
ആമയൂര്‍ കൂട്ടക്കൊല, പുത്തൂര്‍ ഷീല വധം തുടങ്ങീ കോളിളക്കമുണ്ടാക്കിയ അനവധി നിരവധി കേസുകളടക്കം 16000ത്തിലധികം മൃതദേഹങ്ങള്‍ ഗുജ്‌റാളിന്റെ പോസ്റ്റുമോര്‍ട്ടം ടേബിളിലെത്തിയിട്ടുണ്ട്. എന്നാൽ അതിനു പുറമേ ഫോറൻസിക് മേഖലയിൽ തന്റേതായ പലവിധ സംഭാവനകൾ നൽകിയ വ്യക്തിയാണദ്ദേഹം. സംസ്ഥാനത്ത് ആരോഗ്യ നിയമസംഹിത തയ്യാറാക്കിയതും പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം കിട്ടാൻ വൈകുമ്പോൾ ബന്ധുക്കൾക്ക് മൃതദേഹം കാണാനുള്ള ജാലകമോർച്ചറി എന്ന സംവിധാനവുമെല്ലാം അതിൽ ചിലത് മാത്രം. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഫൊറന്‍സിക് സര്‍ജന്‍ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ഡോ. പി.ബി. ഗുജ്‌റാളുമായി പി.വി. ഷാജികുമാർ നടത്തിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗം വായിക്കാം.
മരണത്തിന് മുന്നില്‍ സ്വയം മറന്നുപോവുന്ന സന്ദര്‍ഭങ്ങള്‍ ഡോക്ടറുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ..?
Also Read
മരണവീടുകളില്‍ ഞാന്‍ ചെല്ലാറില്ല. സങ്കടം കാണാനും സഹിക്കാനുമുള്ള മനക്കരുത്ത് എനിക്ക് തീരെ കുറവാണ്. എന്നാല്‍ പോസ്റ്റുമാര്‍ട്ടം ചെയ്യുമ്പോള്‍ അങ്ങനെയല്ല. പരമാവധി ഡിറ്റാച്ച്ഡായിട്ട് പോസ്റ്റുമാര്‍ട്ടം നിര്‍വ്വഹിക്കുക. അങ്ങനെയേ ചെയ്യാന്‍ പാടുള്ളൂ. വൈകാരികമായി സമീപിച്ചാല്‍ കൃത്യതയോടെ വിവരങ്ങള്‍ കണ്ടെത്തുക പ്രയാസകരമാവും. ശാസ്ത്രീയമായ അടിത്തറയില്‍ നിന്നുകൊണ്ട് തീരുമാനങ്ങളില്‍ എത്തണമെങ്കില്‍ പോസ്റ്റുമാര്‍ട്ടം ചെയ്യുമ്പോള്‍ വൈകാരികത മാറ്റിവെയ്‌ക്കേണ്ടി വരും.
എന്നാലും അടുപ്പമുള്ളവരുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യുമ്പോള്‍ എത്ര ശ്രമിച്ചാലും നമ്മള്‍ പതറിപ്പോകും. അങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ഞാന്‍ പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കാറ്. ചില പ്രത്യക സാഹചര്യങ്ങളില്‍ അതിന് കഴിയാതെ വരും.
എന്റെ സീനിയറും ഡോക്ടറും ജേഷ്ഠതുല്യനായ സുഹൃത്തുമായിരുന്ന ഡോ.എം. ദേവാനന്ദന്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഞാന്‍ അത്തരമൊരു അവസ്ഥയില്‍ പെട്ടുപോയി. പാലക്കാട് നിന്ന് ചെയ്തില്ലെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോവേണ്ടിവരും, അത്രയും നേരം ബന്ധുക്കളെയും ഉറ്റവരെയും കാത്തുനിര്‍ത്തേണ്ടി വരുമല്ലോയെന്നാലോചിച്ചപ്പോള്‍ വേറൊരു നിര്‍വ്വാഹവുമില്ലാതെ എനിക്ക് പോസ്റ്റുമാര്‍ട്ടം ചെയ്യേണ്ടിവന്നു. ഒന്നിച്ച് യാത്ര ചെയ്തിരുന്ന, ഭക്ഷണം കഴിച്ചിരുന്ന, സംസാരിച്ചിരുന്ന പ്രിയപ്പെട്ട ഒരാള്‍ പോസ്റ്റുമാര്‍ട്ടം ടേബിളില്‍ എനിക്ക് മുന്നില്‍ കിടക്കുകയാണ്..! അത് വല്ലാത്തൊരു നിമിഷമായിരുന്നു. ഏറെ സങ്കടത്തോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ പോസ്റ്റുമാര്‍ട്ടം ചെയ്തത്.
കേരളത്തില്‍ ജാലകമോര്‍ച്ചറി എന്ന സംവിധാനം പാലക്കാട് ജില്ലാ ആശുപത്രിയില്‍ മാത്രമായിരിക്കും കാണാന്‍ കഴിയുക. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെന്ന നിലയില്‍ എന്തുകൊണ്ടായിരുന്നു
എല്ലാ ആശുപത്രികളിലും ഡെഡ്‌ബോഡി മോര്‍ച്ചറിയിലേക്ക് കയറ്റിക്കഴിഞ്ഞാല്‍ ഫ്രീസറിനകത്താണിരിക്കുന്നത്. എപ്പോഴും തുറന്നുകാണിക്കാന്‍ കഴിയില്ല. പോസ്റ്റുമാര്‍ട്ടം കഴിഞ്ഞേ കാണാന്‍ സാധിക്കുകയുള്ളൂ. പോലീസ് അടുത്തദിവസമാണ് ഇന്‍ക്വിസ്റ്റിന് വരുന്നതെങ്കില്‍ കൂടുതല്‍ താമസിക്കും. ഉറ്റവര്‍ക്കും ബന്ധുക്കള്‍ക്കും വൈകുന്നേരം വരെ കാത്തിരുന്ന് ഡെഡ് ബോഡി കാണാതെ തിരിച്ചുപോകേണ്ടിവരും. കാത്തുനില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കാനാണ് ഞങ്ങള്‍ ജില്ലാ ആശുപത്രിയില്‍ ജാലകമോര്‍ച്ചറി ഉണ്ടാക്കിയത്. ഇവിടെ ആര്‍ക്കും ഏത് സമയത്തും ജാലകമോര്‍ച്ചറിയിലെ ജാലകത്തിലൂടെ മരണദേഹം കാണാം.
പോസ്റ്റുമാര്‍ട്ടം ടേബിളില്‍ എത്തിപ്പെടുന്നവരില്‍ തീര്‍ച്ചയായും ആത്മഹത്യ ചെയ്തവരും ഉണ്ടാവുമല്ലോ. ആത്മഹത്യയ്ക്ക് പിറകിലുള്ള കാരണങ്ങള്‍ തേടിപ്പോയിട്ടുണ്ടോ?
ആത്മഹത്യകള്‍ വല്ലാതെ കൂടിക്കൊണ്ടിരിക്കുന്നുണ്ട്. അതിന് പല കാരണങ്ങളുണ്ട്. ലഹരിയുടെ അമിതമായ ഉപയോഗം മൂലം ആത്മഹത്യ ചെയ്യുന്നവരുണ്ട്. ഭര്‍ത്താവിന്റെ ഒടുക്കത്തെ കുടി കാരണം ജീവനൊടുക്കിയവരുണ്ട്. കല്ല്യാണം കഴിഞ്ഞ് ഏഴാം വര്‍ഷം ആത്മഹത്യ ചെയ്ത ഒരു യുവതിയെ പോസ്റ്റുമാര്‍ട്ടം ചെയ്യാന്‍ തുടങ്ങവെ അവളുടെ വസ്ത്രത്തില്‍ നിന്ന് ഒരു കത്ത് എനിക്ക് കിട്ടി. എന്നെ വല്ലാതെ സങ്കടപ്പെടുത്തിയ കത്തായിരുന്നു അത്. 'അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. എനിക്ക് എന്റെ മകളെ കൊണ്ടുപോകണമെന്നുണ്ടായിരുന്നു. എനിക്കതിനുള്ള ധൈര്യമില്ലച്ഛാ.. ഒരിക്കലും ഒരു കുടിയന് എന്റെ മകളെ കൊടുക്കരുത്...' ആ കത്തില്‍ ആ യുവതി അനുഭവിച്ച വേദനയുടെ ആഴമെല്ലാമുണ്ട്. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് 20-നും 30നും ഇടയിലാണ്. വിവാഹം കഴിഞ്ഞവര്‍ തന്നെയാണ് മിക്കവരും. കുടുംബത്തിലെ പ്രശ്‌നങ്ങളും സ്ത്രീധനപീഢനവും കുടിയും തന്നെയാണ് പ്രധാന വില്ലന്‍.
ആത്മഹത്യയ്ക്കുള്ള മോട്ടിവേറ്റിങ്ങ് ഫാക്ടറാണ് എച്ച്.ഐ.വി എന്നൊരു പഠനം അക്കാലത്താണ് ഒരു അമേരിക്കന്‍ ജേര്‍ണലില്‍ വന്നത്. കേരളത്തിലും ഇത്തരത്തില്‍ എത്രമാത്രം ആത്മഹത്യകള്‍ നടന്നിട്ടുണ്ടെന്ന് ഞാനൊരു അന്വേഷണം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എച്ച്.ഐ.വി ബാധിതരായ ആളുകളുടെ ലിസ്റ്റ് മുഴവനെടുത്തു. അവര്‍ ഇപ്പോള്‍ എവിടെയാണെന്ന് അന്വേഷണം തുടങ്ങി. 150 പേരുണ്ടായിരുന്നു. ആദ്യം ഞാന്‍ നോക്കിയത് രണ്ട് വര്‍ഷത്തെ പത്രങ്ങളുടെ ചരമക്കോളമാണ്. പരിശോധിച്ചപ്പോള്‍ നൂറ്റിയമ്പത് ആളുകളില്‍ കുറേപ്പേര്‍ ആത്മഹത്യ ചെയ്തുവെന്ന് മനസ്സിലായി. തുടര്‍ന്ന് പോസ്‌റ്റോഫീസുകള്‍ വഴിയും കണ്ടെത്താന്‍ കഴിയാത്ത വിലാസങ്ങള്‍ നേരില്‍പോയിട്ടും അന്വേഷിച്ചപ്പോള്‍ നാല്‍പ്പത്തിയഞ്ച് പേര്‍ ആത്മഹത്യ ചെയ്തിരിക്കുന്നു.! അതിന്റെ ഭാഗമായി കുടുംബ ആത്മഹത്യകളും കൂടി.
പ്രായമായവരുടെ ആത്മഹത്യകളും വല്ലാതെ കൂടിയിട്ടുണ്ട്. രോഗവും ഒറ്റപ്പെടലുമാണ് വയസ്സായവരുടെ ആത്മഹത്യയ്ക്ക് പിന്നില്‍.
മുപ്പത് വര്‍ഷത്തിലേറെയായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ നോക്കുമ്പോള്‍ പോസ്റ്റുമാര്‍ട്ടത്തിന്റെ മേഖലയില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്..?
പ്രധാനമാറ്റം അത് ജനങ്ങള്‍ക്കിടയില്‍ തന്നെയാണ്. ദുര്‍മരണമടഞ്ഞ മൃതദേഹങ്ങളെ നോക്കാന്‍ പോലും ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു, പ്രത്യേകിച്ച് ആത്മഹത്യകളുടെ കാര്യത്തില്‍. ഒരാള്‍ ആത്മഹത്യ ചെയ്‌തെങ്കില്‍ അത് അയാളുടെ മാത്രം കുറ്റം കൊണ്ടല്ലെന്നും നമ്മളെല്ലാം ഉള്‍പ്പെടുന്ന സമൂഹത്തിന്റെ ചെയ്തികളോ മനോഭാവമോ അതിന് കാരണമുണ്ടായിട്ടുണ്ടെന്നും പൊതുസമൂഹം ചിന്തിക്കുന്ന കാലഘട്ടത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്. ആത്മഹത്യാശ്രമം ഒരു ക്രിമിനല്‍ കുറ്റമായി കാണേണ്ടതല്ലെന്നും ആത്മഹത്യ ചെയ്യുന്നവര്‍ സമൂഹത്തിന്റെ പൊതുവായോ അല്ലെങ്കില്‍ കുടുംബത്തിന്റെയും ചിലപ്പോള്‍ മാത്രമേ മാനസികാരോഗ്യത്തില്‍ ഉണ്ടായ കുറവുകളുടെ ഇരയാണെന്നുമുള്ള തിരിച്ചറിവ് വലിയ തോതില്‍ രൂപപ്പെട്ടുവരുന്നുണ്ട്. മുമ്പങ്ങനെയായിരുന്നില്ല.
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോര്‍ച്ചറിയില്ലാത്ത ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടര്‍മാരും പോസ്റ്റുമാര്‍ട്ടം നടത്തിയിരുന്നു. വഴിയരികിലോ പാറപ്പുറത്തോ വെച്ച് ഒന്നോ രണ്ടോ മുണ്ടിന്റെ മറവില്‍ നടത്തിയിരുന്ന അത്തരം പ്രാകൃതമായ പോസ്റ്റുമാര്‍ട്ടങ്ങള്‍ ഇന്ന് തീരെ ഇല്ലാതായിട്ടുണ്ട്.
പോസ്റ്റുമാര്‍ട്ടം ചെയ്യുന്ന ഡോക്ടര്‍മാരെ സംബന്ധിച്ചും ഇത്തരം തിരിച്ചറിവുകള്‍ ധാരാളമുണ്ടായിട്ടുണ്ട്. റിപ്പോര്‍ട്ടുകളും അതിലെ കണ്ടെത്തലുകളും അഭിപ്രായങ്ങളും പോലീസും കോടതിയും മാത്രമല്ല മരണപ്പെട്ടയാളിന്റെ ബന്ധുമിത്രാദികളും ചിലപ്പോള്‍ മാധ്യമങ്ങളിലൂടെ പൊതുസമൂഹം മുഴുവനായും തന്നെ സൂക്ഷ്മവിശകലനത്തിന് വിധേയമാക്കുമെന്ന തിരിച്ചറിവ് ഡോക്ടര്‍മാരെ കൂടുതല്‍ ജാഗരൂകരാക്കിയിട്ടുണ്ട്.
പോസ്റ്റുമാര്‍ട്ടം ചെയ്യുന്ന ഡോക്ടര്‍മാരോടും ജീവനക്കാരോടുമുള്ള മനോഭാവത്തിലും മാറ്റമുണ്ട്. ശവം കീറുന്നവര്‍ എന്ന ലേബല്‍ കുറേയെങ്കിലും മാറിയിട്ടുണ്ടെന്നാണ് സ്വന്തം അനുഭവം.
രാത്രികാലങ്ങളില്‍ പോസ്റ്റുമാര്‍ട്ടം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഇപ്പോഴും ആശുപത്രികളില്‍ സാദ്ധ്യമല്ലല്ലോ. എന്തുകൊണ്ടാണത്..?
രാത്രികാല പോസ്റ്റുമാര്‍ട്ടത്തെക്കുറിച്ച് പറയുമ്പോള്‍ മൂന്ന് ഘടകങ്ങള്‍ കണക്കിലെടുക്കേണ്ടി വരും. ഒന്നാമതായി തികച്ചും ശാസ്ത്രീയമായി മരണപ്പെട്ടായാളുടെ അന്തസ്സിനെ ഹനിക്കാത്ത വിധം മരണകാരണം കൃത്യമായി കണ്ടെത്തുക. മരണത്തിന്റെ രീതിയിലേക്ക് സൂചകമാകുന്ന ഘടകങ്ങള്‍ പൂര്‍ത്തികരിക്കുക എന്നത്. രണ്ടാമതായി മരണപ്പെട്ടയാളുടെ മൃതദേഹം കഴിയുന്നതും വേഗത്തില്‍ ബന്ധുക്കള്‍ക്ക് കൈമാറി സാധാരണഗതിയില്‍ ഏതൊരാളും ആഗ്രഹിക്കുന്ന വിധത്തില്‍ ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തില്‍ മാന്യമായ ഒരു ശവസംസ്‌കാരം നടത്തുന്നത് സാദ്ധ്യമാക്കല്‍. മൂന്നാമതായി ഇത് നടപ്പാക്കുന്നതിനാവശ്യമായ മനുഷ്യവിഭവശേഷിയും അടിസ്ഥാനസൗകര്യങ്ങളും ആശുപത്രിയില്‍ ഏര്‍പ്പെടുത്തുക.
സൂക്ഷ്മവും വിശദവുമായ പോസ്റ്റുമാര്‍ട്ടം പരിശോധന പകല്‍വെളിച്ചത്തില്‍ നടത്തുന്നതാണ് ഉത്തമം എന്ന തത്വം പതിറ്റാണ്ടുകളായി പിന്തുടര്‍ന്ന് പോരുന്നതാണ്. കേരളത്തില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാല് മണി വരെ മാത്രമേ പോസ്റ്റുമാര്‍ട്ടം പരിശോധനയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാവൂ എന്ന് നിഷ്‌കര്‍ഷിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ നിലനിന്നിരുന്നു. പ്രായോഗികതലത്തില്‍ ഈ സമയക്രമം ജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുന്ന കേസുകളില്‍ പോലും പോലീസിനെ വിവരമറിയിച്ച് നടപടിക്രമങ്ങളും ഒന്നരമണിക്കൂര്‍ നീളുന്ന ഇന്‍ക്വസ്റ്റും പൂര്‍ത്തിയാക്കി പോസ്റ്റുമാര്‍ട്ടത്തിനെത്തിക്കുമ്പോഴേക്കും നാല് മണി കഴിയുകയും പിറ്റേന്ന് പോസ്റ്റുമാര്‍ട്ടം കഴിഞ്ഞ് മൃതദേഹം വീട്ടിലെത്തുമ്പോള്‍ ഉച്ച കഴിയുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ നിരവധിയായിരുന്നു. കേരളാഹൈക്കോടതിയുടെ ഇരുപത്തിനാല് മണിക്കൂര്‍ പോസ്റ്റുമാര്‍ട്ടം നടപ്പാക്കിക്കൊണ്ടുള്ള വിധിയും കേന്ദ്രഗവണ്‍മെന്റിന്റെ സമാനമായ ഉത്തരവും വന്നതോടെ നിയമപരമായ കാഴ്ചപ്പാടില്‍ സമയക്രമത്തിന് പ്രസക്തിയില്ലാതായി.
ആദ്യം പറഞ്ഞതില്‍ മൂന്നാമത്തെ കാര്യം ആവശ്യമായ തസ്തിക സൃഷ്ടിക്കുകയും മോര്‍ച്ചറികളിലെ അടിസ്ഥാനസൗകര്യവികസനവും നടപ്പാക്കുകയും, ഒന്നാമത്തെ ഉദ്ദേശം അതായത് വിദഗ്ദപരിശോധന വേണ്ടതായ മെഡിക്കോ ലീഗല്‍ കോഡില്‍ പറഞ്ഞ കൊലപാതകം, സ്ത്രീധനമരണം, സംശയാസ്പദമരണങ്ങള്‍ തുടങ്ങിയവ കഴിയുന്നതും പകല്‍സമയത്ത് പോസ്റ്റുമാര്‍ട്ടം നടത്തണം എന്ന് നിശ്ചയിക്കുകയും ചെയ്താല്‍ അത് ആദ്യം പറഞ്ഞ മൂന്ന് ഘടകങ്ങളോടും നീതി പുലര്‍ത്തുന്നതാകും എന്നാണ് എന്റെ എളിയ അഭിപ്രായം.
മുപ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു ഫോറന്‍സിക് ജീവിതം തുടങ്ങിയിട്ട്. കാലം മാറി, സമൂഹം മാറി. ഒന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എന്താണ് തോന്നുന്നത്..?
ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട് മരിച്ചവരൊക്കെ എങ്ങോട്ട് പോകുന്നു എന്നൊക്കെ. ചിലപ്പോള്‍ അടുത്തനിമിഷം അല്ലെങ്കില്‍ അപ്പോള്‍ തന്നെ കരുതും, കുറേക്കഴിഞ്ഞാല്‍ അങ്ങോട്ട് തന്നെയല്ലേ പോകേണ്ടത് അപ്പോള്‍ അറിയാമല്ലോയെന്ന്. വിഷമിപ്പിക്കുന്ന ചിന്ത അതല്ല, ഇതൊക്കെ അവരുടെ ബന്ധുക്കള്‍ എങ്ങനെ സഹിക്കുമെന്നതാണ്. മകന്റെ അച്ഛന്റെ ഭാര്യയുടെ ഭര്‍ത്താവിന്റെയൊക്കെ മൃതദേഹം ആദ്യമായി കാണുന്നവരുടെ സങ്കടം അണപൊട്ടിയൊഴുകുന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും സങ്കടകരമായ കാഴ്ച. കഴിയുന്നതും ആ ലാവാപ്രവാഹത്തിന്റെ ചൂടേല്‍ക്കാതെ ഓഫീസ് മുറിയില്‍ ഒളിച്ചിരിക്കാറാണ് പതിവ്. ജീവന്റെ ചൂടാറാത്ത, സിരകള്‍ എഴുന്നുനില്‍ക്കുന്ന ചില ദേഹങ്ങളില്‍ കത്തിവെയ്ക്കുമ്പോള്‍ ഇയാളെങ്ങാനും ഇപ്പോള്‍ ചാടിയെഴുന്നേല്‍ക്കുമോയെന്നും മോര്‍ച്ചറിയുടെ മൂലയില്‍ നിന്നും അയാളുടെ ആത്മാവ് ഇതെല്ലാം സാകൂതം വീക്ഷിക്കുന്നുണ്ടാവുമോ എന്നുമുള്ള തോന്നലുകള്‍ എനിക്ക് മാത്രം ഉണ്ടാകുന്നതാകാന്‍ വഴിയില്ല.
ഓരോ മോര്‍ച്ചറിയും ഈ സമൂഹത്തിന് നേര്‍ക്ക് പിടിച്ചിരിക്കുന്ന കണ്ണാടിയാണ്. ഒരു സമൂഹത്തിന്റെ മേയ്ക്കപ്പില്ലാത്ത മുഖം കാണിക്കുന്ന ഇടം. കുറേക്കഴിയുമ്പോള്‍ ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മ ബോധ്യപ്പെടുത്തുന്ന ഏറ്റവും വലിയ സ്ഥലമാണ് മോര്‍ച്ചറികള്‍. നമുക്കൊരിക്കലും ഒരാളോടും സ്ഥായിയായ വിരോധം തോന്നുകയില്ല, എല്ലാവരും നമ്മളുടെ ആളായി തന്നെ നമുക്ക് തോന്നും. മോര്‍ച്ചറിയിലെ ജീവിതം എന്നെ പഠിപ്പിച്ച വലിയ പാഠം അതാണ്. നമ്മള്‍ വെറുതെ നമ്മുടെ മുന്‍തലമുറയിലേക്ക് കണക്കുകൂട്ടി നോക്കുക. ഞാന്‍, എന്റെ അച്ഛന്‍, എന്റെ അമ്മ അങ്ങനെ പത്തിലധികം തലമുറകള്‍ പിന്നോട്ട് സഞ്ചരിക്കുമ്പോള്‍ തന്നെ ശത്രുക്കള്‍ ബന്ധുക്കളാവും. ജാതി അപ്രത്യക്ഷമാവും. മതത്തിന്റെ വേര്‍തിരിവുകള്‍ കാണില്ല. അങ്ങനെ നോക്കുമ്പോള്‍ എന്റെ ശരീരത്തിലെ പകുതി ജീനുകളും നിങ്ങളുടെ ശരീരത്തിലുണ്ടാവും. നിങ്ങളുടെത് എന്നിലും. എല്ലാവരും സഹോദരങ്ങളായി മാറും. മനുഷ്യവംശത്തിന്റെ തുടക്കം ആഫ്രിക്കയിലെ കോമണ്‍ മദറില്‍ നിന്നാണെന്ന് ഒരു പഠനം പുറത്തിറങ്ങിയിട്ടുണ്ട്. അവരില്‍ നിന്ന് നമ്മളടങ്ങുന്ന മനുഷ്യരെല്ലാവരും ഉണ്ടായതെന്ന് ആലോചിക്കുമ്പോള്‍ തീരവാുന്നതേയുള്ളൂ എല്ലാ വൈരവും വെറിയും. ഞാന്‍ പ്രതീക്ഷിക്കുന്നത് അങ്ങനെയൊരു കാലമാണ്.
അവസാനിച്ചു.
(ജൂൺ 30 ലക്കം ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: interview dr pb gujral postmortem experience pv shajikumar night duty forensic
Published: 11 Jul 2024, 04:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented