
ഒരു നൂറ്റാണ്ട് പഴക്കമുള്ള മലയാള സിനിമാ മേഖലയുടെ ചരിത്രത്തില്‍ വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഫെഫ്കയുടെ അംഗത്വം ലഭിക്കാന്‍ ഒരുപാട് കാത്തിരിക്കേണ്ടി വന്നിട്ടുണ്ട് സ്ത്രീകള്‍ക്ക്. 35 വയസ്സ് പ്രായമാനദണ്ഡം മൂന്ന് സിനിമകളിലെ അനുഭവ പരിചയം എന്നിവയുണ്ടെങ്കിലേ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്യാനുള്ള അവസരവും അംഗത്വവും ഫെഫ്ക നൽകൂ. എന്നാൽ പുരുഷൻമാരായ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റുകളുടെ നിസ്സഹകരണവും മോശം പെരുമാറ്റവും കാരണം പല സ്ത്രീകൾക്കും മൂന്ന് വർഷം അസിസ്റ്റന്റായി ജോലി പൂർത്തീകരിക്കാൻ സാധിക്കാറില്ല. പലരും പാതിവഴിയിൽ തൊഴിൽ ഉപേക്ഷിക്കും. പിടിച്ചുനിൽക്കുന്നവർക്ക് പലവിധ മാനസിക പീഡനങ്ങളും നേരിടേണ്ടി വരും. ഇതിനെയല്ലാം മറികടന്നാണ് സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി മിറ്റയ്ക്കും ശിപ്രിയ മനീഷയ്ക്കും ഫെഫ്കയുടെ അംഗത്വം ലഭിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായി മലയാള സിനിമയിൽ കടന്നുപോവേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് ശിവ പ്രിയ മനീഷ മനസ്സു തുറക്കുന്നു.
Also Read
മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ ഒരുപാട് സ്ത്രീകളെ നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. പക്ഷേ, പലപ്പോഴും സിനിമയുടെ ചമയം ടൈറ്റിലുകളില്‍ സ്ത്രീകളെ അധികം കാണാറില്ല. പുരുഷന്‍മാരാണ് കൂടുതല്‍. വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് സിനിമയുടെ ടൈറ്റില്‍ റോളുകളിലേക്ക് വരാനോ അംഗത്വം ലഭിക്കാനോ ഇത്ര വൈകാൻ ഉള്ള കാരണമെന്താണ്.
2009ല്‍ ഡാഡികൂള്‍ എന്ന സിനിമയിലൂടെയാണ് സമീറ സനീഷ് മലയാള കോസ്റ്റ്യൂം ഡിസൈൻ മേഖലയിലേക്കെത്തുന്നത്. സമീറ വന്നതിനുശേഷം ഒരുപാടു സ്ത്രീകള്‍ കോസ്റ്റ്യൂം ഡിസൈനിലേക്ക് കടന്നുവന്നു. ഈ മേഖലയിലെ പല പുരുഷന്‍മാരുടെയും ഡിമാൻഡ് സമീറയുടെ വരവോടെ കുറഞ്ഞു. ഇനി സ്ത്രീകള്‍ക്ക് മേക്കപ്പ് പില്‍ കൂടി അവസരം കൊടുത്താല്‍ അത് ഈ മേഖലയിലെ നിലവിലുള്ള പുരുഷന്‍മാരെയും ബാധിക്കുമെന്നുള്ളതുകൊണ്ടാണ് പല കര്‍ശന നിയമങ്ങളും ഉണ്ടായത്. സ്ത്രീകള്‍ക്ക് മേക്കപ്പ് കാര്‍ഡ് കിട്ടാന്‍ കടമ്പകളേറെയാണ്. 35 വയസ്സ് എന്ന മാനദണ്ഡമായിരുന്നു അതില്‍ ഏറ്റവും സ്ത്രീവിരുദ്ധം.
35 വയസ്സെന്ന മാനദണ്ഡം സ്ത്രീക്കും പുരുഷനും ഉണ്ട്. അത് സ്ത്രീകളുടെ കടന്നുവരവിനെ ഏത് രീതിയിലാണ് ബാധിക്കുന്നത്.
വിവാഹവും പ്രസവവുമെല്ലാം കഴിഞ്ഞാണ് പല സ്ത്രീകളും പാഷനെന്ന നിലയില്‍ കലാമേഖലയിലേക്ക് കടന്നുവരുന്നത്. മക്കളെയെല്ലാം വീട്ടില്‍ ഏല്‍പിച്ച് വരാമെന്ന തീരുമാനത്തിലെത്തുമ്പോഴേക്കും മുപ്പത് വയസ്സ് കഴിയും. ഒരുപാടു സ്ത്രീകളുടെ കടന്നുകയറ്റം ഇല്ലാതിരിക്കാൻ മനഃപൂർവം വെച്ചിരിക്കുന്നതാണ് 35 വയസ്സെന്ന മാനദണ്ഡം.
മേക്കപ്പ് ആർട്ടിസ്റ്റുകളായി അംഗത്വം ലഭിച്ചാല്‍ മാത്രമാണല്ലോ സിനിമ ചെയ്യാന്‍ കഴിയുക. എന്തെല്ലാം ചട്ടം നോക്കിയാണ് ഈ അംഗത്വം നല്‍കുന്നത്.
മേക്കപ്പ് ആര്‍ട്ടിസ്റ്റ് അസിസ്റ്റന്റായി നിന്നു കൊണ്ട് ഫെഫ്കയുടെ മൂന്ന് പടങ്ങള്‍ ചെയ്താല്‍ മാത്രമേ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റായുള്ള അംഗത്വം ലഭിക്കൂ. അതിന് ഫെഫ്ക മൂന്ന് പടം കൊടുക്കണ്ടേ. ഫെഫ്ക ആദ്യമേ വിളിച്ചുചോദിക്കുന്നത് ഇങ്ങനൊരാള് വന്നിട്ടുണ്ട്. കൊടുക്കണോ എന്നാണ്. ഒന്നോ രണ്ടോ പടം കിട്ടിയേക്കാം. മൂന്നാമത്തെ പടം ചെയ്യാന്‍ സമ്മതിക്കില്ല. ചീഫ് പോസ്റ്റിലേക്ക് വരണമെങ്കില്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും ഒരു ചീഫ് മേക്കപ്പ് ആർട്ടിസ്റ്റിന്റെ കൂടെ അസിസ്റ്റന്റായി ജോലി ചെയ്യണമെന്നാണ് മാനദണ്ഡം. പക്ഷേ, ഇപ്പോൾ അതിന്റെ ആവശ്യമുണ്ടോ എന്നതാണെന്റെ ചോദ്യം. മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് പഠിച്ചിറങ്ങുന്നവരാണ് പുതിയ മേക്കപ്പ് ആർട്ടിസ്റ്റുകൾ. ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അവരെ പഠിപ്പിക്കുന്നവരാവട്ടെ കേരളത്തിനു പുറത്തുനിന്നും വിദേശത്തു നിന്നുമൊക്കെയുള്ള ഫാക്കല്‍റ്റികളാണ്. അതുകൊണ്ട് തന്നെ അസിസ്റ്റന്റായി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തിന്റെ ആവശ്യമേയുള്ളൂ.
മൂന്ന് വര്‍ഷം അസിസ്റ്റന്റാവുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണോ.
പുരുഷനായ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് മൂന്ന് വര്‍ഷമെന്നത് അത്ര പ്രശ്‌നമാവില്ല. സ്ത്രീകളെ സംബന്ധിച്ച് അങ്ങനെയല്ല. അവരൊരുപാട് സ്ട്രഗ്ഗിള്‍ ചെയ്യേണ്ടി വരും. കാരണം ചീഫ് മേക്കപ്പ് ആർട്ടിസ്റ്റിന്റെ പെരുമാറ്റം ശരിയല്ലെങ്കില്‍ നമ്മുടെ തൊഴിലിനെയും ക്രിയേറ്റിവിറ്റിയെയുമെല്ലാം അത് ബാധിക്കും.
ആരുടെ കീഴിലാണോ നിങ്ങള്‍ അസിസ്റ്റന്റായി വരുന്നത്, അവര്‍ക്ക് സ്ത്രീകളുമായി നല്ല സഹകരണം ഉണ്ടെങ്കിലേ അസിസ്റ്റന്റായി നല്ല അവസരം ലഭിക്കൂ എന്നാണോ.
ചീഫുമാര്‍ സ്ത്രീകളോട് സഹകരണ മനോഭാവത്തോടെ പെരുമാറാത്തത് ഈ ഫീല്‍ഡിലേക്ക് വരുന്ന സ്ത്രീകളെ വല്ലാതെ ബാധിക്കുന്നുണ്ട്. വളര്‍ന്നുവരും. അല്ലെങ്കില്‍ കാലിബര്‍ ഉണ്ട് എന്ന് തോന്നുന്ന സ്ത്രീകളായ അസിസ്റ്റന്റ് മേക്കപ്പ് ആർട്ടിസ്റ്റുകളെയാണ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. അവര്‍ വിചാരിക്കുന്ന കാര്യത്തിലേക്ക് നമ്മള്‍ വരാതിരിക്കുമ്പോള്‍ നമ്മളെ സെറ്റിലിട്ട് ടോര്‍ച്ചര്‍ ചെയ്യും. വലിയ വിഷാദത്തിലേക്ക് നമ്മള്‍ ചെന്നെത്തും.
മനീഷയ്ക്ക് അത്തരത്തിലുള്ള എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ.
ആദ്യകാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഞാനതിന് പരാതി നല്‍കുകയും ചെയ്തിരുന്നു. നാലഞ്ച് മേക്കപ്പ് ആർട്ടിസ്റ്റുകളുടെ കൂടെ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അതില്‍ ഒന്നോ രണ്ടോ പേരുടെ അടുത്ത നിന്ന് മോശം അനുഭവവും ഉണ്ടായി. അവര്‍ ചില കാര്യത്തിന് ശ്രമിക്കുകയും അതിന് അനുകൂല മറുപടി കൊടുക്കാതെ തടസ്സം നില്‍ക്കുകയും ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങളുടലെടുക്കുന്നത്. ലൈംഗികമായ ആവശ്യങ്ങൾ പച്ചയ്ക്ക് ചോദിക്കില്ലെങ്കിലും ചില പെരുമാറ്റരീതികളിലൂടെ സൂചനകള്‍ നല്‍കും. അതിന് തടയിടുകയാണെങ്കിൽ പിറ്റേ ദിവസം മുതല്‍ അവര്‍ അമര്‍ഷം സിനിമാസെറ്റില്‍ തീര്‍ക്കും.
അവരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങില്ല എന്ന് അവര്‍ക്ക് ബോധ്യപ്പെടുന്ന ഘട്ടത്തില്‍ മെന്റലി ടോര്‍ച്ചര്‍ ചെയ്യും എന്നാണോ.
അതെ, നമ്മള്‍ ചെയ്യുന്ന ജോലി പെര്‍ഫെക്ടല്ല എന്ന രീതിയിൽ വരെ ചിലർ പ്രതികരിക്കും. നമ്മൾ ജോലിയിൽ മോശമാണെന്ന വ്യാഖ്യാനമുണ്ടാക്കും. നമ്മൾ മേക്കപ്പിട്ട അഭിനേതാവിനോട് മേക്കപ്പിൽ പ്രസ്‌നങ്ങളുണ്ടെന്ന് പറയുക, ആര്‍ട്ടിസ്റ്റിന് ഇറിറ്റേഷന്‍ ഉണ്ടാക്കുക തുടങ്ങിയ രീതികളിലൊക്കെ ഇവർ ഉപദ്രവങ്ങൾ ചെയ്യും. ചിലപ്പോള്‍ അഭിനേതാവ് സക്രിപ്‌റ്റെടുത്ത് വായിച്ച് പഠിക്കുന്നതിനിടെയായിരിക്കും മേക്കപ്പിന് എന്തോ പ്രശ്‌നമുണ്ട്, നിങ്ങളുടെ ഹെയര്‍സ്‌റ്റൈലിസ്റ്റ് ചെയ്തതിന് കണ്‍ടിന്യുറ്റി പ്രോബ്ലം ഉണ്ടെന്നൊക്കെ പറയുക. ഇത് കേട്ടാൽ ആര്‍ട്ടിസ്റ്റിന് അഭിനയിക്കാന്‍ പറ്റുമോ.. നമ്മളെ ഉദ്ദേശിച്ചിടുന്ന ബോംബ് ആര്‍ട്ടിസ്റ്റിനെയും ബാധിക്കും എന്നവര്‍ മനസ്സിലാക്കുന്നില്ല.
read more : വനിതാ മേക്കപ്പ് ആർട്ടിസ്റ്റുകള്‍ക്ക് മലയാള സിനിമയില്‍ അയിത്തമോ?| അന്വേഷണം
അങ്ങനെ സിനിമാ സെറ്റില്‍ വനിതാ മേക്കപ്പ് ആർട്ടിസ്റ്റില്ലാത്തതാണ് സ്വസ്ഥതതയെന്ന പൊതു അഭിപ്രായം അവർ സൃഷ്ടിക്കും. അല്ലേ.
മേക്കപ്പ് റൂമിലെ സ്ത്രീവിരുദ്ധ സമീപനമടക്കമുള്ള ഇത്തരം പ്രശ്‌നങ്ങള്‍ പുറത്തേക്കറിയുന്നത് നമ്മളാണ് പ്രശ്‌നക്കാരി, നമ്മൾ ചെയ്യുന്ന ജോലി മോശം എന്ന തരത്തിലാവും. അതായത് അവരുടെ ഇംഗിതത്തിന് വഴങ്ങാതിരിക്കുമ്പോള്‍ നമ്മളെ കൊച്ചാക്കുക, ആത്മവിസ്വാസം കെടുത്തുക, ഇതൊക്കെയാണ് രീതി. ഉദാഹരണത്തിന് നമ്മള്‍ ആര്‍ട്ടിസ്റ്റിന് താടിവെച്ചുകൊണ്ടിരിക്കുമ്പോള്‍ എന്തോ തെറ്റ് ചെയ്തെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ താടി അവിടെ വെക്ക് എന്നൊക്കെ പെട്ടെന്ന് പറയുമ്പോള്‍ നമ്മളാകെ സ്തംഭിച്ചു നിന്നു പോവും. പിന്നീട് ജോലി ചെയ്യുമ്പോൾ കൈ വിറയ്ക്കാന്‍ തുടങ്ങും. അവരുടെ നെഗറ്റീവായ ശബ്ദം പോലും നമ്മുടെ ജോലിയെ ബാധിക്കും.
പക്ഷേ, ചുറ്റിലുമുള്ളവര്‍ നിങ്ങളുടെ കൈവിറ കാണുന്നത് ആത്മവിശ്വാസക്കുറവായിട്ടായിരിക്കും.
അതെ, സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അറിയില്ലെന്ന് പറയും. ഇത് പുരുഷന്‍മാരുടെ മേഖലയാണ്. സ്ത്രീകള്‍ കടന്നുവന്നിട്ട് കണ്ടോ.. അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന പറയും. പശ്ചാത്തലത്തില്‍ ടോര്‍ച്ചറിങ്ങും സൈക്കോളജിക്കല്‍ അറ്റാക്കും നടക്കുന്നത് സംവിധായകരോ മറ്റ് ക്രൂ അംഗങ്ങളോ അറിയണമെന്നില്ല
മാനസികമായി പീഡിപ്പിച്ച ആ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ കൂടെ പിന്നെ ജോലി ചെയ്തിരുന്നോ.
ഇല്ല. പിന്നെ അദ്ദേഹത്തിന്റെ കൂടെ ജോലി ചെയിതിട്ടില്ല. ഒപ്പം എന്ന സിനിമയിലേക്ക് എന്നെ വിളിച്ചെങ്കിലും ഞാന്‍ വരില്ലെന്ന് പറഞ്ഞു. എനിക്കിനി ജോലിയില്ലെങ്കില്‍ പോലും ആ വ്യക്തിയോടൊത്ത് ജോലി ചെയ്യുന്നത് എന്റെ വ്യക്തിത്വത്തെയും ക്വാളിറ്റിയെയും ബാധിക്കുമെന്നുള്ളതുകൊണ്ടാണ് വേണ്ടെന്ന് വെക്കുന്നത്.
സിനിമാ സെറ്റില്‍ ഐസിയുണ്ടായിരുന്നെങ്കിൽ മനീഷയ്ക്ക് ആ പരാതി നല്‍കാന്‍ കഴിയുമായിരുന്നു. പരിഹാരവും ഉണ്ടായേനെ.
ഐസിയില്ലാഞ്ഞിട്ടും അന്നത്തെ മേക്ക്പ് യൂണിയന്‍ പ്രസിഡന്റിനോട് ഞാന്‍ പറഞ്ഞപ്പോല്‍ അവര് പറഞ്ഞത് ഇതൊക്കെ സിനിമയാണ്. ഇതെല്ലാം സിനിമയുടെ ഭാഗമാണെന്നാണ്. പിന്നെ ഞാനെന്ത് പറയാന്‍. പുള്ളിയെ താക്കീത് ചെയ്തിട്ടുണ്ടാവാം. പക്ഷേ, പുള്ളി ഇപ്പോഴും ധാരാളം സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. പക്ഷേ, ഐസിയായിരുന്നെങ്കില്‍ കൃത്യമായ നടപടിയുണ്ടാകും. മാത്രമല്ല സ്ത്രീകള്‍ക്ക് സുരക്ഷിതത്വം തോന്നുകയും ചെയ്യും.
എനിക്കുണ്ടായ ഒരനുഭവം പറയാം. ഒരു ആര്‍ട്ടിസ്റ്റിന്റെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു ഞാന്‍. ഒരു ദിവസം ലൊക്കേഷനില്‍ വെച്ച് ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് രാത്രി 2 മണിക്ക് കതകിനു മുട്ടിയിട്ട് എന്നോടു സംസാരിക്കണമെന്ന് പറഞ്ഞു. നാളെ സംസാരിച്ചാല്‍ മതിയോ എന്ന് ചോദിച്ചപ്പോൾ പറ്റില്ലെന്നും തന്റെ ഒരു പെണ്‍സഹൃത്ത് വന്നിട്ടുണ്ടെന്നും അവരെ മുറിയില്‍ അഡ്ജസ്റ്റ് ചെയ്യാമോ എന്നും ചോദിച്ചു. രാത്രിയില്‍ ഉറങ്ങുന്നിടത്ത നിന്ന് കതകിനു മുട്ടിയാണ് ഈ ചോദ്യം ചോദിക്കുന്നത്. സാധ്യമല്ലെന്ന് തന്നെ ഞാന്‍ പറഞ്ഞു. ആര്‍ട്ടിസ്റ്റിന്റെ വിലപിടിപ്പുള്ള സാധനങ്ങള്‍ വിശ്വാസപരമായി എന്നെ ഏൽപിച്ചിരുന്നു. അതെല്ലാം മുറിയിലുണ്ടായിരുന്നു. മാത്രവുമല്ല അന്നത്തെ പേമെന്റുകളെല്ലാം ബൈഹാന്‍ഡായി തന്നിരിക്കുകയായിരുന്നു. പരിചയമില്ലാത്തൊരാളെ അതിനാല്‍ തന്നെ മുറിയില്‍ കയറ്റാന്‍ സാധിക്കുമായിരുന്നില്ല. പറ്റില്ലെന്ന് പറഞ്ഞതും എന്റെ അമ്മയെ ചേര്‍ത്തയാള്‍ ചീത്തവിളിച്ചു. തൊട്ടടുത്തുണ്ടായിരുന്ന പാത്രം കൊണ്ട് ഞാന്‍ അയാളെ തല്ലി. പിറ്റേ ദിവസം യൂണിയന്‍ ഓഫീസില്‍ നിന്ന് ആള് വരുന്നു. എന്റെ പേരില്‍ നടപടിയെടുക്കുമെന്ന് പറഞ്ഞു. ഞാന്‍ സട്രോങ്ങാണെന്ന് അവിടം മുതലാണ് അവര്‍ മനസ്സിലാക്കുന്നത്. വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന പറഞ്ഞപ്പോൾ പിന്നെ അവരുടെ സംസാരരീതി മാറി. മോളെ, മക്കളെ എന്നൊക്കെയായി വിളി. മാത്രവുമല്ല സംഭവം അന്വേഷിക്കാന്‍ വന്നതാണെന്നും അവര്‍ അറിയിച്ചു.
പിന്നെ പിന്നെ വര്‍ക്കുകള്‍ കുറഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് പട്ടണം റഷീദിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ പത്ത് വര്‍ഷമായി. തുടര്‍ച്ചയായി തന്നെ ജോലി ലഭിച്ചു. ചില ചീഫ് മേക്കപ്പ് ആർട്ടിസ്റ്റുകള്‍ മെറ്റീരിയലിന്റെ ലേബല്‍ ഒഴിവാക്കിയാണ് വര്‍ക്കിനിരിക്കുന്നത്. പേര് നോക്കി ഗൂഗിള്‍ ചെയ്ത് നമ്മള്‍ മനസ്സിലാക്കാതിരിക്കാനോ പഠിക്കാതിരിക്കാനോ ആണ് അങ്ങനെ ചെയ്യന്നത്. പക്ഷേ, പട്ടണം റഷീദ് ലേബല്‍ മാറ്റില്ല എന്ന് മാത്രമല്ല എങ്ങനെ ചെയ്യണമെന്ന് വ്യക്തമായി പറഞ്ഞു തരികയും ചെയ്യും.
പട്ടണം റഷീദിനു കീഴില്‍ 10 വര്‍ഷമയാല്ലോ. എന്നിട്ടും മേക്കപ്പ് ആര്‍ട്ടിസ്റ്റായി അംഗത്വം ഒരു വര്‍ഷ മുമ്പല്ലേ ലഭിക്കുന്നത്. എന്താണ് കാരണം.
മേക്കപ്പ് യൂണിയന്‍ എഴുതി വെച്ച ബൈലോ ആണ് കാരണം. ആണുങ്ങള്‍ ആണുങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന ബൈലോ. മെയില്‍ ബൈലോ എന്നും പറയാം. മേക്കപ്പ് ആർട്ടിസ്റ്റെന്നത് പുരുഷന്‍മാരും ഹെയര്‍സ്റ്റൈലിസ്റ്റ് എന്നത് സ്ത്രീയുമാണെന്നാണ് ബൈലോയില്‍ എഴുതിവെച്ചിരിക്കുന്നത്. അതെല്ലാം പിന്നീട് തിരുത്തിച്ചു. മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കുമെല്ലാം നിരന്തരം കത്തുകളും പരാതികളുമയച്ചു
മാത്രവുമല്ല മാതൃഭൂമി ഡോട്ട്കോം വനിതാ മേക്കപ്പ് ആർട്ടിസ്റ്റുകൾ സിനിമയില്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് വാർത്ത നല്‍കിയിരുന്നു. വനിതാകമ്മീഷന്‍ ഇടപെടലും നടത്തി.
അതെ മാധ്യമങ്ങൾ വിഷയത്തിലിടപെട്ട് സഹായിച്ചു. പിന്നീട് ഞങ്ങൾ വിഷയമറിയിക്കാൻ ബി. ഉണ്ണികൃഷനെ സമീപിച്ചു. സര്‍ക്കാരിന്റെ ഇടപെടലും ബി. ഉണ്ണികൃഷ്ണന്റെ തീരുമാനത്തിനൊടുവിലുമാണ് കാര്‍ഡ് ഞങ്ങളെപ്പോലുള്ളവർക്ക് കൊടുക്കണമെന്ന തീരുമനമുണ്ടാവുന്നത്. ഏഴെട്ട് വര്‍ഷം മുന്നേ സത്രീകളുടെ കടന്നുവരവിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം മേക്കപ്പ്മാന്മാർ തമാശയായി പറഞ്ഞിരുന്നു, ഇനി മുഖത്തടിക്കുന്ന ചായം വീട്ടിന്റെ ഭിത്തിയിൽ അടിക്കേണ്ടിവരുമെന്ന് . അവരുടെ ആ ഭയമാണ് ഞങ്ങൾ സ്ത്രീകൾക്ക് അംഗത്വം നൽകാതെ ഇത്രകാലം വൈകിപ്പിച്ചത്..
തുടരും
Content Highlights: makeup artist sivapriya maneesha,job loss,malayalam cinema, oppam cinema, pattana rasheed fefka
Published: 11 Sept 2024, 04:40 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented