
ക്രൈം സീനിൽനിന്ന് അപ്രത്യക്ഷരാവുന്ന അപരിചിതരായ പ്രതികളെ കണ്ടെത്താനായി പോലീസിനെ സഹായിക്കുന്ന ചൂണ്ടുപലകയാണ് രേഖാചിത്രങ്ങൾ. ജീവിതത്തിൽ ഒരു തവണ കണ്ടയൊരാളെ കുറിച്ച് ദൃക്സാക്ഷി നൽകുന്ന വിവരണം കേട്ട് വരക്കുന്നതാണ് രേഖാചിത്രങ്ങളിൽ മിക്കതും. പ്രതിയെ തിരിച്ചറിയാനാവാതെ വഴിമുട്ടിയ പല കേസുകള്‍ക്കും രേഖാചിത്രത്തിലൂടെ തുമ്പുണ്ടാക്കി കൊടുക്കുന്നവരാണ് സ്കെച്ച് ആർട്ടിസ്റ്റുകൾ. തലമുടി ശരിയായില്ല, മൂക്ക് ശരിയായില്ല എന്നൊക്കെ പറഞ്ഞ് രേഖാചിത്രങ്ങളും രേഖാചിത്ര കലാകാരൻമാരും പലപ്പോഴും സമൂഹ വിചാരണയ്ക്ക് ഇരയാവാറുണ്ട്. എങ്ങനെയാണ് രേഖാചിത്രം വരക്കുന്നത്, ഏതെല്ലാം രീതിയിലാണ് ആ ചിത്രം അന്വേഷണത്തെ സഹായിക്കുന്നത്, ഈ രീതിയിൽ ഇതുവരെ എത്ര പ്രതികളെ പിടിച്ചു, രേഖാചിത്ര സേവനമേഖലയിൽ താൻ ഇതുവരെ കടന്നു പോയ രസകരമായ സംഭവങ്ങളെ കുറിച്ചും മുന്നൂറിലധികം രേഖാചിത്രങ്ങള്‍ വരച്ച പോലീസിലെ രേഖാചിത്ര കലാകാരനായ കോട്ടയം എസ്.ഐ. രാജേഷ് മണിമല സംസാരിക്കുന്നു
ഒരാളെ നോക്കി വരക്കാം, ഓര്‍മ്മയില്‍നിന്ന് വരക്കാം, ഭാവനയില്‍ നിന്ന് വരക്കാം. പക്ഷെ, ഒന്നോ രണ്ടോ വട്ടം മാത്രം ഒരു മിന്നായം പോലെ കണ്ട ഒരാളെ കുറിച്ചുള്ള വേറൊരാളുടെ വര്‍ണ്ണന കേട്ടു വരക്കുക എന്നത് അസാധ്യമായ കാര്യമായി തോന്നാറുണ്ട്. എങ്ങനെയാണ് ഇത് സാധിക്കുന്നത്.
Also Read
വരയ്ക്കുക എന്നത് കഴിവാണ്. എന്നാല്‍, വരയും രേഖാചിത്രവും തമ്മില്‍ വ്യത്യാസമുണ്ട്. ഒരാളുടെ മനസ്സില്‍ ഇരിക്കുന്ന കാര്യം വരച്ചെടുക്കുക എന്നുള്ളതാണ് സംഭവിക്കുന്നത്. അതാവട്ടെ അയാളുടെ ഓര്‍മ്മ പോവുന്നതിന് മുമ്പു വരക്കുകയും വേണം. മറവി എന്നത് മനുഷ്യനെ സംബന്ധിച്ച് 9 മിനുട്ടിനുള്ളില്‍ ആരംഭിക്കും. 24 മണിക്കൂര്‍ കഴിയുമ്പോള്‍ ഓര്‍മ്മ പകുതിയും പോകും. അപ്പോള്‍ എത്രയും പെട്ടെന്ന് ദൃക്സാക്ഷിയുടെ അടുത്തെത്തി അയാളുടെ മനസ്സില്‍നിന്ന് പ്രതിയെ കുറിച്ചുള്ള വ്യക്തമായ രേഖാചിത്ര വിവരങ്ങള്‍ മനസ്സിലാക്കിയെടുക്കുക എന്നതാണ് രേഖാചിത്ര കലാകാരന് ആദ്യം ചെയ്യുന്നത്. വരക്കുന്നതിലും പ്രധാനമാണ് നമ്മൾ ചോദിക്കുന്ന ഓരോ ചോദ്യങ്ങളും. ഉദാഹരണത്തിന് നിങ്ങളുടെ അച്ഛന്റെ കണ്ണെങ്ങനെയാണെന്ന് ചോദിച്ചാല്‍ ഒരിക്കലും വിവരിക്കാന്‍ പറ്റില്ല. മെല്ലിച്ചയാളാണോ വണ്ണമുള്ളയാളാണോ കഷണ്ടിയുണ്ടോ മീശയുണ്ടോ എന്നൊക്കെയുള്ള വിവരണങ്ങള്‍ ദൃക്സാക്ഷിയില്‍നിന്ന് ചോദിച്ചു മനസ്സിലാക്കി ഒരു മാതൃകാ രൂപമുണ്ടാക്കുകയാണ് ആദ്യം ചെയ്യുന്നത്.
നാലു വര്‍ഷത്തോളം അനാട്ടമി പഠിച്ചയാളാണ് ഞാന്‍. വരയ്ക്കാൻ ചില കണക്കുകളുണ്ട്. രണ്ട് കണ്ണിനുമിടക്കുള്ള അകലം എന്നത് ഒരു കണ്ണിന്റെ വലുപ്പമായിരിക്കും എന്നൊരു കണക്കുണ്ട്. മൂക്കിന്റെ വലിപ്പമെന്നത് കണ്ണിന്റെ നീളമായിരിക്കും. മെലിഞ്ഞയാളുടെ കവിളൊട്ടിയതായിരിക്കും. ഇങ്ങനെ പല കണക്കുകളുണ്ട്. ഈ കണക്കുകളെ കുറിച്ച് അനാട്ടമിയിൽ പറയുന്നുണ്ട്. ഇനി തടിച്ചയാള്‍ എന്നാണ് ദൃക്സാക്ഷി പറയുന്നതെങ്കില്‍ അത് വെച്ച് ഏതാണ്ടൊരു രൂപരേഖ തയ്യാറാക്കും. ആദ്യ മാതൃകാ ചിത്രം കണ്ടാൽ സ്വാഭാവികമായും ദൃക്സാക്ഷി മാറ്റം ആവശ്യപ്പെടും.
എന്തിനാണ് സ്കെച്ച് ആക്കി ചുരുക്കുന്നത്. കളറെല്ലാം കൊടുത്ത് കൃത്യതയുള്ള ഫോട്ടോ പോലെയുള്ള ചിത്രങ്ങള്‍ വരക്കുന്നത് കുറച്ചു കൂടി പ്രതിയെ പിടിക്കാന്‍ എളുപ്പമാവില്ലേ..
സ്കെച്ചാവുമ്പോഴുള്ള ഗുണമെന്താണെന്ന് വെച്ചാല്‍ ഈ ചിത്രത്തിലെ ആള്‍ക്ക് ഇന്നയാളുടെ മുഖഛായയില്ലേ ഇന്നയാളെപ്പോലുണ്ടല്ലോ എന്നക്കെയെ ചിത്രം കാണുന്നയാൾക്ക് തോന്നൂ... ഇന്നയാള് തന്നെ എന്ന് കരുതില്ല. ഫോട്ടോക്ക് പകരം രേഖാചിത്രമാണെങ്കില്‍ മുഖസാമ്യത എന്ന സാധ്യത നിലനില്ക്കും. മാത്രവുമല്ല, ഫോട്ടോഫിനിഷുള്ള ചിത്രങ്ങളാണെങ്കില്‍ ആ ആളെ മാത്രം തേടിനടക്കും. അയാളോട് സാമ്യമായ മുഖങ്ങള്‍ തേടില്ല. അത് അന്വേഷണത്തെയും പ്രതിയിലേക്കെത്തുന്ന സാധ്യതയെയും പരിമിതപ്പെടുത്തും.
ഒരാളുടെ കണ്ണ്, മൂക്ക്, ചുണ്ട് എന്നത് ഓര്‍മ്മയില്‍ നിന്നെടുത്ത് വിശദീകരിക്കുന്നതില്‍ തെറ്റ് പറ്റാമല്ലോ. എന്ത് ടെക്നിക്കിലൂടെയാണ് അതിനെ മറികടക്കുന്നത്.
ഒരു സാമ്പിള്‍ നമ്മളാദ്യം വരച്ചു കൊടുക്കുന്നുണ്ടല്ലോ. ആ സാമ്പിള്‍ കണ്ട് ചെവിക്ക് ഇത്ര വലിപ്പമില്ല, മൂക്കിന് അല്പം കൂടി വലിപ്പമുണ്ട് എന്ന് പറയുമ്പോള്‍ നമ്മളതിൽ മാറ്റം വരുത്തും. ഒരു രേഖാചിത്രമെന്ന പറഞ്ഞാല്‍ കുറെയേറെ സമയമെടുത്തുള്ള പ്രക്രിയയാണ്. രണ്ടും മൂന്നും മണിക്കൂർ- ചിലപ്പോള്‍ അരദിവസവും ഒരു ദിവസവുമൊക്കെ എടുക്കും. പറയുന്നയാളുടെ വ്യക്തതയുടെ ഗുണം പോലിരിക്കും രേഖാചിത്രം പൂർത്തിയാക്കുന്നതിലെ വേഗം.
താങ്കളൊരു പ്രതിയാണെന്ന് വിചാരിക്കുക. ഞാന്‍ വിവരിക്കാന്‍ ഉദ്ദേശിക്കുന്നത് താങ്കളുടെ മുഖമാണെന്നും കരുതുക. അങ്ങനെയെങ്കില്‍ ഞാനെന്ന സാക്ഷിയെ മുന്നില്‍ കിട്ടിയാല്‍ ഒരു രേഖാ ചിത്രകലാകാരന്‍ ആദ്യം ചോദിക്കുന്ന ചോദ്യങ്ങളെന്തെല്ലാമാവും...
ആണാണോ പെണ്ണാണോ എന്ന ചോദ്യമാണ് ആദ്യം ചോദിക്കുക. മലയാളിയാണോ എന്ന് ചോദിക്കും. ഏകദേശം എത്ര വയസ്സ്, മെല്ലിച്ചയാളാണോ മീശയുണ്ടോ താടിയുണ്ടോ.. മുടിയുണ്ടോ കഷണ്ടിയോ, ഇടത്തോട്ടോ വലത്തോട്ടോ മുടി ചീവിയത്, വട്ടമുഖമാണോ നീണ്ട മുഖമാണോ തുടങ്ങി ഒട്ടനേകം ചോദ്യം ചോദിച്ച് മാതൃകാ ചിത്രം വരക്കും. പിന്നീട് ഈ മാതൃക തിരുത്തി, തിരുത്തിയാണ് ഒരു രേഖാചിത്രം പൂര്‍ത്തീകരിക്കുക. ഇതു കൂടാതെ എന്തെങ്കിലും പ്രത്യേകത നിങ്ങള്‍ അയാളുടെ മുഖത്ത് ശ്രദ്ധിച്ചിട്ടുണ്ടോ എന്നും ചോദിക്കും. മറുകോ മീശയിലും താടിയിലും എന്തെങ്കിലും പ്രത്യേകതയോ അങ്ങനെ എന്തെങ്കിലും...ഇതിൽ ഇടത്തോട്ടാണോ വലത്തോട്ടാണോ മുടി ചീവിയത് എന്ന് ചോദിക്കുമ്പോള്‍ ചില സാക്ഷികള്‍ക്ക് പറയാന്‍ പറ്റില്ല.
ഇത്ര നേരം താങ്കള്‍ മുന്നിലിരുന്നിട്ട് പോലും താങ്കളുടെ മുടി എങ്ങോട്ടേക്കാണ് ചീവി വെച്ചതെന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോളാ ചോദ്യം ചോദിക്കുമ്പോളാണ് ശ്രദ്ധിക്കുന്നത്.
അതെ, പലര്‍ക്കും അത് പറയാന്‍ പറ്റാറില്ല. നമ്മള് നന്നായി കഷ്ടപ്പെടേണ്ടി വരും. കുറ്റവാളി മുടി ചീവിയത് ഇടത്തോട്ടാണോ വലത്തോട്ടാണോ എന്നൊന്നും ദൃക്സാക്ഷി ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അപ്പോള്‍ ഇടത്തേക്ക് ചീവിവെച്ച മുഖത്തിന്റെ ആകൃതിയും വലത്തേക്ക് ചീവിവെച്ച മുഖത്തിന്റെ ആകൃതിയും പുറകോട്ട് വരച്ച ആകൃതിയും കാണിക്കും. അങ്ങനെയാണ് ഏകദേശ ധാരണയിലേക്കെത്തുക..
കണ്ണ് വിവരിച്ചു തരലെല്ലാം വലിയ ബുദ്ധിമുട്ടല്ലേ. അതെങ്ങനെയാണ് വരച്ചെടുക്കുക...
ആണിന്റെയും പെണ്ണിന്റെയും കണ്ണുകള്‍ വ്യത്യസ്തമാണ്. ചുണ്ടിലും മൂക്കിലുമെല്ലാം ആ വ്യത്യാസമുണ്ടാവും. ആണിന്റെ കണ്ണ് പരന്ന് ഒടിഞ്ഞതുപോലെയാണ്. പെണ്ണുങ്ങളുടെ കണ്ണ് നീര്‍മിഴി എന്ന് പറയും കണക്കെ വരച്ചത് പോലെ ഭംഗിയുള്ളതായിരിക്കും.
പ്രമുഖനായ ഏതെങ്കിലും വ്യക്തിയുമായി പ്രതിക്ക് സാമ്യമുണ്ടോ എന്ന് ദൃക്സാക്ഷികളോട് ചോദിക്കുന്ന രീതി താങ്കള്‍ക്കുണ്ടെന്ന് കേട്ടിട്ടുണ്ട്...
ഏതെങ്കിലും പ്രമുഖനായിട്ടുള്ള വ്യക്തിയുമായി സാമ്യമുണ്ടോ എന്നത് ദൃക്സാക്ഷിയോട് ഞാന്‍ ചോദിക്കുന്ന ഒരു പ്രധാന ചോദ്യമാണ്. രാവിലെ പള്ളിയില്‍ പോകുന്ന അമ്മച്ചിമാരുടെ ഒക്കെ മാല പറിക്കുന്ന ഒരാളുണ്ടായിരുന്നു. ഇവര്ക്കാണേല് മാല പറിക്കുന്നവനെ കുറിച്ച് വിവരിക്കാനും അറിയില്ല. അപ്പൊ അവരോട് ഞാന്‍ ഏറ്റവും എളുപ്പത്തില്‍ ചോദിക്കുന്ന ചോദ്യമാണ് ഏതേലും ജീവിച്ചിരിക്കുന്ന പ്രശസ്ത വ്യക്തികളുമായിട്ട് സാമ്യം ഉണ്ടോ എന്ന്.
ഒരിക്കലൊരു കേസിന് ഈ ചോദ്യം ഗുണം ചെയ്തു. മെലിഞ്ഞു ഉണങ്ങിയ ഒരു രാഷ്ട്രീയക്കാരന്റെ ഷേപ്പ് എന്നാണ് ദൃക്സാക്ഷി എന്നോട് പറഞ്ഞത്. അത് ആരാണെന്ന് പറയുന്നത് ശരിയല്ലാത്തോണ്ട് പറയുന്നില്ല. സംഭവം ഒരു വിവാഹത്തട്ടിപ്പായിരുന്നു. കല്ല്യാണം ഉറപ്പിച്ച ശേഷം വിവാഹത്തലേന്ന് പെണ്ണിന്റെ മാമ വന്നിട്ട് കാശു വാങ്ങിക്കൊണ്ടു പോയി . എന്നിട്ട് മുങ്ങി. വീട്ടുകാര്‍ ആട്ടിന്‍ ബിരിയാണിയുണ്ടാക്കി കാത്തുനിന്നു. ആളെത്തിയില്ല. കല്ല്യാണം മുടങ്ങി. ഒന്നില്‍ കൂടുതല്‍ ദൃക്സാക്ഷികളുണ്ടെങ്കില്‍ ഞാന്‍ ഒരാളുടെ മാത്രം വിവരണമല്ല ശേഖരിക്കുക. പലരോടും ചോദിക്കും. വരക്കുന്നതിലെ കൃത്യതയ്ക്കു വേണ്ടിയാണിത്. ചിത്രം വരച്ച് എല്ലാ പത്രത്തിലും പ്രസിദ്ധീകരിച്ചിരുന്നു. അതോടെ പ്രതി ഒളിവില്‍പോയി. പക്ഷെ വൈകാതെ അറസ്റ്റ് ചെയ്യാനായി.
ദൃക്സാക്ഷി വിവരണത്തില്‍ താങ്കളെ കുഴപ്പിക്കുന്നത് മുഖത്തെ ഏത് അവയവത്തെ കുറിച്ചുള്ള വിവരണമാണ്.
രേഖാചിത്രം വരക്കുമ്പോള്‍ എനിക്ക് തോന്നിയ കാര്യമെന്താണെന്ന് വെച്ചാല്‍ ദൃക്സാക്ഷി പറയുന്നത് യഥാര്‍ഥ സംഭവമാകാനും അല്ലാതിരിക്കാനുമുള്ള സാധ്യത എപ്പോഴുമുണ്ട് എന്നതാണ്. അതിനാല്‍ ദൃക്സാക്ഷി വിവരണം കേള്‍ക്കുമ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ട മൂന്ന് പ്രധാന കാര്യങ്ങളുണ്ട്. ഒന്നാമത്, ഒരു ക്രൈം നടന്നിരിക്കാം, രണ്ട്, വ്യാജ പരാതിയാവാം. മൂന്ന്, ഒരു ക്രൈം നടന്നിട്ട് അതിന്റെ കുറ്റവാളിയാക്കി തങ്ങൾക്കിഷ്ടമില്ലാത്തവരെ ഫ്രെയിം ചെയ്യാം. പക്ഷെ ഇതെല്ലാം വിവരണം കേള്‍ക്കുമ്പോള്‍ തന്നെ വളരെ വേഗം മനസ്സിലാവും. അപ്പോള്‍തന്നെ മേലുദ്യോഗസ്ഥരെ വിവരം ധരിപ്പിക്കും.
രേഖാചിത്ര കലാകാരന് ആയ താങ്കൾ ഒരു പോലീസുകാരന് കൂടിയായതു കൊണ്ടായിരിക്കും അല്ലേ ഈ കള്ളത്തരങ്ങളൊക്കെ മനസ്സിലാവുന്നത്.
ഒരു സംഭവം പറയാം. ഒരു സ്ത്രീയെ ഭര്‍ത്താവ് വരുമ്പോള്‍ കയ്യും കാലും കെട്ടിയിട്ട് വായില്‍ തുണി തിരുകിയ അവസ്ഥയില്‍ കാണുന്ന ഒരു സംഭവമുണ്ടായി. അഞ്ചു പവന് കവര്‍ന്നെന്നായിരുന്നു പരാതി. വളരെ വിഷമത്തോടെ ഇരിക്കുന്ന സ്ത്രീ പ്രതിയെ കുറിച്ചുളള വര്‍ണ്ണന തന്നത് ഇങ്ങനെയാണ്- "കറുത്ത് തടിച്ച്, മുടിയൊക്കെ പറ്റയടിച്ച്, കൊമ്പന്‍മീശയുള്ള, കണ്ണൊക്കെ ചുമന്ന ഒരാള്‍" . ആ പറയുന്നതെല്ലാം വെച്ച് നമ്മളാദ്യം ഒരു രൂപരേഖയുണ്ടാക്കി. സാധാരണ ഒരു 10-30 തവണയെങ്കിലും രൂപരേഖയില്‍ മാറ്റം വരുത്താറുണ്ട്. യഥാര്‍ഥത്തില്‍ പ്രതിയെ കണ്ട ആളാണെങ്കില്‍ നമ്മളാദ്യം വരച്ച രൂപരേഖയില്‍ മാറ്റം വരുത്തി, മാറ്റം വരുത്തി പലപ്പോഴും പേപ്പര്‍ തന്നെ കീറുന്ന അവസ്ഥയുണ്ടാവും.
ഇവര്‍ പറഞ്ഞ പോലെ ഞാന്‍ സാമ്പിള്‍ വരച്ചു. ഞാന്‍ പ്രതീക്ഷിക്കുന്നത് മീശ ശരിയായില്ല, കണ്ണ് ഇങ്ങനല്ല എന്നൊക്കെ പറയുമെന്നാണ്. എന്നാല്‍, ഇവരാവട്ടെ ഞാന്‍ വെറുതെ ഒരു സാമ്പിള്‍ വരച്ചപ്പോഴേക്കും ഇത് തന്നെ ആള് എന്ന് പറഞ്ഞു. ചക്ക വീണ് മുയല് ചത്തെന്ന പോലെ ചിലപ്പോള്‍ ശരിയാവാം. പക്ഷെ, അന്നത്തെ ഒരു അന്വേഷണ ഉദ്യോഗസ്ഥനോട് ഞാനിക്കാര്യം സൂചിപ്പിച്ചു- "സാറെ ഞാനിതുവരെ 40 പടങ്ങള്‍ വരച്ചിട്ടുണ്ട്. ഒരിക്കലും എനിക്ക് ഒറ്റവരയില്‍ ശരിയായ ചരിത്രമില്ല". പിറ്റേന്ന് പത്ത്രതില്‍ വായിച്ചപ്പോഴാണ് സത്യാവസ്ഥ മനസ്സിലായത്. ആ സ്ത്രീ മാല പണയം വെച്ചിരുന്നു. എന്നാല്‍, ഭർത്താവിനോട് ഇക്കാര്യം മറച്ചുവെക്കാനായി നടത്തിയ നാടകമായിരുന്നു കവര്‍ച്ച. പറ്റിക്കാന്‍ വേണ്ടി ഇവരും ഇവരുടെ ബന്ധുവും കൂടി കളിച്ച ഒരു കളിയാണിത്.
മനപ്പൂര്‍വ്വം ഒരാളെ കുടുക്കാന്‍ വേണ്ടി കള്ളം പറയുന്ന ദൃക്സാക്ഷികളുണ്ടായിട്ടുണ്ടോ...
ഉദാഹരണത്തിന് എന്റെ തലയ്ക്ക് ഒരാൾ അടിക്കാന്‍ ശ്രമിച്ചു, അയാളെ കണ്ടാല്‍ അറിയാം എന്ന് ഒരാള്‍ വന്ന് പറയുകയാണെന്ന് വിചാരിക്കുക. നല്ല പോലെ ഓര്‍ക്കുന്നുണ്ടെങ്കില്‍ അതിനൊരു ടാര്‍ഗറ്റ് ചെയ്യുന്ന സ്വഭാവം ഉണ്ടാവും. പുരികം ഇങ്ങനെയാണ്, ചുണ്ട് ഇങ്ങനെയാണ് എന്നൊക്കെ കൃത്യമായി പറയുന്നുണ്ടെങ്കില്‍ ടാര്‍ഗറ്റ് ചെയ്താണ് ദൃക്സാക്ഷി വിവരണം തരുന്നതെന്ന് മനസ്സിലാക്കാം. ദേ പുരികം ഇത്ര വളഞ്ഞിട്ടല്ല, കുറച്ചൂടെ സ്ട്രെറ്റ് എന്ന രീതിയിൽ കിറുകൃത്യമായി അവര്‍ പറയും. ഇതുപോലൊരാളാണ്, ഇതുപോലിരിക്കുന്ന ഒരാളാണ് എന്നേ നമ്മളൈാരു ചിത്രം വരച്ചത് ശരിയായാൽ ദൃക്സാക്ഷി പറയൂ.. ഇയാളാണ്, ഇയാള്‍ തന്നെ എന്ന് ഉറപ്പിച്ച് പറയില്ല.
(തുടരും)
Content Highlights: Service story interview sketch artist Rajesh manimala Nileena Atholi, Robbery fake complaint,Si
Published: 26 Nov 2024, 05:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented