ആർ.ജെ. ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനായ ചിത്രം കറുപ്പ് തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ തൃഷയാണ് നായിക. തൃഷയ്ക്കുവേണ്ടി ചിത്രത്തിൽ ശബ്ദം നൽകിയിരിക്കുന്നത് ഗായിക ചിന്മയിയാണ്. എന്നാൽ, അക്കാര്യം തുറന്നുപറയാൻ തനിക്ക് പേടിയായിരുന്നുവെന്ന് പറയുകയാണ് ചിന്മയി.

To advertise here,

'കറുപ്പിന് ഡബ്ബ് ചെയ്തത് ഞാനാണ് എന്ന് പറയാൻ എനിക്ക് ശരിക്കും പേടിയായിരുന്നു. ആർ.ജെ. ബാലാജിയേയും അദ്ദേഹത്തിന്റെ ഭാര്യയേയും എനിക്ക് വളരെക്കാലമായി അറിയാം. തന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ വളരേയധികം കഠിനാധ്വാനം ചെയ്ത ഒരാളുടെ കഥയാണ് ആർ.ജെ.ബിയുടേത്. അദ്ദേഹത്തേയും കുടുംബത്തേയും വളരെ നന്നായി അറിയുന്നതുകൊണ്ടാണ് ലിയോയുടെ അനുഭവം അദ്ദേഹത്തിന് ഉണ്ടാവരുതെന്ന് ഞാൻ പേടിച്ചത്', ചിന്മയി എക്‌സിൽ കുറിച്ചു.

'സിനിമയിലെ ഏതാനും രംഗങ്ങൾ ഡബ്ബ് ചെയ്തപ്പോൾ ഒരുപാട് കരഞ്ഞത് ഞാൻ ഓർക്കുന്നു. കഴിഞ്ഞതെല്ലാം ബിഗ് സ്‌ക്രീനിൽ കാണുന്നതുപോലെയായിരുന്നു. തൃഷയ്ക്കുവേണ്ടി ഡബ്ബ് ചെയ്യാൻ അനുവദിച്ചതിന് നന്ദി, ഈ അവസരത്തിന് ഞാൻ നന്ദിയുള്ളവളാണ് ആർ.ജെ. ബാലാജി', അവർ കൂട്ടിച്ചേർത്തു.

'ഭയമില്ലാതെയും നാളെ എന്തുസംഭവിക്കുമെന്നോർത്തും എന്റെ നാട്ടിൽ ജോലി ചെയ്യാൻ കറുപ്പസ്വാമി എന്നെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജോലി ചെയ്യുന്നതിൽനിന്ന് വർഷങ്ങളായി വിലക്കപ്പെട്ട എന്റേയും മറ്റുള്ളവരുടേയും വിലക്ക് നീക്കാൻ ദൈവം സഹായിക്കട്ടെ', എന്നാണ് ചിന്മയി കുറിപ്പ് അവസാനിപ്പിച്ചത്.

2018-ലെ മീറ്റൂ മൂവ്‌മെന്റിന്റെ കാലത്ത് സിനിമാമേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നുപറഞ്ഞതിനെത്തുടർന്ന് ചിന്മയിയെ തമിഴ് ഡബ്ബിങ് യൂണിയനിൽനിന്ന് പുറത്താക്കിയിരുന്നു. യൂണിയൻ പ്രസിഡന്റ് രാധാ രവിക്കെതിരേ ചിന്മയി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, വിലക്ക് മറികടന്ന സംവിധായകൻ ലോകേഷ് കനകരാജും നിർമാതാവ് ലളിത് കുമാറും, ലിയോയിൽ തൃഷയ്ക്ക് ഡബ്ബ് ചെയ്യാൻ ചിന്മയിയെ വിളിച്ചു.

ഇതിനെതിരേ തമിഴ് സിനിമാ മേഖലയിൽ വലിയ എതിർപ്പുണ്ടായി. സൗത്ത് ഇന്ത്യൻ സിനി- ടെലിവിഷൻ ആർടിസ്റ്റ്‌സ് ആൻഡ് ഡബ്ബിങ് ആർടിസ്റ്റ്‌സ് യൂണിയൻ (എസ്‌ഐസിടിഎഡിഎയു) ലോകേഷിനെതിരേ രംഗത്തെത്തി. ചിന്മയിയുമായി സഹകരിച്ചതിന് 50,000 രൂപ പിഴ നൽകാൻ ലോകേഷിനോട് ആവശ്യപ്പെട്ടു.