
സയന്റിഫിക് ടെംപര്‍മെന്റ് ഇല്ലാത്ത, സംശയങ്ങളില്ലാത്ത, ചോദ്യങ്ങള്‍ ചോദിക്കാത്ത സമൂഹത്തില്‍ ആള്‍ദൈവങ്ങള്‍ക്ക് വളരാനുള്ള സാധ്യത കൂടുതലാണെന്ന് നരേന്ദ്ര ദബോൽക്കറിന്റെ മകനും സാമൂഹിക പ്രവർത്തകനും സൈക്കോളജിസ്റ്റുമായ ഹമീദ് ദബോൽക്കർ. "ആൾദൈവങ്ങളുടെ അടുത്തേക്ക് പോകുന്ന ഭൂരിഭാഗം പേരും മാനസ്സിക വൈഷമ്യങ്ങള്‍ അനുഭവിക്കുന്നവരാകും. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് യുക്തിപരമായ പരിഹാരം ഇല്ലാത്തതുകൊണ്ടാണ് അവര്‍ ആള്‍ദൈവങ്ങളുടെ പിന്നാലെ പോകുന്നത്.ആള്‍ദൈവങ്ങളുടെ പിന്‍ഗാമി ആവുമ്പോള്‍ കിട്ടുന്ന സാമൂഹിക സ്വീകാര്യത മാനസികാരോഗ്യ കേന്ദ്രത്തില്‍ പോകുമ്പോള്‍ ലഭിക്കില്ല. സൈക്കാട്രസ്റ്റിന്റെ അടുത്തു പോവുന്നത് സ്റ്റിഗ്മയാണ്. അന്ധവിശ്വാസവും മാനസികാരോഗ്യവും പരസ്പരം ഓവര്‍ലാപ് ചെയ്ത് കിടക്കുന്ന സംഗതികളാണ്. ഇന്ത്യയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള 80 ശതമാനം പേര്‍ക്കും മാനസികാരോഗ്യ സേവനം ലഭിക്കുന്നില്ല. മാത്രവുമല്ല, ആള്‍ദൈവങ്ങള്‍ക്ക് കിട്ടുന്ന രാഷ്ട്രീയാധികാരവും സ്വാധീനവും പിന്‍ഗാമികളെ കൂട്ടുന്ന ഘടകമാണ്," ഹമീദ് ദബോൽക്കർ പറയുന്നു. ഇതെല്ലാം ആള്‍ദൈവങ്ങളുടെ വളര്‍ച്ചയ്ക്കും സ്വീകാര്യതയ്ക്കും കാരണമാവുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
Also Read
മതത്തിനും മതവിശ്വാസത്തിനും മതസ്ഥാപനങ്ങള്‍ക്കും ആവശ്യത്തിലധികം പരിഗണനയും അവ ആവശ്യത്തിലധികം ചര്‍ച്ചാവിഷയവുമാവുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ദബോല്‍ക്കറുടെ മരണം മഹാരാഷ്ട്രയിലെ യുക്തിവാദ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു എന്ന് കരുതുന്നുണ്ടോ?
യുക്തിവാദ പ്രസ്ഥാനങ്ങള്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന കാലമാണിത്. മഹാരാഷ്ട്രയില്‍ മാത്രമല്ല, ഇന്ത്യയിലാകമാനം ഇതാണ് അവസ്ഥ. എം.എ.എന്‍.എസ്സിനെയും അതിന്റെ നേതാക്കളെയും തീര്‍ത്തുകളയാനുള്ള പരിശ്രങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ, അതിനിടയിലും ഞങ്ങള്‍ നിലനിന്നു. കൂടുതല്‍ ആളുകള്‍ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി. ബ്രാഞ്ചുകളും വളണ്ടിയര്‍മാരും ചേരുന്നവരുടെ എണ്ണവും ദിനംപ്രതി കൂടി. ദബോല്‍ക്കറുടെ മരണത്തോടെ ഗ്രസിച്ച ഭയത്തെ മറികടക്കാന്‍ ഞങ്ങള്‍ക്കായി എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫ്രിഞ്ച് എലമെന്റുകളെ ഒതുക്കാതെ യുക്തിവാദ പ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ടു പോവാനാവില്ല. പക്ഷെ, ആ ഫ്രിഞ്ച് എലമെന്റുകള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കേന്ദ്രത്തിലേക്ക് വന്നിരിക്കുകയാണ്. കേന്ദ്രം എന്നത് തന്നെ ആന്റി റാഷണലിസ്റ്റ് ആണ്. ഒരു നൂറ്റാണ്ട് പഴക്കമുള്ള ചിന്തകളും പ്രത്യയശാസ്ത്രവുമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. തീര്‍ച്ചയായും വെല്ലുവിളി നിറഞ്ഞതാണ് അന്തരീക്ഷം. എളുപ്പം പാറിപ്പോവാതിരിക്കാന്‍ ഞങ്ങള്‍ വേരൂന്നി തന്നെയാണ് നില്‍ക്കുന്നത്. ജനപിന്തുണ സംഘടനയ്ക്കുണ്ട്. അവരുടെ ആവശ്യങ്ങളും വര്‍ധിക്കുകയാണ്. വെല്ലുവിളി നിറഞ്ഞ സമയങ്ങളിലാണല്ലോ ഇത്തരം സംഘടനകളുടെ ആവശ്യകതയും ഏറുന്നത്.
ഹമീദ് ദബോൽക്കറുമായുള്ള അഭിമുഖത്തിന്റെ ഒന്നാം ഭാഗം വായിക്കാം
പിതാവിന്റെ ദൗത്യം മുന്നോട്ടു കൊണ്ടുപോകുന്നതിലും അദ്ദേഹം അടിയുറച്ച് വിശ്വസിച്ചിരുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലും ഏതൊക്കെ രീതിയിലാണ് മകനെന്ന നിലയില്‍ താങ്കളുടെ പ്രവര്‍ത്തനം. അദ്ദേഹത്തിന്റെ അഭാവത്തില്‍ എം.എ.എന്‍.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ടു പോകുന്നു
അച്ഛനുണ്ടായിരുന്നപ്പോള്‍ തന്നെ എം.എ.എന്‍.എസ്സിന്റെ പ്രര്‍ത്തനങ്ങളില്‍ ഭാഗഭാക്കായിരുന്നു. പക്ഷെ, പുറമെയുള്ള ചെറു ഉത്തരവാദിത്വങ്ങളെ അപ്പോഴുണ്ടായിരുന്നുള്ളൂ. അച്ഛന്റെ തിരോധാനമാണ് എന്നെയും എന്റെ സഹോദരിയെയും സംഘടനയുടെ പ്രധാന പ്രവര്‍ത്തനങ്ങളിലേക്കെത്തിച്ചത്. കൃത്യമായ ജനാധിപത്യ സ്വഭാവമുള്ള സംഘടനയാണിത്. 15 പേരടങ്ങുന്ന സ്റ്റേറ്റ് വര്‍ക്കിങ് കമ്മറ്റിയാണ് സംഘടനക്കുള്ളത്. ഞാന്‍ അതിലൊരംഗമാണ്. ഞങ്ങളെല്ലാം ചേര്‍ന്ന് തീരുമാനങ്ങളും അഭിപ്രായ രൂപീകരണവും നടത്തും. വളണ്ടിയര്‍സ്, ജില്ലാ യൂണിറ്റ്, ലോക്കല്‍ യൂണിറ്റ് വിവിധ ഡിപ്പാര്ട്‌മെന്റുകള്‍ എന്നിവയിലൂടെയാണ് സംഘടനപ്രവര്‍ത്തിക്കുന്നത്. ഇത് എന്‍.ജി.ഒ. അല്ല. ഫണ്ടഡ് ഓര്‍ഗനൈസേഷന്‍ അല്ല. മതങ്ങള്‍ക്കെതിരേയുള്ള കണ്‍സ്ട്രക്ടീവ് ക്രിട്ടിസിസം മാത്രമല്ല എം.എ.എന്‍.എസ്. ചെയ്യുന്നത്. 15 വ്യത്യസ്ത സബ് കമ്മറ്റീസ് ഉണ്ട്. ഓരോ കമ്മറ്റിയും ഓരോ കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു കമ്മറ്റി ആള്‍ദൈവങ്ങളുടെ കള്ളി വെളിച്ചത്തുകൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്.
2013-ലെ ആന്റി ബ്ലാക്ക് മാജിക് ആക്ടില്‍ ആള്‍ദൈവങ്ങള്‍ക്കെതിരേയുള്ള ചട്ടങ്ങള്‍ കൂടിയുള്ളതുകൊണ്ട് ആ കമ്മറ്റിയുടെ പ്രവര്‍ത്തനം എളുപ്പമായി. പ്രതിവര്‍ഷം അത്തരം 100 കേസുകളെങ്കിലും റജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. വളണ്ടിയര്‍മാര്‍ ഗ്രാമങ്ങളില്‍ പോയി മിറാക്കിള്‍ ഡിബങ്കിങ് ക്ലാസ്സുകളെടുക്കാറുണ്ട്. പടക്കരഹിത ദീപാവലി കാമ്പയിനുകളും നടത്താറുണ്ട്. പരിസ്ഥിതി സൗഹൃദമായ ഗണേശോത്സവം ആന്റി അഡിക്ഷന്‍ കാമ്പയിന്‍ തുടങ്ങി നിരവധി കാമ്പയിനുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. യുവതയ്ക്കായി 5000 വരിക്കാരുള്ള അന്ധശ്രദ്ധ നിര്‍മൂലന്‍ വാര്‍ത്ത് പത്ര് എന്ന മാസിക പുറത്തിറക്കുന്നുണ്ട്. സ്‌കൂളുകളിലും കോളേജുകളും സയന്റിഫിക് ടെംപര്‍മെന്റ് ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വിങ് ഉണ്ട്. ഇതുകൂടാതെ പബ്ലിക്കേഷന്‍ ഹൗസിലൂടെ പുസ്തകങ്ങളും പുറത്തിറക്കുന്നുണ്ട്. ദബോല്‍ക്കരുടെ പുസ്തകങ്ങള്‍ പണ്ട് മറാഠിയില്‍ മാത്രം വന്നിരുന്നത് ഇപ്പോള്‍ പരിഭാഷപ്പെടുത്തി ഹിന്ദിയിലും ഇംഗ്ലീഷലും പ്രസിദ്ധീകരിച്ചു.

എംഎഎന്‍എസ്സിനു പുറമെ സമൂഹത്തിന്റെ മാനസ്സികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പരിവര്‍ത്തന്‍ എന്ന സംഘടനയുടെ ഭാഗമായി കൂടി താങ്കള്‍ പ്രവര്‍ത്തിക്കുന്നില്ലേ. അതിലെ പ്രവര്‍ത്തനങ്ങളെന്തൊക്കെയാണ്...
ഒരു ടെയ്രിന്‍ഡ് സൈക്കോളജിസ്റ്റ് ആണ് ഞാന്‍. മാനസികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള സര്‍ക്കാരിതര സംഘടനയാണ് പരിവര്‍ത്തന്‍ ട്രസ്റ്റ്. നരേന്ദ്ര ദബോല്‍ക്കര്‍ തന്നെയാണ് അതും സ്ഥാപിച്ചത്. അന്ധവിശ്വാസവും മാനസികാരോഗ്യവും പരസ്പരം ഓവര്‍ലാപ് ചെയ്ത് കിടക്കുന്ന സംഗതികളാണ്. ഇക്കാര്യത്തെ കുറിച്ച് അച്ഛന് യുക്തി വാദ പ്രസ്ഥാനത്തിന്റെ തുടക്കം മുതലേ ബോധ്യമുണ്ടായിരുന്നു. അന്ധവിശ്വാസം തുടങ്ങുന്നതു തന്നെ മനുഷ്യമനസ്സിലാണല്ലോ. നിങ്ങള്‍ക്ക് നിങ്ങളുടെ വികാരങ്ങളെയും വിചാരങ്ങളെയും തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു യുക്തിവാദിയാവല്‍ ബുദ്ധിമുട്ടായിരിക്കും.
മാനസികാരോഗ്യ പരിചരണത്തില്‍ സാമൂഹിക മാതൃകകള്‍ വികസിപ്പിക്കലാണ് പരിവര്‍ത്തന്‍ പ്രധാനമായും ചെയ്യുന്നത്. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു പാട് മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ മനുഷ്യര്‍ അനുഭവിക്കുന്നുണ്ട്. 30 ശതമാനം ആതമഹത്യകളാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ നടക്കുന്നത്. അതില്‍ പകുതിയും യുവതയാണ്. അംഗങ്ങളെ പ്രത്യേകമായി നിയമിച്ച് ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഭ്രാന്തായും വട്ടായുമൊക്കെയാണ് മാനസികാരോഗ്യ പ്രശ്‌നത്തെ പലരും കാണുന്നത്. 10,000 സെക്കാട്രിസ്റ്റുകളേ ആകെ ഇന്ത്യയിലുള്ളൂ. സൈക്കോളജിസ്റ്റുകളെല്ലാം അതിലും കുറവാണ്. അതിനാല്‍ തന്നെ മാനസ്സികരോഗ്യ ശ്രദ്ധക്ക് ഞങ്ങള്‍ വികസിപ്പിച്ചത് കമ്മ്യൂണിറ്റി ബേസ്ഡ് കൊളാബറേറ്റീവ് കെയര്‍ ആണ്. ഇതു പ്രകാരം സൈക്കോളോജിക്കല്‍ പ്രശ്‌നങ്ങളുള്ളവരെ എങ്ങനെ തിരിച്ചറിയാം എന്ന പരിശീലനം ആശ വര്‍ക്കര്‍മാര്‍ക്കോ സാധാരണക്കാരായ ചിലര്‍ക്കോ നല്‍കും. എന്നിട്ടവരെ സൈക്കാട്രിസ്റ്റുകളും കൗണ്‍സിലര്‍മാരുമുള്ള ടീം സൂപ്പര്‍വൈസ് ചെയ്യും. അത്തരത്തില്‍ മഹാരാഷ്ട്രയിലെ മൂന്നാല് ജില്ലകളില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അസ്സമിലും അരുണാചല്‍ പ്രദേശിലും ചെറിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ആളുകളുടെ വീട്ടുപതിവാതില്‍ക്കലേക്ക് മാനിസാരോഗ്യ സേവനം നല്‍കുകയാണ് ഇതിലൂടെ. ഇന്ത്യയില്‍ മാനസികാരോഗ്യപ്രശ്‌നങ്ങളുള്ള 80 ശതമാനം പേര്‍ക്കും മാനസികാരോഗ്യ സേവനം ലഭിക്കുന്നില്ല. സൈക്കാട്രിസ്റ്റിനടുത്തേക്ക് എത്തിയാല്‍ തന്നെ അവര്‍ക്ക് മെഡിക്കേഷനാണ് പലപ്പോഴും ലഭിക്കുന്നത്. മാനസ്സികവും സാമൂഹികവുമായ പിന്തുണയോ കൗണ്‍സിലിങ്ങോ പലപ്പോഴും ലഭിക്കുന്നില്ല. യുവതയുടെ മാനസ്സികാരോഗ്യവുമായി ബന്ധപ്പെട്ട് ഒരു പൈലറ്റ് പദ്ധതി വിജയകരമായി ചെയ്തിട്ടുണ്ട് ഞങ്ങള്‍. കോളേജുകളിലാണ് ഇത് നടപ്പാക്കിയിരിക്കുന്നത്.. ഒരു വെബ്‌സൈറ്റ അതിനായി ഡെവലപ് ചെയ്തിട്ടുണ്ട്.
മാനസ്സികാരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളെ യുക്തിവാദപ്രവര്‍ത്തനങ്ങളിലേക്ക് ഇഴചേര്‍ത്തിക്കൊണ്ടു പോകുന്നതെങ്ങനെയാണ്..
എംഎഎന്‍എസ്സെിലെ 14 ഡിവിഷനുകളിലൊന്നാണ് മാനസ് മൈത്രി. ഈ പദ്ധതിയുടെ ഭാഗമായി എംഎഎന്‍എസ് വളണ്ടിയര്‍മാര്‍ക്ക് മനുഷ്യമനസ്സിനെ കുറിച്ചും മാനസികമായ വൈഷമ്യങ്ങളെ കുറിച്ചും ശാസ്ത്രീയമായ അറിവ് കൊടുത്ത് പരിശീലനം നല്‍കുന്നുണ്ട്. ഒരുപാടു മെഗാബാബകളുടെയും ആള്‍ദൈവങ്ങളുടെയും വളര്‍ച്ച വലിയതോതിലാണ് കഴിഞ്ഞ 30 വര്‍ഷം സംഭവിച്ചത്. അതിനു സമാന്തരമായി മനുഷ്യരുടെ ഉള്ളല്‍ മാനസ്സിക വ്യഥകളും ആഗോളവത്കരണാന്തരം ക്രമാതീതമായി വര്‍ധിച്ചു. രാംപാല്‍, റാം റഹീം സിങ്, ആശാറാം, സദ്ഗുരു പോലുള്ളവരുടെ അടുത്തേക്ക് പോകുന്ന ഭൂരിഭാഗം പേരും ഒരു രീതിയിലോ മറ്റൊരു രീതിയിലോ ഉള്ള മാനസ്സിക വൈഷമ്യങ്ങള്‍ അനുഭവിക്കുന്നവരാകും. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു റാഷണല്‍ സൊലൂഷന്‍സ് ഇല്ലാത്തതുകൊണ്ടാണ് അവര്‍ ആള്‍ദൈവങ്ങളുടെ പിന്നാലെ പോകുന്നത്. അതിനാല്‍ ഞങ്ങള്‍ ഇത്തരം മാനസ്സിക വ്യഥയിലൂടെ പോകുന്നവരുമായി എങ്ങനെയാണ് സംസാരിക്കേണ്ടതെന്ന് വളണ്ടിയര്‍മാരെ പരിശീലിപ്പിക്കും. ശാസ്ത്രീയമായി എങ്ങനെ സ്വയം സഹായിക്കാം എന്നൊക്കെ പറഞ്ഞു കൊടുക്കും. ആന്റി ബ്ലാക്ക് മാജിക് ആക്ട് യുക്തിവാദത്തെ ഒരു വശത്ത് നിന്ന് അഡ്രസ് ചെയ്യുമെങ്കിലും മാനസ്സികാരോഗ്യ കാഴ്ചപ്പാടിലൂടെയും യുക്തിവാദപ്രവര്‍ത്തനങ്ങളെ അഡ്രസ് ചെയ്യുമ്പോഴേ അത് നമ്മളെ മൂലകാരണത്തിലേക്കും പരിഹാരത്തിലേക്കും എത്തിക്കൂ. ആ ഒരു ധാരണ ഞങ്ങള്‍ക്ക് വ്യക്തമായുണ്ട്. സൈലാനി ബാബാ ദര്‍ഗ എന്നൊരു സ്ഥലമുണ്ട് മഹാരാഷ്ട്രയില്‍. മതപരമായ രീതിയില്‍ മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ ചികിത്സിക്കുമെന്ന് പറഞ്ഞ് പ്രസിദ്ധിയാര്‍ജ്ജിച്ച ഇടമാണത്. മാനസികാരോഗ്യപ്രശ്‌നത്തിന് ശമനം കിട്ടുമെന്ന് പ്രതീക്ഷിച്ച് ആയിരക്കണക്കിന് പേരാണ് അവിടെ വരുന്നത്. മെഡിക്കല്‍ സര്‍വ്വീസൊന്നും അവിടെയില്ല. എന്നാല്‍ ഈ പ്രശ്‌നങ്ങളിലൊന്നും ഏറ്റമുട്ടല്‍ രീതിയല്ല ഞങ്ങള്‍ പിന്തുടരാറ്. അവിടെ പോവുന്നവരെ കളിയാക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും പകരം ആധുനിക ചികിത്സ സ്വീകരിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് അവരോട് പറയും. എന്നിട്ടത്തരം ചികിത്സ നല്‍കും. ബുല്‍ധാന ജില്ലയില്‍ വളണ്ടിയര്‍മാരുടെയും സൈക്കാട്രിസ്റ്റിന്റെയും കൗണ്‍സിലര്‍മാരുടെയുമെല്ലാം സഹായത്തോടെ കുറെയാളുകളെ ചികിത്സിച്ചിട്ടുണ്ട്. അവസാന രണ്ട്് വര്‍ഷം കടുത്ത രോഗാവസ്ഥയിലായ 350 ആളുകളെയാണ് ചികിത്സിച്ചത്.
ആള്‍ദൈവങ്ങള്‍ വളരുന്നത് സയന്റിഫിക് ടെമ്പറില്ലാത്ത മാനസികാരോഗ്യം കുറഞ്ഞ സമൂഹത്തിലാണെന്നാണോ താങ്കള്‍ ഇത്രനേരം പറഞ്ഞതില്‍ നിന്ന്് മനസ്സിലാക്കേണ്ടത്.
സയന്റിഫിക് ടെംപര്‍മെന്റ് ഇല്ലാത്ത, സംശയങ്ങളില്ലാത്ത, ചോദ്യങ്ങള്‍ ചോദിക്കാത്ത സമൂഹത്തില്‍ ആള്‍ദൈവങ്ങള്‍ക്ക് വളരാനുള്ള സാധ്യത കൂടുതലാണ്. രണ്ടാമത് മാനസ്സികാരോഗ്യത്തെ കുറിച്ചുള്ള ബോധവത്കരണമില്ലായ്മയും മാനസ്സികാരോഗ്യ പരിചരണം ലഭിക്കാതിരിക്കലും സമൂഹത്തില്‍ കൂടുതലാണ്. അതിനുപുറമെ മാനസികരോഗ്യത്തെ കുറിച്ചുള്ള സ്റ്റിഗ്മയുമുണ്ട്. ആള്‍ദൈവങ്ങള്‍ക്ക് പുറകെ പോകുന്ന ഏതൊരാളോടും നിങ്ങള്‍ തിരക്കി നോക്കൂ. അവര്‍ക്കെന്തെങ്കിലും പ്രശ്‌നമുണ്ടാവും. അതുമൂലമുള്ള മാനസ്സിക വ്യഥകളും. എന്നാല്‍ അതിനുള്ള സേവനമോ ബോധവത്കരണമോ അവര്‍ക്കെവിടെ നിന്നും കിട്ടിയുണ്ടാവില്ല. ആള്‍ദൈവങ്ങളുടെ പിന്‍ഗാമി ആവുമ്പോള്‍ കിട്ടുന്ന സാമൂഹിക സ്വീകാര്യത നിങ്ങള്‍ക്ക് മാനസികാരോഗ്യ കേന്ദ്രത്തില്‍ പോകുമ്പോള്‍ ലഭിക്കില്ല. സൈക്കാട്രസ്റ്റിന്റെ അടുത്തു പോയാല്‍ അത് സ്റ്റി്ഗ്മയാണ്. ഇതിനെല്ലാത്തിനും പുറമെ ആള്‍ദൈവങ്ങള്‍ക്ക് കിട്ടുന്ന രാഷ്ട്രീയാധികാരവും സ്വാധീനവും പിന്‍ഗാമികളെ കൂട്ടുന്ന ഘടകമാണ്. ഇതെല്ലാം ആള്‍ദൈവങ്ങളുടെ വളര്‍ച്ചയ്ക്കും സ്വീകാര്യതയ്ക്കും കാരണമാവുന്നുണ്ട്.

സ്യൂഡോ സയന്‍സിനെയും ആള്‍ദൈവങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് ബിജെപിക്കുള്ളത്. ബിജെപിയുടെ പല നേതാക്കളും ഇത്തരക്കാരെ പന്തുണക്കുന്നതും ശാസ്ത്രവിരുദ്ധതത സംസാരിക്കുന്നതും വളരെ സാധാരണമാണ് ഇപ്പോള്‍. ജനം വിഡ്ഡിയായിരിക്കുന്തോറും അധികാരത്തില്‍ തങ്ങളുടെ സാധ്യത കൂടുമെന്ന ചിന്തയില്‍ സയന്റിഫിക് ടെമ്പര്‍മോഡിലേക്ക് മനുഷ്യര്‍ പോവരുതെന്ന ബോധപൂര്‍വ്വ അജണ്ട ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കുണ്ട് എന്ന് തോന്നുന്നുണ്ടോ....
ഏതാണ്ടെല്ലാ പാര്‍ട്ടികളിലും ഇക്കാര്യങ്ങള്‍ നടക്കുന്നുണ്ട്. അശാസ്ത്രീയമായ കാര്യങ്ങള്‍ ബിജെപി നേതാക്കള്‍ പ്രചരിപ്പിച്ചതിന് നമ്മുടെ മുന്നില്‍ എത്രേയോ ഉദാഹരണങ്ങളുണ്ട്. പറക്കാന്‍ പോവുന്ന റാഫേല്‍ ജെറ്റിനടിയില്‍ ചെറുനാരങ്ങ വെച്ചതടക്കം. പക്ഷെ കോണ്‍ഗ്രസ് ഭരണകാലത്തും ഇതെല്ലാം നടന്നിട്ടുണ്ട്. നരസിംഹറാവുവിന്റെ ആത്മീയ ഉപദേഷ്ടാവായിരുന്നു മന്ത്രവാദിയായ ചന്ദ്രസ്വാമി. ഇന്ദിരാഗാന്ധിക്കും സ്വന്തം ജോത്സ്യന്‍ ഉണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ ആന്റി ബ്ലാക്ക് മാജിക് ആക്ട് നടപ്പിലാക്കാന്‍ കോണ്‍ഗ്രസ്സിന് 15 വര്‍ഷമെടുത്തു അതും ദബോല്‍ക്കരുടെ വധത്തിനു ശേഷമാണ് നടന്നത്. പുരോഗമന സ്വഭാവമുള്ള പാര്‍ട്ടിയായിട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആന്റി ബ്ലാക്ക് മാജിക് ബില്‍ കേരളത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. യുക്തി രാഹിത്യവും അശാസ്ത്രീയ പ്രചാരണങ്ങളും പാര്‍ട്ടികള്‍ക്കതീതമായുണ്ട്. ചിലതില്‍ കുറവും ചിലതില്‍ കൂടുതലുമാണ്. അത് ഞങ്ങളുടെയെല്ലാം പോരാട്ടത്തെ കൂടുതല്‍ ദുഷ്‌കരമാക്കുന്നു.
അശാസ്ത്രീയതയും അന്തവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതുമായ ബിജെപിയുടെ അജണ്ടകള്‍ പ്രതിപക്ഷപാര്‍ട്ടികളുമായി സാമാന്യവത്കരിച്ച് പറയുന്നത് ശാസ്ത്ര വിരുദ്ധ ശക്തികള്‍ക്ക് സ്വീകാര്യത കൊടുക്കുകയല്ലേ ചെയ്യുക...
ബിജെപിയുടെ അജണ്ടകളെ സാമാന്യവത്കരിക്കുന്നത് ശരിയല്ല എന്ന് പറയുന്നത് ഞാന്‍ മനസ്സിലാക്കുന്നു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപി അജണ്ടയില്‍ പലപ്പോഴും വീഴുകയാണ്. പ്രിയങ്കയും രാഹുലും ഇന്ത്യയുടനീളമുള്ള അമ്പലങ്ങള്‍ സന്ദര്‍ശിക്കുന്നത് കാണുന്നില്ലേ. പ്രതിപക്ഷത്തിന്റെ ഈ നിലപാട് ഈ പോരാട്ടം കടുപ്പമുള്ളതാക്കുന്നു. അച്ഛന്‍ വധിക്കപ്പെടുന്നത് കോണ്‍ഗ്രസ് ഭരണകാലത്താണ്. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത് കോണ്‍ഗ്രസ്സായിരുന്നു. പക്ഷെ അന്വേഷണത്തില്‍ വേണ്ട പുരോഗതി ഉണ്ടായില്ല. ഒരു സാധാരണക്കാരന്റ ആംഗിളില്‍ നിന്ന് നോക്കി കാണുമ്പോള്‍ ബിജെപിയുടെ ഓപ്പറേഷനുകളെല്ലാം കൂടുതല്‍ വിനാനാശകരമാണ് ജനാധിപത്യത്തിന്. നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷവും ഇതിലൊന്നും അധികം പിന്നിലല്ല. അവരും ഭരണഘടനയുടെ യഥാര്‍ഥ സ്പിരിറ്റ് പിന്തുടരുന്നില്ല. എംഎഎന്‍എസ് ദീര്‍ഘകാലമായി ചെയ്യുന്നത് രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ് പക്ഷെ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗം പിടിച്ച് സംസാരിക്കാന്‍ എംഎഎന്‍എസ് ആഗ്രഹിക്കുന്നില്ല.
*അച്ഛന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടുപോവുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ തടസ്സങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ...
ഞങ്ങളെ സംബന്ധിച്ച് അനവധി നിരവധി തടസ്സങ്ങളുണ്ടായിരുന്നു . അതിലാദ്യത്തേത് മനുഷ്യരുടെ തലയിലുള്ള യുക്തിരാഹിത്യത്തെ നേരിടല്‍ ആണ്. നിങ്ങള്‍ യുക്തിപരമായി ചിന്തിക്കുന്നത് സ്വാഭാവികമായി സംഭവിക്കുന്നതല്ല. അതിന് പ്രത്യേക പരിശ്രമം വേണം എന്നതാണ് ഏത് യുക്തിവാദ പ്രസ്ഥാനങ്ങളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യയിലായാലും മഹാരാഷ്ട്രയിലായാലും അന്ധവിശ്വാസവും ഭക്തിയും പ്രചരിപ്പിക്കലാണ് ഏറ്റവും എളുപ്പം. രണ്ടാമത്തെ വെല്ലുവിളി നിലവിലെ രാഷ്ട്രീയ അന്തരീക്ഷമാണ്. അത് പുരോഗമന ചിന്തകള്‍ക്കോ സയന്റിഫിക് ടെമ്പര്‍മെന്റിനോ ക്രിയാത്മകമായ മതവിമര്‍ശനത്തിനോ പ്രേരകമാവുന്നതല്ല. മൂന്നാമത്തെ കാര്യം ഞങ്ങള്‍ക്ക് ഞങ്ങളുടെ യുദ്ധം പല അടരുകളായി നടത്തേണ്ടതുണ്ട്. ഒരു ഭാഗത്ത് ജോലി തുടരേണം, തിരോധാനത്തിലെ ലീഗല്‍ യുദ്ധങ്ങളമായി മുന്നോട്ടു പോവണം. പിന്നെ സാമൂഹിക രാഷ്ട്രീയ പോരാട്ടങ്ങളുണ്ട്. ഈ എല്ലാ വ്യത്യസ്ത തലങ്ങളിലും ഞങ്ങള്‍ ആശ കൈവിടാതെ സുസ്ഥിരമായി പ്രവര്‍ത്തനം മുന്നോട്ടു കെണ്ട് പോവാന്‍ ശ്രമിക്കുന്നുണ്ട്.
ഇവിടെ കേരളത്തില്‍ വിവിധ തരം പുരോഗമന പ്രസ്ഥാനങ്ങളും സയന്റിഫിക് ടെമ്പര്‍ പ്രചരിപ്പിക്കുന്ന സംഘടനകളുമുണ്ട്. എന്നാല്‍ ഫാസിസത്തിനെതിരേ പ്രവര്‍ത്തിക്കുന്നതിനും ശാസ്ത്രവും നവ്വോത്ഥാന മൂല്യങ്ങളും പ്രചരപ്പിക്കുന്നതിനും പകരം യുക്തിവാദ സംഘങ്ങളിലെ ഒരു വിഭാഗം ദൈവനിരാസത്തില്‍ മാത്രം പ്രവര്‍ത്തനമേഖല കേന്ദ്രീകരിക്കുന്നവരാണ്... ദൈവനിരാസം പ്രചരിപ്പിക്കുക എന്നത് മാത്രമാണോ യുക്തിവാദികളുടെ വഴി..
തുടക്കം മുതലേ എംഎഎന്‍എസ്സിന് വളരെ കൃത്യമായ നിലപാടാണുണ്ടായിരുന്നത്. ഇന്ത്യയിലെയും വിദേശത്തെയും നിരീശ്വരവാദ യുക്തിവാദ പ്രസ്ഥാനങ്ങളെന്ന് പറയപ്പെടുന്നവയില്‍ നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തനമണ്ഡലമാണതിന്. ദൈവത്തെ സംബന്ധിച്ചും മതത്തെ സംബന്ധിച്ചും ഉള്ള ഞങ്ങളുടെ നിലപാട് എന്നും ന്യൂട്രല്‍ ആണ്. ദൈവവിശ്വാസം ഉപേക്ഷിച്ചവരെ മാത്രമേ അംഗങ്ങളാക്കൂ എന്ന നയം ഞങ്ങള്‍ക്കില്ല. എല്ലാ പൗരന്‍മാര്‍ക്കും വിശ്വാസികളാവാനും അല്ലാതിരിക്കാനുമുള്ള അവകാശം നമ്മുടെ ഭരണഘടന നല്‍കുന്നുണ്ട്. പക്ഷെ ദൈവത്തെ ഉപയോഗിച്ച് ചൂഷണം ചെയ്യുന്നതിന് ഞങ്ങള്‍ തീര്‍ത്തും എതിരാണ്.

ഇന്ത്യന്‍ പാരമ്പര്യത്തില്‍ മതത്തെയും ദൈവത്തെയും പല രീതിയില്‍ വ്യാഖ്യാനിക്കാം. മനുഷ്യത്വപരമായി വ്യാഖ്യാനിക്കുന്നതിനെ നമ്മള്‍ സ്വാഗതം ചെയ്യും. പട്ടിണി കിടക്കുന്നവന് ഭക്ഷണം കൊടുക്കുക, ദാഹിക്കുന്നവന് വെള്ളം കൊടുക്കുക എന്നതൊക്കെ മതപരമായ കടമയാണെന്നും താനാപ്രവൃത്തികളില്‍ ദൈവത്തെ കാണുന്നുവെന്നും ഒരാള്‍ പറഞ്ഞാല്‍ നമുക്ക് അതില്‍ പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ല. ഫാസിസത്തിനെതിരേ പോരാടുന്ന ഘട്ടത്തിലും ഈ നിലപാട് പ്രധാനമാണ്. ഫാസിസം നിലനില്‍ക്കുന്നത് തന്നെ ധ്രുവീകരണം നടത്തിയാണ്. എന്റെ അച്ഛന്‍ എപ്പോഴും പറയുന്നത് നമ്മള്‍ ബഹുജനങ്ങള്‍ക്കൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. അങ്ങനെ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ അവരുടെ പ്രധാന വിശ്വാസങ്ങളെയും കണക്കിലെടുക്കേതുണ്ട് എന്നാണ്. നമ്മള്‍ ആളുകളെ കളിയാക്കാനും നിന്ദിക്കാനുമല്ല ഇത്തരമൊരു പ്രസ്ഥാനം കൊണ്ടു നടക്കുന്നതെന്നതും അച്ഛന്‍ എപ്പോഴും പറയാറുള്ള കാര്യമാണ്. നരേന്ദ്ര ദബോല്‍ക്കറുടെ തിരോധാനത്തിനു ശേഷവും എംഎഎന്‍എസ് നിലനില്‍ക്കുന്നത് ഈ നിലപാട് കൊണ്ടാണ്. ദൈവ-മത സങ്കല്‍പങ്ങളുടെ ചൂഷണത്തെ വേര്‍തിരിച്ച് കാണിച്ചു കൊടുക്കുന്ന ബോധവത്കരണ രീതികളാണ് നമ്മളന്നും ഇന്നും ചെയ്തുകൊണ്ടിരിക്കുന്നത്. നിന്ദിക്കലല്ല.
ഇന്ത്യന്‍ ജനാധിപത്യത്തിലും സമൂഹത്തിലും വിദ്യാഭ്യാസത്തിനു വലിയ സ്വാധീനമാണുള്ളത്. പുതിയ വിദ്യാഭ്യാസ നയം ടെക്‌സ്റ്റ്ബുക്കിലൂടെ പിന്തിരിപ്പന്‍ ആശങ്ങളെഒളിച്ചു കടത്തുന്നുവെന്നും വിമര്‍ശനാത്മക ചിന്തയെയും യുക്തി ചന്തയെയുമെല്ലാം അത് അടിച്ചമര്‍ത്തുന്നെന്നുമുള്ള ആരോപണവുമുണ്ട്..
സയന്റിഫിക് ടെമ്പര്‍മെന്റിനെ കുറിച്ചും അന്വേഷണാത്മക മനസ്സിനെ കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ട്. വിദ്യാഭ്യാസത്തെ സഹായിക്കുന്ന പല കാര്യങ്ങളുമതിലുണ്ട്. അതേസമയം വിദ്യാഭ്യാസ നയത്തില്‍ ചില അജണ്ടയുണ്ട്. പിന്തിരിപ്പന്‍ കാര്യങ്ങള്‍ അവരതിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. ഇന്ത്യയുടെ പൈതൃകത്തിന്റെയും പാരമ്പര്യ അറിവിന്റെയുമെല്ലാം മൂടുപടമണിഞ്ഞാണ് അതെല്ലാം കടന്നു വന്നിരിക്കുന്നത്. ആസ്‌ട്രോളജി കോഴ്‌സുകള്‍ ചില പ്രത്യേക സര്‍വ്വകലാശാലകളില്‍ ആരംഭിച്ചിരിക്കുന്നു. ടെക്‌സ്റ്റ്ബുക്ക് ഓഫ് ഇന്ത്യന്‍ നോളജ് സിസ്റ്റം എന്ന് പറഞ്ഞ് അവതരിപ്പിക്കുന്നതില്‍ ഒരുപാട് അശാസ്ത്രീയ അവകാശവാദങ്ങളുണ്ട്. അതേസമയം പ്രാചീന ഇന്ത്യന്‍ വിജ്ഞാനമെന്നത് എല്ലായ്‌പ്പോഴും അശാസ്ത്രീയമാണെന്ന പ്രചാരണവും ശരിയല്ല. ബുദ്ധിസവും പ്രാചീന ഇന്ത്യന്‍ വിജ്ഞാനത്തിന്റെ ഭാഗമാണ്. അതിന്റെ അടിസ്ഥാനം തന്നെ ചോദ്യങ്ങള്‍ ചോദിക്കുന്നതാണ്.

ചാര്‍വാകനും പ്രാചീന ഇന്ത്യന്‍ വിജ്ഞാനശാഖയുടെ ഭാഗമാണ്. ഈ ഇന്ത്യന്‍ വിജ്ഞാന ശാഖയെ നമ്മളെങ്ങനെ സമീപിക്കുന്നു എന്നതും പ്രധാനമാണ്. ചാര്‍വാകപഠനവും ബുദ്ധപഠനവും പഠിപ്പിക്കുന്ന എത്രയോ കോളേജുകള്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അശാസ്ത്രീയമെന്ന് പറഞ്ഞ് ഇതിനെയെല്ലാം തള്ളിക്കളയാനാവില്ല. ഒന്നുകില്‍ പ്രാചീന ഇന്ത്യന്‍ വിജ്ഞാനം മുഴുവനും ശാസ്ത്രീയം അല്ലെങ്കില്‍ പ്രാചീന ഇന്ത്യന്‍ വിജ്ഞാന ശാഖ മുഴുവന്‍ അശാസ്ത്രീയം എന്ന നിലയില്‍ രണ്ട് നിലപാടുകളാണ് കാണുന്നത്. വിഷയങ്ങളില്‍ ധ്രുവീകരണ നിലപാടെടുക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. ആ നിലപാട് എടുക്കുന്നത് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ആഖ്യാനത്തെ തീറ്റിപ്പോറ്റുന്നതിന് തുല്യമാണ്. എംഎഎന്‍എസ് അത്തരത്തിലുള്ള ധ്രുവീകരണ നിലപാട് ഒരിക്കലും കൈക്കൊള്ളാറില്ല.
മുന്‍പ് ആള്‍ദൈവങ്ങള്‍ മാജിക്കുകള്‍ കാണിച്ച് അമാനുഷിക ശക്തികളുണ്ടെന്ന് പറഞ്ഞാണ് ജനങ്ങളെ കൈയ്യിലെടുത്തിരുന്നത്. അന്ന് അവരുടെ തരികിട പ്രവൃത്തികളെ അപൂര്‍വ്വമായി മാത്രമേ കാമറക്കണ്ണുകള്‍ ഒപ്പിയിരുന്നുള്ളൂ. എല്ലാവരുടെയും കയ്യില്‍ മൊബൈല്‍ ഫോണ്‍ വന്നതോടെ അമാനുഷിക ശേഷി പ്രകടിപ്പിക്കല്‍ കുറഞ്ഞു. പകരം ഫിലോസഫിയും പ്രചോദനവും നല്‍കിയുള്ള മനസാസ്ത്രപരമായ സമീപനമാണ് ആള്‍ദൈവങ്ങള്‍ കൈക്കൊള്ളുന്നത്്. ആള്‍ദൈവങ്ങളുടെ ഓപ്പറേറ്റിങ് രീതികളില്‍ വന്ന മാറ്റത്തെ എങ്ങനെ കാണുന്നു..
അമാനുഷിക കഴിവുകളുണ്ടെന്ന് അവകാശവാദങ്ങള്‍ ഇപ്പോഴധികം ഇല്ല. മൊബൈല്‍ കാമറകളെല്ലായിടത്തുമുള്ളത് ഒരു കാരണമാണ്. മുന്‍പ് സത്യസായിബാബ കാണിച്ച ചില ട്രക്കുകള്‍ കാമറ കണ്ണില്‍പ്പെട്ടിരുന്നു. എംഎഎന്‍എസ് ഇത്തരം ട്രിക്കുകള്‍ വെളിച്ചത്തുകൊണ്ടു വന്നിട്ടുള്ള എത്രയെത്രയോ പബ്ലിക് ഡെമോണ്‍സ്ട്രേഷൻ ചെയ്തിരുന്നു. എന്നിട്ടും ആളുകള്‍ അവരെ വിശ്വസിച്ചു. അതൊരു യാഥാര്‍ഥ്യമാണ്. ഇപ്പോള്‍ പലതും വിശ്വസിക്കാത്തതില്‍ ആളുകള്‍ക്ക് ലഭിച്ച വിദ്യാഭ്യാസവും ബോധവത്കരണവും ഒരു കാരണമാണ്. അതേ സമയം കാലം മാറിയപ്പോള്‍ അമാനുഷികപ്രകടനങ്ങളുടെ രൂപവും ഭാവവും മാറി എന്നതും സത്യമാണ്. ബാഗേശ്വര്‍ ധാം എന്നയാള്‍ മനസ്സ് വായിക്കുന്ന ട്രിക്കിലൂടെയാണ് ആളുകളിലേക്കെത്തുന്നത്. മൈന്‍ഡ് റീഡിങ് എന്നത് കാമറയില്‍ പകര്‍ത്തി സത്യം പുറത്താക്കാന്‍ പറ്റില്ല. പരിചയമില്ലാത്തയാളുടെ പേരും ചരിത്രും തനിക്ക് പറയാന്‍ പറ്റുമെന്നാണ് അയാള്‍ അവകാശപ്പെടുന്നത്.സ്യൂടോ സയന്‍സിനെ പോപ്പുലറൈസ് ചെയ്യുന്ന രീതിയാണ് പഴയ അമാനുഷിക പ്രകടനങ്ങളേക്കാള്‍ ഇപ്പോള്‍ കൂടുതലായി കാണുന്നത്. പല ബാബകളും തങ്ങള്‍ ശാസ്ത്രം സംസാരിക്കുന്നുവെന്ന വ്യാജേനയാണ് സംസാരിക്കുന്നത്. സദ്ഗുരുവിന്റെ കാര്യം തന്നെ നോക്കിയാല്‍, ശാസ്ത്രവും ഇറാഷണാലിറ്റിയും ഒരുമിച്ച് ചേര്‍ക്കും. ഇംഗ്ലീഷില്‍ നല്ല ധാരണയുമുണ്ട്. ഇത് കേട്ട് ആളുകള്‍ ആകൃഷ്ടരാവും.

*നല്ല ഫിലോസഫിക്കലായും അയാള്‍ സംസാരിക്കും...
അതെ നല്ല ഫിലോസഫിക്കലായി സംസാരിക്കും. അതു കൊണ്ട് തന്നെ കള്ളവും സത്യവും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ തന്നെ ബുദ്ധിമുട്ടും. യോഗയിലൂടെ തലച്ചോറിലെ ന്യൂറോണല്‍ റജുവിനേഷന്‍ കൂടുതലായി നടക്കുമെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് തലച്ചോറ് സംബന്ധമായ പ്രശ്‌നം വന്നാല്‍ ഡോക്ടറുടെ അടുത്ത പോവും അഡ്മിറ്റാവും. ഇത്തരം ആള്‍ദൈവങ്ങളാല്‍ സ്വയം വിഡ്ഢികളാക്കപ്പെടാതിരിക്കാന്‍ നമ്മള്‍ കുറച്ചു കൂടി ബോധവതികളും അലര്‍ട്ടും ആവേണ്ടതുണ്ട്.
*സ്യൂഡോ സയന്‍സും, തത്വജ്ഞാനം പറച്ചിലുമെല്ലാം തുറന്നു പൊളിച്ചു കൊടുക്കാന്‍ ബുദ്ധിമുട്ടാണെന്നതും നേരിടുന്ന പ്രതിസന്ധിയല്ലേ...
അതെ തീര്‍ച്ചയായും. ശാസ്ത്രത്തിന്റെ ഭാഷയാണ് കപട ശാസ്ത്രകാരന്‍മാര്‍ ഉപയോഗിക്കുക. പക്ഷെ ശാസ്ത്ത്രതിന്റെ സ്പിരിട്ട് ആയ സയന്റിഫിക് ടെമ്പറമെന്റും കോസ് ഇഫക്ട് റിലേഷന്‍ഷിപ് എന്നിവയും മിസ്സിങ് ആയിരിക്കും. മിഡ് ബ്രെയിന്‍ ആക്ടിവേഷന്‍ അവകാശ വാദം പോലെ. അമിതാഭ് ബച്ചന്റെ കോന്‍ബനോഗയില്‍ ഒരു കുട്ടിയുടെ കണ്ണ് റിബണ്‍ കൊണ്ട് കെട്ടി പുസ്തകം വായിപ്പിക്കുന്നുണ്ട്. മിഡ്ബ്രയിന്‍ ആക്ടിവേഷന്‍ ചെയ്യുന്നതിലൂടെ ഉണരുന്ന തലച്ചോറിന്റെ പ്രത്യേക കഴിവുപയോഗിച്ചാണ് കണ്‍കെട്ടിയ അവസ്ഥയിലും കുട്ടിക്ക് വായിക്കാന്‍ കഴിയുന്നതെന്നാണ് അവകാശവാദം. അതിനെ നിര്‍വ്വചിക്കാന്‍ ഉപയോഗിക്കുന്ന ഭാഷ പൂര്‍ണ്ണമായും ശാസ്ത്രീയമായിരിക്കും. ഈ ശാസ്ത്ര ഭാഷ കേട്ട് തെറ്റിദ്ധരിക്കപ്പെട്ട് മിഡ്‌ബ്രെയിന്‍ ആക്ടിവേഷന്‍ കോഴ്‌സിനു വരെ കുട്ടികളെ അയക്കുന്ന മാതാപിതാക്കളുണ്ട്. ഇതൊക്കെ ഇപ്പോ വലിയ ഫാഷനുമാണ്. എന്നാല്‍ ഇത് പൊളിക്കാന്‍ എളുപ്പമാണ്. ബുക്ക് കുട്ടിയുടെ പുറകില്‍ വെച്ചാല്‍ വായിക്കാന്‍ പറ്റില്ല എന്നതാണ് സത്യം. മൂക്കിനും റിബണിനും ഇടയിലുള്ള ഗാപ്പിലായിരിക്കും കുട്ടികളിത് വായിക്കുക. കണ്ണുണ്ടായിരിക്കെ ഒരാള്‍ക്ക് എന്തിനാണ് കണ്‍പൂട്ടി വായിക്കേണ്ട ആവശ്യകത എന്ന സിമ്പിള്‍ ചോദ്യം ആരും ചോദിക്കില്ല. അങ്ങനെയൊരു ശക്തിയുണ്ടെങ്കില്‍ അത് കണ്ണ് കാണാത്തവര്‍ക്കല്ലേ പകര്‍ന്നു നല്‍കേണ്ടത്. ഈ യുക്തി ചിന്ത നടത്താതെതെ വ്യാജ ശാസ്ത്ര ഭാഷയില്‍ പലരും വീഴുകയാണ്.
ഡോ. നരേന്ദ്ര ദബോല്‍ക്കറിലേക്ക് തിരിച്ചു വരാം. അച്ഛന്‍ താങ്കളുടെ ജീവിതത്തെ സ്വാധീനിച്ചതിനെകുറിച്ച് സംസാരിച്ചല്ലോ. ആരാണ് അച്ഛനെ രൂപപ്പെടുത്തിയത്. ആരാണ് അച്ഛനെ സ്വാധീനിച്ചത്......
പുനെ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ആയിരുന്നു അച്ഛന്റെ മൂത്ത സഹോദനായ ഡോ. ദേവദത്ത ദബോല്‍ക്കര്‍. അദ്ദേഹം ഗാന്ധിയനായിരുന്നു. അദേഹത്തിന്റെ ജീവിതവും ചിന്തകളും അച്ഛന്റെ ജീവിതത്തല്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. അതുപോലെ തന്നെ മഹാത്മാ ഫൂലെ (ജ്യോതിറാവു ഫൂലെ )യും ഹമീദ് ദല്‍വായിയും അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഹമീദ് ദല്‍വായി എന്ന പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എനിക്ക് ഹമീദ് എന്ന പേര് അച്ഛനിടുന്നത്. ക്ലാസ്സിലെ കുട്ടികള്‍ പറഞ്ഞാണ് എന്റെ പേര് മുസ്ലിം പേരാണെന്ന് ഞാനറിയുന്നത് തന്നെ. അതേ കുറിച്ച് ഒരിക്കല്‍ അച്ഛനോട് ചോദിച്ചപ്പോഴാണ് ഹമീഡ് ദല്‍വായി എന്ന സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ പേരാണ് തനിക്കിട്ടിരിക്കുന്നതെന്ന് അച്ഛൻ പറയുന്നത്.. ഒപ്പം അച്ഛന്‍ ഇതു കൂടി പറഞ്ഞു- പേരിനു മതമില്ല. ആ വിശദീകരണം എനിക്ക് ധാരാളമായിരുന്നു. മുത്തലാഖിനെതിരേയുള്ള പോരാട്ടം തുടങ്ങിവെച്ച സാമൂഹിക പരിഷ്‌കര്‍ത്താവാണ് ഹമീദ് ദല്‍വായി. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ 70കള്‍ മുതലേ അച്ഛൻ സജീവമായിരുന്നെങ്കിലും ദല്‍വായി മരിച്ച് 10 വര്‍ഷം കഴിഞ്ഞാണ് അന്ത ശ്രദ്ധ നിര്‍മൂലന്‍ സിമിതി(എഎന്‍എസ്) അച്ഛന്‍ സ്ഥാപിക്കുന്നത്. ദല്‍വായിയുടെയും അച്ഛന്റെയും സഞ്ചാരപാതകളില്‍ ഒരുപാട് സമാനതകളുണ്ടായിരുന്നു. ദല്‍വായിയുടെ സംഘടനയായ മുസ്ലീം സത്യശോധക് സഭയ്ക്ക് ഫൂലെയുടെ സത്യശോധക് സമാജിനോട് ചേര്‍ന്ന പേരാണിട്ടിരിക്കുന്നത്.
*ദൈവവിശ്വാസികളല്ലാത്ത മനുഷ്യരുടെ വീട്ടുകാര്‍, മക്കള്‍, പങ്കാളികള്‍ പലപ്പോഴും ദൈവവിശ്വാസികളായിരിക്കുന്ന കാഴ്ച പൊതുവെ കാണാറുണ്ട്. നരേന്ദ്ര ദബോല്‍ക്കറുടെ കുടുംബത്തിന്റെ വിശ്വാസ ബോധ്യം എന്താണ്...
ദൈവത്തിനും മതത്തിനും എതിരല്ല ഞങ്ങള്‍ എന്നതാണ് ഞങ്ങളുടെ തുടക്കം മുതലുള്ള നിലപാട്. ഭൂരിപക്ഷം പേരും ദൈവവിശ്വാസികളായ സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. നിങ്ങള്‍ ഭരണഘടനയെ മാനിക്കുന്നവരാണെങ്കില്‍ കുടുംബത്തിലെ അംഗങ്ങൾ വിശ്വാസിയാവണോ അല്ലയോ എന്ന സ്വയം തിരഞ്ഞടെുപ്പിനെയും മാനിക്കണം. ഒരു യുക്തിവാദിയോ ഒരു സാധാരണ മനുഷ്യനോ ആയിക്കോട്ടെ. അവര്‍ ഒരു ജീവിത പാത തിരഞ്ഞെടുക്കുമ്പോള്‍ സമൂഹവും ജീവിതസാഹചര്യങ്ങളും എല്ലാം ഒരു പോലെ സ്വാധീനിക്കും. ആരും ആകാശത്ത് നിന്ന് പൊട്ടി വീഴുന്നവരല്ലല്ലോ. കുടുംബത്തിലൊരാള്‍ യുക്തിവാദിയല്ല എന്നത് മനസ്സിലാക്കാവുന്ന കാര്യമാണ്. അവരെ പരിഹസിക്കാതെ , നിന്ദിക്കാതെ നമുക്ക് സംവദിക്കാനാകണം എന്നതിനെയാണ് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്.
*അപ്പോഴും സ്വന്തം കുടുംബത്തെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത യുക്തിവാദികള്‍ക്കെങ്ങനെ സമൂഹത്തെ ബോധവത്കരിക്കാനാകും എന്ന ചോദ്യം പൊതുവെ നിരീശ്വരവാദികള്‍ നേരിടുന്ന ചോദ്യമാണ്....
ആ ചോദ്യം അവിടുണ്ടാവും. ഞങ്ങളാരെയും ബോധവത്കരിക്കാനല്ല ശ്രമിക്കുക. പകരം, ജീവിതത്തെ പല രീതിയില്‍ നോക്കി കാണാമെന്ന് അവര്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്. ആരെയും സമ്മര്‍ദ്ദത്തിലാക്കില്ല എന്നത് കുടുംബാംഗങ്ങളുടെ കാര്യത്തിലും തുടരും. മിലിട്ടന്റ് റാഷണലിസമല്ല പകരം ഡയലോഗ് മെത്തേഡാണ് ഞങ്ങള്‍ പിന്തുടരുന്നത്. സ്വന്തം ജീവിതത്തിന് യുക്തിവാദം കൊണ്ടുത്തരുന്ന മെച്ചങ്ങളെ ഒരാള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ അതവരുടെ തിരഞ്ഞെടുപ്പും ഇഷ്ടവുമാണ്. നമുക്കൊരാളുടെ സ്വയം തിരഞ്ഞെടുപ്പിനെ നിരാകരിക്കാനാവില്ല. പക്ഷെ നിങ്ങള്‍ നിങ്ങളുടെ വാദത്തില്‍ സത്യസന്ധത പുലര്‍ത്തുന്നുവെങ്കില്‍ അത് മറ്റുള്ളവര്‍ തിരിച്ചറിയുക തന്നെ ചെയ്യും. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് ദൈവത്തെയും മതത്തെയും ഉപയോഗിക്കാം, ദൈവത്തില്‍ വിശ്വസിക്കാം. എന്നാല്‍ നിങ്ങളെ ചൂഷണം ചെയ്യാന്‍ അനുവദിക്കരുത് എന്നതാണ് ഞങ്ങളെന്നും പറയുന്നത്. എന്റെ അമ്മയും അവരുടെ കുടുംബവുമെല്ലാം വിശ്വാസികളാണ്. എന്നാല്‍ കാലക്രമേണ അവര്‍ മാറി. ഗ്രാമത്തിലെ ക്ഷേത്ത്രതില്‍ പോവാന്‍ ആഗ്രഹം പ്രകടിപ്പിച്ച അമ്മയെ എന്റെ അച്ഛന്‍ കൊണ്ടുചെന്നാക്കി ക്ഷേത്രത്തിന് പുറത്ത് കാത്തു നിന്നിട്ടുണ്ട്. ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ മനുഷ്യര്‍ക്ക് അനേകം കാരണങ്ങളുണ്ട്. ഞങ്ങളെതിര്‍ക്കുന്നത് ദൈവത്തിന്റെയും മതത്തിന്റെയും പേരിലുള്ള ചൂഷണങ്ങളെയാണ് അല്ലാതെ ആ സങ്കല്‍പങ്ങളെയല്ല.
*ദൈവവിശ്വാസത്തെയും മതത്തെയും കേന്ദ്രം ഭരിക്കുന്നവര്‍ അനവസരത്തിലെല്ലാം വലിച്ചിഴച്ച് ചര്‍ച്ച ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സെക്കുലര്‍ ഇന്ത്യയുടെ ഭാവി ഹോപ്ലെസ്സാണെന്ന് തോന്നിയ ഘട്ടങ്ങളുണ്ടായിട്ടുണ്ടോ. പ്രതീക്ഷകളെന്തൊക്കെയാണ് ....
വെല്ലുവിളി നേരിടുന്ന സമയത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നതെങ്കിലും മനുഷ്യചരിത്രം ഉടനീളം എടുത്ത പരിശോധിച്ചാല്‍ ഇത്തരത്തില്‍ ഭൂരിപക്ഷം വരുന്നയാളുകളും തെറ്റായ ദിശയിലേക്ക് നീങ്ങിയ വലിയ വെല്ലുവിളികളുയര്‍ത്തിയ ചരിത്രസന്ധികളുണ്ടായിട്ടുണ്ട്. എന്നല്‍ മനുഷ്യന്റെ തലച്ചോറിന് യുക്തിചിന്തയോട് വലിയ ആഭിമുഖ്യമുണ്ട്. കളക്ടീവ് ഡിസിഷന്‍ മേക്കിങ്ങില്‍ സമയമെടുത്താലും കോഴ്‌സ്‌സ് കറക്ഷന്‍ ഉണ്ടാവും. അതിന്റെ സമയമായെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.
*മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി ഇന്ത്യയില്‍, പ്രത്യേകിച്ച് മഹാരാഷ്ട്ര സംസ്ഥാനത്ത് അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടുന്നതിന് ഡോ നരേന്ദ്ര ദബോല്‍ക്കര്‍ 1989-ല്‍ സ്ഥാപിച്ചതാണ് ഈ സംഘടന
Content Highlights: Interview Hamid Dabholkar Narendra MANS Maharashtra assasination belief atheism rationalism
Published: 03 Jul 2024, 04:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented