സിനിമ ഇൻഡസ്ട്രിയിലെ ലൈംഗിക അതിക്രമങ്ങൾക്കെതിരെയും ചൂഷണങ്ങൾക്കെതിരെയും തുറന്നടിച്ച് ബംഗാളി നടി ഋതാഭരി ചക്രവർത്തി. രണ്ടുവർഷങ്ങൾക്ക് മുൻപ് ബംഗാളി സിനിമ ഇൻഡസ്ട്രിയിലെ മീടൂ മൂവ്മെന്റുമായി മുന്നോട്ടുവന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു ഋതാഭരി. അന്ന് മുഖ്യമന്ത്രിയായിരുന്ന മമതാ ബാനർജിയെ നേരിൽ കണ്ട് ലൈംഗികാരോപണങ്ങൾ അന്വേഷിക്കുന്നതിനായി ഒരു കമ്മിഷൻ രൂപവൽക്കരിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. തന്റെ തുറന്നുപറച്ചിലുകൾക്ക് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് നടി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചിൽ.
ഇന്ന് ആരെങ്കിലും തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ അവർ നടു റോഡിൽ വെച്ച് തുണിയുരിയപ്പെട്ട അവസ്ഥയിലാകും എന്നാണ് സിനിമാ രംഗത്തെ അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കവേ താരം മുന്നറിയിപ്പ് നൽകിയത്. പ്രൊഫഷണൽ രംഗത്ത് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും ഇൻഡസ്ട്രിയിലെ ചൂഷണങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞു. 'ഇവിടെ ഏറ്റവും കൂടുതൽ ആളുകൾ ഫോളൊ ചെയ്യപ്പെടുന്ന നടിയാണ് ഞാനിന്ന്. ഇന്ന് ആരെങ്കിലും എന്നെ ഉപദ്രവിച്ചാലോ ലൈംഗികമായി ഉപദ്രവിക്കാനോ ശ്രമിച്ചാൽ അവർ നടു റോഡിൽ വെച്ച് തുണിയുരിയപ്പെട്ട അവസ്ഥയിലാകും. ഞാൻ ജീവിതത്തിലെ അത്തരമൊരു സ്റ്റേജിൽ എത്തി നിൽക്കുകയാണ്.' ഋതാഭരി പറയുന്നു. താൻ കരിയർ തുടങ്ങുന്ന സമയത്ത് ഇതായിരുന്നില്ല അവസ്ഥയെന്നും അവർ പറയുന്നുണ്ട്. 'ഞാൻ ചെറിയ കുട്ടിയായിരുന്നു. ഇതെല്ലാം സംഭവിച്ചപ്പോൾ ഞാൻ വല്ലാതെ ഭയന്നിരുന്നു. ഞാൻ തുറന്നുപറഞ്ഞാൽ ആളുകൾ എന്നെ ശ്രദ്ധിക്കില്ലെന്നും എന്നെ താറടിക്കുമെന്നും ഞാൻ ഭയന്നു. അവൾ ഇത്രയും അധികാരമുള്ള ആളെക്കുറിച്ചാണ് സംസാരിക്കുന്നത് അവളെ സിനിമയിൽ എടുക്കേണ്ടെന്നേ അന്നുപറയൂ. ഇതെല്ലാം കാരണമാണ് അന്നൊന്നും താൻ കാര്യങ്ങൾ തുറന്നുപറയാതിരുന്നത് എന്ന് അവർ പറയുന്നു.
കേരളത്തിലെ സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ പുറത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, ബംഗാളി സിനിമാ മേഖലയിലും സമാനമായ അന്വേഷണ കമ്മീഷൻ രൂപീകരിക്കണമെന്ന് ഋതാഭരി ആവശ്യപ്പെട്ടിരുന്നു. ഇതിനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ നേരിട്ടുകണ്ട് താരം നിവേദനം നൽകുകയും ചെയ്തു.
മലയാള സിനിമയിൽ റിപ്പോർട്ട് പുറത്തുവന്നപ്പോൾ വെളിപ്പെട്ട സംഭവങ്ങളിൽ പലതും തനിക്കോ തനിക്കറിയാവുന്ന മറ്റു നടിമാർക്കോ ബംഗാളി ഇൻഡസ്ട്രിയിൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഋതാഭരി ചൂണ്ടിക്കാട്ടി. ഇൻഡസ്ട്രിയിലെ പ്രമുഖരിൽ ചിലർ നടത്തുന്ന ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്താൻ വനിതാ താരങ്ങൾ മുന്നോട്ടുവരണമെന്നും അവർ ആഹ്വാനം ചെയ്തിരുന്നു.
Published: 31 Aug 2026, 04:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented