ര്‍ഷങ്ങള്‍ക്ക് മുന്‍പ് പേരിലെ മുസ്ലിം സ്വത്വം പറഞ്ഞ് കുട്ടികള്‍ കളിയാക്കിയപ്പോള്‍ അവന്‍ ഓടിച്ചെന്ന് സംശയ ദൂരീകരണം നടത്തിയത് അച്ഛനോടായിരുന്നു. ഹമീദ് ദല്‍വായി എന്ന മുസ്ലിം സാമൂഹിക പരിഷ്‌കര്‍ത്താവിനോടുള്ള ആദരസൂചകമായാണ് അച്ഛന്‍ തനിക്കാ പേരിട്ടിരിക്കുന്നതെന്ന തിരിച്ചറിവിലാണ് അവന്‍ വളര്‍ന്നത്. പേരിനു മതമില്ലെന്ന അച്ഛന്റെ ആദര്‍ശവാക്കുകളില്‍ അഭയം തേടിയായിരുന്നു ആ കുഞ്ഞ് മുന്നോട്ടു പോയത്. അവന്റെ പേര് ഹമീദ് ദബോല്‍ക്കര്‍. അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരേ പോരാടി തീവ്ര ഹിന്ദുത്വ ശക്തികളാല്‍ വധിക്കപ്പെട്ട ഡോ. നരേന്ദ്ര ദബോല്‍ക്കറിന്റെ മകന്‍. നിസ്വാര്‍ഥമായ സേവനത്തിന്റെയും യുക്തിബോധത്തിന്റെയും അടിസ്ഥാനത്തില്‍ സമൂഹത്തിനായി പ്രവര്‍ത്തിച്ചതിനാണ് അദ്ദേഹം വധിക്കപ്പെടുന്നത്. ദബോല്‍ക്കറിന്റെ അഭാവത്തിലും അദ്ദേഹം തുടങ്ങിവെച്ച പ്രസ്ഥാനങ്ങളെല്ലാം പൂര്‍വ്വാധികം ശക്തിയോടെയാണ് മക്കളായ ഹമീദും മുക്തയും ചേര്‍ന്ന് കൊണ്ടു പോകുന്നത്. ഈ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ശിക്ഷ മരണമാണെന്ന കൊലയാളികളുടെ സന്ദേശത്തിന് കീഴ്‌പ്പെടാന്‍ ഒരുക്കമല്ല അവര്‍. അന്ധവിശ്വാസങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന എം.എ.എന്‍.എസ്. എന്ന സംഘടനക്കു പുറമെ മാനസികാരോഗ്യപരിചരണം നല്‍കുന്ന പരിവര്‍ത്തന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളും സൈക്കോളജിസ്റ്റ് കൂടിയായ ഹമീദിന്റെ കൂടി മേല്‍നോട്ടത്തില്‍ മികച്ച രീതിയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നത്. ജീവിതത്തില്‍ ദബോല്‍ക്കറുടെ സ്വാധീനത്തെ കുറിച്ചും അദ്ദേഹത്തിന്റെ അഭാവത്തിലെ സാമൂഹിക  ജീവിതത്തെ കുറിച്ചും ഹമീദ് ദബോല്‍ക്കര്‍ മാതൃഭൂമിആഴ്ച്ചപ്പതിപ്പിനോട് സംസാരിക്കുന്നു.

To advertise here,


*നിലീന അത്തോളി : ഒരു പതിറ്റാണ്ടിനു ശേഷം നരേന്ദ്ര ദബോല്‍ക്കര്‍ വധക്കേസിലെ രണ്ട് പ്രതികളെ കോടതി ശിക്ഷിച്ചിരിക്കുകയാണ്. മൂന്ന് പേരെ കോടതി വെറുതെ വിടുകയും ചെയ്തു. വിധിയില്‍ സംതൃപ്തനാണോ.. എന്താണ് പറയാനുള്ളത്...

ഹമീദ് ദബോല്‍ക്കര്‍ : ഭാഗികമായി സംതൃപ്തി നല്‍കിയ വിധിയെന്ന് വേണമെങ്കില്‍ പറയാം. വെടിവെച്ച രണ്ട് പേരെ ശിക്ഷിച്ചു. പക്ഷെ മൂന്ന് പേരെ മതിയായ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു. അവര്‍ക്കും ശിക്ഷ കിട്ടുന്നത് ഉറപ്പ് വരുത്താനായി പോരാട്ടം ഇനിയും തുടരും. സി.ബി.ഐയുടെ ഈ വിഷയത്തിലെ നിലപാട് എന്തെന്ന് മനസ്സിലാക്കേണ്ടതുണ്ട്. വിധിയെ ചാലഞ്ച് ചെയ്ത് മുന്നോട്ടു പോവാന്‍ അവര്‍ക്ക് തീരുമാനമില്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബം ഈ വിധിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കും. അതേസമയം  കല്‍ബുര്‍ഗി, പന്‍സാരെ, ഗൗരിലങ്കേഷ് കേസ് വധങ്ങളും നാല സോപാറ ബോംബ് കേസും കോടതിയുടെ മുന്നിലുണ്ട്. അതിന്റെയെല്ലാം വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. വിധി വരുന്നതോടെ വലിയ ഗൂഢാലോചനകളെല്ലാം പുറത്തുവരുമെന്നാണ് പ്രതീക്ഷ. ഇത്തരം പ്രവൃത്തികള്‍ വെറും രണ്ട് പേര്‍ ചേര്‍ന്ന് ചെയ്തതാണെന്ന് വിശ്വസിക്കാന്‍ പറ്റില്ല എന്നാണ് ഡോ. ദബോല്‍ക്കര്‍ വധശ്രമക്കേസിലെ വിധിയില്‍ കോടതി പറഞ്ഞ പ്രധാനപ്പെട്ട കാര്യം. സംഘടനാപരമായ പിന്തുണ, രാഷ്ട്രീയമായ ഇടപെടല്‍ എന്നിവ കേസിലുണ്ടായിട്ടുണ്ട് എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.  പ്രധാന പ്രതിയായ വീരേന്ദ്രസിങ് താവ്‌ഡെയ്ക്ക് ദബോല്‍ക്കറോട് ശത്രുതയുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കൊലപാതകത്തിലെ അദ്ദേഹത്തിന്റെ പങ്കിലും ചില സംശയങ്ങളുണ്ടെന്നും പക്ഷെ വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നതെന്നുമാണ് കോടതി പറഞ്ഞത്. 

placeholder
ഹമീദ് ദബോൽക്കർ

*കേസിലെ മാസ്റ്റര്‍മൈന്‍ഡുകള്‍ എന്നെങ്കിലും ശിക്ഷിക്കപ്പെടും എന്ന പ്രതീക്ഷയുണ്ടോ..      

തീര്‍ച്ചയായും. അദ്ദേഹം കൊല്ലപ്പെട്ട ആ ദിനം മുതല്‍ വലിയ തോതിലുള്ള വൈകല്‍ അന്വേഷണത്തില്‍ ഉണ്ടായെങ്കിലും വലിയ ഗൂഢോലചന നടന്നിട്ടുണ്ടാവാമെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സാധാരണക്കാരല്ലെന്നും ഇവര്‍ പിടിക്കപ്പെട്ടിട്ടില്ലെന്നും ഇനിയും പലര്‍ക്കും നേരെ ഇത്തരം വധശ്രമങ്ങള്‍ ഉണ്ടാവാമെന്നും ഞങ്ങള്‍ കേസിന്റെ തുടക്കത്തില്‍ തന്നെ പോലീസിനോട് പറഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ പറഞ്ഞതുപോലെ തന്നെ കല്‍ബുര്‍ഗി, ഗൗരിലങ്കേഷ്, തുടങ്ങിയവര്‍ വധിക്കപ്പെട്ടു.  ഈ കേസിലുള്ള സമാന പേരുകള്‍ തന്നെയാണ് ഗൗരി ലങ്കേഷ് വധക്കേസിലും കല്‍ബുര്‍ഗി, പന്‍സാരെ വധക്കേസിലും ഉള്‍പ്പെട്ടിട്ടുള്ളത്. പ്രതീക്ഷയാണ് ജനാധിപത്യവ്യവസ്ഥതിയില്‍ നമ്മെ മുന്നോട്ടു കൊണ്ടുപോകുന്നത്.  ഭരണഘടനാപരമായ കാര്യനിര്‍വ്വഹണങ്ങളില്‍ വൈകല്‍ ഉണ്ടായാലും നീതി ലഭിക്കുമെന്നാണ് കാലം നമുക്ക് പറഞ്ഞുതരുന്നത്. കേസ് ജയിക്കുന്ന പോലെ തന്നെ പ്രധാനമാണ് ഇതിനൊക്കെ വേണ്ടിയുള്ള പോരാട്ടവും. പ്രതീക്ഷ എന്നത് ശക്തമായ പദമാണ്. എങ്കിലും എത്ര സമയമെടുത്താലും പുറകിലെ ബുദ്ധികേന്ദ്രത്തെ വെളിച്ചത്തു കൊണ്ടുവരാനുള്ള പണിയെടുക്കുന്നത് ഞങ്ങള്‍ തുടരും.

placeholder
ഗൗരി ലങ്കേഷ്

*നരേന്ദ്ര ദബോല്‍ക്കര്‍ വധിക്കപ്പെട്ടിട്ട് ഈ വരുന്ന ഓഗസ്റ്റിന് 11 വര്‍ഷമാകുന്നു. അന്ധവിശ്വാസത്തിനെതിരെയും വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ക്കെതിരേയും തന്റെ ജീവിതകാലമുടനീളം പൊരുതിയ വ്യക്തിയാണ് ദബോല്‍ക്കര്‍. അദ്ദേഹത്തിന്റെ അഭാവത്തിലുള്ള നിങ്ങളുടെയൊക്കെ ജീവിതം എങ്ങനെ പോകുന്നു...

ഈ ചോദ്യത്തിന് ഉത്തരം തരിക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും വെടിയേറ്റ് വീണ 2013 ഓഗസ്റ്റ്  20 തന്നെ ഞങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും എം.എ.എന്‍.എസ്. പ്രവര്‍ത്തകര്‍ക്കും കാര്യങ്ങള്‍ വ്യക്തമായിരുന്നു. ആക്രമണം നരേന്ദ്ര ദബോല്‍ക്കറിനെതിരേയുള്ളത് മാത്രമായിരുന്നില്ല, അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസത്രത്തിനെതിരേയുള്ളതു കൂടിയായിരുന്നു. അത്തരം വെല്ലുവിളികളെല്ലാം കഴിഞ്ഞ 11 വര്‍ഷത്തിനിടെ പലമടങ്ങായി വര്‍ധിക്കുകയാണ് ചെയ്തത്. അദ്ദേഹം വധിക്കപ്പെടുമ്പോള്‍ കേന്ദ്രത്തിലും മഹാരാഷ്ട്രയിലും യു.പി.എ. സര്‍ക്കാരായിരുന്നു അധികാരത്തില്‍. കഴിഞ്ഞ പത്ത് വര്‍ഷത്തെ രാജ്യത്തിന്റെ കിടപ്പ് വെച്ച് ഒരു തരത്തിലുള്ള മതവിമര്‍ശനത്തിനും പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആ തരത്തില്‍ നോക്കുമ്പോള്‍ പോരാട്ടം കുറച്ചു കൂടി പ്രയാസകരമാവുകയാണുണ്ടായത്. വെല്ലുവിളി നിറഞ്ഞ സമയം ആയിരുന്നെങ്കിലും മനസ്സാന്നിധ്യം കൈവിടാതെ നിലപാടു ചോരാതെ തലയുയര്‍ത്തിനില്‍ക്കാന്‍ ഞങ്ങള്‍ക്ക് പറ്റി എന്നതാണ് ഞങ്ങളുടെ സംതൃപ്തി. പോരാട്ടത്തില്‍നിന്ന് പിന്‍മാറിയില്ല എന്നത് ഞങ്ങളെ സംബന്ധിച്ച് സംതൃപ്തി തരുന്നതാണ്. ഒരു നേതാവിന്റെ വധത്തിനു ശേഷം സംഘടന മുന്നോട്ടു കൊണ്ടു പോവുക എന്നത് സാധാരണഗതിയില്‍ ബുദ്ധിമട്ടേറിയ കാര്യമാണെങ്കിലും 1989-ല്‍ അന്ധവിസ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ പോരാടാന്‍ ഡോ. ദബോല്‍ക്കര്‍ സ്ഥാപിച്ച മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി(എം.എ.എന്‍.എസ്.) അദ്ദേഹമില്ലാതെയും പിടിച്ചുനിന്നു എന്നത് സംതൃപ്തി നല്‍കുന്ന കാര്യമാണ്. അദ്ദേഹം പോയതിനു ശേഷവും പുതുതായി ഒരുപാടു പേര്‍ സംഘടനയിലേക്ക് വന്നു.  അതിലെ അംഗങ്ങളുടെ എണ്ണം കൂടി. യൂണിറ്റുകള്‍ വര്‍ധിച്ചു. കൂടുതല്‍ യുവാക്കള്‍ മുന്നോട്ടു വന്നു. ആന്റി ബ്ലാക്ക് മാജിക് ആക്ട് മഹാരാഷ്ട്രയില്‍ നടപ്പിലാക്കാനുള്ള ഞങ്ങളുടെ പ്രയത്‌നം സഫലമായി. നിയമം നിലവില്‍ വന്ന ശേഷം ആയിരത്തിലധികം കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കര്‍ണാടകയിലും നിയമം നിലവില്‍ വന്നു. ആ ബില്ലിനു വേണ്ടിയുള്ള പോരാട്ടം ഏതാണ്ട് 16 വര്‍ഷമായി ദബോല്‍ക്കര്‍ ഉള്ള കാലം മുതലേ നടക്കുന്നതായിരുന്നു. 2003-ല്‍ അതിന്റെ ആദ്യ ഡ്രാഫ്റ്റ് തയ്യാറാക്കിയത് നരേന്ദ്ര ദബോല്‍ക്കറായിരുന്നു. അദ്ദേഹത്തിന്റെ വധത്തിനു പിന്നാലെയാണ് ആന്റി സൂപ്പര്‍സ്റ്റിഷ്യസ് ബില്‍ പാസ്സാവുന്നത്. പിന്നീട് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി ആന്റിസോഷ്യല്‍ ബോയ്‌കോട്ട് ബില്ലും പാസ്സാക്കി. കാസ്റ്റ് പഞ്ചായത്തുകള്‍ക്കെതിരേയുള്ള പ്രിവന്‍ഷനന്‍ ഓഫ് സോഷ്യല്‍ ബോയ്‌ക്കോട്ട് ആക്ടിനു വേണ്ടിയുളള ശ്രമം അദ്ദേഹത്തിന്റെ മരണത്തിനു ആറ് മാസം മുമ്പ് തുടങ്ങിവെച്ചതാണ്. 2017-18ലാണ് ആ നിയമം പാസ്സാവുന്നത്.

*ആ നിയമങ്ങള്‍ നടപ്പിലായ ശേഷം അതുണ്ടാക്കിയ സാമൂഹിക സ്വാധീനത്തെ കുറിച്ച് പിന്നീട് പഠിച്ചിരുന്നോ...

ആന്റി ബ്ലാക്ക് മാജിക് ആക്ടിനെത്തുടര്‍ന്ന് ആയിരക്കണക്കിന് അറസ്റ്റുകള്‍ മഹാരാഷ്ട്രയിലുായിട്ടുണ്ട്. സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അയാള്‍ ചൂഷണം ചെയ്ത ആയിരക്കണക്കിന് ആളുകളുടെ കഥകള്‍ കൂടിയാണ് പുറത്ത് വരുന്നത്. അന്ധവിശ്വാസത്തെ വിശ്വാസത്തില്‍നിന്ന് വേര്‍തിരിക്കുന്ന നിയമം അതുവരെ ഇല്ലായിരുന്നു. എന്നാല്‍, ഈ ആക്ട് എന്താണ് വിശ്വാസമെന്നും അന്ധവിശ്വാസമെന്നും കൃത്യമായി പറയുന്നുണ്ട്. ഇരയായവരുടെ കുടുംബമോ പോലീസോ മുന്‍കയ്യെടുത്ത് റജിസ്റ്റര്‍ ചയ്തതാണ് അറസ്റ്റുകളില്‍ പകുതിയും. അതിനര്‍ഥം വലിയയൊരു വിഭാഗത്തിന് അന്ധവിശ്വാസത്തെ കുറിച്ചുള്ള ബോധ്യം ബില്ലോടെ വന്നു എന്നാണ്. നിയമം നടപ്പിലാക്കിയതോടെ മഹാരാഷ്ട്രയില്‍ ഇനിയാരെങ്കിലും അമാനുഷിക ശക്തിയുണ്ടെന്നും രോഗം മാറ്റിത്തരാമെന്നും പറഞ്ഞു വരികയാണെങ്കില്‍ അത് ശിക്ഷാര്‍ഹമായ കുറ്റമാണ്. മധ്യപ്രദേശില്‍ ഒരു ബാബയുണ്ട്. പണ്ട് മഹാരാഷ്ട്രയായിരുന്നു ഇയാളുടെ പ്രവര്‍ത്തന മേഖല. മറ്റുള്ളവരുടെ മനസ്സ് വായിക്കാന്‍ കഴിയുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ അവകാശവാദം. അമാനുഷിക ശക്തി അവകാശപ്പെടുന്നത് മഹാരാഷ്ട്രയില്‍ കുറ്റമായതിനാല്‍  ഇദ്ദേഹത്തിനെതിരേ ഇവിടെ കേസ് ഫയല്‍ ചെയ്യപ്പെട്ടു. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെടാന്‍ മഹാരാഷ്ട്ര നിയമം ഇനി ഇയാളെ അനുവദിക്കില്ല. അങ്ങനെയാണ് മധ്യപ്രദേശിലേക്ക് കടക്കുന്നത്. നിയമത്തിന്റെ വളരെ പോസിറ്റീവായ ഡിറ്ററന്റ് എഫക്ടിനു ഉദാഹരണമാണത്. മഹാരാഷ്ട്രയുടെ ചുവടുപിടിച്ച് പിന്നാലെ കര്‍ണാടകയും ആന്റി സൂപ്പര്‍ സ്റ്റിഷന്‍ നിയമം നടപ്പിലാക്കി. അസ്സം ആന്റി വിച്ച് ക്രാഫ്റ്റ് ആക്ടും നടപ്പിലാക്കി. 

*സോഷ്യല്‍ ബോയ്‌ക്കോട്ട് ബില്ലുവേണമെന്ന ചിന്തയിലേക്ക് നയിച്ച സാഹചര്യങ്ങള്‍, അതിന്റെ ആവശ്യകത എന്നിവയെകുറിച്ച് വിശദീകരിക്കാമോ....

ജാതി വ്യവസ്ഥ പിന്തുടരുക എന്ന് പറയുന്നത് തീര്‍ത്തും അന്ധവിശ്വാസമാണെന്നാണ് ദബോല്‍ക്കര്‍ എന്നും പറഞ്ഞിരുന്നത്. അതു തന്നെയായിരുന്നു എം.എ.എന്‍.എസ്സിന്റെ നിലപാടും. അതിനാല്‍ തന്നെ മിശ്രവിവാഹങ്ങളെയെല്ലാം അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. ഒരച്ഛന്‍ അദ്ദേഹത്തിന്റെ ഗര്‍ഭിണിയിയായ മകളെ കൊന്ന സംഭവം മഹാരാഷ്ട്രയിലുായിട്ടുണ്ട്. കുടുംബത്തിന്റെ ഇഷ്ടങ്ങള്‍ക്കെതിരേ പെണ്‍കുട്ടി വിവാഹം ചെയ്തതിനായിരുന്നു ആ കൊല. ഞങ്ങളുടെ വൊളണ്ടിയര്‍മാര്‍ കേസിന്റെ ആഴങ്ങളിലേക്ക് പോയി അത് പഠിച്ചപ്പോഴാണ് കുടുംബത്തിനെതിരേയുള്ള സാമൂഹിക ബഹിഷ്ണകരണവും ഖാപ് പഞ്ചായത്തിന്റെ സമ്മര്‍ദ്ദവുമാണ് ഇത്തരമൊരു അരുംകൊലയിലേക്ക് പിതാവിനെ നയിച്ചത് എന്ന് മനസ്സിലായത്. മഹാരാഷ്ട്രയില്‍ അങ്ങോളമിങ്ങോളം നിലനില്‍ക്കുന്ന ഒരു സാമൂഹിക വിപത്താണ് ജാതിയുടെയും മറ്റ് അന്ധവിശ്വാസങ്ങളുടെയും പേരിലുള്ള സാമൂഹിക ബഹിഷ്‌കരണം എന്ന് പിന്നീട് ഞങ്ങള്‍ ഏറ്റെടുത്ത ഓരോ കേസുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു. ഇതൊരു വലിയ സാമൂഹിക വിപത്താണെന്ന് ദബോല്‍ക്കര്‍ അന്നേ തിരിച്ചറിഞ്ഞിരുന്നു. 

placeholder

* മതത്തിന്റെ രൂപത്തിലും ദൈവത്തിന്റെയും ആള്‍ദൈവങ്ങളുടെയും രൂപത്തിലുള്ള ചൂഷണങ്ങളെയാണ് അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നതിലൂടെ ആത്യന്തികമായി നരേന്ദ്ര ദബോല്‍ക്കര്‍ എതിര്‍ത്തത്. സമൂഹത്തിലെ ചൂഷിത വിഭാഗത്തിനാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ പുതു ജീവിതം ലഭിച്ചത്. സ്വാഭാവികമായും ചൂഷക വര്‍ഗ്ഗം വെറുതെയിരിക്കില്ലല്ലോ. ദബോല്‍ക്കറെ വധിക്കാന്‍ മാത്രമുള്ള വെറുപ്പ് കൊണ്ടുനടക്കുന്നവരുണ്ടെന്ന് നിങ്ങളോ കുടുംബമോ എപ്പോഴെങ്കിലും കരുതിയിരുന്നോ...

അദ്ദേഹം നയിച്ച പോരാട്ടങ്ങള്‍ക്കെല്ലാം തിരിച്ചടികളോ പ്രത്യാഘാതങ്ങളോ ഉണ്ടാവാനുള്ള സാധ്യത ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നെങ്കിലും വധം ഒരിക്കല്‍ പോലും ഞങ്ങളോ എന്തിന് മഹാരാഷ്ട്രയില്‍ നിന്നുള്ള ആരെങ്കിലുമോ പ്രതീക്ഷിച്ചിട്ടുണ്ടെന്ന് കരുതുന്നില്ല. പുരോഗമന സംസ്ഥാനമായിട്ടാണല്ലോ മഹാരാഷ്ട്രയെ കരുതുന്നത്. ഒട്ടനവധി നവ്വോത്ഥാന പുരോഗമന മുന്നേറ്റങ്ങളും മഹാരാഷ്ട്രയിലുണ്ടായിട്ടുണ്ട്. ഫുലെ, അംബേദ്കര്‍, സാഹുജി മഹാരാജ് എന്നിങ്ങനെ എത്രയെത്ര നവോത്ഥാന നായകര്‍. അതിനാല്‍ തന്നെ ഈ ആക്രമണം പ്രതീക്ഷിച്ചിരുന്നതല്ല. ചില പ്രതിഷേധങ്ങളും വധഭീഷണികളും  ചില കേസുകളും റജിസ്റ്റര്‍ ചെയ്തിരുന്നു. പക്ഷെ ഇതുപോലൊരു വെല്‍പ്ലാന്‍ഡ് ആക്രമണങ്ങളൊന്നും നേരിടേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

*കല്‍ബുര്‍ഗി, പന്‍സാരെ, ഗൗരിലങ്കേഷ് ദബോല്‍ക്കര്‍ വധങ്ങളെല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെയെല്ലാ കുറ്റവാളികള്‍ക്കും ഒരേ ഉദ്ദേശമാണെന്നുമാണല്ലോ നമ്മളെല്ലാം കരുതുന്നത്. കല്‍ബുര്‍ഗി, പന്‍സാരെ കുടുംബങ്ങളുമായുള്ള നിങ്ങളുടെ പരസ്പര കണ്ണിചേരല്‍ എത്രത്തോളം കേസിനെ സഹായിച്ചു.....

ഈ നാല് കുടുംബങ്ങളും ഒരുമിച്ചാണ് പോരാടിയത്. ഹൈക്കോടതി റിട്ട് പെറ്റീഷന്‍ പന്‍സാരെ കുടുംബവുമായി ചേര്‍ന്നാണ് കൊടുത്തത്. തെരുവില്‍ നടത്തിയ പ്രതിഷേധങ്ങളും സുപ്രീം കോടതിയിലേക്ക് പോയതുമെല്ലാം ഒരുമിച്ചായിരുന്നു. തുടക്കം മുതലേ തന്നെ പിന്നില്‍ പ്രവര്‍ത്തിച്ച മാസ്റ്റര്‍മൈന്‍ഡുകളെല്ലാം ഒരേ ഗ്രൂപ്പില്‍ നിന്നുള്ളതാണെന്ന ബലമായ സംശയമുണ്ടായിരുന്നു. കുറ്റപത്രങ്ങളും അത് ശരിവെക്കുകയാണ്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും നടന്ന പ്രതിഷേധങ്ങളിലെല്ലാം നാല് കുടുംബങ്ങളും ഒരുമിച്ച് പങ്കെടുത്തിരുന്നു. 

*ദബോല്‍ക്കറുടെ മരണത്തിനു ശേഷവും അദ്ദേഹം സ്ഥാപിച്ച സംഘടനയായ എംഎഎന്‍എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ പഴയതിലും ഗംഭീരമായാണ് ഇപ്പോള്‍ താങ്കളും സഹോദരിയും പ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന് മുന്നോട്ടു പോകുന്നത്. നിങ്ങളുടെ നിലപാടുകളെയും വിശ്വാസങ്ങളെയും രൂപപ്പെടുത്തുന്നതില്‍ പിതാവിന്റെ സ്വാധീനം എത്രത്തോളമുണ്ട്.  താങ്കളെ വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക്...

എന്ത് ചെയ്യണം, എന്ത് ചിന്തിക്കണം എന്ന് ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ പോലും അച്ഛന്‍ എന്നോടോ സഹോദരിയോടോ നിഷ്‌കര്‍ഷിച്ചിട്ടില്ല. അപ്പോഴും അച്ഛന്റെയും അമ്മയുടെയും ജീവിതരീതി ഞങ്ങളെ വലിയൊരളവോളം സ്വാധീനിച്ചു. അച്ഛനെന്നതിലുപരി അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും പ്രത്യയശാസ്ത്രവുമാണ് എന്നെ സ്വാധീനിച്ചത്. വളച്ചുകെട്ടലുകളില്ലാത്ത നേരെ ചൊവ്വേയുള്ള ആദര്‍ശങ്ങളായിരുന്നു അവ. എന്ത് വിശ്വസിക്കുമ്പോഴും നിങ്ങള്‍ സ്വയം ചോദ്യങ്ങള്‍ ചോദിക്കണമെന്നത് അദ്ദേഹം എന്നും പറയുകയും പാലിക്കുകയും ചെയ്തിരുന്ന കാര്യങ്ങളാണ്. സ്വയം ചോദ്യങ്ങള്‍ ചോദിക്കുക എന്നത് ഒരു മനുഷ്യനെ രൂപപ്പെടുത്തിയെടുക്കാവുന്ന ഏറ്റവും മികച്ച വഴിയാണ്. ആ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപിടിച്ച് തുടര്‍ന്ന് ജീവിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം ഉപദേശങ്ങള്‍ തരികയായിരുന്നില്ല, പകരം അദ്ദേഹത്തിന്റെ ജീവിത രീതിയിലൂടെ ആദര്‍ശങ്ങളിലൂടെ ഞങ്ങള്‍ പലതും നോക്കി പഠിക്കുകയായിരുന്നു എന്ന് പറയുന്നതാവും ശരി. ഇന്നും സംഘടനാപരമായും വ്യക്തിപരമായും കണ്‍ഫ്യൂഷനുകള്‍ ഉണ്ടാവുമ്പോള്‍ അദ്ദേഹം ഈ സന്ദര്‍ഭത്തെ എങ്ങനെയായിരിക്കും കൈകാര്യം ചെയ്യുക എന്ന് ചിന്തിച്ചാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. കുട്ടിക്കാലത്ത് മാസത്തിലെ 24 ദിവസവും അദ്ദേഹം യാത്രയിലായിരിക്കും. അതിനാല്‍ തന്നെ കുട്ടിക്കാല ഓര്‍മ്മകളെന്നൊന്നില്ല. പകരം അദ്ദേഹം സമൂഹത്തിന് വേണ്ടി ചെയ്ത പ്രവവര്‍ത്തനങ്ങളും ഇടപെടലുകളും ആദര്‍ശങ്ങളുമാണ് എന്റെ വളര്‍ച്ചയിലും സ്വാധീനിച്ചത്. കുടുംബം അദ്ദേഹത്തിന്റ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്നു. നല്ല രീതിയില്‍സഹകരിച്ചിരുന്നു.

*അദ്ദേഹത്തിന്റെയും പന്‍സാരെ കല്‍ബുര്‍ഗി ഗൗരി ലങ്കേഷ് എന്നിവരുടെയും വധത്തിനു ശേഷം ലൗഡായി പ്രവര്‍ത്തിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും വിമര്‍ശിക്കാനും ഭയം തോന്നിയിട്ടുണ്ടോ എപ്പോഴേങ്കിലും...ഭയം ഉത്പാദിപ്പിക്കുക എന്നതു കൂടിയായിരുന്നല്ലോ ആ വധങ്ങളുടെ ലക്ഷ്യവും....

അദ്ദേഹത്തിന്റെ മരണാനന്തരം ഒരു സംഘടന എന്ന നിലയില്‍ ഞങ്ങള്‍ വിജയിച്ചത് ഞങ്ങളെ വിഴുങ്ങാന്‍ ശ്രമിച്ച ഭയത്തെ ദൂരെകളഞ്ഞതുകൊണ്ടാണ്. തെല്ലും ഭയമുണ്ടായിരുന്നില്ലെന്ന് ഞങ്ങള്‍ ഒരിക്കലും പറയില്ല. ഞാന്‍ പരിശീലനം ലഭിച്ച ഒരു സൈക്കോളജിസ്റ്റ് ആണ്. ഭയം എന്നത് സ്വാഭാവികമായ പ്രതികരണമാണെന്നെനിക്കറിയാം. പക്ഷെ ഞങ്ങളുടെ മുന്നോട്ടു പോക്കിനെയോ പോരാട്ട വീര്യത്തെയോ ഒരിക്കലും ഭയം ഗ്രസിക്കരുതെന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നു. ഭയക്കരുതെന്നത് ബോധപൂര്‍വ്വമായ തിരഞ്ഞെടുപ്പാണ്. സ്വാഭാവികമായി വരുന്നതല്ല. ഭയക്കുകയും എന്നാല്‍ പോരാടകയും ചെയ്യുക എന്നത് വിരോധാഭാസമെന്നാണ് പലരും കരുതിയിരുന്നത്. ഞങ്ങളുടെ പ്രമാണത്തില്‍ മൂന്ന് പ്രധാന തത്വങ്ങളാണുള്ളത്. വിജ്ഞാനം, നീതി, ഭയരാഹിത്യം എന്നിവയാണവ. ഭയരാഹിത്യം കൊണ്ട് ഭയമില്ലായ്മ എന്നല്ല ഞങ്ങളുദ്ദേശിക്കുന്നത്. ഭയക്കരുതെന്ന ബോധപൂര്‍വ്വമായ തീരുമാനമാണത്. ആ ചിന്ത ഞങ്ങളെ ഒത്തിരി സഹായിച്ചു.

(തുടരും)