
എട്ട് മുതൽ ഒമ്പത് വർഷമാണ് പോലീസിൻറെ കീഴിലുള്ള ശ്വാനസേനയിലെ നായ്ക്കളുടെ കാലാവധി. വെറും മൂന്നോ നാലോ മാസം പ്രായമാവുമ്പോൾ മുതൽ പരിശീലനം നൽകിയാണ് ശ്വാനസേനയിലെ നായ്ക്കൾ ഡ്യൂട്ടിക്ക് തയ്യാറാവുന്നത്. കുളിപ്പിക്കുന്നതും ആഹാരം കൊടുക്കുന്നതുമെല്ലാം പ്രത്യേക പരിശീലനം ലഭിച്ച പോലീസിലെ തന്നെ ട്രെയിനർമാരാണ്. മണംപിടിച്ച് പ്രതികളെയും തൊണ്ടിമുതലിനെയും പിടിക്കാൻ നായ്ക്കളെ പ്രാപ്തരാക്കുന്നതും ഇതേ ട്രെയിനർമാരാണ്. ദേശീയ തലത്തിൽ നടക്കുന്ന ഡ്യൂട്ടിമീറ്റിൽ കേരള പോലീസിലെ നായ്ക്കൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കാറുള്ളത്. നായ്ക്കൾ വിരമിക്കുമ്പോഴേക്കും അവയുമായി വല്ലാത്തൊരു ആത്മ ബന്ധം തന്നെ പരിശീലകർക്കുണ്ടായിക്കാണും. അതിനാൽ ഇവയെ ഡികമ്മീഷൻ ചെയ്യുമ്പോൾ പലർക്കും സങ്കടം അണപൊട്ടും. ഡോഗ് സ്ക്വാഡ് ഇൻചാർജ്ജ് കെ.വി പ്രേംജിയുമായുള്ള സർവീസ് സ്റ്റോറിയുടെ മൂന്നാം ഭാഗത്തിൽ തങ്ങൾ പരിശീലിപ്പിച്ചെടുത്ത നായ്ക്കളുമായുണ്ടായ അത്തരം ആത്മബന്ധത്തെ കുറിച്ചാണ് സംസാരിക്കുന്നത്.
തൊണ്ടിമുതല്‍ കിട്ടിയാല്‍ അല്ലെങ്കില്‍ എക്‌സ്‌പ്ലോസീവ് സാധനങ്ങള്‍ കണ്ടെത്തിയാല്‍ നായ്ക്കളെക്കൊണ്ട് കുരപ്പിക്കുന്നതായിരുന്നു പഴയ രീതി. പക്ഷേ, പിന്നീട് അത് മാറി എന്ന് അഭിമുഖത്തിന്റെ ആദ്യഭാഗത്ത് പറഞ്ഞിരുന്നല്ലോ. ശ്വാനസേന പരിശീലനത്തില്‍ വന്ന കാതലായ മാറ്റങ്ങള്‍ എന്തൊക്കെയാണ്.
നായയ്ക്കൊപ്പം മുഴുവന്‍ സമയ പരിശീലനമൊന്നും പണ്ട് കാലത്തുണ്ടായിരുന്നെന്ന് കരുതുന്നില്ല. നായയുടെ പരിശീലകന്‍ മറ്റൊരു ജോലി ലഭിച്ച് പോകുമ്പോൾ താത്ക്കാലികമായി മറ്റൊരാളെ നിയോഗിക്കേണ്ടി വരുന്ന അവസ്ഥയൊക്കെയുണ്ടായിരുന്നു. ഇന്നാ ആവസ്ഥ മാറി. ഇന്നൊരു നായയെ എടുത്തിട്ടുണ്ടെങ്കില്‍ പരിശീലകരായി രണ്ട് പേരെ നിയമിച്ച് ട്രെയിനിങ് സെന്ററിലേക്ക് അയച്ചാണ് പരിശീലനം നല്‍കുന്നത്. ഇനി ഒരു പരിശീലകൻ പോയാലും പുതിയതായി വന്ന ആളെയും ട്രെയിനിങ് സെന്ററില്‍ വിട്ട് പരിശീലനം നല്‍കിയാണ് ഹാന്‍ഡ്‌ലറായി പോസ്റ്റ് ചെയ്യുന്നത്.
ശ്വാനസേനയിലെ നായ്ക്കളുടെ സര്‍വീസ് കാലാവധി എട്ടോ ഒമ്പതോ വര്‍ഷമാണ്. അതിനുശേഷം നായ വിരമിക്കുമല്ലോ. സ്ഥിരമായി ഒപ്പം നടന്നിരുന്ന ഹാന്‍ഡ്‌ലേര്‍സിനെ കാണാതിരിക്കുമ്പോള്‍ ഈ നായ്ക്കൾക്ക് മാനസിക സമ്മര്‍ദം ഉണ്ടാവില്ലേ. സല്‍മ റിട്ടയര്‍ ആയപ്പോള്‍ അതിനെ വിട്ടു കിട്ടാന്‍ വേണ്ടി താങ്കള്‍ പ്രത്യേക അപേക്ഷ കൊടുത്ത് അതിനെ വീട്ടിലേക്ക് കൊണ്ടുവന്ന കഥയൊക്കെ പത്രത്തില്‍ വായിച്ചിരുന്നു..

മാതൃഭൂമിയിൽ വന്ന വാർത്ത
പരിശീലനം കൂടി ചേര്‍ത്ത് ഒമ്പതര വര്‍ഷം സല്‍മ സര്‍വീസിലുണ്ടായിരുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തിലാണ് ഇതിനെ ഡികമ്മീഷന്‍ ചെയ്യുന്ന കാര്യമറിയുന്നത്. തിരുവനന്തപുരത്ത് തെരുവ് നായ്ക്കളെ ഏറ്റെടുത്ത് അതിനെ വന്ധ്യംകരണം നടത്തി വേണ്ട ആള്‍ക്കാര്‍ക്ക് കൊടുക്കുന്ന ഒരു റെസ്‌ക്യു സെന്ററുണ്ട്. അതിലേക്ക് വിടുകയാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് ഭയങ്കര വിഷമമായി. മക്കള്‍ക്ക് പോലും വാരിക്കൊടുത്തിരുന്നില്ല. അവനാണ് ഞാന്‍ വാരിക്കൊടുത്തതും കൊണ്ടു നടന്നതുമെല്ലാം. നമ്മളെ നമ്മളാക്കിയ ആളാണ്.
ആ ഒരു സാഹചര്യത്തില്‍ അന്നത്തെ ഡിജിപി ബെഹ്‌റ സറിനു ഞാനൊരു കത്ത് കൊടുത്തു. പിന്നീട് വലിയതുറയിലെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ കൊണ്ട് ചെന്നു. അതിനെ ഹാന്‍ഡ് ഓവര്‍ചെയ്തതിനൊപ്പം ചില പേപ്പറുകളും പൂരിപ്പിച്ചു നൽകി. അതു പൂരിപ്പിച്ചതും അവരെന്നോട് പറഞ്ഞു നായയെ താങ്കള്‍ക്ക് വിട്ടു തന്നിരിക്കുന്നുവെന്ന്. അതു കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ തന്നെ ബെഹ്‌റ സാറിന്റെ ഓഫീസില്‍ നിന്ന് വിളി വന്നു. സെല്‍മ എവിടെയാണെന്ന് ചോദിച്ചു. വീട്ടിലുണ്ടെന്ന് പറഞ്ഞപ്പോള്‍ തനിക്ക് സല്‍മയെ പൂര്‍ണമായും അനുവദിച്ചു തന്നതായി അദ്ദേഹം അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ആ ഉത്തരവും കൈപറ്റി.എന്റെ ബെഡ്‌റൂമില്‍ കിടന്നിരുന്ന ഫാന്‍ അതിന്റെ കെന്നലില്‍ പിടിപ്പിച്ചു കൊണ്ടാണ് സൽമയെ വീട്ടിലേക്ക് സ്വാഗതം ചെയ്തത്. 11 വയസ്സു വരെ അത് ഞങ്ങളുടെ കൂടെ ജീവിച്ചു. പിന്നീട് ഡോണ്‍ എന്ന നാര്‍ക്കോട്ടിക് ഡോഗിന്റെ ട്രെയിനിങ്ങിന് പോയപ്പോൾ എന്നെ കാണാഞ്ഞ് സല്‍മയ്ക്ക് വിഷമമായിട്ടുണ്ടാവണം. പിന്നീട് കരള്‍രോഗബാധ വന്നാണ് അത് ചാവുന്നത്. വീട്ടില്‍ തന്നെയാണ് സല്‍മയെ മറവ് ചെയ്തത്. അതിന്റെ അസാന്നിധ്യം വലിയ മനോവിഷമമുണ്ടാക്കിയെങ്കിലും ഡോണിനെയും അതിനെ ട്രെയിന്‍ ചെയ്യുന്ന തിരക്കുകളിലും പെട്ട് അതത്ര അറിയാതെ പോയെന്ന് മാത്രം.
ശ്വാനസേനയിലെ നായ്ക്കള്‍ ചാവുമ്പോള്‍ അതിന് അവസാന ട്രിബ്യൂട്ട് കൊടുക്കുന്ന രീതിയുണ്ടോ.
വിരമിക്കുന്ന നായ്ക്കളെ ഹാന്‍ഡ്‌ലര്‍മാര്‍ ഏറ്റെടുക്കുന്ന രീതി ഇപ്പോള്‍ പൊതുവെയുണ്ട്. ഹാന്‍ഡ്‌ലര്‍മാര്‍ ഏറ്റെടുക്കാത്ത നായകളെ നേരെ വിശ്രാന്തിയിലേക്കാണ് അയക്കുന്നത്. ഈ നായ്ക്കളെ നോക്കാന്‍ വിശ്രാന്തിയില്‍ തന്നെ അതിനായി ആളുകളെ നിയോഗിച്ചിട്ടുണ്ട്. തത്പരരായ പോലീസുകാര്‍ തന്നെയുണ്ട്. മരണപ്പെടുന്ന അവസ്ഥയാണെങ്കില്‍ അവിടെ വെച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടത്തും. അതല്ല സ്‌ക്വാഡിലിരിക്കെ തന്നെയാണ് ചാവുന്നതെങ്കില്‍ സർവീസിലിരിക്കുമ്പോള്‍ മരിക്കുന്ന മനുഷ്യന് കൊടുക്കുന്ന രീതിയില്‍ ഫയറിങ്ങെല്ലാം കൊടുക്കും.
നായ്ക്കള്‍ക്ക് പൊതുവെ റാങ്കിങ്ങുണ്ടാവില്ലേ. ഡിവൈഎസ്പി റാങ്കിലുള്ള നായയാണ് ഇതെന്ന് സ്ക്വാഡിലെ നായയെ നോക്കി നായകൻ പറയുന്നത് ഒരു സിനിമയില്‍ കേട്ടിരുന്നു.
അത് തെറ്റാണ്. അങ്ങനെ ഒരു റാങ്കിങ് ശ്വാനസേനയിലെ നായ്ക്കള്‍ക്കില്ല.
കന്നിമാസം വന്നാല്‍ നായ്ക്കള്‍ക്ക് കലണ്ടര്‍ നോക്കേണ്ടതില്ലെന്ന് പൊതുവെ പറഞ്ഞ് കേൾക്കുന്നതാണല്ലോ. കെ 9 സ്‌ക്വാഡിലെ നായ്ക്കള്‍ക്കും അവരുടേതായ ജൈവിക ചോദനകളുണ്ടാവുമല്ലോ. അതിനെ എങ്ങനെയാണ് നിങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ശ്വാനസേനയിലെ നായ്ക്കള്‍ക്ക് കുഞ്ഞുങ്ങളുണ്ടാവാനുള്ള അനുവാദമുണ്ടോ.. അതോ വന്ധ്യംകരിക്കുമോ?
ശ്വാനസേനയിലെ നായ്ക്കളെ വന്ധ്യംകരിക്കാനും അനുവാദമില്ല അവയ്ക്ക് കുഞ്ഞുങ്ങളുണ്ടാക്കാനും അനുവാദമില്ല. കന്നിമാസം എന്നത് നായ്ക്കള്‍ക്ക് ബാധകമല്ല. അത് തെറ്റായ കാഴ്ച്ചപ്പാടാണ്. നായ്ക്കള്‍ക്ക് വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമേ മെന്‍സസ് ആവുകയുള്ളൂ. 28 ദിവസം കൂടുമ്പോള്‍ സ്ത്രീകള്‍ക്ക് വരും പോലെ നായ്ക്കള്‍ക്ക് ആറ് മാസം കൂടുമ്പോഴേ വരൂ.
പോലീസ് നായയെ സംബന്ധിച്ച് ഇണചേരൽ അനുവദനീയമല്ല. അത് ആണ്‍ നായയായാലും പെണ്‍നായയായാലും അനുവദനീയമല്ല. നായ്ക്കള്‍ക്ക് പിരീഡാവുന്ന സമയങ്ങളില്‍ അതിനെ റെസ്റ്റ് കൊടുത്ത് മാറ്റിയിടുകയാണ് പതിവ്. ആണ്‍നായ്ക്കളാണെങ്കില്‍ ആഹാരം കഴിക്കാനും ജോലി ചെയ്യാനുമെല്ലാം ഈ സമയങ്ങളില്‍ ബുദ്ധിമുട്ട് കാണിക്കും. ഹീറ്റാകുന്ന ആണ്‍നായ്ക്കളെ മാറ്റിനിര്‍ത്തും. പ്രത്യേകിച്ച് പെണ്‍നായ്ക്കളുടെ സാമിപ്യമുള്ള ഇടങ്ങളില്‍ നിന്ന്.
ആദ്യം പരിശീലിപ്പിച്ച നായ സല്‍മയാണ്. അത് ട്രാക്കര്‍ ഡോഗുമായിരുന്നു. നിലവില്‍ കൂടെയുള്ളത് നാര്‍ക്കോട്ടിക് നായ ആയ ഡോണ്‍ ആണ്. ഡോണിന്റെ കുറ്റാന്വേഷണങ്ങളിലെ പ്രകടനത്ത കുറിച്ച് പറയാമോ?
പോലീസ് അക്കാദമിയില്‍ ബ്രീഡിങ്ങിനായി ഹണി, ജൂലി എന്നീ നായ്ക്കളെ എടുത്തിരുന്നു. അതില്‍ ഹണിക്കുണ്ടായ കുഞ്ഞുങ്ങളിലൊന്നാണ് ഡോണ്‍. ഞാനും പ്രമോദ് തമ്പിയുമായിരുന്നു അതിന്റെ ട്രെയിനിങ്ങിന് പോവുന്നത്. സല്‍മയെ പരിശീലിപ്പിച്ച് പരിചയമുള്ളതുകൊണ്ട് എനിക്കത്ര ബുദ്ധിമുട്ട് തോന്നിയില്ല. ട്രേഡ് മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ. സല്‍മ ട്രാക്കര്‍ ഡോഗായിരുന്നെങ്കില്‍ ഡോണ്‍ നാര്‍ക്കോട്ടിക് ഡോഗ് ആയിരുന്നു. പക്ഷേ, നാര്‍ക്കോട്ടിക്കിനെ പരിശീലിപ്പിക്കല്‍ അല്‍പം കൂടി എളുപ്പമായിരുന്നു. ലഹരി മണം മാത്രം പഠിപ്പിച്ചാല്‍ മതിയല്ലോ. അതിന് പെട്ടെന്ന് ആ മണം മനസ്സിലാക്കാനും സാധിക്കും. കുറച്ച് ഉന്‍മാദം ആ ഡോഗിനുണ്ടാവുകയും ചെയ്യും. എക്‌സൈസുകാരാണ് കൂടുതലും നമ്മളെ വിളിച്ച് കൊണ്ടുപോവാറ്. അവരുടെ കൂടെ പാര്‍സല്‍ ഓഫീസിലൊക്കെ സെര്‍ച്ച് ചെയ്യും. പിടിക്കപ്പെട്ടവര്‍ ലഹരി ഒളിപ്പിച്ചുവെച്ച സ്ഥലം ഒരിക്കലും പറയില്ല. ഒരിക്കല്‍ ഈരാറ്റുപേട്ടയില്‍ റബ്ബര്‍ തോട്ടത്തില്‍ കരിയിലകള്‍ കനത്തില്‍ കിടക്കുകയാണ്. നിറയെ മുള്ളുചെടികള്‍ ഉണ്ടായിരുന്നു. മുള്ളൊക്കെ ഉള്ളതിനാല്‍ ആദ്യം ഡോണിനെ ലീഷുകൊണ്ട് നിയന്ത്രിച്ചെങ്കിലും പിന്നെ ഡോണ്‍ പോയ വഴിയെ പോയി. ഒടുവില്‍ ഒരു കയ്യാലക്കെട്ടിന്റെയടുത്ത് പോയി മണത്തു. എന്നിട്ട് കൈകൊണ്ടൊരു തട്ട് കൊടുത്തപ്പോള്‍ കല്ലടര്‍ന്ന് താഴേക്ക് വീണു. പരിശോധിച്ചപ്പോഴാണ് കയ്യാലക്കെട്ടനകത്ത് പ്ലാസ്റ്റിക് കൂടും അതിനകത്ത് മൂന്നു കിലോയോളം കഞ്ചാവും കണ്ടെത്തിയത്. അയല്‍പകത്തുള്ളവരെ ഉടനെ വിളിച്ചുവരുത്തി തെളിവിനായി അത് കാണിച്ചു കൊടുത്തു.
ലോക്ക്ഡൗണ്‍ സമയത്ത് പച്ചക്കറി വണ്ടിയില്‍ നിന്നൊക്കെ ഡോണിന്റെ സഹായത്തോടെ ലഹരി കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവര്‍ ഇരിക്കുന്ന സ്ഥലത്ത് സീറ്റ് ബെല്‍റ്റിരിക്കുന്ന സ്ഥലത്തേക്ക് വരെ മണം പിടിച്ച് ലഹരി കണ്ടെത്തിയിട്ടുണ്ട്. അത്രയ്ക്ക് നന്നായി അത് ലഹരി മണം തിരിച്ചറിയും.
സല്‍മയും ഡോണും തമ്മിലുള്ള പ്രകടമായ വ്യത്യാസം എന്താണ്.
സല്‍മ മോളെപ്പോലെയാണ് നമ്മളെ കെയര്‍ ചെയ്യും. ഡ്യൂട്ടിക്കൊക്കെ പോവുമ്പോള്‍ തൊണ്ടിമുതല്‍ തേടി ചിലപ്പോള്‍ നായ വലിയ ആഴങ്ങളിലേക്കൊക്കെ എടുത്തു ചാടും നമുക്കതുപോലെ ചാടാന്‍ പറ്റിക്കൊള്ളണമെന്നില്ല. സല്‍മയാണെങ്കില്‍ താഴെ ചെന്നിറങ്ങിയ ശേഷം നമ്മള്‍ ഇറങ്ങുന്നുണ്ടോ എന്ന് നോക്കി നില്‍ക്കും. ഡോണ്‍ ആണ്‍ നായയാണ്. അതിന്റെ ഡ്യൂട്ടി തന്നെ നാര്‍ക്കോട്ടിക്‌സ് ആണ്. ഉന്‍മാദമായ കാര്യങ്ങളാണ് ചെയ്യുന്നത്. അവനത് പിടിക്കണം. പിടിച്ചു കഴിഞ്ഞാല്‍ തന്നെ അവന്‍ അനങ്ങില്ല. ആ സ്‌പോട്ടിലേക്ക് മാത്രം കണ്ണിമ വെട്ടാതെ തുറിച്ച് നോക്കി ഇരിക്കും. അവന്‍ അവിടന്ന് മാറണമെങ്കില്‍ അവിടെ കൃത്യമായി ഒരു ബോള്‍ വെക്കണം. സൽമയും ഡോണും തീർത്തും ത്യത്യസ്തരാണ് ട്രേഡ് കൊണ്ടും പെരുമാറ്റ രീതി കൊണ്ടും.
ഒരിക്കല്‍ ലഹരിയുമായി മറുനാടന്‍ തൊഴിലാളികള്‍ തീവണ്ടിയില്‍ കേരളത്തിലെത്തുന്നുവെന്ന വിവരം ലഭിച്ചു. തീവണ്ടിയിലെ യാത്രക്കാരുടെ മുഴുവന്‍ ലഗ്ഗേജുകളും അഞ്ച് നാര്‍ക്കേട്ടിക് നായ്ക്കളെ വെച്ചു പരിശോധിച്ചു. ഒരു ലഗ്ഗേജില്‍ നിന്ന് ലഹരി കണ്ടെത്തിയെങ്കിലും ബാഗിനു സമീപമുണ്ടായിരുന്ന എല്ലാവരും തന്നെ ബാഗ് തങ്ങളുടേതല്ലെന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. അഞ്ചു കിലോ കഞ്ചാവുണ്ടായിരുന്നു. പക്ഷേ, എട്ടു പേരും മേരാ നഹി ഹേ എന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ഞങ്ങള്‍ ബാഗ് മുഴുവന്‍ പരിശോധിച്ചു ആരുടെതെന്ന് എന്തെങ്കിലും തുമ്പ് കിട്ടുമോ എന്നറിയാന്‍. ഒരു ജോഡി ഡ്രസ് മാത്രമാണ് ലഭിച്ചത്. ഈ ഡ്രസ്സ് ഇട്ട നിലയില്‍ ആരെയും ഫോണ്‍ ഗാലറികളിലൊന്നും കണ്ടില്ല.
ട്രാക്കര്‍ ഡോഗുകളെ കൊണ്ടുവന്ന് ആ ഡ്രസ് മണപ്പിച്ചാല്‍ അതിനുടമയെ ട്രാക്കര്‍ ഡോഗ് കണ്ടെത്തില്ലേ..
തീര്‍ച്ചയായും അത് തന്നെയാണ് ചെയ്തത്. ഡോഗിനെ ഉപയോഗിച്ച് തന്നെ ചെക്ക് ചെയ്ത് കണ്ടുപിടിക്കാമെന്ന് ഞാന്‍ മേലുദ്യോഗസ്ഥരെ അറിയിച്ചു. അവര്‍ സമ്മതം മൂളി. ചേതക് എന്ന ട്രാക്കര്‍ ഡോഗിനെ കൊണ്ട് വന്ന് ആ വസ്ത്രം മണപ്പിച്ചു. ഡോഗ് ഒരാളെ കാണിച്ചു. പൊസിഷന്‍ മാറ്റിയിട്ടും തോളത്ത് കൈ വെച്ച് നായ വീണ്ടും അതേ പ്രതിയെ തന്നെ ഇന്‍ഡിക്കേറ്റ് ചെയ്തു.
ഈ അടുത്ത് നായ ടൈറ്റില്‍ നെയിം ആയി ഒരു സിനിമ ഇറങ്ങിയിരുന്നു. പേര് നെയ്മര്‍. നായ്ക്കളുടെ മത്സരമൊക്കെയാണ് ഉള്ളടക്കം. ശ്വാനസേനയിലെ നായ്ക്കളെ മത്സരങ്ങള്‍ക്ക് കൊണ്ടുപോവാറുണ്ടെന്ന് പറഞ്ഞിരുന്നല്ലോ. ആ മത്സരത്തിന്റെ സ്വഭാവത്തെ കുറിച്ച് പറയാമോ..
പോലീസ് നായ്ക്കള്‍ക്കായാണ് ഡ്യൂട്ടി മീറ്റ് സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് കൊണ്ടു പോവാനായി നാര്‍ക്കോട്ടിക്, എക്‌സ്‌പ്ലോസീവ്, ട്രാക്കര്‍, നായ്ക്കളെ ആദ്യം തിരഞ്ഞെടുക്കും. കെഡാവറിനെയും സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂവിനെയൊന്നും അങ്ങനെ കൊണ്ടു പോവാറില്ല. ഒരു എക്‌സ്ട്രാ നായ ഉള്‍പ്പെടെ ഒമ്പത് നായ്ക്കളെയാണ് കൊണ്ടു പോവാറുള്ളത്. സര്‍ക്കാരുമായി ബന്ധപ്പെട്ട സംവിധാനമാണ് മത്സരം നടത്തുന്നത്. ആദ്യം ബേസിക് ഒബീഡിയന്‍സ് മത്സരം ഉണ്ടാകും. പിന്നെ ഓരോ ട്രേഡിലുള്ള മത്സരം ആണ് നടത്തുന്നത്. എക്‌സ്‌പ്ലോസീവ് ആണെങ്കില്‍ ബില്‍ഡിങ് സെര്‍ച്ച്, ഹ്യൂമന്‍ ബോഡി സെര്‍ച്ച്, ലഗ്ഗേജ് സെര്‍ച്ച്, ഗ്രൗണ്ടില്‍ കുഴി കുത്തി എക്‌സ്‌പ്ലോസീവ് ആര്‍ട്ടിക്കിളുകള്‍ ഒന്നോ രണ്ടോ കുഴികളിലൊളിപ്പിച്ച് സെര്‍ച്ച് എന്നിവയൊക്കെ ഉണ്ടാവും. നായ അത് കണ്ടെത്തിയാല്‍ അത് ഇന്‍ഡിക്കേറ്റ് ചെയ്ത സ്ഥലം നമ്മള്‍ മാര്‍ക്ക് ചെയ്ത് പേപ്പര്‍ സമര്‍പ്പിക്കും. കഴിഞ്ഞ തവണ ലഖ്നൊവിൽ വെച്ച നടന്ന ഡ്യൂട്ടി മീറ്റിൽ അഞ്ച് ലഗ്ഗേജുകള്‍ ഒളിപ്പിച്ചതില്‍ അഞ്ചും കണ്ടെത്തിയ നായ കേരളത്തിന്റേതു മാത്രമായിരുന്നു. എറണാകുളം ജില്ലയുടെ അര്‍ജ്ജുനായിരുന്നു അത്.
നായ്ക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ആണ്‍ നായ, പെണ്‍നായ അല്ലെങ്കില്‍ ഒരു പ്രത്യേക ബ്രീഡില്‍പ്പെട്ട നായയെന്ന എന്തെങ്കിലും പരിഗണനകളുണ്ടോ. പോമറേനിയന്‍ പട്ടികളെയൊന്നും ഇതുവരെ പോലീസ് സേനയിലെടുത്ത് കണ്ടിട്ടില്ല.
പണ്ടൊക്കെ ലാബ്, ജര്‍മ്മന്‍ ഷെപ്പേര്‍ഡ് എന്നിവയെയൊക്കെയാണ് എടുത്തിരുന്നു. ഡോബര്‍മാനെ എടുക്കാറില്ലായിരുന്നു. ഇപ്പോ ആ രീതിയിലൊക്കെ മാറ്റം വന്നു. ബെല്‍ജിയന്‍ മെലിനോവ (belgium malinois) എന്ന നായ്ക്കളെയാണ് ഇപ്പോള്‍ കൂടുതലായി എടുക്കുന്നത്. വിാമനത്തിൽ പരിശോധന നടത്താനായി വലിയ നായ്ക്കളെ കൊണ്ടുപോവുന്നത് ബുദ്ധിമുട്ടായതു കൊണ്ട് ബീഗിള്‍, ജാക്ക് റസ്സല്‍ ടെറിയര്‍ എന്നിവയെയൊക്കെയാണ് ഉപയോഗിക്കുന്നത്. ട്രെയിന്‍ ചെയ്യാന്‍ ഏറ്റവും സൗകര്യം ലാബ് ആണെന്നാണ് തോന്നിയിട്ടുള്ളത്. ജര്‍മ്മന്‍ ഷേപ്പേര്‍ഡിന് രോമം കൂടുതലായതു കൊണ്ട് ബ്രഷ് ചെയ്യുകയൊക്കെ വേണമല്ലോ. അതിനാല്‍ മെയിന്റനന്‍സ് അല്‍പം ബുദ്ധിമുട്ടാണ്. ബെല്‍ജിയം മെല്‍നോവ നല്ല രീതിയില്‍ ട്രെയിന്‍ ചെയ്താല്‍ നല്ല രീതിയില്‍ കൊണ്ടു പോകാം.
ആറുമാസമായ നായ്ക്കുഞ്ഞുങ്ങളെയാണല്ലോ പരിശീലനത്തിന് കൊണ്ടുവരുന്നത്. എവിടെ നിന്നാണ് കൊണ്ടുവരുന്നത്. എന്തൊക്കെ വാക്‌സിനാണ് കൊടുക്കുന്നത്. എന്താണ് പ്രോട്ടോക്കോളുകള്‍.
നിലവില്‍ ആറ് മാസമെന്ന പ്രോട്ടോക്കോള്‍ ഇല്ല. നാലുമാസം മുതല്‍ പരിശീലിപ്പിച്ചെടുക്കാം. പണ്ട് കെനല്‍ ക്ലബ്ബ് പോലെയുള്ളവ ഡൊണേറ്റ് ചെയ്യുമായിരുന്നു. ഇപ്പോള്‍ പഞ്ചാബിലും രാജസ്ഥാനിലുമൊക്കെ പോയി പര്‍ച്ചേസ് ചെയ്യുന്ന രീതിയാണ്. അവിടെ നിന്ന് വാക്‌സിൻ കൊടുത്ത ശേഷമാണ് കൊണ്ടുവരുന്നത്.
എട്ട് വര്‍ഷം കഴിഞ്ഞാല്‍ നായ്ക്കള്‍ പൊതുവെ സര്‍്വവീസില്‍ നിന്ന് റിട്ടയര്‍ ആവുമ്ലലോ. അവയെ ബ്രീഡിങ്ങിനായി ഉപയോഗിച്ചു കൂടെ.
ഇപ്പോള്‍ ബ്രീഡിങ്ങിനായി ചില നല്ല നായ്ക്കളെ നമുക്ക് ശുപാര്‍ശ ചെയ്യാം. അതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. എന്തു കൊണ്ടോ പിന്നീട് നടന്നില്ല.
കെ 9 സ്ക്വാഡുമായി ബന്ധപ്പെട്ട് പൊതുസമൂഹം വെച്ചു പുലര്‍ത്തുന്ന മിഥ്യാധാരകണകളെന്തൊക്കെയാണ്..
സിനിമയില്‍ ഇങ്ങനല്ലല്ലോ കണ്ടത്. നേരിട്ടു കാണുമ്പോള്‍ അങ്ങനെയല്ലല്ലോ എന്നൊക്കെ പൊതുജനം പറഞ്ഞ് കേട്ടിട്ടുണ്ട്. ചില മോഷണക്കേസുകളില്‍ പ്രതിയുടെ മണം നല്‍കി നായയുമായി പോകുമ്പോള്‍ ബസ്സ്‌റ്റോപ്പിലൊക്കെ ചെന്ന് നായ നില്‍ക്കും. അവിടെ വെച്ച് പദ്ധതി അവസാനിപ്പിക്കാനാണോ പോലീസിന്റെ പ്ലാന്‍ എന്ന് ചിലര്‍ സംശയിക്കാറുണ്ട്. ബസ് സ്റ്റോപ് വരെ വന്ന പ്രതി ചിലപ്പോള്‍ ബസ് കയറിപ്പോയതാവും. ആള്‍ വാഹനത്തില്‍ പോയാല്‍ പിന്നെ നായയ്ക്ക് മണം കിട്ടില്ല. അപ്പോള്‍ ഇതു കാണുന്ന അജ്ഞരായ ആളുകള്‍ക്ക് ഇത് തട്ടിപ്പാണെന്നൊക്കെ തോന്നും. നായയുമായി നടത്തുന്ന പ്രഹസനമായൊക്കെ ഈ സംഭവങ്ങളെ കാണും. പക്ഷേ, അവിടുന്ന് കേസന്വേഷണത്തിന് സഹായിക്കുന്ന പലതും പോലീസിന് ലഭിക്കും. ഉദാഹരണത്തിന് അവിടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ എവിടേക്കാണ് പോയതെന്ന ഏകദേശ ധാരണ കിട്ടും. ലീഡ്‌സ് കിട്ടും.
പണ്ട് ഏറ്റമാനൂരിലുണ്ടായ ഒരു കേസില്‍ കള്ളുഷാപ്പ് വരെ നായ ചെന്നിരുന്നു. പിന്നീട് പ്രതിയിലേക്കെത്തുന്ന വലിയ ലീഡ്‌സ് അവിടെ നിന്നാണ് കിട്ടിയത്.
ശ്വാനസേനയിലെ മികച്ച പ്രവര്‍ത്തനം താങ്കളും താങ്കളുടെ നായയും നടത്തികൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ അപകടമുണ്ടാവുന്നത്. അപകടം നടന്ന് രണ്ട് മാസം പിന്നിടുന്നു. 10 ദിവസത്തോളം കോമയിലായിരുന്നുവെന്നും കേട്ടു. അന്നെന്താണ് സംഭവിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോരുന്ന വഴിയായിരുന്നു അപകടം. വീടിനു ഏതാനും മീറ്റര്‍ മുന്നേ വെച്ച് പോത്ത് കുറുകെച്ചാടുകയായിരുന്നു. അബോധവാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു കുറെ ദിവസം. പിന്നീട് ഭേദമായി. മക്കളെയും വേണ്ടപെട്ടവരെയും വരെ തിരിച്ചറിയാൻ കഴിയാതെ ഓർമ്മ നഷ്ടപ്പെട്ട അവസ്ഥയിൽ വരെ കുറെ ദിവസം കിടന്നിരുന്നു
അഭിമുഖത്തിന്റെ ആദ്യരണ്ട് ഭാഗങ്ങൾ വായിക്കാം:
മൃതശരീരഭാഗങ്ങള്‍ ശേഖരിച്ച് അതൊളിപ്പിച്ചാണ് കെഡാവര്‍ നായകളെ പരിശീലിപ്പിക്കുന്നത്| service story......





Content Highlights: dog squad service story third part kv premji nileena atholi selma don kannimasam
Published: 15 Aug 2024, 03:10 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented