുക.' This is your professionalism. 'എന്ത്' എന്നതിനു പകരം 'എങ്ങനെ' എന്നതിൽ ഊന്നൽ വീഴുന്നു. എഴുത്തിൽ ഇത് ഭാഷയാണ്.
ഒരു കെട്ടിടം കണ്ടുകഴിഞ്ഞാൽ അത് ഇന്നയാളുടെ ആർക്കിടെക്ചർ ആണ് എന്ന് നമ്മൾ ഒറ്റനോട്ടത്തിൽ പറയുന്നതുപോലെ ഓരോ എഴുത്തുകാർക്കും ഓരോ ആർക്കിടെക്ചർ രീതികൾ ഉണ്ടല്ലോ?
എഴുത്തിന്റെ വാസ്തുശില്പത്തെക്കുറിച്ച് പറയുമ്പോൾ എനിക്ക് വ്യത്യസ്തമായൊരു എടുപ്പുണ്ട്. പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്തപ്പോൾ ഞാൻ മനസ്സിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നു. പഴംചൊല്ലിലെ ആകാശക്കോട്ടകൾ അല്ല. ഇതൊരു mental excercise. പകൽസ്വപ്നങ്ങൾക്കു പോലും എൻജിനീയറിങ്ങിലെ നിഷ്കർഷ നൽകൽ. ഉദാഹരണത്തിന്, നിലവിലുള്ളൊരു ബ്ലൂ പ്രിന്റിലെ അടുക്കളയെ ഞാൻ സ്വീകരണ മുറിയാക്കുന്നു; മറിച്ചും. ഇങ്ങനെ ചില മാറ്റങ്ങൾ. എന്റെ തുടക്കത്തിലെ നിർമിതികൾ വീടുകളായിരുന്നു. ഇപ്പോൾ വലിയൊരു വ്യാപ്തിയിൽ ഞാൻ ബഹുനില കെട്ടിടങ്ങളിൽ എത്തിയിരിക്കുന്നു. ഒരു കഥാഖ്യാനവുമായി തട്ടിച്ചു നോക്കുമ്പോൾ ഇവിടെയൊരു പ്രശ്നമുണ്ട്. ആദിമദ്ധ്യാന്തപ്പൊരുത്തം എന്ന പഴയ നിഷ്കർഷ എന്നെ അലട്ടുന്നു. കാരണം ഈ പൊരുത്തം നമ്മുടെ ഓർമ്മകളുടെയും ചിന്തകളുടെയും മനസ്സിന്റെയും ചലന വ്യാകരണം തകർക്കുന്നു. 1985-ൽ ഒരിക്കൽ, കോയമ്പത്തൂരിലെ എൻജിനീയറിങ് വിദ്യാർത്ഥികളെ 'കാഡ്' (CAD) പഠിപ്പിക്കുമ്പോൾ, ഒരു ബ്ലൂ പ്രിന്റ് മാതൃക എന്നെ അലട്ടി. ഇത് നിറയെ നേർവരകളല്ലേ? തീർച്ചയായും ചില മൂലകളിൽ ഒരു ചാപം കാണാം. ഇതാകട്ടെ ഒരു വാതിലിന്റെ ചലന സ്വഭാവം സൂചിപ്പിക്കുന്നു. പെട്ടെന്ന് ഞാൻ സ്വയം ചോദിച്ചു, 'പ്രകൃതിയിൽ നേർവരകളുണ്ടോ?'
ഉണ്ടോ?
പ്രകൃതിയിൽ നേരായ രേഖകളില്ലെന്നു പറയുന്നത് പൂർണമായും ശരിയല്ലെങ്കിലും, അതിൽ ഒരു വലിയ സത്യമുണ്ട്. തീർച്ചയായും ചില കാര്യങ്ങൾ ഏകദേശം നേരായവയാണ്. മുളയുടെ തണ്ട്, ചില മരങ്ങളുടെ കാണ്ഡം, ക്രിസ്റ്റലുകളുടെ ചില അറ്റങ്ങൾ, നീണ്ട ഭൂഗർഭ വിള്ളലുകൾ (fault lines). പക്ഷേ ഇവയൊന്നും അക്ഷരാർത്ഥത്തിൽ ഒരു നേർവരയിലല്ല. അടുത്തുനോക്കിയാൽ ചെറുവളവുകളും ക്രമക്കേടുകളും കാണാം; വളരെ വലിയ തോതിൽ നോക്കിയാലും തിരിവുകൾ കാണാം. പ്രകൃതി നേരായ രേഖകളേക്കാൾ വളവുകളുടെയും ചാപങ്ങളുടെയും സർപ്പിലങ്ങളുടെയും ഭാഷയിലാണ് സംസാരിക്കുന്നത്.
പ്രകൃതിയിലെ രൂപഘടനകളും മനുഷ്യൻ ഭാവനയ്ക്കായി നിർമ്മിച്ചെടുക്കുന്ന ജ്യാമിതീയ സങ്കൽപ്പങ്ങളും തമ്മിലുള്ള മൗലികമായ വ്യത്യാസം എന്താണ്?
എത്രയോ ഉദാഹരണങ്ങൾ. ഗുരുത്വാകർഷണം വസ്തുക്കളുടെ ചലനവഴികളെ വളയ്ക്കുന്നു. നദികൾ വളഞ്ഞും പുളഞ്ഞും ഒഴുകുന്നു. മരങ്ങളുടെ ശാഖകൾ, വേരുകൾ, ഇലകളുടെ നാഡികൾ, ചോരക്കുഴലുകൾ, മേഘങ്ങൾ, തീരപ്രദേശങ്ങൾ, മലനിരകൾ എല്ലാം വളവുകളുടെ രൂപഭാഷയിലാണ്. ഊർജ്ജത്തെ ഏറ്റവും കുറഞ്ഞ നിലയിൽ ആക്കാൻ ശ്രമിക്കുന്ന പ്രകൃതിപ്രക്രിയകൾ പലപ്പോഴും വൃത്തങ്ങളും ചാപങ്ങളും തരംഗങ്ങളും സൃഷ്ടിക്കുന്നു. നേരായ രേഖ പ്രകൃതിയെ സംബന്ധിച്ച ഒരു വസ്തുതയെന്നതിനേക്കാൾ മനുഷ്യബുദ്ധിയുടെ ഒരു ആശയമാണ്. യൂക്ലിഡിന്റെ ജ്യാമിതിയിലെ 'straight line' ഒരു ആദർശരൂപമാണ്. ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിൽ 'ഏറ്റവും നേരായ പാത' പോലും വളഞ്ഞ സ്ഥലകാലത്തിനുള്ളിലെ ഒരു ജിയോഡെസിക് (geodesic) ആണ്. മനുഷ്യൻ രേഖകൾ വരയ്ക്കുന്നു; പ്രകൃതി വളരുന്നു. രേഖ യുക്തിയുടെ സ്വപ്നമാണ്; വളവ് സൃഷ്ടിയുടെ സ്വഭാവം. പ്രകൃതി വരയ്ക്കുന്നത് ചാപങ്ങളാണ്; നേരരേഖകൾ മനുഷ്യന്റെ ലളിത വിശദീകരണംമാത്രം.
‘രേഖ യുക്തിയുടെ സ്വപ്നമാണ്; വളവ് സൃഷ്ടിയുടെ സ്വഭാവം’- ഇതുകേൾക്കുമ്പോൾ കുന്തകന്റെ നിർവചനമാണ് ഓർമവരുന്നത്- വക്രോക്തി കാവ്യജീവിതം.
ഓരോരോ കൃതികളിൽ വ്യക്തമായി കാണാവുന്ന ആശയങ്ങൾ പ്രത്യേകിച്ച് എടുത്തുപറയാതെ മറുപടി പറയാൻ കഴിയില്ല. പക്ഷേ ഒരു സാഹിത്യവായനയുടെ സാധ്യത ഞാൻ ചൂണ്ടിക്കാണിക്കാം. എന്റെ രചനകളിലും സംവാദങ്ങളിലുമായി ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഓർമ്മ, പാരമ്പര്യം, ആർക്കൈവ്, തിരിഞ്ഞുനോട്ടം, ജീവിതത്തിന്റെ തുടർച്ച, അനിത്യത തുടങ്ങിയ ആശയങ്ങളെ അടിസ്ഥാനമാക്കി പറഞ്ഞാൽ 'പ്രകൃതിയിൽ നേരരേഖയില്ല എന്ന ആശയം കേന്ദ്രീയമാകുന്നത് കഴിയും. ഒരു ഉദാഹരണം: എന്റെ എഴുത്തിൽ ഓർമ്മ പലപ്പോഴും കലണ്ടറിലെ തീയതികളുടെ നിരയല്ല. അത് ഒരു വൃത്തചലനമാണ്. ഒരു സംഭവം അവസാനിച്ചിട്ടും അവസാനിക്കുന്നില്ല. വർഷങ്ങൾക്കുശേഷം ഒരു ഗന്ധം, ഒരു ചിത്രം, ഒരു വാക്ക്, ഒരു ശബ്ദം എന്നിവയിലൂടെ അത് വീണ്ടും തിരിച്ചെത്തുന്നു. അതുകൊണ്ട് ഓർമ്മയുടെ രൂപം നേരരേഖയല്ല. ഓർമ്മ സമയം മുറിച്ചുകടക്കുന്ന ഒരു വളവാണ്. എന്റെ ആർക്കൈവ് ഒരിക്കലും ഭൂതകാലത്തിൽ നിന്ന് വർത്തമാനത്തിലേക്കുള്ള നേരായ പാലമല്ല. അത് ഒരു നദിപോലെയാണ്. ചിലത് മുങ്ങിപ്പോകും, ചിലത് വീണ്ടും പൊന്തിവരും, ചിലത് പുതിയ അർത്ഥങ്ങൾ നേടും.
ഒടുക്കം നമ്മളിലെന്താണ് ശേഷിക്കുന്നത്?
മനുഷ്യർ പലപ്പോഴും ദുഃഖത്തിൽ നിന്ന് മോചനത്തിലേക്കോ സ്നേഹത്തിൽ നിന്ന് മറവിയിലേക്കോ ഒരു നേരിട്ടുള്ള യാത്ര പ്രതീക്ഷിക്കുന്നു. പക്ഷേ ജീവിതം അങ്ങനെ പ്രവർത്തിക്കുന്നില്ല. നാം പഴയ ഇടങ്ങളിലേക്ക് മടങ്ങിവരുന്നു. പഴയ മുഖങ്ങളെ വീണ്ടും കണ്ടുമുട്ടുന്നു. മറന്നുവെന്ന് കരുതിയ വേദനകൾ വീണ്ടും ഉയിർത്തെഴുന്നേൽക്കും. ഈ ചലനം മുഴുവൻ ചാപങ്ങളുടെയും വൃത്തങ്ങളുടെയും സ്വഭാവമാണ്. ഞാൻ പേരെടുത്ത് പറഞ്ഞ ഉപനിഷത്തിലെ 'നേതി നേതി' സമീപനവും നേർവരയല്ല. സത്യം ഒരു ലക്ഷ്യസ്ഥാനത്ത് എന്നെ കാത്തിരിക്കുന്നില്ല. ഞാൻ അതിനരികിൽ എത്തുന്നത് ആവർത്തിച്ചുള്ള ഒഴിവാക്കലുകളിലൂടെയും തിരുത്തലുകളിലൂടെയും തിരിച്ചുവരവുകളിലൂടെയുമാണ്.
Published: 01 Nov 2026, 03:22 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented