വനിതാ മേക്കപ്പ് ആർട്ടിസ്റ്റുകള്‍ക്ക് മലയാള സിനിമയില്‍ അയിത്തമോ?| അന്വേഷണം
നിലീന അത്തോളി |nileenaatholi2@gmail.com
സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് മേഖലയിലെത്തി തഴയപ്പെട്ട സ്ത്രീകള്‍ക്ക് എന്താണ് പറയാനുള്ളത്? എത്രത്തോളം ദുഷ്കരമാണ് അവരുടെ അതിജീവന യാത്ര, എത്രമാത്രം വിവേചനങ്ങളിലൂടെയാണ് അവര്‍ കടന്നു പോകുന്നത് എന്നതിനെ കുറിച്ചുള്ള ഒരന്വേഷണമാണ് ഈ ലേഖനം.
സിനിമയിലെ ടൈറ്റില്‍ റോളുകളില്‍ ചമയം എന്നെഴുതിക്കാണിച്ചതില്‍ എത്ര മലയാളികളായ സ്ത്രീകളുടെ പേരുകള്‍ നിങ്ങളുടെ ഓര്‍മയിലേക്ക് വരുന്നുണ്ട്. വിരലിലെണ്ണിയെടുക്കാന്‍ തന്നെ ബുദ്ധിമുട്ടേണ്ടിവരും. ആ ബുദ്ധിമുട്ടലിൽ നിന്നു തന്നെ ഈ മേഖലയിലെ വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പ്രാതിനിധ്യം വ്യക്തമാണ്. വസ്ത്രാലങ്കാരത്തിലും സംവിധാനത്തിലുമെല്ലാം കഴിവുതെളിയിച്ച പോലെ കഴിവുള്ള സ്ത്രീകള്‍ ഇല്ലാഞ്ഞിട്ടില്ല, പകരം സ്ത്രീകള്‍ക്കനുകൂലമല്ലാത്ത ചില നിയമാവലികളും യൂണിയന്റെ സ്ത്രീവിരുദ്ധ സമീപനവുമാണ് സിനിമയിലെ വനിതാ മേക്കപ് ആർട്ടിസ്റ്റുകളുടെ അസാന്നിധ്യത്തിന് കാരണം. നിലവിൽ 200ലധികം അംഗങ്ങളുള്ള യൂണിയനില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കാര്‍ഡുള്ള ഒരു വനിത പോലുമില്ല എന്നതില്‍ നിന്ന് തന്നെ ഈ സംവിധാനത്തിൻറെ സ്ത്രീ സൗഹൃദമില്ലായ്മ മനസ്സിലാക്കാവുന്നതേയുള്ളൂ.
മലയാളത്തില്‍ ടൈറ്റില്‍ റോളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ആദ്യം വന്ന സ്ത്രീയാണ് മിറ്റ ആന്റണി. ഉടലാഴത്തിലായിരുന്നു ആദ്യം പ്രവർത്തിച്ചതെങ്കിലും കൂടെ ആയിരുന്നു റിലീസ് ചെയ്ത ആദ്യ സിനിമ. വിവേചനങ്ങളും നീതികേടുകളും കാരണം ഫീല്‍ഡ് വിടാന്‍ ഒരുങ്ങുകയാണ് മിറ്റ ഇന്നിപ്പോൾ. മേഖലയിൽ അവസരങ്ങള്‍ കിട്ടാന്‍ തന്നെ മിറ്റ ബുദ്ധിമുട്ടി. അവസരം കിട്ടിയപ്പോള്‍ അസിസ്റ്റന്റായ പുരുഷന്‍മാരിൽ നിന്ന് വലിയ രീതിയിലുള്ള നിസ്സഹകരണമാണ് നേരിട്ടത്. മലയാളത്തിലും പുറത്തുമായി 37 ഓളം സിനിമകളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തശേഷം മനസ്സ് തകര്‍ന്ന് ഫീല്‍ഡ് വിട്ട് ബിസ്സിനസ് തുടങ്ങാന്‍ ഒരുങ്ങുകയാണ് മിറ്റ.
മിറ്റ
" സിനിമ എന്റെ ശ്വാസവും പാഷനുമായിരുന്നു. പക്ഷേ, ഇനി വയ്യ. കുറഞ്ഞ അവസരങ്ങളും കാശും കൊണ്ട് എനിക്കും മക്കള്‍ക്കും ജീവിക്കാന്‍ കഴിയില്ല. ഇത്രയും വലിയ പ്രൊഫൈലുണ്ടായിട്ടും 2020 ഡിസംബറില്‍ എന്റെ കയ്യിലുണ്ടായിരുന്നത് മൂന്ന് രൂപയും 75 പൈസയുമായിരുന്നു. മലയാള സിനിമ എന്നെ വിളിച്ച് എനിക്ക് വർക്ക് കിട്ടാന്‍ പോവുന്നില്ല. കോവിഡ് കാലത്ത് ജീവിതം പിടിച്ചുനിർത്തിയത് സല്‍മാന്‍ഖാന്‍ ഫൗണ്ടേഷനും യഷ് രാജ് ഫിലിംസും നല്‍കിയ സഹായം കൊണ്ടാണ്. ബിഗ് ബസാറിന്റെ കൂപ്പണും കിട്ടി. ചെറിയ തുകയായിരുന്നെങ്കിലും അതെന്നെ വലിയ രീതിയില്‍ സഹായിച്ചു. ബോംബെയില്‍ ആയിരുന്നെങ്കില്‍ കുറച്ചു കൂടി സാധനങ്ങള്‍ എത്തിച്ചു തന്നേനെ എന്നവര്‍ പറഞ്ഞിട്ടുണ്ട്. ബോംബെയിൽ നിന്ന് പോരുകയും ചെയ്തു ഫെഫ്കയിൽ അംഗമാവാനും കഴിഞ്ഞില്ല. ഒരു ദിവസം മിനിമം കൂലി പോലും കിട്ടിയില്ലെങ്കില്‍ ഞാന്‍ എന്തിന് ഈ ഫീല്‍ഡില്‍ ഇനി നില്‍ക്കണം. നിലവില്‍ എന്റെ അസിസ്റ്റന്റിന് എന്നേക്കാള്‍ കാശ് കിട്ടുന്നുണ്ട്. 2016നു ശേഷം മലയാളത്തിലേക്ക് വന്നു എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. സ്ത്രീയായി എന്ന ഒറ്റക്കാരണം കൊണ്ടാണ് ഈ പ്രശ്‌നങ്ങള്‍ നേരിട്ടത്, മിറ്റ ആന്റണി പറയുന്നു
2011ല്‍ കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ മിറ്റ അപേക്ഷിച്ചിരുന്നെങ്കിലും സ്ത്രീയായതിനാല്‍ നല്‍കാന്‍ കഴിയില്ലെന്നാണ് അന്ന് യൂണിയന്‍ അറിയിച്ചത്. അങ്ങനെയാണ് മുംബൈ യൂണിയനില്‍ അപേക്ഷിക്കുന്നത്. സുപ്രീം കോടതി വിധി കൂടി വന്ന സമയമായതിനാല്‍ മുംബൈ യൂണിയനിൽ പെട്ടെന്ന് തന്നെ അംഗത്വം ലഭിച്ചു. തട്ടകമായ ബോംബെയിൽ നിന്ന് മലയാള സിനിമയിലെത്തിയതോടെ മനംമടുത്ത് കൈത്താങ്ങില്ലാതെ ഫീൽഡ് വിടാൻ തീരുമാനമെടുക്കേണ്ടി വന്നു മിറ്റയ്ക്ക്. മിറ്റയെപ്പോലെ ഫെഫ്കയിലെ മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയനിൽ നിന്ന് അംഗത്വ കാർഡ് കിട്ടാതെ മുംബൈയിൽ പോയി കാർഡെടുത്ത മറ്റൊരു മേക്കപ്പ് ആർട്ടിസ്റ്റാണ് ബിനു അജയ്. 20 വർഷമായി മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് ബിനു അജയ്. നിലവിൽ മാക്ടയിൽ ഇവർക്ക് മേക്കപ്പ് ആർട്ടിസ്റ്റ് ആയി അംഗത്വമുണ്ടെങ്കിലും ഫെഫ്ക അംഗത്വം ലഭിച്ചിട്ടില്ല. ഈ വിഷയത്തിൽ സ്ത്രീകൾക്ക് അവസരം കിട്ടും വരെ പോരാടുമെന്നും തോറ്റ് പിൻമാറില്ലെന്നും ബിനു അജയ് പറയുന്നു.
ബിനു അജയ്
സിനിമാ പിന്നണിയിലെ ടൈറ്റില്‍ റോളുകളില്‍ അടുത്തകാലത്താണ് സ്ത്രീകള്‍ സജീവമായി സാന്നിധ്യമറിയിച്ചു തുടങ്ങിയത്. സംവിധായിക, സഹസംവിധായിക, സംഘട്ടനം, വസ്ത്രാലങ്കാരം തുടങ്ങിയ മേഖലകളിലെല്ലാം പ്രഗത്ഭരായ സ്ത്രീകളെ ഇന്ന് നമുക്ക് കാണാം. എന്നാല്‍ ഇന്നും സ്ത്രീകള്‍ അസ്പൃശ്യരായ, ലിംഗപരമായ മാറ്റിനിര്‍ത്തലുകള്‍ അനുഭവിക്കുന്ന സിനിമയിലെ മേഖലയാണ് ചമയം. താരങ്ങളുടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായി നിരവധി സ്ത്രീകളും ട്രാൻസ്ജെന്ററുകളുമുണ്ടെങ്കിലും സിനിമയിലെ ചമയം ടൈറ്റിൽ റോളുകളിൽ സ്ത്രീകൾ മറ്റ് മേഖലകളുമായും മറ്റ് ഇൻഡസ്ട്രിയുമായും താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ് മലയാളത്തിൽ. പ്രൊഫഷനലായി മേക്കപ്പ് പഠിച്ചിട്ടും മലയാളസിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാവാന്‍ സ്ത്രീകള്‍ക്ക് അവസരം ലഭിക്കുന്നില്ല എന്ന സ്ഥിതി വിശേഷത്തിന് വിലങ്ങുതടിയാവുന്നത് മേക്കപ്പ് ആർട്ടിസ്റ്റുകളുടെ ക്ഷേമത്തിനായി തുടങ്ങിയ ഓള്‍ കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിസ്റ്റ് യൂണിയന്റെ സമീപനമാണെന്നാണ് മേഖലയിൽ നിന്ന് പോയവരും ഇനി കടന്നുവരാൻ ആഗ്രഹിക്കുന്നരുമായ വനിതാ മേക്കപ്പ് ആർടിസ്റ്റുകൾക്ക് പറയാനുള്ളത്.
കഴിഞ്ഞ 13 വര്‍ഷക്കാലമായി സിനിമയിലെ മേക്കപ്പ് രംഗത്തും ഹെയര്‍സ്റ്റെല്‍ രംഗത്തും പ്രവര്‍ത്തിക്കുന്നയാളാണ് മനീഷ. ആ അനുഭവ പരിചയത്തില്‍ നിന്നാണ് 'പക' എന്ന സിനിമയില്‍ മനീഷ ഒറ്റക്ക് മേക്കപ്പ് ചെയ്യുന്നത്. എന്നാല്‍ ഇതുവരെയും മേക്കപ്പ് ആര്‍ട്ടിസ്റ്റായുള്ള അംഗത്വം സംഘടന ഇവര്‍ക്ക് നല്‍കിയിട്ടില്ല. മേക്കപ്പ് കാര്‍ഡ് പുതുക്കുന്നതിനായി യൂണിയനില്‍ അപേക്ഷിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് ഹെയര്‍ സ്റ്റെലേഴ്‌സ് എന്ന കാര്‍ഡ് മാത്രമേ നല്‍കാന്‍ കഴിയുകയുള്ളൂ എന്ന നിലപാടാണ് ഓള്‍ കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിസ്റ്റ് യൂണിയന്‍ എടുത്തതെന്ന് മനീഷ പറയുന്നു. ഇനിയും മൂന്ന് വർഷം അസിസ്റ്റന്റായി പ്രവർത്തിച്ച് വരുമ്പോഴേക്കും കാർഡ് ലഭിക്കുന്നതിനുള്ള പ്രായപരിധിയായ 35 വയസ്സും കവിയും. കേരളത്തിനു പുറത്തായി 50 ഓളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടും അംഗത്വം ലഭിക്കാന്‍ നിരവധി തടസ്സങ്ങളാണ് മനീഷയെപ്പോലുള്ള സ്ത്രീകൾ മലയാള സിനിമാ മേഖലയിൽ നിന്ന് നേരിടുന്നത്. അസിസ്റ്റന്റായുള്ള അംഗത്വമില്ലാത്തതിനാൽ സിനിമ ലഭിക്കുന്നില്ല, സിനിമ ലഭിക്കാത്തതിനാൽ ചീഫ് ആർട്ടിസ്റ്റ് ആവാൻ ഒരിക്കലും സാധിക്കുന്നില്ല എന്നതാണ് സ്ഥിതി വിശേഷം.
മനീഷ
എന്താണ് ഓള്‍ കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിസ്റ്റ് യൂണിയന്‍
ഫെഫ്ക അഫിലിയേഷന്‍ ഉള്ള സംഘടനയാണ് ആള്‍കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിസ്റ്റ് യൂണിയന്‍. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിസ്റ്റുകളുടെ അഭിവൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി രൂപപ്പെട്ട സംഘടനയാണ്. നിലവില്‍ ഈ സംഘടനയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കാര്‍ഡുള്ളവര്‍ക്കാണ് മേക്കപ്പ് അസിസ്റ്റന്റ് ആയോ ഹെയര്‍സ്‌റ്റൈലിസ്റ്റ് ആയോ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുള്ളൂ എന്നാണ് വെയ്പ്. അംഗമായി ചേരുന്നവര്‍ 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് കഴിയാത്തവരും 10ാം ക്ലാസ്സ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരും ആയിരിക്കണം. അംഗമായി ചേര്‍ന്ന് മൂന്ന് വര്‍ഷം അസിസ്റ്റന്റായി ജോലി ചെയ് ശേഷം സ്വതന്ത്ര മേക്കപ്പ്മാനായി (മാന്‍ എന്നാണ് പേഴ്‌സണ്‍ എന്നല്ല ഉപയോഗിച്ചതെന്നതില്‍ നിന്നുതന്നെ അവരെ എത്രമാത്രം ഉൾക്കൊള്ളുന്നുണ്ട് എന്ന് വ്യക്തമാണ്) ജോലി ചെയ്യാം എന്നാണ് ചട്ടം. നിലവില്‍ 200ലധികം അംഗങ്ങളുള്ള സംഘടനയില്‍ ഹെയര്‍സ്‌റ്റൈലിസ്റ്റ് ആയി മാത്രമാണ് സ്ത്രീകള്‍ക്ക് അംഗത്വം നല്‍കിയിട്ടുള്ളത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് കാര്‍ഡുള്ള ഒരു സ്ത്രീ പോലും സംഘടനയിൽ ഇല്ല.
മഞ്ജു കലൂണ | manju Calluna Facebook
സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റാവാനുള്ള മോഹവുമായി വന്ന് അത് നടക്കാതെ മേക്കപ്പ് അക്കാദമി തുടങ്ങേണ്ടി വന്നയാളാണ് മഞ്ജു കലൂണ. ഈ മേഖലയിൽ ഒട്ടേറെ കോഴ്സുകൾ ചെയ്ത് പ്രാവീണ്യം നേടിയതിനു ശേഷവും മൂന്ന് വർഷക്കാലം അസിസ്റ്റായി മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യേണ്ടി വരുന്നതിന്റെ നീതികേടാണ് മഞ്ജുകലൂണയെ്പോലെയുള്ളവർക്ക് പറയാനുള്ളത്.
"മൂന്ന് വര്‍ഷം അസിസ്റ്റന്റായി നിന്ന് കണ്ടു പഠിച്ചവര്‍ക്കേ സംഘടന അംഗത്വം നല്‍കുന്നുള്ളൂ. എന്നെ സംബന്ധിച്ച് പ്രാവീണ്യം നേടിയ മേഖലയില്‍ ഇനിയും മൂന്ന് വര്‍ഷം അസിസ്റ്റൻറായി നിന്ന് കണ്ടുപഠിക്കേണ്ട ആവശ്യം വരുന്നില്ല. ഈ മേഖലയില്‍ അഡ്വാന്‍സ്ഡ് കോഴ്‌സുകള്‍ വരെ വിദേശത്ത് പോയി ഞാന്‍ ചെയ്തിട്ടുണ്ട്. ഹെയര്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമയും ചെയ്തിരുന്നു. 3 വര്‍ഷത്തോളം ഹെയര്‍സ്‌റ്റൈലിസ്റ്റായി ജോലി ചെയ്തിട്ടും ഇനിയും മേക്കപ്പിന് അംഗത്വം കിട്ടാനായി ഫെഫ്ക അഫിലിയേഷന്‍ ഉള്ള സിനിമയില്‍ മൂന്ന് വര്‍ഷം അസിസ്റ്റന്റായി ജോലി ചെയ്യണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. ഇനിയും അസിസ്റ്റന്റായി ജീവിതം ഹോമിക്കണ്ട എന്ന തീരുമാനത്തിലാണ് ഞാന്‍ സിനിമാ മേഖലയിലെ സേവനം നിര്‍ത്തി ചങ്ങനാശ്ശേരിയില്‍ കലൂണ എന്ന മേക്കപ്പ് അക്കാദമി തുടങ്ങുന്നത്", മഞ്ജു പറയുന്നു
അംഗത്വം കിട്ടിയാലേ തൊഴിലെടുക്കാനാവൂ, 35 വയസ്സെന്ന പരിധിയും
ഓള്‍കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിസ്റ്റ് യൂണിയനില്‍ അംഗമായാലേ സിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി അവസരം ലഭിക്കൂ. എന്നാല്‍ യൂണിയനില്‍ അംഗമാവണമെങ്കില്‍ 35 വയസ്സ് പൂര്‍ത്തിയാവരുത് എന്നാണ് ചട്ടം. വിവാഹവും കുട്ടികളുമൊക്കെയായി വലിയ വിടവ് കഴിഞ്ഞാണ് സ്ത്രീകളില്‍ പലരും ഇത്തരം ക്രിയേറ്റീവ് മേഖലകളിലേക്കെത്തുന്നത്. അതിനാല്‍ തന്നെ 35 വയസ്സിനുള്ളില്‍ അംഗത്വമെടുക്കണമെന്നത് വിലങ്ങുതടിയാവുന്നത് കൂടുതലും സ്ത്രീകള്‍ക്കു മാത്രമാണ്. 35 വയസ്സെന്ന നിഷ്‌കര്‍ഷ വെക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് 2014 മുതല്‍ നിലനില്‍ക്കെയാണ് ഈ വിവേചനം.
ഇതിനു പുറമെയാണ് മൂന്ന് വര്‍ഷത്തെ അസിസ്റ്റന്റായുള്ള സേവനമുണ്ടെങ്കിലേ മേക്കപ്പ് ആർട്ടിസ്റ്റ് അംഗത്വം ലഭിക്കൂ എന്ന നിഷ്കർഷ. അസിസ്റ്റായി പ്രവര്‍ത്തിക്കാനുള്ള അംഗത്വ കാര്‍ഡ് പല വിധ കാരണങ്ങള്‍ പറഞ്ഞ് സംഘടന നിഷേധിക്കുകയാണെന്നും മേഖലയില്‍ പ്രവര്‍ത്തിച്ച സ്ത്രീകള്‍ പറയുന്നു. സിനിമാ ഷൂട്ടിങ്ങ് വേളയില്‍ താമസിക്കാന്‍ പ്രത്യേകമായി മുറി മേക്കപ് ആര്‍ട്ടിസ്റ്റ് സ്ത്രീയായാല്‍ നല്‍കേണ്ടി വരും എന്നും അത് പ്രൊഡക്ഷന്‍ ടീമിന് അധിക ബാധ്യത നല്‍കുമെന്നുമുള്ള ന്യായമാണ് പല സ്ത്രീകളും ഈ കാര്‍ഡിനായി സമീപിക്കുമ്പോള്‍ യൂണിയന്‍ ഭാരവാഹികളില്‍ നിന്ന് ലഭിക്കുന്നതെന്ന ആരോപണവുമുണ്ട്. മേക്കപ്പ് കാര്‍ഡ് ആവശ്യപ്പെട്ട് വരുന്ന സ്ത്രീകളോട് ഹെയര്‍ സ്റ്റൈലിസ്റ്റ് കാര്‍ഡ് എടുക്കാന്‍ യൂണിയന്‍ നിര്‍ബന്ധിക്കുന്നു എന്ന സ്ഥിതിവിശേഷവുമുണ്ട്. കോഴ്‌സ് ചെയ്ത് പഠിച്ചു വരുന്നവരില്‍ കൂടുതലും സ്ത്രീകളായതുകൊണ്ടും മൂന്ന് വര്‍ഷം അസിസ്റ്റൻരായി ജോലി ചെയ്യുന്നവര്‍ പുരുഷന്‍മാരായതുകൊണ്ടും തൊഴില്‍ ലഭ്യ കൂടുതലും പുരുഷന്‍മാര്‍ക്കാവുന്നു. എല്ലാവര്‍ക്കും ബാധകമായ നിയമാവലികളും നിഷ്‌കര്‍ഷകളുമാണ് സംഘടനയുടെ ബൈലോയില്‍ പറയുന്നതെങ്കിലും ആ ചട്ടങ്ങളെല്ലാം സ്ത്രീവിരുദ്ധമായ തൊഴില്‍ സാഹചര്യമാണ് സൃഷ്ടിച്ചെടുക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. ഇതിനെല്ലാത്തിനും പുറമെ അസിസ്റ്റന്റായെത്തുമ്പോൾ ചിലരിൽ നിന്നൊക്കെ മോശമായ പെരുമാറ്റം ഉണ്ടാകുന്നു എന്നതും മൂന്ന് വർഷക്കാലം അസിസ്റ്റന്റായി പ്രവർത്തിക്കുന്നതിൽ നിന്ന് സ്ത്രീകളെ പിന്നോട്ടടുപ്പിക്കുന്നു.
സ്ത്രീ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പ്രധാന പരാതികള്‍
മേക്കപ്പ് അസിസ്റ്റന്റ് കാര്‍ഡ് ചോദിച്ചു യൂണിയനെ സമീപിക്കുന്ന സ്ത്രീകളെ അലിഖിതമായ നിയമങ്ങളാല്‍, ഭാരവാഹികള്‍ നിഷേധിക്കുന്നു. അതുകൊണ്ടു തന്നെ യൂണിയന്‍ നിയമാവലി ആവശ്യപ്പെടുന്ന മൂന്ന് വര്‍ഷത്തെ മേക്കപ്പ് അസിസ്റ്റന്റായുള്ള പ്രവൃത്തി പരിചയം സ്ത്രീകള്‍ക്ക് ലഭിക്കാതിരിക്കുന്നു. ഇത് സ്വതന്ത്ര മേക്കപ്പ് ആര്‍ട്ടിസ്റ്റാവാന്‍ ഉള്ള സാധ്യതയും ഇല്ലാതാക്കുന്നു.
കാര്‍ഡ് ഇല്ലാതെ പ്രവർത്തിക്കാന്‍ അവസരങ്ങള്‍ ലഭിച്ചാലാവാട്ടെ അത് ചെയ്ത് പൂര്‍ത്തിയാക്കാന്‍ ഏറെ തടസ്സങ്ങള്‍ സ്ത്രീയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് നേരിടേണ്ടിവരുന്നു. സ്ത്രീകള്‍ ഈ രംഗത്തേക്കു വന്നാല്‍ പുരുഷന്മാര്‍ക്ക് അവസരം നഷ്ടമാക്കുമെന്ന ഭീതിയും കാര്‍ഡ് നിഷേധിക്കുന്നതിനു പുറകിലുണ്ടെന്നാണ് അവസരം നഷ്ടപെട്ട സ്ത്രീകള്‍ പറയുന്നത്.
സ്വതന്ത്ര മേക്കപ്പ് കാര്‍ഡ് കിട്ടണമെങ്കില്‍ മൂന്ന് റിലീസ് ചെയ്ത സിനിമയില്‍ പ്രവൃത്തിക്കുകയോ, മേക്കപ്പ് അസിസ്റ്റന്റായി മൂന്ന് വര്‍ഷം പ്രവർത്തിക്കുകയോ വേണം എന്നാണ് നിബന്ധന.
വിഷയത്തിലെ ഡബ്ല്യുസിസി ഇടപെടല്‍
വിഷയം പഠിച്ച് സംഘടനയുടെ ചില ചട്ടങ്ങള്‍ സുപ്രീം കോടതി വിധിക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി ഫെഫ്കയ്ക്കും പ്രൊഡ്യൂസേഴ്‌സ് യൂണിയനും ഡബ്ല്യുസിസി കത്തയച്ചിരുന്നു. ഇതുവരെ കേരളത്തിലെ ഒരു സ്ത്രീക്കു പോലും മേക്കപ് യൂണിയന്റെ മേക്കപ് ആർട്ടിസ്റ്റ് എന്ന അംഗത്വ കാര്‍ഡ് കിട്ടിയിട്ടില്ലെന്നും അത് ഗൗരവമായി പരിശോധിക്കണമെന്നും ഡബ്‌ള്യുസിസി ആവശ്യപ്പെട്ടിരുന്നു. പക്ഷേ അതിനൊന്നുമുള്ള മറുപടി കിട്ടിയിട്ടില്ല. അതിനാല്‍ ഈ വിഷയത്തില്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് ഡബ്ല്യുസിസി അറിയിച്ചത്
സുപ്രീംകോടതി പറഞ്ഞിട്ടും
സ്ത്രീകള്‍ക്ക് മേക്കപ്പ് ആര്‍ട്ടിസ്റ്റായി രജിസ്റ്റര്‍ ചെയ്ത് സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അവസരമില്ലെന്നുള്ള പരാതിയില്‍ 2014ലാണ് സ്ത്രീകള്‍ക്കനുകൂലമായ ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിക്കുന്നത്. ഏതാണ്ട് ആറ് പതിറ്റാണ്ടു കാലമായി മുംബൈ സിനിമാ മേഖലയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ പുലര്‍ത്തിയ ഈ സ്ത്രീവിരുദ്ധ വിലക്കിനെതിരേ ചാരു ഖുറാന നടത്തിയ പോരാട്ടമാണ് ഇത്തരമൊരു ഉത്തരവിലേക്കെത്തിച്ചത്. ഉത്തരവിറങ്ങി എട്ട് വര്‍ഷമായിട്ടും മലയാള സിനിമയിലെ ചമയ മേഖലയില്‍ സത്രീ സാന്നിധ്യത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ Asap വഴിയും Skill India വഴിയും ഒട്ടനവധി കുട്ടികള്‍ മേക്കപ്പും അനുബന്ധ കോഴ്‌സുകളും പഠിച്ചിറങ്ങുന്നുണ്ട്. യൂണിയന്റെ സമീപനം മൂലം ഇവിടെ നിന്നും പഠിച്ചിറങ്ങുന്നവര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള അവസരം ലഭിക്കുന്നില്ല എന്ന സ്ഥിതിയുമുണ്ട്.
മേക്കപ്പ് പഠിച്ച് സിനിമ മേഖലയില്‍ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായും സ്വതന്ത്ര മേക്കപ്പ് ആര്‍ട്ടിസ്റ്റായും ടെലിവിഷന്‍ മേഖലയിലും പ്രവൃത്തി പരിചയമുള്ള, സ്ത്രീകള്‍ക്ക് നേരിട്ട് പെര്‍മനന്റ് കാര്‍ഡ് നല്‍കുന്നത് കൂടുതല്‍ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് കടന്നുവരാന്‍ അവര്‍ക്ക് സാധ്യത ഒരുക്കുമെന്ന് പട്ടണം റഷീദ് പറയുന്നു. ഏത് കാര്‍ഡ് ലഭിച്ചാലും തുടര്‍ന്നുള്ള ഒരു ആര്‍ട്ടിസ്റ്റിന്റെ നിലനില്‍പ്പ് അവരുടെ കഴിവ് മാത്രം അടിസ്ഥാനപ്പെടുത്തിയാരിക്കുമെന്നതുകൊണ്ട് യൂണിയന് ആശങ്ക വേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അസിസ്റ്റന്റ് കാര്‍ഡ് നല്‍കുന്നതില്‍ കുറച്ചു കൂടി ഉദാര സമീപനം പുലർത്തേണ്ടതുണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ താതപര്യമില്ലാത്ത മറ്റ് ചില മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും പറയുന്നു. എന്നാലേ ഈ ഇടം കുറച്ചു കൂടി സ്ത്രീ സൗഹൃദമാവൂ എന്നാണ് അവരുടെ അഭിപ്രായം.
മേക്ക്പ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വിദേശത്ത് ഷൂട്ടിന് പോവണമെങ്കില്‍ മെമ്പര്‍ഷിപ്പ് വേണം. മറ്റു സിനിമാ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യണമെങ്കിലും മെമ്പര്‍ഷിപ്പ് അത്യാവശ്യമാണ്. മുംബൈ ഇന്‍ഡസ്ട്രിയില്‍ അംഗത്വമുള്ള സ്ത്രീകള്‍ വന്ന് മലയാള സിനിമയില്‍ മേക്കപ്പ് ചെയ്തിട്ടുണ്ട്. പക്ഷേ, മലയാളത്തില്‍ കഴിവുള്ള സ്ത്രീകള്‍ ഇല്ലാഞ്ഞിട്ടല്ല പക്ഷേ, അവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ല. അതിന് മെമ്പര്‍ഷിപ്പ് ഇല്ലാത്ത അവസ്ഥ പലപ്പോഴും വിലങ്ങുതടിയാവുന്നുണ്ട്. യൂണിയന്‍ അംഗത്വം ഈ മേഖലയില്‍ ജോലിചെയ്യുന്ന ഏതൊരാളുടെയും അവകാശമാണ്. ഒരു സിനിമയില്‍ ജോലി ചെയ്ത് കഴിവുതെളിയിച്ചു കഴിഞ്ഞാല്‍ യൂണിയന്‍ അംഗത്വത്തിലെ നൂലാമാലകള്‍ കാരണം സ്ത്രീകള്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്നത് കടുത്ത സ്ത്രീവിരുദ്ധതതയും സർവ്വോപരി മനുഷ്യാവകാശ ലംഘനവുമാണ്.
ഈ വിവരങ്ങള്‍ വിശദമായി രേഖപ്പെടുത്തി മുഖ്യമന്ത്രിക്കും സിനിമാ സംഘടനാ ഭാരവാഹികള്‍ക്കും പലരും പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം യൂണിയന്റെ നിയമാവലിക്കെതിരേ ഉയരുന്നത് ചില വ്യക്തികള്‍ മാത്രം ഉന്നയിക്കുന്ന ഒറ്റപ്പെട്ട ആരോപണമാണെന്ന് യൂണിയന്‍ സെക്രട്ടറി പ്രദീപ് രംഗന്‍ പറഞ്ഞു.
"യൂണിയന്‍ നിയമാവലി അനുസരിച്ച് ഫെഫ്ക അംഗീകാരമുള്ള മൂന്ന് സിനിമകള്‍ റിലീസ് ചെയ്താല്‍ കാര്‍ഡ് കൊടുക്കാം. ഇന്ന് സിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യാന്‍ സംവിധായകന്റെ കത്തുണ്ടെങ്കില്‍ കാര്‍ഡില്ലാതെ തന്നെ യൂണിയന്‍ സമ്മതം നല്‍കും. തന്റെ സുഹൃത്തിന്റെ ഭാര്യ കൂടി ആയ സ്ത്രീ മേക്കപ്പാര്‍ട്ടിസ്റ്റായി സംവിധായകന്റെ കത്തോടു കൂടി നിലവില്‍ ജോലി ചെയ്യുന്നുണ്ട്. മൂന്ന് സിനിമ കഴിഞ്ഞാല്‍ അവര്‍ക്ക് ഞങ്ങള്‍ അംഗത്വ കാര്‍ഡ് നല്‍കും", പ്രദീപ് രംഗന്‍ കൂട്ടിച്ചേർത്തു.
200ഓളം അംഗങ്ങളുള്ള യൂണിയനില്‍ മേക്കപ് ആര്‍ട്ടിസ്റ്റ് കാര്‍ഡുള്ള ഒരു സ്ത്രീ പോലുമില്ല എന്നതില്‍ അത് സ്ത്രീസൗഹൃമല്ലാത്ത ചില ചട്ടങ്ങളുണ്ടെന്നല്ലേ വ്യക്തമാവുന്നത് എന്ന ചോദ്യത്തിന് ആരെങ്കിലും വന്ന് കാര്‍ഡ് ചോദിച്ചാല്‍ അത് നല്‍കാനാവില്ലെന്നും സംഘടനയ്ക്ക് സംഘടനയുടേതായ നിയമാവലിയും ചട്ടങ്ങളുമുണ്ടെന്നാണ് പ്രദീപ് രംഗന്‍ നൽകുന്ന ഉത്തരം.
അതേസമയം മൂന്ന് വര്‍ഷത്തിലധികം താന്‍ സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും കാര്‍ഡിനു അന്ന് അപേക്ഷിച്ചപ്പോള്‍ യൂണിയന്റെ മാനദണ്ഡം അനുസരിച്ച് കാര്‍ഡ് ലഭിച്ചില്ലെന്നുമാണ് കൊച്ചിക്കാരി ജീനക്ക് പറയാനുള്ളത്. പലവിധ കാരണങ്ങളാല്‍ ഇപ്പോൾ കൊച്ചിയില്‍ സലൂണ്‍ നടത്തുകയാണ് ജീന.
സംവിധായകരുടെ കത്തുണ്ടെങ്കിൽ അവസരം നൽകാമെന്നത് പ്രായോഗികമല്ല. എത്രസംവിധായകർ ധൈര്യത്തോടെ സ്ത്രീകൾക്ക് അംഗത്വമില്ലാതെ അവസരം നൽകുമെന്ന് ചോദിക്കുന്നു മേക്കപ് ആർട്ടിസ്റ്റായ ബിനു അജയ് .
കാര്‍ഡില്ലെങ്കില്‍ സംവിധായകന്റെ കത്ത് കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഇന്ന സ്ത്രീ തന്നെ വേണമെന്ന് ചിന്തിക്കുന്നതിനേക്കാള്‍ പ്രൊഡ്യൂസറെയും സംവിധായകനെയും സംബന്ധിച്ച് എളുപ്പം മറ്റൊരാളെ തിരഞ്ഞെടുക്കുന്നതായിരിക്കും. അസിസ്റ്റന്റായി പ്രൂവ് ചെയ്യാനും തെളിയിക്കാനും അവസരമുണ്ടായാലേ ഈ സ്ത്രീ തന്നെ മതി എന്ന് സംവിധായകനും പറയുകയുള്ളൂ. അസിസ്റ്റന്റ് കാര്‍ഡ് കിട്ടാന്‍ തന്നെ പലവിധ തടസ്സങ്ങളുള്ളതിനാല്‍ മേഖലയില്‍ നിന്ന് സ്ത്രീകള്‍ തഴയപ്പെടുകയാണെന്നാണ് പ്രദീപ് രംഗന്റെ പ്രസ്താവനയോടുള്ള ഡബ്ല്യുസിസിയുടെ പ്രതികരണം.
300 ഓളം അംഗങ്ങളുള്ള കോസ്റ്റ്യൂം ഡിസൈനേഴ്സിനായുള്ള യൂണിയനില്‍ 150 ഓളം സ്ത്രീകളുണ്ട്. ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി ഡിപ്ലോമ ഉള്ളവര്‍ക്ക് മൂന്ന് ലക്ഷം രൂപ കെട്ടിവെച്ചാല്‍ അംഗത്വ കാര്‍ഡ് ലഭിക്കുമെന്നാണ് നിലവിലെ അംഗമായ വനിത പറഞ്ഞത്. യൂണിയന്‍ നിയമങ്ങള്‍ സ്ത്രീസൗഹൃദമായതുകൊണ്ടു കൂടിയാണ് ഈ യൂണിയന്‍ സ്ത്രീ പ്രാതിനിധ്യം ഉള്ളത്. അതിനാൽ കോഴ്സ് കഴിഞ്ഞ ശേഷമോ അഭിമുഖത്തിനു ശേഷമോ അസിസ്റ്റൻര് കാർഡ് തടസ്സമില്ലാതെ നൽകിയാൽ മാത്രമേ സിനിമാ മേഖലയിലെ ചമയം മേഖല സ്ത്രീ സൗഹൃമാകൂ എന്നാണ് ഈ രംഗ്തതേക്ക് വരാൻ താത്പര്യപ്പെടുന്നതും വിട്ടുപോയവരുമായ പല സ്ത്രീകളുടെയും അഭിപ്രായം. ഈ വിഷയത്തിൽ തൊഴിൽ മന്ത്രിയുടെയും വനിതാ കമ്മീഷന്റെയും ഇടപെടൽ വേണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവെക്കുന്നുണ്ട്.
Content Highlights: Malayalam film industry, hostile ,women make up artists, union,Fefka,social,Mathrubhumi,maneesha,WCC
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..